Monday, December 22, 2008

ശരിയെന്നു തെളിയുന്നത്‌ ഡാര്‍വിന്റെ സിദ്ധാന്തം

ആധുനിക ജീവശാസ്‌ത്രത്തിന്റെ അടിത്തറ കെട്ടിപ്പെടുത്തിരിക്കുന്നത്‌ ചാള്‍സ്‌ ഡാര്‍വിന്‍ കണ്ടെത്തിയ പ്രകൃതിനിര്‍ധാരണമെന്ന പരിണാമ സങ്കേതത്തിന്‌ മേലാണ്‌. 2009-ല്‍ ഡാര്‍വിന്‍ ജനിച്ചിട്ട്‌ 200 വര്‍ഷവും, 'ജീവജാതികളുടെ ഉത്ഭവം' എന്ന അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം പുറത്ത്‌ വന്നിട്ട്‌ 150 വര്‍ഷവും തികയുന്നു. ഈയവസരത്തില്‍ പഴയൊരു ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്‌ ഇവിടെ

വിഖ്യാത ഇറ്റാലിയന്‍ ഹാസ്യസാഹിത്യകാരനായ ജിയോവാന്നി ഗുവറേഷിയുടെ `ഡോണ്‍ കാമിലോ' കഥകളിലൊരിടത്ത്‌, കഥാനായകനും ഇടവക വികാരിയുമായ ഡോണ്‍ കാമിലോ ഫ്രിഡ്‌ജ്‌ വാങ്ങുന്ന കാര്യം വിവരിച്ചിട്ടുണ്ട്‌. തവണ വ്യവസ്ഥയില്‍ ഫ്രിഡ്‌ജ്‌ വില്‍ക്കാന്‍ ഒരു പെണ്‍കുട്ടി പള്ളിമേടയില്‍ എത്തിയിരിക്കുന്നു, താന്‍ എന്തു ചെയ്യണം എന്ന്‌ ഡോണ്‍ കാമിലോ അള്‍ത്താരയിലെത്തി യേശുവിനോട്‌ (യേശു ക്രിസ്‌തുവും ഡോണ്‍ കാമിലോ കഥകളില്‍ ഒരു കഥാപാത്രമാണ്‌) വേവലാതിയോടെ തിരക്കുന്നു. ``ഡോണ്‍ കാമിലോ, ഫ്രിഡ്‌ജിനെപ്പറ്റി എനിക്കൊന്നുമറിയില്ല എന്നകാര്യം താങ്കള്‍ക്കിനിയും മനസിലായിട്ടില്ലേ'' എന്നായിരുന്നു യേശുവിന്റെ മറുചോദ്യം. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ വിജ്ഞാനമോ അറിവോ ഇന്നത്തേതുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത കാലത്താണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ള മതസംഹിതകളില്‍ മിക്കവയും രൂപമെടുത്തതെന്ന അടിസ്ഥാന വസ്‌തുത ഓര്‍ക്കാതെ, ഏത്‌ പുതിയ വിജ്ഞാനശാഖയേയും മതത്തിന്റെ അളവുകോല്‍ വെച്ച്‌ തിട്ടപ്പെടുത്തി സ്വീകരിക്കണോ വേണ്ടയോ എന്ന്‌ തര്‍ക്കിക്കുന്നവരെ കാണുമ്പോള്‍, ഗുവറേഷിയുടെ കഥയിലെ യേശുവിന്റെ വാചകമാണ്‌ ഓര്‍മ്മവരിക.

പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഈ തര്‍ക്കം എല്ലാ അതിരുകളും കടക്കുന്നു. മുന്‍വിധികളും ശാഠ്യങ്ങളും വാദങ്ങളെ കീഴ്‌പ്പെടുത്തുന്നു. സാമാന്യമായ ശാസ്‌ത്രാന്വേഷണ രീതികള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ചാള്‍സ്‌ ഡാര്‍വിനുണ്ടായ ഏതോ വികലവെളിപാടില്‍ നിന്നാണ്‌ പരിണാമസിദ്ധാന്തം രൂപം കൊണ്ടതെന്ന വാദമുയരുന്നു. ആധുനിക വിജ്ഞാനശാഖകളില്‍ ഏറ്റവും പ്രാമുഖ്യം നേടിയ പുരാവസ്‌തുശാസ്‌ത്രത്തിന്റെയും നരവംശശാസ്‌ത്രത്തിന്റെയും ജനിതകശാസ്‌ത്രത്തിന്റെയും അടിത്തറ പണിതിരിക്കുന്നത്‌ ഡാര്‍വിന്റെ സിദ്ധാന്തത്തിന്‌ മുകളിലാണെന്ന വസ്‌തുത വിസ്‌മരിക്കപ്പെടുന്നു. മുന്തിയയിനം വിളകള്‍ സൃഷ്‌ടിക്കുന്നതില്‍ കാര്‍ഷികശാസ്‌ത്രജ്ഞര്‍ വിജയിക്കുമ്പോഴും, മരുഭൂമി പോലെ പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങള്‍ക്ക്‌ യോഗ്യമായ പുതിയയിനം വിത്തുകള്‍ രൂപപ്പെടുത്തുമ്പോഴും ഡാര്‍വിന്റെ സിദ്ധാന്തമാണ്‌ വിജയിക്കുന്നത്‌. `പരിണാമ സിദ്ധാന്തത്തിന്‌ ഒരു തെളിവും ലഭിച്ചിട്ടില്ല' അതിനാല്‍ `സൃഷ്‌ടിവാദ'മാണ്‌ (സൃഷ്‌ടിവാദമെന്ന പഴയ വീഞ്ഞിനെ പുതിയ കുപ്പിയിടച്ചതാണ്‌ `ബൗദ്ധിക രൂപകല്‍പ്പനാവാദം'-Intelligent Design Theory) ശരി എന്നു ശാഠ്യം പിടിക്കുന്നവര്‍, മേല്‍പ്പറഞ്ഞ സംഗതികളെയൊക്കെ ഒറ്റയടിക്ക്‌ തിരസ്‌കരിക്കുക വഴി എത്തുന്നതെവിടെയാണെന്ന്‌ കണ്ണു തുറന്നു ഒന്നു ചുറ്റും നോക്കുക. ഭൂമി പരന്നാണ്‌ ഇരിക്കുന്നതെന്നു നിങ്ങള്‍ക്ക്‌ കാണാം. സൂര്യന്‍ ഭൂമിയെ ചുറ്റുകയാണ്‌. പ്രപഞ്ചകേന്ദ്രം ഭൂമിയാണ്‌. ആകാശമേലാപ്പില്‍ പതിച്ചുവെച്ചിരിക്കുകയാണ്‌ നക്ഷത്രങ്ങളെ, അവയ്‌ക്കു ചലിക്കാനാകില്ല!

ഇത്രയും പറഞ്ഞതുകൊണ്ട്‌ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച സിദ്ധാന്തം കുറ്റമറ്റതാണെന്ന്‌ അര്‍ത്ഥമില്ല. ഒരു ശാസ്‌ത്രസിദ്ധാന്തത്തിന്‌ സാമാന്യമായ രീതിയില്‍ എന്തെല്ലാം പോരായ്‌മകളും പഴുതുകളും ഉണ്ടാകാമോ അതെല്ലാം പരിണാമസിദ്ധാന്തത്തിനും അതിന്റെ കാതലായ `പ്രകൃതിപര തിരഞ്ഞെടുപ്പ്‌' അഥവാ 'പ്രകൃതി നിര്‍ധാരണതത്ത്വ'(Natural Selection) ത്തിനുമുണ്ട്‌. പരിണാമം സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. ശാസ്‌ത്രപുരോഗതിയെ മുന്നോട്ടു നയിക്കുകയും പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന്‌ വിശദീകരണം നല്‍കാന്‍ ശ്രമിക്കുകയും ചെയ്‌ത മിക്ക സിദ്ധാന്തങ്ങളുടെയും കഥ ഇതുതന്നെയാണ്‌. ഐസക്‌ ന്യൂട്ടന്‍ 1687-ല്‍ `പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യിലൂടെ മുന്നോട്ടുവെച്ച പ്രപഞ്ചസങ്കല്‍പ്പത്തിലെ പഴുതുകള്‍ക്കും ഉത്തരമില്ലായ്‌മകള്‍ക്കും വിശദീകരണം ലഭിക്കാന്‍ ശാസ്‌ത്രലോകം 218 വര്‍ഷം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു; 1905-ല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ തന്റെ ആപേക്ഷികതാ സിദ്ധാന്തവുമായി രംഗത്തെത്തും വരെ. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍(ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍) ഉള്‍പ്പടെ ഐന്‍സ്റ്റയിന്‍ തന്റെ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവെച്ച പല സംഗതികള്‍ക്കും വ്യക്തമായ തെളിവ്‌ ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട്‌ പക്ഷേ, ഐന്‍സ്റ്റയിന്‍ പറഞ്ഞത്‌ തെറ്റാണെന്ന്‌ ആരും വാദിക്കാറില്ല. ശാസ്‌ത്രത്തിന്റെ രീതി അതാണ്‌; നിരന്തരമായ അന്വേഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുക എന്നത്‌.

പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ഒന്നുപോലെ താത്‌പര്യം തോന്നിയേക്കാവുന്ന ഒരു ഗവേഷണ പദ്ധതി അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്‌. ജൈവലോകത്തെ സൂക്ഷ്‌മനിരീക്ഷണം നടത്തിയും, ഫോസിലുകള്‍ തുറന്നുതരുന്ന ശിഥിലലോകം ശ്രമകരമായി കൂട്ടിയിണക്കിയും, വിവിധ സസ്യജന്തു ജനുസുകളുടെ ജനിതക പ്രത്യേകതകള്‍ താരതമ്യം ചെയ്‌തുമൊക്കെയാണ്‌ സാധാരണഗതിയില്‍ പരിണാമശാസ്‌ത്രജ്ഞര്‍ തങ്ങളുടെ നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണോ എന്നും പ്രകൃതിനിര്‍ധാരണം തന്നെയാണോ പ്രകൃതിയുടെ മാര്‍ഗമെന്നുമൊക്കെ അവര്‍ പരിശോധിച്ചുറപ്പിക്കുന്നത്‌ അങ്ങനെയാണ്‌. തികച്ചും വ്യത്യസ്‌തമായ മാര്‍ഗ്ഗത്തിലൂടെ, ഒരുപക്ഷേ, കുറച്ചുകാലം മുമ്പുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍, ഡാര്‍വിനെ പരീക്ഷിച്ചറിയുകയാണ്‌ മിഷിഗണ്‍ സര്‍വ്വകലാശാലയ്‌ക്കു കീഴിലുള്ള `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി'യില്‍. ജൈവലോകത്തു നടക്കുന്ന സാധാരണ പ്രവര്‍ത്തനങ്ങളെ പുനസൃഷ്‌ടിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള `ഡിജിറ്റല്‍ ജീവി'കളെ ഉപയോഗിച്ച്‌ പ്രകൃതിനിര്‍ധാരണം ശരിയാണോ എന്നു പരിശോധിക്കുകയാണവിടെ. `ഡിജിറ്റല്‍ ജീവി'കളുടെ തലമുറകളായുള്ള ജനനവും ജീവിതവും നാശവും കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്തി സൂക്ഷിക്കാനും സഹായിക്കുന്ന `അവിദ'(Avida) എന്ന സോഫ്‌ട്‌വേര്‍ ഉപയോഗിച്ചാണ്‌, ആ ലാബൊറട്ടറിയിലെ 200 കമ്പ്യൂട്ടറുകളില്‍ കുടിയിരുത്തിയിട്ടുള്ള `ജിവി'കളുടെ ലക്ഷക്കണക്കിന്‌ തലമുറകളായുള്ള പരിണാമം ഗവേഷകര്‍ നീരീക്ഷിച്ചു വരുന്നത്‌.

`കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി'(കാല്‍ടെക്‌)ജിയില്‍ ഡോ.ക്രിസ്‌ അദാമിയുടെ `ഡിജിറ്റല്‍ ലൈഫ്‌ ലാബി'ന്റെയും(ഈ സ്ഥാപനം ഇപ്പോള്‍ `കെക്ക്‌ ഗ്രാഡ്വേറ്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'ലാണ്‌), മിഷിഗണ്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ മൈക്രോബയോളജിസ്റ്റ്‌ ഡോ.റിച്ചാര്‍ഡ്‌ ലെന്‍സികിയുടെ `എക്‌സ്‌പെരിമെന്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെയും സാധ്യതകള്‍ കൂട്ടിയിണക്കിയാണ്‌ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി' 1999-ല്‍ നിലവില്‍ വന്നത്‌. കമ്പ്യൂട്ടര്‍ വിദഗ്‌ധനും ഡിജിറ്റല്‍ പരിണാമ പരീക്ഷണങ്ങളില്‍ ഡോ.അദാമിയുടെ പിന്‍ഗാമിയുമായ ഡോ. ചാള്‍സ്‌ ഒഫ്രിയയാണ്‌ ഈ ലാബൊറട്ടറിയുടെ മേധാവി. കമ്പ്യൂട്ടര്‍ വിദഗ്‌ധരും ജൈവശാസ്‌ത്രജ്ഞരും മാത്രമല്ല, മിഷിഗണ്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ദാര്‍ശനികന്‍ റോബര്‍ട്ട്‌ പെന്നോക്കും ഇപ്പോള്‍ `അവിദ' ടീമിലെ അംഗമാണ്‌.

നിലവില്‍ പരിണാമം സംബന്ധിച്ച്‌ ലോകത്ത്‌ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന ശാസ്‌ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ്‌ ലെന്‍സ്‌കിയാണ്‌. 17 വര്‍ഷമായി `ഇ-കോളി' ബാക്‌ടീരയകളെ ഉപയോഗിച്ച്‌ പരിണാമത്തിന്റെ വഴികള്‍ തേടുകയാണ്‌ അദ്ദേഹം. ഒറ്റ ബാക്‌ടീരയത്തില്‍ നിന്നു രൂപപ്പെട്ട സന്തതികളെ 12 കോളനികളായി തിരിച്ച്‌ പ്രത്യേക ഭക്ഷണം നല്‍കി നിരീക്ഷിക്കുകയാണ്‌ ഡോ.ലെന്‍സ്‌കി. ബാക്‌ടീരിയ കോളനികള്‍ ഇതിനകം 35000 തലമുറ പിന്നിട്ടു കഴിഞ്ഞു. പ്രകൃതിനിര്‍ധാരണം ശരിക്കും ആ കോളനികളില്‍ ദൃശ്യമാണെന്ന്‌ ഡോ.ലെന്‍സ്‌കി സാക്ഷ്യപ്പെടുത്തുന്നു. കോളനികളിലെ അന്തേവാസികളുടെ കോശവലുപ്പം മുന്‍ഗാമികളെ അപേക്ഷിച്ച്‌ ഇരട്ടിയായിക്കഴിഞ്ഞു. മുന്‍ഗാമികളുടേതിനെക്കാള്‍ ഇരട്ടി വേഗത്തില്‍ പ്രത്യുത്‌പാദനം നടത്താന്‍ ഡോ.ലെന്‍സ്‌കിയുടെ ബാക്‌ടീരിയകള്‍ക്കിപ്പോള്‍ കഴിയുന്നു. എന്നാല്‍, 1999-ല്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബ്‌' യാഥാര്‍ത്ഥ്യമായതോടെ, ഡോ.ലെന്‍സ്‌കിയും അതിന്റെ ഭാഗമായി. തന്റെ ബാക്‌ടീരിയ കോളനികളുടെ ഡിജിറ്റല്‍ വകഭേദം `അവിദ'യുപയോഗിച്ച്‌ രൂപപ്പെടുത്തി പരീക്ഷിക്കുകയാണിപ്പോള്‍ അദ്ദേഹം. 17 വര്‍ഷത്തെ ക്ഷമയോടെയുള്ള പരീക്ഷണത്തിന്റെ ഫലം ഇപ്പോള്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട്‌ ഡിജിറ്റല്‍ പ്രക്രിയ വഴി ലഭിക്കുമെന്നത്‌ ഡോ.ലെന്‍സ്‌കിയെ ആവേശഭരിതനാക്കുന്നു. അത്രവേഗത്തിലാണ്‌ കമ്പ്യൂട്ടറുകള്‍ കാര്യങ്ങള്‍ ചെയ്യുന്നത്‌.

ജൈവലോകത്ത്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ഡിഓക്‌സീറൈബോന്യൂക്ലിക്‌ ആസിഡ്‌(ഡി.എന്‍.എ) തന്മാത്രകളാണ്‌. കാലാവസ്ഥയുടെയോ പരിസ്ഥിതിയുടെയോ ഒക്കെ സ്വാധീനം മൂലം ഒരു ജീവിയുടെ ഡി.എന്‍.എ.യ്‌ക്ക്‌ `വ്യതികരണം'(mutation) സംഭവിക്കാം. ജനിതകതലത്തില്‍ സംഭവിക്കുന്ന ആ മാറ്റം ചിലപ്പോള്‍ അടുത്ത തലമുറയില്‍ തന്നെ പ്രകടമായെന്നു വരാം, അല്ലെങ്കില്‍ ഒട്ടേറെ തലമുറകള്‍ക്കു ശേഷം മാത്രം പ്രത്യക്ഷപ്പെടാം. പ്രതികൂലമായ മാറ്റമാണ്‌ ജനിതകവ്യതികരണം കൊണ്ട്‌ സംഭവിക്കുന്നതെങ്കില്‍, അടുത്ത തലമുറ അതിജീവിക്കാനുള്ള സാധ്യത പരിമിതമാകുന്നു. ആ ജനിതകമാറ്റത്തിന്‌ അങ്ങനെ അന്ത്യം സംഭവിക്കുന്നു. എന്നാല്‍, ഗുണപരമായ മാറ്റമാണ്‌ വ്യതികരണം മൂലം ഉണ്ടാകുന്നതെങ്കില്‍, അതുവഴിയുണ്ടാകുന്ന സന്തതികള്‍ മറ്റുള്ളവയെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെയ്‌ക്കുകയും ആ മാറ്റം വരും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. അവ അതിജീവിക്കാനുള്ള സാധ്യതയേറുന്നു. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ നീളുന്ന ഇത്തരം പ്രക്രിയ വഴി പുതിയ ജീവികളും സസ്യങ്ങളും ഭൂമുഖത്ത്‌ രൂപമെടുക്കുന്നു. ഒരു പക്ഷേ, പരിണാമ പ്രക്രിയുടെ ഏറ്റവും ലളിതമായ വിശദീകരണം ഇതാണ്‌.

ജീനോം(Genome) എന്നത്‌ ഒരു ജീവിയുടെ പൂര്‍ണ്ണജനിതക സാരത്തെ സൂചിപ്പിക്കുന്ന വാക്കാണ്‌. വിവിധ ജീവികളുടെ ജീനോം താരതമ്യം ചെയ്‌ത്‌ പരിണാമത്തെപ്പറ്റി നിഗമനങ്ങളിലെത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു പ്രധാന തടസ്സമാകുന്നത്‌, ഓരോ തലമുറയിലെയും `ജനിതക വ്യതികരണ'ങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല എന്ന വസ്‌തുതയാണ്‌. പരിണാമത്തിന്‌ തെളിവു ശേഖരിക്കുന്നവര്‍ക്ക്‌ ഇത്‌ വലിയൊരു തടസ്സമാണ്‌. ഫോസിലുകളുടെ കാര്യത്തില്‍ പ്രശ്‌നം ശരിക്കും വെല്ലുവിളിയാകുന്നു. കാരണം, ഭൂമുഖത്ത്‌ നിലനില്‍ക്കുന്ന സസ്യ-ജന്തു ജാലങ്ങളില്‍ തുച്ഛമായ എണ്ണത്തിന്‌ മാത്രമേ ഫോസിലുകളാകാന്‍ അവസരം ലഭിക്കൂ. ജീവിച്ചിരിക്കുന്നവയില്‍ 99.9 ശതമാനം സസ്യങ്ങളും ജന്തുക്കളും ഫോസിലാകില്ല. 0.1 ശതമാനത്തിന്‌ മാത്രമാണ്‌ അതിന്‌ കഴിയുക. ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമായി ഭവിച്ചാലേ ഒരു ഫോസില്‍ ഉണ്ടാകൂ. പറ്റിയ എക്കല്‍മണ്ണ്‌ വേണം. ഭൂഖത്ത്‌ കാണപ്പെടുന്നതില്‍ 15 ശതമാനം പാറകള്‍ മാത്രമേ ഫോസിലുകളുടെ നിലനില്‍പ്പിന്‌ സഹായിക്കൂ. നൂറ്‌ കോടി അസ്ഥികളുണ്ടെങ്കില്‍ അതില്‍ ഒരെണ്ണത്തിനേ ഫോസിലാകാന്‍ വിധിയുള്ളൂ എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

ഒരു മനുഷ്യന്റെ ശരീരത്തില്‍ ശരാശരി 206 അസ്ഥികളുണ്ട്‌. ഇതുപ്രകാരം ഇന്ത്യയിലുള്ള 103 കോടി ജനങ്ങളുടെ മൊത്തം അസ്ഥിയില്‍ 212 എണ്ണത്തിനേ  ഫോസിലാകാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ! ഹിമാലയം മുതല്‍ കന്യാകുമാരി വരെ നീളുന്ന ഉപഭൂഖണ്ഡത്തില്‍ എവിടെയെങ്കിലുമായി മറഞ്ഞു കിടക്കുന്ന ആ ഫോസിലുകള്‍ പക്ഷേ, ഒരു വിദഗ്‌ധന്റെ കരങ്ങളിലെത്തുകയും വേണം അതിന്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകാന്‍. ഭൂമുഖത്ത്‌ ഇതുവരെ 3000 കോടി ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ ഏതാണ്ടൊരു നിഗമനം. അതില്‍ പക്ഷേ, ഫോസില്‍ രേഖ ലഭിച്ചിട്ടുള്ളത്‌ 2.5 ലക്ഷം വര്‍ഗ്ഗങ്ങളുടേതു മാത്രമാണെന്ന്‌, `ദി സിക്ത്‌ എക്‌സ്റ്റിങ്‌ഷന്‍' എന്ന ഗ്രന്ഥത്തില്‍ റിച്ചാര്‍ഡ്‌ ലീക്കിയും റോജര്‍ ലെവിനും പറയുന്നു. ഈ കണക്ക്‌ പ്രകാരം ഓരോ 1.2 രണ്ട്‌ ലക്ഷം ജീവിവര്‍ഗ്ഗത്തിനും ഒന്ന്‌ എന്ന കണക്കിനേ ഫോസില്‍ രേഖ കിട്ടിയിട്ടുള്ളൂ. എല്ലാ ചോദ്യത്തിനും ഉത്തരം ഫോസിലില്‍ തേടുന്നത്‌ ബുദ്ധിപൂര്‍വ്വമായിരിക്കില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നാല്‍, ഡിജിറ്റല്‍ ജീവികളെ ഉപയോഗിച്ച്‌ പരീക്ഷിക്കുമ്പോള്‍ ഇതൊന്നും ഒരു പരിമിതിയാകുന്നില്ല. ലക്ഷക്കണക്കിന്‌ തലമുറകളില്‍ സംഭവിക്കുന്ന ജനിതകമാറ്റം എന്താണെന്ന്‌, ഓരോ തലമുറയെയായി പരിശോധിക്കാന്‍ `അവിദ' പ്രോഗ്രാം അവസരമൊരുക്കുന്നു.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്‌ ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ. യിലാണ്‌. കോശങ്ങള്‍ ഏതൊക്കെ പ്രോട്ടീനുകള്‍ നിര്‍മ്മിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളെല്ലാം ഡി.എന്‍.എ.യിലാണുള്ളത്‌. ഈ രീതിയില്‍ ചിന്തിച്ചാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക്‌ ജൈവലോകവുമായി അസാമാന്യ സാമ്യമുള്ളതായി കാണാം. കാരണം കമ്പ്യൂട്ടര്‍ എങ്ങനെ വിവരങ്ങള്‍ പരുവപ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍പ്രോഗ്രാമിലാണ്‌ കുടികൊള്ളുന്നത്‌. ഡി.എന്‍.എ.യിലുള്ള നിര്‍ദ്ദേശങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്താണ്‌; അതേ ജനിതക നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ സന്തതിക്ക്‌ രൂപം നല്‍കുക എന്നതാണ്‌. ഒരു ജീവിയുടെ ജിനോം(പൂര്‍ണ്ണ ജനിതകസാരം) സന്തതിയിലേക്കു പകരുന്നു. ഡി.എന്‍.എ.യിലടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒരു ചാനലായി കണക്കാക്കിയാല്‍, അതേ നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയൊരു ചാനലിന്റെ സൃഷ്‌ടിയാണ്‌ അടുത്ത തലമുറയ്‌ക്ക്‌ ജന്മം നല്‍കുമ്പോള്‍ സംഭവിക്കുന്നത്‌. അതോടൊപ്പം അവയ്‌ക്ക്‌ `ജനിതകവ്യതികരണ'ത്തിന്‌ സാധ്യതയുമുണ്ട്‌. ഇതേപോലെ, സ്വന്തം പകര്‍പ്പിനെ സ്വയം സൃഷ്‌ടിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം(കമ്പ്യൂട്ടര്‍ വൈറസുകള്‍ പോലെ), ജൈവരൂപങ്ങളോട്‌ ഒരു പരിധി വരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്‌. ഇങ്ങനെ സ്വന്തം പകര്‍പ്പുകള്‍ സൃഷ്‌ടിക്കുന്നതിനൊപ്പം, `പരിസ്ഥിതി'ക്കനുസരിച്ച്‌ `വ്യതികരണം' സാധ്യമാകുമെന്നു കൂടി വന്നാലോ? അത്തരം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ ജീവികളാണ്‌ `അവിദ'യുടെ കാതല്‍.

തൊണ്ണൂറുകളില്‍ ഡോ. ചാള്‍സ്‌ ഒഫ്രിയയുടെ മുന്‍ഉപദേശകന്‍ കൂടിയായ ഡോ. അദാമിയാണ്‌ `അവിദ'യുടെ ആദ്യരൂപം സൃഷ്‌ടിച്ചത്‌. പരസ്‌പരം മത്സരിക്കുന്ന ഡിജിറ്റല്‍ ജീവികള്‍ക്ക്‌ ഭക്ഷണമായി അല്ലെങ്കില്‍ പ്രതിഫലമായി `സംഖ്യകള്‍' ഇടയ്‌ക്കിടെ നല്‍കിയപ്പോള്‍ അവയ്‌ക്ക്‌ പരിണാമം സംഭവിച്ച്‌ പുതിയ രൂപങ്ങള്‍ ആകാനാരംഭിച്ചു. ആദ്യമൊന്നും ഈ ഡിജിറ്റല്‍ ജീവികളെക്കൊണ്ട്‌ എന്തു പ്രയോജനം എന്ന്‌ ഗവേഷകര്‍ക്ക്‌ അറിയാമായിരുന്നില്ല. സംഖ്യകള്‍ നല്‍കുന്നതിനനുസരിച്ച്‌ `ജിവികളു'ടെ പരിണാമവേഗം കൂടി. ആറുമാസം കൊണ്ട്‌ ഇവ ഡാര്‍വിന്റെ സിദ്ധാന്തം പരിശോധിക്കാന്‍ പറ്റിയ ഉപാധിയാണെന്ന്‌ ഗവേഷകര്‍ക്ക്‌ ഉറപ്പായി. അങ്ങനെയാണ്‌ ഡോ. ഒഫ്രിയയുടെ നേതൃത്വത്തില്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെ പിറവി.

പരിണാമവിരുദ്ധരുടെ ഒരു പ്രധാനവാദം, കണ്ണുപോലെ അല്ലെങ്കില്‍ മസ്‌തിഷ്‌കം പോലെ സങ്കീര്‍ണമായ ജൈവസംവിധാനം പരിണാമം വഴി ഉണ്ടാകില്ല എന്നതാണ്‌. ബുദ്ധിപൂര്‍വ്വമായ ഒരു ഇടപെടല്‍ കൊണ്ടേ അത്‌ സാധായമാകൂ എന്നവര്‍ വിശ്വസിക്കുന്നു. ഇക്കാര്യമാണ്‌ `അവിദ' ടീം ആദ്യം പരീക്ഷണവിധേയമാക്കിയത്‌. സങ്കീര്‍ണമായ അവയവങ്ങള്‍ ഡിജിറ്റള്‍ രൂപങ്ങളില്‍ സാധ്യമല്ല. പകരം, കൂടുതല്‍ നേട്ടമുണ്ടാകുമെന്നു കണ്ടാല്‍ (അനുകൂല സാഹചര്യമുണ്ടായാല്‍) ഡിജിറ്റല്‍ ജീവികള്‍ സങ്കീര്‍ണമായ ഓപ്പറേഷന്‍ നടത്താന്‍ പാകത്തില്‍ പരിണമിക്കുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. `ഈക്വല്‍സ്‌'(equals) എന്നറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ഇതിനായി ഉപയോഗിച്ചു. ഡോ. ഒഫ്രിയ എഴുതിയ ഏറ്റവും ചെറിയ `ഈക്വല്‍സി'ന്‌ 19 വരി നീളമുണ്ടായിരുന്നു. അപ്രതീക്ഷിത `വ്യതികരണം' വഴി ഇത്തരമൊരു സങ്കീര്‍ണ ഓപ്പറേഷന്‍ ഡിജിറ്റല്‍ ജീവികള്‍ നടത്താനുള്ള സാധ്യത ആയിരം ട്രില്ല്യണ്‍ ട്രില്ല്യണിലൊന്ന്‌(ഒരു ട്രില്ല്യണ്‍= ഒരു ലക്ഷം കോടി) എന്നാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌.

ലളിതമായ ജൈവരൂപങ്ങളില്‍ നിന്ന്‌ പരിണാമം വഴി സങ്കീര്‍ണ്ണ ജൈവസംവിധാനങ്ങള്‍ രൂപപ്പെടുമെന്ന ഡാര്‍വിന്റെ വാദം പരിശോധിക്കാന്‍, സാധാരണ ഓപ്പറേഷനുകള്‍ക്ക്‌ ചെറിയ `പ്രതിഫലവും' സങ്കീര്‍ണമായവയ്‌ക്ക്‌ വലിയ `പ്രതിഫലവും' അവിദ ടീം നിശ്ചയിച്ചു. ഇതുപ്രകാരം ഡിജിറ്റല്‍ ജീവികള്‍ക്ക്‌ 16000 തലമുറകള്‍ തുടരാന്‍ അനുമതി നല്‍കി. എന്നിട്ട്‌ ഇതേ പരീക്ഷണം 50 തവണ ആവര്‍ത്തിച്ചു. അമ്പതില്‍ 23 തവണയും ഡിജിറ്റല്‍ ജീവികള്‍ `ഈക്വല്‍സി'ന്‌ തുല്ല്യമായ സങ്കീര്‍ണ ഓപ്പറേഷന്‌ രൂപം നല്‍കിയതായി ഗവേഷകര്‍ കണ്ടു. പ്രതിഫലം കുറച്ചപ്പോള്‍ അവ ഒരിക്കലും സങ്കീര്‍ണമായ ഒന്നിനും രൂപം നല്‍കിയില്ല. മാത്രമല്ല, 23 തവണ സങ്കീര്‍ണ ഓപ്പറേഷന്‌ അവ രൂപം നല്‍കിയത്‌ ഒരേ വഴിയിലൂടെയല്ല എന്നും ഗവേഷകര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. മാത്രമല്ല, പ്രകടമായ ഒരു മാറ്റവും സംഭവിക്കാതെ ആയിരക്കണക്കിന്‌ തലമുറകള്‍ പിന്നിട്ട ശേഷമാണ്‌, പെട്ടന്നാണ്‌ അപ്രതിക്ഷിതമായാണ്‌ പലപ്പോഴും വ്യതികരണം പ്രത്യക്ഷപ്പെടുന്നതും പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നതെന്നും `അവിദ' തെളിയിച്ചു(300 കോടി വര്‍ഷത്തെ മാറ്റമില്ലായ്‌മയ്‌ക്കു ശേഷം ഒരു കോടി വര്‍ഷം മാത്രം നീണ്ടു നിന്ന `കാംബ്രിയന്‍' യുഗത്തിന്റെ ആരംഭത്തില്‍ ഇന്നത്തെ ജീവികളുടെ പൂര്‍വികരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ അത്ഭുമില്ലെന്ന്‌ സാരം).

സങ്കീര്‍ണത പരിണാമത്തിലൂടെ രൂപപ്പെടാം എന്നതു മാത്രമല്ല, ഒരേ ലക്ഷ്യത്തിലേക്ക്‌ പല പരിണാമ വഴികളുണ്ടെന്ന ഡാര്‍വിന്റെ വാദവും ഈ പരീക്ഷണം ശരിവെയ്‌ക്കുന്നു എന്നാണ്‌ ഡോ. ഒഫ്രിയ പറയുന്നത്‌. തങ്ങളുടെ പരീക്ഷണ ഫലം 2003-ല്‍(നേച്ചര്‍ മാഗസിനില്‍) ഡോ. ഒഫ്രിയും സംഘവും റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ ലോകമെങ്ങുമുള്ള പരിണാമവിരുദ്ധര്‍ അതിനെതിരെ രംഗത്തുവന്നു. ആയിരക്കണക്കിന്‌ ഇ-മെയില്‍ സന്ദേശങ്ങള്‍ `ഇവല്യൂഷന്‍ ലാബി'ന്റെ വെബ്‌സൈറ്റിലെത്തി. `അവിദ' ടീം അവരുടെ സോഫ്‌ട്‌വേര്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ നല്‍കി. പരിണാമവിരുദ്ധര്‍ വീണ്ടും വീണ്ടും അത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പരീക്ഷിച്ചു നോക്കി. പക്ഷേ, ഇതുവരെ തങ്ങളുടെ പരീക്ഷണത്തില്‍ എന്തെങ്കിലും കാര്യമായ പിഴവു കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന്‌ ഡോ. ഒഫ്രി അഭിമാനത്തോടെ അറിയിക്കുന്നു.

ഡാര്‍വിന്‍ വിവരിച്ച സമ്പന്നമായ ഒരു കാടിന്റെ ചിത്രം എന്താണ്‌. പരസ്‌പരം സൂര്യപ്രകാശത്തിനായി മത്സരിക്കുന്ന പുല്‍ച്ചെടികളും വള്ളിച്ചെടികളും പന്നലുകളും കുറ്റിച്ചെടികളും വന്‍മരങ്ങളും എല്ലാം തിങ്ങിനിറഞ്ഞു വളരുന്ന ജൈവസംവിധാനം അല്ലെങ്കില്‍ ആവാസവ്യവസ്ഥ. അവയില്‍ ഏതെങ്കിലും ഒരെണ്ണത്തിന്‌ നന്നായി സൂര്യപ്രകാശം ലഭിക്കാന്‍ സാധ്യത വര്‍ധിച്ചാല്‍ അവ മറ്റു ചെടികളെയെല്ലാം പിന്തള്ളി കാട്‌ കീഴടക്കുന്നതായി കാണാം. അതിജീവനത്തിന്റെ മാര്‍ഗ്ഗത്തിന്‌ ഊര്‍ജ്ജ ലഭ്യതയുമായി ബന്ധമുള്ളതുകോണ്ടാണിത്‌. കൂടുതല്‍ ഊര്‍ജ്ജലഭ്യതയുള്ള ഒരു ആവാസവ്യവസ്ഥ കൂടുതല്‍ സസ്യജനുസുകളെ പിന്തുണയ്‌ക്കേണ്ടതാണെന്ന്‌ പരിസ്ഥിതിശാസ്‌ത്രജ്ഞര്‍ക്ക്‌ അറിയാം. എന്നാല്‍, കൂടുതല്‍ ഉത്‌പാദനക്ഷമതയാര്‍ജ്ജിക്കുന്നതോടെ ഒരു ആവാസവ്യവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കുന്ന സസ്യജാതികളുടെ സംഖ്യ കുറയുന്നു.ആര്‍ട്ടിക്‌ തുന്ധ്രയാണെങ്കിലും പുല്‍മേടുകളാണെങ്കിലും ഈ രീതി പ്രകടമാണെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കാടുകളുടെ കാര്യത്തില്‍ ഡാര്‍വിന്‍ പറഞ്ഞതിന്റെ സാധ്യത പരിശോധിക്കാന്‍ അടുത്തയിടെ വരെ `അവിദ' ടീമിന്‌ കഴിഞ്ഞിരുന്നില്ല. ഡിജിറ്റില്‍ ജീവികള്‍ക്ക്‌ നിരന്തരമായി `ഭക്ഷണം'(സംഖ്യകള്‍) നല്‍കിയാല്‍, കാടിലെ സസ്യജനുസുകളെപ്പോലെ, അവ വിവിധരൂപങ്ങളായി പരിണമിക്കുമെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തി. ഇതനുസരിച്ച്‌ `അവിദ' ടീം അവരുടെ സോഫ്‌ട്‌വേറിനെ പുനസംവിധാനം ചെയ്‌തു. പരിമിതമായ `ഭക്ഷണം' മാത്രം നല്‍കിയപ്പോള്‍ ഡിജിറ്റല്‍ ജീവികളില്‍ പ്രകടമായ മാറ്റം കണ്ടില്ല. എന്നാല്‍, തുര്‍ച്ചയായി സുലഭമായി `ഭക്ഷണം' നല്‍കിയപ്പോള്‍ ജീവികള്‍ പരിണമിച്ച്‌ വിവിധ രൂപങ്ങളായി മാറി. ആഗോള പരിസ്ഥിതിവ്യൂഹത്തില്‍ കാണപ്പെടുന്ന അതേ വൈവിധ്യം ഈ പരീക്ഷണത്തില്‍ സൃഷ്‌ടിക്കപ്പെട്ടതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയും ശരിയെന്നു തെളിയുന്നത്‌ ഡാര്‍വിന്‍ തന്നെയാണ്‌.

ലൈംഗീകമാര്‍ഗ്ഗത്തിലൂടെ അല്ലാതെയും പുതിയ തലമുറയ്‌ക്ക്‌ ജന്മം നല്‍കാനാകും. ബാക്‌ടീരിയയും പ്രോട്ടോസോവയുമൊക്കെ അതാണ്‌ ചെയ്യുന്നത്‌. പലമരങ്ങളും ലൈംഗീകമാര്‍ഗ്ഗം വഴിയല്ല പുതിയ സന്തതിക്ക്‌ രൂപം നല്‍കുന്നത്‌. വേരുകളില്‍ നിന്നും തണ്ടില്‍ നിന്നും ഇലയില്‍ നിന്നുമൊക്കെ അടുത്ത തലമുറ ജന്മമെടുക്കുകയാണ്‌. പിന്നെ എന്തുകൊണ്ട്‌ ലൈംഗീകത(sex)? ലൈംഗീകതയുടെ പരിണാമവഴികള്‍ ഏതാണ്‌. 1964-ല്‍ ജര്‍മന്‍ ജൈവശാസ്‌ത്രജ്ഞനായ എച്ച്‌. ജെ. മുള്ളര്‍ ലൈംഗീകതയ്‌ക്ക്‌ ഒരു വിശദീകരണവുമായി രംഗത്തെത്തി. ലൈംഗീകപ്രത്യുത്‌പാദനം നടത്തുന്ന ജീവികള്‍ അവയുടെ ജിനോമുകള്‍ പരസ്‌പരം കലര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. അതുവഴി ദോഷകരമായ ജനിതക വ്യതികരണങ്ങള്‍ തലമുറകളിലേക്കു പകരുന്നത്‌ തടയാന്‍ ജീവികള്‍ക്കാകുന്നു എന്നാണ്‌ മുള്ളര്‍ പറഞ്ഞത്‌. അതേസമയം, അലൈംഗിക പ്രത്യുത്‌പാദനം നടത്തുന്ന ജീവികളില്‍ എല്ലാ ജനിതകവ്യതികരണങ്ങളും, അത്‌ മോശമായാലും നല്ലതാണെങ്കിലും, അതേപടി സന്തതികളിലേക്കു പകര്‍ത്തപ്പെടുന്നു. അതിനാല്‍ അവയ്‌ക്ക്‌, ലൈംഗീകത അവലംബിക്കുന്ന ജീവികളുടെ അത്രയും വിജയകരമായി പുനരുത്‌പാദനം സാധ്യമാകില്ലെന്ന്‌ മുള്ളര്‍ വാദിച്ചു. എന്നുവെച്ചാല്‍, പ്രകൃതിനിര്‍ധാരണത്തിനുള്ള ഒരു കുറുക്കുവഴിയാണ്‌ ലൈംഗീകതയെന്നു സാരം. മിഷിഗണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ ബയോളജിസ്റ്റ്‌ ഡ്യൂസാന്‍ മിസേവിക്‌ ഇക്കാര്യം `അവിദ' വഴി പരിശോധിക്കാന്‍ രണ്ടുവര്‍ഷം ചെലവിട്ടു. ഒടുവില്‍ മസേവിക്‌ എത്തിയ നിഗമനം ഇതാണ്‌; സമഗ്രമായി പരിഗണിക്കുമ്പോള്‍ ലൈംഗീകത ഗുണകരമായി മാരുന്ന ഒട്ടേറെ പരിണാമ സാഹചര്യങ്ങള്‍ ഉണ്ട്‌.

ഇതുമാത്രമല്ല, ജനിതവ്യതികരണകസമ്മര്‍ദ്ദം വര്‍ധിച്ചാല്‍, അത്തരം സമ്മര്‍ദ്ദമില്ലാത്തെ ജീവികളെ അപേക്ഷിച്ച്‌, എന്തു വ്യത്യസ്‌ത ഫലമാണ്‌ പരിണാമത്തിലുണ്ടാക്കുക. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയിലെ ചരിത്രപരമായ ബന്ധമെന്താണ്‌. പരിണാമവൃക്ഷത്തിന്റ ശാഖകള്‍ എങ്ങനെയാണ്‌ പിരിഞ്ഞു തുടങ്ങിയത്‌. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അസാധാരണമായ സഹകരണത്തിനും സഹനത്തിനും പരിണാമത്തിന്റെ വശത്തുനിന്ന്‌ എന്തു വിശദീകരണമാണ്‌ നല്‍കാനാകുക. അത്‌ പരീക്ഷിച്ചറിയാനാകുമോ. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും `അവിദ'യില്‍ നിന്ന്‌ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുന്നു. മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടെങ്കില്‍ അതെങ്ങനെയിരിക്കും? ഭൂമിയില്‍ ജീവന്റെ ഭാവിരൂപം എന്താണ്‌? തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും `അവിദ'യിലൂടെ ഉത്തരം തേടുകയാണ്‌ ഗവേഷകര്‍. ഒരര്‍ത്ഥത്തില്‍, ഡാര്‍വിന്റെ സിദ്ധാന്തത്തിലെ പഴുതുകള്‍ക്ക്‌ പരിഹാരമുണ്ടാകാനുള്ള കാത്തിരിപ്പ്‌ അവസാനിക്കാറായി എന്നാണ്‌ ഇക്കാര്യങ്ങള്‍ നല്‍കുന്ന സൂചന.

-മാതൃഭൂമി വാര്‍ഷികപ്പതിപ്പ്‌ 2005-2006

കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം, ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കാന്‍ ചര്‍ച്ച്‌

Friday, November 28, 2008

ജൂതരുടെ `ഹിറ്റ്‌ലര്‍' (ഒരു സ്‌കൂപ്പിന്റെ കഥ)

അമേരിക്കന്‍ നാസിഭീകരസംഘടനയാണ്‌ `കൂ ക്ലക്‌സ്‌ ക്ലാന്‍'(കെ.കെ.കെ). കറുത്തവര്‍ഗ്ഗക്കാരെയും ജൂതരെയും ഉന്മൂലനം ചെയ്യുകയെന്നത്‌ പ്രഖ്യാപിത ലക്ഷ്യമായി കണ്ട ആ സംഘടനയുടെ നേതാവ്‌ തന്നെ ജൂതനാണെന്നു വന്നാലോ? ഒരു സൂചനയുടെ അടിസ്ഥാനത്തില്‍ അത്തരമൊരു വിവരം തേടിയിറങ്ങിയ റിപ്പോര്‍ട്ടറുടെ അനുഭവം, ഒരുപക്ഷേ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായിരിക്കും.

``നിങ്ങളുടെ ഒരു നല്ല ഫോട്ടോയും മുന്‍കൂര്‍ ചരമക്കുറിപ്പും നല്‍കാതെ ഇന്ന്‌ രാത്രി വീട്ടില്‍ പോകരുത്‌, ഞങ്ങള്‍ക്കത്‌ ആവശ്യം വന്നേക്കും'', കുസൃതി നിറഞ്ഞ സ്വരത്തില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ പറയുമ്പോള്‍ `ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ മുതിര്‍ന്ന ലേഖകന്‍ മക്‌കാന്‍ഡലിഷ്‌ ഫിലിപ്പ്‌സ്‌ അത്‌ തമാശയായേ എടുത്തുള്ളൂ. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വാര്‍ത്ത അദ്ദേഹം ഡെസ്‌കില്‍ ഏല്‍പ്പിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ സഹപ്രവര്‍ത്തകന്റെ ഈ ഉപദേശം.

അല്‍പ്പ സമയം കഴിഞ്ഞ്‌ ന്യൂയോര്‍ക്കിന്റെ തണുത്ത തെരുവിലേക്കിറങ്ങുമ്പോള്‍ പക്ഷേ, ഫിലിപ്പ്‌സിന്‌ അല്‍പ്പം മുമ്പ്‌ തോന്നിയ ധൈര്യം അനുഭവപ്പെട്ടില്ല. അനിര്‍വചനീയമായ ഒരു ഭയം നട്ടെല്ലിലൂടെ അരിച്ചു കയറും പോലെ. തന്നോടൊപ്പം രണ്ട്‌ സുരക്ഷ ഉദ്യോഗസ്ഥരെ `ടൈംസ്‌' വിട്ടിട്ടുണ്ടെങ്കിലും അതിന്‌ ഉറപ്പു പോരാത്തതു പോലെ. വീട്ടിലെത്തുമ്പോള്‍ അവിടെയും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം. പത്രത്തിന്റെ ചെലവില്‍ നഗരം വിട്ട്‌ മറ്റെവിടെയെങ്കിലും ഏതാനും ദിവസം കഴിയാന്‍ മേലധികാരികള്‍ ആവശ്യപ്പെട്ടെങ്കിലും, അതിന്‌ കൂട്ടാക്കാതിരുന്ന ഫിലിപ്പ്‌സിന്റെ ശാഠ്യത്തിനുള്ള മറുപടിയായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം.

ഫിലിപ്പ്‌സിന്റെ വേവലാതികളുടെ തുടക്കം, മറ്റു പല വാര്‍ത്തകളുടെയും കാര്യത്തിലെന്ന പോലെ, അപ്രതീക്ഷിതമായ ഒരു സംഭവത്തില്‍ നിന്നായിരുന്നു. കുപ്രസിദ്ധ അമേരിക്കന്‍ നാസി ഭീകരസംഘടനയായ `കു ക്ലക്‌സ്‌ ക്ലാനി'(കെ.കെ.കെ)ന്റെ ന്യൂയോര്‍ക്ക്‌ മേധാവിയായി, ന്യൂയോര്‍ക്കില്‍ ക്വീന്‍സില്‍ നിന്നുള്ള 28-കാരനായ ദാനിയേല്‍ ബുരോസ്‌ തിരഞ്ഞെടുക്കപ്പെട്ടെന്ന്‌ യു.എസ്‌.കോണ്‍ഗ്രസ്‌ സമിതി കണ്ടെത്തി. 1965 ഒക്‌ടോബര്‍ 19-നായിരുന്നു അത്‌. ദാനിയേല്‍ ബുരോസ്‌ ജൂതവംശജനാണെന്ന അമ്പരിപ്പിക്കുന്ന സൂചന `ടൈംസി'ന്റെ മെട്രോ എഡിറ്ററായിരുന്ന എ.എം. റോസെന്താളിന്‌ കിട്ടിയതോടെയാണ്‌, ഫിലിപ്പ്‌സ്‌ ഈ സംഭവത്തില്‍ ഉള്‍പ്പെടുന്നത്‌. ജൂതരെയും കറുത്തവര്‍ഗ്ഗക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള ഭീകരസംഘടനയുടെ മേധാവി ജൂതനാണെന്നു തെളിഞ്ഞാല്‍ അതൊരു വന്‍വാര്‍ത്ത തന്നയാകും. `ടൈംസി'ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൗതുകമാര്‍ന്ന സ്‌കൂപ്പുകളിലൊന്നാകുമത്‌.

ഇക്കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ റോസെന്താള്‍ ചുമതലപ്പെടുത്തുമ്പോള്‍, അത്‌ ശ്രമകരമായ ഒന്നായി ഫിലിപ്പ്‌സിന്‌ തോന്നിയില്ല. ദാനിയേല്‍ ബുരോസിന്റെ വിവരങ്ങള്‍ ലഭിക്കാനിടയുള്ള ഒന്‍പത്‌ കേന്ദ്രങ്ങളുടെ പട്ടിക പെട്ടന്ന്‌ തയ്യാറാക്കി. ഒരു സംഘം ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരെ ഒരേ സമയം എല്ലായിടത്തേയ്‌ക്കും `വേട്ട'യ്‌ക്കയച്ചു. മറ്റാരെങ്കിലും അറിയും മുമ്പ്‌ വാര്‍ത്ത `ടൈംസി'ല്‍ വരണം. ഭാഗ്യമുണ്ടെങ്കില്‍ രാത്രിയിലെ എഡിഷനില്‍ തന്നെ കൊടുക്കാനാകും. പക്ഷേ, കാത്തിരിക്കുന്തോറും കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന്‌ ഫിലിപ്പ്‌സിന്‌ ബോധ്യമായി. അന്വേഷണത്തിന്‌ പോയ ഒരാളില്‍ നിന്നും ഒരു വിവരവുമില്ല.

ഒരു ജൂതസംഘടനയുമായി ബന്ധപ്പെട്ടപ്പോള്‍, ക്വീന്‍സില്‍ ബുരോസ്‌ താമസിക്കുന്ന സ്ഥലത്തിന്റേതാകാന്‍ സാധ്യതയുള്ള രണ്ട്‌ വിലാസങ്ങള്‍ കിട്ടി. ബുരോസിന്‌ ഫോണ്‍ നമ്പറില്ല. അതിനാല്‍ വിലാസത്തില്‍ നേരിട്ട്‌ അന്വേഷിക്കാന്‍ തീരുമാനിച്ചു. അക്രമത്തിന്റെയും മാരകായുധങ്ങള്‍ കൈവശം വെച്ചതിന്റെയും പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടേയുള്ളൂ ബുരോസ്‌ എന്ന വിവരം അറിയാമായിരുന്നു. അന്വേഷിച്ച സ്ഥലത്ത്‌ അങ്ങനെയൊരാള്‍ താമസിക്കുന്നുണ്ടെന്ന്‌ ചില സൂചനകള്‍ ലഭിച്ചതല്ലാതെ, ആളെ കണ്ടു കിട്ടിയില്ല. ബുരോസ്‌ താമസിക്കുന്നതായി അയല്‍ക്കാര്‍ കാട്ടിക്കൊടുത്ത പഴയ കെട്ടിടത്തിലെ അപ്പാര്‍ട്ടുമന്റിന്റെ വാതിലിനടിയില്‍ തന്നെ വിളിക്കണമെന്നു കാണിച്ച്‌ കുറിപ്പെഴുതി വെച്ച്‌ ഫിലിപ്പ്‌സ്‌ പോന്നു.

ആദ്യദിനം അങ്ങനെ കഴിഞ്ഞു. അന്വേഷണത്തിന്‌ പോയവര്‍ നിര്‍ണ്ണായകമായ ഒട്ടേറെ വിവരങ്ങള്‍ കണ്ടെത്തി. പക്ഷേ, അതിന്‌ ദിവസങ്ങളെടുത്തു. അന്വേഷണം മുറുകിയതിനൊപ്പം വാര്‍ത്ത ചോരാനുള്ള സാധ്യതയും ഏറി. അഞ്ചാം ദിവസമായപ്പോഴേക്കും ബുരോസിനെ സംബന്ധിച്ച ഒരുവിധം എല്ലാ വിവരങ്ങളും ഫിലിപ്പ്‌സിന്റെ മുന്നിലുണ്ടെന്ന സ്ഥിതിയായി. അയാള്‍ ജൂതനാണെന്നു തെളിയിക്കുന്ന ചില രേഖകളും കിട്ടിക്കഴിഞ്ഞു. വേണമെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാം. പക്ഷേ, ഒരു കാര്യം കൂടി വേണമെന്ന്‌ ഫിലിപ്പ്‌സ്‌ നിശ്ചയിച്ചു. ബുരോസുമായി നേരിട്ടുള്ള അഭിമുഖം.

ആറാം ദിവസം അതിരാവിലെ ക്വീന്‍സിലെത്തി ബുരോസിന്റേതെന്നു കരുതുന്ന അപ്പാര്‍ട്ടുമെന്റിലേക്കു നടക്കുമ്പോള്‍, റോഡരികിലെ ബാര്‍ബര്‍ ഷോപ്പിലേക്കു കയറുന്ന ബുരോസിനെ ഫിലിപ്പ്‌സ്‌ ഒരു നിമിഷം കണ്ടു. നേരിട്ടു പരിചയമില്ലെങ്കിലും, ഫോട്ടോ കണ്ടിട്ടുള്ളതിനാല്‍ അത്‌ ബുരോസ്‌ തന്നെയാണെന്ന്‌ ഫിലിപ്പ്‌സ്‌ ഉറപ്പിച്ചു. അയാള്‍ പുറത്തിറങ്ങും വരെ കാത്തു. ഷോപ്പില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ വഴിയോരത്തു വെച്ചു തന്നെ ഫിലിപ്പ്‌സ്‌ അയാളെ പരിചയപ്പെട്ടു. താന്‍ വെച്ചിട്ടുപോന്ന ഫോണ്‍ നമ്പറും മറ്റും കിട്ടിയിരുന്നോ എന്ന്‌ അന്വേഷിച്ചു. ഫിലിപ്പ്‌സ്‌ ഒരു ഫെഡറല്‍ ഓഫീസറല്ലെന്നു മനസിലായപ്പോള്‍ ബുരോസിന്‌ ആശ്വാസമായതു പോലെ തോന്നി.

``നോക്കൂ, എനിക്ക്‌ നിങ്ങളോട്‌ ചിലത്‌ സംസാരിക്കാനുണ്ട്‌''-ഫിലിപ്പ്‌സ്‌ പറഞ്ഞു. ``ഒ.കെ''-ബാരോസ്‌ സമ്മതിച്ചു. കുറെനെരം ഫുഡ്‌പാത്തിലൂടെ നടന്നു കഴിഞ്ഞപ്പോള്‍, എവിടെയെങ്കിലും ഇരിക്കാം എന്ന്‌ ബുരോസ്‌ തന്നെ നിര്‍ദ്ദേശിച്ചു. അങ്ങനെ ഇരുവരും ഒരു ചെറു റെസ്റ്റോറണ്ടിന്റെ ഒഴിഞ്ഞ മേശയ്‌ക്കിരുവശവും സ്ഥാനം പിടിച്ചു. അത്ര ഉയരമില്ലാത്ത, മെലിഞ്ഞിട്ടല്ലാത്ത, ഒരുപാട്‌ പ്രശ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനാണ്‌ തനിക്കു മുന്നിലിരിക്കുന്നതെന്ന്‌ ഫിലിപ്പ്‌സിന്‌ തോന്നി. നേരെ നോക്കുന്നതിനു പകരം, കഴിയുന്നത്ര മറ്റ്‌ ഭാഗങ്ങളിലേക്കു നോക്കാനാണ്‌ ബുരോസ്‌ ശ്രമിക്കുന്നത്‌.

അമേരിക്ക ഏറ്റവുമധികം ഭയപ്പെടുന്ന നാസിസംഘടനയുടെ നേതാവാണ്‌ മുന്നിലിരിക്കുന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ, അയാളുടെ വിധി തന്റെ കൈയിലാണിപ്പോഴെന്ന്‌ ഫിലിപ്പ്‌സിനറിയാം. ജൂതരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘടനയുടെ നേതാവായ അയാളൊരു ജൂതനാണെന്ന്‌ ലോകം അറിയാന്‍ പോകുന്നു. ഇക്കാര്യം അയാളോട്‌ പറയാനാണ്‌ ഫിലിപ്പ്‌സ്‌ അതിരാവിലെ അയാളെ തേടിയെത്തിയത്‌. അതറിയുമ്പോഴുള്ള അയാളുടെ പ്രതികരണം അറിയാന്‍!

മുഖവുരയോടെ തുടങ്ങി. ബുരോസ്‌ വളരെ സൗഹൃദത്തോടെയാണ്‌ പെരുമാറിയത്‌. കെ.കെ.കെയില്‍ അയാളെ തിരിച്ചറിയാനുള്ള അടയാളമായ ചെറുചിത്രം പോലും(തലയിലൂടെ തുണിയിട്ട്‌ കണ്ണുകളുടെ ഭാഗത്ത്‌ മാത്രം ദ്വാരമുള്ള ചിത്രം) ഫിലിപ്പ്‌സിന്‌ കാട്ടിക്കൊടുത്തു. ഫാസിസ്റ്റ്‌ തീവ്രവാദത്തിന്റെ അടിമയായി മാറിയിരിക്കുന്ന ആ ചെറുപ്പക്കാരനോട്‌ ഫിലിപ്പ്‌സിന്‌ സഹതാപം തോന്നി. ഒടുവില്‍ അഭിമുഖത്തിലെ നിര്‍ണ്ണായകമായ ചോദ്യത്തിലെത്തി. ``മി. ബുരോസ്‌, നിങ്ങളുടെ ജീവിതത്തിന്റെ പൊതുചിത്രവുമായി ഒത്തുപോകാത്ത ഒരു വിവരം എന്റെ പക്കലുണ്ട്‌. അതിനൊരു വിശദീകരണം ലഭിക്കാനാണ്‌ ഞാന്‍ നിങ്ങളെ അന്വേഷിച്ചത്‌''- ഭാവഭേദം കൂടാതെ ഫിലിപ്പ്‌സ്‌ പറഞ്ഞു. അതിനിടെ പലതവണ ബുരോസ്‌ വാച്ചില്‍ നോക്കിയിരുന്നു. തനിക്ക്‌ അത്യാവശ്യമായി പെന്‍സില്‍വാനിയയ്‌ക്കുള്ള ബസ്‌ പിടിക്കണമെന്ന്‌ ഇടയ്‌ക്ക്‌ പറയുകയും ചെയ്‌തു. ``നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തത്‌ ബ്രോന്‍ക്‌സില്‍ വെച്ച്‌ റവ. ബര്‍ണാഡ്‌ കല്ലെന്‍ബര്‍ഗ്‌ ആണ്‌, ജൂത ആചാര പ്രകാരം''-ഫിലിപ്പ്‌സ്‌ പറഞ്ഞു.

``നിങ്ങളിക്കാര്യം പ്രസിദ്ധീകരിക്കാന്‍ പോകുകയാണോ''-ബുരോസ്‌ ചോദിച്ചു.

ഈ വിവരം ബ്രോന്‍ക്‌സിലെ സുപ്രീം കോടതി ഹൗസിലുള്ള രേഖയാണ്‌. അതിനാല്‍ ഈ വിവരം പൊതുജനങ്ങള്‍ക്കു ലഭ്യമായ ഒന്നാണ്‌. അതുകൊണ്ടു തന്നെ അത്‌ പ്രസിദ്ധീകരിക്കുന്നത്‌ തടയാനുള്ള അധികാരം തനിക്കില്ലെന്ന്‌ ഫിലിപ്പ്‌സ്‌ അറിയിച്ചു. ആ നിമിഷം പരവശനായ ഒരു മനുഷ്യനായി ബുരോസ്‌ മാറി. എത്രയോ വര്‍ഷമായി താന്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ച വിവരമാണിത്‌. ഇപ്പോള്‍ ഫിലിപ്പ്‌സ്‌ അത്‌ പ്രസിദ്ധീകരിക്കാന്‍ പോകുന്നു. ഈ ഒറ്റ വിവരം മതി തന്റെ ജീവിതം മുഴുവന്‍ തകര്‍ന്നടിയാന്‍. റെസ്റ്റോറണ്ട്‌ വിടുംമുമ്പു നിങ്ങളെ കൊല്ലാന്‍ പോകുകയാണെന്ന്‌ അയാള്‍ ഫിലിപ്പ്‌സിനോട്‌ പറഞ്ഞു. പ്രഭാതത്തിന്റെ ശാന്തമായ അന്തരീക്ഷം പെട്ടന്നു കനത്തു. താന്‍ കടന്നു വന്നപ്പോഴത്തെ റെസ്റ്റോറണ്ടല്ല ഇപ്പോഴത്തേതെന്ന്‌ ഫിലിപ്പ്‌സിന്‌ ഒരു നിമിഷം തോന്നി. തന്റെ അന്ത്യം അടുത്തു എന്നു തന്നെ ഫിലിപ്പ്‌സിന്‌ അനുഭവപ്പെട്ടു. പക്ഷേ, ഫിലിപ്പ്‌സ്‌ ശാന്തത കൈവെടിഞ്ഞില്ല (തന്റെ എതിരെയിരിക്കുന്നയാള്‍ പ്രഗത്ഭനായ ഒരു കരാട്ടെ വിദഗ്‌ധനാണെന്ന കാര്യം അറിയാമായിരുന്നെങ്കില്‍, തനിക്കത്ര ശാന്തനായിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ ഫിലിപ്പ്‌സ്‌ ഓര്‍ക്കുന്നു).

തന്റെ കൈവശം ഒരു കുപ്പി ആസിഡുണ്ടെന്ന്‌ ബുരോസ്‌ പറഞ്ഞു. അത്‌ ഫിലിപ്പ്‌സിന്‌ മേല്‍ പ്രയോഗിക്കാന്‍ പോവുകയാണ്‌. പക്ഷേ, അത്രയും രാവിലെ ആസിഡുമായി ഒരാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ ഉറപ്പുണ്ടായിരുന്നു. ബുരോസ്‌ പക്ഷേ, ശബ്‌ദമുയര്‍ത്തിയില്ല. കൂട്ടക്കൊല നടത്തുന്നതിന്‌ നേതൃത്വം കൊടുക്കേണ്ടയാള്‍, ഒരു വ്യക്തിയെ കൊല്ലുമെന്ന്‌ വിളിച്ചു കൂവേണ്ട കാര്യമില്ലല്ലോ. ആ വിവരം പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പു നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന്‌ അയാള്‍ ആവര്‍ത്തിച്ചു. വീണ്ടും ഒരിക്കല്‍കൂടി തമ്മില്‍ കാണും മുമ്പ്‌ അത്‌ പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പുനല്‍കാമെന്ന്‌ ഫിലിപ്പ്‌സ്‌ പറഞ്ഞു. ഓരോ തവണ വധഭീഷണി മുഴക്കുമ്പോഴും അയാളുടെ സ്വരത്തിലുണ്ടായ വ്യത്യാസം ഫിലിപ്പ്‌സ്‌ ശ്രദ്ധിച്ചു. ഒടുവില്‍ ഇരുവരും റെസ്റ്റോറണ്ടിന്‌ പുറത്തു കടന്നു. പിരിയുന്നതിന്‌ മുമ്പ്‌ ആറു തവണ ബുരോസ്‌ വധഭീഷണി മുഴക്കിയിരുന്നു. അവസരം എപ്പോഴാണ്‌ മുതലാക്കേണ്ടതെന്ന്‌ തനിക്ക്‌ അറിയാമെന്നും അയാള്‍ പറഞ്ഞു. കു ക്ലക്‌സ്‌ ക്ലാനിന്റെ നേതാവ്‌ വെറും വാക്ക്‌ പറയില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ നിശ്ചയമുണ്ടായിരുന്നു.

ബുറോസിനെപ്പറ്റി ആറുപേജുള്ള റിപ്പോര്‍ട്ടാണ്‌ ഫിലിപ്പ്‌സ്‌ തയ്യാറാക്കിയത്‌. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. വാര്‍ത്ത ഫയല്‍ ചെയ്‌തു കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകന്റെ ഉപദേശം കിട്ടി ചരമക്കുറിപ്പും ഫോട്ടോയും കൊടുത്തിട്ടേ പോകാവൂ എന്ന്‌. ഫിലിപ്പ്‌സിന്റെ വീട്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലുമായി. ബുറോസിന്റെ ജൂതവേരുകള്‍ സംബന്ധിച്ച്‌ ശേഖരിച്ച രേഖകള്‍ക്ക്‌ നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന്‌ അവസാന നിമിഷം സംശയമായി. പത്രാധിപസമിതിയാണ്‌ സംശയം ഉന്നയിച്ചത്‌. ബുറോസിന്റെ താമസസ്ഥലത്തിനു രണ്ട്‌ മൈല്‍ ചുറ്റളവിലുള്ള സിനഗോഗുകള്‍ മുഴുവന്‍ ശരിക്കൊരു രേഖയ്‌ക്കായി പരിശോധിക്കാന്‍ ഒടുവില്‍ തീരുമാനമായി. ജൂതകാര്യ ലേഖകന്‍ ഇര്‍വിങ്‌ സ്‌പീഗലിനെയാണ്‌ ചുമതലയേല്‍പ്പിച്ചത്‌. പിറ്റേന്ന്‌ ഉച്ചയ്‌ക്ക്‌ സ്‌പീഗലിന്റെ ഫോണ്‍ വന്നു.``ജര്‍മന്‍കാര്‍ക്കൊരു ഹിറ്റ്‌ലര്‍ ഉള്ളതുപോലെ, ജൂതര്‍ക്കും ഒരു ഹിറ്റ്‌ലറുണ്ട്‌''. വാര്‍ത്ത അന്നു രാത്രിയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടു.

ഞായറാഴ്‌ച ഉച്ചയായപ്പോള്‍ `ടൈംസി'ന്റെ ഓഫീസില്‍ നിന്ന്‌ ഫിലിപ്പ്‌സിന്‌ ഫോണ്‍ വന്നു. ഒരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌, പെന്‍സില്‍വാനിയയില്‍ നിന്നാണ്‌. ദാനിയല്‍ ബുറോസ്‌ സ്വയം വെടിവെച്ചു മരിച്ചു.

കടപ്പാട്‌: The Working Press, The New York Times, Edited by Ruth Adler, 1966

(2005 നവംബറില്‍ മാതൃഭൂമി തൊഴില്‍വാര്‍ത്ത, 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്‌)

Wednesday, November 26, 2008

നടന്നു തുടങ്ങുന്ന കേരളം: അനുബന്ധം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവ കേരളത്തില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണ്‌. വ്യായാമമില്ലായ്‌മയും ഭക്ഷണശീലത്തിലുണ്ടായ മാറ്റവുമാണ്‌ ഇതിന്‌ മുഖ്യകാരണമായി പറയപ്പെടുന്നത്‌. അതിനെതിരെ കേരളം എങ്ങനെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്‌ ഈ പരമ്പരയുടെ മുന്‍ലക്കങ്ങളില്‍ പരിശോധിച്ചത്‌. ഇത്തരം രോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തുചെയ്യണം-അതാണ്‌ ഈ അനുബന്ധത്തിന്റെ ഉള്ളടക്കം.

1. പ്രമേഹം അകറ്റിനിര്‍ത്താന്‍

ജീവിതശൈലി, പാരമ്പര്യം - ഈ രണ്ട്‌ ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്‌ പ്രമേഹം. ടൈപ്പ്‌-1 പ്രമേഹം ചികിത്സകൊണ്ടേ നിയന്ത്രിക്കാന്‍ കഴിയൂ. എന്നാല്‍, ജീവിതശൈലീരോഗമായി പടര്‍ന്നു പിടിക്കുന്ന ടൈപ്പ്‌-2 പ്രമേഹം, ആവശ്യമായ മുന്‍കരുതല്‍കൊണ്ട്‌ ഒഴിവാക്കാന്‍ കഴിയും. പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റാ കോശങ്ങളുടെ അപചയമാണ്‌ മധ്യവയസ്‌ക്കരില്‍ ഈ പ്രശ്‌നം രൂക്ഷമാവാന്‍ കാരണം. പാരമ്പര്യം, പൊണ്ണത്തടി, പുകവലി, ആവശ്യത്തിന്‌ വ്യായാമമില്ലായ്‌മ, കടുത്ത മാനസിക സമ്മര്‍ദം, ഉറക്കമിളപ്പ്‌ എന്നിങ്ങനെ അനേകം സംഗതികള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമേഹം വരാതെ നോക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ശരീരത്തിന്‌ ആവശ്യമായ വ്യായാമം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയാണ്‌. നടത്തം, നീന്തല്‍, സൈക്ലിങ്‌ ഇങ്ങനെ ഏതുതരം വ്യായാമവുമാകാം. ശരീരത്തില്‍ ദുര്‍മേദസ്സുണ്ടാകാതെ ശ്രദ്ധിക്കാനും വ്യായാമം സഹായിക്കും. ദുര്‍മേദസ്സ്‌ അഥവാ പൊണ്ണത്തടി എന്നത്‌ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നോര്‍ക്കുക. പുകവലിയും പുകയിലയുടെ ഉപയോഗവും പാടെ ഉപേക്ഷിക്കുക. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവര്‍ ഇടയ്‌ക്കിടെ രക്തത്തിലെ ഷുഗര്‍നില നോക്കി, കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന്‌ ഉറപ്പുവരുത്തണം.

രക്തത്തിലെ ഷുഗര്‍നില വളരെപ്പെട്ടെന്ന്‌ വര്‍ധിക്കാനും അതുവഴി ആവശ്യമില്ലാത്ത സമയത്ത്‌ കണക്കിലേറെ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാക്കുകവഴി ബീറ്റാ കോശങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാനും ഇടയാക്കുന്ന ഫാസ്റ്റ്‌ഫുഡ്‌, ബേക്കറി സാധനങ്ങള്‍ കഴിവതും ഭക്ഷണത്തില്‍ നിന്ന്‌ ഒഴിവാക്കുക. നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. (കടപ്പാട്‌: ഡോ. കെ. പി. പൗലോസ്‌, ചീഫ്‌ ഫിസിഷ്യന്‍, ശ്രീ ഉത്രാടം തിരുന്നാള്‍ ഹോസ്‌പിറ്റല്‍, തിരുവനന്തപുരം).

2. ഹൃദ്രോഗഭീഷണി ചെറുക്കാന്‍

ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം അരമണിക്കൂര്‍ വീതം വ്യായാമം പതിവാക്കുക. പുകവലി പാടെ ഒഴിവാക്കുക. പൂരിതകൊഴുപ്പ്‌ കൂടുതലടങ്ങിയ മാട്ടിറച്ചി, നെയ്യ്‌ മുതലായവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ്‌ കൂടിയ ചിപ്‌സുകളും എണ്ണയില്‍ വരുത്ത ഭക്ഷ്യവസ്‌തുക്കളും ഉണര്‍ത്തുന്ന പ്രലോഭനത്തെ കഴിവതും അതിജീവിക്കുക. വിവാഹിതരാണെങ്കില്‍ നല്ല ലൈംഗികജീവിതം നയിക്കുക. ഭാവിയില്‍ ഹൃദ്രോഗം വരരുത്‌ എന്നാഗ്രഹിക്കുന്നവര്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.

നടത്തം, നീന്തല്‍, സൈക്ലിങ്‌ മുതലായ എയ്‌റോബിക്‌ വ്യായാമങ്ങളാണ്‌ ഹൃദയാരോഗ്യത്തിന്‌ നന്ന്‌. ഭാരോദ്വഹനം പോലുള്ള അണ്‍എയ്‌റോബിക്‌ വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ ചെയ്യാന്‍ പാടില്ല. പ്രായം കൂടിയവര്‍ പെട്ടെന്ന്‌ വ്യായാമം തുടങ്ങുന്ന പക്ഷം, അത്‌ ഡോക്ടറെ കണ്ടശേഷമേ ആകാവൂ.

പാരമ്പര്യമായി കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുള്ളവര്‍ കൂടുതല്‍ മുന്‍കരുതലെടുക്കണം. ഇത്തരക്കാര്‍ 20 വയസ്സ്‌ പിന്നിടുമ്പോള്‍ മുതല്‍ രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ നിലയും ഇടയ്‌ക്കിടെ പരിശോധിക്കണം. ചീത്ത കൊളസ്‌ട്രോള്‍ (എല്‍. ഡി. എല്‍), പ്രമേഹം, പൊണ്ണത്തടി എന്നിവയ്‌ക്കൊപ്പം രക്തത്തിലെ ഹോമോസിസ്‌റ്റീനിന്റെ ആധിക്യവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. അതിനാല്‍, പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവര്‍ ഹോമോസിസ്‌റ്റീന്‍ നിര്‍ണയ ടെസ്‌റ്റും നടത്തേണ്ടതുണ്ട്‌. (കടപ്പാട്‌: ഡോ. ജോര്‍ജ്‌ തയ്യില്‍, ചീഫ്‌ കാര്‍ഡിയോളജിസ്‌റ്റ്‌, ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍, എറണാകുളം).

3. പൊണ്ണത്തടി ഒഴിവാക്കാന്‍

ദുര്‍മേദസ്‌ ദുസ്സൂചനയാണ്‌. ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ തുടക്കം മിക്കപ്പോഴും പൊണ്ണത്തടിയില്‍ നിന്നായിരിക്കും. നിങ്ങള്‍ക്ക്‌ എത്ര സെന്റിമീറ്റര്‍ ഉയരമുണ്ടോ അതില്‍നിന്ന്‌ 100 കുറച്ചാല്‍ കിട്ടുന്ന അത്രയും കിലോഗ്രാമാണ്‌, നിങ്ങള്‍ക്ക്‌ ആവശ്യമായ ശരീരഭാരമെന്ന്‌ പൊതുവെ പറയാം. ഇതനുസരിച്ച്‌, 170 സെന്റിമീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക്‌ 70 കിലോഗ്രാം ശരീരഭാരമുണ്ടാകണം. അതില്‍ കൂടിയാല്‍ അമിതഭാരമായി. മരുന്ന്‌ കഴിച്ചു മാത്രം ദുര്‍മേദസ്‌ ഒഴിവാക്കാനാവില്ല. അതിന്‌ ഏറ്റവും പ്രധാനം വ്യായാമം തന്നെയാണ്‌. രാവിലെയും വൈകുന്നേരവും നല്ല വേഗത്തില്‍ ഒരു മണിക്കൂര്‍ വീതം നടക്കുക.

വറുത്തതും പൊരിച്ചതും ഭക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കുക; ഇടയ്‌ക്കിടെയുള്ള കൊറിക്കലും. മാംസാഹാരവും ഒഴിവാക്കുകയാണ്‌ ഉത്തമം. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത്‌ വെറുംവയറ്റില്‍ രാവിലെ കഴിക്കുന്നത്‌ നല്ലതാണ്‌. പൊണ്ണത്തടി ഒഴിവാക്കാന്‍ വ്യായാമത്തോടൊപ്പം ചില ഔഷധങ്ങളും ആയുര്‍വേദത്തില്‍ ലഭ്യമാണ്‌. (കടപ്പാട്‌: ഡോ. കെ. മുരളീധരന്‍പിള്ള, മുന്‍പ്രിന്‍സിപ്പല്‍, വൈദ്യരത്‌നം ആയുര്‍വേദ കോളേജ്‌, ഒല്ലൂര്‍, തൃശ്ശൂര്‍).

4. സന്ധിവാതം പ്രശ്‌നമാകാതിരിക്കാന്‍

ജീവിതശൈലീരോഗങ്ങളില്‍ പ്രമുഖമായ ഒന്നാണ്‌ സന്ധിവാതം. നാല്‌പത്‌ വയസ്സ്‌ കഴിയുന്നതോടെ സന്ധികളിലുണ്ടാകുന്ന തേയ്‌മാനമാണ്‌ ഇതിന്‌ പ്രധാന കാരണം. ശരീരത്തിന്റെ അമിതഭാരം സന്ധിവാതത്തിന്‌ ആക്കം കൂട്ടുന്നു. പാരമ്പര്യവും രോഗംവരാന്‍ അനുകൂല ഘടകമാണ്‌. ശരീരഭാരം അഞ്ചുശതമാനം വര്‍ധിക്കുമ്പോള്‍, രോഗമുള്ളവരില്‍ സന്ധിയുടെ വേദന 15 മടങ്ങ്‌ രൂക്ഷമാകും എന്നാണ്‌ കണക്ക്‌. അതിനാല്‍, ശരീരഭാരം കൂടുതല്‍ വര്‍ധിക്കാതെ നോക്കുകയാണ്‌ സന്ധിവാതം തടയാനുള്ള മുഖ്യമാര്‍ഗം. അവിടെയാണ്‌ വ്യായാമത്തിന്റെ പ്രസക്തി. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഒഴിവാക്കുകയും വേണം.

ചമ്രം പടിഞ്ഞിരിക്കുന്ന ശീലമുള്ളവരാണ്‌ കേരളീയര്‍. കാല്‍മുട്ടുകള്‍ക്ക്‌ വല്ലാതെ സമ്മര്‍ദമേല്‍പ്പിക്കുന്ന ശീലമാണിത്‌. നിലത്തുള്ള കക്കൂസ്‌ (ഇന്ത്യന്‍ സ്റ്റൈല്‍) പതിവായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്‌നമുണ്ടാകുന്നു. ചുമടെടുക്കുന്നതവരിലും സന്ധികളിലെ സമ്മര്‍ദം കൂടുതലായിരിക്കും. ഇതെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ശരീരഭാരം വര്‍ധിക്കാതെ നോക്കുന്നതിനൊപ്പം കാല്‍സ്യം കൂടുതലടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത്‌, സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കും. എരിവ്‌, പുളി മുതലായവ കുറയ്‌ക്കുന്നതും നന്ന്‌. (കടപ്പാട്‌: ഡോ. രമേഷ്‌ ഭാസി, കണ്‍സള്‍ട്ടന്റ്‌ റുമാറ്റോളജിസ്‌റ്റ്‌, മലബാര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ (മിംസ്‌), കോഴിക്കോട്‌).

5. അര്‍ബുദത്തെ നേരിടാന്‍

ഏത്‌ തരത്തിലുള്ള വ്യായാമമാണെങ്കിലും അത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്വാഭാവികമായും അര്‍ബുദസാധ്യത കുറയാന്‍ ഇത്‌ സഹായിക്കും. ശുഭാപ്‌തിവിശ്വാസം നിലനിര്‍ത്താനും വിഷാദവും മറ്റും പിടികൂടുന്നത്‌ ഒഴിവാക്കാനും വ്യായാമം സഹായിക്കും. അതും അര്‍ബുദസാധ്യത കുറയ്‌ക്കുന്ന സംഗതിയാണെന്ന്‌ ആധുനിക പഠനങ്ങള്‍ പറയുന്നു.

സാധാരണഗതിയില്‍, അര്‍ബുദം ബാധിച്ചാല്‍ അതോടെ ജീവിതം കഴിഞ്ഞു എന്ന്‌ കരുതുന്നവരാണ്‌ ഏറെയും. അര്‍ബുദബാധയെ മൂന്നായാണ്‌ വൈദ്യശാസ്‌ത്ര വിദഗ്‌ധര്‍ തരംതിരിക്കാറ്‌. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുകയും പുകവലി മുതലായ ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്‌താല്‍ വരാതെ ഒഴിവാക്കാന്‍ കഴിയുന്നവയാണ്‌ മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകളും. ശരിയായ വ്യായാമം ഇതിന്‌ സഹായിക്കുന്ന ഘടകമാണ്‌. നാരുകൂടിയ ഭക്ഷ്യവസ്‌തുക്കള്‍ കൂടുതല്‍ കഴിക്കണം. ഫാസ്റ്റ്‌ഫുഡും വറുത്തതും പൊരിച്ചതും ഉപ്പ്‌ അധികമുള്ളതുമായ ഭക്ഷ്യവസ്‌തുക്കള്‍ പരമാവധി ഒഴിവാക്കണം.

മുന്‍കൂട്ടി കണ്ടുപിടിച്ചാല്‍ ചികിത്സിച്ച്‌ ഭേദമാക്കാനാവുന്നതാണ്‌ അടുത്ത മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകള്‍. സ്‌തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം പോലുള്ളവ ഇതില്‍പെടുന്നു. 30 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ വീതം ശരിയായ പരിശോധനയ്‌ക്ക്‌ വിധേയരായാല്‍ രോഗബാധ നേരത്തെ കണ്ടെത്താനും വേണ്ട ചികിത്സ ലഭ്യമാക്കാനുമാകും. ബാക്കി മൂന്നിലൊന്ന്‌ ഭാഗം കാന്‍സര്‍ബാധയാണ്‌ വന്നുകഴിഞ്ഞാല്‍ ഭേദമാക്കാന്‍ കഴിയാത്തത്‌. (കടപ്പാട്‌: ഡോ. ജയകൃഷ്‌ണന്‍, ലക്‌ച്ചറര്‍, കമ്മ്യൂണിറ്റി ഓങ്കോളജി, ആര്‍. സി. സി., തിരുവനന്തപുരം).

-മാതൃഭൂമി, ജൂണ്‍ 29 - ജൂലായ്‌ 4, 2008

Monday, November 24, 2008

നാല്‌പതു കഴിയാന്‍ കാക്കണോ

കോഴിക്കോട്‌ ഈസ്‌റ്റ്‌ഹില്ലില്‍ താമസിക്കുന്ന വീട്ടമ്മയായ വത്സല ഗോപിനാഥ്‌, അമേരിക്കയില്‍ ഡാലസിലുള്ള മകള്‍ റാണിയുമായി ടെലിഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യം തിരക്കുക വ്യായാമക്കാര്യമാണ്‌. ദിവസവും രാവിലെ ഭര്‍ത്താവ്‌ ഗോപിനാഥിനൊപ്പം ഒരു മണിക്കൂര്‍ നടക്കുകയെന്ന സ്വന്തം ശീലത്തിന്റെ അടിസ്ഥാനത്തിലാണ്‌ മക്കളുടെ വ്യായാമക്കാര്യം അവര്‍ തിരക്കുന്നത്‌. `മക്കള്‍ക്ക്‌ ആവശ്യത്തിന്‌ വ്യായാമം കിട്ടുന്നുണ്ടോ എന്ന കാര്യം അമ്മമാരല്ലാതെ മറ്റാരാണ്‌ ഉറപ്പുവരുത്തേണ്ടതെ'ന്ന്‌ വത്സല ഗോപിനാഥ്‌ ചോദിക്കുന്നു. പക്ഷേ, ഇത്തരത്തില്‍ ഉത്‌ക്കണ്‌ഠാകുലരാകുന്ന എത്ര അമ്മമാര്‍ നമുക്കിടയിലുണ്ട്‌ ?

കുത്തക കമ്പനികളെപ്പോലെയാണ്‌ മാരകരോഗങ്ങളും. 'ചെറുപ്പത്തിലേ പിടികൂടുക'യെന്നതാണ്‌ കുത്തകകളുടെ വിപണന തന്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങളും നമ്മളെ ചെറുപ്പത്തിലേ പിടികൂടുന്നു. അതിന്‌ പറ്റിയ ചില ജനിതക സവിശേഷതകള്‍ നമുക്കുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. ചെറുപ്പത്തിലേ ആരംഭിക്കുന്ന മേലനങ്ങാശീലം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ആഴ്‌ചയില്‍ വെറും മൂന്നുമണിക്കൂര്‍ മാത്രം വീടിന്‌ പുറത്ത്‌ ചെലവിടുന്ന കൂട്ടികളെ സങ്കല്‍പ്പിച്ചു നോക്കൂ. എന്തുതരം വ്യായാമമാണ്‌ അവര്‍ക്ക്‌ ലഭിക്കുക ? തിരുവനന്തപുരം അച്യുതമേനോന്‍ സെന്ററില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്‌ കേരളത്തില്‍ നഗരങ്ങളിലെ കുട്ടികള്‍ ഈ അവസ്ഥയിലാണെന്നാണ്‌. അതേസമയം, ആഴ്‌ചയില്‍ 7-8 മണിക്കൂര്‍ ടിവിക്ക്‌ മുന്നില്‍ കുട്ടികള്‍ ചെലവിടുന്നു.

മറ്റ്‌ രാജ്യങ്ങളില്‍ 40 വയസ്സിന്‌ ശേഷം ആരംഭിക്കുന്ന പല ജീവിതശൈലീരോഗങ്ങളും കേരളീയരെ 10 വര്‍ഷം മുമ്പേ പിടികൂടുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍. `നാല്‌പത്‌ കഴിഞ്ഞ്‌ രക്താതിസമ്മര്‍ദവും പ്രമേഹവുമൊക്കെ ആയിക്കഴിഞ്ഞ്‌ നടത്തമോ യോഗയോ ആരംഭിക്കാം. ഇതാണ്‌ പലരുടെയും കണക്കുകൂട്ടല്‍. പക്ഷേ, ഒറ്റ ദിവസം കൊണ്ട്‌ വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല ഈ ശീലം'-വത്സല ഗോപിനാഥ്‌ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ പറയുന്നത്‌.

കേരളീയരെ സംബന്ധിച്ചിടത്തോളം ഷുഗറും കൊളസ്‌ട്രോളുമൊക്കെ നേരത്തെ ആരംഭിക്കുന്നതിനാല്‍, ഏതു തരത്തിലുള്ള വ്യായാമവും നേരത്തെ തുടങ്ങണം എന്ന്‌ അച്യുതമേനോന്‍ സെന്ററിലെ അഡീഷണല്‍ പ്രൊഫസറായ ഡോ. കെ. ആര്‍. തങ്കപ്പന്‍ പറയുന്നു. `ഭാവിയില്‍ നിങ്ങള്‍ക്ക്‌ അസുഖം വരില്ല എന്ന്‌ പറഞ്ഞ്‌ കഴിക്കാവുന്ന ഒരു മരുന്നുമില്ല. എന്നാല്‍, വ്യായാമം അതാണ്‌'-ബോഡി ബില്‍ഡര്‍ വി. എം. ബഷീറിന്റെ നിരീക്ഷണത്തെ ആധുനികശാസ്‌ത്രം ശരിവെക്കുന്നു.

വ്യായാമവേളയില്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ്‌ കുറയും. നല്ല കൊളസ്‌ട്രോളിന്റെ (എച്ച്‌.ഡി.എല്‍) ആധിക്യമേറും. കൂടുതല്‍ രക്തചംക്രമണം നടക്കുന്നതിനാല്‍ ധമനികള്‍ വികസിക്കും. കൊഴുപ്പു നിക്ഷേപം വര്‍ധിച്ച്‌ ധമനികളില്‍ തടസ്സമുണ്ടാകാന്‍ സാധ്യത കുറയും. ഹൃദ്രോഗസാധ്യതയാണ്‌ ഇതുവഴി ഇല്ലാതാവുക. പ്രമേഹസാധ്യത അകന്നുപോകും. ചര്‍മത്തിന്റെ സൗന്ദര്യം കാക്കാന്‍ വ്യായാമം പോലെ മറ്റൊരു മാര്‍ഗമില്ല. ലൈംഗികാരോഗ്യം നിലനിര്‍ത്താനും വ്യായാമം ഉത്തമം. അതുവഴി ചെറുപ്പം നിലനിര്‍ത്താം.

വ്യായാമത്തിനൊപ്പം ഭക്ഷണശീലത്തിലും ചില കരുതലുകള്‍ കൈക്കൊള്ളാന്‍ നമുക്കിടയില്‍ ഒരു വിഭാഗം ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നവരുടെ സംഖ്യ സമീപകാലത്ത്‌ ഏറിയിട്ടുണ്ട്‌. രുചി കൂട്ടുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്‌ക്കാന്‍ പലരും ശ്രദ്ധിക്കുന്നു. `ദിവസം ഒരു നേരം വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കിയ കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്‌'-തൃശ്ശൂര്‍ കണിമംഗലത്ത്‌ പ്രവര്‍ത്തിക്കുന്ന ഗാന്ധിജി പ്രകൃതി ചികിത്സാകേന്ദ്രത്തിലെ കല്യാണ്‍ ഉല്‌പലാക്ഷന്‍ പറയുന്നു.

ഏതായാലും, തിന്നും കുടിച്ചും മേലനങ്ങാതെയും നമ്മള്‍ നേടിയ സമ്പാദ്യത്തിന്‌ നാമിപ്പോള്‍ പ്രായശ്ചിത്തം ചെയ്‌തുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ, അതായിരിക്കാം, ആരോഗ്യരംഗത്തെ പുതിയ കേരളമാതൃകയുടെ അടിത്തറ. (പരമ്പര അവസാനിച്ചു).

-മാതൃഭൂമി, ജൂലായ്‌ 4, 2003

Tuesday, November 18, 2008

പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍

യോഗയുടെ കാര്യത്തിലും നമ്മള്‍ പതിവു തെറ്റിച്ചില്ല. സായിപ്പ്‌ അംഗീകരിച്ച ശേഷം മാത്രമേ യോഗയെ ഗൗനിക്കാന്‍ നമ്മള്‍ തയ്യാറായുള്ളു. യോഗയ്‌ക്ക്‌ ചില അത്ഭുതസിദ്ധികളുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല. സ്‌പോണ്ടിലോസിസിന്‌ ആശ്വാസം ലഭിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ചെയ്‌തതുപോലെ, ചില ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ തുടങ്ങുകയും പിന്നീടത്‌ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്‌ത ധാരാളം പേര്‍ കേരളത്തിലുണ്ട്‌. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി യോഗ കോര്‍പ്പറേറ്റ്‌ ശൈലിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുണ്ട്‌. ഏകാഗ്രത വര്‍ധിപ്പിക്കാനും പഠന നിലവാരം ഉയര്‍ത്താനും മക്കളെ യോഗ പരിശീലനത്തിനയയ്‌ക്കുന്ന മാതാപിതാക്കളുണ്ട്‌. അതോടൊപ്പം, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ലക്ഷ്യംവെച്ച്‌ പ്രതിബദ്ധതയോടെ യോഗ കേന്ദ്രങ്ങളിലെത്തുന്നവരുടെ സംഖ്യയും കാര്യമായി വര്‍ധിച്ചിരിക്കുന്നു. ഭാവിയില്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ തടയാന്‍ യോഗയും മലയാളികള്‍ ഒരു അഭയകേന്ദ്രമായി കണ്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ സാരം.

പുത്തന്‍ ജീവിതശൈലിയുടെ മുഖമുദ്രയെന്താണ്‌ ? സംശയം വേണ്ട, മാനസിക സമ്മര്‍ദവും ടെന്‍ഷനും തന്നെ. അതിന്റെ ഭാഗമായി രക്തസമ്മര്‍ദം ഏറുന്നു. തിരുവനന്തപുരത്തെ 'ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്‌) നടത്തിയ പഠനം വ്യക്തമാക്കുന്നത്‌ 20 വയസ്സ്‌ കഴിഞ്ഞ മലയാളികളില്‍ 35 ശതമാനത്തിനും രക്തസമ്മര്‍ദം കൂടുതലാണെന്നാണ്‌. ഈ പ്രശ്‌നമുള്ളവരില്‍ 75 ശതമാനത്തിനും തങ്ങള്‍ക്ക്‌ രക്താതിസമ്മര്‍ദമുള്ള വിവരം അറിയില്ലെന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അകറ്റാന്‍ എന്താണ്‌ വഴി ? പുകവലി ! മദ്യപാനം ! അതോടെ മനസ്സിന്റെയും ശരീരത്തിന്റെയും താളം തെറ്റുന്നു. 'ഇവിടെയാണ്‌ യോഗയുടെ പ്രസക്തി'-തിരുവനന്തപുരത്ത്‌ പടിഞ്ഞാറെക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശിവാനന്ദ യോഗ വേദാന്തകേന്ദ്രത്തിലെ മനുചൈതന്യ പറയുന്നു. ഏത്‌ തിരക്കിനിടയിലും മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ നോക്കാന്‍ യോഗ സഹായിക്കും. ഏത്‌ പ്രായത്തിലുള്ളവര്‍ക്കും യോഗ പരിശീലിക്കാം. 'യോഗ വഴി ജീവിതത്തെ സംബന്ധിച്ച ഒരു പ്രസാദാത്മക (പോസിറ്റീവ്‌) സമീപനം വളര്‍ത്തിയെടുക്കാനും കഴിയും`-മനു ചൈതന്യ അഭിപ്രായപ്പെടുന്നു.

വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനായി പ്രായമേറിയവരാണ്‌ മുമ്പൊക്കെ യോഗ കേന്ദ്രങ്ങളില്‍ എത്തിയിരുന്നതെങ്കില്‍, ഇന്ന്‌ പരിസ്ഥിതി മാറിയിരിക്കുന്നു. 25-35 പ്രായപരിധിയിലുള്ള യുവാക്കളും വീട്ടമ്മമാരും ഇപ്പോള്‍ യോഗ പരിശീലനത്തിന്‌ സന്നദ്ധരായി എത്തുന്നുവെന്ന്‌, പ്രമുഖ യോഗ പരീശീലകനും തൃശ്ശൂര്‍ ജില്ലാ യോഗ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റുമായ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. ഹെല്‍ത്ത്‌ക്ലബ്ബുകളിലേതുപോലെ, മിക്ക യോഗ കേന്ദ്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ മാത്രമായി പ്രത്യേക പരിശീലനമുണ്ട്‌. മൂന്ന്‌ മാസം വരെ നീളുന്ന പരിശീലനമാണ്‌ യോഗ കേന്ദ്രങ്ങള്‍ നല്‍കുന്നത്‌. അത്‌ പൂര്‍ത്തിയാക്കുന്നയാള്‍ക്ക്‌ വീട്ടിലിരുന്ന്‌ യോഗ തുടരാം.

കോഴിക്കോട്ട്‌ നടക്കാവില്‍ താമസിക്കുന്ന വീട്ടമ്മയായ ഷീന, നടുവേദന സഹിക്കാനാവാതെ വന്നപ്പോഴാണ്‌ രണ്ട്‌ വര്‍ഷംമുമ്പ്‌ യോഗയില്‍ അഭയം കണ്ടെത്തിയത്‌. അസുഖത്തിന്‌ ആശ്വാസമുണ്ടായി എന്നു മാത്രമല്ല, തടികുറയ്‌ക്കാനും യോഗ വഴി കഴിഞ്ഞു. വീട്ടിലെ തിരക്കുമൂലം സ്ഥിരമായി യോഗ ചെയ്യാറില്ലെങ്കിലും സൂര്യനമസ്‌ക്കാരം മുടക്കാറില്ലെന്ന്‌ ഷീന പറയുന്നു. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പെട്ടന്ന്‌ ആശ്വാസം നല്‍കുന്നു എന്നതാണ്‌ യോഗയുടെ സവിശേഷതകളിലൊന്നായി മനു ചൈതന്യ ചൂണ്ടിക്കാട്ടുന്നത്‌. മാത്രമല്ല, മറ്റ്‌ വ്യായാമമുറകളെപ്പോലെ, യോഗകൊണ്ട്‌ ആരും പെട്ടന്ന്‌ ക്ഷീണിക്കാറില്ല. `രണ്ടു മണിക്കൂര്‍ യോഗ കഴിഞ്ഞാലും നമ്മള്‍ ഫ്രഷ്‌ ആയിരിക്കും'-ഗോപിനാഥ്‌ ഇടിക്കുന്നി പറയുന്നു.

തിരുവനന്തപുരം എന്‍ജിനിയറിങ്‌ കോളേജില്‍നിന്ന്‌ പ്രൊഫസറായി വിരമിച്ച ഗ്രിസല്‍ ആലഞ്ചേരി ദിവസവും രാവിലെ ഒരു മണിക്കൂര്‍ നടക്കാറുണ്ട്‌. അടുത്തയിടെയാണ്‌ യോഗയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. കുടുംബത്തിലെ ചില ദുരന്തങ്ങള്‍ മൂലം, വ്യക്തിപരമായി കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടേണ്ട സമയമായിരുന്നു ഇത്‌. പക്ഷേ, 58-കാരിയായ തനിക്ക്‌ 'ആ ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയുന്നത്‌ യോഗമൂലമാകാ'മെന്ന്‌ പ്രൊഫസര്‍ കരുതുന്നു. തനിക്ക്‌ 'രാവിലെ ഉണരാന്‍ കഴിയുന്നുണ്ടെന്നാ'ണ്‌ യോഗ അഭ്യസിച്ചു തുടങ്ങിയ ശേഷം വിദ്യാര്‍ഥിയായ എം. വി. സുനില്‍കുമാര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്‌. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്‌ സുനില്‍കുമാര്‍.

ശരീരത്തിനൊപ്പം മനസ്സിനുകൂടി പ്രാധാന്യം നല്‍കുന്നു എന്നതാണ്‌ മറ്റ്‌ വ്യായാമങ്ങളില്‍നിന്ന്‌ യോഗയെ വ്യത്യസ്‌തമാക്കുന്ന മുഖ്യഘടകം. ആത്മവിശ്വാസം വര്‍ധിപ്പിക്കുക മാത്രമല്ല, നന്മ, സ്‌നേഹം, സാഹോദര്യം മുതലായ ഗുണങ്ങള്‍ പ്രചോദിപ്പിക്കുക വഴി സാത്വികമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കാനും യോഗ കാരണമാകാറുണ്ടെന്ന്‌ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാനും യോഗ പ്രേരകമാകാറുണ്ട്‌. പക്ഷേ, ആവേശം കൊണ്ട്‌ യോഗ അഭ്യസിച്ചു തുടങ്ങുകയും പാതിവഴിക്ക്‌ ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്‌. മാത്രമല്ല, ശരിയായ വൈദഗ്‌ധ്യം ഇല്ലാത്ത 'മുറി ആചാര്യന്മാര്‍' യോഗ കേന്ദ്രങ്ങള്‍ തുടങ്ങുന്നതും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന്‌ ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

-മാതൃഭൂമി, ജൂലായ്‌ 3, 2003

അടുത്തം ലക്കം: നാല്‌പതു കഴിയാന്‍ കാക്കണോ

Friday, November 14, 2008

നടക്കാതെ നടക്കാം, ഓടാതെ ഓടാം

നടക്കാതെ നടക്കാന്‍ കഴിയുക. അതിനുള്ളതാണ്‌ ട്രെഡ്‌മില്‍. ഓടാതെ ഓടിക്കാനാവുക. അതിനാണ്‌ സ്‌റ്റേഷനറി ബൈക്ക്‌. നടത്തവും സൈക്കിള്‍ ഓടിക്കലും ഉപേക്ഷിച്ച മലയാളിക്ക്‌ ലഭിക്കാവുന്ന ഏറ്റവും നല്ല ശിക്ഷ! ആധുനിക ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ വ്യായാമം തേടിയെത്തുന്നവര്‍ യഥാര്‍ഥത്തില്‍ അവിടെ നടക്കുകയും മലകയറുകയും സൈക്കിള്‍ ചവിട്ടുകയുമൊക്കെയാണ്‌ ചെയ്യുന്നത്‌. തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ സൗകര്യപൂര്‍വം ഉപേക്ഷിച്ച ശീലങ്ങള്‍, വിലകൂടിയ ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ സഹായത്തോടെ ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു.

വളരെ പെട്ടന്നാണ്‌ കേരളം ഹെല്‍ത്ത്‌ക്ലബ്ബ്‌ യുഗത്തിലേക്ക്‌ കടന്നത്‌. ജിംനേഷ്യം എന്ന പഴയ വീഞ്ഞിനെ ഹൈടെക്‌ ഉപകരണങ്ങളുടെ കുപ്പിയില്‍ അടച്ച ശേഷം അതില്‍ ഹെല്‍ത്ത്‌ക്ലബ്ബ്‌ എന്ന ലേബലൊട്ടിക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളിയുടെ മാറുന്ന ആരോഗ്യ അവബോധത്തെ ചൂഷണം ചെയ്യാനുള്ള നല്ലൊരു ബിസിനസ്‌ സാധ്യതയായി ഹെല്‍ത്ത്‌ക്ലബ്ബ്‌ രംഗം മാറിക്കഴിഞ്ഞു. അഫിലിയേറ്റ്‌ ചെയ്‌ത്‌ 200 ഓളം ക്ലബ്ബുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. അതില്‍ കൂടുതലും തൃശ്ശൂര്‍ ജില്ലയിലാണ്‌-60 എണ്ണം. രൂപംമാറിയ ജിംനേഷ്യങ്ങളും അഫിലിയേറ്റ്‌ ചെയ്യപ്പെടാത്ത ഹെല്‍ത്ത്‌ക്ലബ്ബുകളും കൂടി ഏതാണ്ട്‌ 500-ന്‌ മേല്‍ വരും.

മുമ്പൊക്കെ ബോഡിബില്‍ഡിങ്‌ പോലുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ചെറുപ്പക്കാര്‍ ജിംനേഷ്യങ്ങളെ ആശ്രയിച്ചിരുന്നത്‌. ഇന്നത്‌ മാറിയിരിക്കുന്നു. ശരീരത്തിന്റെ ഫിറ്റ്‌നെസ്‌ ആണ്‌ ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ പോകുന്നവരില്‍ ഭൂരിപക്ഷത്തിന്റെയും മുഖ്യ പരിഗണന. കോഴിക്കോട്‌ മാവൂര്‍ റോഡിലുള്ള നവീന്‍ ട്രാവല്‍സിന്റെ പാര്‍ട്‌ണറായ മധുമോഹന്‍ പ്രഭു ഇതേ ഉദ്ദേശ്യത്തോടെ ഹെല്‍ത്ത്‌ക്ലബ്ബിനെ ആശ്രയിക്കുന്ന വ്യക്തിയാണ്‌. നടക്കാവ്‌ വണ്ടിപ്പേട്ടയിലുള്ള 'പ്രൈം ബോഡി' ഹെല്‍ത്ത്‌ക്ലബ്ബില്‍ അദ്ദേഹം എല്ലാ വൈകുന്നേരങ്ങളിലും ഒരു മണിക്കൂര്‍ വീതം ചെലവിടുന്നു. `വ്യായാമത്തിന്‌ ചെലവഴിക്കുന്ന സമയത്തിന്റെ പൂര്‍ണ പ്രയോജനം ലഭിക്കാന്‍ ഹെല്‍ത്ത്‌ക്ലബ്ബാണ്‌ നല്ലത്‌'-മധുമോഹന്‍ പ്രഭു പറയുന്നു. നടത്തം പോലുള്ള മറ്റ്‌ വ്യായാമ പദ്ധതികള്‍ക്ക്‌ പകരം അദ്ദേഹം ഹെല്‍ത്ത്‌ക്ലബ്ബ്‌ തിരഞ്ഞെടുത്തതിന്റെ കാരണം ഇതാണ്‌.

മഴയാണെങ്കില്‍ നടത്തം മുടങ്ങും. ഹെല്‍ത്ത്‌ക്ലബ്ബിലാകുമ്പോള്‍ ആ പ്രശ്‌നമില്ല. ഹെല്‍ത്ത്‌ക്ലബ്ബിലെ അന്തരീക്ഷം മറ്റൊരിടത്തും ലഭിക്കില്ലെന്ന്‌ കരുതുന്നവരും കുറവല്ല. 'വ്യായാമത്തിന്‌ ഒരു സ്ഥിരം സ്വഭാവം ലഭിക്കാന്‍ ഹെല്‍ത്ത്‌ക്ലബ്ബാണ്‌ നല്ലത്‌' എന്ന അഭിപ്രായക്കാരനാണ്‌ തൃശ്ശൂര്‍ കാനാട്ടുകരയിലെ ബിസിനസ്സുകാരനായ ബജു എ. എസ്‌. ദിവസവും രണ്ടു മണിക്കൂര്‍ വീതം ബിജു ഹെല്‍ത്ത്‌ക്ലബ്ബില്‍ ചെലവിടുന്നു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ രംഗത്തുള്ള വ്യക്തിയാണ്‌ തൃശ്ശൂര്‍ അക്വാട്ടിക്‌ കോംപ്ലക്‌സിലെ 'ലൈഫ്‌ സ്റ്റൈല്‍ ഫിറ്റ്‌നെസ്‌' എന്ന ഹെല്‍ത്ത്‌ക്ലബ്ബ്‌ നടത്തുന്ന റെയില്‍വെ ഉദ്യോഗസ്ഥനായ വി. എം. ബഷീര്‍. ബോഡി ബില്‍ഡിങിനും അതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന്‍. 1999-ല്‍ 'മിസ്റ്റര്‍ സൗത്ത്‌ഏഷ്യ'യായി തിരഞ്ഞെടുക്കപ്പെട്ട ബഷീറിന്റെ കാഴ്‌ചപ്പാടില്‍, `ശരീരപേശികളുടെ സമ്പൂര്‍ണ വികാസങ്ങള്‍ സാധ്യമാക്കുന്ന ഒന്നാണ്‌ ഹെല്‍ത്ത്‌ക്ലബ്ബിലെ പരിശീലനം. ഹെല്‍ത്ത്‌ക്ലബ്ബില്‍ ഒരു നിശ്ചിത സയമത്ത്‌ നിശ്ചിത പ്രോഗ്രാം ചെയ്‌തു തീര്‍ക്കണം'-മറ്റ്‌ വ്യായാമപദ്ധതികളില്‍ നിന്ന്‌ ഹെല്‍ത്ത്‌ക്ലബ്ബുകളെ വ്യത്യസ്‌തമാക്കുന്നത്‌ ഇതാണെന്ന്‌ ബഷീര്‍ അഭിപ്രായപ്പെടുന്നു.

ജിംനേഷ്യത്തില്‍ പോകുന്ന സ്‌ത്രീകളെ കേരളത്തില്‍ സങ്കല്‍പ്പിക്കാനാകുമോ ? എന്നാല്‍ പേര്‌ 'ഹെല്‍ത്ത്‌ക്ലബ്ബ്‌' എന്നായതോടെ സ്‌ത്രീകളുടെ മടി മാറിത്തുടങ്ങിയിരിക്കുന്നു. മലയാളി വനിതകളുടെ ഈ മനംമാറ്റം നേരിട്ടറിഞ്ഞ വ്യക്തിയാണ്‌, തിരുവനന്തപുരം വെള്ളയമ്പലത്തിനടുത്ത്‌ 'ബോഡി ആര്‍ട്ട്‌' എന്ന പേരില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഹെല്‍ത്ത്‌ക്ലബ്ബ്‌ നടത്തുന്ന ബിന്ദുനായര്‍. ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തിയ ബിന്ദുനായര്‍, നാലുവര്‍ഷം മുമ്പ്‌ ആ സ്ഥാപനം തുടങ്ങുമ്പോള്‍ സ്‌ത്രീകളാരും അങ്ങോട്ട്‌ വരാന്‍ കൂട്ടാക്കിയില്ല. `ആറുമാസം അതായിരുന്നു സ്ഥിതി. പരസ്യം വഴി ഞങ്ങള്‍ക്ക്‌ ആളെ ആകര്‍ഷിക്കേണ്ടി വന്നു'-ബിന്ദുനായര്‍ പറയുന്നു. ഇപ്പോള്‍ 250 സ്‌ത്രീകള്‍ 'ബോഡി ആര്‍ട്ടി'ലെത്തുന്നു. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വരുന്ന വീട്ടമ്മമാരാണ്‌ അതില്‍ ഭൂരിപക്ഷവും. ശരാശരി 50 സ്‌ത്രീകളെങ്കിലുമെത്താത്ത ഹെല്‍ത്ത്‌ക്ലബ്ബുകള്‍ കൊച്ചിയിലും തൃശ്ശൂരും കോഴിക്കോട്ടുമൊക്കെ കുറവാണ്‌. മിക്ക ഹെല്‍ത്ത്‌ക്ലബ്ബുകളിലും സ്‌ത്രീകള്‍ക്ക്‌ പരിശീലനത്തിന്‌ പ്രത്യേക സമയവും വനിതാ പരിശീലകരുമുണ്ട്‌.

''കാശുള്ളവര്‍ മിനിഹെല്‍ത്ത്‌ക്ലബ്ബുകള്‍ വീടുകളില്‍ തന്നെ സ്ഥാപിക്കുന്നതാണ്‌ ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണത''യെന്ന്‌ വി. എം. ബഷീര്‍ പറയുന്നു. ഹെല്‍ത്ത്‌ക്ലബ്ബുകളെ പുച്ഛത്തോടെ കണ്ടിരുന്ന പലരും ഇപ്പോള്‍ ട്രെഡ്‌മില്ലും മറ്റും സ്വന്തമായി വാങ്ങിവെച്ച്‌ പരിശീലിക്കുന്നു. അതേസയമം, പൊങ്ങച്ചത്തിന്റെ ഭാഗമായി ഹെല്‍ത്ത്‌ക്ലബ്ബില്‍ പോകുന്നവരും കുറവല്ല.

കുറഞ്ഞത്‌ എട്ടുലക്ഷം രൂപ മുടക്കിയാല്‍ ഇപ്പോഴൊരു ഹെല്‍ത്ത്‌ക്ലബ്ബ്‌ തുടങ്ങാനാകും. പ്രതിമാസം 400 രൂപാവരെ ഫീസ്‌ ഈടാക്കുന്ന ഹെല്‍ത്ത്‌ക്ലബ്ബുകളുണ്ട്‌. 200 പേര്‍ സ്ഥിരമായെത്തുന്ന ഇത്തരമൊരു ക്ലബ്ബില്‍ പ്രതിമാസം 80,000 രൂപ വരുമാനമുണ്ടാകും. ഈ രംഗത്ത്‌ പ്രതിബദ്ധതയുള്ളവരാണ്‌ മുമ്പോക്കെ ജിംനേഷ്യങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തിരുന്നതെങ്കില്‍, ഇന്ന്‌ കച്ചവടക്കണ്ണോടെ പലരും ഹെല്‍ത്ത്‌ക്ലബ്ബുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നതിന്‌ പിന്നില്‍ ഈ ലാഭക്കണക്കാണുള്ളത്‌. ഏതായാലും, മേലനങ്ങാതെ നമ്മള്‍ സമ്പാദിക്കുന്ന ദുര്‍മേദസ്സ്‌ മറ്റ്‌ പലര്‍ക്കുമിപ്പോള്‍ ഒരു നല്ല കച്ചവടസാധ്യതയായി മാറിയിരിക്കുന്നു.

-മാതൃഭൂമി, ജൂലായ്‌ 2, 2003

അടുത്ത ലക്കം: പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍

Sunday, November 9, 2008

കലോറിയെ ആര്‍ക്കാണ്‌ പേടി

കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും 'ചെറുപ്പക്കാരനായ' നേതാവാരാണ്‌ ? സംശയിക്കേണ്ട, പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ തന്നെ. മതികെട്ടാനും പൂയംകുട്ടിയും കയറി 78-ാം വയസ്സില്‍ അദ്ദേഹമത്‌ തെളിയിച്ചതുമാണ്‌. ഈ ചെറുപ്പത്തിന്റെ രഹസ്യമെന്താണെന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന മറുപടി ഇതാണ്‌: `രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതം നടത്തം. രാവിലത്തെ നടത്തം കഴിഞ്ഞാല്‍ മൂന്നുനാല്‌ യോഗാസനങ്ങള്‍. അത്‌ അരമണിക്കൂര്‍. ഇത്രേയുള്ളൂ'. ഒപ്പം ചിട്ടയായ, മിതമായ ഭക്ഷണക്രമം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

മഴയൊഴിഞ്ഞ സമയമാണെങ്കില്‍ പുലര്‍ച്ചെ അഞ്ചിന്‌ മുമ്പുണര്‍ന്ന്‌ കന്റോണ്‍മെന്റ്‌ ഹൗസിന്റെ വളപ്പില്‍ വി. എസ്‌. നടന്നുതുടങ്ങുന്ന സമയത്ത്‌ അരകിലോമീറ്റര്‍ അകലെ മ്യൂസിയത്തിലും കനകക്കുന്നിലും മറ്റൊരു രംഗം അരങ്ങേറുകയായിരിക്കും. കാറുകളിലും ടൂവീലറുകളിലുമായി ആളുകള്‍ വന്നിറങ്ങുന്നു. വാഹനങ്ങള്‍ റോഡരികില്‍ വെച്ച്‌ രണ്ടു സ്ഥലങ്ങളിലുമായി അവര്‍ നടത്തം തുടരുന്നു. കൂടുതല്‍ പേരും മ്യൂസിയത്തിനകത്തെ ചുറ്റുറോഡാണ്‌ തിരഞ്ഞെടുക്കുക. പരിചയമുള്ളവര്‍ പരസ്‌പരം അഭിവാദ്യം ചെയ്‌ത്‌ നടപ്പ്‌ തുടരുന്നു. 800 മീറ്റര്‍ നീളമുള്ള ആ ചുറ്റുറോഡ്‌ ചലിക്കുന്ന ഒരു മനുഷ്യവലയമായി വളരെ വേഗം രൂപപ്പെടുന്നു. പുലര്‍ച്ചെ അഞ്ചരയോടെ മ്യൂസിയംറോഡ്‌ അതിന്റെ ഏറ്റവും വലിയ തിരക്കിലാവുകയാണ്‌. നൂറുകണക്കിനാളുകള്‍......അതില്‍ വീട്ടമ്മമാരുണ്ട്‌, റിട്ടയര്‍ ചെയ്‌ത കേണല്‍മാരുണ്ട്‌, ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, തെന്നല ബാലകൃഷ്‌ണപിള്ളയെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍, യുവതികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തട്ടുകടക്കാര്‍ ഒക്കെയുണ്ട്‌.....തലസ്ഥാന നഗരിയുടെ ശരിയായ ഒരു പരിച്ഛേദം !

അരമണിക്കൂര്‍ കൊണ്ട്‌ നാല്‌ തവണ മ്യൂസിയം വലംവെക്കുന്നവര്‍ അപ്പോഴേക്കും 3.2 കിലോമീറ്റര്‍ നടന്നിട്ടുണ്ടാകും. ഒരു മിനിറ്റ്‌ നടക്കാന്‍ ഏഴ്‌ കലോറി ഊര്‍ജം എന്ന കണക്കില്‍ 210 കലോറി ശരീരത്തില്‍നിന്ന്‌ എരിഞ്ഞു തീര്‍ന്നിട്ടുണ്ടാകും. ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനാവശ്യമായ പ്രാണവായു ശരീരകോശങ്ങളില്‍ എത്തിയിട്ടുണ്ടാകും. അനാവശ്യ ചിന്തകളകറ്റി തങ്ങള്‍ വ്യാപരിക്കുന്ന മേഖലകളില്‍ കൂടുതല്‍ ഏകാഗ്രത കാട്ടാനുള്ള ഊര്‍ജം മനസ്സിനും ശരീരത്തിനും ലഭിച്ചിട്ടുണ്ടാകും.

മ്യൂസിയം റോഡ്‌ മനുഷ്യവലയമായി രൂപപ്പെടുന്ന അതേ സമയത്ത്‌ തന്നെ കേരളത്തിലെ മറ്റ്‌ പ്രധാന നഗരങ്ങളിലെയും പട്ടണങ്ങളിലെയും ശുദ്ധവായു ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും നടക്കുന്നവര്‍ കയ്യേറിയിട്ടുണ്ടാകും. തിരുവനന്തപുരത്തു തന്നെ ചാക്ക-തിരുവല്ലം ബൈപാസ്‌ റോഡും മെഡിക്കല്‍കോളേജ്‌ ഗ്രൗണ്ടും വഞ്ചിയൂര്‍ കോടതി പരിസരവും ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ടുമൊക്കെ രാവിലെ നടക്കാനിറങ്ങുന്നവരുടെ ആശ്രയകേന്ദ്രങ്ങളാണ്‌. വ്യായാമത്തിനൊപ്പം ദൈവാനുഗ്രഹം കൂടി പ്രതീക്ഷിക്കുന്നവര്‍ പത്മനാഭസ്വാമി ക്ഷേത്രത്തെ വലംവെക്കുന്നു.

കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‌ ചുറ്റുമായാണ്‌ മുഖ്യമായും ടകലോറി മരിച്ചു വീഴുന്നത്‌'. മറൈന്‍ ഡ്രൈവും പനമ്പള്ളി നഗറും ഫോര്‍ട്ട്‌ കൊച്ചിയും പിന്നിലല്ല. കോഴിക്കോട്ടാണെങ്കില്‍ ബീച്ച്‌ റോഡും വെസ്‌റ്റ്‌ഹില്‍ റോഡും എരഞ്ഞിപ്പാലം ബൈപ്പാസുമൊക്കെ രാവിലെ നടത്തത്തിന്റെ വേദിയാകുന്നു. തൃശ്ശൂരില്‍ സര്‍വമതസ്ഥരും വലംവെക്കുന്നത്‌ വടക്കുംനാഥനെയാണ്‌.

പക്ഷേ, തിരുവനന്തപുരം നഗരം തന്നെയാണ്‌ നടത്തക്കാരുടെയും തലസ്ഥാനം. രാവിലെ നടത്തം ശീലമാക്കിയവരുടെ അരഡസണ്‍ സംഘടനകള്‍ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ വ്യാപ്‌തി മനസിലാകുമല്ലോ. 'വാക്കേഴ്‌സ്‌ ക്ലബ്ബുകള്‍', 'ഹെല്‍ത്ത്‌ ക്ലബ്ബുകള്‍' എന്നൊക്കെയാണ്‌ ഇവയുടെ പേരുകള്‍. 15 വര്‍ഷം മുമ്പ്‌ രജിസ്റ്റര്‍ ചെയ്‌ത 'ട്രിവാന്‍ഡ്രം ഹെല്‍ത്ത്‌ ക്ലബ്ബി'ല്‍ സംസ്ഥാന വെറ്ററന്‍സ്‌ മീറ്റില്‍ ചാമ്പ്യനായിട്ടുള്ള 75 കാരന്‍ ഗോപിനാഥന്‍ നായര്‍ മുതല്‍ തെരുവ്‌ കച്ചവടക്കാര്‍ വരെ അംഗങ്ങളാണ്‌. `25 അംഗങ്ങളുള്ള ക്ലബ്ബിലാര്‍ക്കും അസുഖമൊന്നും വരാറില്ല. ഗോപിനാഥന്‍ നായര്‍ കടുത്ത പ്രമേഹമുള്ള ആളാണ്‌. അത്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ ക്ലബ്ബിലെ വ്യായാമം കൊണ്ട്‌ കഴിയുന്നു'-സംഘടനയുടെ മുന്‍സെക്രട്ടറിയായ സൂര്യ ഗോപാലകൃഷ്‌ണപിള്ള പറയുന്നു. വൈദ്യുതിബോര്‍ഡില്‍ നിന്ന്‌ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനിയറായി വിരമിച്ചയാളാണ്‌ അദ്ദേഹം.

കൊച്ചിയില്‍ നൂറിലേറെ അംഗങ്ങളുള്ള ഒരു 'വാക്കേഴ്‌സ്‌ ടീം' ഉണ്ട്‌. മൂന്ന്‌ വര്‍ഷം മുമ്പ്‌ തുടങ്ങിയ ഈ സംഘടന ഫോര്‍ട്ട്‌ കൊച്ചി കേന്ദ്രമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ശ്രീലേഖ ഐ.പി.എസ്‌. മുതല്‍ ഡോക്ടര്‍മാരും സാധാരണക്കാരും വരെ ഇതില്‍ അംഗങ്ങളാണ്‌. ദിവസവും നടക്കുന്നതിനൊപ്പം, എല്ലാ ഞായറാഴ്‌ചയും വാക്കേഴ്‌സ്‌ ടീം അംഗങ്ങള്‍ കൂവപ്പാടം മുതല്‍ ഫോര്‍ട്ട്‌ കൊച്ചി ബീച്ച്‌ വരെ കൂട്ടനടത്തം സംഘടിപ്പിക്കുന്നു. `മഴയാണെങ്കിലും വെയിലാണെങ്കിലും ഇതുവരെ ഒരു ഞായറാഴ്‌ചയും കൂട്ടനടത്തം ഒഴിവാക്കിയിട്ടില്ലെ'ന്ന്‌ വാക്കേഴ്‌സ്‌ ടീമിന്റെ പ്രസിഡന്റായ മജീദ്‌ മക്കാര്‍ അറിയിക്കുന്നു.

നടക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത്‌ വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ നടക്കാനെത്തുന്നവരില്‍ ഏറപ്പേരും ചെറുപ്പക്കാരാണ്‌. എന്നാല്‍, മറ്റ്‌ സ്ഥലങ്ങളില്‍ ചെറുപ്പക്കാര്‍ അത്ര കാര്യമായി നടക്കാന്‍ തുടങ്ങിയിട്ടില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടക്കാനെത്തുന്നയാളാണ്‌, മുമ്പ്‌ സൈന്യത്തിലായിരുന്ന ഡോ. എം. ആര്‍. ബാലചന്ദ്രന്‍നായര്‍. `ഇവിടെ രാവിലെയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. പക്ഷേ, അവരില്‍ മിക്കവരും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ്‌'-കൊച്ചി മെഡിക്കല്‍ സെന്ററില്‍ ഇപ്പോള്‍ റേഡിയോളജിസ്‌റ്റായി പ്രവര്‍ത്തിക്കുന്ന ഡോ. ബാലചന്ദ്രന്‍നായര്‍ പറയുന്നു.

മരുന്നും പണവും കൊണ്ടുമാത്രം ആരോഗ്യം സംരക്ഷിക്കാനാവില്ലെന്ന പുതിയൊരു അവബോധമാണ്‌ നടത്തം പതിവാക്കുന്നവരുടെ സംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന്‌, കോഴിക്കോട്‌ ഈസ്‌റ്റ്‌ഹില്ലിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന റിട്ടയേര്‍ഡ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ പി. ഗോപിനാഥ്‌ വിലയിരുത്തുന്നു.

നടത്തം മാത്രമല്ല, മറ്റ്‌ വ്യായാമങ്ങളിലേര്‍പ്പെടുന്നവരുടെ സംഖ്യയും നമുക്കിടയില്‍ ഏറിവരികയാണ്‌. തിരുവനന്തപുരത്ത്‌ വെള്ളയമ്പലത്തെ വാട്ടര്‍ വര്‍ക്കേഴ്‌സ്‌ കോമ്പൗണ്ടിലുള്ള സ്വിമ്മിങ്‌പൂളിലിപ്പോള്‍ ദിവസവും 500-ഓളം പേരാണ്‌ നീന്താനെത്തുന്നത്‌. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സമയമുണ്ട്‌. `മുമ്പ്‌ അവധിക്കാലത്ത്‌ മാത്രമേ ഇത്രയും തിരക്ക്‌ അനുഭവപ്പെട്ടിരുന്നുള്ളൂ' എന്ന്‌ നീന്തല്‍ കോച്ചായ സുബി ജി. പറയുന്നു. സംസ്ഥാനത്ത്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള എല്ലാ നീന്തല്‍ക്കുളങ്ങളിലും ഇതുതന്നെയാണ്‌ സ്ഥിതി.
-മാതൃഭൂമി, ജൂലായ്‌ 1, 2003

അടുത്ത ലക്കം: നടക്കാതെ നടക്കാം, ഓടാതെ ഓടാം

Wednesday, November 5, 2008

അമേരിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ എന്തെളുപ്പം

മധുരയ്‌ക്കടുത്ത്‌ വിഥുനഗര്‍ സ്വദേശിയായ വി. ബാലന്‍ തമിഴ്‌നാട്‌ മെര്‍ക്കന്റൈന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്‌. രണ്ടര വര്‍ഷം മുമ്പ്‌ ബാലന്‌ ബാങ്കിന്റെ കോഴിക്കോട്‌ ശാഖയിലേക്ക്‌ മാറ്റം കിട്ടി. ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ഒരു വാടക ഫ്‌ളാറ്റില്‍ ബാലനും ഭാര്യ ഗിരിജയും താമസമാക്കി. തന്റെ സന്തതസഹചാരിയായ സൈക്കിളും ആ 28-കാരന്‍ കൂടെ കൊണ്ടുപോന്നിരുന്നു. ബാങ്കില്‍ പോക്കും വരവും സൈക്കിളില്‍ തന്നെ. വൈകിട്ട്‌ അമ്പലത്തില്‍ പോകാനും മാറ്റും ഭാര്യയെ സൈക്കിളിന്റെ പിന്നിലിരുത്തിയായി സവാരി. ചെറുപ്പക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥന്‍ സൈക്കിളില്‍ സ്ഥിരമായി സഞ്ചരിക്കുന്ന 'അസാധാരണമായ' കാഴ്‌ച കോളനി നിവാസികള്‍ കണ്ടു.

കാറ്‌, ബൈക്ക്‌ അതല്ലെങ്കില്‍ ഓട്ടോറിക്ഷ-ഇതില്‍ കുറഞ്ഞ ഒന്നും വിഭാവനം ചെയ്യാനാകാത്ത പലര്‍ക്കും ബാലന്റെയും ഭാര്യയുടെയും സൈക്കിള്‍ സവാരി അവിശ്വസനീയമായിരുന്നു. രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും കൊളസ്‌ട്രോളിനുമൊക്കെ ചികിത്സ തേടി ആസ്‌പത്രികള്‍ കയറിയിറങ്ങുന്നവരായിരുന്നു ബാലന്റെ യാത്രയെ അത്ഭുതത്തോടെ വീക്ഷിച്ചിരുന്നവരില്‍ പലരും. പക്ഷേ. തങ്ങളിങ്ങനെ ആസ്‌പത്രി കയറിയിറങ്ങുന്നതില്‍ അവര്‍ക്കാര്‍ക്കും തെല്ലും അത്ഭുതം തോന്നിയില്ല !

മേലനങ്ങാന്‍ മടിയുള്ളവരായി നമ്മള്‍ എത്ര വേഗമാണ്‌ മാറിയത്‌. ബാലന്‌ കഴിയുന്നതുപോലെ സൈക്കിളില്‍ ഓഫീസില്‍ പോകാന്‍ നമുക്ക്‌ തോന്നാത്തതെന്തുകൊണ്ട്‌ ? സൈക്കിളെന്തുകൊണ്ട്‌ മലയാളിയുടെ മുഖ്യ വാഹനമായില്ല ? ടൂ വീലറോ കാറോ ഇല്ലാത്ത ചെറുവരുമാനക്കാര്‍ പോലും കേരളത്തില്‍ ഇല്ല എന്ന സ്ഥിതിയാണിപ്പോള്‍. നടത്തത്തെ നമ്മള്‍ നിത്യജീവിതത്തില്‍ നിന്ന്‌ നാടുകടത്തിയിരിക്കുന്നു.

മലയാളിയുടെ പുത്തന്‍ ജീവിതശൈലിയുടെ ഭാഗമാണ്‌ ഈ വാഹനപ്രേമം. സംസ്ഥാനത്ത്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിനിടയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുറഞ്ഞത്‌ ഇരുപത്‌ മടങ്ങ്‌ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ഒരു വാഹനത്തിന്‌ ശരാശരി രണ്ടാള്‍ എന്ന്‌ കണക്കാക്കിയാല്‍, അത്യാവശ്യം നടത്തം പോലും ഉപേക്ഷിച്ച മലയാളികളുടെ എണ്ണം ഈ കാലയളവില്‍ 40 മടങ്ങ്‌ വര്‍ധിച്ചു എന്നര്‍ഥം. മേലനങ്ങാതിരിക്കാന്‍ മറ്റ്‌ ചില സംഗതികളും രംഗത്തെത്തി. ടി.വി.യാണതില്‍ പ്രധാനം. ടെലിവിഷന്‌ മുന്നിലിരുന്ന്‌ നമ്മള്‍ സര്‍വതും മറക്കുന്നു. മറ്റൊന്നിനും സമയമില്ലാതായി. ആവശ്യത്തിന്‌ ഭക്ഷണം പാകം ചെയ്യാന്‍ പോലും ! അങ്ങനെ ഫാസ്റ്റ്‌ഫുഡിലേക്കും ബേക്കറി സാധനങ്ങളിലേക്കും നാം നമ്മുടെ രുചിയെ മാറ്റി സ്ഥാപിച്ചു. മറ്റൊന്നിനും സമയമില്ലാതായതോടെ ടെന്‍ഷന്‍ വര്‍ധിച്ചു. മാനസികസമ്മര്‍ദം പുത്തന്‍ ജീവിതരീതിയുടെ മുഖമുദ്രയായി മാറി.

ഇതെല്ലാം ചേര്‍ന്ന്‌ നമുക്ക്‌ സമ്മാനിക്കുന്നതെന്തെന്ന്‌ നോക്കുക. ദുര്‍മേദസ്‌, പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, അള്‍സര്‍, സന്ധിവാതം, മസ്‌തിഷ്‌കാഘാതം.........പട്ടിക നീളുകയാണ്‌. ജീവിതശൈലീരോഗങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്‌. `നമുക്കിടയില്‍ വേരുറപ്പിച്ചു കഴിഞ്ഞ ഉപഭോഗസംസ്‌ക്കാരത്തിന്റെ ഭാഗമാണ്‌ പുത്തന്‍ ജീവിതശൈലി. അതിന്റെ അനന്തരഫലം ഈ രോഗങ്ങളും'-തിരുവനന്തപുരത്ത്‌ 'അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസി'ലെ ശാസ്‌ത്രജ്ഞനായ ഡോ. വി. മോഹന്‍നായര്‍ അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി നടക്കുന്ന ഒരു പഠനം നടുക്കമുളവാക്കുന്ന ചില വിവരങ്ങളാണ്‌ പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. മരണകാരണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഏതൊക്കെയാണെന്ന്‌ പരിശോധിക്കുകയാണ്‌, 'ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്‌) എന്ന സംഘടന നടത്തിയ പഠനത്തില്‍ ചെയ്‌തത്‌. ആകെ മരിച്ചവരില്‍ 48 ശതമാനം പേരും ഹൃദയാഘാതം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ കൊറോണറി പ്രശ്‌നങ്ങള്‍ (ധമനികളുടെ ജരിതാവസ്ഥ) മൂലമാണ്‌ മരിച്ചതെന്ന്‌ പഠനത്തില്‍ കണ്ടെത്തി. ശരീരത്തിനാവശ്യമായ വ്യായാമം ലഭിക്കാതിരിക്കുകയും കൊഴുപ്പും എണ്ണയും ധാരാളമടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്‌ 48 ശതമാനം പേരുടെ മരണത്തിനിടയാക്കിയതെന്ന്‌ സാരം ! `ഇക്കാര്യത്തില്‍ നമ്മള്‍ അമേരിക്കയ്‌ക്കൊപ്പമെത്തിയിരിക്കുന്നു'-ഹാപ്പിന്റെ മുഖ്യസാരഥി ഡോ. സി. ആര്‍. സോമന്‍ പറയുന്നു.

പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ജീവിതശൈലീരോഗങ്ങളും പടര്‍ന്നുപിടിക്കുന്ന നാടായി മാറിയിരിക്കുന്നു കേരളം. `രോഗങ്ങളുടെ കാര്യത്തില്‍, ഒരു ദരിദ്രരാജ്യത്തിന്റെ സ്വഭാവത്തില്‍നിന്ന്‌ വികസിത രാജ്യത്തിന്റെ സ്ഥിതിയിലേക്കുള്ള പരിവര്‍ത്തനമാണ്‌ കേരളത്തിലിപ്പോള്‍ നടന്നു വരുന്നത്‌'-ഡോ. മോഹന്‍നായര്‍ വിലയിരുത്തുന്നു. വികസിത രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കാണാറില്ല. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളാണ്‌ അവര്‍ക്ക്‌ തലവേദനയാകുന്നത്‌. കേരളത്തിലിപ്പോള്‍ ഇവ രണ്ടുമുണ്ട്‌. അതുകൊണ്ടാണ്‌ കേരളം ഒരു പരിവര്‍ത്തന കാലഘട്ടത്തിലാണെന്ന്‌ പറയാന്‍ കാരണം.

ജീവിതശൈലീരോഗങ്ങള്‍ വന്‍സാമ്പത്തിക ബാധ്യതയാണ്‌ ഏതു സമൂഹത്തിനും സമ്മാനിക്കുക. 2000-ത്തിലെ കണക്ക്‌ പ്രകാരം, അമേരിക്കക്കാരുടെ പൊണ്ണത്തടി ആ രാജ്യത്തിന്‌ വരുത്തിയ സാമ്പത്തിക ബാധ്യത 11500 കോടി ഡോളറാണ്‌ (ഏതാണ്ട്‌ 5.7 ലക്ഷം കോടി രൂപ). ഹൃദയശസ്‌ത്രക്രിയകളുടെയും ബൈപാസ്‌ ശസ്‌ത്രക്രിയകളുടെയും ചെലവ്‌ സ്വന്തം നാട്ടില്‍ താങ്ങാനാവാതെ, സായ്‌വിപ്പോള്‍ സിങ്കപ്പൂരിലെയും ഹോങ്കോങിലെയും ആസ്‌പത്രികള്‍ തേടിയെത്തുന്ന സ്ഥിതിയാണ്‌. സായിപ്പിന്റെ അവസ്ഥ ഇതാണെങ്കില്‍ വര്‍ധിച്ചു വരുന്ന ഇത്തരം രോഗങ്ങള്‍ മലയാളിക്ക്‌ താങ്ങാനാകുമോ ? ഒരു ബൈപാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നമ്മള്‍ ഒന്നേകാല്‍ ലക്ഷം രൂപാവരെ ചെലവിടണം. വ്യക്തിയോ സമൂഹമോ ഇത്‌ വഹിച്ചേ ഒക്കൂ. ജീവിതശൈലീരോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നു എന്ന്‌ പറഞ്ഞാല്‍, കേരളം ഒരു വന്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങിത്തുടങ്ങുന്നു എന്നാണര്‍ഥം.

പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന ഏത്‌ സമൂഹവും അതിനോട്‌ ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കാതെ വയ്യ. രോഗം വന്നാല്‍ ചികിത്സിച്ചേ തീരൂ എന്ന നിലയില്‍ വാര്‍ത്തെടുത്തതാണ്‌ ശരാശരി മലയാളിയുടെ ആരോഗ്യ അവബോധം. കേരളത്തിലെ ഉയര്‍ന്ന രോഗാതുരതയുടെ മുഖ്യകാരണം ഈ അവബോധമാണ്‌. രോഗം വരാതെ നോക്കാന്‍ എന്തുചെയ്യണം എന്നൊരു ചിന്താഗതിയിലേക്ക്‌ മലാളി മാറേണ്ട സമയമായിരിക്കുന്നു. വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍ അത്തരമൊരു അനിവാര്യതയിലേക്കാണ്‌ നമ്മെ കൊണ്ടെത്തിക്കുന്നത്‌.
-മാതൃഭൂമി, ജൂണ്‍ 30, 2003

അടുത്തലക്കം: കലോറിയെ ആര്‍ക്കാണ്‌ പേടി

Monday, November 3, 2008

നടന്നു തുടങ്ങുന്ന കേരളം

മേലനങ്ങാതെ ജീവിക്കുക. ശരാശരി മലയാളിയുടെ ഈ ജീവിതരീതി അവനെ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയുമൊക്കെ രൂപത്തില്‍ വേട്ടയാടാനാരംഭിച്ചിരിക്കുന്നു. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ കേരളത്തില്‍ പകര്‍ച്ചവ്യാധിപോലെ പടരുകയാണ്‌. സമ്പന്ന രാഷ്ട്രങ്ങള്‍ക്കു പോലും താങ്ങാനാവാത്ത ജീവിതശൈലീ രോഗങ്ങള്‍ നമ്മെ ഒരു വന്‍ പ്രതിസന്ധിയിലേക്കാണ്‌ നയിക്കുക. ഇതിനെതിരെ മലയാളികള്‍ എങ്ങനെയാണ്‌ പ്രതികരിച്ചു തുടങ്ങിയിട്ടുള്ളത്‌ ? ഒരന്വേഷണം...(2003 ജൂണ്‍ 29 മുതല്‍ ജൂലായ്‌ നാല്‌ വരെ 'മാതൃഭൂമി' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരമ്പര).

പേര്‌ എ.കെ.ആന്റണി. വയസ്സ്‌ 62. ജോലി സംസ്ഥാന ഭരണം. തിരുവനന്തപുരത്ത്‌ ഉള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക്‌ കൃത്യമായി ഉണരും. ക്ലിഫ്‌ഹൗസിന്റെ കോംപൗണ്ടിലൂടെ നടത്തം തുടങ്ങും. നാല്‌പതു മിനിറ്റ്‌ നേരത്തെ നടത്തം. അത്‌ കഴിഞ്ഞാല്‍ അര മണിക്കൂര്‍ യോഗ. 'യാത്രയിലാണെങ്കില്‍ നടത്തം ഒഴിവാക്കും. യോഗ മുടക്കില്ല'-അദ്ദേഹം പറയുന്നു. കഴുത്തിന്‌ സ്‌പോണ്ടിലോസിസിന്റെ പ്രശ്‌നം തുടങ്ങിയപ്പോഴാണ്‌ യോഗ ആരംഭിച്ചത്‌. സ്‌പോണ്ടിലോസിസിന്‌ മാത്രമല്ല, മനസ്സിന്റെ ക്ഷേമാവസ്ഥയ്‌ക്കും യോഗ നന്നെന്ന്‌ കണ്ടപ്പോള്‍, അത്‌ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.

ഇനി മറ്റൊരാളെ പരിചയപ്പെടാം. രവിപ്രസാദ്‌. വയസ്സ്‌ 53. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ താമസം. പതിനെട്ട്‌ വര്‍ഷം ഗള്‍ഫിലായിരുന്നു. തിരികെ നാട്ടിലെത്തി ബിസിനസ്സും എസ്റ്റേറ്റ്‌ കാര്യങ്ങളുമായി കഴിയുന്നു. രാവിലെ 4.45ന്‌ ഉണരും. 5.25ന്‌ കൂര്‍ക്കഞ്ചേരി തായങ്കോട്ട്‌ ഹൗസില്‍ നിന്ന്‌ ഭാര്യയുമൊത്ത്‌ നടക്കാനിറങ്ങും. തൃശ്ശൂര്‍-തൃപ്രയാര്‍ റോഡിലൂടെ പുതിയ ബൈപ്പാസ്‌ വരെ പോയശേഷം തിരിച്ച്‌ കൂര്‍ക്കഞ്ചേരി അമ്പലത്തിലെത്തി, വീട്ടിലേക്ക്‌ മടങ്ങും. വീട്ടിലെത്തുമ്പോള്‍ സമയം 6.05. ആകെ 40 മിനിറ്റ്‌. പിന്നെ പത്രവായന, കുളി. ഏഴുമണിക്ക്‌ തൃശ്ശൂര്‍ അക്വാട്ടിക്ക്‌ കോംപ്ലക്‌സില്‍ താന്‍ കൂടി പാര്‍ട്‌ണറായ 'ലൈഫ്‌സ്റ്റൈല്‍ ഫിറ്റ്‌നെസ്‌' എന്ന ഹെല്‍ത്ത്‌ ക്ലബ്ബിലെത്തുന്നു. രണ്ട്‌ മണിക്കൂര്‍ നേരം അവിടെ പരിശീലനം. അതു കഴിഞ്ഞാല്‍ ബിസിനസ്സിന്റെ തിരക്ക്‌ ആരംഭിക്കുകയായി.

മേല്‍പ്പറഞ്ഞ രണ്ട്‌ വ്യക്തികളും തികച്ചും വ്യത്യസ്‌ത കര്‍മമണ്ഡലങ്ങളിലാണ്‌ വിഹരിക്കുന്നതെങ്കിലും ഇരുവരുടെയും പ്രഭാതങ്ങള്‍ക്ക്‌ ചില സമാനതകളുണ്ട്‌. അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും രണ്ടാളും നടത്തുന്ന വ്യായാമ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഒന്നുതന്നെ. ആ ലക്ഷ്യത്തെ വൈദ്യശാസ്‌ത്രപരമായി വേണമെങ്കില്‍ ഇങ്ങനെ വിവരിക്കാം: ശരീരഭാരം അമിതമായി വര്‍ധിക്കരുത്‌, രക്തസമ്മര്‍ദം നോര്‍മലായി (120/80 പരിധിയില്‍) നില്‍ക്കണം, രക്തത്തിലെ ഷുഗറിന്റെ തോത്‌ (ആഹാരത്തിന്‌ മുമ്പ്‌ 110, ആഹാരത്തിന്‌ ശേഷം 140 എന്ന പരിധിയില്‍) കൂടരുത്‌, കൊളസ്‌ട്രോളിനെ 200 മില്ലിഗ്രാം നിരക്കില്‍ കടിഞ്ഞാണിട്ട്‌ നിര്‍ത്തണം. ഒന്നുകൂടി വ്യക്തമാക്കിയാല്‍, മാസിക സമ്മര്‍ദം ഒഴിവാക്കാനും തിരക്കുകളെ സമചിത്തതയോടെ നേരിടാനും ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നത്‌ തടയാനും വേണ്ടിയുള്ള പ്രവര്‍ത്തനമാണ്‌ ഇരുവരും പ്രഭാതങ്ങളില്‍ നടത്തുന്നത്‌.

കെ. കരുണാകരന്റെ നേതൃത്വത്തില്‍ 'ഐ' ഗ്രൂപ്പ്‌ നടത്തുന്ന പ്രകോപനങ്ങളെ അങ്ങേയറ്റം നിസ്സംഗതയോടെ നേരിടാന്‍ എ.കെ.ആന്റണിക്ക്‌ കഴിയുന്നതിന്‌ പിന്നില്‍ ഹൈക്കാമാണ്ടിന്റെ കറയറ്റ പിന്തുണ മാത്രമാണോ ഉള്ളത്‌ ? രാവിലത്തെ നടത്തവും യോഗയും കൂടി ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‌ സഹായകമാകുന്നുവെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ തനിക്ക്‌ 'മുമ്പത്തക്കാളും ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടെ'ന്നാണ്‌ തന്റെ വ്യായാമ പദ്ധതിയുടെ ഗുണത്തെപ്പറ്റി മുഖ്യമന്ത്രി പറയുന്നത്‌. അല്‍പ്പം പ്രഷറുണ്ട്‌. സ്‌പോണ്ടിലോസിസിന്റെ അനുബന്ധമായി കിട്ടിയതാണ്‌. എന്നാല്‍ രവിപ്രസാദിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു പ്രശ്‌നവുമില്ല. നടത്തവും ഹെല്‍ത്ത്‌ ക്ലബ്ബിലെ പരിശീലനവുമാണ്‌ അതിന്‌ മുഖ്യകാരണമായി രവിപ്രസാദ്‌ ചൂണ്ടിക്കാട്ടുന്നത്‌.

ഇവര്‍ രണ്ടുപേരുടെയും പ്രഭാത ജീവിതചര്യ, കേരളത്തില്‍ വളരെ വേഗം വേരുപിടിച്ചു തുടങ്ങിയിരിക്കുന്ന ഒരു പുത്തന്‍ പ്രവണതയിലേക്കുള്ള ചൂണ്ടുപലകയാണ്‌. വ്യായാമത്തിന്റെ അഭാവം കൊണ്ടും ജീവിതശൈലിയില്‍ വന്ന മാറ്റം കൊണ്ടും ഉണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളും മരുന്നുകൊണ്ട്‌ മാത്രം ഒഴിവാക്കാനാവില്ല എന്നൊരു അവബോധം മലയാളികള്‍ക്കിടയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു.

സംസ്ഥാനത്തുടനീളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പൊന്തിവന്നിട്ടുള്ള നൂറുകണക്കിന്‌ ഹെല്‍ത്ത്‌ ക്ലബ്ബുകളും യോഗ പരിശീലന കേന്ദ്രങ്ങളും ഇതിന്‌ തെളിവാണ്‌. പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള നീന്തല്‍ക്കുളങ്ങളിലെല്ലാം ഇപ്പോള്‍ മുമ്പെങ്ങുമില്ലാത്തത്ര തിരക്കാണ്‌. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്നവരുടെ സംഖ്യ ഏറെ വര്‍ധിച്ചിരിക്കുന്നു. ഇത്രകാലവും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ കൂട്ടമായി ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ തേടിയെത്തുന്നു. നീന്താന്‍ അവര്‍ക്ക്‌ മടിയില്ലാതായിരിക്കുന്നു. യോഗയുടെ ഗുണങ്ങളും നുകരുന്നു......മെല്ലെയാണെങ്കിലും, ഒരര്‍ഥത്തില്‍ കേരളം നടന്നു തുടങ്ങിയിരിക്കുന്നു എന്ന്‌ സാരം !
-മാതൃഭൂമി, ജൂണ്‍ 29, 2003, വര: മദനന്‍

അടുത്ത ലക്കം: അമേരിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ എന്തെളുപ്പം

Sunday, October 19, 2008

ആരോഗ്യസഞ്ചാരം

മെഡിക്കല്‍ടൂറിസമെന്ന പുത്തന്‍ മേഖല മുന്നോട്ടുവെയ്‌ക്കുന്ന സാധ്യതകളുടെ അപാരത മെല്ലയാണെങ്കിലും കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ലോകോത്തര നിലവാരമുള്ള ഒരുപിടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്‌പത്രികള്‍.
മേരിക്കയില്‍ ഫ്‌ളോറിഡയിലെ സിറ്റിവാട്ടര്‍ സ്വദേശിയായ ബാര്‍ബറ സ്‌പെന്‍സറുടെ കാല്‍മുട്ടുകള്‍ക്കൊരു പ്രത്യേകതയുണ്ട്‌. അവയില്‍ ഒരെണ്ണം അമേരിക്കയില്‍ നിന്നും രണ്ടാമത്തേത്‌ ഇന്ത്യയില്‍ നിന്നും ഉള്ളതാണ്‌. രണ്ടും കൃത്രിമമുട്ടുകള്‍. അമേരിക്കന്‍മുട്ടിന്റെ ചെലവ്‌ 20 ലക്ഷം രൂപ. ഇന്ത്യയില്‍ നിന്നുള്ളതിന്‌ രണ്ടു ലക്ഷവും. രണ്ടാമത്തെ മുട്ടുമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ 64-കാരിയായ ബാര്‍ബറ, 12000 കിലോമീറ്ററിലേറെ യാത്രചെയ്‌ത്‌ കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്‌പത്രിയിലെത്തി. ലേക്‌ഷോറിലെ ഡോ. ലാസര്‍ ചാണ്ടി മാറ്റിവെച്ച മുട്ടിന്‌ ഒരു പ്രശ്‌നവുമില്ലെന്നും, തനിക്കിപ്പോള്‍ വേദന തിന്നാതെ നടക്കാന്‍ കഴിയുന്നുണ്ടെന്നും ആസ്‌പത്രി ജീവനക്കാര്‍ക്ക്‌ അയച്ച ആശംസാസന്ദേശത്തില്‍ ബാര്‍ബറ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

ബാര്‍ബറയുടെ കാല്‍മുട്ടുകള്‍ക്കു തമ്മില്‍ 12000 കിലോമീറ്റര്‍ ദൂരത്തിന്റെയും 18 ലക്ഷം രൂപയുടെയും വ്യത്യാസമുണ്ടായത്‌ യാദൃശ്ചികമായല്ല. സന്ധിവാതം മൂത്ത്‌ സ്വന്തം നാട്ടില്‍ വെച്ച്‌ ആദ്യകാല്‍മുട്ട്‌ മാറ്റിവെച്ചപ്പോള്‍ ആസ്‌പത്രി ചെലവ്‌ 20 ലക്ഷമായി. ഇന്‍ഷുറന്‍സ്‌ അതോടെ തീര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത മുട്ടും പ്രശ്‌നമായി. മാറ്റിവെയ്‌ക്കാതെ നിവൃത്തിയില്ല എന്നു വന്നു. ഇന്‍ഷുറന്‍സ്‌ ബാക്കിയില്ലാത്തതിനാല്‍, ഭാരിച്ച തുക ബാര്‍ബറ സ്വന്തമായി മുടക്കണം എന്നായി. അതിനു പോന്നത്ര ധനികയല്ല അവര്‍. ഒടുവില്‍ ഇന്റര്‍നെറ്റ്‌ തുണയായി. ലേക്‌ഷോര്‍ ആസ്‌പത്രിയെപ്പറ്റി അറിയുന്നത്‌ വെബ്‌സൈറ്റ്‌ വഴിയാണ്‌. ബാര്‍ബറയുടെ യാത്രയും കൊച്ചിയിലെ ചികിത്സയും'ഗ്ലോബ്‌ ഹെല്‍ത്ത്‌ ടൂര്‍സ്‌' എന്ന ഏജന്‍സി ഏര്‍പ്പാടു ചെയ്‌തു. ആങ്ങനെ,ബാര്‍ബറയ്‌ക്ക്‌ രണ്ട്‌ രാജ്യത്തു നിന്നുള്ള കാല്‍മുട്ടുകളുണ്ടായി. അവരും ഒരു മെഡിക്കല്‍ ടൂറിസ്റ്റായി.

ചികിത്സാരംഗത്ത്‌ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയും, ആ പ്രതിസന്ധി കേരളം പോലുള്ള നാടുകള്‍ക്ക്‌ തുറന്നുതരുന്ന അവസരം സംബന്ധിച്ച സൂചനയും ബാര്‍ബറയുടെ അനുഭവത്തില്‍ അടങ്ങിയിരിക്കുന്നു. അമേരിക്കയില്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ളവരെ അപേക്ഷിച്ച്‌ ഇരട്ടിയിലധികമാണ്‌ അതില്ലാത്തവര്‍ക്കുള്ള ചെലവ്‌ (ഇന്‍ഷുറന്‍സ്‌ ഉള്ളവര്‍ക്കു പോലും ചെലവ്‌ താങ്ങാനാകുന്നില്ല എന്ന്‌ ബാര്‍ബറയുടെ അനുഭവം വ്യക്തമാക്കുന്നു). ഇന്‍ഷുറന്‍സ്‌ ഇല്ലാത്ത 500 ലക്ഷം പേര്‍ അമേരിക്കയിലുണ്ടെന്നു മനസിലാക്കുമ്പോഴേ, അവിടുത്തെ ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്‌തി വ്യക്തമാകൂ. കാനഡയിലും ബ്രിട്ടനിലും രോഗികള്‍ നേരിടുന്ന പ്രശ്‌നം ഒടുങ്ങാത്ത കാത്തിരിപ്പാണ്‌. ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസ്‌(എന്‍.എച്ച്‌.എസ്‌) എന്ന പേരുതന്നെ കാത്തിരിപ്പിന്റെ പര്യായമായി മാറിയിരിക്കുന്നു. മുട്ടുമാറ്റിവെയ്‌ക്കലിനും ബൈപാസിനുമൊക്കെ അഞ്ചും ആറും വര്‍ഷം നീളുന്ന കാത്തിരിപ്പ്‌ ! പല്ലിന്‌ കേടുവന്നാല്‍ അത്‌ ദ്രവിച്ചു തീര്‍ന്നാലും ദന്റിസ്റ്റിനെ കാണാന്‍ കഴിയാത്ത അവസ്ഥ. അവിടുത്തെ സ്വകാര്യ ചികിത്സാരംഗത്തിന്റെ കാര്യമാണെങ്കിലോ, ഒരുവിധപ്പെട്ടവര്‍ക്കൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ചെലവേറിയതും.

ഇത്തരം ദുസ്ഥിതിയില്‍പെട്ട രോഗികള്‍ക്ക്‌, ലോകനിലവാരത്തിലുള്ള ചികിത്സ, അമേരിക്കയിലേതിന്റെ പത്തിലൊന്ന്‌ ചെലവില്‍ ലഭിക്കുമെന്നു വന്നാലോ. ആറുവര്‍ഷം കാത്തിരിക്കേണ്ട ശസ്‌ത്രക്രിയകള്‍ രണ്ടുമാസം കൊണ്ട്‌ സാധിക്കുമെന്ന്‌ വന്നാലോ. അതും, 'നാഷണല്‍ ജ്യോഗ്രഫിക്‌ മാഗസിന്‍' ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ്‌ സങ്കേതങ്ങളിലൊന്നായി അംഗീകരിച്ച സ്ഥലത്തുനിന്ന ്‌! കേരളത്തിന്‌ മുന്നില്‍ തുറക്കുന്ന അവസരം എത്ര വിശാലമാണെന്ന്‌ നോക്കുക. മെഡിക്കല്‍ടൂറിസമെന്ന പുത്തന്‍ മേഖല മുന്നോട്ടുവെയ്‌ക്കുന്ന സാധ്യതകളുടെ അപാരത മെല്ലയാണെങ്കിലും കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ലോകോത്തര നിലവാരമുള്ള ഒരുപിടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്‌പത്രികള്‍. തിരുവനന്തപുരത്തെ കിംസും, കൊച്ചിയിലെ ലേക്‌ഷോറും, അമൃതയും, തൃപ്പൂണിത്തുറയിലെ ഡോ.രാജ്‌കൃഷ്‌ണന്‍സ്‌ ഡെന്റല്‍ ക്ലിനിക്കും, കോഴിക്കോട്ടെ മിംസുമെല്ലാം പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ട്‌. പല വിദേശഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ ആസ്‌പത്രികളുമായി ധാരണാപത്രമുണ്ടാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രീസ്‌ (സി.ഐ.ഐ) മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ സാഹചര്യമൊരുക്കാന്‍ മുന്‍കൈയെടുക്കുന്നു; ഒപ്പം സംസ്ഥാന ടൂറിസം വകുപ്പുമുണ്ട്‌.
വിദഗ്‌ധചികിത്സയും ശസ്‌ത്രക്രിയയും തേടി മറ്റു സ്ഥലങ്ങളിലേക്ക്‌ യാത്രചെയ്യുന്നതിനെയാണ്‌ മെഡിക്കല്‍ടൂറിസമെന്ന പദംകൊണ്ട്‌ പൊതുവെ അര്‍ത്ഥമാക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ കേരളത്തില്‍ പുതുമയല്ല. ആയുര്‍വേദരംഗത്ത്‌ എത്രയോ കാലമായി കേരത്തിന്റെ പെരുമ ലോകമറിയുന്നു. ആയുര്‍വേദ ടൂറിസത്തിന്റെ കാര്യത്തില്‍ ലോകത്തെ ഒന്നാമത്തെ സങ്കേതം കേരളമാണ്‌. മിക്കവാറും എല്ലാ രാജ്യത്തുനിന്നും ആയുര്‍വേദത്തിന്റെ അനുഗ്രഹം തേടി ഇവിടെ രോഗികളെത്തുന്നു. കാലത്തിന്റെ ചുവരെഴുത്തു വായിച്ച്‌ സ്വയം നവീകരിക്കപ്പെടാന്‍ ആയുര്‍വേദരംഗം ശ്രമിച്ചിട്ടുമുണ്ട്‌. അതിന്റെ തെളിവാണ്‌ ഐ.എസ്‌.ഒ. നിലവാരം കാത്തു സൂക്ഷിക്കുന്ന ഒരുപിടി ആയുര്‍വേദ ചികിത്സാലയങ്ങള്‍. കൊട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയും, തൃശൂര്‍ ഒല്ലൂരിലെ വൈദ്യരത്‌നം നഴ്‌സിങ്‌ ഹോമും, എസ്‌.എന്‍.എ. ഔഷധശാലയും, പാലക്കാട്‌ ജില്ലയില്‍ മേഴത്തൂരിലെ വൈദ്യമഠം വൈദ്യശാല ആന്‍ഡ്‌ നഴ്‌സിങ്‌ ഹോമും, കുട്ടികള്‍ക്കുള്ള ആയുര്‍വേദചികിത്സയ്‌ക്ക്‌ പേരുകേട്ട മേഴത്തൂരിലെ സി.എന്‍.എസ്‌. ആയുര്‍വേദ ചികിത്സാലയം ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററും, കൂത്താട്ടുകുളത്തെ ആയുര്‍വേദ നേത്രചികിത്സാലയമായ 'ശ്രീധരീയ'വുമൊക്കെ ഇതില്‍ ചിലതു മാത്രം.

`ആയുര്‍വേദത്തില്‍ കേരളം നേടിയ വിശ്വാസ്യതയും പ്രശസ്‌തിയും ആധുനികചികിത്സയുടെ കാര്യത്തില്‍കൂടി സാധ്യമാക്കുക, അതാണ്‌ ഇപ്പോഴത്തെ ലക്ഷ്യം`-സംസ്ഥാന ടൂറിസം ഡയറക്ടര്‍ ബി.സുമന്‍ പറയുന്നു. മലേഷ്യയും തായ്‌ലന്‍ഡും ഇന്ത്യയുമാണ്‌ ഏഷ്യന്‍ മേഖലയില്‍ മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്‌. തായ്‌ലന്‍ഡില്‍ പ്രതിവര്‍ഷം ആറുലക്ഷം വിദേശികള്‍ ചികിത്സ തേടിയെത്തുന്നു. തായ്‌തലസ്ഥാനമായ ബാങ്കോക്കിലെ 'ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററി'ലെത്തിയാല്‍, 26 ഭാഷകളില്‍ നിങ്ങള്‍ക്കവിടെ സേവനം ലഭ്യമാണ്‌. ഇന്ത്യയില്‍ 2004-ല്‍ ഒന്നരലക്ഷം പേര്‍ വിദേശത്തുനിന്ന്‌ ചികിത്സ തേടിയെത്തിയെന്നാണ്‌ കണക്ക്‌. ഇന്ത്യയില്‍ മെഡിക്കല്‍ടൂറിസത്തിന്റെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക്‌ 15-30 ശതമാനമാണ്‌. പത്തുലക്ഷം ഡോക്ടര്‍മാരും 16000 ആസ്‌പത്രികളും 6000 ഫാര്‍മസ്യൂട്ടികലുകളും ഇന്ത്യയിലുണ്ട്‌. ഈ വിപുലമായ ശേഷി പ്രയോജനപ്പെടുത്തി, 2010 ആകുമ്പോഴേക്കും പതിനായിരം കോടിരൂപ വരുമാനമുള്ള ഒന്നായി ഇന്ത്യയിലെ മെഡിക്കല്‍ടൂറിസം വ്യവസായം മാറുമെന്നാണ്‌ പ്രതീക്ഷ.

കേരളത്തിന്റെ ലക്ഷ്യം

2010 ആകുമ്പോഴേക്കും രാജ്യത്തെ മെഡിക്കല്‍ടൂറിസത്തില്‍ 20 ശതമാനം സ്വന്തമാക്കുക -ഇതാണ്‌ കേരളത്തിന്റെ ലക്ഷ്യം. എന്നുവെച്ചാല്‍, അപ്പോഴേക്കും കേരളത്തിന്‌ മെഡിക്കല്‍ ടൂറിസത്തില്‍ നിന്ന്‌ 2000 കോടിരൂപ വരുമാനമുണ്ടാക്കാന്‍ കഴിയണം. `നിലവില്‍ വര്‍ഷംതോറും 15000 മെഡിക്കല്‍ടൂറിസ്‌റ്റുകള്‍ കേരളത്തിലെത്തുന്നു. വരുന്ന നാലുവര്‍ഷംകൊണ്ട്‌ അത്‌ പ്രതിവര്‍ഷം ഒരുലക്ഷമാക്കാനാണ്‌ ശ്രമം'-സി.ഐ.ഐ.കേരളസംസ്ഥാന ഓഫീസ്‌മേധാവി പി. രാധാകൃഷ്‌ണന്‍ അറിയിക്കുന്നു. ഈ ശ്രമത്തിന്റെ ഭാഗമായാണ്‌ 2006 മാര്‍ച്ചില്‍ കൊച്ചിയില്‍ 'കേരള ഹെല്‍ത്ത്‌ ടൂറിസം 2006'(കെ.എച്ച്‌.ടി 2006) എന്ന പേരില്‍ എക്‌സിബിഷനും അന്താരാഷ്ട്രസമ്മേളനവും നടത്തിയത്‌. സി.ഐ.ഐ.യുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രമുഖ ആസ്‌പത്രികളെയും, വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികളെയും, ടൂര്‍ ഏജന്‍സികളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അതിന്റെ സംഘാടനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ്‌ ഇത്തരമൊരു പരിപാടി നടന്നത്‌. എല്ലാ വര്‍ഷവും കെ.എച്ച്‌. ടി. തുടരാനാണ്‌ തീരുമാനം.

`സായ്‌വ്‌ വന്നാലേ മെഡിക്കല്‍ടൂറിസം ആകൂ എന്നില്ല'-തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി(കിംസ്‌)ന്റെ വൈസ്‌ ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍ അഭിപ്രായപ്പെടുന്നു. പ്രവാസി ഇന്ത്യക്കാരോ, അറബികളോ, മാള്‍ഡിവസ്‌, ബംഗ്ലാദേശ്‌ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരോ ചികിത്സയ്‌ക്കെത്തിയാലും അത്‌ മെഡിക്കല്‍ ടൂറിസം തന്നെയാണ്‌-അദ്ദേഹം പറയുന്നു. 'കിംസ്‌ ' മുഖ്യമായി ലക്ഷ്യമിടുന്നതും ഇത്തരം മെഡിക്കല്‍ടൂറിസ്റ്റുകളെയാണ്‌. 2006-ല്‍ ജൂലായ്‌ 31 വരെയുള്ള ഏഴുമാസത്തിനിടെ 'കിംസി'ല്‍ 3248 പേര്‍ വിദേശത്തു നിന്ന്‌ ചികിത്സയ്‌ക്കെത്തി. അതില്‍ 2994 പേര്‍ മാല്‍ഡിവസില്‍ നിന്നുള്ളവരാണ്‌. കൊച്ചിയിലെ ആസ്‌പത്രികളിലും വിദേശരോഗികളില്‍ നല്ലൊരു ശതമാനം മാല്‍ഡിവസ്‌ സ്വദേശികളാണ്‌.
മെഡിക്കല്‍ടൂറിസമെന്ന പദം പലരുടെയും പദാവലിയിലേക്ക്‌ കടന്നുവരും മുമ്പുതന്നെ, കേരളത്തില്‍ അത്‌ നടത്തി വിജയിപ്പിച്ച വ്യക്തിയാണ്‌ എറണാകുളത്ത്‌ തൃപ്പൂണിത്തുറയില്‍ ദന്തല്‍ ക്ലിനിക്‌ നടത്തുന്ന ഡോ.രാജ്‌കൃഷ്‌ണന്‍ സി. യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ടൂറിസത്തെ ഡോ.രാജ്‌കൃഷ്‌ണന്‍ കണ്ടെത്തിയതല്ല; ഡോ.രാജ്‌കൃഷ്‌ണനെ മെഡിക്കല്‍ ടൂറിസമാണ്‌ കണ്ടെത്തിയത്‌. 1998-മാര്‍ച്ചില്‍ മാതാ അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ ലോറന്‍സ്‌ സെഗോറിയെന്ന അമേരിക്കക്കാരന്‍ അതിന്‌ നിമിത്തമായി. സെഗോറിയെ കേരളത്തില്‍ വെച്ച്‌ പല്ലുവേദന പിടികൂടിയതില്‍ നിന്നാണ്‌ തുടക്കം. ഇന്ത്യക്കാരനായ ഡോക്ടറെ പല്ലുകാണിക്കുകയെന്നത്‌ അമേരിക്കന്‍ സായ്‌വിന്‌ സങ്കല്‍പ്പിക്കാനാവില്ലല്ലോ. അതുകൊണ്ട്‌ വേദന കുറെ സഹിച്ചു. ഒടുവില്‍ വേദന ജയിച്ചു, സായ്‌വ്‌ തോറ്റു. അങ്ങനെയാണ്‌ സെഗോറി 'ഡോ.രാജ്‌കൃഷ്‌ണന്‍സ്‌ ദന്തല്‍ ക്ലിനിക്കി'ലെത്തുന്നത്‌. ചികിത്സിച്ചു. വേദന മാറി. ചികിത്സാറിപ്പോര്‍ട്ട്‌ കൊടുത്തയച്ചു. അമേരിക്കയിലെത്തിയ സെഗോറി, അവിടുത്തെ ഡോക്ടറെ റിപ്പോര്‍ട്ടുകളും പല്ലും കാണിച്ചപ്പോള്‍ മികച്ച ചികിത്സയാണ്‌ കേരളത്തില്‍ നിന്ന്‌ കിട്ടിയതെന്ന്‌ തിരിച്ചറിഞ്ഞു. കേരളത്തിലെ ചികിത്സാചെലവ്‌ കണക്കുകൂട്ടി നോക്കിയപ്പോള്‍ മറ്റൊരു സംഗതികൂടി സെഗോറിയുടെ ശ്രദ്ധയില്‍ പെട്ടു. വിമാനക്കൂലി നല്‍കി കേരളത്തില്‍ വന്നു ചികിത്സിച്ചാലും, അത്‌ അമേരിക്കയിലേതിനെക്കാള്‍ ലാഭമാണ്‌ !

ആസ്‌പത്രികള്‍ സന്ദര്‍ശിച്ച്‌ ആളുകളെ രസിപ്പിക്കുകയെന്നത്‌ തൊഴിലാക്കിയ സെഗോറി, `ആ ഡിസംബറില്‍ കേരളത്തില്‍ തിരികെ വന്നു. അദ്ദേഹത്തോടൊപ്പം ദന്തചികിത്സയ്‌ക്കുള്ള നാല്‌ രോഗികളുമുണ്ടായിരുന്നു'-ഡോ.രാജ്‌കൃഷ്‌ണന്‍ ഓര്‍മിക്കുന്നു. സെഗോറിയാണ്‌ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യത ഡോ.രാജ്‌കൃഷ്‌ണന്‌ ആദ്യം ബോധ്യപ്പെടുത്തിക്കൊടുത്തത്‌. അങ്ങനെയാണ്‌ തുടക്കം. ചികിത്സ കഴിഞ്ഞു പോയവര്‍, വിമാനത്തിലും മറ്റും വെച്ച്‌ പരിചയപ്പെടുമ്പോള്‍, പരസ്‌പരം പറഞ്ഞ്‌ ഡോ.രാജ്‌കൃഷ്‌ണന്റെ സ്ഥാപനത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങി. 1999-ല്‍ ക്ലിനിക്കിന്റെ വെബ്‌സൈറ്റ്‌ ആരംഭിച്ചു. അതോടെ, അതു നോക്കി ആളെത്താന്‍ തുടങ്ങി. 2002 മുതല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന്‌ സ്ഥിരമായി രോഗികളുടെ വരവ്‌ വര്‍ധിച്ചു. കൂടുതല്‍ വിദേശികള്‍ വന്നു തുടങ്ങിയതോടെ ക്ലിനിക്ക്‌ നവീകരിക്കേണ്ടി വന്നു. പുതിയ കെട്ടിടമായി. ഏറ്റവും മുന്തിയ ഉപകരണങ്ങള്‍ സജ്ജമാക്കി. ശുചിത്വവും കാര്യക്ഷമതയും ആപ്‌തവാക്യങ്ങളായി. ലോകോത്തര നിലവാരത്തിലുള്ള ദന്തല്‍ ക്ലിനിക്കായി ആ സ്ഥാപനം മാറിയത്‌ അങ്ങനെയാണ്‌.

`ശുചിത്വത്തിന്റെ കാര്യത്തില്‍ പാശ്ചാത്യ ക്ലിനിക്കുകള്‍ക്കു തുല്ല്യം; പെരുമാറ്റം കൂടുതല്‍ മികച്ചത്‌'-ഡോ. രാജ്‌കൃഷ്‌ണന്‍സ്‌ ക്ലിനിക്കിനെപ്പറ്റി ചോദിച്ചപ്പോള്‍ ബ്രിട്ടീഷ്‌ സ്വദേശി ജാന്‍ കാര്‍ട്ടര്‍ നല്‍കിയ മറുപടി ഇതാണ്‌. കൊച്ചി കണ്ടയ്‌നര്‍ ടെര്‍മിനലിന്റെ മേധാവി ഫ്രാങ്ക്‌ കാര്‍ട്ടറുടെ ഭാര്യയായ ജാന്‍, കഴിഞ്ഞ ഒന്‍പതു മാസമായി കേരളത്തിലുണ്ട്‌. മൂന്നുമാസം മുമ്പാണ്‌ ഡോ.രാജ്‌കൃഷ്‌ണന്റെ ക്ലിനിക്കില്‍ ആദ്യം ചികിത്സയ്‌ക്കെത്തിയത്‌. സാധാരണഗതിയില്‍ പല്ല്‌ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക്‌ ആസ്‌പത്രിയില്‍ കിടക്കേണ്ടി വരാറില്ല. ഒരു സിറ്റിങ്‌ കഴിഞ്ഞാല്‍ രണ്ടു ദിവസം കഴിഞ്ഞാകും അടുത്തത്‌. ആ ഇടവേളയില്‍ തേക്കടിയിലോ കുമരകത്തോ കഴിയാം. ടൂറിസവും ചികിത്സയും ഒരുമിച്ചു പോകും. യഥാര്‍ത്ഥ മെഡിക്കല്‍ടൂറിസം കേരളത്തില്‍ നടപ്പാക്കുന്നത്‌ ഡോ.രാജ്‌കൃഷ്‌ണനാണെന്ന്‌ ടൂറിസം ഡയറക്ടര്‍ ബി. സുമന്‍ പറയുന്നത്‌ വെറുതെയല്ല. ഇപ്പോള്‍, കൊച്ചിയിലെ ചില പഴയ തറവാടുകളിലെ മുറികള്‍ ഡോ.രാജ്‌കൃഷ്‌ണന്‍ തന്റെ രോഗികള്‍ക്കായി സജ്ജമാക്കുന്നു. നക്ഷത്ര ഹോട്ടലില്‍ കഴിയാന്‍ ഇഷ്ടപ്പെടാത്ത രോഗികള്‍ക്കായി, അല്ലെങ്കില്‍ അതിനു ശേഷിയില്ലാത്തവര്‍ക്കായി.
`കേരളം ടൂറിസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ ഒരു സൂപ്പര്‍ബ്രാന്‍ഡാണ്‌. അത്‌ പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി, മെഡിക്കല്‍ടൂറിസവും ഇവിടെ ശക്തിപ്പെടാന്‍'-കൊച്ചിയില്‍ ലേക്‌ഷോര്‍ ആസ്‌പത്രിയുടെ മാനേജിങ്‌ ഡയറക്ടറും, 'കേരള ഹെല്‍ത്ത്‌ ടൂറിസം 2006'-ന്റെ ചെയര്‍മാനുമായ ഡോ. ഫിലിപ്പ്‌ അഗസ്‌തിന്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയെടുത്താലും ഏറ്റവും കുറഞ്ഞ ചികിത്സാച്ചെലവ്‌ കേരളത്തിലാണ്‌. മാത്രമല്ല, ആഗോളവത്‌ക്കരണത്തിന്റെ ആനുകൂല്യങ്ങളും മെഡിക്കല്‍ ടൂറിസത്തിന്‌ അനുകൂലമാണ്‌. വിമാനയാത്രക്കൂലിയിലുണ്ടായ കുറവ്‌, ഏതു രാജ്യക്കാര്‍ക്കും എവിടെ വേണമെങ്കിലും എത്തി ചികിത്സ നടത്താമെന്ന സ്ഥിതി സംജാതമാക്കി. `മുമ്പോക്കെ, പല മരുന്നുകളും വിദേശത്തു നിന്ന്‌ വരുത്തണമായിരുന്നു. ഇന്ന്‌ ബ്രിട്ടനിലോ അമേരിക്കയിലോ വിപണിയിലിറങ്ങുന്ന അന്നു തന്നെ ഇന്ത്യയിലും ആ മരുന്നു കിട്ടും എന്ന സ്ഥിതിയായി'-കിംസിലെ ഡോ.വിജയരാഘവന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ മൂന്നു സംഗതികള്‍ ആവശ്യമാണെന്ന്‌ ഡോ. ഫിലിപ്പ്‌ അഗസ്‌തിന്‍ കരുതുന്നു. നിലവാരം ഉണ്ടെന്ന്‌ ഉറപ്പു വരുത്തുകയാണ്‌ അതില്‍ ഒന്നാമത്തേത്‌. വിശ്വാസ്യത രണ്ടാമത്തെ ഘടകം. മൂന്നാമത്‌, വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി ധാരണാപത്രം ഉണ്ടാക്കുക എന്നത്‌. ഇതില്‍ വിശ്വാസ്യതയ്‌ക്ക്‌ ടൂറിസം വകുപ്പുമായുള്ള സഹകരണം സഹായിക്കും. നിലവാരം ഉറപ്പുവരുത്താനാണ്‌, ആസ്‌പത്രികള്‍ക്ക്‌ അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്‌-അദ്ദേഹം പറയുന്നു.

അമേരിക്കക്ക്‌ പുറത്തുള്ള ആസ്‌പത്രികള്‍ക്ക്‌ നിലവാരം ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തണമെങ്കില്‍ 'ജോയന്റ്‌ കൗണ്‍സില്‍ ഇന്റര്‍നാഷണല്‍'(ജെ.സി.ഐ) സര്‍ട്ടിഫിക്കറ്റ്‌ നേടണം. അമേരിക്കന്‍ മാനദണ്ഡങ്ങളാണ്‌ അതിന്‌ പാലിക്കേണ്ടത്‌. അതത്ര എളുപ്പമല്ല. വളരെയേറെ സാമ്പത്തികബാധ്യത വരുത്തുന്ന ദുഷ്‌ക്കരമായ ഏര്‍പ്പാടാണ്‌. അതിനു പകരം ഇന്ത്യയിലെ ആസ്‌പത്രികള്‍ക്ക്‌ നിലവാരമുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ പുതിയതായി ഏര്‍പ്പെടുത്തുന്നതാണ്‌ അക്രഡിറ്റേഷന്‍ സംവിധാനം. അതു നല്‍കുക കേന്ദ്രആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‌ കീഴിലുള്ള 'ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ'യാണ്‌; 'നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്‌ ഫോര്‍ ഹോസ്‌പിറ്റല്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍'(എന്‍.എ.ബി.എച്ച്‌) മുഖേന. കേരളത്തില്‍ നിന്ന്‌ ഒരുപിടി ആസ്‌പത്രികള്‍ അക്രഡിറ്റേഷനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവയില്‍, എന്‍.എ.ബി.എച്ച്‌. ആദ്യം പരിഗണിക്കുന്നത്‌ കോഴിക്കേട്ടെ മലബാര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി (മിംസി) ന്റെ അപേക്ഷയാണ്‌. തങ്ങളുടെ സ്ഥാപനം അക്രഡിറ്റേഷന്‌ പോയത്‌ മെഡിക്കല്‍ ടൂറിസം മുന്നില്‍ കണ്ടല്ലെന്ന്‌ മിംസ്‌ അക്കാദമി ഡയറക്ടര്‍ ഡോ.കാര്‍ത്തികേയ വര്‍മ പറയുന്നു. `നിലവാരമുണ്ടെങ്കില്‍, നിങ്ങളെ തേടി ആളുകള്‍ വന്നു കൊള്ളും; വിദേശത്തുനിന്നു പോലും'-ഡോ.വര്‍മ പറയുന്നു.
ആയുര്‍വേദരംഗത്തും ഉണര്‍വ്‌

മെഡിക്കല്‍ടൂറിസവുമായി ബന്ധപ്പെട്ട്‌ ആധുനിക ചികിത്സാരംഗത്ത്‌ കേരളം ഒരു കുതിപ്പിന്‌ തയ്യാറെടുക്കുമ്പോള്‍ തന്നെ, ആയുര്‍വേദരംഗവും ശ്രദ്ധേയമായ ചില വഴിത്തിരിവുകളിലൂടെ കടന്നു പോവുകയാണ്‌. കേരളത്തിലെ പ്രമുഖ ആയുര്‍വേദ ചികിത്സാലയങ്ങളെല്ലാം, വിദേശത്തു നിന്നെത്തുന്നവര്‍ക്കു കൂടി മതിപ്പു തോന്നാവുന്ന വിധത്തില്‍ ആധുനിക മാനേജ്‌മെന്റ്‌ രീതികളിലേക്ക്‌ ചുവടുമാറ്റിക്കഴിഞ്ഞു. കഷായത്തിന്റെയും കുഴമ്പിന്റെയും മണം പരക്കുന്ന പരിചിത ഇടനാഴികള്‍ നിറഞ്ഞവയല്ല ഇന്ന്‌ പല ആയുര്‍വേദ ചികിത്സാലയങ്ങളും. ഇന്റര്‍നെറ്റു വഴി ബന്ധപ്പെടാവുന്ന, ക്രെഡിറ്റ്‌ കാര്‍ഡില്‍ കാശടയ്‌ക്കാവുന്ന ലോകോത്തര സ്ഥാപനങ്ങളാണ്‌ അവ. `വിദേശത്തുള്ള രോഗികള്‍ക്ക്‌ മുന്‍കൂട്ടി അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇവിടെ അയച്ചുതരാനും ചികിത്സ സംബന്ധിച്ച്‌ (എത്ര ദിവസം, ഏത്‌ ചികിത്സ എന്നിങ്ങനെ) സാമാന്യ ധാരണയുണ്ടാക്കാനും ഇ-മെയിലാണ്‌ സഹായമാകുന്നത്‌. അതനുസരിച്ച്‌ ലീവെടുത്ത്‌ വരാന്‍ കഴിയും. അഞ്ചുവര്‍ഷം മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി'-ഒല്ലൂരില്‍ വൈദ്യരത്‌നം നഴ്‌സിങ്‌ ഹോമിലെ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. രാമന്‍കുട്ടി അറിയിക്കുന്നു. ആയുര്‍വേദ ചികിത്സ തേടി വിദേശത്തു നിന്ന്‌ എത്തുന്നവരുടെ കാഴ്‌ചപ്പാടിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്യമായ മാറ്റം കണ്ടുതുടങ്ങിയിട്ടുള്ളതായി, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ചീഫ്‌ ഫിസിഷ്യന്‍ ഡോ.കെ.മുരളീധരന്‍ പറയുന്നു. `മുമ്പൊക്കെ സുഖചികിത്സ ലാക്കാക്കിയാണ്‌ മിക്കവരും സമീപിച്ചിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ ശരിക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ്‌ ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിപക്ഷവും'-അദ്ദേഹം പറയുന്നു. ഫലപ്രദമായ ഒരു ചികിത്സാരീതിയെന്ന നിലയ്‌ക്ക്‌ ആയുര്‍വേദം നേടിയ വിശ്വാസ്യതയ്‌ക്ക്‌ തെളിവാണിതെന്ന്‌ ഡോ. മുരളീധരന്‍ വിശ്വസിക്കുന്നു.
ആയുര്‍വേദ ഔഷധങ്ങളുടെ ഉത്‌പാദനം ആധുനികവത്‌ക്കരിച്ചതിന്റെ ചുക്കാന്‍ പിടിച്ചത്‌ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയാണ്‌. മറ്റ്‌ പല ഔഷധശാലകളും ആ രീതി പിന്തുടര്‍ന്നു. പുതിയ രീതിയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ, ലോകത്തെവിടെയും മരുന്നുകള്‍ എത്തിച്ചു കൊടുക്കാന്‍ അത്ര ബുദ്ധിമുട്ടില്ല എന്ന സ്ഥിതി വന്നു. ചികിത്സ കഴിഞ്ഞു പോയാല്‍ തുടര്‍ന്ന്‌ കഴിക്കാനുള്ള മരുന്ന്‌ ഇവിടെ വന്നുതന്നെ വാങ്ങണം എന്ന സ്ഥിതിക്ക്‌ മാറ്റമുണ്ടായി. ഐ.എസ്‌.ഒ. അംഗീകാരമുള്ള പീഡിയാട്രിക്‌ ആയുര്‍വേദ ആസ്‌പത്രിയാണ്‌ മേഴത്തൂരിലെ സി.എന്‍.എസ്‌. ചികിത്സാലയം. ചുഴലി, ജനിതകപ്രശ്‌നങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ച കുട്ടികളെയും കൊണ്ട്‌, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്‌ രക്ഷിതാക്കള്‍ ഇവിടെയെത്തുന്നു. ചികിത്സകഴിഞ്ഞു പോയാലും ഏറെക്കാലം തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടി വരുന്ന രോഗികളാണ്‌ ഇവരില്‍ ഏറെയും. `ലോകത്തെവിടെയും മരുന്ന്‌ എത്തിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്ക്‌ സംവിധാനമുണ്ട്‌'-ചികിത്സാലയത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റര്‍ കെ. ചന്ദ്രന്‍ പറയുന്നു. പാര്‍ക്കിന്‍സണ്‍സ്‌ പോലെ, ആധുനികവൈദ്യശാസ്‌ത്രം കൈയൊഴിഞ്ഞ രോഗങ്ങളുടെ ചികിത്സയ്‌ക്കു പോലും കേരളത്തില്‍ രോഗികളെത്തുന്നു. `ഇത്തരം പ്രശ്‌നം ഭേദമാക്കാനാവില്ല, പക്ഷേ, കൂടുതല്‍ വഷളാകാതെ നോക്കാന്‍ ആയുര്‍വേദത്തിനാകും'-ഇത്തരം രോഗികള്‍ പതിവായി എത്താറുള്ള തൃശൂരിലെ എസ്‌.എന്‍.എ. ഔഷധശാലയുടെ മാനേജിങ്‌ ഡയറക്ടര്‍ ഡോ.പി.ടി.എന്‍. വാസുദേവന്‍ മൂസ്‌ അറിയിക്കുന്നു.
ആയുര്‍വേദ ചികിത്സ തേടി കേരളത്തിലെത്തുന്നവര്‍ മുഴുവനും വിദേശികളല്ല. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ കഴിഞ്ഞ വര്‍ഷമെത്തിയവരില്‍ 32 ശതമാനം പേര്‍ മാത്രമാണ്‌ വിദേശത്തു നിന്ന്‌ ചികിത്സയ്‌ക്കെത്തിയവര്‍. അതില്‍ കൂടുതലും പ്രവാസിഇന്ത്യക്കാരാണ്‌-ആര്യവൈദ്യശാലയില്‍ ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്റെ ചുമതലയുള്ള സീനിയര്‍ മാനേജര്‍ സുധീര്‍ എസ്‌.വാരിയര്‍ അറിയിക്കുന്നു. 46 ശതമാനം പേര്‍ മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ വന്നവരാണ്‌. അവരും മെഡിക്കല്‍ ടൂറിസ്റ്റുകള്‍ തന്നെ. പക്ഷേ, ടൂറിസത്തിന്റെ മറവില്‍ നാടുനീളെ മുളച്ചു പൊങ്ങുന്ന മസാജ്‌പാര്‍ലറുകളും തിരുമ്മല്‍കേന്ദ്രങ്ങളും മെഡിക്കല്‍ ടൂറിസത്തിന്‌ ഭീഷണിയാണെന്ന്‌ ഈ രംഗത്തെ പലരും കരുതുന്നു. അതാണ്‌ ആയുര്‍വേദമെന്ന്‌ പലരും തെറ്റിദ്ധരിക്കുന്നു. `ഈ പ്രവണത അനുവദിച്ചു കൂടാ. ടൂറിസത്തിന്റെ പേരില്‍ ആയുര്‍വേദത്തെ ദുര്‍വിനിയോഗം ചെയ്യാന്‍ പാടില്ല`- ആയുര്‍വേദ ചികിത്സാരംഗത്തെ കുലപതികളിലൊരാളായ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയുടെ ഈ വാക്കുകളോട്‌, ആയുര്‍വേദത്തെ ഗൗരവപൂര്‍വം സമീപിക്കുന്ന ഏവരും യോജിക്കും.

ആയുര്‍വേദത്തിലായാലും ആധുനിക വൈദ്യശാസ്‌ത്രരംഗത്തായാലും മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിച്ചാല്‍ കേരളത്തില്‍ ചികിത്സാച്ചെലവ്‌ ക്രമേണ കൂടില്ലേയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. മികച്ച ഡോക്ടര്‍മാരുടെ സേവനം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാകുമോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. `കേരളത്തില്‍ മെഡിക്കല്‍ മേഖലയിലെ അധികശേഷി ഉപയോഗപ്പെടുത്താന്‍ പുറത്തുനിന്ന്‌ ആളുകള്‍ വരുന്നത്‌ സ്വാഗതം ചെയ്യണ'മെന്ന അഭിപ്രായക്കാരനാണ്‌ തിരുവനന്തപുരത്തെ 'ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി'യുടെ ഡയറക്ടര്‍ ഡോ.കെ.മോഹന്‍ദാസ്‌. കഴിവുള്ളവര്‍ കേരളം വിടുന്നതു മൂലം സംസ്ഥാനത്തിന്‌ സംഭവിച്ച മസ്‌തിഷ്‌കച്ചോര്‍ച്ച പോലെ, മെഡിക്കല്‍ ടൂറിസം വഴി ഒരു 'വിഭവശേഷി ചോര്‍ച്ച' സംഭവിച്ചു കൂടാ. അതുണ്ടാകാതെ നോക്കാനായാല്‍ മെഡിക്കല്‍ ടൂറിസം നല്ല സംഗതി തന്നെയാണ്‌-ഡോ.മോഹന്‍ദാസ്‌ പറയുന്നു. വിദേശത്തുനിന്ന്‌ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക്‌ ചാര്‍ജ്ജ്‌ അല്‍പ്പം കൂടുതലായിരിക്കും. അങ്ങനെ അധികം ലഭിക്കുന്ന കാശ്‌ ഇവിടുത്തെ സാധാരണക്കാരായ രോഗികളുടെ ചികിത്സാചെലവ്‌ കുറയ്‌ക്കുന്നതിലേക്ക്‌ എത്തണം. അതാണ്‌ തങ്ങളുടെ കാഴ്‌ചപ്പാടെന്ന്‌ കോഴിക്കോട്‌ മിംസിലെ ഡോ.കാര്‍ത്തികേയ വര്‍മ പറയുമ്പോള്‍, മെഡിക്കല്‍ ടൂറിസത്തെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക്‌ ഒരു പരിധിവരെ മറുപടിയാകുന്നു.

-മാതൃഭൂമി വാരാന്തപ്പതിപ്പ്‌, സപ്‌തംബര്‍ 17, 2006

Friday, October 17, 2008

ഇരുപതാം നൂറ്റാണ്ടിനെ അതിജീവിച്ച വനസങ്കേതം

പെരിയാര്‍ വന്യജീവി സങ്കേതം ടൈഗര്‍ റിസര്‍വായി പ്രഖ്യാപിച്ചിട്ട്‌ 2008-ല്‍ 30 വര്‍ഷം തികയുകയാണ്‌. ഈ വനപ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ട്‌്‌ നൂറ്‌ വര്‍ഷം തികഞ്ഞ സമയത്ത്‌ തയ്യാറാക്കപ്പെട്ടതാണ്‌ ഈ ലേഖനം.

പെരിയാര്‍ വന്യജീവി സങ്കേതം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചിട്ട്‌ ഒരു നൂറ്റാണ്ട്‌ തികയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടു നിര്‍മിച്ച്‌ 26 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള തടാകത്തിന്‌ രൂപംനല്‍കുന്നത്‌ 1895-ലാണ്‌. തടാകത്തിന്‌ ചുറ്റുമുള്ള വനമേഖല 1899-ല്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. 'പെരിയാര്‍ കടുവാ സങ്കേതം' (Periyar Tiger Reserve) എന്ന്‌ ഇപ്പോള്‍ അറിയപ്പെടുന്ന, 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനപ്രദേശത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ നൂറുവര്‍ഷം മുമ്പ്‌ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത്‌ ഉള്‍പ്പെട്ടിരുന്നത്‌. അമൂല്യമായ മഴക്കാടുകള്‍ ഉള്‍പ്പെട്ട ഈ വനം വലിയ പരിക്കൊന്നുമേല്‍ക്കാതെ ഇപ്പോഴും അവശേഷിക്കാനിടയായ മുഖ്യഘടകങ്ങളിലൊന്ന്‌ ഒരു നൂറ്റാണ്ട്‌ മുമ്പ്‌ അന്നത്തെ ഭരണാധികാരികള്‍ കൈക്കൊണ്ട ഈ നടപടിയാണ്‌.

ഒരു വനത്തെ സംബന്ധിച്ചിടത്തോളം ഒരു നൂറ്റാണ്ട്‌ എന്നത്‌ അത്ര വലിയ കാലയളവല്ലായിരിക്കാം. പക്ഷേ, ഇരുപതാം നൂറ്റാണ്ടിനെ അതിജീവിച്ച വനമെന്ന്‌ പറയുമ്പോള്‍ അതിലല്‍പ്പം പ്രാധാന്യമുണ്ട്‌. നൂറുവര്‍ഷം മുമ്പ്‌ കേരളത്തില്‍ ഉണ്ടായിരുന്ന സ്വാഭാവിക വനത്തില്‍ എത്ര ശതമാനം ഇപ്പോള്‍ അവശേഷിക്കുന്നുവെന്നു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. മാത്രമല്ല, വനനാശത്തിന്റെ തിക്തഫലങ്ങളെപ്പറ്റി നല്ല ബോധ്യം വന്നുകഴിഞ്ഞിട്ടും, മിക്കവാറും എല്ലാ രാജ്യങ്ങളും വനസംരക്ഷണം തങ്ങളുടെ ബാധ്യതയായി ഏറ്റെടുത്തു കഴിഞ്ഞിട്ടും, ശരാശരി 120 ലക്ഷം ഹെക്ടര്‍ വനം ഭൂമുഖത്തുനിന്ന്‌ വര്‍ഷം തോറും തുടച്ചു നീക്കപ്പെടുന്നു എന്ന കണക്ക്‌ (ലോകഭക്ഷ്യകാര്‍ഷിക സംഘടന-FAO) വെച്ചുനോക്കുമ്പോള്‍, ഒരു വനമേഖല ഇരുപതാംനൂറ്റാണ്ടിനെ അതിജീവിച്ചു എന്ന കാര്യം നിസ്സാരമല്ല.

പെരിയാര്‍ തടാകത്തിന്‌ ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന വനമേഖല കടുവാസങ്കേതം ആകുന്നത്‌ അടുത്ത കാലത്താണ്‌. 1933-ല്‍ തിരുവിതാംകൂര്‍ ഭരണകൂടം എസ്‌.സി.എച്ച്‌. റോബിന്‍സനെ ഇവിടെ ഗെയിം വാര്‍ഡനായി നിയമിക്കുന്നതോടെയാണ്‌ ഈ വനപ്രദേശത്തിന്റെ സംരക്ഷണത്തിന്‌ പുതിയ ദിശാബോധം കൈവരുന്നത്‌. 600 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം ഒരു സാങ്‌ച്വറിയായി 1934-ല്‍ വിജ്ഞാപനം ചെയ്‌തു. 'നെല്ലിക്കാംപെട്ടി സാങ്‌ച്വറി' എന്നായിരുന്നു പേര്‌. 1950-ല്‍ ഈ സാങ്‌ച്വറിയുടെ വിസ്‌തൃതി 777 ചതുരശ്ര കിലോമീറ്റര്‍ ആക്കുകയും പേര്‌ 'പെരിയാര്‍ വന്യജീവി സങ്കേതം' എന്ന്‌ മാറ്റുകയും ചെയ്‌തു. നാലു വ്യത്യസ്‌ത വിതാനങ്ങളിലുള്ള വനങ്ങള്‍ ഉള്‍പ്പെട്ട ഈ പ്രദേശം 'പ്രോജക്ട്‌ ടൈഗറി'ന്റെ ഭാഗമായുള്ള 'പെരിയാര്‍ കടുവാസങ്കേത'മായി 1978-ല്‍ പ്രഖ്യാപിച്ചു. ഇതില്‍ 350 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി വരുന്ന മുഖ്യവനമേഖല (core area) യെ ഒരു ദേശീയോദ്യാന (National Park)മാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രാഥമിക വിജ്ഞാപനം 1982-ല്‍ പുറത്തുവന്നു. ഇടുക്കി ജില്ലയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയിലെ മംഗളാദേവി മുതല്‍ ശബരിമല വരെ വ്യാപിച്ചു കിടക്കുന്ന ഈ വനപ്രദേശമാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ട്‌ നദികളായ പെരിയാറിനും പമ്പയ്‌ക്കും ഉയിരേകുന്നത്‌. തേക്കടിയാണ്‌ ഈ വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാര കേന്ദ്രം. പ്രതിവര്‍ഷം നാലുലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുവെന്നാണ്‌ കണക്ക്‌.
പശ്ചിമഘട്ട വനമേഖലയില്‍ പെരുമയുടെ കാര്യത്തില്‍ സൈലന്റ്‌ വാലിയാകാം ഒന്നാംസ്ഥാനത്ത്‌. എന്നാല്‍, ജൈവവൈവിധ്യത്തിന്റെ കാര്യം പരിഗണിച്ചാല്‍ പെരിയാര്‍ കടുവാസങ്കേതത്തിന്റെ സ്ഥാനം സൈലന്റ്‌ വാലിയെക്കാള്‍ ഒട്ടും പിന്നിലാവില്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ നടന്ന ഗവേഷണങ്ങളും പഠനങ്ങളും ഈ വനപ്രദേശത്തിന്റെ പാരിസ്ഥിതികവും ജൈവശാസ്‌ത്രപരവുമായ പ്രാധാന്യം ലോകത്തിന്‌ കാട്ടിക്കൊടുത്തു. വനമെന്നാല്‍ വന്‍മരങ്ങളും വന്യജീവികളും മാത്രമാണെന്ന സമീപനം ഇന്ന്‌ മാറിയിരിക്കുന്നു. സസ്യങ്ങളും സൂക്ഷ്‌മജീവികളും ഉള്‍പ്പെട്ട ജനിതക കലവറയായ ഒരു ആവാസവ്യവസ്ഥയാണ്‌ വനമെന്ന കാഴ്‌ചപ്പാടിന്‌ പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പെരിയാര്‍ കടുവാസങ്കേതത്തെപ്പറ്റി പറയുമ്പോള്‍ ഏറ്റവുമൊടുവില്‍ നടന്ന വന്യജീവി സെന്‍സസ്‌ പ്രകാരം ഈ കാട്ടില്‍ 600 ആനകളുണ്ടെന്നും, ഇവിടുത്തെ കടുവകളുടെ എണ്ണം 40 (ഇവയില്‍ രണ്ടെണ്ണം അസുഖം ബാധിച്ച്‌ അടുത്തയിടെ ചത്തു) ആണെന്നും മാത്രം പറഞ്ഞാല്‍ പോര. സൂക്ഷ്‌മജീവികളെയും ചെറുസസ്യങ്ങളെയും, അവ നേരിടുന്ന പ്രശ്‌നങ്ങളെയും ഒക്കെ പരിഗണിക്കേണ്ടി വരും.

കേരളത്തില്‍ അവശേഷിക്കുന്ന വനപ്രദേശത്തിന്റെ വിസ്‌തൃതി (ഫോറസ്‌റ്റ്‌ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കണക്കു പ്രകാരം) 10,300 ചതുരശ്ര കിലോമീറ്ററാണ്‌. ഏതു ഭൂപ്രദേശത്തിന്റെയും ആരോഗ്യകരമായ നിലനില്‌പിന്‌, മൊത്തം ഭൂവിസ്‌തൃതിയുടെ മൂന്നിലൊന്ന്‌ വനമായിരിക്കണമെന്നാണ്‌ കണക്ക്‌. ഈ മാനദണ്ഡപ്രകാരം, കേരളത്തിന്‌ ആവശ്യമായത്ര വനം ഇപ്പോള്‍ അവശേഷിച്ചിട്ടില്ല. അവശേഷിക്കുന്നതു തന്നെ, പശ്ചിമഘട്ടത്തിലെ കുറെ തുരുത്തുകളായാണ്‌ സംരക്ഷിക്കപ്പെടുന്നത്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ പെരിയാര്‍ കടുവാസങ്കേതം.

ഈ വനപ്രദേശത്ത്‌ 35 ഇനം സസ്‌തനികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ആനയും, കടുവയും, കാട്ടുപോത്തും, അപൂര്‍വ ഇനം കുരങ്ങുകളും ഒക്കെ ഉള്‍പ്പെട്ടതാണ്‌ ഈ മൃഗസമ്പത്ത്‌. ബോംബെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി (BNHS) അടുത്തയിടെ നടത്തിയ സര്‍വെയില്‍ 150 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തുകയുണ്ടായി. അപൂര്‍വയിനം പക്ഷികളുടെ സാന്നിധ്യം കോണ്ട്‌, ലോകപ്രശസ്‌ത പക്ഷി ശാസ്‌ത്രജ്ഞനായ സാലിം അലിയുടെ മനംകവര്‍ന്ന വനമേഖലയാണിത്‌.
ഇന്ത്യയിലാകമാനം കണ്ടെത്തിയിട്ടുള്ള 205 ഇനം ഇഴജന്തുക്കളില്‍ 120 ഇനത്തെ പെരിയാര്‍ വനമേഖല ഉള്‍പ്പെട്ട പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവയില്‍ 85 ഇനം പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്‌. ഏതൊരു പ്രദേശത്തിന്റെയും ജൈവവൈവിധ്യ സൂചകങ്ങളായാണ്‌ ചിത്രശലഭങ്ങളുടെ എണ്ണം പരിഗണിക്കുന്നത്‌. പശ്ചിമഘട്ടത്തില്‍ ഇതുവരെ 350 ഇനം ചിത്രശലഭങ്ങളെയും 700 ഇനം നിശാശലഭങ്ങളെയും കണ്ടെത്തിയിട്ടുണ്ട്‌.

പെരിയാര്‍ വനമേഖലയിലെ സസ്യസമ്പത്തിനെപ്പറ്റി, പീച്ചിയില്‍ കേരള വനഗവേഷണകേന്ദ്ര (KFRI)ത്തിലെ ഡോ. എന്‍. ശശിധരന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ്‌ ഈ മേഖലയില്‍ അടുത്ത കാലത്ത്‌ നടന്ന ഏറ്റവും വലിയ പഠനം. സസ്യവൈവിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും അനുഗൃഹീതമായ വനങ്ങളിലൊന്നാണ്‌ ഇതെന്ന്‌ ഈ പഠനം തെളിയിച്ചു. 1993-97 ആയിരുന്നു പഠനകാലഘട്ടം. വ്യത്യസ്‌ത വിതാനങ്ങളില്‍ വളരുന്ന, പുഷ്‌പിക്കുന്ന 1965 ഇനം സസ്യങ്ങളെ ഡോ. ശശിധരനും കൂട്ടരും കണ്ടെത്തി. കേരളത്തില്‍ ഇത്തരം സസ്യയിനങ്ങളുടെ ആകെയെണ്ണം 3800 ആണെന്നോര്‍ക്കുക. അതുവെച്ചു നോക്കുമ്പോള്‍, വെറും 777 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്‌ ഇതിന്റെ പകുതിയിലേറെ സസ്യയിനങ്ങള്‍ വളരുന്നുണ്ടെന്നു പറഞ്ഞാല്‍ ഈ വനമേഖലയുടെ സസ്യവൈവിധ്യം സംബന്ധിച്ച്‌ ധാരണ ലഭിക്കും.

ഡോ. ശശിധരനും സംഘവും കണ്ടെത്തിയ 1965 സസ്യയിനങ്ങളില്‍ നാലെണ്ണം ഇതുവരെ ഇന്ത്യയില്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ലാത്തവയാണ്‌. ദക്ഷിണേന്ത്യയില്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ലാത്ത ഒരിനം സസ്യവും പെരിയാര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തി. മാത്രമല്ല, കേരളത്തില്‍ ഉണ്ടെന്ന്‌ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത 25 ഇനം സസ്യങ്ങളും പെരിയാര്‍ വനമേഖലയിലുണ്ടെന്ന്‌ പഠനം തെളിയിച്ചു. ഒരിനം പുതിയ ഓര്‍ക്കിഡും കണ്ടെത്തിയവയില്‍ പെടുന്നു.

മരവാഴപോലുള്ള 'വാന്‍ഡേ ടൈ്വടേസി' (Vanda thwaitesii), പാച്ചോറ്റിയുടെ വര്‍ഗത്തില്‍പെടുന്ന 'സിംപ്ലോകോസ്‌ ഒബട്യൂസ പെഡിസെല്ലേറ്റ' (Symplocos Obtusa pedicellata), ആല്‍ വര്‍ഗത്തില്‍പെടുന്ന 'ഫിസ്‌ക്കസ്സ്‌ കോസ്‌റ്റാറ്റ' (Fiscus costata), 'ഫിസ്‌ക്കസ്സ്‌ കോളോകാര്‍പ്പ' (Ficus caulocarpa) എന്നിവയാണ്‌, പെരിയാറില്‍നിന്ന്‌ തിരിച്ചറിഞ്ഞ, എന്നാല്‍ ഇന്ത്യയില്‍ ഒരിടത്തും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തവ. 'യൂലോഫിയ സാംഗീനിയ' (Eulophia sanguina)യാണ്‌ ദക്ഷിണേന്ത്യയില്‍ നിന്ന്‌ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്‌. ഡോ. ശശിധരനും സംഘവും കണ്ടെത്തിയ പുതിയ ഓര്‍ക്കിഡ്‌ 'ഹാബനേറിയ പെരിയാറന്‍സിസ്‌' (Habenaria periyarensis) ആണ്‌.
പശ്ചിമഘട്ടത്തില്‍ ഏറ്റവുമധികം സസ്യവൈവിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്‌, ദക്ഷിണ കേരളത്തില്‍ അഗസ്‌ത്യകൂടത്തിന്‌ ചുറ്റുമുള്ള വനപ്രദേശത്താണ്‌. 2000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി വരുന്ന ഈ വനമേഖലയില്‍ പുഷ്‌പിക്കുന്ന 2000 സസ്യയിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍, ഇതിന്റെ പകുതി പോലുമില്ലാത്ത പെരിയാര്‍ വനമേഖലയിലും ഏതാണ്ട്‌ ഇത്രയും തന്നെ സസ്യവൈവിധ്യം ഉണ്ടെന്നാണ്‌ പുതിയ പഠനം തെളിയിച്ചത്‌. (സൈലന്റ്‌ വാലിയില്‍ പുഷ്‌പിക്കുന്ന 963 ഇനം സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌). കേരളത്തില്‍ ആകെ കാണപ്പെടുന്ന 216 ഇനം ഓര്‍ക്കിഡുകളില്‍ 145 എണ്ണം പെരിയാര്‍ പ്രദേശത്തുണ്ട്‌. പശ്ചിമഘട്ടത്തിലെ 46 ഇനം കുറിഞ്ഞികളില്‍ 23 എണ്ണവും, 29 ആല്‍ ഇനങ്ങളില്‍ 18 ഇനവും, ഓരില വര്‍ഗത്തില്‍പെട്ട 26 ഇനം സസ്യങ്ങളില്‍ 20 എണ്ണവും, 33 ഇനം ഞാവലുകളില്‍ 15 എണ്ണവും പെരിയാര്‍ കടുവാ സങ്കേതത്തിലുണ്ടെന്ന്‌ നാലുവര്‍ഷം നീണ്ട ഈ പഠനം തെളിയിച്ചു.

മാത്രമല്ല, ഭൂമുഖത്ത്‌ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 1272 ഇനം സസ്യങ്ങളില്‍ 515 എണ്ണം ഈ വനപ്രദേശത്ത്‌ വളരുന്നു. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) ഭീഷണി നേരിടുന്ന സസ്യയിനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ള 150 എണ്ണം പെരിയാര്‍ വനത്തില്‍ കാണപ്പെടുന്നു. കൂടാതെ ഐ.യു.സി.എന്‍. അതിന്റെ 'ചുവപ്പു പട്ടിക'യില്‍ പെടുത്തിയിട്ടുള്ള 17 ഇനം സസ്യങ്ങള്‍ ഇവിടെയുണ്ട്‌. (വംശനാശത്തിന്റെ വക്കിലെത്തിയ ജീവികളെയും സസ്യങ്ങളെയുമാണ്‌ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തുക). പെരിയാര്‍ വനമേഖലയിലെ 162 ഇനം പുല്‍വര്‍ഗങ്ങളില്‍ പലതും, താഴ്‌ന്ന വിതാനങ്ങളിലെ വനങ്ങള്‍ യൂക്കാലിപ്‌റ്റസിനും മറ്റ്‌ കൃത്രിമത്തോട്ടങ്ങള്‍ക്കുമായി വഴിമാറിയതുമൂലം, ഭീഷണിയിലാണെന്ന്‌ ഡോ. ശശിധരന്റെ പഠനം മുന്നറിയിപ്പ്‌ നല്‍കി.

ഇവിടുത്തെ ജൈവവൈവിധ്യത്തിന്റെ ആധിക്യം ഈ വനമേഖല നേരിടുന്ന വെല്ലുവിളികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏതു ഭീഷണിയും ഈ ആവാസവ്യവസ്ഥയ്‌ക്ക്‌ ക്ഷീണം തട്ടാനേ സഹായിക്കൂ. പെരിയാര്‍ കടുവാസങ്കേതം നേരിടുന്ന സമ്മര്‍ദം പ്രധാനമായും രണ്ടുതരം സന്ദര്‍ശകരില്‍ നിന്നാണുണ്ടാകുന്നത്‌. ശബരിമല തീര്‍ഥാടകരില്‍ നിന്നും തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടകകേന്ദ്രങ്ങളിലൊന്നായ ശബരിമല ശാസ്‌താക്ഷേത്രം, ഈ കടുവാസങ്കേതത്തിന്റെ പരിധിക്കുള്ളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. എല്ലാ വര്‍ഷവും രണ്ടോ മൂന്നോ മാസ കാലയളവില്‍ ഇവിടെ ലക്ഷക്കണക്കിന്‌ തീര്‍ഥാടകരെത്തുന്നു. കുറഞ്ഞ കാലയളവില്‍ ഇത്രയും പേര്‍ എത്തുന്നതുകൊണ്ട്‌ വനത്തിനേല്‍ക്കുന്ന സമ്മര്‍ദം അതീവ ഗുരുതരമാണെന്ന്‌ പരിസ്ഥിതി വിദഗ്‌ധര്‍ പറയുന്നു. അതുപോലെ തന്നെയാണ്‌, തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ വനത്തിനേല്‍പ്പിക്കുന്ന പരിക്കും. മാത്രമല്ല, തമിഴ്‌നാട്‌ അതിര്‍ത്തിയില്‍, കാട്ടിനുള്ളില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ നടക്കുന്ന കഞ്ചാവ്‌ കൃഷി മൂലവും അമൂല്യമായ ഈ മഴക്കാടുകള്‍ ശോഷിക്കാന്‍ ഇടവരുന്നു. തേനും വയനത്തൊലിയും പോലുള്ള ചെറുവനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തുന്നവര്‍ സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ല. ഇതിനൊക്കെ പുറമെയാണ്‌ കാട്ടുതീ വിതയ്‌ക്കുന്ന നാശം. ഡിസംബര്‍-മെയ്‌ കാലയളവില്‍, പശ്ചിമഘട്ടിത്തിലാകമാനം നാശം വിതയ്‌ക്കുന്ന കാട്ടുതീ പെരിയാര്‍ വന്യജീവിസങ്കേതത്തെയും വെറുതെ വിടാറില്ല.
ഇത്തരം ഭീഷണികള്‍ വഴി എന്നന്നേക്കുമായി നഷ്ടമാവുക, ഒരുപക്ഷേ മനുഷ്യന്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, പഠിച്ചുകഴിഞ്ഞിട്ടില്ലാത്ത, അമൂല്യ സസ്യങ്ങളോ ജീവികളോ ആകാം. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനുതകുന്ന ഒരു മരുന്നോ, ഭക്ഷ്യവസ്‌തുവോ ഈ വനപ്രദേശത്താകാം ഉള്ളത്‌. എന്തൊക്കെ ഇവിടെ ഉണ്ടെന്ന്‌ അറിഞ്ഞു വരുന്നതേയുള്ളൂ. എന്തിനൊക്കെ അവ പ്രയോജനപ്പെടുമെന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടാണ്‌, പെരിയാര്‍ കാടുകളുടെ സംരക്ഷണം 40 കടുവകളുടെ കാര്യം മാത്രമല്ലാതാകുന്നത്‌.

ആഗോളതലത്തില്‍, വനസംരക്ഷണത്തെ സംബന്ധിച്ച്‌ സമീപകാലത്തുണ്ടായ വീക്ഷണ വ്യതിയാനം ഈ കടുവാസങ്കേതത്തിന്റെ കാര്യത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്‌. വനത്തെ ആശ്രയിച്ച്‌, വനത്തിനുള്ളില്‍ ചെറുസെറ്റില്‍മെന്റുകളിലായി കഴിയുന്ന ആദിവാസികളെ കുടിയൊഴിപ്പിച്ചു നീക്കി, വനം സംരക്ഷിക്കുന്ന രീതിയാണ്‌ വനപാലകര്‍ അടുത്തകാലം വരെ അനുവര്‍ത്തിച്ചു പോന്നത്‌. ഈ കാഴ്‌ചപ്പാട്‌ മെല്ലെ മാറിവരികയാണ്‌. വനത്തെ ആശ്രയിച്ചു ജീവിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങളെ അവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട്‌, എന്നാല്‍ ഉപജീവനത്തിനായി അവര്‍ വനത്തെ അമിതമായി ആശ്രയിക്കുന്നത്‌ ഒഴിവാക്കി, വനസംരക്ഷണം സാധ്യമാക്കുകയാണ്‌ ഇപ്പോള്‍ പ്രബലമായിട്ടുള്ള രീതി. വനസംരക്ഷണത്തില്‍ ആദിവാസികള്‍ അടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമീപനമാണിത്‌.

പെരിയാര്‍ വന്യജീവിസങ്കേതത്തിലെ മുഖ്യവനമേഖലയില്‍ നിന്ന്‌ 1950-കളില്‍ മാറ്റിപ്പാര്‍പ്പിച്ച, എന്നാല്‍ ഇപ്പോഴും ഈ വനസങ്കേതത്തിന്റെ പരിധിക്കുള്ളില്‍ തന്നെ താമസിക്കുന്ന, നാല്‌ ആദിവാസി കോളനികളുണ്ട്‌. പതിറ്റാണ്ടുകളായി ഇടനിലക്കാര്‍ വഴി പുറമെ നിന്നുള്ളവര്‍ നടത്തുന്ന ചൂഷണത്തിന്റെ ഇരകളായി കഴിഞ്ഞവരാണ്‌ ഇവര്‍. ഇവരുടെ കുരുമുളക്‌ പോലുള്ള കാര്‍ഷികാദായം മുഴുവന്‍ ഒറ്റിക്കും പാട്ടത്തിനുമെടുത്ത്‌ നാട്ടുകാരാണ്‌ കൈകാര്യം ചെയ്‌തുവന്നത്‌. അതിനാല്‍, ഉപജീവനത്തിനായി ആദിവാസികള്‍ക്ക്‌ കാടിനെ കൂടുതലായി ആശ്രയിക്കേണ്ടി വന്നു. ഈ ആശ്രിതത്വം ഒരു പരിധിവരെ കാടിനെ പരിക്കേല്‍പ്പിക്കുന്ന തരത്തിലായിരിക്കുമെന്ന്‌ വ്യക്തമാണല്ലോ. ആദിവാസികളുടെ ഈ സ്ഥിതി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി വനംവകുപ്പ്‌. അന്യാധീനപ്പെട്ട കാര്‍ഷിക വിളകള്‍ വീണ്ടെടുത്തു നല്‍കി, കാടിന്റെ ആശ്രിതത്വത്തില്‍ നിന്ന്‌ ആദിവാസികളെ പരമാവധി മുക്തരാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതിനായി, ആദിവാസികളെ സംഘടിപ്പിച്ച്‌ അവര്‍ക്കുവേണ്ട സാമ്പത്തിക പിന്തുണ പുറമെ നിന്ന്‌ ചെയ്യുക എന്നതാണ്‌ രീതി. അതോടൊപ്പം, വനസംരക്ഷണത്തില്‍ ആദിവാസികളുടെ ക്രിയാത്മകമായ പിന്തുണ ആര്‍ജിക്കുക. ആദിവാസികളെയും അവരുടെ സംസ്‌കാരത്തെയും കാടിന്റെ ഭാഗമായി കണ്ടുകൊണ്ടുള്ള ഈ സമീപന രീതി ഇനിയും പൂര്‍ണമായി വിജയിച്ചിട്ടില്ലെങ്കിലും, പ്രോത്സാഹജനകമായ ഫലമാണ്‌ പദ്ധതിയുടെ ആദ്യവര്‍ഷങ്ങളിലുണ്ടായതെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നു.

കടുവാസങ്കേതത്തിന്‌ വെളിയില്‍, കാടിനോട്‌ ചേര്‍ന്നുള്ള രണ്ട്‌ കിലോമീറ്റര്‍ പരിധിയില്‍ ഏതാണ്ട്‌ രണ്ടേകാല്‍ ലക്ഷം ഗ്രാമീണര്‍ താമസിക്കുന്നുവെന്നാണ്‌ കണക്ക്‌. വിറകിനും കാലിവളര്‍ത്തലിനും മറ്റുമായി ഇത്രയും പേര്‍ ഒരു കാടിനെ ആശ്രയിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചില്ലറയല്ല. ബോധവത്‌ക്കരണം വഴി, വനസംരക്ഷണ പ്രവര്‍ത്തനത്തില്‍ ഗ്രാമീണരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യത്തില്‍ വനംവകുപ്പ്‌ ഇനിയും വിജയിച്ചിട്ടില്ല. പ്രാദേശികതല പദ്ധതികള്‍ ജനകീയാസൂത്രണം വഴിയാണ്‌ ഇപ്പോള്‍ നടപ്പാക്കുന്നത്‌. ഇതു മനസിലാക്കി, കാടിനോട്‌ ചേര്‍ന്നുള്ള ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം പങ്കാളികളാകാനും വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ സാധിച്ചിട്ടില്ല.

ഇതൊക്കെയാണെങ്കിലും, ഈ മഴക്കാടുകള്‍ അടുത്ത നൂറ്റാണ്ടിനായി അവശേഷിപ്പിച്ചവരോട്‌ വരുംതലമുറകള്‍ നന്ദിയുള്ളവരായിരിക്കും. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന കുടിയേറ്റങ്ങളെയും, ഗ്രോമോര്‍ഫുഡ്‌ കാമ്പയിനെയും, വനംകൊള്ളയെയും, സാമൂഹ്യവനവത്‌ക്കരണമെന്ന വനനശീകരണത്തെയും, എത്രയോ തവണ ആവര്‍ത്തിച്ച കാട്ടുതീയെയും ഒക്കെ അതിജീവിച്ചാണ്‌ ഈ വനസങ്കേതം, അതിന്റെ അമൂല്യമായ ജനിതക കലവറ നിലനിര്‍ത്തിക്കൊണ്ട്‌, അവശേഷിക്കുന്നതെന്ന്‌ പറയുമ്പോള്‍ പ്രത്യേകിച്ചും.

-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ഒക്ടോബര്‍ 17-23, 1999