Wednesday, November 26, 2008

നടന്നു തുടങ്ങുന്ന കേരളം: അനുബന്ധം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവ കേരളത്തില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണ്‌. വ്യായാമമില്ലായ്‌മയും ഭക്ഷണശീലത്തിലുണ്ടായ മാറ്റവുമാണ്‌ ഇതിന്‌ മുഖ്യകാരണമായി പറയപ്പെടുന്നത്‌. അതിനെതിരെ കേരളം എങ്ങനെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്‌ ഈ പരമ്പരയുടെ മുന്‍ലക്കങ്ങളില്‍ പരിശോധിച്ചത്‌. ഇത്തരം രോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തുചെയ്യണം-അതാണ്‌ ഈ അനുബന്ധത്തിന്റെ ഉള്ളടക്കം.

1. പ്രമേഹം അകറ്റിനിര്‍ത്താന്‍

ജീവിതശൈലി, പാരമ്പര്യം - ഈ രണ്ട്‌ ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്‌ പ്രമേഹം. ടൈപ്പ്‌-1 പ്രമേഹം ചികിത്സകൊണ്ടേ നിയന്ത്രിക്കാന്‍ കഴിയൂ. എന്നാല്‍, ജീവിതശൈലീരോഗമായി പടര്‍ന്നു പിടിക്കുന്ന ടൈപ്പ്‌-2 പ്രമേഹം, ആവശ്യമായ മുന്‍കരുതല്‍കൊണ്ട്‌ ഒഴിവാക്കാന്‍ കഴിയും. പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റാ കോശങ്ങളുടെ അപചയമാണ്‌ മധ്യവയസ്‌ക്കരില്‍ ഈ പ്രശ്‌നം രൂക്ഷമാവാന്‍ കാരണം. പാരമ്പര്യം, പൊണ്ണത്തടി, പുകവലി, ആവശ്യത്തിന്‌ വ്യായാമമില്ലായ്‌മ, കടുത്ത മാനസിക സമ്മര്‍ദം, ഉറക്കമിളപ്പ്‌ എന്നിങ്ങനെ അനേകം സംഗതികള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമേഹം വരാതെ നോക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ശരീരത്തിന്‌ ആവശ്യമായ വ്യായാമം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയാണ്‌. നടത്തം, നീന്തല്‍, സൈക്ലിങ്‌ ഇങ്ങനെ ഏതുതരം വ്യായാമവുമാകാം. ശരീരത്തില്‍ ദുര്‍മേദസ്സുണ്ടാകാതെ ശ്രദ്ധിക്കാനും വ്യായാമം സഹായിക്കും. ദുര്‍മേദസ്സ്‌ അഥവാ പൊണ്ണത്തടി എന്നത്‌ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നോര്‍ക്കുക. പുകവലിയും പുകയിലയുടെ ഉപയോഗവും പാടെ ഉപേക്ഷിക്കുക. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവര്‍ ഇടയ്‌ക്കിടെ രക്തത്തിലെ ഷുഗര്‍നില നോക്കി, കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന്‌ ഉറപ്പുവരുത്തണം.

രക്തത്തിലെ ഷുഗര്‍നില വളരെപ്പെട്ടെന്ന്‌ വര്‍ധിക്കാനും അതുവഴി ആവശ്യമില്ലാത്ത സമയത്ത്‌ കണക്കിലേറെ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാക്കുകവഴി ബീറ്റാ കോശങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാനും ഇടയാക്കുന്ന ഫാസ്റ്റ്‌ഫുഡ്‌, ബേക്കറി സാധനങ്ങള്‍ കഴിവതും ഭക്ഷണത്തില്‍ നിന്ന്‌ ഒഴിവാക്കുക. നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. (കടപ്പാട്‌: ഡോ. കെ. പി. പൗലോസ്‌, ചീഫ്‌ ഫിസിഷ്യന്‍, ശ്രീ ഉത്രാടം തിരുന്നാള്‍ ഹോസ്‌പിറ്റല്‍, തിരുവനന്തപുരം).

2. ഹൃദ്രോഗഭീഷണി ചെറുക്കാന്‍

ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം അരമണിക്കൂര്‍ വീതം വ്യായാമം പതിവാക്കുക. പുകവലി പാടെ ഒഴിവാക്കുക. പൂരിതകൊഴുപ്പ്‌ കൂടുതലടങ്ങിയ മാട്ടിറച്ചി, നെയ്യ്‌ മുതലായവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ്‌ കൂടിയ ചിപ്‌സുകളും എണ്ണയില്‍ വരുത്ത ഭക്ഷ്യവസ്‌തുക്കളും ഉണര്‍ത്തുന്ന പ്രലോഭനത്തെ കഴിവതും അതിജീവിക്കുക. വിവാഹിതരാണെങ്കില്‍ നല്ല ലൈംഗികജീവിതം നയിക്കുക. ഭാവിയില്‍ ഹൃദ്രോഗം വരരുത്‌ എന്നാഗ്രഹിക്കുന്നവര്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.

നടത്തം, നീന്തല്‍, സൈക്ലിങ്‌ മുതലായ എയ്‌റോബിക്‌ വ്യായാമങ്ങളാണ്‌ ഹൃദയാരോഗ്യത്തിന്‌ നന്ന്‌. ഭാരോദ്വഹനം പോലുള്ള അണ്‍എയ്‌റോബിക്‌ വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ ചെയ്യാന്‍ പാടില്ല. പ്രായം കൂടിയവര്‍ പെട്ടെന്ന്‌ വ്യായാമം തുടങ്ങുന്ന പക്ഷം, അത്‌ ഡോക്ടറെ കണ്ടശേഷമേ ആകാവൂ.

പാരമ്പര്യമായി കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുള്ളവര്‍ കൂടുതല്‍ മുന്‍കരുതലെടുക്കണം. ഇത്തരക്കാര്‍ 20 വയസ്സ്‌ പിന്നിടുമ്പോള്‍ മുതല്‍ രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ നിലയും ഇടയ്‌ക്കിടെ പരിശോധിക്കണം. ചീത്ത കൊളസ്‌ട്രോള്‍ (എല്‍. ഡി. എല്‍), പ്രമേഹം, പൊണ്ണത്തടി എന്നിവയ്‌ക്കൊപ്പം രക്തത്തിലെ ഹോമോസിസ്‌റ്റീനിന്റെ ആധിക്യവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. അതിനാല്‍, പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവര്‍ ഹോമോസിസ്‌റ്റീന്‍ നിര്‍ണയ ടെസ്‌റ്റും നടത്തേണ്ടതുണ്ട്‌. (കടപ്പാട്‌: ഡോ. ജോര്‍ജ്‌ തയ്യില്‍, ചീഫ്‌ കാര്‍ഡിയോളജിസ്‌റ്റ്‌, ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍, എറണാകുളം).

3. പൊണ്ണത്തടി ഒഴിവാക്കാന്‍

ദുര്‍മേദസ്‌ ദുസ്സൂചനയാണ്‌. ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ തുടക്കം മിക്കപ്പോഴും പൊണ്ണത്തടിയില്‍ നിന്നായിരിക്കും. നിങ്ങള്‍ക്ക്‌ എത്ര സെന്റിമീറ്റര്‍ ഉയരമുണ്ടോ അതില്‍നിന്ന്‌ 100 കുറച്ചാല്‍ കിട്ടുന്ന അത്രയും കിലോഗ്രാമാണ്‌, നിങ്ങള്‍ക്ക്‌ ആവശ്യമായ ശരീരഭാരമെന്ന്‌ പൊതുവെ പറയാം. ഇതനുസരിച്ച്‌, 170 സെന്റിമീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക്‌ 70 കിലോഗ്രാം ശരീരഭാരമുണ്ടാകണം. അതില്‍ കൂടിയാല്‍ അമിതഭാരമായി. മരുന്ന്‌ കഴിച്ചു മാത്രം ദുര്‍മേദസ്‌ ഒഴിവാക്കാനാവില്ല. അതിന്‌ ഏറ്റവും പ്രധാനം വ്യായാമം തന്നെയാണ്‌. രാവിലെയും വൈകുന്നേരവും നല്ല വേഗത്തില്‍ ഒരു മണിക്കൂര്‍ വീതം നടക്കുക.

വറുത്തതും പൊരിച്ചതും ഭക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കുക; ഇടയ്‌ക്കിടെയുള്ള കൊറിക്കലും. മാംസാഹാരവും ഒഴിവാക്കുകയാണ്‌ ഉത്തമം. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത്‌ വെറുംവയറ്റില്‍ രാവിലെ കഴിക്കുന്നത്‌ നല്ലതാണ്‌. പൊണ്ണത്തടി ഒഴിവാക്കാന്‍ വ്യായാമത്തോടൊപ്പം ചില ഔഷധങ്ങളും ആയുര്‍വേദത്തില്‍ ലഭ്യമാണ്‌. (കടപ്പാട്‌: ഡോ. കെ. മുരളീധരന്‍പിള്ള, മുന്‍പ്രിന്‍സിപ്പല്‍, വൈദ്യരത്‌നം ആയുര്‍വേദ കോളേജ്‌, ഒല്ലൂര്‍, തൃശ്ശൂര്‍).

4. സന്ധിവാതം പ്രശ്‌നമാകാതിരിക്കാന്‍

ജീവിതശൈലീരോഗങ്ങളില്‍ പ്രമുഖമായ ഒന്നാണ്‌ സന്ധിവാതം. നാല്‌പത്‌ വയസ്സ്‌ കഴിയുന്നതോടെ സന്ധികളിലുണ്ടാകുന്ന തേയ്‌മാനമാണ്‌ ഇതിന്‌ പ്രധാന കാരണം. ശരീരത്തിന്റെ അമിതഭാരം സന്ധിവാതത്തിന്‌ ആക്കം കൂട്ടുന്നു. പാരമ്പര്യവും രോഗംവരാന്‍ അനുകൂല ഘടകമാണ്‌. ശരീരഭാരം അഞ്ചുശതമാനം വര്‍ധിക്കുമ്പോള്‍, രോഗമുള്ളവരില്‍ സന്ധിയുടെ വേദന 15 മടങ്ങ്‌ രൂക്ഷമാകും എന്നാണ്‌ കണക്ക്‌. അതിനാല്‍, ശരീരഭാരം കൂടുതല്‍ വര്‍ധിക്കാതെ നോക്കുകയാണ്‌ സന്ധിവാതം തടയാനുള്ള മുഖ്യമാര്‍ഗം. അവിടെയാണ്‌ വ്യായാമത്തിന്റെ പ്രസക്തി. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഒഴിവാക്കുകയും വേണം.

ചമ്രം പടിഞ്ഞിരിക്കുന്ന ശീലമുള്ളവരാണ്‌ കേരളീയര്‍. കാല്‍മുട്ടുകള്‍ക്ക്‌ വല്ലാതെ സമ്മര്‍ദമേല്‍പ്പിക്കുന്ന ശീലമാണിത്‌. നിലത്തുള്ള കക്കൂസ്‌ (ഇന്ത്യന്‍ സ്റ്റൈല്‍) പതിവായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്‌നമുണ്ടാകുന്നു. ചുമടെടുക്കുന്നതവരിലും സന്ധികളിലെ സമ്മര്‍ദം കൂടുതലായിരിക്കും. ഇതെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ശരീരഭാരം വര്‍ധിക്കാതെ നോക്കുന്നതിനൊപ്പം കാല്‍സ്യം കൂടുതലടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത്‌, സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കും. എരിവ്‌, പുളി മുതലായവ കുറയ്‌ക്കുന്നതും നന്ന്‌. (കടപ്പാട്‌: ഡോ. രമേഷ്‌ ഭാസി, കണ്‍സള്‍ട്ടന്റ്‌ റുമാറ്റോളജിസ്‌റ്റ്‌, മലബാര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ (മിംസ്‌), കോഴിക്കോട്‌).

5. അര്‍ബുദത്തെ നേരിടാന്‍

ഏത്‌ തരത്തിലുള്ള വ്യായാമമാണെങ്കിലും അത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്വാഭാവികമായും അര്‍ബുദസാധ്യത കുറയാന്‍ ഇത്‌ സഹായിക്കും. ശുഭാപ്‌തിവിശ്വാസം നിലനിര്‍ത്താനും വിഷാദവും മറ്റും പിടികൂടുന്നത്‌ ഒഴിവാക്കാനും വ്യായാമം സഹായിക്കും. അതും അര്‍ബുദസാധ്യത കുറയ്‌ക്കുന്ന സംഗതിയാണെന്ന്‌ ആധുനിക പഠനങ്ങള്‍ പറയുന്നു.

സാധാരണഗതിയില്‍, അര്‍ബുദം ബാധിച്ചാല്‍ അതോടെ ജീവിതം കഴിഞ്ഞു എന്ന്‌ കരുതുന്നവരാണ്‌ ഏറെയും. അര്‍ബുദബാധയെ മൂന്നായാണ്‌ വൈദ്യശാസ്‌ത്ര വിദഗ്‌ധര്‍ തരംതിരിക്കാറ്‌. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുകയും പുകവലി മുതലായ ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്‌താല്‍ വരാതെ ഒഴിവാക്കാന്‍ കഴിയുന്നവയാണ്‌ മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകളും. ശരിയായ വ്യായാമം ഇതിന്‌ സഹായിക്കുന്ന ഘടകമാണ്‌. നാരുകൂടിയ ഭക്ഷ്യവസ്‌തുക്കള്‍ കൂടുതല്‍ കഴിക്കണം. ഫാസ്റ്റ്‌ഫുഡും വറുത്തതും പൊരിച്ചതും ഉപ്പ്‌ അധികമുള്ളതുമായ ഭക്ഷ്യവസ്‌തുക്കള്‍ പരമാവധി ഒഴിവാക്കണം.

മുന്‍കൂട്ടി കണ്ടുപിടിച്ചാല്‍ ചികിത്സിച്ച്‌ ഭേദമാക്കാനാവുന്നതാണ്‌ അടുത്ത മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകള്‍. സ്‌തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം പോലുള്ളവ ഇതില്‍പെടുന്നു. 30 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ വീതം ശരിയായ പരിശോധനയ്‌ക്ക്‌ വിധേയരായാല്‍ രോഗബാധ നേരത്തെ കണ്ടെത്താനും വേണ്ട ചികിത്സ ലഭ്യമാക്കാനുമാകും. ബാക്കി മൂന്നിലൊന്ന്‌ ഭാഗം കാന്‍സര്‍ബാധയാണ്‌ വന്നുകഴിഞ്ഞാല്‍ ഭേദമാക്കാന്‍ കഴിയാത്തത്‌. (കടപ്പാട്‌: ഡോ. ജയകൃഷ്‌ണന്‍, ലക്‌ച്ചറര്‍, കമ്മ്യൂണിറ്റി ഓങ്കോളജി, ആര്‍. സി. സി., തിരുവനന്തപുരം).

-മാതൃഭൂമി, ജൂണ്‍ 29 - ജൂലായ്‌ 4, 2008

1 comment:

JA said...

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവ കേരളത്തില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണ്‌. വ്യായാമമില്ലായ്‌മയും ഭക്ഷണശീലത്തിലുണ്ടായ മാറ്റവുമാണ്‌ ഇതിന്‌ മുഖ്യകാരണമായി പറയപ്പെടുന്നത്‌. ഇത്തരം രോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തുചെയ്യണം-അതാണ്‌ ഈ അനുബന്ധത്തിന്റെ ഉള്ളടക്കം.