Thursday, January 29, 2009

നദികളെ കൂട്ടിക്കെട്ടുമ്പോള്‍ ചരിത്രം കാണിച്ചുതരുന്നത്‌

അധികമുള്ള വെള്ളം ജലക്ഷാമമനുഭവിക്കുന്ന പ്രദേശത്ത്‌ എത്തിച്ചുകൊടുക്കുക-നദികളെ ഗതിമാറ്റിയിട്ടാണെങ്കിലും വേണ്ടില്ല. തികച്ചും നിഷ്‌ക്കളങ്കമായ ഈ ആശയത്തിനൊപ്പം 5.6 ലക്ഷംകോടി രൂപയുടെ ചെലവുകൂടി ചേര്‍ത്തുവെയ്‌ക്കുക. ഇന്ത്യിയിലെ 37 പ്രമുഖ നദികളെ ഇതുമായി കൂട്ടിക്കെട്ടുക. 350 ലക്ഷം ഹെക്ടര്‍ പ്രദേശത്ത്‌ അധിക ജലസേചനം. 34000 മെഗാവാട്ട്‌ വൈദ്യുതി. കോടിക്കണക്കിന്‌ ഇന്ത്യക്കാരുടെ കുടിനീര്‍ക്ഷാമത്തിന്‌ ശാശ്വത പരിഹാരം, രാജ്യം അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും വരള്‍ച്ചയ്‌ക്കും എന്നന്നേക്കുമായി അറുതി, നാലുശതമാനം ജി.ഡി.പി. വര്‍ധന-എന്നിങ്ങനെ നെഞ്ചുതകര്‍ക്കുന്ന നേട്ടങ്ങളുടെ പട്ടികകൂടി നിരത്തിക്കഴിഞ്ഞാല്‍, രാജ്യത്ത്‌ നടപ്പാക്കാന്‍ പോകുന്ന നദീസംയോജന പദ്ധതിയായി.

എല്ലാ വന്‍കിട പദ്ധതികളുടെയും പ്രശ്‌നമിതാണ്‌. നേട്ടങ്ങളുടെ കണക്ക്‌ നമ്മുടെ (കുറഞ്ഞ പക്ഷം നമ്മുടെ ഭരണാധികാരികളുടെയെങ്കിലും) കണ്ണഞ്ചിപ്പിച്ചുകളയും. ഈ പദ്ധതിയോടുകൂടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വ്യാമോഹം നമ്മെ പിടികൂടും. നദീസംയോജനപദ്ധതിയില്‍ വിഭാവനം ചെയ്യുന്നതുപോലെ 200 വലിയ അണക്കെട്ടുകള്‍ കൂടി താങ്ങാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയുമോ എന്ന്‌ പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍ ചിന്തിക്കുന്നേയില്ല. നാലരലക്ഷം പേര്‍ക്ക്‌ കിടപ്പാടം ഉപേക്ഷിക്കേണ്ടിവരും. 79292 ഹെക്ടര്‍ വനംകൂടി ഇന്ത്യയ്‌ക്ക്‌ നഷ്ടമാകും. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന നദീതട പരിസ്ഥിതി-ആവാസവ്യവസ്ഥകള്‍ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം താറുമാറാകും എന്നൊക്കെയുള്ള വസ്‌തുതകള്‍, നേട്ടങ്ങളുടെ വര്‍ണപ്രഭയില്‍ നിറംകെട്ടതായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതൊക്കെ കഴിഞ്ഞ്‌, പദ്ധതി ഒരു വന്‍തട്ടിപ്പായിരുന്നെന്നോ, അല്ലെങ്കില്‍ വന്‍ പരാജയമായിരുന്നെന്നോ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും എന്നുമാത്രം.

വന്‍കിട പദ്ധതികള്‍ വന്‍ തട്ടിപ്പുകള്‍ക്കുള്ള മാര്‍ഗമാണെന്ന്‌ നന്നായറിയാവുന്ന രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ മേധാവികളുമാണ്‌ ഇത്തരം ആശയങ്ങളുമായി മുന്നോട്ടുവരിക പതിവ്‌. നദീസംയോജനപദ്ധതിയുടെ കാര്യത്തില്‍ പക്ഷേ, സംഗതികള്‍ അല്‍പ്പം വ്യത്യസ്‌തമായിരുന്നു. സുപ്രീംകോടതി നല്‍കിയ (2001 ഒക്ടോബര്‍ 31ന്‌) നിര്‍ദേശമാണ്‌ ഈ പദ്ധതിയിലേക്കെടുത്തുചാടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. പദ്ധതിക്കായുള്ള കര്‍മപദ്ധതി 2003 ഡിസംബര്‍ 16-ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രി സുരേഷ്‌പ്രഭു അധ്യക്ഷനായി എട്ടംഗ ടാസ്‌ക്‌ഫോഴ്‌സിനും രൂപംനല്‍കി.

ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന 'അധികജലസമ്പത്തുള്ള' ഗംഗ, ബ്രഹ്മപുത്ര മുതലായ വടക്കന്‍ നദികളെ, ജലദാരിദ്ര്യമനുഭവിക്കുന്ന തെക്കന്‍ നദികളുമായി ബന്ധിപ്പിച്ച്‌, രാജ്യം നേരിടുന്ന ജലക്ഷാമ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുകയെന്നതാണ്‌ പദ്ധതിയുടെ കാതല്‍. ഇതിനായി 200 വന്‍ അണക്കെട്ടുകളെ കൂടാതെ, രാജ്യത്ത്‌ തലങ്ങും വിലങ്ങുമായി 11000 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ ശൃംഗലയും നിര്‍മിക്കും. 2016-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അതുവരെ വര്‍ഷംതോറും രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനം വീതം പദ്ധതിക്കുവേണ്ടി നീക്കിവെയ്‌ക്കാനും നിര്‍ദേശിക്കപ്പെടുന്നു. ഭൂമുഖത്തെ 2.2 ശതമാനം മാത്രം ഭൂമിയും നാലുശതമാനം മാത്രം ശുദ്ധജലവും സ്വന്തമായുള്ള ഇന്ത്യയാണ്‌ ലോകജനസംഖ്യയുടെ 17 ശതമാനത്തെ പോറ്റേണ്ടത്‌. 2050 ഓടെ ജനസംഖ്യ 150 കോടിയാകും. അതിനാല്‍ ഭാവിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജന പദ്ധതിക്കല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന്‌ ടാസ്‌ക്‌ഫോഴ്‌സ്‌ ചെയര്‍മാന്‍ സുരേഷ്‌പ്രഭു വാദിക്കുന്നു.

ഹിമാലയന്‍ നദികളെ തെക്കന്‍ നദികളുമായി കൂട്ടുക്കെട്ടുകയെന്ന ആശയം, 2002-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമാണ്‌ മുന്നോട്ടുവെച്ചത്‌. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ ആശയമല്ല. ബ്രിട്ടീഷ്‌ ഇന്ത്യയിലാണ്‌ ഈ ആശയത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്‌. ഇത്തരമൊരു ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ 1881-ല്‍ ആര്‍തര്‍ കോട്ടോണ്‍ എന്ന വിദഗ്‌ധന്‍ ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിയെപ്പറ്റിയും കാലാവസ്ഥയെക്കുറിച്ചും നദികളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെപ്പറ്റിയുമൊക്കെ ഇന്നുള്ളതിലും വളരെ പരിമിതമായ അറിവേ അക്കാലത്തുണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാതിരിക്കാനുള്ള വിവേചനം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കാട്ടി.

ഒരുപക്ഷേ, ലോകത്ത്‌ ഇന്നുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും വലിയ ജലസേചന-നദീബന്ധന പദ്ധതിയിലൊന്നാണ്‌ ഇന്ത്യയിപ്പോള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. പദ്ധതി സംബന്ധിച്ച്‌ അയല്‍രാജ്യങ്ങളുമായും സംസ്ഥാനങ്ങള്‍ തമ്മിലും ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ഉത്‌ക്കണ്‌ഠകളും മാറ്റിനിര്‍ത്തിയാല്‍ പോലും, മൂന്നു സംഗതികള്‍ വളരെ അലോസരമുണ്ടാക്കാന്‍ പോന്നവയാണെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. അവയില്‍ ഒന്നാമത്തേത്‌, നദികളെ ഗതിമാറ്റിയൊഴുക്കി ഗതിപിടിക്കാന്‍ ശ്രമിച്ച സമൂഹങ്ങളൊക്കെ വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌ എന്ന ചരിത്രവസ്‌തുതയാണ്‌. ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ ഇപ്പോഴത്തെ പ്രവണതയനുസരിച്ച്‌, പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ വടക്കന്‍ നദികളില്‍, ഗതിമാറ്റിയൊഴുക്കാന്‍ വേണ്ടത്ര വെള്ളം ഉണ്ടാകുമോ എന്ന പ്രശ്‌നമാണ്‌ രണ്ടാമത്തെ സംഗതി. കൂടാതെ കര്‍മപദ്ധതിയില്‍ പറയുന്ന സമയംകൊണ്ടോ പണംകൊണ്ടോ പദ്ധിതി പൂര്‍ത്തിയാകുമോ എന്നത്‌ മൂന്നാമത്തെ പ്രശ്‌നം.

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ വാട്ടര്‍പോളിസി പ്രോജക്ടി'ന്റെ ഡയറക്ടര്‍ സാന്ദ്രാ പോസ്‌റ്റല്‍ 1999-ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകമുണ്ട്‌: 'പില്ലാര്‍ ഓഫ്‌ സാന്‍ഡ്‌'. ലോകത്ത്‌ നടന്നിട്ടുള്ള ജലസേചന സംരംഭങ്ങളുടെ ഗുണദോഷങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണത്‌. ജലസേചനത്തെ ആധാരമാക്കി പടുത്തുയര്‍ത്തിയ ഒരു സംസ്‌ക്കാരവും (ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരം ഒഴികെ) അധികകാലം നിലനിന്നിട്ടില്ല എന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഈ പുസ്‌തകത്തില്‍ പറയുന്നു. ജലലഭ്യതയിലുണ്ടായ കുറവുകൊണ്ടോ അല്ലെങ്കില്‍ എക്കല്‍ അടിഞ്ഞുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലമോ, അതുമല്ലെങ്കില്‍ തുടര്‍ച്ചയായ ജലസേചനം വഴി മണ്ണിലെ ലവണാംശം (salinity) വര്‍ധിച്ച്‌ കൃഷി അസാധ്യമായതുകൊണ്ടോ പ്രാചീന സംസ്‌ക്കാരങ്ങള്‍ തകര്‍ന്നുവെന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഉദാഹരണങ്ങള്‍ നിരത്തി സ്ഥാപിക്കുന്നു.

സംസ്‌ക്കാരങ്ങളുടെ തകര്‍ച്ചയ്‌ക്ക്‌ ജലസേചനം എങ്ങനെ വഴിവെക്കുന്നു എന്നതിന്‌ സമീപകാലത്തെ ഒരുദാഹരണം അരിസോണയിലെ ഹോഹോകാം ഇന്ത്യക്കാരുടേതാണ്‌. അതിവിദഗ്‌ധമായ ഒരു ജലസേചന സംവിധാനം അവര്‍ വികസിപ്പിച്ചിരുന്നു. ജലസേചനത്തിന്റെ തോത്‌ കൂടിയതിനനുസരിച്ച്‌ വെള്ളം മണ്ണില്‍ കെട്ടിനിന്നുള്ള ബാഷ്‌പീകരണത്തിന്റെ അളവും വര്‍ധിച്ചു. മണ്ണിലെ ലവണാംശം വര്‍ധിക്കുകയാണ്‌ ഇതിന്റെ സ്വാഭാവിക പരിണിതി. പൊന്ന്‌ വിളഞ്ഞിരുന്ന ഭൂമിയില്‍ പുല്ല്‌ കിളിര്‍ക്കാതായി. കൃഷി നശിച്ചതോടെ, ആ ജനവിഭാഗവും നാശം നേരിട്ടു. പതിനഞ്ചാം നൂറ്റാണ്ടോടെ ഹോഹോകാം വര്‍ഗംതന്നെ നാമാവശേഷമായി. മെക്‌സിക്കോയിലെ മായന്‍മാരുടെ സംസ്‌ക്കാരം പെട്ടന്നുണ്ടായ വരള്‍ച്ചയില്‍പെട്ട്‌ നശിക്കുകയായിരുന്നു എന്ന്‌ ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യൂഫ്രട്ടീസ്‌-ടൈഗ്രിസ്‌ നദീതടങ്ങളില്‍ (ഇന്നത്തെ ഇറാഖ്‌) നിലനിന്നിരുന്ന പ്രാചീന മൊസപ്പൊട്ടേമിയന്‍ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയ്‌ക്കും ഒരു പ്രബലകാരണം ജലസേചനംമൂലമുണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങളായിരുന്നുവെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ പറയുന്നു.

നദികളെ ഗതിമാറ്റിയൊഴുക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ നദീജലം അമിതചൂഷണത്തിന്‌ വിധേയമാക്കിയാല്‍ എന്താകും ഫലം എന്നറിയാന്‍ പ്രാചീനകാലത്തേക്കൊന്നും പോകേണ്ടതില്ല. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്ക്‌ ചുറ്റുമുണ്ട്‌. മധ്യേഷ്യയില്‍ പഴയ സോവിയറ്റ്‌ യൂണിയനില്‍പ്പെട്ട 'ആരല്‍ സമുദ്ര' (Aral Sea)ത്തിന്റെ ദുരന്തകഥതന്നെയെടുക്കാം. ഭൂമുഖത്തെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു ആരല്‍ സമുദ്രം. ശ്രീലങ്കയുടെ വിസ്‌തൃതി. നിറയെ മത്സ്യസമ്പത്ത്‌. 'കടലിലെത്താന്‍ അനുവദിക്കുന്ന വെള്ളം പാഴാവുകയാണ്‌' എന്ന ജോസഫ്‌ സ്റ്റാലിന്റെ 1929-ലെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌, ആരല്‍ സമുദ്രത്തിന്റെ ജലസ്രോതസ്സുകളായ നദികളെ (അമു ദാരിയ, സ്വിര്‍ ദാരിയ) പരുത്തികൃഷിക്കായി 1950-കളില്‍ ഗതിതിരിച്ചുവിട്ടതോടെയാണ്‌ ആരല്‍ സമുദ്രത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നത്‌. ഉസ്‌ബെക്കിസ്‌താനിലെയും തുര്‍ക്ക്‌മെനിസ്‌താനിലെയും അര്‍ധ ഊഷരഭൂമിയില്‍ ഏതാനും ടണ്‍ പരുത്തി വിളയിക്കാന്‍ വേണ്ടി ആരല്‍ സമുദ്രത്തെ കൊല്ലുകയാണ്‌ ചെയ്‌തതെന്ന്‌ പിന്നീടാണ്‌ വ്യക്തമായത്‌.

സമുദ്രത്തിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞതോടെ സമുദ്രം വറ്റാന്‍ തുടങ്ങി. ഏതാനും പതിറ്റാണ്ടുകൊണ്ട്‌, ആരല്‍ സമുദ്രത്തിന്റെ വിസ്‌തൃതിയില്‍ 58 ശതമാനവും ജലശേഖരത്തില്‍ 83 ശതമാനവും കുറവുവന്നു. ആയിരക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ വളര്‍ന്നുവന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ തകരുകയായിരുന്നു. സമുദ്രത്തിലെ മത്സ്യസമ്പത്ത്‌ നശിച്ചു. കടലോര മത്സ്യബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. ആയിരക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. വെള്ളംവറ്റിയ ആരല്‍ പ്രദേശം മരുഭൂമിയായി മാറി. വെള്ളം വറ്റിയതോടെ മണ്ണിലെ ലവണാംശവും ഏറി. മണല്‍ക്കാറ്റിനൊപ്പം ഉപ്പുകാറ്റും മേഖലയില്‍ പതിവായി. അത്‌ വായുവിലെ ലവണാംശം വര്‍ധിപ്പിച്ചു. ആരല്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇതാണ്‌ കാരണമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ കരുതുന്നു. അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ നിരക്ക്‌ കുത്തനെയാണ്‌ കൂടിയത്‌.

മാത്രമല്ല, ആരല്‍ സമുദ്രം ശോഷിച്ചതോടെ ബാഷ്‌പീകരണത്തിന്റെ അളവ്‌ കുറഞ്ഞു. കാലാവസ്ഥയില്‍ വ്യതിയാനം വന്നു. പൊതുവെ മഴ കുറവായ ആ പ്രദേശത്ത്‌ മഴയുടെ ലഭ്യത വീണ്ടും കുറഞ്ഞു. തുര്‍ക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, കസാക്കിസ്‌താന്‍ എന്നീ അഞ്ച്‌ മുന്‍ സോവിയറ്റ്‌ രാജ്യങ്ങള്‍ ആരല്‍ ദുരന്തത്തിന്റെ ഫലമിപ്പോള്‍ അനുഭവിക്കുകയാണ്‌. ചെര്‍ണോബില്‍ ആണവദുരന്തം കഴിഞ്ഞാല്‍, മുന്‍ സോവിയറ്റ്‌ രാഷ്ട്രങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഏറ്റവും വലിയ പരിസ്‌ഥിതിദുരന്തം ആരല്‍ സമുദ്രത്തിന്റെ നാശമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഇറാനിലെ ഹാമൂണ്‍ തടാകത്തിന്റെ കഥയും വ്യത്യസ്‌തമല്ല. കിഴക്കന്‍ അഫ്‌ഗാനിസ്‌താനില്‍നിന്നുത്ഭവിക്കുന്ന ഹെല്‍മാണ്ട്‌ നദി പടിഞ്ഞാറോട്ടൊഴുകി അഫ്‌ഗാന്‍ കടന്ന്‌ ഇറാനിലെ ഹാമൂണ്‍ തടാകത്തിലെത്തുന്നു. തടാകത്തിന്റെ ഏക ജലസ്രോതസ്സ്‌ ഈ നദിയാണ്‌. 1990-കളില്‍ അഫ്‌ഗാനിസ്‌താനില്‍ അധികാരത്തിലേറിയ താലിബാന്‍, അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി അണക്കെട്ട്‌ പണിത്‌ ഹെല്‍മാണ്ട്‌ നദിയിലെ വെള്ളം പൂര്‍ണമായി ഊറ്റിയെടുത്തു. ഹാമൂണ്‍ തടാകത്തിലേക്ക്‌ നദീജലം എത്താതായി. 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുണ്ടായിരുന്ന ആ തടാകമിപ്പോള്‍ ഉണങ്ങി വരണ്ട ഒരു മണല്‍പ്പരപ്പ്‌ മാത്രമാണ്‌. തടാകം വറ്റിയതോടെ, സമീപമേഖലയിലെ ഭൂഗര്‍ഭജലവിതാനവും തകര്‍ന്നു.

ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന പ്രദേശമാണ്‌ ചാവുകടല്‍. സമുദ്രനിരപ്പില്‍നിന്ന്‌ 400 മീറ്റര്‍ താഴെയാണതിന്റെ സ്ഥാനം. മാത്രമല്ല, ലോകത്തെ ഏറ്റവും ലവണാംശം കൂടിയ തടാകവും ഇതുതന്നെ. ചാവുകടലിന്റെ ഏക ജലസ്രോതസ്സ്‌ ജോര്‍ദാന്‍ നദിയാണ്‌. എന്നാല്‍, ഇസ്രായേലും ജോര്‍ദാനും സമീപകാലത്ത്‌ ആ നദിയിലെ വെള്ളം കൂടുതലായി ചൂഷണം ചെയ്യാനാരംഭിച്ചതോടെ, ചാവുകടല്‍ ചാവാനാരംഭിച്ചിരിക്കുന്നു എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. 30 വര്‍ഷം മുമ്പ്‌ 80 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ആ പൗരാണിക തടാകം ഇപ്പോള്‍ 50 കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. സമീപപ്രദേശത്തെ ഭൂഗര്‍ഭജലവിതാനം തടാകത്തിലെ ജലവിതാനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍, മേഖല ഒരു വന്‍പരിസ്ഥിതി പ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ഇസ്രായേല്‍ തന്നെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അടിയന്തരമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍, അടുത്ത 20-25 വര്‍ഷത്തിനകം ചരിത്രപ്രധാനമായ ആ തടാകം ചരിത്രത്തില്‍ മാത്രമായി മാറുമെന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.

നദികളുടെ ഗതിമാറ്റാനോ നദികളെ അമിതമായി ചൂഷണം ചെയ്യാനോ ശ്രമിച്ചാല്‍ എന്താകും ഫലം എന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇതൊന്നും നമുക്ക്‌ ബാധകമല്ല എന്നു കരുതി മുന്നോട്ടുപോവുക എളുപ്പമാണ്‌. പക്ഷേ, ഇന്ത്യന്‍ നദികളെ പരസ്‌പരം ബന്ധിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വടക്കന്‍ നദികളില്‍ തെക്കോട്ടൊഴുകാന്‍ 'അധികജലം' ഇല്ലെങ്കില്‍ എന്തുചെയ്യും? അതിനുള്ള സാധ്യത കൂടുതലാണെന്ന്‌ ഹിമാലയന്‍ മഞ്ഞുപാളികളെപ്പറ്റി അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ഹിമാലയത്തില്‍ മഞ്ഞുപാളികളുണ്ട്‌. അവ വേനല്‍ക്കാലത്ത്‌ ഉരുകി ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദികളെ സമ്പന്നമാക്കും. കാലവര്‍ഷത്തെ മാത്രം ആശ്രയിക്കുന്ന തെക്കന്‍ നദികളില്‍ ആ സമയത്ത്‌ വെള്ളം കുറവായിരിക്കും. അപ്പോള്‍ ഹിമാലയന്‍ നദികളിലെ 'അധിക ജലസമ്പത്ത്‌' തെക്കന്‍ നദികളിലേക്ക്‌ തിരിച്ചുവിട്ട്‌ കാര്യങ്ങള്‍ കുശാലാക്കാം. ഇതാണല്ലോ പദ്ധതിയിലെ കാതലായ വശം.

പക്ഷേ, കാലാവസ്ഥാ വിദഗ്‌ധര്‍ പറയുന്നത്‌ ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ വളരെവേഗം ഉരുകിത്തുടങ്ങിയിരിക്കുന്നതിനാല്‍, 20-25 വര്‍ഷം കഴിയുമ്പോള്‍ ഹിമാലയത്തില്‍ എത്ര മഞ്ഞുപാളി അവശേഷിക്കും എന്ന്‌ കണ്ടറിയണമെന്നാണ്‌. ബ്രിട്ടന്‍, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷകസംഘം അടുത്തകാലത്ത്‌ ഹിമാലയത്തില്‍ നടത്തിയ സര്‍വെ ഈ സംശയത്തെ ഊട്ടിയുറപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനാല്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മഞ്ഞുപാളികള്‍ക്ക്‌ വന്‍ശോഷണം സംഭവിച്ചിട്ടുണ്ട്‌. വരുംവര്‍ഷങ്ങളില്‍ ആ തോത്‌ വര്‍ധിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 20-25 വര്‍ഷത്തിനകം ഹിമാലയത്തിലെ 80 ശതമാനം മഞ്ഞുപാളികളും ഉരുകിത്തീരുമെന്നാണ്‌ സൂചന. കാല്‍നൂറ്റാണ്ട്‌ കഴിയുമ്പോള്‍, തെക്കന്‍ നദികളെപ്പോലെ, ഹിമാലയന്‍ നദികളും മഴയെ മാത്രം ആശ്രയിച്ച്‌ ഒഴുകേണ്ടിവരുമെന്ന്‌ സാരം. നദീസംയോജനത്തിന്റെ അന്തസ്സത്തതന്നെ അപ്രസക്തമാവില്ലെ, അങ്ങനെ വന്നാല്‍!

വിഭാവനം ചെയ്യുന്ന സമയംകൊണ്ട്‌ പദ്ധതി പൂര്‍ത്തിയാകുമോ എന്നതാണ്‌ മറ്റൊരു പ്രശ്‌നം. സമയത്ത്‌ പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതിച്ചെലവ്‌ ഭീമമായി വര്‍ധിക്കും. ഇന്ത്യയിലെ പദ്ധതി നടത്തിപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, നദീസംയോജന പദ്ധതിയുടെ വിധിയും എന്താകുമെന്ന്‌ ഊഹിക്കാനാകും. കര്‍മപദ്ധതിയില്‍ പറയുന്നതുപോലെ 5.6 ലക്ഷം കോടി രൂപകൊണ്ട്‌ 2016 ആകുമ്പോഴേക്കും ഇത്ര ബൃഹത്തായ ഒരു പദ്ധതി പൂര്‍ത്തിയാകുമോ എന്ന്‌ സംശയിക്കുന്ന വിദഗ്‌ധര്‍ ധാരാളമുണ്ട്‌. കൊളംബോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'നു കീഴിലുള്ള 'ടാറ്റാ വാട്ടര്‍ പോളിസി പ്രോഗ്രാമി'ന്റെ മേധാവി തുഷാര്‍ ഷായുടെ നിഗമനപ്രകാരം, ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ 40 വര്‍ഷം വേണ്ടിവരും; 5,70,00,000 കോടി രൂപയും! നാല്‌പത്‌ വര്‍ഷംകൊണ്ട്‌ നമ്മുടെ കാലാവസ്ഥയും നദികളിലെ നീരൊഴുക്കിന്റെ സ്വഭാവവും എന്തിന്‌ രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍പോലും എത്ര മാറിയിട്ടുണ്ടാകും!

വന്‍കിട പദ്ധതികളുടെയൊന്നും സഹായമില്ലാതെ ജനപങ്കാളിത്തത്തോടെ പരമ്പരാഗത ജലസംരക്ഷണമാര്‍ഗങ്ങളുപയോഗിച്ച്‌, രാജസ്ഥാനിലെ ഗ്രാമങ്ങളുടെ ഭാവി മാറ്റാനാകും എന്ന്‌ തെളിയിച്ച സംഘടനയാണ്‌ 'തരുണ്‍ ഭാരത്‌ സംഘ്‌'. അതിന്റെ നേതാവായ രജീന്ദര്‍ സിംഹ്‌, നദീസംയോജനപദ്ധതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്‌-`നദികളെ കൂട്ടിക്കെട്ടുകയെന്നു പറഞ്ഞാല്‍ അതിനര്‍ഥം, അഴിമതിയെയും മലിനീകരണത്തെയും പരസ്‌പരം ബന്ധിപ്പിക്കുകയെന്നാണ്‌`.

-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, മാര്‍ച്ച്‌ 21-27, 2004

Friday, January 16, 2009

ബ്ലോഗിങ്‌-ആത്മപ്രകാശനത്തിന്റെ സൈബര്‍ രൂപം

(മുന്നറിയിപ്പ്‌: പഴയ ലേഖനമാണിത്‌. വസ്‌തുതകളിലും വിവരങ്ങളിലും അത്‌ പ്രതിഫലിക്കുക സ്വാഭാവികം മാത്രം.)

The traditional paper says, 'I produce, you read' but we say, 'we produce, we read and we change the world together'-Oh Yeon Ho, Editor of 'Ohmynews'

ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ 2004-ല്‍ മെറിയാം വെബ്‌സ്റ്റര്‍ കമ്പനി കണ്ടെത്തിയ വാക്കാണ്‌ 'ബ്ലോഗ്‌' (blog). തങ്ങളുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ അര്‍ഥം തേടിയ പദം എന്ന നിലയ്‌ക്ക്‌ 2004-ലെ ഇംഗ്ലീഷ്‌ വാക്കായി 'ബ്ലോഗി'നെ കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. മെറിയാം വെബ്‌സ്റ്റര്‍ നിഘണ്ടുവിന്റെ 2005 പതിപ്പില്‍ 'ബ്ലോഗ്‌' ഉള്‍പ്പെടുത്താനും തീരുമാനിച്ചു. സാധാരണഗതിയില്‍ പുതിയൊരു വാക്ക്‌ കുറഞ്ഞത്‌ 20 വര്‍ഷം 'ജീവിച്ചിരുന്നാലേ' അതിന്‌ നിഘണ്ടുവില്‍ ഇടം ലഭിക്കൂ. അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ 'ബ്ലോഗ്‌' പിറന്ന്‌ വീണിട്ട്‌. ഇത്ര ചുരുങ്ങിയ കാലംകൊണ്ട്‌ അതിന്‌ നിഘണ്ടുവില്‍ പ്രവേശനം ലഭിച്ചതിന്റെ അര്‍ഥം, 'ബ്ലോഗ്‌' എന്നത്‌ അത്ര പ്രധാന്യം കൈവരിച്ചു കഴിഞ്ഞു എന്നാണ്‌.

'വെബ്‌ ലോഗ്‌' (web log) എന്നതിന്റെ ചുരുക്കരൂപമാണ്‌ 'ബ്ലോഗ്‌'. വെബ്ബ്‌ ജേര്‍ണല്‍ എന്നും അവയെ വിളക്കാറുണ്ട്‌. ഒരു വ്യക്തിയുടെ ചിന്തകളും വിചാരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുകയും, അവ തുടര്‍ച്ചയായി നവീകരിക്കുകയും, സമാനസ്വഭാവമുള്ള മറ്റ്‌ സൈറ്റുകളിലെക്ക്‌ കവാടം സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ള സ്വകാര്യ വെബ്ബ്‌സൈറ്റാണ്‌ 'ബ്ലോഗ്‌' എന്ന്‌ വെബ്‌സ്‌റ്റര്‍ നിഘണ്ടു നിര്‍വചിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ആത്മപ്രകാശനത്തിനും ആശയവിനിമയത്തിനുമുള്ള പുത്തന്‍ ഉപാധിയാണ്‌ ബ്ലോഗുകള്‍. വ്യക്തപരമായ തരത്തിലുള്ള, ഒരിനം അമേച്വര്‍ പത്രപ്രവര്‍ത്തനമായും ബ്ലോഗുകള്‍ മാറാറുണ്ട്‌. 'ഒരാള്‍ പറയാനാഗ്രഹിക്കുന്ന കാര്യം, എവിടെ പ്രസിദ്ധീകരിക്കണമെന്നറിയാത്ത കാര്യം, പ്രസിദ്ധീകരിക്കാന്‍ ഒരുപക്ഷേ ആരും സമ്മതിക്കാത്ത കാര്യം' -അതാണ്‌ ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നവയെന്ന്‌ ഇന്റര്‍നെറ്റ്‌ നിരീക്ഷകര്‍ പറയുന്നു. ബ്ലോഗുകള്‍ രചിക്കുന്നയാളാണ്‌ ബ്ലോഗര്‍; ആ പ്രക്രിയ ബ്ലോഗിങ്‌ എന്നറിയപ്പെടുന്നു.

തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ യാഥാര്‍ഥ്യമാകുന്നത്‌. അതേ സമയത്തുതന്നെ ബ്ലോഗുകളുടെ ആദ്യരൂപവും നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1994 അവസാനം ജസ്‌റ്റിന്‍ ഹാള്‍, കരോലിന്‍ ബുര്‍ക്കെ എന്നിവര്‍ ചേര്‍ന്ന്‌ അവരുടെ ഡയറിക്കുറിപ്പുകള്‍ തുടര്‍ച്ചയായി നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ബ്ലോഗിങിന്റെ ജനനം എന്ന്‌ കരുതപ്പെടുന്നു. 'വെബ്‌ ലോഗ്‌' എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ 'റോബര്‍ട്ട്‌ വിസ്‌ഡം വെബ്‌ ലോഗി'ന്റെ എഡിറ്റര്‍ ജോണ്‍ ബാര്‍ഗര്‍ ആണ്‌.

1998-ല്‍ ആകെ മുപ്പതിനായിരം വെബ്‌ ലോഗുകളാണ്‌ നെറ്റില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ 50 ലക്ഷമാണെന്ന്‌ ബ്ലോഗുകളെപ്പറ്റി പഠനം നടത്തുന്ന 'ടെക്‌നോറാറ്റി' (Technorati) കണക്കുകൂട്ടുന്നു. യു.എസ്‌.ഗവേഷകസ്ഥാപനങ്ങളായ 'പ്യൂ ഇന്റര്‍നെറ്റ്‌', 'അമേരിക്കന്‍ ലൈഫ്‌' എന്നിവ സംയുക്തമായി നടത്തിയ പഠനപ്രകാരം, ഓരോ 5.8 സെക്കന്‍ഡിലും ഓരോ പുതിയ ബ്ലോഗ്‌ സൃഷ്ടിക്കപ്പെടുന്നു!

ആദ്യമൊക്കെ കൗമാരപ്രായക്കാരുടെ വെറുമൊരു ഹോബി മാത്രമായി അവഗണിക്കപ്പെട്ട ബ്ലോഗിങിന്റെ യഥാര്‍ഥ സാധ്യതകള്‍ വെളിവായിത്തുടങ്ങിയത്‌, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മറ്റ്‌ സങ്കേതങ്ങളുടെ വികാസത്തോടെയാണ്‌. പ്രത്യേകിച്ചും റിയലി സിംപിള്‍ സിന്‍ഡിക്കേഷന്‍ (ആര്‍.എസ്‌.എസ്‌) എന്ന സങ്കേതമാണ്‌ ബ്ലോഗുകള്‍ സൃഷ്ടിക്കുകയും പങ്കുവെയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ അതീവ ലളിതമാക്കിയത്‌. സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ തന്റെ സൃഷ്ടികള്‍ വെബ്ബില്‍ പ്രസിദ്ധീകരിക്കുക വളരെ ശ്രമകരമാണ്‌. സ്വന്തമായി സൈറ്റ്‌ വേണം, സെര്‍വര്‍ വേണം, സാങ്കേതിക പരിജ്ഞാനം വേണം. എന്നാല്‍, ബ്ലോഗിങിന്റെ ആവര്‍ഭാവത്തോടെ ഇവയെല്ലാം അപ്രസക്തമായി. ഒരു സാങ്കേതികജ്ഞാനവുമില്ലാത്തയാള്‍ക്കും സ്വന്തം രചനകള്‍ വെബ്ബില്‍ സൗജന്യമായി പ്രസിദ്ധീകരിക്കാനും മറ്റുള്ളവരിലെത്തിക്കാനും ബ്ലോഗിങ്‌ അവസരമൊരുക്കുന്നു. നിങ്ങള്‍ക്കൊരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനുമുണ്ടെങ്കില്‍, കോളമെഴുത്തുകാരനോ വിശകലന വിദഗ്‌ധനോ പ്രസാധകനോ ഒക്കെയാകാന്‍ നിങ്ങളെ ബ്ലോഗിങ്‌ സഹായിക്കും.

തുടക്കം തൊണ്ണൂറുകളിലാണെങ്കിലും, പുതിയ നൂറ്റാണ്ടോടെയാണ്‌ ബ്ലോഗിങ്‌ എന്നത്‌ സൈബര്‍സ്‌പേസിലെ ഒരു വിസ്‌മയമായി മാറിയത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ലോകത്തിന്‌ കരുതിവെച്ച അത്ഭുതങ്ങളിലൊന്നാണ്‌ ബ്ലോഗിങ്‌ എന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇനിയും പൂര്‍ണമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ വ്യാഖ്യാനിക്കാനും മനസിലാക്കാനും ശ്രമം നടക്കുമ്പോള്‍ തന്നെ, വ്യാഖ്യാനങ്ങളെ അപ്രസക്തമാക്കും വിധം ബ്ലോഗുകളുടെ എണ്ണവും വൈവിധ്യവും വര്‍ധിക്കുന്നു.

ആരും കരുതിയിരുന്നില്ല, സൈബര്‍സ്‌പേസിലെ പുതിയ പ്രതിഭാസം അതിന്റെ യഥാര്‍ഥ സാധ്യത കണ്ടെത്തുക സാക്ഷാല്‍ സദ്ദാം ഹുസൈന്റെ ബാഗ്‌ദാദില്‍ നിന്നായിരിക്കും എന്ന്‌. 2002 സപ്‌തംബറില്‍ 'സലാം പാക്‌സ്‌' എന്ന പേരില്‍ ഒരു അജ്ഞാതന്‍ 'ബാഗ്‌ദാദ്‌ ബ്ലോഗര്‍' എന്ന പേരിലൊരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ലോകം പുതിയൊരു മാധ്യമസാധ്യതയുടെ പിറവി ദര്‍ശിക്കുകയായിരുന്നു. സദ്ദാമിന്റെ അന്ത്യനാളുകളില്‍ ബാഗ്‌ദാദ്‌ എങ്ങനെയായിരുന്നു എന്നതിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം (മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും തരാന്‍ കഴിയാത്തത്‌) സലാം പാക്‌സ്‌ ലോകത്തിന്‌ നല്‍കി. ശരാശരി ഇറാഖികളുടെ വിഹ്വലതകളും ഉത്‌ക്കണ്‌ഠകളും ആശങ്കകളും ബാഗ്‌ദാദ്‌ ബ്ലോഗറിലൂടെ ലോകമറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിന്റെ യഥാര്‍ഥ വസ്‌തുതകളും മറ്റ്‌ മാധ്യമങ്ങള്‍ക്കൊന്നും നല്‍കാന്‍ കഴിയാത്തത്ര ഹൃദ്യമായി വിനിമയം ചെയ്യാന്‍ സലാം പാക്‌സിനായി.

ഒന്നാം ഗള്‍ഫ്‌ യുദ്ധകാലത്ത്‌ യുദ്ധം 'ലൈവ്‌' ആയി പ്രേക്ഷകന്‌ മുന്നിലെത്തിച്ച്‌ സി.എന്‍.എന്നും അതിന്റെ അധിപന്‍ ടെഡ്‌ ടേര്‍ണറും നായകരായെങ്കില്‍, രണ്ടാം ഗള്‍ഫ്‌ യുദ്ധത്തില്‍ മാധ്യമലോകത്തിന്‌ ലഭിച്ച നായകനാണ്‌ സലാംപാക്‌സ്‌. 'ബാഗ്‌ദാദ്‌ ബ്ലോഗറെ'പ്പറ്റി രചിക്കപ്പെട്ട 'സലാംപാക്‌സ്‌: ദി ക്ലാന്‍ഡെസ്റ്റൈന്‍ ഡയറി ഓഫ്‌ ആന്‍ ഓര്‍ഡിനറി ഇറാഖി' എന്ന പുസ്‌തകം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു. ആ ഗ്രന്ഥമിപ്പോള്‍ ഒരു ചലച്ചിത്രമാവുകയാണ്‌.

കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും പക്ഷേ, ബ്ലോഗുകള്‍ക്ക്‌ മാധ്യമപദവി കിട്ടുന്നത്‌ (കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും), കഴിഞ്ഞ വര്‍ഷം (2004) നടന്ന യു.എസ്‌.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പോടെയാണ്‌. ഡെമോക്രാറ്റിക്‌ കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 30 ബ്ലോഗര്‍മാര്‍ക്കും അക്രെഡിറ്റെഷന്‍ നല്‍കിയത്‌ ചരിത്രസംഭവമായി. ക്യാമറാഫോണുകളുടെ സഹായത്തോടെ അവിടെ നടന്ന സംഭവങ്ങള്‍ വളരെ വേഗം നെറ്റിലെത്തിച്ച്‌ ബ്ലോഗര്‍മാര്‍ കഴിവു തെളിയിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ ബുഷിന്റെയും ജോണ്‍ കെറിയുടെയും പക്ഷത്തുള്ളവര്‍ വെവ്വേറെ ബ്ലോഗുകള്‍ സൃഷ്ടിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ബി.ബി.സി.പോലുള്ള മാധ്യമസ്ഥാപനങ്ങള്‍, സ്വന്തം റിപ്പോര്‍ട്ടര്‍മാരോട്‌ തന്നെ തിരഞ്ഞെടുപ്പു ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ ചട്ടംകെട്ടി. അങ്ങനെ ശരിക്കും ഒരു സമാന്തര മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവമാര്‍ജിക്കാന്‍ യു.എസ്‌.തിരഞ്ഞെടുപ്പോടെ ബ്ലോഗിങിനായി.

2004 ഡിസംബര്‍ 26-ന്‌ ഇന്ത്യന്‍മഹാസമുദ്രമേഖലയിലുണ്ടായ സുനാമി ദുരന്തത്തിന്‌ ശേഷം, കാണാതായവരെ കണ്ടെത്താനും ദുരിതബാധിതര്‍ക്ക്‌ സഹായമെത്തിക്കാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്ലോഗര്‍മാര്‍ മറ്റുള്ളവരെ കടത്തിവെട്ടി. ഡയാന മേത്ത, പീറ്റര്‍ ഗ്രിഫിന്‍, ശ്രീലങ്കന്‍ ടെലിവിഷന്‍ നിര്‍മാതാവ്‌ ഡി മായിയോ എന്നിവരും ന്യൂഡല്‍ഹിയിലെ ഒരുസംഘം വിദ്യാര്‍ഥികളും സംയുക്തമായി രൂപംനല്‍കിയ 'സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ എര്‍ത്ത്‌ക്വേക്ക്‌ ആന്‍ഡ്‌ സുനാമി വെബ്ബ്‌ലോഗ്‌'(SEA-EAT) എന്ന ബ്ലോഗ്‌ ദുരിതബാധിതര്‍ക്ക്‌ രക്ഷാമാര്‍ഗമായി മാറുകയായിരുന്നു.

അടുത്തകാലം വരെ വന്‍കിട മാധ്യമങ്ങളോ വന്‍കിട കമ്പനികളോ ബ്ലോഗുകളെ ഗൗരവത്തോടെ കണ്ടിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പ്രമുഖപത്രങ്ങളുടെയും ടി.വി.ചാനലുകളുടെയും വെബ്ബ്‌സൈറ്റുകള്‍, ബ്ലോഗിങ്‌ സമ്പ്രദായംകൂടി സൈറ്റുകളില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍. ബ്ലോഗിങ്‌ സങ്കേതമുപയോഗിച്ചുള്ള ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. തെക്കന്‍ കൊറിയയില്‍നിന്നുള്ള www.ohmynews.com ഉദാഹരണം. ഓ ഇയോണ്‍ ഹോ എഡിറ്റുചെയ്യുന്ന ഈ വാര്‍ത്താസൈറ്റ്‌ തുടക്കത്തില്‍ 722 സിറ്റിസണ്‍ റിപ്പോര്‍ട്ടര്‍മാരുടെ സഹായത്താലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇപ്പോള്‍ അതിലെ റിപ്പോര്‍ട്ടര്‍മാരുടെ സംഖ്യ 3500 ആണ്‌. ബ്ലോഗിങിന്റെ സങ്കേതം പ്രയോജനപ്പെടുത്തി രംഗത്തെത്തിയ മറ്റൊരു വാര്‍ത്താസൈറ്റാണ്‌ 'വിക്കിന്യൂസ്‌' (wikinews).

രാജ്യത്തിന്റെ വിദൂരകോണുകളില്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ മുഖ്യധാരാമാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ പോലും ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്‌. 'ഞങ്ങള്‍ മാത്രം, വേറാരുമില്ല' എന്ന പരമ്പരാഗത മാധ്യമങ്ങളുടെ ഗര്‍വ്വിനാണ്‌ ഇത്തരം സമീപനത്തിനു മുന്നില്‍ ഉടവുതട്ടുന്നത്‌. മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ ബ്ലോഗുകള്‍ വഴി പലപ്പോഴും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.

-പത്രപ്രവര്‍ത്തകന്‍, മാര്‍ച്ച്‌ 2005