Monday, April 19, 2010

ബോധിവൃക്ഷത്തണലില്‍

ചെങ്കല്‍കുന്നു കയറി തെല്ലു ക്ഷീണത്തോടെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെത്തുന്നവരെ അവിടെ ആദ്യം സ്വാഗതം ചെയ്യുക തണലിന്റെ സ്വാന്തനമാണ്. ഹരിതാഭയുടെ സ്‌നേഹസാന്നിധ്യം ഈ കുന്നിന്‍പുറത്ത് എങ്ങനെയുണ്ടായി. ആരാണ് ഈ പച്ചപ്പ് ഇവിടെ സൃഷ്ടിച്ചത്. അതറിയാന്‍ തുടര്‍ന്നു വായിക്കുക.



തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് ഒരു തേന്മാവ് ഉള്ളതുപോലെ, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന് സ്വന്തമായി ഒരു 'ബോധിവൃക്ഷ'മുണ്ട്. കോളേജ് അങ്കണത്തില്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന ഈ വൃക്ഷത്തിന് പഴത തലമുറ എന്നോ കല്‍പ്പിച്ചു കൊടുത്ത ബോധിവൃക്ഷമെന്ന സ്ഥാനപ്പേര്, കോളേജിന്റെ ഇപ്പോഴത്തെ തലമുറ കുറെക്കൂടി പ്രതീകാത്മകമാക്കി മാറ്റിയിരിക്കുന്നു. ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനത്തിലാണ്ട ബുദ്ധപ്രതിമ ഇപ്പോള്‍ കാണാം. പുതിയ തലമുറ തണലേല്‍ക്കാനും സംസാരിച്ചിരിക്കാനും ഇടയ്ക്കിടെ ഇവിടെയെത്തുന്നു.

തണല്‍മരങ്ങള്‍ എല്ലായിടത്തുമുണ്ട് - കോളേജ് അങ്കണത്തിലും, പാതയോരങ്ങളിലും, കാമ്പസിന്റെ ഭാഗമായ കുന്നിന്‍ചെരിവിലുമെല്ലാം. വെയിലത്ത് ചെങ്കല്‍കുന്നു കയറി തെല്ലു ക്ഷീണത്തോടെ, ഗുരുവായൂരപ്പന്‍ കോളേജ് അങ്കണത്തിലെത്തുന്നവരെ ആദ്യം സ്വാഗതം ചെയ്യുക ഈ മരങ്ങളും അതു സമ്മാനിക്കുന്ന തണലിന്റെ സ്വാന്തനവുമാണ്.

കുന്നന്‍മുകളില്‍ താരതമ്യേന തരിശായ ചെങ്കല്‍പ്പരപ്പില്‍ ഇത്രയും മരങ്ങളും ഹരിതസാന്നിധ്യവും എങ്ങനെയുണ്ടായി എന്നാകും ഇവിടെ ആദ്യമെത്തുന്നവര്‍ അത്ഭുതപ്പെടുക. അതില്‍ അത്ഭുതമൊന്നുമില്ലെന്ന് മനസിലാക്കണമെങ്കില്‍ ഈ കാമ്പസിനെ ചൂഴ്ന്നു നില്‍ക്കുന്ന ഹരിതചിന്തകളെയും, അവയെ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ യത്‌നിക്കുന്ന അധ്യാപകരുടെയും അവര്‍ക്കൊപ്പം ആവേശത്തോടെ രംഗത്തുള്ള വിദ്യാര്‍ഥികളുടെയും വര്‍ഷങ്ങളായുള്ള സമര്‍പ്പിതപ്രവര്‍ത്തനങ്ങളെയും പറ്റി ചില കാര്യങ്ങള്‍ അറിയണം. ആ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തിരയിളക്കുമുണ്ട്. പ്രകൃതിയോട് മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്ന മനോഭാവത്തിന് വരേണ്ട മാറ്റത്തിന്റെ സന്ദേശമുണ്ട്. എല്ലാറ്റിനുമുപരി, ക്ലാസുമുറികള്‍ തടവറകളാക്കുന്ന സമകാലീന വിദ്യാഭ്യാസ ഭൂമികയില്‍, അതില്‍നിന്ന് വ്യത്യസ്തമായി, ഒരുപക്ഷേ, അപൂര്‍വമായി മാത്രം കണ്ടെത്താവുന്ന, പുതിയൊരു അവബോധത്തിന്റെ വ്യക്തമായ സൂചനകളുണ്ട്.

കോഴിക്കോട് പന്തീരാങ്കാവിനടുത്തുള്ള ചെങ്കല്‍കുന്നില്‍ ഗുരുവായൂരപ്പന്‍ കോളേജ് സ്ഥാനംപിടിക്കുന്നത് 1954-ലാണ്. 125 വര്‍ഷം നീളുന്ന കോളേജിന്റെ ചരിത്രത്തില്‍ നടന്ന ഒരു കൂടുമാറ്റമായിരുന്നു അത്. കുന്നിന്റെ മുകള്‍പ്പരപ്പിലാണ് കോളേജിന്റെ സ്ഥാനം. കുന്നിനെ ചുറ്റുന്ന നൂറേക്കളോളം വരുന്ന തരിശായ ചെരിവുകളാണ് കാമ്പസ്.

കോഴിക്കോടിന് തെക്കുമാറി ചുറ്റും ചക്രവാളം വരെ നോട്ടമെത്തുന്ന ഒരിടം. കോളേജ് അങ്കണത്തില്‍ കാണുന്ന പ്രായംചെന്ന മരങ്ങളൊക്കെ പഴയ തലമുറ നട്ടുവളര്‍ത്തിയവയാണ്. എന്നാല്‍, കാമ്പസിനെ ഹരിതാഭമാക്കാന്‍ സമഗ്രമായ രീതിയില്‍ ശ്രമമാരംഭിച്ചിട്ട് ഒരു വ്യാഴവട്ടം കഴിയുന്നതേയുള്ളു.

സന്നദ്ധപ്രവര്‍ത്തനങ്ങളും പുതിയ ആശയങ്ങളുംകൊണ്ട് തലമുറകള്‍ക്ക് ആവേശം പകരുകയും കോളേജില്‍ മുഴുവന്‍ ഒരു സ്‌നേഹസാന്നിധ്യം പോലെ നിറയുകയും ചെയ്യുന്ന പ്രൊഫ.ശോഭീന്ദ്രന്റെ അഭിപ്രായത്തില്‍, 1986-ല്‍ 'കാമ്പസ് റിസര്‍ച്ച് സെന്റര്‍' എന്നൊരു സംഘടന പ്രവര്‍ത്തനം ആരംഭിച്ചതുമുതലാണ് കാമ്പസിനെ പച്ചപ്പരപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള 'ഗ്രീന്‍കാമ്പസ് പ്രോഗ്രാമും', കോളേജിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന അന്തരിച്ച എ.സി.കെ.രാജയുടെ സ്മരണാര്‍ഥമുള്ള വാര്‍ഷിക അഖിലകേരള ചിത്രകലാക്യാമ്പും ഗുരുവായൂരപ്പന്‍ കോളേജില്‍ ആരംഭിക്കുന്നത്. 'ഒരു അക്കാദമിക് ഗവേഷണകേന്ദ്രമല്ല ഈ റിസര്‍ച്ച് സെന്റര്‍; പ്രവര്‍ത്തന ഗവേഷണകേന്ദ്രമാണ്'- പ്രൊഫ.ശോഭീന്ദ്രന്‍ പറയുന്നു.

നിയതമായ സംഘടനാചട്ടക്കൂടോ, ഔപചാരികമായ സ്ഥാനങ്ങളോ കാമ്പസ് റിസര്‍ച്ച് സെന്ററിനില്ല. 'ഓരോ സമയത്ത് ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍, പ്രായോഗികമെന്ന് കണ്ടാല്‍, നടപ്പാക്കുന്നു, അത്രമാത്രം'-ഒലിവ് ഗ്രീന്‍ വസ്ത്രം മാത്രം സ്ഥിരമായി ധരിക്കുകയും അതുവഴി തന്റെ മനസിലെ ഹരിതാഭ വേഷത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ഈ സാമ്പത്തികശാസ്ത്ര അധ്യാപകന്‍ അറിയിക്കുന്നു.

കാമ്പസ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കാമ്പസില്‍ വര്‍ഷം തോറും വൃക്ഷതൈകള്‍ നടുന്നത്. കാമ്പസ് ഒരു ചെങ്കല്‍പ്പരപ്പ് ആയതിനാല്‍ മുഴുവന്‍ സ്ഥലത്തും തൈ നടുക അസാധ്യം. 'അതിന് മണ്ണുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യുക'-ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകാറുള്ള ഷിജി അറിയിക്കുന്നു. ഹിന്ദി ഹിസ്റ്ററി മൂന്നാംവര്‍ഷം ബിരുദ വിദ്യാര്‍ഥിയാണ് ഷിജി. 'പലതരം തൈകള്‍ നടും; കശുമാവും തേക്കും എല്ലാം'. കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം തൈകള്‍ നട്ടു. അതില്‍ കുറെയെണ്ണം വേരുപിടിച്ചു. 'ഈ വര്‍ഷവും മഴ തുടങ്ങിയതിന് ശേഷം തൈകള്‍ നട്ടു'-ഷിജി അറിയിക്കുന്നു.

പ്രൊഫ. ശോഭീന്ദ്രന്‍ മാത്രമല്ല, കോളേജിലെ ഏതാണ്ടെല്ലാ അധ്യാപകരുടെയും പിന്തുണ ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. 'അതല്ലെങ്കില്‍, ക്ലാസ് മുറിക്ക് പുറത്ത്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമായിരുന്നില്ല'-സാമ്പത്തിക ശാസ്ത്രം രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഷാജി പറയുന്നു. കാമ്പസ് റിസര്‍ച്ച് സെന്ററിനൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ഇവിടെ എന്‍.എസ്.എസ്.യൂണിറ്റും സജീവമാണ് (പ്രൊഫ.ശോഭീന്ദ്രനാണ് ഇവിടുത്തെ എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍).

കാമ്പസിലെ ഹിരിതവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കടുത്ത ഭീഷണി, വേനല്‍ക്കാലത്ത് കുന്നിന്‍ചെരുവില്‍ പടര്‍ന്നുപിടിക്കുന്ന തീയാണ്. ചെങ്കല്‍പ്പരപ്പുകളില്‍ മഴക്കാലത്ത് ഒരിനം പുല്ല് തിങ്ങി വളരും. വേനലാകുന്നതോടെ ഇവ കരിഞ്ഞുണങ്ങും. ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിയുന്ന ഒരു സിഗരറ്റുകുറ്റി മതി കാമ്പസിലാകെ തീ പടരാന്‍.

വിദ്യാര്‍ഥികള്‍ വിയര്‍പ്പൊഴുക്കി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ തീയില്‍പെട്ട് നശിക്കും. ഇതിനെതിരെ നിതാന്തജാഗ്രത കൂടിയേ തീരൂ. 'എങ്ങനെയായാലും ഉണങ്ങിയ പുല്‍പ്പരപ്പുകള്‍ കത്തിയമരുക തന്നെ വേണം. അപകടം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ പുല്ലിന് തീ കൊടുക്കുകയാണ് പതിവ്'-ഷാജി പറയുന്നു.

വേനലിന്റെ ആരംഭത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിതമായി കാമ്പസില്‍ നടത്തുന്ന ഈ 'അഗ്നിശുദ്ധി'ക്ക് നൈറ്റ്ക്യാമ്പുകള്‍ തന്നെ സംഘടിപ്പിക്കാറുണ്ട്.

വൃക്ഷതൈകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി അവയുടെ ചുവട്ടില്‍ കുറച്ച് വിസ്തൃതിയില്‍ പുല്ല് പറിച്ചു മാറ്റും. അപകടകരമായ വിധത്തില്‍ തീപടരാതെ തല്ലിക്കെടുത്താനായി പച്ചിലക്കമ്പുകളുംകൊണ്ട് വിദ്യാര്‍ഥികള്‍ കാമ്പസിന് ചുറ്റും രാത്രിയില്‍ കാവല്‍ നില്‍ക്കും. എന്നിട്ട്, പുല്‍പ്പരപ്പിന് തീ കൊളുത്തും. 'എല്ലാ വര്‍ഷവും ഇതിനായി ഞങ്ങള്‍ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്'-പ്രൊഫ.ശോഭീന്ദ്രന്‍ അറിയിക്കുന്നു.

ഇത്രയും ത്യാഗം സഹിക്കാന്‍ സന്നദ്ധരായ വിദ്യാര്‍ഥികളും അതിന് നേതൃത്വം നല്‍കാന്‍ മടിയില്ലാത്ത അധ്യാപകരുമുള്ള ഒരു കോളേജിന്റെ കാമ്പസില്‍ തണല്‍ പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. ഗുരുവായൂരപ്പന്‍ കോളേജ് തീര്‍ച്ചയായും ഈ തണലും ഹരിതാഭയും അര്‍ഹിക്കുന്നു.
-മാതൃഭൂമി, കലാശാലാ ഫീച്ചര്‍, സപ്തംബര്‍ 20, 1999

-------

പിന്‍കുറിപ്പ്: ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് വിരമിച്ചെങ്കിലും പ്രൊഫ.ശോഭീന്ദ്രന്‍ ഇന്നും കോഴിക്കോട്ടെ ഹരിതക്യാമ്പയിനുകളുടെ മുന്‍നിരയില്‍ തന്നെയുണ്ട്, വിശ്രമമില്ലാതെ.