കോപ്പന്‍ഹേഗനില്‍ 2009 ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ആകാംക്ഷയോടെ കാക്കുകയാണ്. ആഗോളതാപനം ചെറുക്കാന്‍ ക്യോട്ടോ ഉടമ്പടിക്ക് ശേഷം എന്തുവേണം എന്ന് തീരുമാനിക്കാനുള്ള സുപ്രധാന ഉച്ചകോടിയാണ് ഡിസംബറിലേത്. ഈ പശ്ചാത്തലത്തില്‍, ക്യോട്ടോ ഉച്ചകോടിയെക്കുറിച്ചുള്ള 11 വര്‍ഷം മുമ്പത്തെ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.
പണത്തിന് മുകളില്‍ പരുന്തിന് മാത്രമല്ല പരിസ്ഥിതിക്കും സ്ഥാനമില്ലെന്ന് ലോകത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു 1997 ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ ജപ്പാന്റെ പഴയ തലസ്ഥാനമായ ക്യോട്ടോവില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ (green house gases) അന്തരീക്ഷത്തില്‍ അമിതമായി വ്യാപിക്കുന്നതിനാലുണ്ടാകുന്ന ആഗോളതാപനം (Global Warming) അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ മാരകമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് വിധേയമാക്കുമെന്നും ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഉയരുമെന്നുമുള്ള ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉച്ചകോടി നടന്നത്.
1995-ല്‍ ബെര്‍ലിനിലും 1996-ല്‍ ജനീവയിലും നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP) എന്നറിയപ്പെടുന്ന, ആഗോള കാലാവസ്ഥാസമ്മേളനത്തിന്റെ മൂന്നാംവട്ട ചര്‍ച്ചകളാണ് ക്യോട്ടോ (COP-3) യില്‍ നടന്നത്.
ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം സമയബന്ധിതമായി കുറയ്ക്കാനുള്ള പരിധി നിശ്ചയിക്കുക, അക്കാര്യം വ്യവസായ-വികസിത രാഷ്ട്രങ്ങളുടെ (എണ്ണം 38) നിയമപരമായ ബാധ്യതയാക്കി മാറ്റുന്ന ഉടമ്പടിക്ക് രൂപംനല്‍കുക എന്നീ സുപ്രധാന ദൗത്യങ്ങളായിരുന്നു ക്യോട്ടോ ഉച്ചകോടിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, 156 രാഷ്ട്രങ്ങളില്‍നിന്ന് അയ്യായിരിത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടിക്ക് മുമ്പ് നടന്നിട്ടുള്ള ഏത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തെക്കാളും പ്രാധാന്യം കൈവന്നു.
വാദങ്ങള്‍
ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലെ പരിധി വെച്ച് 2010 ആകുമ്പോഴേക്കും 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, 2005 ആകുമ്പോഴേക്കും ഈ വാതകങ്ങള്‍ 20 ശതമാനം കണ്ട് കുറച്ചില്ലെങ്കില്‍ ലോകഭൂപടത്തില്‍ നിന്ന് തങ്ങളുടെ രാജ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് ചെറുദ്വീപ് രാജ്യങ്ങള്‍ (small Island Nations) വിലപിച്ചു. 2.5 ശതമാനം കുറവേ 2010 ആകുമ്പോഴേക്കും സാധ്യമാകൂ എന്ന് ജപ്പാന്‍. കുറയ്ക്കാന്‍ എതായാലും കഴിയില്ല, എന്നാല്‍ 2012 ആകുമ്പേഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലേതിന് തുല്യമാക്കാനാകുമോ എന്ന് നോക്കാമെന്ന് അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക. ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡില്‍ 80 ശതമാനവും പുറന്തള്ളുന്നത് ലോകജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള വികസിത രാഷ്ട്രങ്ങളാണെന്നും, അതിനാല്‍ പാപം ചെയ്യുന്നവര്‍ തന്നെ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാകണമെന്നും ജി-77 രാഷ്ട്രങ്ങള്‍. ക്യോട്ടോ ഉച്ചകോടിയിലും അതിന് മുമ്പും ഉയര്‍ന്നുകേട്ട വാദഗതികളുടെയും വിലപേശലിന്റെയും സാമാന്യരൂപം ഇതാണ്.
കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സയിഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മീഥേന്‍ വാതകവും നൈട്രസ് ഓക്‌സയിഡും മറ്റ് ചില കൃത്രിമ വാതകങ്ങളും ആഗോളതാപനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും കാര്‍ബണ്‍ഡയോക്‌സയിഡ് ആണ് യഥാര്‍ഥ വില്ലന്‍.
കാരണം സസ്യങ്ങളും സമുദ്രവും ആഗിരണം ചെയ്യുന്നില്ലെങ്കില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് നൂറ് വര്‍ഷം വരെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുത-വാഹന-വ്യവസായങ്ങളുടെ അടിത്തറയില്‍ കൈവെയ്ക്കുക എന്നാണര്‍ഥം. അമേരിക്ക പോലെ, ഫോസില്‍ ഇന്ധനങ്ങള്‍ സമ്പദ്ഘടനയുടെ ആണിക്കല്ലായ ഒരു രാജ്യം, കാര്‍ബണ്‍ഡയോക്‌സയിഡ് വ്യാപനം കുറയ്ക്കണമെന്ന് കേള്‍ക്കുമ്പോള്‍ ഭയാനകമായി പ്രതികരിക്കുക സ്വാഭാവികം മാത്രം.
ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വികസ്വരരാഷ്ട്രങ്ങളും തയ്യാറാകുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ചുള്ള ഒരു ഉടമ്പടിയും അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ഓഗസ്തില്‍ അമേരിക്കന്‍ സെനറ്റ് നല്‍കിയ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രതിനിധിസംഘം ക്യോട്ടോയിലെത്തിയത്. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ട യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാടിന് ധാര്‍മികമായ വ്യക്തതയുണ്ടായിരുന്നു.
അമേരിക്കയുടെ തന്ത്രം
പ്രചരിപ്പിക്കപ്പെടും പോലെ പരിസ്ഥിതി വിരുദ്ധമല്ല അമേരിക്കന്‍ നിലാപാട് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകണം, അറിയപ്പെടുന്ന പരിസ്ഥിതി വാദിയായ അമേരിക്കന്‍ വൈസ്പ്രസിഡിന്റ് അല്‍ ഗോര്‍ തന്നെ ക്വോട്ടോ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തി. ഭൂഗോളം ചൂടുപിടിക്കുന്നതോ, ഭാവി ഇരുളടയുന്നതോ ഒന്നുമല്ല, അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം, ആ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താത്പര്യങ്ങളാണെന്ന് ഒന്നുകൂടി വ്യക്തമാക്കാനോ അല്‍ ഗോറിന്റെ ക്യോട്ടോ സന്ദര്‍ശനം സഹായിച്ചുള്ളു. വരുംനാളുകളില്‍, ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ചുമലില്‍ മാത്രം കെട്ടിവെച്ച് രക്ഷപ്പെടാന്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് കഴിയില്ലെന്നും അല്‍ ഗോര്‍ പരോക്ഷമായി സൂചിപ്പിച്ചു.
എന്തൊക്കെ വിലപേശല്‍ നടന്നാലും ശരി, ആഗോളതാപനത്തെ സംബന്ധിച്ച് അമേരിക്ക കൈക്കൊള്ളുന്ന നിലപാടാകും വരും നൂറ്റാണ്ടുകളില്‍ ഭൂഗോളത്തിന്റെ ഭാവി നിര്‍ണയിക്കുക എന്നകാര്യം മുമ്പുതന്നെ വ്യക്തമായിരുന്നു. കാരണം ലോകജനസംഖ്യയില്‍ വെറും 4.7 ശതമാനം മാത്രമുള്ള അമേരിക്കയാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ 25 ശതമാനവും പുറന്തള്ളുന്നത്. രണ്ടാം സ്ഥാനം യൂറോപ്പിനാണ്; 19.6 ശതമാനം.
വ്യാതകവ്യാപനത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍ ഇവയാണ്. ചൈന - 13 ശതമാനം (ലോകജനസംഖ്യയില്‍ 21.5 ശതമാനം); മുന്‍സോവിയറ്റ് യൂണിയന്‍ - 10.2 ശതമാനം (ലോകജനസംഖ്യയില്‍ 5 ശതമാനം); ജപ്പാന്‍ - 5.6 ശതമാനം (ലോകജനസംഖ്യയില്‍ 2.2 ശതമാനം); ഇന്ത്യ - 3.6 ശതമാനം (ലോകജനസംഖ്യയില്‍ 16.3 ശതമാനം); ഇംഗ്ലണ്ട് - 2.5 ശതമാനം (ലോകജനസംഖ്യയില്‍ 1.02 ശതമാനം): കൊറിയ - 2.2 ശതമാനം (ലോകജനസംഖ്യയില്‍ 0.8 ശതമാനം); കാനഡ - 2.1 ശതമാനം (ലോകജനസംഖ്യയില്‍ 0.5 ശതമാനം).
ഹരിതഗൃഹവാതക വ്യാപനം തടയാന്‍ നിയമാനുസൃത പരിധി സാധ്യമല്ലെന്ന അമേരിക്കയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി 2008-2012 കാലയളവില്‍ 1990-ലെ കണക്ക് വെച്ച് ആഗോളതലത്തില്‍ 5.2 ശതമാനം കുറവ് ഈ വാതകങ്ങളുടെ അളവില്‍ വരുത്തണമെന്ന് ഒടുവില്‍ ക്യോട്ടോ ഉച്ചകോടി ധാരണയിലെത്തി.
ആഗോളതാപനം മൂലം അടുത്ത രണ്ട് നൂറ്റാണ്ടില്‍ എന്തൊക്കെ വിനാശങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നതെന്ന ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ 'മല എലിയെ പ്രസവിച്ചതുപോലെ' ഒരു സംഗതി മാത്രമാണ് ഈ 5.2 ശതമാനം കുറവെന്ന ആക്ഷേപം ഉയര്‍ന്നു. ക്യോട്ടോ ഉടമ്പടി ഒരു 'ദുരന്തവും പ്രഹസനവു'മാണെന്ന് ഗ്രീന്‍ പീസ് അഭിപ്രായപ്പെട്ടു.
രൂക്ഷമായ വിലപേശലുകള്‍ക്ക് ശേഷം ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് 5.2 ശതമാനം പരിധി ക്യോട്ടോയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, നിയമപരമായി ഇക്കാര്യം 38 വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവും ക്യോട്ടോ ഉച്ചകോടി ആവിഷ്‌ക്കരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ബ്യൂണസ് ഐറിസില്‍ നടക്കുന്ന അടുത്ത കാലാവസ്ഥാസമ്മേളനത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് പലരും തടിതപ്പുകയായിരുന്നു.
വ്യവസായ ഭീമന്‍മാരുടെ താത്പര്യം
അന്താരാഷ്ട്ര സമ്മര്‍ദത്തിന് വശപ്പെട്ട് ക്യോട്ടോ ഉടമ്പടിക്ക് സമ്മതിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അമേരിക്ക കൈക്കൊണ്ട നയങ്ങള്‍ പരിശോധിച്ചാല്‍ ഭാവിയില്‍ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാനായി ആ രാജ്യം മുന്നോട്ട് വെച്ചേക്കാവുന്ന നിര്‍ദേശങ്ങളെ വികസ്വര രാഷ്ട്രങ്ങള്‍ കരുതലോടെ വേണം സമീപിക്കാന്‍. കാരണം അമേരിക്കന്‍ നയങ്ങളെന്നത് ക്ലിന്റന്റെയോ അല്‍ഗോറിന്റെയോ നയങ്ങളല്ല, അവര്‍ക്ക് പിന്നില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന വ്യവസായ ഭീമന്‍മാരുടെ നയങ്ങളാണ്.
ഉദാഹരണത്തിന് വാതകവ്യാപനം തടയാനായി ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്ന അനേകം അമേരിക്കന്‍ വ്യവസായ ഭീമന്‍മാരില്‍ ഒന്ന് ജനറല്‍ മോട്ടോഴ്‌സ് ആണ്. ആ കമ്പനിയുടെ വാര്‍ഷിക വരുമാനം 16882.9 കോടി ഡോളര്‍ വരും (ഏതാണ്ട് 6,75816 കോടി രൂപ). തുര്‍ക്കി, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, ഹോങ്കോങ്, നോര്‍വ്വെ എന്നീ രാഷ്ട്രങ്ങളുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി)ക്കാള്‍ കൂടുതലാണ് ഇതെന്ന് ഗ്രീന്‍പീസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
നഷ്ടം നേരിടേണ്ടി വരുന്ന മറ്റൊരു അമേരിക്കന്‍ സ്ഥാപനമായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ വാര്‍ഷികവരുമാനം 13750 കോടി ഡോളര്‍ (5,50000 കോടി രൂപ) ആണ്. ദക്ഷിണാഫ്രിക്ക, ഫിന്‍ലന്‍ഡ്, പോളണ്ട്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയെ ഇത് കവച്ചുവെയ്ക്കും.
യഥാര്‍ഥത്തില്‍ അമേരിക്കയുമായല്ല, അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യവസായ ഭീമന്‍മാരുമായാണ് ഭൂമിയുടെ ഭാവിക്കുവേണ്ടിയുള്ള വിലപേശല്‍ ക്യോട്ടോവില്‍ നടന്നതും, ഭാവിയില്‍ നടക്കാനിരിക്കുന്നതും.
മുന്നറിയിപ്പുകള്‍
ആഗോളതാപനത്തെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പാനല്‍ തയ്യാറാക്കിയതും ലോകത്താകമാനമുള്ള 2400-ഓളം ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഹിരിതഗൃഹവാതകങ്ങളുടെ അളവ് 30 ശതമാനം ഇപ്പോള്‍ കുറച്ചില്ലെങ്കില്‍, 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈ വാതകങ്ങളുടെ സാന്ദ്രത ഇരട്ടിയാകുമെന്നാണ്. അന്തരീക്ഷ താപനില ഒരു ഡിഗ്രി സെല്‍സിയസ് മുതല്‍ 3.5 ഡിഗ്രി വരെ വര്‍ധിക്കാന്‍ ഇത് കാരണമാകും. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതുമൂലം ആഗോളതാപനത്തിന്റെ ബാക്കി എല്ലാ കെടുതികളും മാറ്റിവെച്ചാലും മാലെദ്വീപ് അടക്കമുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളുടെ (small island nations) നിലനില്‍പ്പ് അപകടത്തിലാകും.
ക്യോട്ടോയില്‍ ഏറ്റവും ഉത്ക്കണ്ഠയോടെയും വേവലാതിയോടെയും എത്തിയത് ഈ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. ലോകത്തെ 31 ചെറുദ്വീപ് രാഷ്ട്രങ്ങളുടെ ആഭ്യന്തരമൊത്ത ഉത്പാദനം കൂട്ടിയാല്‍ 14910 കോടി ഡോളറേ വരൂ. എന്നുവെച്ചാല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ വരുമാനത്തെക്കാള്‍ കുറവ്. സാമ്പത്തിക മാനങ്ങള്‍ക്ക് ഭൂമിയുടെ നിലനില്‍പ്പിനെക്കാള്‍ പ്രാധാന്യം ലഭിക്കുന്നിടത്ത് ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക? സമുദ്രത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളുടെയോ അതോ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരുടെയോ?
ക്യോട്ടോ ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് അവിടുത്തെ ഫോസില്‍ ഇന്ധനവ്യവസായ ലോബി മുന്‍പേ തന്നെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ നിയമാനുസൃതമായ പരിധി നിശ്ചയിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരിക അമേരിക്കയ്ക്കായിരിക്കും, അല്ലാതെ ഇന്ത്യയോ ചൈനയോ ഒന്നുമായിരിക്കില്ല എന്നാണ് അവര്‍ വാദിച്ചത്.
ഗ്ലോബല്‍ ക്ലൈമറ്റ് ഇന്‍ഫര്‍മേഷന്‍ പ്രോജക്ട് എന്നൊരു പദ്ധതി അമേരിക്കയിലുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അതിന്റെ നടത്തിപ്പ്. ആഗോളതാപനത്തിന്റെ പേരില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ ഇളകുമെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനായി മാത്രം ഈ സംഘടന ഒരു വര്‍ഷം ചെലവാക്കുന്നത് ഏതാണ്ട് 52 കോടി രൂപയാണ്. അമേരിക്കയിലെ 250-ഓളം കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രാതിനിധ്യമുള്ള ഗ്ലോബല്‍ ക്ലൈമറ്റ് കോയലീഷന്റെ ചെയര്‍മാന്‍ വില്യം എഫ്. ഒകീഫ് പറഞ്ഞത് അമേരിക്കന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് ക്യോട്ടോ ഉടമ്പടി എന്നാണ്.
ഒടുവില്‍ ലോകത്തിന്റെ മുഴുവന്‍ ശാപം ഭയന്നാകണം വാതകവ്യാപനം ഏഴ് ശതമാനം കുറയ്ക്കാന്‍ അമേരിക്ക ക്യോട്ടോയില്‍ സമ്മതിച്ചു (ഇക്കാര്യം അമേരിക്കന്‍ സെനറ്റ് അംഗീകരിക്കുമോ എന്നത് ഇപ്പോഴും ഉറപ്പില്ല). ഇത് അംഗീകരിക്കുമ്പോള്‍ തന്നെ, വികസ്വരരാഷ്ട്രങ്ങള്‍ സ്വമേധയാ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കണമെന്നും, വാതകവ്യാപനം കുറയ്ക്കുന്നത് പോലും വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന 'എമിഷന്‍സ് ട്രേഡിങ്' ഉള്‍പ്പെടുത്തണമെന്നും അമേരിക്ക വാദിച്ചു. ജി-77 രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അക്കാര്യം ഉടമ്പടിയുടെ വ്യവസ്ഥകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.
ഈ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉടമ്പടി ഭൂമിയുടെ താപം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.
1992 ജൂണില്‍ റിയോ ഡിജനീറോവില്‍ നടന്ന ഭൗമഉച്ചകോടിയില്‍ 154 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചിത്രം ലോകത്തിന് മുന്നിലുണ്ട്. 2000-ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വാതകം 1990-ലേതിന് തുല്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ഉടമ്പടി. ഇതിന് വിരുദ്ധമായി 1995 ആയപ്പോഴേക്കും ജപ്പാന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് 8.3 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. 1996-ല്‍ മാത്രം വാതകങ്ങളുടെ അളവ് അമേരിക്കയില്‍ 3.4 ശതമാനം വര്‍ധിച്ചു.
ഭൗമഉച്ചകോടിയില്‍ അംഗീകരിച്ച ഉടമ്പടിയുടെ ഗതിയാണ് ക്യോട്ടോ ഉടമ്പടിക്കും ഉണ്ടാകുന്നതെങ്കില്‍, ലോകം ഇനി കഠിനവും വേദനാജനകവുമായ അനുഭവങ്ങള്‍ക്ക് തയ്യാറാവുക മാത്രമേ ചെയ്യേണ്ടതുള്ളു.
ഭൂമി ഇനിയും ചൂടായാല്‍
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്നിധ്യം ഒരളവുവരെ ആവശ്യമാണ്. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതിഗൃഹവാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില ഇപ്പോഴത്തേതിലും 33 ഡിഗ്രി സെല്‍സിയസ് കുറവാകുമായിരുന്നു.
പക്ഷേ, കാര്‍ബണ്‍ഡയോക്‌സയിഡ് അമിതമായി പുറന്തള്ളപ്പെടുന്നത് അപകടകരമാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയത് നോബല്‍ സമ്മാനജേതാവായ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍തേ അറീനിയസ് ആണ്, 1898-ല്‍. ഒരു ഹരിതഗൃഹ (ഗ്രീന്‍ഹൗസ്)ത്തിന്റെ കണ്ണാടിപ്പാളികള്‍ താപത്തെ തടഞ്ഞു നിര്‍ത്തും പോലെ, അന്തരീക്ഷത്തിലെത്തന്ന സൂര്യതാപത്തെ കാര്‍ബണ്‍ഡയോക്‌സയിഡ് തടഞ്ഞുനിര്‍ത്തി അന്തരീക്ഷ താപനില വര്‍ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അറീനിയസ് ഇക്കാര്യം കണ്ടെത്തുന്ന കാലത്ത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 270 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ അത് 360 പി.പി.എം. ആയിരിക്കുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് 0.5 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് നിസ്സാരമായി തോന്നാം. പക്ഷേ, ദിനോസറുകള്‍ അടക്കമുള്ള ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ ഹിമയുഗത്തിന് കാരണമായത് അന്തരീക്ഷ താപനിലയിലുണ്ടായ വെറും മൂന്ന് ഡിഗ്രി സെല്‍സിയസിന്റെ കുറവായിരുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1860-കള്‍ക്ക് ശേഷം ഭൂമിയില്‍ ഏറ്റവും ചൂടേറിയ വര്‍ഷം 1997 ആയിരുന്നു എന്നത് എന്തിന്റെ സൂചനയാണ്?
എഴുപതുകള്‍ വരെ ഹരിതഗൃഹവാതകങ്ങള്‍ ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് ശേഷമാണ് ആഗോളതാപനത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍ക്ക് ലോകവേദികളില്‍ സ്ഥാനം ലഭിക്കുന്നത്. ആഗോളതാപനം എന്നുന്നുണ്ടോ എ്ന്ന വിവാദത്തിനായിരുന്നു ആദ്യകാലത്ത് പ്രധാന്യം. ഒടുവില്‍, ലോകകാലാവസ്ഥാ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1988-ല്‍ നിലവില്‍ വന്ന 2400 ശാസ്ത്രജ്ഞര്‍ അടങ്ങിയ അന്താരാഷ്ട്ര പാനല്‍ (യു.എന്‍. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്-IPCC) 1996-ല്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ട് ആണ് ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന് പഴുതില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്. ആഗോളതാപനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.
ഇന്നത്തെ നില തുടര്‍ന്നാല്‍ 2100-ാം ആണ്ടോടെ അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍സിയസ് വരെ വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതിന്റെ പ്രതാഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. മുംബൈ, ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെയും കുറെ ഭാഗം വെള്ളത്തിലാകും. മാലെദ്വീപും മെഡിറ്റനേറിയന്‍ കടലോരങ്ങളും അപ്രത്യക്ഷമാകും. സഹാറ മരുഭൂമി മെഡിറ്റിനേറിയന്‍ കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ ഓര്‍മ മാത്രമാകും.
അന്തരീക്ഷ താപനില ഉയരുമ്പോള്‍ സമുദ്രവിതാനം ഉയരുക മാത്രമല്ല ഉണ്ടാവുക. ബാഷ്പീകരണം ഏറുന്നതിനാല്‍ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കും. അത്, ആഗോളകാലാവസ്ഥയെ തകിടം മറിക്കും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും, റഷ്യയിലെയും കാനഡയിലെയും അവശേഷിക്കുന്ന വനമേഖലകള്‍ക്ക് കഠിനമായ ക്ഷതമേല്‍ക്കും. കൃഷിയിടങ്ങള്‍ ഈ രാജ്യങ്ങളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങും. പലയിടത്തും രൂക്ഷമായ വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.
'എര്‍ത്ത് ആക്ഷന്‍' എന്ന സാമൂഹിക-പരിസ്ഥിതി സംഘടന നടത്തുന്ന പഠനങ്ങള്‍ കാണിക്കുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. ഇതേ കാരണത്താല്‍ മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും നാശം നേരിടും.
ഇവയൊക്കെ പ്രവചനങ്ങളില്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെങ്കിലും, ശ്രദ്ധിച്ചാല്‍ ദുരന്തം അടുത്തു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകൃതിയില്‍ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പത്തുവര്‍ഷം മുമ്പത്തേക്കാള്‍ ഇപ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ വസന്തം എത്തുന്നത് ഒരാഴ്ച നേരത്തേയാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവത്തില്‍ മാറ്റം ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ വെസ്റ്റില്‍ കാണപ്പെടുന്ന 'എഡിത്‌സ് ചെക്കല്‍സ്‌പോട്ട്' എന്ന ചിത്രശലഭം ഇപ്പോള്‍ അതിന്റെ താമസസ്ഥലം 200 കിലോമീറ്റര്‍ വടക്കുഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. കോസ്റ്റാറിക്കയുടെ താഴ്ന്ന വിതാനങ്ങളിലെ പക്ഷികള്‍ ഉയരംകൂടിയ പര്‍വതഭാഗത്തേക്ക് തണുപ്പ് തേടി മാറി താമസിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചിരിക്കുന്നു...ഇവയൊക്കെ പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്ന് ശാസ്ത്രലോകം കരുതുന്നു.
യൂറോപ്പ് വഴികാട്ടുന്നു
ആഗോളതാപനത്തിനിട നല്‍കുന്ന ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ശരിയായ ദിശയിലാണ്. അതിന്റെ തെളിവാണ്, അമേരിക്ക അടക്കമുള്ള മറ്റ് വികസിത രാഷ്ട്രങ്ങള്‍ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വ്യഗ്രത കാട്ടുമ്പോള്‍, ഹരിതഗൃഹവാതകങ്ങള്‍ അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്യൂണിറ്റി (ഇ.യു) രാജ്യങ്ങള്‍ ചങ്കൂറ്റത്തോടെ പറഞ്ഞത്.
അമിതമായി CO2 പുറന്തള്ളുന്ന കല്‍ക്കരി വൈദ്യുതനിലയങ്ങളെക്കാള്‍ ലാഭകരവും മലിനീകരണം കുറഞ്ഞതും പ്രകൃതിവാതക വൈദ്യുതനിലയങ്ങളാണെന്ന് യൂറോപ്പ് മനസിലാക്കി കഴിഞ്ഞു. ആഞ്ഞുവീശുന്ന കാറ്റിന്റെ ഊര്‍ജസാധ്യത പ്രയോജനപ്പെടുത്തിയാല്‍ അത് ആഗോളതാപനത്തെ ചെറുക്കാനുള്ള അനേകം മാര്‍ഗങ്ങളില്‍ ഒന്നാകുമെന്നും അവര്‍ മനസിലാക്കിയിരിക്കുന്നു. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍, സൗരോര്‍ജത്തിന്റെ പ്രയോജനപ്പെടുത്തല്‍ ഇങ്ങനെ നൂറുനൂറ് കാര്യങ്ങള്‍ ഭൂമുഖത്തെ കഠിനമായ കാലാവസ്ഥാമാറ്റങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്പ് അംഗീകരിച്ചിരിക്കുന്നു.
രാഷ്ട്രീയ ഇച്ഛാശക്തിയേക്കാളേറെ, CO2 കുറഞ്ഞ അളവില്‍ പുറന്തള്ളുന്ന സാങ്കേതികവിദ്യകളുടെ സാമ്പത്തിക-കമ്പോള സാധ്യതകളാണ്, യാദൃശ്ചികമാണെങ്കിലും, യൂറോപ്പിന്റെ അന്വേഷണം ശരിയായ ദിശയില്‍ തിരിച്ചുവിട്ടത്. ചരിത്രപരമായ ചില ഘടകങ്ങളും ഇക്കാര്യത്തില്‍ യൂറോപ്പിന്റെ സഹായത്തിനെത്തി. ഉദാഹരണത്തിന്, കല്‍ക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്ക് പകരം വാതകനിലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചതില്‍ മുന്‍പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. 1985-ല്‍ കല്‍ക്കരി വ്യവസായത്തിനുള്ള സബ്‌സിഡി എടുത്തുകളയുമ്പോള്‍ ബ്രിട്ടന്റെ ഉരുക്കുവനിതയുടെ മനസിലുണ്ടായിരുന്നത് വടക്കന്‍ സമുദ്രമേഖലയിലെ പ്രകൃതിവാതകത്തിന്റെ വന്‍ നിക്ഷേപമായിരുന്നു എന്നത് വാസ്തവം.
കമ്യൂണിസത്തിന്റെ തകര്‍ച്ചയും ബെര്‍ലിന്‍ മതിലിന്റെ നാശവും ജര്‍മനി വീണ്ടും ഒറ്റ രാജ്യമാകാന്‍ കാരണമായി. ഈ മാറ്റത്തോടൊപ്പം കിഴക്കന്‍ ജര്‍മനിയിലെ കാലഹരണപ്പെട്ട അനേകം താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയത് യൂറോപ്പിനെ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ ഏറെ സഹായിച്ചു.(CO2 പുറന്തള്ളുന്ന കാര്യത്തില്‍ ലോകത്ത് വൈദ്യുത മേഖലയ്ക്കാണ് മൂന്നാംസ്ഥാനം; ഇതിന് പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങളാണ്).
ഇതിനെല്ലാമുപരി, യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിപ്രാപിച്ച ഹരിതാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും അംഗീകാരം നേടിക്കൊടുത്തു. രണ്ടായിരാമാണ്ടാകുമ്പോഴേക്കും രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ 34 ശതമാനം പരിസ്ഥിതി-സൗഹൃദ വാതകനിലയങ്ങള്‍ വഴി സാധ്യമാക്കാന്‍ ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. ബ്രിട്ടന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ഇതുവഴി നേര്‍പകുതിയാകും. ഇന്ധനവില അധികം വര്‍ധിച്ചില്ലെങ്കില്‍ വൈദ്യുതിയുടെ ചെലവും പകുതിയോളം കുറയും!
തൊണ്ണൂറുകളില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം യൂറോപ്പില്‍ 25-30 ശതമാനം വര്‍ധിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ 4000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. 2005 ആകുമ്പോഴേക്കും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 1500 മെഗാവാട്ട് ആക്കാനാണ് ഡെന്‍മാര്‍ക്ക് ലക്ഷ്യമിടുന്നത്. ഇത് ഡെന്‍മാര്‍ക്കിന്റെ ഊര്‍ജാവശ്യത്തില്‍ പത്ത് ശതമാനം വരും.
താമസിയാതെ യൂറോപ്പിന്റെ പാത പിന്തുടരാന്‍ ലോകത്തിന്റെ ഇതരഭാഗങ്ങളും ബാധ്യസ്ഥമാകുമെന്നാണ് ക്യോട്ടോ ഉച്ചകോടി നല്‍കുന്ന സൂചന. ഇപ്പോള്‍ ക്യോട്ടോയില്‍ അംഗീകരിച്ചിട്ടുള്ള 5.2 ശതമാനം ഹരിതഗൃഹവാതക വ്യാപനക്കുറവ് മറ്റ് വികസിത രാഷ്ട്രങ്ങളും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍, ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിനും, വീശുന്ന കാറ്റിനും, തിരമാലകള്‍ക്കുമെല്ലാം പുതിയ അര്‍ഥവും മൂല്യവും കൈവരും.
-മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനവരി 18-24, 1998
Thursday, October 29, 2009
Sunday, June 14, 2009
സാര്‍സ് എന്ന ഭീഷണി
ലോകം പുതിയൊരു മഹാമാരിയുടെ പിടിയിലാണെന്ന് ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ 11-നാണ് പന്നിപ്പനിയെന്ന എച്ച്1എന്‍1 പനി മഹാമാരിയായി പ്രഖ്യാപിച്ചത്. നാല്‌പത് വര്‍ഷത്തിന് ശേഷം (1968ലെ ഹോങ്കോങ് ഫ്‌ളുവിന് ശേഷം) ഒരു പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ഈ പശ്ചാത്തലത്തില്‍, ആറ് വര്‍ഷം മുമ്പ് ലോകത്തെ ഭീതിയിലാഴ്‌ത്തിയ സാര്‍സിനെപ്പറ്റി ഒരു ലേഖനം. മാതൃഭൂമി ആഴ്‌ചപ്പതിപ്പ് 2003 മെയ് 4-10 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
ഒരു ജലദോഷപ്പനി, അല്ലെങ്കില്‍ വയറിളക്കം - ഇതല്ലാതെ ആളെക്കൊല്ലാന്‍ കൊറോണാവൈറസിന് കഴിയുമെന്ന് ആരും കരുതിയിരുന്നില്ല; 'സാര്‍സ്' എന്ന മാരക ന്യൂമോണിയായ്‌ക്ക് കാരണം ഒരിനം കൊറോണാവൈറസ് ആണെന്ന് തിരിച്ചറിയുംവരെ! തികച്ചും നിരുപദ്രവകരമെന്ന് ഇതുവരെ കരുതിയിരുന്ന ഒരു വൈറസ് കുടുംബത്തില്‍നിന്ന്, ലോകത്തെ മുഴുവന്‍ ഭീതിയുടെയും ഭീഷണിയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള ഒരംഗം രംഗത്തെത്തിയിരിക്കുന്നു. പോയ മാസങ്ങളില്‍ ഇറാഖ് അധിനിവേശത്തിനൊപ്പം ലോകത്തിന്റെ സ്വസ്ഥത കെടുത്താന്‍ സാര്‍സ് വൈറസും കാരണമായി.
സിവിയര്‍ അക്യൂട്ട് റെസ്‌പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്-SARS) എന്ന മാരകരോഗം മുപ്പതോളം രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞു. ഒരു മരുന്നും കണ്ടെത്താനാകാത്ത ഈ ന്യുമോണിയ ബാധിച്ച് 180-ലേറെ പേര്‍ ഇതിനകം മരിച്ചു. ആയിരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലാണ്. ഹോങ്കോങ് പോലുള്ള നഗരങ്ങളില്‍ ജൈവായുധപ്രയോഗം നടന്ന സ്ഥലങ്ങളിലേതിന് സമാനമായ അവസ്ഥയാണ്. എല്ലാവരും മുഖാവരണം ധരിച്ച് നടക്കുന്നു. ആരും പരസ്‌പരം ഹസ്‌തദാനം ചെയ്യുന്നില്ല. ഹോട്ടലുകളിലും സിനിമാതിയേറ്ററുകളിലും പാര്‍ക്കുകളിലും ആളൊഴിഞ്ഞിരിക്കുന്നു. സങ്കപ്പൂരിലും ഹോങ്കോങിലും മാര്‍ച്ച് പകുതിയില്‍ തന്നെ സ്‌കൂളുകള്‍ അടച്ചു. മുഖ്യവരുമാനമാര്‍ഗമായ ടൂറിസം പ്രതിസന്ധിയിലായി. വിനോദസഞ്ചാരികള്‍ കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളെ ഭീതിയോടെയാണ് ഇപ്പോള്‍ കാണുന്നത്.
ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത 'ഇന്‍ഫെക്ഷിയസ് ഡിസീസ് ആക്ട്' എന്ന കഠിന നിയമം സിങ്കപ്പൂരില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. സാര്‍സ് ബാധിച്ചവരെ ഒറ്റപ്പെടുത്തി ചികിത്സിക്കാനാണ് ഈ നിയമം. മോര്‍ഗണ്‍ സ്‌റ്റാന്‍ലി എന്ന അന്താരാഷ്ട്ര അക്കൗണ്ട് സ്ഥാപനത്തിന്റെ കണക്ക് പ്രകാരം, സാര്‍സ് മൂലം ഏപ്രില്‍-മെയ് മാസങ്ങളില്‍ മാത്രം ഹോങ്കോങിന് ടൂറിസം വരുമാനത്തില്‍ 25.6 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. ഹോങ്കോങിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തില്‍ നാല് ശതമാനം കുറവ് സാര്‍സ് മൂലമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് 1100 കോടി ഡോളറിന്റെ ആഘാതമാണ് ഏല്‍ക്കുക.
സാര്‍സ് ബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും എത്തിക്കഴിഞ്ഞ കാര്യം കഴിഞ്ഞ ഏപ്രില്‍ 18-ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹോങ്കോങ് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ 32-കാരനായ മറൈന്‍ എഞ്ചിനിയര്‍ പ്രശീല്‍ ബാര്‍വെയാണ് രോഗം ബാധിച്ച് ഗോവയില്‍ ചികിത്സയിലായത്. അതിനടുത്ത ദിവസം ന്യൂഡല്‍ഹിയിലും സാര്‍സ് പ്രത്യക്ഷപ്പെട്ടു.
ഇതിന്റെയെല്ലാം തുടക്കം 2002 നവംബര്‍ 16-നായിരുന്നു. തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ് മേഖലയില്‍ വിചിത്രമായ ഒരു ന്യുമോണിയ പ്രത്യക്ഷപ്പെട്ടു. അഞ്ചുപേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്ക് രോഗം പകര്‍ന്നു. പക്ഷേ, ആ വിവരം അധികൃതര്‍ പുറത്തറിയിച്ചില്ല. മാത്രമല്ല, പൊതുജനങ്ങള്‍ സംഭീതരാകുന്നത് തടയാന്‍ ന്യൂമോണിയയെപ്പറ്റി എന്തെങ്കിലും മാധ്യമങ്ങളെ അറിയിക്കുന്നതില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകരെ തടയുകയും ചെയ്‌തു. ചൈനയില്‍ പുതിയ രാഷ്ട്രീയ നേതൃത്വം അധികാരത്തിലെത്തുന്നത് സ്വസ്ഥമായിട്ടാകട്ടെയെന്ന് അധികൃതര്‍ കരുതിയിരിക്കണം (അഞ്ച് മാസം കഴിഞ്ഞ്, ലോകം മുഴുവന്‍ രോഗം വ്യാപിച്ച ശേഷം, ഏപ്രില്‍ 14-നാണ് സ്ഥിതി വരളെ 'ഗുരുതരമാണെ'ന്ന പ്രസ്‌താവന ചൈന പ്രധാനമന്ത്രി വെന്‍ ജിയാബാവോയുടെ നാവില്‍നിന്ന് ലോകം കേട്ടത്. ഏപ്രില്‍ 20-ന് സാര്‍സിന്റെ പേരില്‍ ചൈന ആരോഗ്യമന്ത്രിയുടെയും ബെയ്‌ജിങ് മേയറുടെയും കസേര തെറിക്കുകയും ചെയ്‌തു). തുടക്കത്തില്‍ തന്നെ രോഗവിവരം പുറത്തറിയിക്കാനും ആവശ്യമായ മുന്‍കരുതലെടുക്കാനും ചൈന തയ്യാറായിരുന്നെങ്കില്‍ സാര്‍സ് ഒരുപക്ഷേ, ആഗോളപകര്‍ച്ചവ്യാധിയായി മാറില്ലായിരുന്നു എന്ന് കരുതുന്നവര്‍ കുറവല്ല.
ചൈനയ്‌ക്ക് പുറത്തേക്ക് രോഗമെത്തിയത് ഹോങ്കോങില്‍ മോങ്‌കോക്ക് ജില്ലയിലെ മെട്രോപോള്‍ ഹോട്ടലില്‍ നിന്നാണെന്ന് കരുതുന്നു. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയില്‍ ഗ്യാങ്‌ഡോങ് മേഖലയിലെ ഗ്യാങ്‌ഷോ ഹോസ്‌പിറ്റലില്‍ രോഗികളെ ചികിത്സിച്ച 64-കാരനായ ലിയു ജിയാന്‍ലന്‍ എന്ന മെഡിക്കല്‍ പ്രൊഫസറാണ് തന്നെ ബാധിച്ച വൈറസിനെ ഹോങ്കോങിലെത്തിച്ചത്. 2003 ഫിബ്രവരി 21-ന് മെട്രോപോള്‍ ഹോട്ടലിലെ ഒന്‍പതാം നിലയില്‍ ആറ് അതിഥികള്‍ക്ക്, പ്രൊഫ. ജിയാന്‍ലനില്‍ നിന്ന് രോഗം പകര്‍ന്നു. അതിലൊരാള്‍ ചൈനീസ്-അമേരിക്കന്‍ ബിസിനസുകാരനായ ജോണി ചെന്‍ ആയിരുന്നു. അദ്ദേഹം ഫിബ്രവരി 24-ന് വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ സാര്‍സ് വൈറസിനെ എത്തിച്ചു. വിയറ്റ്‌നാമില്‍ 61 പേര്‍ക്ക് അദ്ദേഹത്തില്‍നിന്ന് രോഗം പകര്‍ന്നു. അതില്‍ ഭൂരിപക്ഷവും മെഡിക്കല്‍ സ്റ്റാഫ് ആയിരുന്നു.
മെട്രോപോള്‍ ഹോട്ടലിലെ മറ്റൊരു അതിഥി കാനഡയില്‍ നിന്നുള്ള പ്രായമായ ഒരു ടൂറിസ്റ്റായിരുന്നു. അവര്‍ വഴി ടൊറോന്റോയില്‍ സാര്‍സ് എത്തി. സിങ്കപ്പൂരില്‍ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു മെട്രോപോള്‍ ഹോട്ടലിലെ രോഗം പകര്‍ന്ന മറ്റ് മൂന്ന് അതിഥികള്‍. അവര്‍ രോഗവുമായി സ്വന്തം നാട്ടിലെത്തി. ഹോങ്കോങില്‍ നിന്നു തന്നെയുള്ള 26-കാരനായിരുന്നു മെട്രോപോള്‍ ഹോട്ടലിലെ മറ്റൊരു അതിഥി. ഹോട്ടലിലെ ഒന്‍പതാം നിലയില്‍നിന്ന് അയാള്‍ ഹോങ്കോങിലെ പ്രിന്‍സ് ഓഫ് വേല്‍സ് ഹോസ്‌പിറ്റലിലെത്തി. നിരവധി നഴ്‌സുമാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അവിടെ രോഗം പകര്‍ന്നു. ഒരു ആഗോളഭീഷണിയായി സാര്‍സ് വ്യാപിച്ചതിന്റെ തുടക്കം ഇങ്ങനെയായിരുന്നു.
ഇതൊരു പുതിയ പകര്‍ച്ചവ്യാധിയാണെന്നും സാര്‍സിനെതിരെ ലോകം ജാഗ്രത പാലിക്കണമെന്നും ആദ്യം മുന്നറിയിപ്പ് നല്‍കിയത് ലോകാരോഗ്യസംഘടനയുടെ വിയറ്റ്‌നാമിലുണ്ടായിരുന്ന ഡോ. കാര്‍ലോ ഉര്‍ബാനിയാണ്; 2003 മാര്‍ച്ച് 29-ന്. അദ്ദേഹം സാര്‍സ് ബാധിച്ച് മരിച്ചു (അനുബന്ധം കാണുക). രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായുവിലൂടെ പുറത്തു വരുന്ന ബാഷ്‌പകണങ്ങള്‍ വഴിയാണ് രോഗം പകരുന്നതെന്ന് മനസിലായതോടെ ഭീതി വര്‍ധിച്ചു. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗാണുവിനെ തിരിച്ചറിയാനുള്ള ശ്രമം ഊര്‍ജിതമായി. ലഭ്യമായ വിവരങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഇന്റര്‍നെറ്റ് തുണയായി.
മണ്ണനും അഞ്ചാംപനിയും വരുത്തുന്ന വൈറസ് കുടുംബമായ 'പാരാമൈക്‌സോവൈറൈഡെ'യില്‍ പെട്ട ഒന്നാകാം സാര്‍സിനും കാരണമെന്ന് ആദ്യം ഗവേഷകര്‍ സംശയിച്ചു. എന്നാല്‍, ഫ്‌ളു, ജലദോഷപ്പനി മുതലായവയ്‌ക്ക് കാരണമായ കൊറോണാവൈറസിന്റെ കുടുംബത്തില്‍ പെട്ട, ഇതുവരെ അജ്ഞാതമായിരുന്ന ഒരു വൈറസാണ് സാര്‍സിന് കാരണമെന്ന് പിന്നീട് തെളിഞ്ഞു. ഹോങ്കോങ് സര്‍വകലാശാലയിലെ ശ്രീലങ്കക്കാരനായ മൈക്രോബയോളജിസ്‌റ്റ് ഡോ. മാലിക് പെയ്‌രിസും സംഘവുമാണ് വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. 13 രാജ്യങ്ങളിലെ ബയോളജിലാബുകളുടെ ശൃംഗല അവര്‍ക്ക് തുണയേകി. അറ്റ്‌ലാന്റയില്‍ യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകര്‍ ആ കണ്ടെത്തല്‍ ശരിവെച്ചു. സാധാരണഗതിയില്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്ന ഈ പ്രക്രിയ, ആഴ്‌ചകള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഗവേഷകര്‍ക്കായി.
കൊറോണാവൈറസ് ഇതുവരെ ആളെ കൊന്നിരുന്നില്ല. പക്ഷേ, സാര്‍സിന്റെ ആവിര്‍ഭാവത്തോടെ ആ വിശ്വസം തകര്‍ന്നു. വൈറസിനെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഫലപ്രദമായ രോഗനിര്‍ണയ ടെസ്‌റ്റുകള്‍ വികസിപ്പിക്കാമെന്ന പ്രതീക്ഷ വര്‍ധിച്ചു. അതോടൊപ്പം സാര്‍സ് വൈറസിന്റെ ജനിതകഘടന കണ്ടെത്താനും ശ്രമം ഊര്‍ജിതമായി. സാര്‍സ് വൈറസിനെ തിരിച്ചറിഞ്ഞ കാര്യം ഏപ്രില്‍ പത്തിന് പുറത്തിറങ്ങിയ 'ന്യു ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനി'ലാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വൈറസിന്റെ ജനിതകഘടന തിരിച്ചറിയുന്നതില്‍ വിജയിച്ചതായി ഏപ്രില്‍ 12-ന് കനേഡിയന്‍ ഗവേഷകര്‍ പ്രഖ്യാപിച്ചു. കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയ കാന്‍സര്‍ ഏജന്‍സിയുടെ ഭാഗമായ 'മൈക്കല്‍സ്‌മിത്ത് ജിനോം സയന്‍സസ് സെന്ററി'ലെ ഗവേഷകരാണ് കൊലയാളി വൈറസിന്റെ ജനിതകജാതകം കണ്ടെത്തിയത്.
ജൈവായുധ പ്രയോഗത്തിന്റെ ഫലമായാണോ സാര്‍സ് പൊട്ടിപ്പുറപ്പെട്ടതെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. പക്ഷേ, ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇത്തരമൊരു നിഗമനത്തെ സാധൂകരിക്കുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഒന്നാമതായി, സാര്‍സ് ബാധിച്ചവര്‍ക്കിടയിലെ മരണനിരക്ക് വളരെ കുറവാണ്. വെറും നാല് ശതമാനം മാത്രം. ഒരു സ്‌റ്റാന്‍ഡേര്‍ഡ് ജൈവായുധമായ (ശ്വാസകോശത്തെ ബാധിക്കുന്ന) ആന്ത്രാക്‌സ് മൂലമുള്ള മരണനിരക്ക് 80 ശതമാനമാണെന്നോര്‍ക്കുക. ആ നിലയ്‌ക്ക് സാര്‍സ് ജൈവായുധമായാല്‍ അതൊരു നഷ്ടക്കച്ചവടമാകുമെന്ന് സാരം. മാത്രമല്ല, എളുപ്പം വ്യതിയാനം (മ്യൂട്ടേഷന്‍) സംഭവിക്കാവുന്ന, അല്ലെങ്കില്‍ പരസ്‌പരം കൂടിക്കലര്‍ന്ന് ജനിതകഘടനയില്‍ മാറ്റംവരാവുന്ന തരത്തില്‍ പെട്ട ഒന്നാണ് കൊറോണാവൈറസ്. മൃഗങ്ങളുടെ ശരീരത്തില്‍ വെച്ചുണ്ടായ വ്യതികരണമാണ് മനുഷ്യനെ മാരകമായി ബാധിക്കാന്‍ പാകത്തില്‍ കൊറോണാ വൈറസിനെ മാറ്റിയതെന്ന്, 'ന്യൂ ഇംഗ്ലണ്ട് ജേര്‍ണലില്‍' പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകിരച്ച തോമസ് ജി. കിസെക് കരുതുന്നു.
ലോകത്തേറ്റവുമധികം മാരകവൈറസുകള്‍ പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള മേഖലയാണ് തെക്കന്‍ ചൈനയും ഹോങ്കോങും ഉള്‍പ്പെട്ട പ്രദേശം. അവിടെ നിന്നാണ് സാര്‍സ് വൈറസിന്റെയും വരവ്. 1968-ല്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ട ഹോങ്കോങ് ഫ്‌ളു എന്ന പകര്‍ച്ചവ്യാധി വെറും ഒന്‍പത് മാസംകൊണ്ട് ലോകജനസംഖ്യയില്‍ 30 ശതമാനത്തെ ബാധിച്ചു. ലോകത്താകമാനം ഏഴുലക്ഷം പേരാണ് ആ വൈറസ് രോഗം ബാധിച്ച് മരിച്ചത്. 1997-ലും പിന്നീട് 1999-ലും ഏവിയന്‍ ഫ്‌ളു എന്ന പക്ഷിപ്പനി ഹോങ്കോങിനെ ഭീതിയിലാഴ്‌ത്തി. പക്ഷികളില്‍ നിന്ന് മനുഷ്യരിലെക്ക് നേരിട്ട് പകരുന്ന അപൂര്‍വം വൈറസുകളിലൊന്നാണ് ഈ രോഗം വരുത്തുന്നത്. ഈ വൈറസും ആദ്യം മനുഷ്യനെ 'കണ്ടെത്തിയത്' തെക്കന്‍ ചൈനയില്‍ വെച്ചായിരുന്നു. കന്നുകാലികളും പന്നികളും കോഴികളും താറാവും മനുഷ്യരുമെല്ലാം ഇത്രയേറെ അടുത്തിടപഴകുന്ന പ്രദേശങ്ങള്‍ തെക്കന്‍ ചൈന പോലെ വേറെ അധികം ഉണ്ടാകില്ല. മൃഗങ്ങളില്‍ നിന്ന് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തുന്ന സംഭവങ്ങള്‍ ഇവിടെ ഇനിയും ആവര്‍ത്തിക്കപ്പെടും എന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.(എഡിറ്റ്: തെക്കന്‍ ചൈനയില്‍ വെച്ച് വെരുകുകളില്‍നിന്നാണ് സാര്‍സ് വൈറസ് മനുഷ്യരിലേക്ക് കടന്നതെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി).
എന്തുകൊണ്ട് പുതിയ വൈറസുകള്‍ മനുഷ്യന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പ്രത്യക്ഷപ്പെടുന്നു? സാര്‍സ് വൈറസ് ഒരു തുടക്കമാണോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. സ്‌റ്റീഫന്‍ മോഴ്‌സ് പറയുന്നത് `ഭാവിയിലേക്കുള്ള ഒരു സൂചനയാണ് സാര്‍സ്` എന്നാണ്. പുതിയ രോഗാണുക്കള്‍ കൂടുതല്‍ ആളുകളെ ബാധിക്കാനും ആഗോളതലത്തില്‍ വ്യാപിക്കാനുമുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ ഏറി വരികയാണ്. അതിനിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന് ഡോ. മോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.
ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ഭൂമുഖത്ത് ആകെയുണ്ടായിരുന്നത് 150 കോടി ജനങ്ങളാണ്. ഇന്നത് 600 കോടിയിലേറെയാണ്. പുതിയ രോഗാണുക്കള്‍ക്ക് മനുഷ്യരെ കണ്ടെത്താനുള്ള സാധ്യത നാലിരട്ടി വര്‍ധിച്ചിരിക്കുന്നു എന്ന് സാരം. ജനസംഖ്യ വര്‍ധിച്ചതിനൊപ്പം പരിസ്ഥിതിയിലും വന്‍മാറ്റങ്ങള്‍ വന്നു. വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, ഇത്രകാലവും പ്രകൃതിയില്‍ അടങ്ങിക്കഴിഞ്ഞിരുന്ന പല മാരകവൈറസുകളും മനുഷ്യരില്‍ 'ആശ്രയം' കണ്ടെത്താന്‍ ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ മലനാട് മേഖലയില്‍ 'ക്യാസനൂര്‍ രോഗം' പടര്‍ന്നുപടിച്ചത്, അവിടുത്തെ വനം വെട്ടിവെളുപ്പിച്ചപ്പോഴായിരുന്നു. രോഗകാരിയായ വൈറസ് ആ വനപ്രദേശത്തെ കുരങ്ങുകളിലും മറ്റും നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും, വനം നശിപ്പിക്കും വരെ അവ മനുഷ്യരെ ബാധിച്ചിരുന്നില്ല. പുത്തന്‍ കൃഷിരീതികളും മൃഗപരിപാലന മാര്‍ഗങ്ങളും പുതിയ വൈറസുകളുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാത്രം മുപ്പതോളം പുതിയ വൈറസുകള്‍ മനുഷ്യന് ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. എബോള, ഐവറികോസ്‌റ്റ്, ആന്‍ഡീസ് വൈറസ്, ഹെപ്പറ്ററ്റിസ്-എഫ്, ജി, പൈറൈറ്റില്‍, ബ്ലാക്ക് ലഗൂണ്‍ വൈറസ്, നിപാ, ഒസ്‌കാര്‍ വൈറസ് എന്നിവ അവയില്‍ ചിലത് മാത്രം. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് സാര്‍സ് വൈറസ്. ഇന്നത്തെ അവസ്ഥയില്‍ സാര്‍സ് പോലെ പുതിയ വൈറസുകളെ സ്വീകരിക്കാന്‍ ലോകം എപ്പോഴും തയ്യാറായിരിക്കണം എന്നാണ് ഈ ഒരു പതിറ്റാണ്ടിന്റെ അനുഭവം പറയുന്നത്. ഒരുപക്ഷേ, 21-ാം നൂറ്റാണ്ടില്‍ വൈദ്യശാസ്‌ത്രം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ക്ഷണിക്കാതെ വരുന്ന ഇത്തരം അതിഥികളില്‍ നിന്നാവും ഉണ്ടാവുക.
അനുബന്ധം: സാര്‍സ് എന്ന പകര്‍ച്ചവ്യാധിയെപ്പറ്റി ലോകത്തിന് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ഡോ. കാര്‍ലോ ഉര്‍ബാനിയാണ്. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ ഹോസ്‌പിറ്റലില്‍ ന്യുമോണിയ ബാധിച്ചെത്തിയ രോഗിയെ ചികിത്സിക്കുന്ന വേളയില്‍ നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പകരുന്നത് ഉര്‍ബാനി കണ്ടു. അങ്ങനെയാണ് ഈ പുതിയ പകര്‍ച്ചവ്യാധിയെപ്പറ്റി അദ്ദേഹം ബോധവാനായത്. ഒടുവില്‍ സാര്‍സ് ബാധിച്ച് അദ്ദേഹവും മരിച്ചു. സാര്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീകമായി ഡോ. ഉര്‍ബാനി മാറി. സാര്‍സ് വൈറസിനെ തിരിച്ചറിഞ്ഞ ഗവേഷകര്‍ക്ക് സംശയമുണ്ടായിരുന്നല്ല, അതിന് എന്ത് പേരിടണമെന്ന്. ഡോ. ഉര്‍ബാനിയുടെ പേര് അതിന് നല്‍കി. ആ വൈറസ് ഇനി 'ഉര്‍ബാനി സാര്‍സ്-അസോസിയേറ്റഡ് കൊറോണാവൈറസ്' എന്നറിയപ്പെടും.
ലോകാരോഗ്യസംഘടനയുടെ പശ്ചിമപെസഫിക് മേഖലയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയായിരുന്നു 46-കാരനായ ഡോ. ഉര്‍ബാനി. അദ്ദേഹം മുന്നറിയിപ്പ് നല്‍കിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സാര്‍സിന്റെ ഭീഷണി മനസിലാക്കാന്‍ ലോകം വൈകുമായിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആകില്ലായിരുന്നു. പകരുന്ന രോഗമാണ്, രോഗികള്‍ക്കരികില്‍ പോകരുതെന്ന് ഭാര്യ വിലക്കിയപ്പോള്‍ ഡോ. ഉര്‍ബാനി ചോദിച്ചു; അത്തരം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് ഞാനിവിടെ ജോലി ചെയ്യുന്നത്? ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കാനും കോക്‌ടെയ്‌ല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഫയലുകള്‍ നല്‍കാനും മാത്രമോ?
ഒരു ആതുരശുശ്രൂഷകന്റെ മഹത്തായ പ്രതിബദ്ധതയോടെ മരണത്തിന് കീഴടങ്ങിയപ്പോഴും ഡോ. ഉര്‍ബാനി വൈദ്യശാസ്‌ത്രത്തെ മറന്നില്ല. രോഗം ബാധിച്ച തന്റെ ശ്വാസകോശം പരീക്ഷണങ്ങള്‍ക്കായി അദ്ദേഹം ദാനം ചെയ്‌തു.

Thursday, January 29, 2009
നദികളെ കൂട്ടിക്കെട്ടുമ്പോള്‍ ചരിത്രം കാണിച്ചുതരുന്നത്
അധികമുള്ള വെള്ളം ജലക്ഷാമമനുഭവിക്കുന്ന പ്രദേശത്ത് എത്തിച്ചുകൊടുക്കുക-നദികളെ ഗതിമാറ്റിയിട്ടാണെങ്കിലും വേണ്ടില്ല. തികച്ചും നിഷ്‌ക്കളങ്കമായ ഈ ആശയത്തിനൊപ്പം 5.6 ലക്ഷംകോടി രൂപയുടെ ചെലവുകൂടി ചേര്‍ത്തുവെയ്‌ക്കുക. ഇന്ത്യിയിലെ 37 പ്രമുഖ നദികളെ ഇതുമായി കൂട്ടിക്കെട്ടുക. 350 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് അധിക ജലസേചനം. 34000 മെഗാവാട്ട് വൈദ്യുതി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കുടിനീര്‍ക്ഷാമത്തിന് ശാശ്വത പരിഹാരം, രാജ്യം അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും വരള്‍ച്ചയ്‌ക്കും എന്നന്നേക്കുമായി അറുതി, നാലുശതമാനം ജി.ഡി.പി. വര്‍ധന-എന്നിങ്ങനെ നെഞ്ചുതകര്‍ക്കുന്ന നേട്ടങ്ങളുടെ പട്ടികകൂടി നിരത്തിക്കഴിഞ്ഞാല്‍, രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന നദീസംയോജന പദ്ധതിയായി.
എല്ലാ വന്‍കിട പദ്ധതികളുടെയും പ്രശ്‌നമിതാണ്. നേട്ടങ്ങളുടെ കണക്ക് നമ്മുടെ (കുറഞ്ഞ പക്ഷം നമ്മുടെ ഭരണാധികാരികളുടെയെങ്കിലും) കണ്ണഞ്ചിപ്പിച്ചുകളയും. ഈ പദ്ധതിയോടുകൂടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വ്യാമോഹം നമ്മെ പിടികൂടും. നദീസംയോജനപദ്ധതിയില്‍ വിഭാവനം ചെയ്യുന്നതുപോലെ 200 വലിയ അണക്കെട്ടുകള്‍ കൂടി താങ്ങാന്‍ ഇന്ത്യയ്‌ക്ക് കഴിയുമോ എന്ന് പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍ ചിന്തിക്കുന്നേയില്ല. നാലരലക്ഷം പേര്‍ക്ക് കിടപ്പാടം ഉപേക്ഷിക്കേണ്ടിവരും. 79292 ഹെക്ടര്‍ വനംകൂടി ഇന്ത്യയ്‌ക്ക് നഷ്ടമാകും. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന നദീതട പരിസ്ഥിതി-ആവാസവ്യവസ്ഥകള്‍ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം താറുമാറാകും എന്നൊക്കെയുള്ള വസ്‌തുതകള്‍, നേട്ടങ്ങളുടെ വര്‍ണപ്രഭയില്‍ നിറംകെട്ടതായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതൊക്കെ കഴിഞ്ഞ്, പദ്ധതി ഒരു വന്‍തട്ടിപ്പായിരുന്നെന്നോ, അല്ലെങ്കില്‍ വന്‍ പരാജയമായിരുന്നെന്നോ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും എന്നുമാത്രം.
വന്‍കിട പദ്ധതികള്‍ വന്‍ തട്ടിപ്പുകള്‍ക്കുള്ള മാര്‍ഗമാണെന്ന് നന്നായറിയാവുന്ന രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ മേധാവികളുമാണ് ഇത്തരം ആശയങ്ങളുമായി മുന്നോട്ടുവരിക പതിവ്. നദീസംയോജനപദ്ധതിയുടെ കാര്യത്തില്‍ പക്ഷേ, സംഗതികള്‍ അല്‍പ്പം വ്യത്യസ്‌തമായിരുന്നു. സുപ്രീംകോടതി നല്‍കിയ (2001 ഒക്ടോബര്‍ 31ന്) നിര്‍ദേശമാണ് ഈ പദ്ധതിയിലേക്കെടുത്തുചാടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പദ്ധതിക്കായുള്ള കര്‍മപദ്ധതി 2003 ഡിസംബര്‍ 16-ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രി സുരേഷ്‌പ്രഭു അധ്യക്ഷനായി എട്ടംഗ ടാസ്‌ക്‌ഫോഴ്‌സിനും രൂപംനല്‍കി.
ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന 'അധികജലസമ്പത്തുള്ള' ഗംഗ, ബ്രഹ്മപുത്ര മുതലായ വടക്കന്‍ നദികളെ, ജലദാരിദ്ര്യമനുഭവിക്കുന്ന തെക്കന്‍ നദികളുമായി ബന്ധിപ്പിച്ച്, രാജ്യം നേരിടുന്ന ജലക്ഷാമ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുകയെന്നതാണ് പദ്ധതിയുടെ കാതല്‍. ഇതിനായി 200 വന്‍ അണക്കെട്ടുകളെ കൂടാതെ, രാജ്യത്ത് തലങ്ങും വിലങ്ങുമായി 11000 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ ശൃംഗലയും നിര്‍മിക്കും. 2016-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതുവരെ വര്‍ഷംതോറും രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനം വീതം പദ്ധതിക്കുവേണ്ടി നീക്കിവെയ്‌ക്കാനും നിര്‍ദേശിക്കപ്പെടുന്നു. ഭൂമുഖത്തെ 2.2 ശതമാനം മാത്രം ഭൂമിയും നാലുശതമാനം മാത്രം ശുദ്ധജലവും സ്വന്തമായുള്ള ഇന്ത്യയാണ് ലോകജനസംഖ്യയുടെ 17 ശതമാനത്തെ പോറ്റേണ്ടത്. 2050 ഓടെ ജനസംഖ്യ 150 കോടിയാകും. അതിനാല്‍ ഭാവിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജന പദ്ധതിക്കല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് ടാസ്‌ക്‌ഫോഴ്‌സ് ചെയര്‍മാന്‍ സുരേഷ്‌പ്രഭു വാദിക്കുന്നു.
ഹിമാലയന്‍ നദികളെ തെക്കന്‍ നദികളുമായി കൂട്ടുക്കെട്ടുകയെന്ന ആശയം, 2002-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമാണ് മുന്നോട്ടുവെച്ചത്. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ ആശയമല്ല. ബ്രിട്ടീഷ് ഇന്ത്യയിലാണ് ഈ ആശയത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. ഇത്തരമൊരു ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ 1881-ല്‍ ആര്‍തര്‍ കോട്ടോണ്‍ എന്ന വിദഗ്‌ധന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിയെപ്പറ്റിയും കാലാവസ്ഥയെക്കുറിച്ചും നദികളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെപ്പറ്റിയുമൊക്കെ ഇന്നുള്ളതിലും വളരെ പരിമിതമായ അറിവേ അക്കാലത്തുണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാതിരിക്കാനുള്ള വിവേചനം ബ്രിട്ടീഷ് ഭരണാധികാരികള്‍ കാട്ടി.
ഒരുപക്ഷേ, ലോകത്ത് ഇന്നുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും വലിയ ജലസേചന-നദീബന്ധന പദ്ധതിയിലൊന്നാണ് ഇന്ത്യയിപ്പോള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. പദ്ധതി സംബന്ധിച്ച് അയല്‍രാജ്യങ്ങളുമായും സംസ്ഥാനങ്ങള്‍ തമ്മിലും ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ഉത്‌ക്കണ്‌ഠകളും മാറ്റിനിര്‍ത്തിയാല്‍ പോലും, മൂന്നു സംഗതികള്‍ വളരെ അലോസരമുണ്ടാക്കാന്‍ പോന്നവയാണെന്ന് വിദഗ്‌ധര്‍ കരുതുന്നു. അവയില്‍ ഒന്നാമത്തേത്, നദികളെ ഗതിമാറ്റിയൊഴുക്കി ഗതിപിടിക്കാന്‍ ശ്രമിച്ച സമൂഹങ്ങളൊക്കെ വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്ന ചരിത്രവസ്‌തുതയാണ്. ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ ഇപ്പോഴത്തെ പ്രവണതയനുസരിച്ച്, പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ വടക്കന്‍ നദികളില്‍, ഗതിമാറ്റിയൊഴുക്കാന്‍ വേണ്ടത്ര വെള്ളം ഉണ്ടാകുമോ എന്ന പ്രശ്‌നമാണ് രണ്ടാമത്തെ സംഗതി. കൂടാതെ കര്‍മപദ്ധതിയില്‍ പറയുന്ന സമയംകൊണ്ടോ പണംകൊണ്ടോ പദ്ധിതി പൂര്‍ത്തിയാകുമോ എന്നത് മൂന്നാമത്തെ പ്രശ്‌നം.
അമേരിക്കയില്‍ മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ വാട്ടര്‍പോളിസി പ്രോജക്ടി'ന്റെ ഡയറക്ടര്‍ സാന്ദ്രാ പോസ്‌റ്റല്‍ 1999-ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകമുണ്ട്: 'പില്ലാര്‍ ഓഫ് സാന്‍ഡ്'. ലോകത്ത് നടന്നിട്ടുള്ള ജലസേചന സംരംഭങ്ങളുടെ ഗുണദോഷങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണത്. ജലസേചനത്തെ ആധാരമാക്കി പടുത്തുയര്‍ത്തിയ ഒരു സംസ്‌ക്കാരവും (ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരം ഒഴികെ) അധികകാലം നിലനിന്നിട്ടില്ല എന്ന് സാന്ദ്രാ പോസ്‌റ്റല്‍ ഈ പുസ്‌തകത്തില്‍ പറയുന്നു. ജലലഭ്യതയിലുണ്ടായ കുറവുകൊണ്ടോ അല്ലെങ്കില്‍ എക്കല്‍ അടിഞ്ഞുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലമോ, അതുമല്ലെങ്കില്‍ തുടര്‍ച്ചയായ ജലസേചനം വഴി മണ്ണിലെ ലവണാംശം (salinity) വര്‍ധിച്ച് കൃഷി അസാധ്യമായതുകൊണ്ടോ പ്രാചീന സംസ്‌ക്കാരങ്ങള്‍ തകര്‍ന്നുവെന്ന് സാന്ദ്രാ പോസ്‌റ്റല്‍ ഉദാഹരണങ്ങള്‍ നിരത്തി സ്ഥാപിക്കുന്നു.
സംസ്‌ക്കാരങ്ങളുടെ തകര്‍ച്ചയ്‌ക്ക് ജലസേചനം എങ്ങനെ വഴിവെക്കുന്നു എന്നതിന് സമീപകാലത്തെ ഒരുദാഹരണം അരിസോണയിലെ ഹോഹോകാം ഇന്ത്യക്കാരുടേതാണ്. അതിവിദഗ്‌ധമായ ഒരു ജലസേചന സംവിധാനം അവര്‍ വികസിപ്പിച്ചിരുന്നു. ജലസേചനത്തിന്റെ തോത് കൂടിയതിനനുസരിച്ച് വെള്ളം മണ്ണില്‍ കെട്ടിനിന്നുള്ള ബാഷ്‌പീകരണത്തിന്റെ അളവും വര്‍ധിച്ചു. മണ്ണിലെ ലവണാംശം വര്‍ധിക്കുകയാണ് ഇതിന്റെ സ്വാഭാവിക പരിണിതി. പൊന്ന് വിളഞ്ഞിരുന്ന ഭൂമിയില്‍ പുല്ല് കിളിര്‍ക്കാതായി. കൃഷി നശിച്ചതോടെ, ആ ജനവിഭാഗവും നാശം നേരിട്ടു. പതിനഞ്ചാം നൂറ്റാണ്ടോടെ ഹോഹോകാം വര്‍ഗംതന്നെ നാമാവശേഷമായി. മെക്‌സിക്കോയിലെ മായന്‍മാരുടെ സംസ്‌ക്കാരം പെട്ടന്നുണ്ടായ വരള്‍ച്ചയില്‍പെട്ട് നശിക്കുകയായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതടങ്ങളില്‍ (ഇന്നത്തെ ഇറാഖ്) നിലനിന്നിരുന്ന പ്രാചീന മൊസപ്പൊട്ടേമിയന്‍ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയ്‌ക്കും ഒരു പ്രബലകാരണം ജലസേചനംമൂലമുണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങളായിരുന്നുവെന്ന് പുരാവസ്‌തു ഗവേഷകര്‍ പറയുന്നു.
നദികളെ ഗതിമാറ്റിയൊഴുക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ നദീജലം അമിതചൂഷണത്തിന് വിധേയമാക്കിയാല്‍ എന്താകും ഫലം എന്നറിയാന്‍ പ്രാചീനകാലത്തേക്കൊന്നും പോകേണ്ടതില്ല. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്ക് ചുറ്റുമുണ്ട്. മധ്യേഷ്യയില്‍ പഴയ സോവിയറ്റ് യൂണിയനില്‍പ്പെട്ട 'ആരല്‍ സമുദ്ര' (Aral Sea)ത്തിന്റെ ദുരന്തകഥതന്നെയെടുക്കാം. ഭൂമുഖത്തെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു ആരല്‍ സമുദ്രം. ശ്രീലങ്കയുടെ വിസ്‌തൃതി. നിറയെ മത്സ്യസമ്പത്ത്. 'കടലിലെത്താന്‍ അനുവദിക്കുന്ന വെള്ളം പാഴാവുകയാണ്' എന്ന ജോസഫ് സ്റ്റാലിന്റെ 1929-ലെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്, ആരല്‍ സമുദ്രത്തിന്റെ ജലസ്രോതസ്സുകളായ നദികളെ (അമു ദാരിയ, സ്വിര്‍ ദാരിയ) പരുത്തികൃഷിക്കായി 1950-കളില്‍ ഗതിതിരിച്ചുവിട്ടതോടെയാണ് ആരല്‍ സമുദ്രത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നത്. ഉസ്‌ബെക്കിസ്‌താനിലെയും തുര്‍ക്ക്‌മെനിസ്‌താനിലെയും അര്‍ധ ഊഷരഭൂമിയില്‍ ഏതാനും ടണ്‍ പരുത്തി വിളയിക്കാന്‍ വേണ്ടി ആരല്‍ സമുദ്രത്തെ കൊല്ലുകയാണ് ചെയ്‌തതെന്ന് പിന്നീടാണ് വ്യക്തമായത്.
സമുദ്രത്തിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ സമുദ്രം വറ്റാന്‍ തുടങ്ങി. ഏതാനും പതിറ്റാണ്ടുകൊണ്ട്, ആരല്‍ സമുദ്രത്തിന്റെ വിസ്‌തൃതിയില്‍ 58 ശതമാനവും ജലശേഖരത്തില്‍ 83 ശതമാനവും കുറവുവന്നു. ആയിരക്കണക്കിന് വര്‍ഷംകൊണ്ട് വളര്‍ന്നുവന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ തകരുകയായിരുന്നു. സമുദ്രത്തിലെ മത്സ്യസമ്പത്ത് നശിച്ചു. കടലോര മത്സ്യബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. ആയിരക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. വെള്ളംവറ്റിയ ആരല്‍ പ്രദേശം മരുഭൂമിയായി മാറി. വെള്ളം വറ്റിയതോടെ മണ്ണിലെ ലവണാംശവും ഏറി. മണല്‍ക്കാറ്റിനൊപ്പം ഉപ്പുകാറ്റും മേഖലയില്‍ പതിവായി. അത് വായുവിലെ ലവണാംശം വര്‍ധിപ്പിച്ചു. ആരല്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതാണ് കാരണമെന്ന് ആരോഗ്യവിദഗ്‌ധര്‍ കരുതുന്നു. അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ നിരക്ക് കുത്തനെയാണ് കൂടിയത്.
മാത്രമല്ല, ആരല്‍ സമുദ്രം ശോഷിച്ചതോടെ ബാഷ്‌പീകരണത്തിന്റെ അളവ് കുറഞ്ഞു. കാലാവസ്ഥയില്‍ വ്യതിയാനം വന്നു. പൊതുവെ മഴ കുറവായ ആ പ്രദേശത്ത് മഴയുടെ ലഭ്യത വീണ്ടും കുറഞ്ഞു. തുര്‍ക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, കസാക്കിസ്‌താന്‍ എന്നീ അഞ്ച് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ ആരല്‍ ദുരന്തത്തിന്റെ ഫലമിപ്പോള്‍ അനുഭവിക്കുകയാണ്. ചെര്‍ണോബില്‍ ആണവദുരന്തം കഴിഞ്ഞാല്‍, മുന്‍ സോവിയറ്റ് രാഷ്ട്രങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഏറ്റവും വലിയ പരിസ്‌ഥിതിദുരന്തം ആരല്‍ സമുദ്രത്തിന്റെ നാശമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇറാനിലെ ഹാമൂണ്‍ തടാകത്തിന്റെ കഥയും വ്യത്യസ്‌തമല്ല. കിഴക്കന്‍ അഫ്‌ഗാനിസ്‌താനില്‍നിന്നുത്ഭവിക്കുന്ന ഹെല്‍മാണ്ട് നദി പടിഞ്ഞാറോട്ടൊഴുകി അഫ്‌ഗാന്‍ കടന്ന് ഇറാനിലെ ഹാമൂണ്‍ തടാകത്തിലെത്തുന്നു. തടാകത്തിന്റെ ഏക ജലസ്രോതസ്സ് ഈ നദിയാണ്. 1990-കളില്‍ അഫ്‌ഗാനിസ്‌താനില്‍ അധികാരത്തിലേറിയ താലിബാന്‍, അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അണക്കെട്ട് പണിത് ഹെല്‍മാണ്ട് നദിയിലെ വെള്ളം പൂര്‍ണമായി ഊറ്റിയെടുത്തു. ഹാമൂണ്‍ തടാകത്തിലേക്ക് നദീജലം എത്താതായി. 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുണ്ടായിരുന്ന ആ തടാകമിപ്പോള്‍ ഉണങ്ങി വരണ്ട ഒരു മണല്‍പ്പരപ്പ് മാത്രമാണ്. തടാകം വറ്റിയതോടെ, സമീപമേഖലയിലെ ഭൂഗര്‍ഭജലവിതാനവും തകര്‍ന്നു.
ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന പ്രദേശമാണ് ചാവുകടല്‍. സമുദ്രനിരപ്പില്‍നിന്ന് 400 മീറ്റര്‍ താഴെയാണതിന്റെ സ്ഥാനം. മാത്രമല്ല, ലോകത്തെ ഏറ്റവും ലവണാംശം കൂടിയ തടാകവും ഇതുതന്നെ. ചാവുകടലിന്റെ ഏക ജലസ്രോതസ്സ് ജോര്‍ദാന്‍ നദിയാണ്. എന്നാല്‍, ഇസ്രായേലും ജോര്‍ദാനും സമീപകാലത്ത് ആ നദിയിലെ വെള്ളം കൂടുതലായി ചൂഷണം ചെയ്യാനാരംഭിച്ചതോടെ, ചാവുകടല്‍ ചാവാനാരംഭിച്ചിരിക്കുന്നു എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. 30 വര്‍ഷം മുമ്പ് 80 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ആ പൗരാണിക തടാകം ഇപ്പോള്‍ 50 കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. സമീപപ്രദേശത്തെ ഭൂഗര്‍ഭജലവിതാനം തടാകത്തിലെ ജലവിതാനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍, മേഖല ഒരു വന്‍പരിസ്ഥിതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഇസ്രായേല്‍ തന്നെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അടിയന്തരമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍, അടുത്ത 20-25 വര്‍ഷത്തിനകം ചരിത്രപ്രധാനമായ ആ തടാകം ചരിത്രത്തില്‍ മാത്രമായി മാറുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.
നദികളുടെ ഗതിമാറ്റാനോ നദികളെ അമിതമായി ചൂഷണം ചെയ്യാനോ ശ്രമിച്ചാല്‍ എന്താകും ഫലം എന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇതൊന്നും നമുക്ക് ബാധകമല്ല എന്നു കരുതി മുന്നോട്ടുപോവുക എളുപ്പമാണ്. പക്ഷേ, ഇന്ത്യന്‍ നദികളെ പരസ്‌പരം ബന്ധിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വടക്കന്‍ നദികളില്‍ തെക്കോട്ടൊഴുകാന്‍ 'അധികജലം' ഇല്ലെങ്കില്‍ എന്തുചെയ്യും? അതിനുള്ള സാധ്യത കൂടുതലാണെന്ന് ഹിമാലയന്‍ മഞ്ഞുപാളികളെപ്പറ്റി അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ഹിമാലയത്തില്‍ മഞ്ഞുപാളികളുണ്ട്. അവ വേനല്‍ക്കാലത്ത് ഉരുകി ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദികളെ സമ്പന്നമാക്കും. കാലവര്‍ഷത്തെ മാത്രം ആശ്രയിക്കുന്ന തെക്കന്‍ നദികളില്‍ ആ സമയത്ത് വെള്ളം കുറവായിരിക്കും. അപ്പോള്‍ ഹിമാലയന്‍ നദികളിലെ 'അധിക ജലസമ്പത്ത്' തെക്കന്‍ നദികളിലേക്ക് തിരിച്ചുവിട്ട് കാര്യങ്ങള്‍ കുശാലാക്കാം. ഇതാണല്ലോ പദ്ധതിയിലെ കാതലായ വശം.
പക്ഷേ, കാലാവസ്ഥാ വിദഗ്‌ധര്‍ പറയുന്നത് ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ വളരെവേഗം ഉരുകിത്തുടങ്ങിയിരിക്കുന്നതിനാല്‍, 20-25 വര്‍ഷം കഴിയുമ്പോള്‍ ഹിമാലയത്തില്‍ എത്ര മഞ്ഞുപാളി അവശേഷിക്കും എന്ന് കണ്ടറിയണമെന്നാണ്. ബ്രിട്ടന്‍, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷകസംഘം അടുത്തകാലത്ത് ഹിമാലയത്തില്‍ നടത്തിയ സര്‍വെ ഈ സംശയത്തെ ഊട്ടിയുറപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനാല്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മഞ്ഞുപാളികള്‍ക്ക് വന്‍ശോഷണം സംഭവിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ ആ തോത് വര്‍ധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 20-25 വര്‍ഷത്തിനകം ഹിമാലയത്തിലെ 80 ശതമാനം മഞ്ഞുപാളികളും ഉരുകിത്തീരുമെന്നാണ് സൂചന. കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍, തെക്കന്‍ നദികളെപ്പോലെ, ഹിമാലയന്‍ നദികളും മഴയെ മാത്രം ആശ്രയിച്ച് ഒഴുകേണ്ടിവരുമെന്ന് സാരം. നദീസംയോജനത്തിന്റെ അന്തസ്സത്തതന്നെ അപ്രസക്തമാവില്ലെ, അങ്ങനെ വന്നാല്‍!
വിഭാവനം ചെയ്യുന്ന സമയംകൊണ്ട് പദ്ധതി പൂര്‍ത്തിയാകുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. സമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതിച്ചെലവ് ഭീമമായി വര്‍ധിക്കും. ഇന്ത്യയിലെ പദ്ധതി നടത്തിപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, നദീസംയോജന പദ്ധതിയുടെ വിധിയും എന്താകുമെന്ന് ഊഹിക്കാനാകും. കര്‍മപദ്ധതിയില്‍ പറയുന്നതുപോലെ 5.6 ലക്ഷം കോടി രൂപകൊണ്ട് 2016 ആകുമ്പോഴേക്കും ഇത്ര ബൃഹത്തായ ഒരു പദ്ധതി പൂര്‍ത്തിയാകുമോ എന്ന് സംശയിക്കുന്ന വിദഗ്‌ധര്‍ ധാരാളമുണ്ട്. കൊളംബോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിട്ട്യൂട്ടി'നു കീഴിലുള്ള 'ടാറ്റാ വാട്ടര്‍ പോളിസി പ്രോഗ്രാമി'ന്റെ മേധാവി തുഷാര്‍ ഷായുടെ നിഗമനപ്രകാരം, ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 40 വര്‍ഷം വേണ്ടിവരും; 5,70,00,000 കോടി രൂപയും! നാല്‌പത് വര്‍ഷംകൊണ്ട് നമ്മുടെ കാലാവസ്ഥയും നദികളിലെ നീരൊഴുക്കിന്റെ സ്വഭാവവും എന്തിന് രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍പോലും എത്ര മാറിയിട്ടുണ്ടാകും!
വന്‍കിട പദ്ധതികളുടെയൊന്നും സഹായമില്ലാതെ ജനപങ്കാളിത്തത്തോടെ പരമ്പരാഗത ജലസംരക്ഷണമാര്‍ഗങ്ങളുപയോഗിച്ച്, രാജസ്ഥാനിലെ ഗ്രാമങ്ങളുടെ ഭാവി മാറ്റാനാകും എന്ന് തെളിയിച്ച സംഘടനയാണ് 'തരുണ്‍ ഭാരത് സംഘ്'. അതിന്റെ നേതാവായ രജീന്ദര്‍ സിംഹ്, നദീസംയോജനപദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്-`നദികളെ കൂട്ടിക്കെട്ടുകയെന്നു പറഞ്ഞാല്‍ അതിനര്‍ഥം, അഴിമതിയെയും മലിനീകരണത്തെയും പരസ്‌പരം ബന്ധിപ്പിക്കുകയെന്നാണ്`.
-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, മാര്‍ച്ച് 21-27, 2004

Labels:
ആഗോളതാപനം,
ആരല്‍ സമുദ്രം,
നദീസംയോജനം,
പരിസ്ഥിതി
Friday, January 16, 2009
ബ്ലോഗിങ്-ആത്മപ്രകാശനത്തിന്റെ സൈബര്‍ രൂപം
(മുന്നറിയിപ്പ്: പഴയ ലേഖനമാണിത്. വസ്‌തുതകളിലും വിവരങ്ങളിലും അത് പ്രതിഫലിക്കുക സ്വാഭാവികം മാത്രം.)
The traditional paper says, 'I produce, you read' but we say, 'we produce, we read and we change the world together'-Oh Yeon Ho, Editor of 'Ohmynews'
ഇംഗ്ലീഷ് ഭാഷയ്‌ക്ക് 2004-ല്‍ മെറിയാം വെബ്‌സ്റ്റര്‍ കമ്പനി കണ്ടെത്തിയ വാക്കാണ് 'ബ്ലോഗ്' (blog). തങ്ങളുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ അര്‍ഥം തേടിയ പദം എന്ന നിലയ്‌ക്ക് 2004-ലെ ഇംഗ്ലീഷ് വാക്കായി 'ബ്ലോഗി'നെ കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. മെറിയാം വെബ്‌സ്റ്റര്‍ നിഘണ്ടുവിന്റെ 2005 പതിപ്പില്‍ 'ബ്ലോഗ്' ഉള്‍പ്പെടുത്താനും തീരുമാനിച്ചു. സാധാരണഗതിയില്‍ പുതിയൊരു വാക്ക് കുറഞ്ഞത് 20 വര്‍ഷം 'ജീവിച്ചിരുന്നാലേ' അതിന് നിഘണ്ടുവില്‍ ഇടം ലഭിക്കൂ. അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ 'ബ്ലോഗ്' പിറന്ന് വീണിട്ട്. ഇത്ര ചുരുങ്ങിയ കാലംകൊണ്ട് അതിന് നിഘണ്ടുവില്‍ പ്രവേശനം ലഭിച്ചതിന്റെ അര്‍ഥം, 'ബ്ലോഗ്' എന്നത് അത്ര പ്രധാന്യം കൈവരിച്ചു കഴിഞ്ഞു എന്നാണ്.
'വെബ് ലോഗ്' (web log) എന്നതിന്റെ ചുരുക്കരൂപമാണ് 'ബ്ലോഗ്'. വെബ്ബ് ജേര്‍ണല്‍ എന്നും അവയെ വിളക്കാറുണ്ട്. ഒരു വ്യക്തിയുടെ ചിന്തകളും വിചാരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുകയും, അവ തുടര്‍ച്ചയായി നവീകരിക്കുകയും, സമാനസ്വഭാവമുള്ള മറ്റ് സൈറ്റുകളിലെക്ക് കവാടം സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ള സ്വകാര്യ വെബ്ബ്‌സൈറ്റാണ് 'ബ്ലോഗ്' എന്ന് വെബ്‌സ്‌റ്റര്‍ നിഘണ്ടു നിര്‍വചിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ആത്മപ്രകാശനത്തിനും ആശയവിനിമയത്തിനുമുള്ള പുത്തന്‍ ഉപാധിയാണ് ബ്ലോഗുകള്‍. വ്യക്തപരമായ തരത്തിലുള്ള, ഒരിനം അമേച്വര്‍ പത്രപ്രവര്‍ത്തനമായും ബ്ലോഗുകള്‍ മാറാറുണ്ട്. 'ഒരാള്‍ പറയാനാഗ്രഹിക്കുന്ന കാര്യം, എവിടെ പ്രസിദ്ധീകരിക്കണമെന്നറിയാത്ത കാര്യം, പ്രസിദ്ധീകരിക്കാന്‍ ഒരുപക്ഷേ ആരും സമ്മതിക്കാത്ത കാര്യം' -അതാണ് ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നവയെന്ന് ഇന്റര്‍നെറ്റ് നിരീക്ഷകര്‍ പറയുന്നു. ബ്ലോഗുകള്‍ രചിക്കുന്നയാളാണ് ബ്ലോഗര്‍; ആ പ്രക്രിയ ബ്ലോഗിങ് എന്നറിയപ്പെടുന്നു.
തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ് വേള്‍ഡ് വൈഡ് വെബ്ബ് യാഥാര്‍ഥ്യമാകുന്നത്. അതേ സമയത്തുതന്നെ ബ്ലോഗുകളുടെ ആദ്യരൂപവും നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1994 അവസാനം ജസ്‌റ്റിന്‍ ഹാള്‍, കരോലിന്‍ ബുര്‍ക്കെ എന്നിവര്‍ ചേര്‍ന്ന് അവരുടെ ഡയറിക്കുറിപ്പുകള്‍ തുടര്‍ച്ചയായി നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ബ്ലോഗിങിന്റെ ജനനം എന്ന് കരുതപ്പെടുന്നു. 'വെബ് ലോഗ്' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 'റോബര്‍ട്ട് വിസ്‌ഡം വെബ് ലോഗി'ന്റെ എഡിറ്റര്‍ ജോണ്‍ ബാര്‍ഗര്‍ ആണ്.
1998-ല്‍ ആകെ മുപ്പതിനായിരം വെബ് ലോഗുകളാണ് നെറ്റില്‍ ഉണ്ടായിരുന്നത്. ഇന്നത് 50 ലക്ഷമാണെന്ന് ബ്ലോഗുകളെപ്പറ്റി പഠനം നടത്തുന്ന 'ടെക്‌നോറാറ്റി' (Technorati) കണക്കുകൂട്ടുന്നു. യു.എസ്.ഗവേഷകസ്ഥാപനങ്ങളായ 'പ്യൂ ഇന്റര്‍നെറ്റ്', 'അമേരിക്കന്‍ ലൈഫ്' എന്നിവ സംയുക്തമായി നടത്തിയ പഠനപ്രകാരം, ഓരോ 5.8 സെക്കന്‍ഡിലും ഓരോ പുതിയ ബ്ലോഗ് സൃഷ്ടിക്കപ്പെടുന്നു!
ആദ്യമൊക്കെ കൗമാരപ്രായക്കാരുടെ വെറുമൊരു ഹോബി മാത്രമായി അവഗണിക്കപ്പെട്ട ബ്ലോഗിങിന്റെ യഥാര്‍ഥ സാധ്യതകള്‍ വെളിവായിത്തുടങ്ങിയത്, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മറ്റ് സങ്കേതങ്ങളുടെ വികാസത്തോടെയാണ്. പ്രത്യേകിച്ചും റിയലി സിംപിള്‍ സിന്‍ഡിക്കേഷന്‍ (ആര്‍.എസ്.എസ്) എന്ന സങ്കേതമാണ് ബ്ലോഗുകള്‍ സൃഷ്ടിക്കുകയും പങ്കുവെയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ അതീവ ലളിതമാക്കിയത്. സാധാരണഗതിയില്‍ ഒരാള്‍ക്ക് തന്റെ സൃഷ്ടികള്‍ വെബ്ബില്‍ പ്രസിദ്ധീകരിക്കുക വളരെ ശ്രമകരമാണ്. സ്വന്തമായി സൈറ്റ് വേണം, സെര്‍വര്‍ വേണം, സാങ്കേതിക പരിജ്ഞാനം വേണം. എന്നാല്‍, ബ്ലോഗിങിന്റെ ആവര്‍ഭാവത്തോടെ ഇവയെല്ലാം അപ്രസക്തമായി. ഒരു സാങ്കേതികജ്ഞാനവുമില്ലാത്തയാള്‍ക്കും സ്വന്തം രചനകള്‍ വെബ്ബില്‍ സൗജന്യമായി പ്രസിദ്ധീകരിക്കാനും മറ്റുള്ളവരിലെത്തിക്കാനും ബ്ലോഗിങ് അവസരമൊരുക്കുന്നു. നിങ്ങള്‍ക്കൊരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍, കോളമെഴുത്തുകാരനോ വിശകലന വിദഗ്‌ധനോ പ്രസാധകനോ ഒക്കെയാകാന്‍ നിങ്ങളെ ബ്ലോഗിങ് സഹായിക്കും.
തുടക്കം തൊണ്ണൂറുകളിലാണെങ്കിലും, പുതിയ നൂറ്റാണ്ടോടെയാണ് ബ്ലോഗിങ് എന്നത് സൈബര്‍സ്‌പേസിലെ ഒരു വിസ്‌മയമായി മാറിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് കരുതിവെച്ച അത്ഭുതങ്ങളിലൊന്നാണ് ബ്ലോഗിങ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇനിയും പൂര്‍ണമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ വ്യാഖ്യാനിക്കാനും മനസിലാക്കാനും ശ്രമം നടക്കുമ്പോള്‍ തന്നെ, വ്യാഖ്യാനങ്ങളെ അപ്രസക്തമാക്കും വിധം ബ്ലോഗുകളുടെ എണ്ണവും വൈവിധ്യവും വര്‍ധിക്കുന്നു.
ആരും കരുതിയിരുന്നില്ല, സൈബര്‍സ്‌പേസിലെ പുതിയ പ്രതിഭാസം അതിന്റെ യഥാര്‍ഥ സാധ്യത കണ്ടെത്തുക സാക്ഷാല്‍ സദ്ദാം ഹുസൈന്റെ ബാഗ്‌ദാദില്‍ നിന്നായിരിക്കും എന്ന്. 2002 സപ്‌തംബറില്‍ 'സലാം പാക്‌സ്' എന്ന പേരില്‍ ഒരു അജ്ഞാതന്‍ 'ബാഗ്‌ദാദ് ബ്ലോഗര്‍' എന്ന പേരിലൊരു ബ്ലോഗ് തുടങ്ങുമ്പോള്‍ ലോകം പുതിയൊരു മാധ്യമസാധ്യതയുടെ പിറവി ദര്‍ശിക്കുകയായിരുന്നു. സദ്ദാമിന്റെ അന്ത്യനാളുകളില്‍ ബാഗ്‌ദാദ് എങ്ങനെയായിരുന്നു എന്നതിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം (മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും തരാന്‍ കഴിയാത്തത്) സലാം പാക്‌സ് ലോകത്തിന് നല്‍കി. ശരാശരി ഇറാഖികളുടെ വിഹ്വലതകളും ഉത്‌ക്കണ്‌ഠകളും ആശങ്കകളും ബാഗ്‌ദാദ് ബ്ലോഗറിലൂടെ ലോകമറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിന്റെ യഥാര്‍ഥ വസ്‌തുതകളും മറ്റ് മാധ്യമങ്ങള്‍ക്കൊന്നും നല്‍കാന്‍ കഴിയാത്തത്ര ഹൃദ്യമായി വിനിമയം ചെയ്യാന്‍ സലാം പാക്‌സിനായി.
ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് യുദ്ധം 'ലൈവ്' ആയി പ്രേക്ഷകന് മുന്നിലെത്തിച്ച് സി.എന്‍.എന്നും അതിന്റെ അധിപന്‍ ടെഡ് ടേര്‍ണറും നായകരായെങ്കില്‍, രണ്ടാം ഗള്‍ഫ് യുദ്ധത്തില്‍ മാധ്യമലോകത്തിന് ലഭിച്ച നായകനാണ് സലാംപാക്‌സ്. 'ബാഗ്‌ദാദ് ബ്ലോഗറെ'പ്പറ്റി രചിക്കപ്പെട്ട 'സലാംപാക്‌സ്: ദി ക്ലാന്‍ഡെസ്റ്റൈന്‍ ഡയറി ഓഫ് ആന്‍ ഓര്‍ഡിനറി ഇറാഖി' എന്ന പുസ്‌തകം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു. ആ ഗ്രന്ഥമിപ്പോള്‍ ഒരു ചലച്ചിത്രമാവുകയാണ്.
കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും പക്ഷേ, ബ്ലോഗുകള്‍ക്ക് മാധ്യമപദവി കിട്ടുന്നത് (കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും), കഴിഞ്ഞ വര്‍ഷം (2004) നടന്ന യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പോടെയാണ്. ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 30 ബ്ലോഗര്‍മാര്‍ക്കും അക്രെഡിറ്റെഷന്‍ നല്‍കിയത് ചരിത്രസംഭവമായി. ക്യാമറാഫോണുകളുടെ സഹായത്തോടെ അവിടെ നടന്ന സംഭവങ്ങള്‍ വളരെ വേഗം നെറ്റിലെത്തിച്ച് ബ്ലോഗര്‍മാര്‍ കഴിവു തെളിയിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ബുഷിന്റെയും ജോണ്‍ കെറിയുടെയും പക്ഷത്തുള്ളവര്‍ വെവ്വേറെ ബ്ലോഗുകള്‍ സൃഷ്ടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ബി.ബി.സി.പോലുള്ള മാധ്യമസ്ഥാപനങ്ങള്‍, സ്വന്തം റിപ്പോര്‍ട്ടര്‍മാരോട് തന്നെ തിരഞ്ഞെടുപ്പു ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ ചട്ടംകെട്ടി. അങ്ങനെ ശരിക്കും ഒരു സമാന്തര മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവമാര്‍ജിക്കാന്‍ യു.എസ്.തിരഞ്ഞെടുപ്പോടെ ബ്ലോഗിങിനായി.
2004 ഡിസംബര്‍ 26-ന് ഇന്ത്യന്‍മഹാസമുദ്രമേഖലയിലുണ്ടായ സുനാമി ദുരന്തത്തിന് ശേഷം, കാണാതായവരെ കണ്ടെത്താനും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്ലോഗര്‍മാര്‍ മറ്റുള്ളവരെ കടത്തിവെട്ടി. ഡയാന മേത്ത, പീറ്റര്‍ ഗ്രിഫിന്‍, ശ്രീലങ്കന്‍ ടെലിവിഷന്‍ നിര്‍മാതാവ് ഡി മായിയോ എന്നിവരും ന്യൂഡല്‍ഹിയിലെ ഒരുസംഘം വിദ്യാര്‍ഥികളും സംയുക്തമായി രൂപംനല്‍കിയ 'സൗത്ത്‌ഈസ്റ്റ് ഏഷ്യ എര്‍ത്ത്‌ക്വേക്ക് ആന്‍ഡ് സുനാമി വെബ്ബ്‌ലോഗ്'(SEA-EAT) എന്ന ബ്ലോഗ് ദുരിതബാധിതര്‍ക്ക് രക്ഷാമാര്‍ഗമായി മാറുകയായിരുന്നു.
അടുത്തകാലം വരെ വന്‍കിട മാധ്യമങ്ങളോ വന്‍കിട കമ്പനികളോ ബ്ലോഗുകളെ ഗൗരവത്തോടെ കണ്ടിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പ്രമുഖപത്രങ്ങളുടെയും ടി.വി.ചാനലുകളുടെയും വെബ്ബ്‌സൈറ്റുകള്‍, ബ്ലോഗിങ് സമ്പ്രദായംകൂടി സൈറ്റുകളില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍. ബ്ലോഗിങ് സങ്കേതമുപയോഗിച്ചുള്ള ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തെക്കന്‍ കൊറിയയില്‍നിന്നുള്ള www.ohmynews.com ഉദാഹരണം. ഓ ഇയോണ്‍ ഹോ എഡിറ്റുചെയ്യുന്ന ഈ വാര്‍ത്താസൈറ്റ് തുടക്കത്തില്‍ 722 സിറ്റിസണ്‍ റിപ്പോര്‍ട്ടര്‍മാരുടെ സഹായത്താലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അതിലെ റിപ്പോര്‍ട്ടര്‍മാരുടെ സംഖ്യ 3500 ആണ്. ബ്ലോഗിങിന്റെ സങ്കേതം പ്രയോജനപ്പെടുത്തി രംഗത്തെത്തിയ മറ്റൊരു വാര്‍ത്താസൈറ്റാണ് 'വിക്കിന്യൂസ്' (wikinews).
രാജ്യത്തിന്റെ വിദൂരകോണുകളില്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ മുഖ്യധാരാമാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ പോലും ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. 'ഞങ്ങള്‍ മാത്രം, വേറാരുമില്ല' എന്ന പരമ്പരാഗത മാധ്യമങ്ങളുടെ ഗര്‍വ്വിനാണ് ഇത്തരം സമീപനത്തിനു മുന്നില്‍ ഉടവുതട്ടുന്നത്. മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ ബ്ലോഗുകള്‍ വഴി പലപ്പോഴും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.
-പത്രപ്രവര്‍ത്തകന്‍, മാര്‍ച്ച് 2005

പത്രപ്രവര്‍ത്തനം,
ബ്ലോഗ്,
വിവരസാങ്കേതികവിദ്യ
Subscribe to:
Posts (Atom)