Monday, March 29, 2010

സ്വാതന്ത്ര്യസമരത്തിലെ അഗ്നിമുഖങ്ങള്‍

വായനയെ ആദരവോടെ സമീപിക്കുന്ന മലയാളികളില്‍ മിക്കവര്‍ക്കും എം.എന്‍.സത്യാര്‍ഥി പരിചിതനാണ്; പ്രഗത്ഭനായ ഒരു വിവര്‍ത്തകന്‍ എന്ന നിലയില്‍. ബംഗാളിയിലും ഉര്‍ദുവിലും ഹിന്ദിയിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ സാഹിത്യത്തിന്റെ ആത്മാവിനെ മനോഹരമായ മലയാള വിവര്‍ത്തനങ്ങളിലൂടെ കേരളത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന വ്യക്തിയാണ് സത്യാര്‍ഥി. കിഷന്‍ ചന്ദിന്റെയും സാവിത്രി റോയിയുടെയും ബിമല്‍മിത്രയുടെയുമൊക്കെ കൃതികള്‍ ആര്‍ജവത്വം ചോര്‍ന്നു പോകാതെ മലയാളീകരിച്ചെത്തുമ്പോള്‍ ചിലരെങ്കിലും അത്ഭുതപ്പെടാതിരിക്കില്ല; ആരാണ് ഈ സത്യാര്‍ഥി, ഇത്രയും ഭാഷകളുടെ മാന്ത്രികത കരസ്ഥമാക്കിയ ഇയാള്‍ എവിടുത്തുകാരനാണ്?

ഇതിന്റെ ഉത്തരം മഹേന്ദ്രനാഥ് സത്യാര്‍ഥിയെന്ന എം.എന്‍.സത്യാര്‍ഥിയുടെ ജീവിതം തന്നെയാണ്. കഴുമരത്തിന്റെ നിഴലിലൂടെ, ഇന്ത്യന്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ധീരതയും കരുത്തും ഊട്ടിയുറപ്പിച്ച അനുഭവങ്ങളിലൂടെ കടന്നുവന്ന സത്യാര്‍ഥിയുടെ ജീവിതം.

കോഴിക്കോടിനടുത്ത് മുണ്ടിക്കല്‍താഴത്തെ കുന്നിന്‍മുകളിലുള്ള ചെറിയ വീട്ടിലിരുന്ന്, എണ്‍പത്തിനാലാം വയസ്സിലേക്ക് കടന്ന സത്യാര്‍ഥി, തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാദ്യം തെളിയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അങ്ങേത്തലയ്ക്കല്‍ പഞ്ചാബിന്റെ മണ്ണില്‍ കുതിച്ചുയര്‍ന്ന ദേശസ്‌നേഹത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളാണ്. കഴുമരങ്ങള്‍ക്ക് നാവു മുളച്ച ഇരുപതുകള്‍, സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതിരുന്ന ഒരു നിര. ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ്, രാജ ഗുരു, സുഖ്‌ദേവ്, ബട്‌കേശര്‍ ദത്ത് അടക്കമുള്ളവരുടെ രൂപങ്ങള്‍ ആ നിരയില്‍ തെളിയുന്നു. റഷ്യന്‍ വിപ്ലവം കൊളുത്തിവിട്ട ആവേശം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ കുത്തിയൊഴുകിയ ഇരുപതുകളിലാണ് സത്യാര്‍ഥിയും ലാഹോറില്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്.

നേരത്തെ മലബാര്‍ സര്‍വീസിലുണ്ടായിരുന്ന എം. കൃഷ്ണന്‍, പഞ്ചാബിലെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറായാണ് ലാഹോറിലെത്തുന്നത്. അദ്ദേഹത്തിന്റെ മകനായി 1913 ഏപ്രില്‍ 13-ന് സത്യാര്‍ഥി ലാഹോറില്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റിന് ശേഷം പതിനാലാം വയസ്സില്‍ ലാഹോറിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു. എട്ടുംപൊട്ടും തിരിയാത്ത ഒരു ബാലന്‍. ആകെയുള്ള കുഴപ്പം സാഹിത്യത്തിലുള്ള താത്പര്യം മാത്രം. മൗലാന സഫറലി ഖാന്‍ 'ജമീന്ദാര്‍' എന്നൊരു മാസിക ഇറക്കിയിരുന്നു. അതിന്റെ ബാലപംക്തിയില്‍ സത്യാര്‍ഥി ഇടയ്ക്കിടയ്‌ക്കെഴുതും.

ഒരിക്കല്‍, സഹപാഠികളോടൊപ്പം അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഒരു സാധു കര്‍ഷകകുടുംബത്തെ പോലീസും ജന്മിയും ചേര്‍ന്ന് കുടിയിറക്കുന്ന കാഴ്ച കണ്ടു. ഓട്ടുകിണ്ണം നെഞ്ചത്തടക്കിപ്പിടിച്ച് വിതുമ്പുന്ന ഒരു പെണ്‍കുട്ടി; കിണ്ണം പിടിച്ചെടുക്കാന്‍ നോക്കുന്ന പോലീസുകാരന്‍ -മനസില്‍ മുറിപ്പാട് വീഴ്ത്തിയ ഈ സംഭവത്തെപ്പറ്റി ഒരു കവിതയെഴുതി -'കുടിയൊഴിപ്പിക്കല്‍'. ജമീന്ദാറില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കവിത ഭരണകൂടത്തിനെതിരാണെന്ന് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിധിച്ചു.

ദേശസ്‌നേഹത്തിന്റെ കരുത്തും വൈദേശിക ഭരണത്തോടുള്ള എതിര്‍പ്പും ലാഹോറിന്റെ ഹൃദയത്തില്‍ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതമായി ഉരുണ്ടു കൂടുന്ന നാളുകളായിരുന്നു അത്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് കൗമാരപ്രായക്കാരനായ സത്യാര്‍ഥിക്ക് മനസിലായിരുന്നില്ല.

സത്യാര്‍ഥി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഒരു ശ്മശാനം മുറിച്ചു കടന്നാല്‍ ഭഗത് സിംഗിന്റെ വീടായി. കോളേജില്‍ ഭഗത് സിംഗ് സീനിയര്‍, ഹരികൃഷ്ണ്‍ സഹപാഠി. സഹോദരിയെയും അമ്മയെയും കൂട്ടിവന്ന് താമസിക്കാന്‍ സുഖ്‌ദേവിന് ലാഹോറില്‍ വീട് വാടകയ്‌ക്കെടുക്കാന്‍ ജാമ്യം നിന്നത് സത്യാര്‍ഥി.

ഇന്ത്യയ്ക്ക് എത്രമാത്രം സ്വാതന്ത്ര്യം നല്‍കാമെന്നതിനെപ്പറ്റി തെളിവെടുപ്പ് നടത്താന്‍ സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി. 1928 ഒക്ടോബര്‍ 30-ന് ലാഹോര്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ കമ്മീഷന് രാജ്യസ്‌നേഹികള്‍ തീര്‍ത്ത ഉപരോധം മറികടന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. പോലീസ് സൂപ്രണ്ട് സ്‌കോട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പോലീസ് ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. ലാലാ ലജ്പത്‌റായി തലയ്ക്കടിയേറ്റു വീണു.

ഇന്ത്യ, പ്രത്യേകിച്ച് പഞ്ചാബ്, അപമാനത്തിന്റെ നിറമണിഞ്ഞു. 'ഈ ദേശീയ അപമാനത്തിന് പകരം വീട്ടാന്‍ ഇന്ത്യയില്‍ യുവാക്കളില്ലേ' എന്ന സിംഹഗര്‍ജനം പോലുള്ള, സി.ആര്‍.ദാസിന്റെയും അദ്ദേഹത്തിന്റെ പത്‌നി വാസന്തിദേവിയുടെയും ചോദ്യം ഇന്ത്യയെങ്ങും പ്രതിധ്വനിച്ചു. പ്രതികാരം ചെയ്യാന്‍ ചെറുപ്പക്കാര്‍ ലാഹോറില്‍ തന്നെയുണ്ടായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെയും ഭഗത് സിംഗിന്റെയും നേതൃത്വത്തിലുള്ള ചാവേര്‍സംഘം പ്രതികാരത്തിന് പദ്ധതി തയ്യാറാക്കി. ലാലാജി അന്തരിച്ച് ഒരു മാസവും നാലു ദിവസവും കഴിഞ്ഞപ്പോള്‍, 1928 ഡിസംബര്‍ 17-ന്, ലാഹോര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സന്റേഴ്ണ്‍ ഓഫീസില്‍ നിന്നും മടങ്ങും വഴി വെടിയേറ്റു വീണു. സൂപ്രണ്ട് സ്‌കോട്ടിനെ വധിക്കാനിട്ടിരുന്ന പദ്ധതി സന്റേഴ്ണ്‍ വധത്തില്‍ കലാശിക്കുകയാണുണ്ടായത്.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നെഞ്ചിന് നേരെയുള്ള നിറയൊഴിക്കലായിരുന്നു അത്. ഭരണകൂടത്തിന് ഭ്രാന്തിളകി. നാഷണല്‍ കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളെ പിടിച്ച് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു; കൂട്ടത്തില്‍ പതിനഞ്ചുകാരനായ സത്യാര്‍ഥിയെയും.

സത്യാര്‍ഥി ഒരു മാസം ലോക്കപ്പില്‍ കിടന്നു. സഹപാഠികളില്‍ പലരും ബോണ്ടെഴുതിക്കൊടുത്ത് പുറത്തു കടന്നു. സത്യാര്‍ഥിയെ അങ്ങനെ വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. ജമീന്ദാറില്‍ സര്‍ക്കാര്‍ വിരുദ്ധ കവിത പ്രസിദ്ധീകരിച്ച 'കുട്ടിഭീകര'നെ ഒരു മാസം കഴിഞ്ഞ് നാടുകടത്തി; കല്‍ക്കത്തയിലേക്ക്! ബ്രിട്ടീഷുകാരുടെ മഹാവിഡ്ഡിത്തങ്ങളിലൊന്നായി സത്യാര്‍ഥി ആ നടപടിയെ വിശേഷിപ്പിക്കുന്നു. അല്ലെങ്കില്‍, ഇരുപതുകളുടെ അവസാനം ഒരു 'തീച്ചൂളപോലെ സമരാവേശംകൊണ്ട് ജ്വലിക്കുന്ന' കല്‍ക്കത്തയിലേക്ക് നാടുകടത്തല്‍ നടത്തുമോ?

ചങ്ങലയ്ക്കിട്ട നിലയില്‍ സത്യാര്‍ഥിയെ അധികാരികള്‍ കല്‍ക്കത്ത റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചെങ്കിലും, സത്യാര്‍ഥിക്ക് അഭയവും ആത്മവിശ്വാസവും നല്‍കാന്‍ അവിടെ അനുശീലന്‍ സമിതിയുണ്ടായിരുന്നു. സന്റേഴ്‌സണ്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം സത്യാര്‍ഥി ചെല്ലുമ്പോള്‍ കല്‍ക്കത്തയിലുണ്ട്. ലാഹോറിന്റെ ഹൃദയത്തിലെ അഗ്നി എത്രത്തോളമുണ്ടായിരുന്നുവെന്ന് ഒരു വെളിപാട് പോലെ സത്യാര്‍ഥിക്ക് ബോധ്യം വന്നത് കല്‍ക്കത്തയിലെത്തിയ ശേഷമാണ്. രണ്ടുവര്‍ഷം അനുശീലന്‍ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞു. ആയുധപരിശീലനം അവിടെ നിന്നാണ് നേടുന്നത്.

തന്നെ കുറ്റവാളിയും പ്രവാസിയുമാക്കിയവരോട് പ്രതികാരം വീട്ടണം. ഉമിത്തീ പോലെ പക അടങ്ങാതെ കിടക്കുകയായിരുന്നു. പതിനേഴിന്റെ ആവേശം വിവേകത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ലാഹോറില്‍ യൂണിവേഴ്‌സിറ്റിയുടെ സന്നദ് ദാന ചടങ്ങിന് പഞ്ചാബ് ഗവര്‍ണര്‍ സര്‍ ജാഫ്രഡി മോണ്ട് മോഴ്‌സി എത്തുന്ന വിവരം അറിയുന്നത്. 1930 ഡിസംബര്‍ 26-നാണ് സന്നദ് ദാനച്ചടങ്ങ്. ഗവര്‍ണറെ വെടിവെയ്ക്കാന്‍ പദ്ധതിയിട്ടു.

ഇതിനിടെയില്‍, 1929 ഏപ്രില്‍ എട്ടിന് ഭഗ്ത് സിംഗും ബട്‌കേശ്വര്‍ ദത്തും പാര്‍ലമെന്റില്‍ ബോംബെറിയുക വഴി ഇന്ത്യന്‍ ജനതയുടെ, വൈദേശിക അധിനിവേശത്തിനെതിരെയുള്ള, ഏറ്റവും വലിയ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഹിംസയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്ന ഈ യുവാക്കളെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നിട്ടു കൂടി, ഗാന്ധിജി 'യങ് ഇന്ത്യ'യില്‍ ഇങ്ങനെയെഴുതി : The year 1929 will be marked as the year of great awakening among the youth of India.

തന്നെപ്പോലെ തന്നെ പീഡനമനുഭവിച്ച ഒരു പഠാണി യുവാവിനെ സത്യാര്‍ഥിക്ക് കൂട്ടിന് കിട്ടി. ഹരികൃഷ്ണന്‍; ഭഗത്‌റാം തന്‍വാറിന്റെ അനുജന്‍. ഗവര്‍ണറെ വെടിവെക്കുന്ന പദ്ധതിയില്‍ 'ഹരികൃഷ്ണന്‍ അങ്ങേയറ്റം രാഷ്ട്രീയ പ്രചോദിതനായിരുന്നെങ്കില്‍, പ്രതികാരചിന്ത മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്', സത്യാര്‍ഥി ഓര്‍മിക്കുന്നു.

പുസ്തകങ്ങള്‍ക്കുള്ളില്‍ ആയുധം ഒളിപ്പിച്ചുവെച്ച് സെനറ്റ്ഹാളിന്റെ രണ്ടു ഭാഗത്തായി സത്യാര്‍ഥിയും ഹരികൃഷ്ണനും നിലയുറപ്പിച്ചു. ഹരികൃഷ്ണന്‍ വെടിവെക്കുക. ഗവര്‍ണര്‍ വീണുകഴിഞ്ഞാല്‍ രക്ഷപ്പെടണം. ഹാളിന് പുറത്ത് സഹായിക്കാന്‍ സഹപ്രവര്‍ത്തകരുണ്ട്. പക്ഷേ, 'ഹരികൃഷ്ണന് ആവേശം കൂടിപ്പോയി' എന്നാണ് സത്യാര്‍ഥി പറയുന്നത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതും, ഹരികൃഷ്ണന്‍ ഒരു കസേരയില്‍ ചാടിക്കയറി നിറയൊഴിച്ചു. കസേരയുടെ കാലുകള്‍ ഇളകിയിരുന്നതിനാല്‍ ഉന്നംതെറ്റി, ഗവര്‍ണറുടെ താടിയെല്ല് തകര്‍ന്നു. കൂട്ടബഹളം. അതിനിടയില്‍ രക്ഷപ്പെടാനല്ലായിരുന്നു ഹരികൃഷ്ണന്റെ ലക്ഷ്യം. 'ഞാനാണ് വെടിവെച്ചത്'-ഹരികൃഷ്ണന്‍ പ്രഖ്യാപിച്ചു. ആയുധധാരിയായിരുന്നതിനാല്‍ സത്യാര്‍ഥിയും പിടിയിലായി. ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തി.

ഗവര്‍ണറെ വെടിവെച്ച കുറ്റത്തിന് ഹരികൃഷ്ണനെ 1931 ജൂണ്‍ ഒന്‍പതിന് തൂക്കിലേറ്റി. സത്യാര്‍ഥിക്ക് ജീവപര്യന്തം; ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍. ആന്റമാനിലെത്തിയാല്‍ മരണമാണ്. തല്‍ക്കാലം അങ്ങോട്ട് പോകാതെ രക്ഷപ്പെടാന്‍ ഒറ്റ മാര്‍ഗമേയുള്ളു : നേതാക്കള്‍ ഉപദേശിച്ചു; പഠിക്കുക. പഠനം കഴിയുംവരെ നാടുകടത്തല്‍ നീട്ടിവെയ്ക്കും. അങ്ങനെ ലാഹോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉര്‍ദു ഓണേഴ്‌സിന് പ്രൈവറ്റായി ചേര്‍ന്നു. പഠിക്കണമെന്ന ആത്മാര്‍ഥമായ താത്പര്യം സത്യാര്‍ഥിക്കുണ്ടായിരുന്നു.

ജയിയില്‍ തുടര്‍ന്നുവന്ന മൂന്നു വര്‍ഷം സത്യാര്‍ഥി ഉര്‍ദു ഓണേഴ്‌സ് മാത്രമല്ല അഭ്യസിച്ചത്; കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളും വശത്താക്കുന്നത് ആ നാളുകളിലാണ്. 1933-ല്‍ ഇരുപതുകാരനായ സത്യാര്‍ഥി കൈയും കാലും ചങ്ങലയ്ക്കിട്ട നിലയില്‍ യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞതോടെ, അനിവാര്യമായ നാടുകടത്തലിന്റെ നാളായി. 'ആന്റമാന്‍ ജയിലിലെ ഭീകരതയുമായി താരതമ്യം ചെയ്തപ്പോള്‍, കഴുമരമായിരുന്നു ഭേദമെന്ന് തോന്നിയ നാളുകള്‍', സത്യാര്‍ഥി വ്യക്തമായി ഓര്‍ക്കുന്നു.

രണ്ട് ഇന്ത്യന്‍ പോലീസുകാരുടെയും ഒരു ആംഗ്ലോഇന്ത്യന്‍ സര്‍ജന്റെയും അകമ്പടിയോടെ കല്‍ക്കത്തയ്ക്ക് യാത്രയായി. യാത്രയില്‍ 'ട്രെയിനില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു', സത്യാര്‍ഥി വെളിപ്പെടുത്തുന്നു.

ചമല്‍ലാല്‍ ആസാദ് എന്ന പേരില്‍ 15 വര്‍ഷം നീണ്ട ഒളിവ് ജീവിതം ആരംഭിക്കുന്നത് അങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഹായത്തിനെത്തി. ഉര്‍ദു അറിയാവുന്നത് മുസ്ലീം ആയി വേഷം മാറാന്‍ അനുഗ്രഹമായി. 'കൊയ്ത്തു കഴിഞ്ഞാല്‍ ധാന്യം ജന്മിക്കു കൊടുത്ത്, ചൂലും കുട്ടയുമായി തിരികെ പോരേണ്ട' ഗ്രാമീണ കര്‍ഷകരുടെ ഇടയില്‍ സംഘബോധത്തിന്റെ വിത്തുപാകാന്‍ നിയോഗം പോലെ ചിലവിട്ട വര്‍ഷങ്ങള്‍.

ലോകരാഷ്ട്രീയഗതികള്‍ മുപ്പതുകളുടെ അവസാനം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായി. 1939-ല്‍ രണ്ടാംലോകമഹായുദ്ധം തുടങ്ങി. അന്ന് ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യം വിടാന്‍ തീരുമാനിച്ചു. പിന്നീട് നെഹ്‌റു മന്ത്രസഭയില്‍ രാജ്യത്തിന്റെ ആദ്യ പ്രതിരോധവകുപ്പ് മന്ത്രിയായ കോണ്‍ഗ്രസ്സ് നേതാവ് ബല്‍ദേവ് സിംഹ് നേതാജിയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചു. 'രാജ്യം വിടണം, ബ്രിട്ടനോട് പോരാടണം. ഇവിടെ തുടര്‍ന്നിട്ട് കാര്യമില്ല'.

ബല്‍ദേവ് സിംഹ് ഇക്കാര്യം തന്റെ വീട്ടില്‍ അന്ന് ഒളിവില്‍ പാര്‍ക്കുന്ന അക്ഷയ് സിംഹ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനോട് പറഞ്ഞു. അക്ഷയ് സിംഹ് പാര്‍ട്ടിയുടെ പഞ്ചാബ് കമ്മറ്റിക്കെഴുതി. നേതാജിയെ രാജ്യംവിടാന്‍ സഹായിക്കണം. പാര്‍ട്ടി രണ്ടുപേരെ ഇതിനായി നിയോഗിച്ചു. ഭഗത്‌റാം തന്‍വാറിനെയും, കോംമ്രേഡ് രാമകൃഷ്ണനെയും. രാമകൃഷ്ണന്‍ എന്തോ കാരണത്താല്‍ പിന്‍വാങ്ങിയപ്പോഴാണ് സത്യാര്‍ഥിക്ക് ആ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.

ബോസിനെ തടവിലിട്ടിരിക്കുന്ന വീട് 24 മണിക്കൂറും കനത്ത പോലീസ് കാവലിലാണ്. വലിയ നേതാക്കള്‍ക്ക് മാത്രം അദ്ദേഹത്തെ സന്ദര്‍ശിക്കാം. ഒരു ദിവസം യുണൈറ്റഡ് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ എക്‌സിക്യുട്ടീവായ ഒരു പഠാണി നേതാജിയെ സന്ദര്‍ശിക്കാനെത്തുന്നു. തിരികെ ഇറങ്ങിപ്പോയ പഠാണി ബോസായിരുന്നു. കൂടെ രണ്ട് എക്‌സ്‌കോര്‍ട്ടുകളുണ്ട്, രണ്ടും പഠാണികള്‍. ഒന്ന് യഥാര്‍ഥ പഠാണിയായ ഭഗ്ത്‌റാം, മറ്റൊന്ന് സത്യാര്‍ഥി. കാബൂളിലെത്തുക, അവിടെ നിന്നും റഷ്യ; അതായിരുന്നു ലക്ഷ്യം.

ബര്‍ദ്‌വാന്‍ വരെ യാത്ര കാറിലായിരുന്നു. അവിടെ നിന്നും ഫ്രോണ്ടിയര്‍ മെയിലില്‍ പെഷാവറിലേക്ക്.

പക്ഷേ, ബോസ് കാബൂളിലെത്തുമ്പോഴേക്കും, റഷ്യ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് ജര്‍മനിക്കെതിരെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടനെതിരെ യുദ്ധം ചെയ്യുകയെന്ന ബോസിന്റെ ലക്ഷ്യത്തിന് സഹായം നല്‍കാന്‍ കഴിയാത്തതായി റഷ്യയുടെ അവസ്ഥ. എങ്കിലും കാബൂളിലെ റഷ്യന്‍ എംബസി, ബോസ് സുരക്ഷിതനായി യാത്ര തുടരും വരെ അദ്ദേഹത്തിന് സംരക്ഷണം നല്‍കി.

ഇന്ത്യയിലും കഥ മാറുകയായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ റഷ്യ കൈക്കൊണ്ട നിലപാട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സ്വാധീനിച്ചു. റഷ്യയ്‌ക്കൊപ്പം ബ്രിട്ടനും ഫാസിസത്തിനെതിരെ പോരാടുന്നതുകൊണ്ട്, ബ്രിട്ടീഷ് വിരോധം തത്ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായി. ബോസിനെ കാബൂളിലെത്തിച്ച് മടങ്ങിയെത്തിയപ്പോഴേക്കും, അതിന് സഹായിച്ച രണ്ടു പേരെയും ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പിടികൊടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. പക്ഷേ, ഭഗത്‌റാമും സത്യാര്‍ഥിയും അതിനൊരുക്കമായിരുന്നില്ല. ഭഗ്ത്‌റാം മടങ്ങിപ്പോയി, സത്യാര്‍ഥി വീണ്ടും ഒളിവില്‍! പാര്‍ട്ടിയില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും!

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും സത്യാര്‍ഥിയും വീണ്ടുമടുത്തു. ചമന്‍ലാല്‍ ആസാദ് എന്ന പേരില്‍ ബംഗാളിലെ 'സ്വാധീനത' എന്ന കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ പ്രതിനിധി. സ്വാതന്ത്ര്യത്തിന്റെ പുലരിയെപ്പറ്റിയുള്ള വാര്‍ത്ത നെഹ്‌റുവിന്റെ നാവില്‍ നിന്നും ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാള്‍ സത്യാര്‍ഥിയായിരുന്നു.

വിഭജനം തീര്‍ത്ത മുറിപ്പാടുകളോടെ ഇന്ത്യയിലെ ഏറ്റവും സമരവീര്യമുള്ള രണ്ട് ജനതകള്‍ - പഞ്ചാബികളും ബംഗാളികളും - വെട്ടിമാറ്റപ്പെടുന്നതിന് സാക്ഷ്യം വഹിച്ച മലയാളികളില്‍ ഒരാളും സത്യാര്‍ഥി തന്നെ.

ഏത് മഹായുദ്ധങ്ങളെക്കാളും ഭയാനകമായിരുന്നു ഇന്ത്യന്‍ വിഭജനം എന്ന് സത്യാര്‍ഥി ഓര്‍മിക്കുന്നു. ലാഹോര്‍, എത്ര പെട്ടന്നാണ് നരഹിംസയുടെ നരകഭൂവായത് എന്നകാര്യം പറയുമ്പോള്‍, സത്യാര്‍ഥിയുടെ മനസിലെത്തുന്നത് സ്വന്തം കുടുംബാംഗങ്ങളെ ഇന്ത്യയിലെത്തിക്കാന്‍ ലാഹോറില്‍ നിന്നും അമൃത്‌സറിലേക്ക് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പം നടത്തിയ 28 ദിവസത്തെ യാത്രയാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് പിന്നീട് നെഹ്‌റുവിന്റെ കഠിനവിമര്‍ശത്തിനിരയായ 'അവന്‍ ഇന്‍സാന്‍ മര്‍ ഗയ' (മനുഷ്യന്‍ മരിച്ചു) എന്ന ഉര്‍ദു നോവലിന്റെ പിറവി.

'സ്വാധീനത'യുടെ മുഴുവന്‍ സമയ പ്രതിനിധിയായി കഴിയുന്ന കാലം. 1956-ല്‍ ക്രൂഷ്‌ച്ചേവും ബുള്‍ഗാനിനും കല്‍ക്കത്തയിലെത്തി. നെഹ്‌റുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അവര്‍ കമ്മ്യൂണിസ്റ്റുകാരെ ആഹ്വാനം ചെയ്തു. ഏറെ നാളുകളിലെ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം, എതിരാളിക്ക് കീഴടങ്ങാന്‍ പറയുന്നതുപോലുള്ള ഒരു കാപട്യം ഇതില്‍ സത്യാര്‍ഥിയെപ്പോലുള്ള അനേകം കമ്മ്യൂണിസ്റ്റുകാര്‍ കണ്ടു. 'വയ്യ എന്ന് തോന്നി. ആദര്‍ശത പാലിക്കുക, എന്നാല്‍ സജീവ രംഗത്തുനിന്നും വിട്ടു നില്‍ക്കുക' ഇതായി വിചാരം. (സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യം പോലും വാങ്ങാന്‍ ഇക്കാലത്തിനിടയില്‍ ഒരിക്കലും സത്യാര്‍ഥി ശ്രമിച്ചിട്ടില്ല).

1957-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെപ്പറ്റി എഴുതാന്‍ കേരളത്തിലെത്തിയത് സത്യാര്‍ഥിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. പിന്നെ മടങ്ങിപ്പോയില്ല.

അച്ഛന്റെ സുഹൃത്ത് ആയിരുന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.എം.സീതിഹാജിയെ പോയി കണ്ടു. ഫറോക്ക് കോളേജില്‍ ഉര്‍ദു അധ്യാപകന്റെ ഒരു ഒഴിവുള്ള കാര്യം അദ്ദേഹം പറഞ്ഞു. അങ്ങനെ അധ്യാപകനായി. എണ്‍പത് രൂപ മാസശമ്പളം. പിന്നീട് ഭാര്യയ്ക്കും കൂടി ജോലി കിട്ടാനായി ജെ.ഡി.ടി.സ്‌കൂളില്‍ അധ്യാപനായി. അവിടെ നിന്നാണ് റിട്ടയര്‍ ചെയ്യുന്നത്.

കേരളത്തില്‍ എത്തിയ ശേഷം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ കഥകള്‍ സത്യാര്‍ഥി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വായനയെ ഗൗരവമായെടുക്കുന്ന മലയാളികളുടെ മനസിലേക്ക് എം.എന്‍.സത്യാര്‍ഥി കുടിയേറുന്നത്. അന്ന് 'ആനന്ദബസാര്‍ പത്രിക' ഗ്രൂപ്പിന്റെ ദേശ് വാരികയില്‍ ബിമല്‍ മിത്രയുടെ 'വിലയ്ക്കു വാങ്ങാം' എന്ന കൃതി പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടേയുള്ളു.

ബിമല്‍ മിത്രയ്‌ക്കെഴുതാന്‍ സത്യാര്‍ഥി കാമ്പിശ്ശേരി കരുണാകരനോട് പറഞ്ഞു. കാമ്പിശ്ശേരി ബിമല്‍ മിത്രയ്‌ക്കെഴുതി. 'ജനയുഗം' വാരികയില്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം കിട്ടി. മറ്റൊരു ഭാഷയില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു വരുമ്പോള്‍ തന്നെ ഒരു കൃതി മലയാളത്തിലും ഖണ്ഡശ്ശ: പ്രത്യക്ഷപ്പെടുകയെന്ന അപൂര്‍വ സംഭവമായിരുന്നു അത്. ബിമല്‍ മിത്രയുടെ തന്നെ 'പണം', സാവിത്രി റോയിയുടെ 'നെല്ലിന്റെ ഗീതം', യശ്പാലിന്റെ 'നിറംപിടിപ്പിച്ച നുണകള്‍' ഒക്കെ വായനയിലെ അനുഗ്രഹം പോലെയാണ് മലയാളികള്‍ ഏറ്റു വാങ്ങിയത്.

നാല്പതിലേറെ നോവലുകളും ആയിരക്കണക്കിന് ചെറുകഥകളും മലയാളത്തിലാക്കിയിട്ടുള്ള സത്യാര്‍ഥിയെ പുരസ്‌കാരങ്ങളും പല തവണ തേടി വന്നിട്ടുണ്ട്. ഏറ്റവും നല്ല വിവര്‍ത്തകനുള്ള 1992-ലെ കേന്ദ്രസാഹിത്യ അവാര്‍ഡ് ആണ് അതിലൊന്ന്. 1990-ല്‍ സത്യാര്‍ഥി എഴുതിയ 'സ്വാതന്ത്ര്യസമരം' എന്ന പുസ്തകത്തിന്, ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 1995-ല്‍ മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡും എം.എന്‍.സത്യാര്‍ഥിയെ തേടിയെത്തി.

കോഴിക്കോടിന് സമീപം മുണ്ടിക്കല്‍താഴത്തെ കുന്നിന്‍ മുകളില്‍ സത്യാര്‍ഥിയുടെ കൊച്ചുവീടിന് ചുറ്റും 28 വര്‍ഷം മുമ്പ് അദ്ദേഹം നട്ട തെങ്ങുകളുടെയും മറ്റ് ഫലവൃക്ഷങ്ങളുടെയും വിളവെടുപ്പിന് ഇന്നുമദ്ദേഹം പറമ്പിലിറങ്ങുന്നു. അങ്ങനെ, കര്‍ഷകവൃത്തിയുടെ ആത്മാവ് കൈവിട്ട മലയാളികളോടുള്ള നിശബ്ദ പ്രതിഷേധം കൂടിയാവുകയാണ് സത്യാര്‍ഥിയുടെ ഇപ്പോഴത്തെ ജീവിതം.

ജീവിതം തന്നെ ഇതിഹാസതുല്യമായതിനാല്‍, ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസമാകാന്‍ തെല്ലുമാഗ്രഹിക്കാത്ത ഈ മനുഷ്യന്‍, മനസിലുറഞ്ഞു കൂടിയ അഗ്നിയുടെ ലാളിത്യത്തില്‍ ഉറപ്പായി പറയുന്നു -'ഞാനൊരു നാമമാത്ര കര്‍ഷകന്‍ മാത്രമാണ്; അല്ലാതൊന്നുമല്ല!'

-മാതൃഭൂമി വാരാന്തപ്പതിപ്പ്, 1996 ജൂലായ് 14

ഒരു സ്മരണാഞ്ജലി
പത്രക്കാരോട് സ്വന്തം ജീവിതകഥ പറയാന്‍ എന്നും വിമുഖത കാട്ടിയിരുന്ന വ്യക്തിയാണ് എം.എന്‍.സത്യാര്‍ഥി. 1957 മുതല്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കിലും അപൂര്‍വമായേ അദ്ദേഹം ആര്‍ക്കെങ്കിലും അഭിമുഖം നല്‍കിയിട്ടുള്ളു.
യാദൃശ്ചികമായാണ് സത്യാര്‍ഥി മാഷിന്റെ അഭിമുഖം ഈ ലേഖകന് കിട്ടുന്നത്. അതിന് ശരിക്കുള്ള കാരണം 'മാതൃഭൂമി'യില്‍ എന്റെ സഹപ്രവര്‍ത്തകനും ജേഷ്ഠതുല്യനുമായ എന്‍.പി.രാജേന്ദ്രനായിരുന്നു.

സത്യാര്‍ഥി മാഷിനെ ഇന്റര്‍വ്യൂ ചെയ്ത് ഫീച്ചര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നത്, കോഴിക്കോട്ട് മാതൃഭൂമിയില്‍ ഞാന്‍ ട്രെയിനിയായി ചേര്‍ന്ന് മൂന്നു മാസം തികയും മുമ്പാണ്. സത്യാര്‍ഥി മാഷ് ആര്‍ക്കും അഭിമുഖം കൊടുക്കാറില്ല, ഏതായാലും ശ്രമിച്ചു നോക്കൂ എന്നൊരു മുന്നറിയിപ്പും കിട്ടി.

മാഷ് എവിടെയാണ് താമസിക്കുന്നത്, അദ്ദേഹത്തെ പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്നൊക്കെയായി വേവലാതി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ എനിക്ക് സ്ഥലവും വ്യക്തികളുമൊക്കെ പരിചയമായി വരുന്നതേയുള്ളു. ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ സ്‌നേഹപൂര്‍വം എന്‍.പി.ആര്‍. എന്നു വിളിക്കുന്ന എന്‍.പി.രാജേന്ദ്രന്‍ തുണയ്‌ക്കെത്തി.

കോഴിക്കോട് നഗരാതിര്‍ത്തിയിലെ മുണ്ടിക്കല്‍താഴത്ത്, സത്യാര്‍ഥി മാഷ് താമസിക്കുന്ന കുന്നിന്റെ ചുവട്ടിലാണ് എന്‍.പി.ആറിന്റെ വീട്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യാപിതാവായ ഗോവിന്ദന്‍ നായരുടെ അടുത്ത ചങ്ങാതി കൂടിയാണ് സത്യാര്‍ഥി മാഷ്. പക്ഷേ, സത്യാര്‍ഥി മാഷിനെ അതുവരെ പരിചയപ്പെടാന്‍ എന്‍.പി.ആറിന് കഴിഞ്ഞിട്ടില്ല. അതിനാല്‍, 'എനിക്കും മാഷിനെ ഒന്നു കാണണം, നമുക്ക് ഒരുമിച്ചു പോകാം'-എന്‍.പി.ആര്‍.പറഞ്ഞു.

നിശ്ചയിച്ചതു പ്രകാരം ഒരു ദിവസം മുണ്ടിക്കല്‍ താഴത്തെ കുന്നു കയറി ഞങ്ങള്‍ സത്യാര്‍ഥി മാഷിന്റെ വീട്ടിലെത്തി. പറമ്പിലായിരുന്ന മാഷ് അല്‍പ്പ സമയത്തിനകം എത്തി. കൈയുള്ള വെള്ള ബനിയനും കള്ളിമുണ്ടും വേഷം. പറമ്പില്‍ കിളയ്ക്കുകയായിരുന്നുവെന്ന് വസ്ത്രത്തിലെ വിയര്‍പ്പും മണ്ണും സാക്ഷ്യപ്പെടുത്തി. എണ്‍പത്തിനാലാം വയസ്സിലും മണ്ണിനോട് മല്ലിടുന്ന മനുഷ്യന്‍!

എന്‍.പി.ആറിനെ കണ്ടതില്‍ അദ്ദേഹം അതീവ സന്തോഷവാനായി. 'ഏറെ നാളായി രാജേന്ദ്രനെ ഒന്നു പരിചയപ്പെടാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു'- മാഷ് പറഞ്ഞു. ഹൃദയം തുറന്ന സംസാരം, ആത്മാര്‍ഥത സ്ഫുരിക്കുന്ന ശബ്ദം. ഇടയ്‌ക്കെപ്പോഴോ, അദ്ദേഹം എന്നെപ്പറ്റി തിരക്കി. ആ സമയം മുതലാക്കി എന്‍.പി.ആര്‍.പറഞ്ഞു, മാഷിന് പഴയകാല ചരിത്രമൊക്കെ ധാരാളം അറിയാമല്ലോ, അതൊന്ന് കേട്ട് എഴുതാനാണ് ജോസഫ് വന്നിരിക്കുന്നത്.

പെട്ടെന്ന് സംഭാഷണം നിലച്ചു, അദ്ദേഹം നിശബ്ദനായി. കഴിഞ്ഞു, ഇന്റര്‍വ്യു കിട്ടുമെന്ന് കരുതേണ്ട-ഞാന്‍ മനസില്‍ ഉറപ്പിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മാഷിന്റെ മുഖത്ത് ഒരു നിശ്ചയദാര്‍ഢ്യവും വാത്സല്യവും പ്രതിഫലിച്ചു. 'ഗോവിന്ദന്റെ മകളുടെ ഭര്‍ത്താവ് എന്നുവെച്ചാല്‍ എന്റെ മരുമകനെപ്പോലെ തന്നെയാണ്, എങ്ങനെയാ ഞാന്‍ പറ്റില്ലാന്ന് പറയുക'.

കനല്‍ക്കട്ടകള്‍ക്ക് മുകളിലൂടെ നടക്കുന്നതുപോലുള്ള അനുഭവമായിരുന്നു ആ അഭിമുഖം. അധികനേരം തുടര്‍ച്ചയായി സംസാരം പാടില്ല എന്ന് ഡോക്ടറുടെ വിലക്കുള്ളതിനാല്‍, അഭിമുഖം മൂന്നുദിവസം നീണ്ടു, ആകെ എട്ടര മണിക്കൂര്‍.

പറഞ്ഞതിന്റെ സിംഹഭാഗവും ഉള്‍ക്കൊള്ളിക്കാനാകാതെ വരികയെന്ന ഒരു ഫീച്ചറിന്റെ പരിമിതി ഇവിടെയുമുണ്ട്. എങ്കിലും, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു ജനതയുടെ ധീരതയ്ക്കും സഹനത്തിനും പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള തെളിവായി സത്യാര്‍ഥി മാഷിന്റെ ജീവിതകഥ അവശേഷിക്കുന്നു.

തികഞ്ഞ അര്‍പ്പണബോധത്തോടെ അദ്ദേഹം മൊഴിമാറ്റം നടത്തിയ അസംഖ്യം പുസ്തകങ്ങള്‍ ഇന്നും മലയാളിയുടെ വായനാനുഭവത്തിന്റെ ഭാഗമാണ്. ആ പുസ്തകങ്ങള്‍ കഴിഞ്ഞാല്‍, പിന്നെ സത്യാര്‍ഥി മാഷിന്റെ ഓര്‍യ്ക്കായി അവശേഷിക്കുന്നത്, അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് വിവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡും, മുണ്ടിക്കല്‍താഴം-ചെലവൂര്‍ റോഡിന് കോര്‍പ്പറേഷന്‍ ഇട്ട പേരും മാത്രം.

1998 ജൂലായ് നാലിന് സത്യാര്‍ഥി മാഷ് ഓര്‍മയായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ ശിരസു നമിച്ചുകൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

Saturday, March 20, 2010

മറയൂര്‍ : മഴനിഴലിന്റെ താഴ്‌വര

ചില ഭൂപ്രദേശങ്ങളുണ്ട്. ജന്മസിദ്ധമായ ഉള്‍പ്രേരണകള്‍ മൂലം മറ്റു സ്ഥലങ്ങളെ തട്ടിമാറ്റി അവ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കും. സ്മരണകളിലെ നിര്‍വചിക്കാനാവാത്ത അനുപാതങ്ങള്‍ക്കും ആകൃതികള്‍ക്കും നിറങ്ങള്‍ക്കും പ്രതിഫലനങ്ങള്‍ക്കുമുള്ള മറുപടി ഒരാള്‍ക്ക് അവിടെനിന്ന് ലഭിച്ചെന്നിരിക്കും.

മറയൂര്‍ അത്തരം മറുപടികളുടെ താഴ്‌വരയാണ്. മനസ്സ് ശാന്തമാകുന്ന നിമിഷങ്ങളിലൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണയാകുന്ന താഴ്‌വര. ഇടുക്കി ജില്ലയിലെ മൂന്നാറില്‍നിന്ന് തമിഴ്‌നാട്ടിലെ ഉടുമ്മല്‍പേട്ടിന് പോകുന്ന വഴി 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മറയൂര്‍ താഴ്‌വരയായി.

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ഥം. ഗുഹാചിത്രങ്ങളില്‍ നിന്ന് 'വികസനരേഖ'യിലേക്ക് നീളുന്ന സഹസ്രാബ്ദങ്ങളുടെ ഇടവേളകള്‍ തീര്‍ത്ത വിസ്മയമാണ് ഇവിടെ മറഞ്ഞിരിക്കുന്നത്. ചന്ദനക്കാടുകളില്‍ നിന്ന് രുദ്രസംഗീതം പൊഴിക്കുന്ന കരിമ്പന്‍പാടങ്ങളിലേക്ക് ഗതിമാറുന്ന വിസ്മയം.

മഴമേഘങ്ങളുടെ നിഴല്‍ (rain shadow), മുനിയറകള്‍, നീലക്കുറിഞ്ഞി പൂക്കുന്ന കാടുകള്‍, ക്ഷേത്രഗണിതരൂപങ്ങള്‍ പോലെ പര്‍വത ശിഖരങ്ങള്‍, മലഞ്ചെരുവിലൂടെ തട്ടുതട്ടായി താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങുന്ന നെല്‍വയലുകള്‍......വിസ്മയം കൊണ്ടു മാത്രമല്ല, വൈവിധ്യം കൊണ്ടും മറയൂര്‍ സമ്പന്നമാണ്.

താഴ്‌വരയ്ക്ക് നാലുചുറ്റും കൊടുമുടികളാണ്. പര്‍വതപംക്തികളില്‍ ചിലത് ചെന്നു മുട്ടുന്നത് വരയാടുകളെ സംരക്ഷിക്കുന്ന, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിതാനത്തിലുള്ള നാഷണല്‍പാര്‍ക്കായ ഇരവികുളത്ത്....പുല്‍മേടുകളിറങ്ങി പകല്‍നേരത്ത് പോലും കാട്ടുപോത്തുകള്‍ മറയൂരിലെത്തും.

താഴ്‌വരയെ നെടുകെ പകുത്തുകൊണ്ട് പാമ്പാര്‍ ഒഴുകുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികള്‍ കേരളത്തിലുണ്ട്. മൂന്നു നദികള്‍ മാത്രം കൂട്ടംതെറ്റി കിഴക്കോട്ട് ഒഴുകുന്നു. അവയിലൊന്നാണ് പാമ്പാര്‍. വിശുദ്ധിയാര്‍ന്ന ചോലക്കാടുകള്‍ ചുരത്തുന്ന നീരുറവകളാണ് പാമ്പാറിനെ ജീവിപ്പിക്കുന്നത്.

പണ്ട് തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍പെട്ട പെരിയകുളം താലൂക്കിലായിരുന്ന അഞ്ചുനാട് പിന്നീട് പൂഞ്ഞാര്‍ രാജാക്കന്‍മാര്‍ പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കി. മറയൂര്‍, കാന്തല്ലൂര്‍, കീഴാന്നൂര്‍, കാരയൂര്‍, കെട്ടകുടി എന്നീ അഞ്ച് ഗ്രാമങ്ങളായിരുന്നു അഞ്ചുനാട്. അതില്‍ കെട്ടകുടി ഇന്നും അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലാണ്. ബാക്കി ഗ്രാമങ്ങളിന്ന് മറയൂര്‍, കാന്തല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ്.

മറയൂരിന്റെ സമകാലീനചിത്രത്തിന് അമ്പതോ അറുപതോ വര്‍ഷത്തെ കുടിയേറ്റത്തിന്റെ ചരിത്രമേയുള്ളു. നൂറ്റാണ്ടുകള്‍ പിന്നോട്ട് വ്യാപിക്കുന്നത് ഇവിടുത്തെ ആദിമഗോത്രവര്‍ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രമാണ്. അതിനും പിന്നില്‍ ശിലായുഗത്തിന്റെ പ്രാചീനത......ആ പ്രാചീനതയുടെ തെളിവാണ് മറയൂരിലെ ശിലായുഗ സ്മാരകങ്ങള്‍. മുനിയറകളും ഗുഹാചിത്രങ്ങളും ഉള്‍പ്പെട്ട പ്രാചീന സ്മാരകങ്ങള്‍ താഴ്‌വരയിലും മലഞ്ചെരുവുകളിലുമായി ചിതറിക്കിടക്കുന്നു.

മുനിയറകള്‍ ഇവിടെ നിലനിന്ന ശിലായുഗ സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പാണെന്ന ശാസ്ത്രസത്യം ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ മഹാശിലായുഗ (Megalithic Age) ത്തിലെ ആളുകളെ മറവുചെയ്ത കല്ലറകളാണ് മുനിയറകള്‍. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.

കേരളത്തിന് ശിലായുഗ ചരിത്രം അവകാശപ്പെടാനില്ല എന്ന റോബര്‍ട്ട് ബ്രൂസ്ഫുടിന്റെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനം തകര്‍ത്തെറിയാന്‍ കേരളത്തിലെ പുരാവസ്തു ഗവേഷകരെ സഹായിച്ചതില്‍ മറയൂര്‍ സ്മാരകങ്ങള്‍ക്ക് ഒരു മുഖ്യപങ്കുണ്ട്.

1974-ലാണ് മറയൂരിലെ ശിലായുഗ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം ഇന്നത്തെ സംസ്ഥാന സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായ ഡോ.എസ്.പത്മനാഭന്‍ തമ്പി ആരംഭിക്കുന്നത്. മുനിയറകളെയും ഗുഹാചിത്രങ്ങളെയും സംബന്ധിച്ചുള്ള പഠനങ്ങള്‍ കേരളചരിത്രത്തെ 1500 വര്‍ഷം പുറകോട്ട് നയിച്ചു. ഡോ.പത്മനാഭന്‍ തമ്പിയുടെ നിഗമനത്തില്‍ മുനിയറകള്‍ എ.ഡി.200 -നും ബി.സി.1000 -നും ഇടയില്‍ താഴ്‌വരയില്‍ നലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ തെളിവുകളാണ്.

1976-ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍തലത്തിലുള്ള സംരക്ഷണത്തിന്റെ യഥാര്‍ഥ സ്വഭാവം മറയൂര്‍ നിവാസികള്‍ അറിയുന്നത് 1990-കളുടെ തുടക്കത്തിലാണ്; മുനിയറകള്‍ ഇന്നവശേഷിക്കുന്ന ഒരു പ്രധാനകേന്ദ്രമായ പാമ്പാറിന്‍ തീരത്തെ ആനപ്പാറ വന്‍തോതില്‍ ഖനനം ചെയ്ത് നീക്കാന്‍ ബാംഗ്ലൂരിലെ ഒരു മൈനിങ് കമ്പനിക്ക് റവന്യൂവകുപ്പ് അനുമതി കൊടുത്തപ്പോള്‍!

ഗ്രാമവാസികളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ബ്ലാസ്റ്റിങ് നടത്തി പാറ പൊട്ടിക്കാനാരംഭിച്ചപ്പോള്‍ അത് പത്രവാര്‍ത്തകളായി. അങ്ങനെയാണ് കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കാനായി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്‍ഷത്തേക്ക് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും, അപ്പീര്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് പി. ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുനിയറകളെക്കാള്‍ പ്രാചീനമാണ് ഇവിടുത്തെ ഗുഹാചിത്രങ്ങള്‍. മറയൂരില്‍ നിന്ന് ചന്ദനക്കാടുകള്‍ താണ്ടി നെല്ലിപ്പെട്ടിക്കുടി എന്ന മുതുവാ കോളനിയിലേക്ക് പോകുന്ന വഴി കാട്ടിനുള്ളില്‍ മലഞ്ചെരുവിലെ പാറക്കൂട്ടങ്ങളിലൊരെണ്ണം സര്‍പ്പത്തിന്റെ വിടര്‍ത്തിയ പത്തി പോലെ കാണപ്പെടുന്നു. അതിനടിയില്‍ നിറംമങ്ങാത്ത, മഴയേല്‍ക്കാത്ത ഭാഗം ഒരു ഗുഹ പോലെയാണ്. അവിടെ പ്രാചീനമായ ഏതോ ചായക്കൂട്ടുകള്‍ ഉപയോഗിച്ച് വേട്ടക്കാരന്റെയും വന്യമൃഗങ്ങളുടെയും രൂപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഇന്ന്, ഈ ഗുഹ കാണാനെത്തുന്നവര്‍ മുടങ്ങാതെ അനുഷ്ഠിക്കുന്ന ഒരു മഹത്കര്‍മമുണ്ട്; തങ്ങളും ശിലായുഗ മനുഷ്യരെക്കാള്‍ ഒട്ടും മോശപ്പെട്ട കലാകാരന്‍മാരല്ല എന്ന് തെളിയിക്കാനായിരിക്കാം, ഗുഹാചിത്രങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് തന്നെ ചോക്കും ചാരവും പെയിന്റുമൊക്കെ ഉപയോഗിച്ച് നമ്മുടെ പൊതുമൂത്രപുരകളില്‍ കാണാറുള്ള കരവിരുത് ഒരുക്കിവെച്ച് ഈ സ്മാരകത്തെ വികൃതമാക്കിയിരിക്കുന്നു.

'കോടതിവിധി കൊണ്ടൊന്നും കാര്യമില്ല, ഇവിടുത്തെ ശിലായുഗ സ്മാരകങ്ങള്‍ നശിക്കുകയാണ്'-കാന്തല്ലൂരിലെ പൊതുപ്രവര്‍ത്തകനും കര്‍ഷകനുമായ കൃഷ്ണപിള്ള വേദനയോടെ പ്രതികരിക്കുന്നു.

- - - - - - -

മറയൂരില്‍ താഴ്‌വര അടിത്തട്ടു പോലെയാണ്. നാലുചുറ്റും പര്‍വതശിഖരങ്ങളുടെ സൗമ്യസാമീപ്യം. മലഞ്ചെരുവുകളിലൂടെ കൊടുമുടികളിലേക്ക് കയറിയാല്‍ മറയൂരിന്റെ ഗോത്രമുഖം കാണാം; മുതുവാന്‍മാരും ഹില്‍പുലയരുമടക്കമുള്ള പ്രാചീനഗോത്രങ്ങളുടെ ഇന്നത്തെ ചിത്രം.

മുതുവാ കോളനികളില്‍ ആദ്യം ശ്രദ്ധയില്‍ പെടുക കാലിക്കൂട്ടങ്ങളാണ്. മലഞ്ചെരുവിലെ ചതുരത്തട്ടുകളില്‍ കൃഷിയിന്നും ബാല്യദശയില്‍. തൈലപ്പുല്ലും കേപ്പയും ചോളവും......ശരിക്കും പുനംകൃഷി. മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ക്ക് പരുക്കന്‍ സ്വഭാവമാണുള്ളത്.

മറയൂരില്‍ ആദ്യമെത്താവുന്ന മുതുവാക്കോളനികളില്‍ ഒന്നാണ് നെല്ലിപ്പെട്ടിക്കുടി. താഴ്‌വരയില്‍ നിന്ന് ചെങ്കുത്തായ കയറ്റം നാലു കിലോമീറ്റര്‍ പിന്നിടണം. പത്തിരുപത് മണ്‍പുരകള്‍. അവയെല്ലാം കാറ്റിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മൂന്നുവശവും ചറ്റവെച്ച് മറച്ചിരിക്കുന്നു.

വര്‍ഷകാലം മലഞ്ചെരുവുകളില്‍ പേടിസ്വപ്‌നത്തിന്റെ വിത്തുവിതയ്ക്കുന്നു. സദാസമയവും ചീറിയടിക്കുന്ന ശീതക്കാറ്റ് നിലവിളി പോലെ ഉയരും. 'നരകമാണ് അപ്പോള്‍; പുറത്തിറങ്ങാന്‍ പോലും പറ്റില്ല'-കുടിയിലെ കണ്ണന്‍ തിരുപ്പാല്‍ പറയുന്നു. മറയൂര്‍ ഗ്രാമപഞ്ചയാത്തില്‍ മുതുവാന്‍മാര്‍ മാത്രമുള്ള വാര്‍ഡാണ് നാലാംവാര്‍ഡ്. അവിടുത്തെ വാര്‍ഡ് മെമ്പറാണ് കണ്ണന്‍ തിരുപ്പാല്‍. 'എട്ടു കിലോമീറ്റര്‍ നടന്നാലേ മറയൂര്‍ ഹൈസ്‌കൂളിലെത്താനാവൂ'. കണ്ണന്റെ മകന്‍ സ്‌കൂളിലെത്താനായി അതിരാവിലെ മലയിറങ്ങിക്കഴിഞ്ഞു. മഴക്കാലത്ത് സ്‌കൂളില്‍ പോക്കും നിലയ്ക്കും.

അപ്പുറത്തെ മലഞ്ചെരുവുകളില്‍ വേറെയും മുതുവാക്കുടികള്‍. കവക്കുടി, വയല്‍ക്കുടി, കുറ്റിക്കല്‍ക്കുടി അങ്ങനെ നീണ്ടുപോകുന്നു. മറയൂരിലും കാന്തല്ലൂരിലുമായി ഇത്തരം 30 ആദിവാസി കോളനികളുണ്ട്. മറയൂര്‍ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ (1991-ലെ സെന്‍സസ് പ്രകാരം) 9970 ആണ്. അതില്‍ 3204 പേര്‍ ആദിവാസികളായുണ്ട്.

'പശുക്കളെ കറന്ന് ഞങ്ങള്‍ വില്‍ക്കാറില്ല'-കുടിയിലെ നാരായണന്‍ പറയുന്നു. കാളകളുണ്ടെങ്കില്‍ ഉടമസ്ഥന് അതൊരു വരുമാന മാര്‍ഗമാണ്. 'ഒരു ജോഡി കാളകളെ താഴ്‌വരയിലെ പാടങ്ങള്‍ ഉഴാന്‍ രണ്ടുമാസം വിട്ടു കൊടുത്താല്‍ 1500 രൂപ വാടക കിട്ടും'- രണ്ടു ജോഡി കാളകള്‍ സ്വന്തമായുള്ള നാരായണന്‍ പറയുന്നു.

- - - - - - - -

മറയൂരിലെ കുടിയേറ്റത്തിന് രണ്ടു മുഖങ്ങളുണ്ട്. 1958-ലെ സമരത്തില്‍ പങ്കെടുത്തതിന് കണ്ണന്‍ദേവന്‍ കമ്പനി പിരിച്ചു വിട്ട തേയില തൊഴിലാളികളാണ് മറയൂരിലെ തമിഴ് കുടിയേറ്റക്കാരില്‍ ഏറെയും. ഏതാണ്ട് അതേ കാലയളവില്‍ മധ്യകേരളത്തില്‍ നിന്ന് വന്നവരാണ് കുടിയേറ്റക്കാരില്‍ ബാക്കിയുള്ളവര്‍. നെല്ലായിരുന്നു താഴ്‌വരയിലെ പ്രധാന കൃഷി. നെല്ലു വിതച്ച് ഇരുപത്തഞ്ചാം ദിവസം ഉഴവ് നടത്തുക ('പയര്‍ ഉഴവ്' എന്നാണിതിന് പറയുക) എന്ന വിചിത്രമായ കൃഷിരീതി മറയൂരില്‍ അടുത്തകാലം വരെ നിലനിന്നു. കാന്തല്ലൂരിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും 'പയര്‍ ഉഴവ്' നടത്താറുണ്ട്.
എന്നാല്‍, ഇന്ന് കേരളത്തിന്റെ പൊതുസ്വഭാവത്തോട് അടുത്തു നില്‍ക്കുന്ന ഒരു മറയൂര്‍ വിശേഷം, നെല്‍കൃഷി ഇവിടെയും നഷ്ടക്കച്ചവടമായതിനാല്‍ വളരെ വേഗം ഉപേക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. ഇപ്പോള്‍ താഴ്‌വരയുടെ ഭൂരിഭാഗം പാടങ്ങളിലും കരിമ്പാണ് വിളയുന്നത്. നെല്‍കൃഷി കുറെയെങ്കിലും അവശേഷിക്കുന്ന കാന്തല്ലൂര്‍ മറ്റൊരു കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നു, പച്ചക്കറി കൃഷിയുടെ കാര്യത്തില്‍. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാന്തല്ലൂര്‍, 400 ഏക്കര്‍ പ്രദേശത്ത് പച്ചക്കറി കൃഷി ചെയ്യുന്നു. ഇതുകൂടാതെ, വെളുത്തുള്ളിയും ഉരുളക്കിഴങ്ങും കാബേജും ക്വാളിഫഌവറും ആപ്പിളും ഓറഞ്ചുമെല്ലാം കാന്തല്ലൂരില്‍ വിളയുന്നു.

'മുപ്പത് വര്‍ഷമേ ആയിട്ടുള്ളു ഇവിടെ കരിമ്പുകൃഷി വ്യാപകമായിട്ട്'-മറയൂരിലെ പത്രമേജന്റും കര്‍ഷകനുമായ രാജന്‍ അറിയിക്കുന്നു. ഇന്ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ 1900 ഏക്കര്‍ കൃഷിയിടത്തിലും കാന്തല്ലൂരിലെ 195 ഏക്കറിലും വിളയുന്നത് കരിമ്പാണ്.

കാറ്റു വീശുമ്പോള്‍ കരിമ്പിന്‍ തലപ്പിലൂടെ താഴ്‌വര ഓളംവെട്ടും. കരിമ്പിന്‍ പാടങ്ങളുടെ ചതുരങ്ങള്‍ക്കിടയില്‍ ചിലയിടത്തു നിന്ന് പുകച്ചുരുളുകള്‍ ഉയരുന്നു. ശര്‍ക്കരയുണ്ടാക്കുന്ന ചക്കുപുരകളാണ് അവ.

പളനിയമ്മയുടെ അഞ്ചംഗ കുടുംബത്തിന്റെ തൊഴില്‍ കരിമ്പില്‍ നിന്ന് നീരെടുത്ത് ശര്‍ക്കരയുണ്ടാക്കലാണ്. തമിഴ്‌നാട്ടിലെ അമരാവതിക്കടുത്ത് കല്ലാപുരത്തു നിന്നാണ് പളനിയമ്മയുടെ കുടുംബം തൊഴില്‍ തേടി മറയൂരിലെത്തിയത്.

ശര്‍ക്കരയുടെ മാധുര്യം, ശര്‍ക്കര കടഞ്ഞെടുക്കുന്ന ജോലിക്കില്ല. അതിന് വേണ്ടത് കഠിനാധ്വാനമാണ്. കരിമ്പില്‍ നിന്ന് നീരെടുക്കാനുള്ള ഒരു ഇലക്ട്രിക് ചക്ക്, മോട്ടോര്‍, കരിമ്പിന്‍നീര് ചൂടാക്കി കുറക്കാനുള്ള തോണി (അടിഭാഗം വിസ്താരമുള്ള വലിയ പാത്രം), കുറുകിയ ശര്‍ക്കര പകരാന്‍ അത്ര തന്നെ വലിപ്പമുള്ള മറ്റൊരു പാത്രം. എല്ലാംകൂടി 50,000 രൂപ മുടക്കു മുതല്‍ ആവശ്യമുള്ള സാമിഗ്രികള്‍, അതാണ് പളനിയമ്മയുടെ കുടുംബത്തിന്റെ ആസ്തി. 'ഒരു കെട്ട് ശര്‍ക്കരയുണ്ടാക്കിയാല്‍ 70 രൂപ കൂലി കിട്ടും'-പളനിയമ്മ പറയുന്നു. (ഒരു കെട്ട് എന്നാല്‍ 62 കിലോ എന്നാണ് മറയൂരിലെ കണക്ക്). ഒരു കൃഷിയിടത്തിലെ കരിമ്പ് തീര്‍ന്നാല്‍ പളനിയമ്മയും കുടുംബവും വിളഞ്ഞ കരിമ്പുള്ള മറ്റൊരു പാടത്തിലാക്കും താവളം. താഴ്‌വരയില്‍ മറ്റൊരിടത്തു നിന്ന് പുകച്ചുരുള്‍ ഉയരാനാരംഭിക്കും.

കുറച്ചുകാലം മുമ്പു വരെ ശര്‍ക്കരയുണ്ടാക്കാനുള്ള ചക്ക് ആട്ടാന്‍ ഇലക്ട്രിക് മോട്ടോറിന് പകരം കാളകളെയാണ് ഉപയോഗിച്ചിരുന്നത്.

നെല്‍കൃഷിയുമായി താരതമ്യം ചെയ്താല്‍ കരിമ്പുകൃഷി തീര്‍ച്ചയായും ലാഭം തന്നെയാണ്. 'ഒരേക്കര്‍ കരിമ്പില്‍ നിന്ന് ശരിക്കും വിളവ് കിട്ടിയാല്‍ ഇപ്പോഴത്തെ വിലയനുസരിച്ച് (കെട്ടൊന്നിന് 650 രൂപ) മുപ്പത്തേഴായിരം രൂപയുടെ ശര്‍ക്കരയുണ്ടാകും'-കണക്കു കൂട്ടി നോക്കി രാജന്‍ പറയുന്നു. അതില്‍ പണിക്കൂലിയും വളവും ശര്‍ക്കരയുണ്ടാക്കാന്‍ ചക്കുകാര്‍ക്ക് കൊടുക്കേണ്ട കൂലിയും കിഴിച്ചാല്‍ 8000 രൂപ ബാക്കി കാണും.

കാന്തല്ലൂരില്‍ അമ്പതുകള്‍ക്ക് ശേഷം 60 ശതമാനം നെല്‍കൃഷി കുറഞ്ഞു. പക്ഷേ, ഇന്നും കുറെ പാടങ്ങളില്‍ നെല്ലു വിളിയുന്നുണ്ട്. അതിന് കാരണം താഴ്‌വരയില്‍ അനുഭവപ്പെടുന്ന വിചിത്രമായ കാലാവസ്ഥയും കാന്തല്ലൂരിന്റെ മിക്കഭാഗങ്ങളും ഉയര്‍ന്ന വിതാനങ്ങളിലാണ് എന്നതുമാണ്. 'മറയൂരില്‍ 12 മാസംകൊണ്ട് കരിമ്പ് വിളയുമെങ്കില്‍ വെറും 15 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കാന്തല്ലൂരില്‍ അതിന് 20-22 മാസം വേണം'-കൃഷ്ണപിള്ള സ്വന്തം അനുഭവത്തില്‍ നിന്ന് അറിയിക്കുന്നു. കരിമ്പ് മാത്രമല്ല നെല്ലും കാന്തല്ലൂരില്‍ സാവധാനത്തിലേ വളരൂ. അതിന് പത്ത് മാസം വേണം.കാന്തല്ലൂര്‍ പഞ്ചായത്തിനപ്പുറം വട്ടവട എത്തിയാല്‍ വിളകളുടെ വളര്‍ച്ചാനിരക്ക് ഇനിയും മന്ദഗതിയിലാകും.

മറയൂര്‍ താഴ്‌വര ഒരു മഴനിഴല്‍ മേഖലയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍-ജൂലായ് മാസങ്ങളില്‍ താഴ്‌വരെ മഴമേഘങ്ങളുടെ നിഴലില്‍ അമര്‍ന്ന് കിടക്കും. പര്‍വതങ്ങള്‍ തുറന്നുവിട്ട ഒരു ദുര്‍ഭൂദത്തെപ്പോലെ കാറ്റ് മാത്രം തുടര്‍ച്ചയായി ആഞ്ഞ് വിശിക്കൊണ്ടിരിക്കും. വൃക്ഷങ്ങള്‍ കടപുഴകി വീഴും. വീടുകളുടെ മേല്‍ക്കൂരകള്‍ നിലംപതിക്കും...ആടിമാസക്കാറ്റെന്ന് മറയൂര്‍ നിവാസികള്‍ ഇതിനെപ്പറ്റി ഓര്‍മിക്കുന്നു. താഴ്‌വര കോടമഞ്ഞ് നിറഞ്ഞ് മൂടിക്കെട്ടിയിരിക്കും. സൂര്യപ്രകാശം എത്തിനോക്കുക പോലുമില്ല. 'അതുകൊണ്ടാകാം ഇവിടെ വൃക്ഷങ്ങള്‍ക്കും ജീവികള്‍ക്കുമെല്ലാമുള്ള വളര്‍ച്ചയുടെ കാലഘട്ടം ജനവരി-മാര്‍ച്ച് കാലയളവാണ്'-മറയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോസഫ് മാത്യു അഭിപ്രായപ്പെടുന്നു.
മറയൂരിനെ ചന്ദനക്കാടുകളുടെ താഴ്‌വരയാക്കിയതും കാലവസ്ഥയിലെ ഈ സവിശേഷതയാകാം. മറ്റേതെങ്കിലും വൃക്ഷത്തിന്റെ വേരില്‍ വളരുന്ന പരാദമാണ് (paracite) ചന്ദനം. കേരളത്തില്‍ സ്വാഭാവിക ചന്ദനക്കാടുകളുള്ള ഒരേയൊരു പ്രദേശം മറയൂരാണ്. ഇപ്പോള്‍ മറയൂരിലെ ചന്ദനക്കാടുകളുടെ വിസ്തൃതി 15 ചതുരശ്ര കിലോമീറ്റര്‍.

ഗുരുവായൂരിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന മിക്കവര്‍ക്കുമറിയില്ല, തങ്ങള്‍ നെറ്റിയിലണിയുന്ന ചന്ദനം ഇടുക്കി കാടുകളുടെ വരദാനമാണെന്ന്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറയൂരില്‍ നിന്ന് വര്‍ഷംതോറും 55 ടണ്‍ ചന്ദനമാണ് വാങ്ങുന്നത്.

- - - - -

കേരളത്തില്‍ ഏറ്റവുമധികം ചന്ദനക്കാടുള്ള പ്രദേശം മാത്രമല്ല മറയൂര്‍ വനമേഖല. ഏറ്റവുമധികം കഞ്ചാവ് വിളയുന്ന സ്ഥലം കൂടിയാണ്. ഈ ഫോറസ്റ്റ് റേഞ്ചില്‍ (മറയൂരും കാന്തല്ലൂരും വട്ടവടയും ചേര്‍ന്ന പ്രദേശം) കുറെയേറെ റവന്യൂ ഭൂമിയുണ്ട്. കഞ്ചാവ് വിളയുന്നത് തമിഴ്‌നാട് അതിര്‍ത്തിയിലെ ഈ റവന്യൂ ഭൂമിയിലാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. മറയൂരിനോട് ചെര്‍ന്ന തമിഴ്‌നാട്ടില്‍പെട്ട കമ്പക്കല്ല്, കടവരി പ്രദേശമാണ് ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് വിളയുന്ന മേഖല. ആ പ്രദേശവും മറയൂരിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അനൗദ്യോഗിക കണക്ക് ഇതാണ്: ഈ വര്‍ഷവും ഇവിടെ ഏതാണ്ട് 50 ഹെക്ടര്‍ സ്ഥലത്ത് കഞ്ച് കൃഷി നടന്നു.

ചോലക്കാടുകളുടെ ഹരിതാഭയും ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പുല്‍മേടുകളുടെ അനുഗ്രഹവും ഏറ്റുവാങ്ങിയാണ് മറയൂര്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇന്ന്, 'നിര്‍ഭാഗ്യവശാല്‍ അതിസുന്ദരമായതും ഈ കാടുകളുടെ ഭാഗ്യവുമായ പുല്‍മേടുകളും കുറ്റക്കാടുകളും സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍ പരിസ്ഥിതിക്കനുയോജ്യമല്ലാത്ത ഗ്രാന്റീസ്, അക്കേഷ്യാ മരങ്ങള്‍ വച്ചുപിടിപ്പിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നതു മൂലം പുല്‍മേടുകളും നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള സാമൂഹ്യ വനവത്ക്കരണം മൂലം നീരുറവകള്‍ വറ്റുകയും അതുവഴി ജലലഭ്യത കുറയുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒരു സാമൂഹ്യ വിപത്താണ്'-ജനകീയാസൂത്രത്തിന്റെ ഭാഗമായി കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ 'വികസനറിപ്പോര്‍ട്ടില്‍' പറയുന്നു. മറയൂര്‍ റേഞ്ചില്‍ മാത്രം 4500 ഹെക്ടര്‍ പുല്‍മേടുകളും ചോലക്കാടുകളും ഇങ്ങനെ സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹ്യവിരുദ്ധവനവത്ക്കരണമാണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്ന് ചുരുക്കം. പ്ലാന്റേഷന്‍ മുറിക്കാനായി മറയൂരിലെ ചന്ദനക്കാട് വെട്ടിമാറ്റി പോപ്‌സണ്‍ കമ്പനി അടുത്തയിടെ വനത്തിലൂടെ നിര്‍മിച്ച റോഡ് ഇതിനകം വിവാദമായിക്കഴിഞ്ഞു; ഇക്കാര്യം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ചോലക്കാടുകളുടെ മേല്‍ ആക്രമണം വീണ്ടും തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാന്തല്ലൂര്‍ പഞ്ചായത്തിലെ മന്തച്ചോല, വട്ടച്ചോല, വന്നവന്‍ചോല എന്നീ മേഖലകള്‍ സമ്പന്നമായ ചോലക്കാടുകളാണ്. 1994-ല്‍ നീലക്കുറിഞ്ഞി ഏറ്റവും നിരന്ന് പൂത്ത ഒരു പ്രദേശം, 200 ഹെക്ടര്‍ ഉള്ള ഈ വനമേഖലയായിരുന്നു. റവന്യൂഭൂമിയെന്ന് കണക്കാക്കിയിട്ടുള്ള ഈ കാടിന്റെ അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. 'ഇവിടെ മൂവാറ്റുപുഴക്കാരനായ ഒരാള്‍ ഏതാണ്ട് 80 ഏക്കര്‍ കൈയേറി കാട് വെട്ടിമാറ്റി ഗ്രാന്റീസ് മരങ്ങള്‍ നട്ടു കഴിഞ്ഞു'-കൃഷ്ണപിള്ള പറയുമ്പോള്‍ വാക്കുകളില്‍ ഉത്ക്കണ്ഠ.

കാന്തല്ലൂരിനെ ജീവിപ്പിക്കുന്ന നീരൊഴുക്കുകളായ ചെങ്കലാറിന്റെയും അറംകടവാറിന്റെയും പിറവി ഈ ചോലക്കാടുകളില്‍ നിന്നാണ്. ഇവ പാമ്പാറില്‍ ചേരുന്നു. എന്നാല്‍, എത്ര സമ്പന്നമായ വനമെന്ന് പറഞ്ഞിട്ടും കാര്യമില്ല, റവന്യൂഭൂമിയായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് വനംവകുപ്പ് അധികൃതര്‍ കൈമലര്‍ത്തുന്നു.

അമിതമായ രാസവളപ്രയോഗം താഴ്‌വരയുടെ മണ്ണിനെ തളര്‍ത്തുന്നുവെന്ന് മറയൂരിന്റെയും കാന്തല്ലൂരിന്റെയും 'വികസനരേഖ'കള്‍ വിലപിക്കുന്നു. ഒരു വശത്ത് നിത്യഹരിതവനങ്ങളെ വെട്ടിമാറ്റി വെള്ളം വലിച്ചൂറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ പെരുകുന്നു. മഴനിഴല്‍ മേഖലയായതിനാല്‍ കുറയുന്ന മഴ......മറയൂര്‍ എന്തിന്റെയെങ്കിലും തുടര്‍ച്ചയാകുമോ?

-മാതൃഭൂമി വാരാന്തപ്പതിപ്പ്, മാര്‍ച്ച് 23, 1997

പിന്‍കുറിപ്പ്: ലേഖനം 1997-ലേതാണെങ്കിലും ചിത്രങ്ങള്‍ 2006-ല്‍ നീലക്കുറിഞ്ഞി പൂത്ത കാലത്ത് കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പകര്‍ത്തിവയാണ്. ഇപ്പോള്‍ മറയൂര്‍ താഴ്‌വരയില്‍ കരിമ്പിന്‍ പാടങ്ങള്‍ വിരളമായ കാഴ്ച്ചയാണ്. നികത്തിയ വയലുകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തെങ്ങിന്‍തോപ്പുകളും മത്സരിച്ച് ഉയരുന്നു.

Wednesday, March 17, 2010

മാനവജിനോം -4 : ജീവന്റെ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍

ജീവന്റെ തന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാനുള്ള ശ്രമങ്ങളുടെ ആദ്യഫലമാണ് 2001 ഫിബ്രവരി 12-ന് പുറത്തുവന്ന ജിനോം രൂപരേഖ. പോരായ്മകള്‍ മാറ്റി ജിനോം രൂപരേഖയുടെ സംശുദ്ധരൂപം 2003 ഓടെ പുറത്തിറക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷിനും ഒരു സാധാരണ വിരയ്ക്കും തമ്മില്‍ അടിസ്ഥാനപരമായി എന്തു വ്യത്യാസമാണുള്ളത്? ഇങ്ങനെയൊരു ചോദ്യം തന്നെ എത്ര ബാലിശമാണെന്നു തോന്നിയേക്കാം. ജോര്‍ജ് ബുഷിനും വിരയ്ക്കും തമ്മില്‍ എന്തു സാമ്യമാണുള്ളതെന്നു വേണ്ടിയിരുന്നില്ലേ ചോദിക്കാന്‍ എന്നും തോന്നിയേക്കാം. ശരി തന്നെ; ഭൂമുഖത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെ വെറുമൊരു വിരയുമായി താരതമ്യം ചെയ്യാനുള്ള ഏതൊരു ശ്രമവും ഒരു പരിധിവരെ ബാലിശമാണ്. ബാലിശതയുടെ ആ പരിധി ഒഴിവാക്കിയ ശേഷം, ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഒരു ജനിതകശാസ്ത്രജ്ഞന്‍ ശ്രമിച്ചാല്‍, ഒരുപക്ഷേ ആ ഉത്തരം ഇങ്ങനെയായിരിക്കും: ജോര്‍ജ് ബുഷിനും ഒരു വിരയ്ക്കും തമ്മിലുള്ള വ്യത്യാസം വെറും 11,000 ജീനുകള്‍ മാത്രം. ഒരു ജീവിയെന്ന നിലയില്‍ ജോര്‍ജ് ബുഷിന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നത് 30,000 -ല്‍ പരം ജീനുകളാണെങ്കില്‍, നിസ്സാരമെന്ന് നാം കരുതുന്ന വിരയുടെ ജീവിതം കോര്‍ത്തിണക്കിയിരിക്കുന്നത് 19,000 ജീനുകളാലാണ്!

'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് 1909-ല്‍ കടന്നുവന്നെങ്കിലും, ജീനുകളുടെ എണ്ണത്തെയും പ്രവര്‍ത്തനത്തെയും പറ്റി ശാസ്ത്രലോകം ഇത്ര ആകാംക്ഷാഭരിതമായ മറ്റൊരു സന്ദര്‍ഭം ഇപ്പോഴത്തേതുപോലെ ചരിത്രത്തിലുണ്ടാവില്ല. ജീവന്റെ രാസാക്ഷരങ്ങളാല്‍ പ്രകൃതി കോറിയിട്ടിട്ടുള്ള ജീനുകളെ ഇത്ര ആദരവോടെ ഇതിനുമുമ്പ് ഒരിക്കലും മനുഷ്യന്‍ സമീപിച്ചിട്ടുമില്ല. ജിനോം വിവരങ്ങളുടെ വെളിപ്പെടല്‍ അങ്ങനെയൊരു സന്ദര്‍ഭമാണ് ഒരുക്കിയിരിക്കുന്നത്.

'ജീവന്റെ തന്മാത്ര' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാന്‍ നടക്കുന്ന ശ്രമങ്ങളുടെ ആദ്യഫലമെന്നാണ്, 2001 ഫിബ്രവരി 12-ന് പുറത്തുവന്ന 'ജിനോം രൂപരേഖ' (ജിനോം മാപ്പ്) വിലയിരുത്തപ്പെടുന്നത്. പല വ്യവസ്ഥാപിത സങ്കല്പങ്ങളെയും 'ജിനോം മാപ്പ്' കടപുഴക്കിയെറിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ വിഭാവനം ചെയ്ത ആപേക്ഷികതാ സിദ്ധാന്തം ശരിയാണെന്നതിനുള്ള തെളിവ് ലഭിച്ച 1919-ലായിരിക്കണം, ശാസ്ത്രത്തിന്റെ മറ്റൊരു ശാഖയില്‍ ഇത്തരമൊരു പ്രകമ്പനം മുമ്പുണ്ടായിട്ടുണ്ടാവുക.

1953-ല്‍ ഡോ.ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ. മാതൃക കണ്ടെത്തിയതു മുതല്‍ ജനിതകശാസ്ത്രരംഗത്തു നടന്ന മുന്നേറ്റങ്ങള്‍, 'ജിനോം മാപ്പ്' പുറത്തുവന്നതോടെ പുതിയൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യിലെ മുന്നൂറു കോടിയിലേറെ സങ്കീര്‍ണ രാസബന്ധങ്ങള്‍ കണ്ടെത്തി, അവയെ ശരിയായ ക്രമത്തില്‍ വായിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ, 1990-ല്‍ ആരംഭിച്ച 'ഹ്യുമന്‍ ജിനോം പദ്ധതി'യെന്ന മഹാസംരംഭം, അതിന്റെ ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഈ രൂപരേഖ.

18 രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ആയിരത്തോളം ഗവേഷകര്‍ പങ്കാളികളായ 'ജിനോം പദ്ധതി' എന്ന പൊതുസംരംഭവും, അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യ കമ്പനിയും വെവ്വേറെ നിലയില്‍ ഡി.എന്‍.എ.യുടെ അപകോഡീകരണം പൂര്‍ത്തിയാക്കിയ വിവരം പ്രഖ്യാപിച്ചത് 2000 ജൂണ്‍ 26-നാണ്. 'ജീവന്റെ പുസ്തകം' വായനയ്ക്ക് തയ്യാറായിരിക്കുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍, ആ മഹാഗ്രന്ഥം ശാസ്ത്രലോകം വായിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ കാതല്‍.

അരനൂറ്റാണ്ടു മുമ്പ് വാട്‌സണും ക്രിക്കും ഡി.എന്‍.എ.മാതൃക കണ്ടെത്തിയപ്പോള്‍ അക്കാര്യം 'നേച്ചര്‍' വാരികയിലാണ് പ്രസിദ്ധപ്പെടുത്തിയത്. അതേ വാരികയില്‍ തന്നെയാണ്, 'ജിനോം പദ്ധതി'യിലെ ഗവേഷകര്‍ തയ്യാറാക്കിയ 'ജിനോംമാപ്പ്' ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എതിര്‍ഗ്രൂപ്പായ 'സെലേറ' അവരുടെ കണ്ടെത്തല്‍ 'സയന്‍സ്' മാസികയില്‍ പ്രസിദ്ധീകരിച്ചു.

അമ്പരപ്പിക്കുന്ന സത്യങ്ങള്‍

'ജീവന്റെ പുസ്തകം' വായിച്ചു തുടങ്ങിയ ശാസ്ത്രലോകം പുറത്തുവിട്ട പല വിവരങ്ങളും അമ്പരപ്പുളവാക്കുന്നവയാണ്. മനുഷ്യജീവിതത്തിനാധാരം 35,000 മുതല്‍ 1.5 ലക്ഷം വരെ ജീനുകളാകാം എന്ന ധാരണ ശരിയല്ലെന്ന് 'ജിനോംമാപ്പ്' വ്യക്തമാക്കുന്നു. വെറും 30,000-ല്‍ പരം ജീനുകളേ മനുഷ്യശരീരത്തിലുള്ളു. (ജിനോംപദ്ധതിയിലെ ഗവേഷകരുടെ കണക്ക് പ്രകാരം ജീനുകളുടെ സംഖ്യ 30,000-നും 40,000-നും മധ്യേയാണ്. എന്നാല്‍, സെലേറയുടെ കണക്കുപ്രകാരം ഇത് 26,000 മുതല്‍ 39,000 വരെയാണ്). നിസ്സാരമെന്ന് മനുഷ്യന്‍ കരുതുന്ന മറ്റു പല ജീവികളിലെയും ജീനുകളുടെ എണ്ണം, മനുഷ്യരുടേതില്‍ നിന്ന് അത്ര കുറവല്ല. നിമ വിരയ്ക്കും മനുഷ്യനും തമ്മില്‍ ജീനുകളുടെ എണ്ണത്തിലുള്ള വ്യത്യാസം 11,000 മാത്രമാണെങ്കില്‍, എലിയും മനുഷ്യനും തമ്മിലുള്ളത് 300 ജീനുകളുടെ അന്തരം മാത്രമാണ്. ഒരു പഴഈച്ചയുടെ സൃഷ്ടിക്കാവശ്യമായ ജീനുകളുടെ ഇരട്ടി മതി മനുഷ്യനെ സൃഷ്ടിക്കാന്‍! അസൂയ, അഹന്ത മുതലായ വികാരങ്ങള്‍ക്കടിപ്പെടുമ്പോള്‍, ഈ മഹാപ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ചിന്തിക്കാനാണ്, വിഖ്യാത ദാര്‍ശനികനായ ബര്‍ട്രാന്‍ഡ് റസ്സല്‍ ഒരിക്കല്‍ നല്‍കിയ ഉപദേശം. ഇനി അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജീനുകളുടെ മഹാഭൂമികയില്‍ മനുഷ്യന്റെ നിസ്സാരത ഇനിയൊരു ശാസ്ത്രവസ്തുത മാത്രം.

വംശമേല്‍ക്കോയ്മയും കലമഹിമയുമൊന്നും ഒരു സമൂഹത്തിനും അവകാശപ്പെടാനാകില്ലെന്നും ജിനോം വിവരങ്ങള്‍ അടിവരയിട്ടു വ്യക്തമാക്കുന്നു. ജനിതകമായി എല്ലാ മനുഷ്യരും തുല്യരാണ്. വംശങ്ങള്‍ക്കിടയിലെ ജനിതക വ്യത്യാസം വെറും 0.1 ശതമാനം മാത്രം. വ്യത്യസ്ത വംശങ്ങള്‍ തമ്മിലുള്ള ജനിതക വ്യതിയാനത്തെക്കാള്‍ അന്തരം ഒരേ വര്‍ഗത്തിലെ തന്നെ വ്യക്തികള്‍ തമ്മിലുണ്ട്. വംശമഹിമയുടെ പേരില്‍ ഹിറ്റ്‌ലറെ പോലുള്ള ഏകാധിപതികള്‍ ചെയ്തുകൂട്ടിയ കിരാത പ്രവര്‍ത്തികള്‍ക്ക് ശാസ്ത്രത്തിന് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്നു. ആഫ്രിക്കക്കാരിയായ ഒരു ആദിമാതാവില്‍ നിന്നാണ് മനുഷ്യകുലം രൂപപ്പെട്ടതെന്നതാണ് 'ജിനോംമാപ്പ്' രൂപപ്പെടുത്തിയവര്‍ എത്തിയ കൗതുകകരമായ മറ്റൊരു നിഗമനം.

ജിനോം ഭൂമികയിലെ വിശേഷങ്ങള്‍

മനുഷ്യശരീരത്തില്‍ 100 ട്രില്യണ്‍ കോശങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. (ഒരു ട്രില്യണ്‍ = ഒരു ലക്ഷംകോടി). ഈ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (കോശമര്‍മത്തില്‍) ജീവന്റെ തന്മാത്രയായ ഡി.എന്‍.എ. സ്ഥിതിചെയ്യുന്നു. 23 ജോഡി ക്രോമസോമുകളിലായാണ് ഡി.എന്‍.എ.തന്മാത്ര ക്രമീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എ.യുടേത്. അതിലെ ഗോവണിപ്പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍ (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസൈന്‍ (C) എന്നീ ഉപയൂണിറ്റുകള്‍ കൊണ്ട് ന്യൂക്ലിയോടൈഡുകള്‍ നിര്‍മിച്ചിരിക്കുന്നു. ഈ രാസ ഉപയൂണിറ്റുകളാണ് ബേസുകള്‍. ബേസുകളില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 310 കോടി രാസബന്ധങ്ങള്‍ ഡി.എന്‍.എ.യിലുണ്ട്.

ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും ആധാരമായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ രാസനിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ള ഡി.എന്‍.എ.ശ്രേണീഭാഗങ്ങളാണ് ജീനുകള്‍ എന്നു വിളിക്കുന്നത്. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായ രാസനിര്‍ദേശങ്ങളാണ് ജീനുകളിലുള്ളത്. ഒരാള്‍ക്കെത്ര ഉയരമുണ്ടാകണം, തൊലി കറുത്തിരിക്കണോ വെളുത്തിരിക്കണോ, കണ്ണിന്റെ നിറമെന്താകണം, ചുരുണ്ട തലമുടി വേണോ കോലന്‍മുടി മതിയോ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ജീനുകളില്‍ തീരുമാനിക്കപ്പെടുന്നു.

'ജിനോം മാപ്പ്' തയ്യാറാക്കിയ ഗവേഷകര്‍ കണ്ട ഒരു പ്രത്യേകത, മറ്റു ജീവികളുടെ ഡി.എന്‍.എ.യിലേതു പോലെ, മനുഷ്യ ഡി.എന്‍.എ.യില്‍ ജീനുകള്‍ എല്ലായിടത്തും ഒരേപോലെ വിതരണം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. ജീനുകളുടെ വിതരണക്രമത്തിലാണ് മനുഷ്യജിനോം മറ്റുള്ള ജീനുകളില്‍ നിന്ന് പ്രകടമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ജിനോം ഭൂമികയിലൂടെ കടന്നു പോകുമ്പോള്‍ ഗവേഷകരെ അമ്പരപ്പിച്ചത്, വളരെ വിശാലമായ 'തരിശുനിലങ്ങളും' ജീനുകള്‍ കൂട്ടത്തോടെ കാണപ്പെടുന്ന ചില 'നഗരപ്രദേശങ്ങളും' മനുഷ്യ ഡി.എന്‍.എ.യില്‍ ഉണ്ടെന്ന വസ്തുതയാണ്. ജീനുകള്‍ക്ക് കാരണമാകാത്ത, പ്രത്യേക ധര്‍മങ്ങളൊന്നും പ്രത്യക്ഷത്തിലില്ലാത്ത ജിനോംഭാഗങ്ങളാണ് 'ജങ്ക് ഡി.എന്‍.എ'. ജിനോമിലെ വെറും 1.1 ശതമാനം മാത്രമേ ജീനുകള്‍ ആയി മാറുന്നുള്ളൂ.

മറ്റു ജീവികളുമായി ജീനുകളുടെ എണ്ണത്തില്‍ അത്രവലിയ അന്തരമില്ലെങ്കിലും, ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളുടെ എണ്ണത്തിലും സങ്കീര്‍ണതയിലും മനുഷ്യന്‍ ഏറെ മുന്നിലാണ്. ഇതിനര്‍ഥം, കൂടുതല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ പാകത്തില്‍, പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍, മനുഷ്യജിനോമില്‍ ജീനുകള്‍ ഫലപ്രദമായി പുനക്രമീകരണം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നതാണ്. ജിനോമില്‍ ഒരേ രാസശ്രേണികള്‍ തന്നെ വിരസമായി ആവര്‍ത്തിക്കുന്ന 'ജങ്ക് ഡി.എന്‍.എ' ഭാഗങ്ങള്‍ മനുഷ്യപരിണാമം സംബന്ധിച്ച 'ഫോസില്‍ റിക്കോര്‍ഡു'കളാണെന്ന് ഗവേഷകര്‍ കരുതുന്നു.

മനുഷ്യജിനോമിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്ന ആദ്യ രൂപരേഖ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അതില്‍ത്തന്നെ പൂരിപ്പിക്കേണ്ടതായ നിരവധി ഭാഗങ്ങളുണ്ട്. കണ്ടെത്തിയ ജീനുകളില്‍ 40 ശതമാനത്തിന്റെയും ധര്‍മമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് 'സെലേറ' മേധാവി ക്രെയ്ഗ് വെന്റര്‍ സാക്ഷ്യപ്പെടുത്തുന്നു. പോരായ്മകള്‍ മാറ്റി ജിനോമിന്റെ സംശുദ്ധരാപം 2003-ഓടെ ലോകത്തിന് മുന്നിലെത്തിക്കാം എന്നാണ് ഗവേഷകരുടെ പ്രത്യാശ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ, ജനിതകവും അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായ പുതിയ ചികിത്സാവിധികള്‍ രൂപപ്പെടും. പുറത്തുവന്ന 'വിവരങ്ങള്‍' 'അറിവായി' രൂപപ്പെട്ട്, പ്രായോഗികതലത്തില്‍ പ്രയോജനം ചെയ്തു തുടങ്ങാന്‍ എത്ര വര്‍ഷം കാക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആര്‍ക്കും നല്‍കാനാകുന്നില്ല.

-മാതൃഭൂമി ആരോഗ്യമാസിക, ഏപ്രില്‍ 2001