Sunday, June 14, 2009

സാര്‍സ്‌ എന്ന ഭീഷണി

ലോകം പുതിയൊരു മഹാമാരിയുടെ പിടിയിലാണെന്ന്‌ ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ജൂണ്‍ 11-നാണ്‌ പന്നിപ്പനിയെന്ന എച്ച്‌1എന്‍1 പനി മഹാമാരിയായി പ്രഖ്യാപിച്ചത്‌. നാല്‌പത്‌ വര്‍ഷത്തിന്‌ ശേഷം (1968ലെ ഹോങ്കോങ്‌ ഫ്‌ളുവിന്‌ ശേഷം) ഒരു പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്‌ ഇപ്പോഴാണ്‌. ഈ പശ്ചാത്തലത്തില്‍, ആറ്‌ വര്‍ഷം മുമ്പ്‌ ലോകത്തെ ഭീതിയിലാഴ്‌ത്തിയ സാര്‍സിനെപ്പറ്റി ഒരു ലേഖനം. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2003 മെയ്‌ 4-10 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.

രു ജലദോഷപ്പനി, അല്ലെങ്കില്‍ വയറിളക്കം - ഇതല്ലാതെ ആളെക്കൊല്ലാന്‍ കൊറോണാവൈറസിന്‌ കഴിയുമെന്ന്‌ ആരും കരുതിയിരുന്നില്ല; 'സാര്‍സ്‌' എന്ന മാരക ന്യൂമോണിയായ്‌ക്ക്‌ കാരണം ഒരിനം കൊറോണാവൈറസ്‌ ആണെന്ന്‌ തിരിച്ചറിയുംവരെ! തികച്ചും നിരുപദ്രവകരമെന്ന്‌ ഇതുവരെ കരുതിയിരുന്ന ഒരു വൈറസ്‌ കുടുംബത്തില്‍നിന്ന്‌, ലോകത്തെ മുഴുവന്‍ ഭീതിയുടെയും ഭീഷണിയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള ഒരംഗം രംഗത്തെത്തിയിരിക്കുന്നു. പോയ മാസങ്ങളില്‍ ഇറാഖ്‌ അധിനിവേശത്തിനൊപ്പം ലോകത്തിന്റെ സ്വസ്ഥത കെടുത്താന്‍ സാര്‍സ്‌ വൈറസും കാരണമായി.

സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്‌-SARS) എന്ന മാരകരോഗം മുപ്പതോളം രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞു. ഒരു മരുന്നും കണ്ടെത്താനാകാത്ത ഈ ന്യുമോണിയ ബാധിച്ച്‌ 180-ലേറെ പേര്‍ ഇതിനകം മരിച്ചു. ആയിരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലാണ്‌. ഹോങ്കോങ്‌ പോലുള്ള നഗരങ്ങളില്‍ ജൈവായുധപ്രയോഗം നടന്ന സ്ഥലങ്ങളിലേതിന്‌ സമാനമായ അവസ്ഥയാണ്‌. എല്ലാവരും മുഖാവരണം ധരിച്ച്‌ നടക്കുന്നു. ആരും പരസ്‌പരം ഹസ്‌തദാനം ചെയ്യുന്നില്ല. ഹോട്ടലുകളിലും സിനിമാതിയേറ്ററുകളിലും പാര്‍ക്കുകളിലും ആളൊഴിഞ്ഞിരിക്കുന്നു. സങ്കപ്പൂരിലും ഹോങ്കോങിലും മാര്‍ച്ച്‌ പകുതിയില്‍ തന്നെ സ്‌കൂളുകള്‍ അടച്ചു. മുഖ്യവരുമാനമാര്‍ഗമായ ടൂറിസം പ്രതിസന്ധിയിലായി. വിനോദസഞ്ചാരികള്‍ കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളെ ഭീതിയോടെയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത 'ഇന്‍ഫെക്ഷിയസ്‌ ഡിസീസ്‌ ആക്ട്‌' എന്ന കഠിന നിയമം സിങ്കപ്പൂരില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. സാര്‍സ്‌ ബാധിച്ചവരെ ഒറ്റപ്പെടുത്തി ചികിത്സിക്കാനാണ്‌ ഈ നിയമം. മോര്‍ഗണ്‍ സ്‌റ്റാന്‍ലി എന്ന അന്താരാഷ്ട്ര അക്കൗണ്ട്‌ സ്ഥാപനത്തിന്റെ കണക്ക്‌ പ്രകാരം, സാര്‍സ്‌ മൂലം ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ മാത്രം ഹോങ്കോങിന്‌ ടൂറിസം വരുമാനത്തില്‍ 25.6 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. ഹോങ്കോങിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തില്‍ നാല്‌ ശതമാനം കുറവ്‌ സാര്‍സ്‌ മൂലമുണ്ടാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ 1100 കോടി ഡോളറിന്റെ ആഘാതമാണ്‌ ഏല്‍ക്കുക.

സാര്‍സ്‌ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും എത്തിക്കഴിഞ്ഞ കാര്യം കഴിഞ്ഞ ഏപ്രില്‍ 18-ന്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹോങ്കോങ്‌ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ 32-കാരനായ മറൈന്‍ എഞ്ചിനിയര്‍ പ്രശീല്‍ ബാര്‍വെയാണ്‌ രോഗം ബാധിച്ച്‌ ഗോവയില്‍ ചികിത്സയിലായത്‌. അതിനടുത്ത ദിവസം ന്യൂഡല്‍ഹിയിലും സാര്‍സ്‌ പ്രത്യക്ഷപ്പെട്ടു.

ഇതിന്റെയെല്ലാം തുടക്കം 2002 നവംബര്‍ 16-നായിരുന്നു. തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ്‌ മേഖലയില്‍ വിചിത്രമായ ഒരു ന്യുമോണിയ പ്രത്യക്ഷപ്പെട്ടു. അഞ്ചുപേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്ക്‌ രോഗം പകര്‍ന്നു. പക്ഷേ, ആ വിവരം അധികൃതര്‍ പുറത്തറിയിച്ചില്ല. മാത്രമല്ല, പൊതുജനങ്ങള്‍ സംഭീതരാകുന്നത്‌ തടയാന്‍ ന്യൂമോണിയയെപ്പറ്റി എന്തെങ്കിലും മാധ്യമങ്ങളെ അറിയിക്കുന്നതില്‍നിന്ന്‌ ആരോഗ്യപ്രവര്‍ത്തകരെ തടയുകയും ചെയ്‌തു. ചൈനയില്‍ പുതിയ രാഷ്ട്രീയ നേതൃത്വം അധികാരത്തിലെത്തുന്നത്‌ സ്വസ്ഥമായിട്ടാകട്ടെയെന്ന്‌ അധികൃതര്‍ കരുതിയിരിക്കണം (അഞ്ച്‌ മാസം കഴിഞ്ഞ്‌, ലോകം മുഴുവന്‍ രോഗം വ്യാപിച്ച ശേഷം, ഏപ്രില്‍ 14-നാണ്‌ സ്ഥിതി വരളെ 'ഗുരുതരമാണെ'ന്ന പ്രസ്‌താവന ചൈന പ്രധാനമന്ത്രി വെന്‍ ജിയാബാവോയുടെ നാവില്‍നിന്ന്‌ ലോകം കേട്ടത്‌. ഏപ്രില്‍ 20-ന്‌ സാര്‍സിന്റെ പേരില്‍ ചൈന ആരോഗ്യമന്ത്രിയുടെയും ബെയ്‌ജിങ്‌ മേയറുടെയും കസേര തെറിക്കുകയും ചെയ്‌തു). തുടക്കത്തില്‍ തന്നെ രോഗവിവരം പുറത്തറിയിക്കാനും ആവശ്യമായ മുന്‍കരുതലെടുക്കാനും ചൈന തയ്യാറായിരുന്നെങ്കില്‍ സാര്‍സ്‌ ഒരുപക്ഷേ, ആഗോളപകര്‍ച്ചവ്യാധിയായി മാറില്ലായിരുന്നു എന്ന്‌ കരുതുന്നവര്‍ കുറവല്ല.

ചൈനയ്‌ക്ക്‌ പുറത്തേക്ക്‌ രോഗമെത്തിയത്‌ ഹോങ്കോങില്‍ മോങ്‌കോക്ക്‌ ജില്ലയിലെ മെട്രോപോള്‍ ഹോട്ടലില്‍ നിന്നാണെന്ന്‌ കരുതുന്നു. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയില്‍ ഗ്യാങ്‌ഡോങ്‌ മേഖലയിലെ ഗ്യാങ്‌ഷോ ഹോസ്‌പിറ്റലില്‍ രോഗികളെ ചികിത്സിച്ച 64-കാരനായ ലിയു ജിയാന്‍ലന്‍ എന്ന മെഡിക്കല്‍ പ്രൊഫസറാണ്‌ തന്നെ ബാധിച്ച വൈറസിനെ ഹോങ്കോങിലെത്തിച്ചത്‌. 2003 ഫിബ്രവരി 21-ന്‌ മെട്രോപോള്‍ ഹോട്ടലിലെ ഒന്‍പതാം നിലയില്‍ ആറ്‌ അതിഥികള്‍ക്ക്‌, പ്രൊഫ. ജിയാന്‍ലനില്‍ നിന്ന്‌ രോഗം പകര്‍ന്നു. അതിലൊരാള്‍ ചൈനീസ്‌-അമേരിക്കന്‍ ബിസിനസുകാരനായ ജോണി ചെന്‍ ആയിരുന്നു. അദ്ദേഹം ഫിബ്രവരി 24-ന്‌ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ സാര്‍സ്‌ വൈറസിനെ എത്തിച്ചു. വിയറ്റ്‌നാമില്‍ 61 പേര്‍ക്ക്‌ അദ്ദേഹത്തില്‍നിന്ന്‌ രോഗം പകര്‍ന്നു. അതില്‍ ഭൂരിപക്ഷവും മെഡിക്കല്‍ സ്റ്റാഫ്‌ ആയിരുന്നു.

മെട്രോപോള്‍ ഹോട്ടലിലെ മറ്റൊരു അതിഥി കാനഡയില്‍ നിന്നുള്ള പ്രായമായ ഒരു ടൂറിസ്റ്റായിരുന്നു. അവര്‍ വഴി ടൊറോന്റോയില്‍ സാര്‍സ്‌ എത്തി. സിങ്കപ്പൂരില്‍ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു മെട്രോപോള്‍ ഹോട്ടലിലെ രോഗം പകര്‍ന്ന മറ്റ്‌ മൂന്ന്‌ അതിഥികള്‍. അവര്‍ രോഗവുമായി സ്വന്തം നാട്ടിലെത്തി. ഹോങ്കോങില്‍ നിന്നു തന്നെയുള്ള 26-കാരനായിരുന്നു മെട്രോപോള്‍ ഹോട്ടലിലെ മറ്റൊരു അതിഥി. ഹോട്ടലിലെ ഒന്‍പതാം നിലയില്‍നിന്ന്‌ അയാള്‍ ഹോങ്കോങിലെ പ്രിന്‍സ്‌ ഓഫ്‌ വേല്‍സ്‌ ഹോസ്‌പിറ്റലിലെത്തി. നിരവധി നഴ്‌സുമാര്‍ക്കും മറ്റ്‌ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അവിടെ രോഗം പകര്‍ന്നു. ഒരു ആഗോളഭീഷണിയായി സാര്‍സ്‌ വ്യാപിച്ചതിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

ഇതൊരു പുതിയ പകര്‍ച്ചവ്യാധിയാണെന്നും സാര്‍സിനെതിരെ ലോകം ജാഗ്രത പാലിക്കണമെന്നും ആദ്യം മുന്നറിയിപ്പ്‌ നല്‍കിയത്‌ ലോകാരോഗ്യസംഘടനയുടെ വിയറ്റ്‌നാമിലുണ്ടായിരുന്ന ഡോ. കാര്‍ലോ ഉര്‍ബാനിയാണ്‌; 2003 മാര്‍ച്ച്‌ 29-ന്‌. അദ്ദേഹം സാര്‍സ്‌ ബാധിച്ച്‌ മരിച്ചു (അനുബന്ധം കാണുക). രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായുവിലൂടെ പുറത്തു വരുന്ന ബാഷ്‌പകണങ്ങള്‍ വഴിയാണ്‌ രോഗം പകരുന്നതെന്ന്‌ മനസിലായതോടെ ഭീതി വര്‍ധിച്ചു. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗാണുവിനെ തിരിച്ചറിയാനുള്ള ശ്രമം ഊര്‍ജിതമായി. ലഭ്യമായ വിവരങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ തുണയായി.

മണ്ണനും അഞ്ചാംപനിയും വരുത്തുന്ന വൈറസ്‌ കുടുംബമായ 'പാരാമൈക്‌സോവൈറൈഡെ'യില്‍ പെട്ട ഒന്നാകാം സാര്‍സിനും കാരണമെന്ന്‌ ആദ്യം ഗവേഷകര്‍ സംശയിച്ചു. എന്നാല്‍, ഫ്‌ളു, ജലദോഷപ്പനി മുതലായവയ്‌ക്ക്‌ കാരണമായ കൊറോണാവൈറസിന്റെ കുടുംബത്തില്‍ പെട്ട, ഇതുവരെ അജ്ഞാതമായിരുന്ന ഒരു വൈറസാണ്‌ സാര്‍സിന്‌ കാരണമെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ഹോങ്കോങ്‌ സര്‍വകലാശാലയിലെ ശ്രീലങ്കക്കാരനായ മൈക്രോബയോളജിസ്‌റ്റ്‌ ഡോ. മാലിക്‌ പെയ്‌രിസും സംഘവുമാണ്‌ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്‌. 13 രാജ്യങ്ങളിലെ ബയോളജിലാബുകളുടെ ശൃംഗല അവര്‍ക്ക്‌ തുണയേകി. അറ്റ്‌ലാന്റയില്‍ യു.എസ്‌. സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷനിലെ ഗവേഷകര്‍ ആ കണ്ടെത്തല്‍ ശരിവെച്ചു. സാധാരണഗതിയില്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്ന ഈ പ്രക്രിയ, ആഴ്‌ചകള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കാന്‍ ഗവേഷകര്‍ക്കായി.

കൊറോണാവൈറസ്‌ ഇതുവരെ ആളെ കൊന്നിരുന്നില്ല. പക്ഷേ, സാര്‍സിന്റെ ആവിര്‍ഭാവത്തോടെ ആ വിശ്വസം തകര്‍ന്നു. വൈറസിനെ തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ ഫലപ്രദമായ രോഗനിര്‍ണയ ടെസ്‌റ്റുകള്‍ വികസിപ്പിക്കാമെന്ന പ്രതീക്ഷ വര്‍ധിച്ചു. അതോടൊപ്പം സാര്‍സ്‌ വൈറസിന്റെ ജനിതകഘടന കണ്ടെത്താനും ശ്രമം ഊര്‍ജിതമായി. സാര്‍സ്‌ വൈറസിനെ തിരിച്ചറിഞ്ഞ കാര്യം ഏപ്രില്‍ പത്തിന്‌ പുറത്തിറങ്ങിയ 'ന്യു ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനി'ലാണ്‌ ഗവേഷകര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വൈറസിന്റെ ജനിതകഘടന തിരിച്ചറിയുന്നതില്‍ വിജയിച്ചതായി ഏപ്രില്‍ 12-ന്‌ കനേഡിയന്‍ ഗവേഷകര്‍ പ്രഖ്യാപിച്ചു. കാനഡയില്‍ ബ്രിട്ടീഷ്‌ കൊളംബിയ കാന്‍സര്‍ ഏജന്‍സിയുടെ ഭാഗമായ 'മൈക്കല്‍സ്‌മിത്ത്‌ ജിനോം സയന്‍സസ്‌ സെന്ററി'ലെ ഗവേഷകരാണ്‌ കൊലയാളി വൈറസിന്റെ ജനിതകജാതകം കണ്ടെത്തിയത്‌.

ജൈവായുധ പ്രയോഗത്തിന്റെ ഫലമായാണോ സാര്‍സ്‌ പൊട്ടിപ്പുറപ്പെട്ടതെന്ന്‌ ചിലരെങ്കിലും സംശയിക്കുന്നുണ്ട്‌. പക്ഷേ, ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇത്തരമൊരു നിഗമനത്തെ സാധൂകരിക്കുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. ഒന്നാമതായി, സാര്‍സ്‌ ബാധിച്ചവര്‍ക്കിടയിലെ മരണനിരക്ക്‌ വളരെ കുറവാണ്‌. വെറും നാല്‌ ശതമാനം മാത്രം. ഒരു സ്‌റ്റാന്‍ഡേര്‍ഡ്‌ ജൈവായുധമായ (ശ്വാസകോശത്തെ ബാധിക്കുന്ന) ആന്ത്രാക്‌സ്‌ മൂലമുള്ള മരണനിരക്ക്‌ 80 ശതമാനമാണെന്നോര്‍ക്കുക. ആ നിലയ്‌ക്ക്‌ സാര്‍സ്‌ ജൈവായുധമായാല്‍ അതൊരു നഷ്ടക്കച്ചവടമാകുമെന്ന്‌ സാരം. മാത്രമല്ല, എളുപ്പം വ്യതിയാനം (മ്യൂട്ടേഷന്‍) സംഭവിക്കാവുന്ന, അല്ലെങ്കില്‍ പരസ്‌പരം കൂടിക്കലര്‍ന്ന്‌ ജനിതകഘടനയില്‍ മാറ്റംവരാവുന്ന തരത്തില്‍ പെട്ട ഒന്നാണ്‌ കൊറോണാവൈറസ്‌. മൃഗങ്ങളുടെ ശരീരത്തില്‍ വെച്ചുണ്ടായ വ്യതികരണമാണ്‌ മനുഷ്യനെ മാരകമായി ബാധിക്കാന്‍ പാകത്തില്‍ കൊറോണാ വൈറസിനെ മാറ്റിയതെന്ന്‌, 'ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണലില്‍' പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകിരച്ച തോമസ്‌ ജി. കിസെക്‌ കരുതുന്നു.

ലോകത്തേറ്റവുമധികം മാരകവൈറസുകള്‍ പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള മേഖലയാണ്‌ തെക്കന്‍ ചൈനയും ഹോങ്കോങും ഉള്‍പ്പെട്ട പ്രദേശം. അവിടെ നിന്നാണ്‌ സാര്‍സ്‌ വൈറസിന്റെയും വരവ്‌. 1968-ല്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ട ഹോങ്കോങ്‌ ഫ്‌ളു എന്ന പകര്‍ച്ചവ്യാധി വെറും ഒന്‍പത്‌ മാസംകൊണ്ട്‌ ലോകജനസംഖ്യയില്‍ 30 ശതമാനത്തെ ബാധിച്ചു. ലോകത്താകമാനം ഏഴുലക്ഷം പേരാണ്‌ ആ വൈറസ്‌ രോഗം ബാധിച്ച്‌ മരിച്ചത്‌. 1997-ലും പിന്നീട്‌ 1999-ലും ഏവിയന്‍ ഫ്‌ളു എന്ന പക്ഷിപ്പനി ഹോങ്കോങിനെ ഭീതിയിലാഴ്‌ത്തി. പക്ഷികളില്‍ നിന്ന്‌ മനുഷ്യരിലെക്ക്‌ നേരിട്ട്‌ പകരുന്ന അപൂര്‍വം വൈറസുകളിലൊന്നാണ്‌ ഈ രോഗം വരുത്തുന്നത്‌. ഈ വൈറസും ആദ്യം മനുഷ്യനെ 'കണ്ടെത്തിയത്‌' തെക്കന്‍ ചൈനയില്‍ വെച്ചായിരുന്നു. കന്നുകാലികളും പന്നികളും കോഴികളും താറാവും മനുഷ്യരുമെല്ലാം ഇത്രയേറെ അടുത്തിടപഴകുന്ന പ്രദേശങ്ങള്‍ തെക്കന്‍ ചൈന പോലെ വേറെ അധികം ഉണ്ടാകില്ല. മൃഗങ്ങളില്‍ നിന്ന്‌ വൈറസുകള്‍ മനുഷ്യരിലേക്ക്‌ എത്തുന്ന സംഭവങ്ങള്‍ ഇവിടെ ഇനിയും ആവര്‍ത്തിക്കപ്പെടും എന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.(എഡിറ്റ്‌: തെക്കന്‍ ചൈനയില്‍ വെച്ച്‌ വെരുകുകളില്‍നിന്നാണ്‌ സാര്‍സ്‌ വൈറസ്‌ മനുഷ്യരിലേക്ക്‌ കടന്നതെന്ന്‌ പിന്നീട്‌ കണ്ടെത്തുകയുണ്ടായി).

എന്തുകൊണ്ട്‌ പുതിയ വൈറസുകള്‍ മനുഷ്യന്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ പ്രത്യക്ഷപ്പെടുന്നു? സാര്‍സ്‌ വൈറസ്‌ ഒരു തുടക്കമാണോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്‌. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. സ്‌റ്റീഫന്‍ മോഴ്‌സ്‌ പറയുന്നത്‌ `ഭാവിയിലേക്കുള്ള ഒരു സൂചനയാണ്‌ സാര്‍സ്‌` എന്നാണ്‌. പുതിയ രോഗാണുക്കള്‍ കൂടുതല്‍ ആളുകളെ ബാധിക്കാനും ആഗോളതലത്തില്‍ വ്യാപിക്കാനുമുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ ഏറി വരികയാണ്‌. അതിനിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന്‌ ഡോ. മോഴ്‌സ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഇരുപതാം നൂറ്റാണ്ട്‌ തുടങ്ങുമ്പോള്‍ ഭൂമുഖത്ത്‌ ആകെയുണ്ടായിരുന്നത്‌ 150 കോടി ജനങ്ങളാണ്‌. ഇന്നത്‌ 600 കോടിയിലേറെയാണ്‌. പുതിയ രോഗാണുക്കള്‍ക്ക്‌ മനുഷ്യരെ കണ്ടെത്താനുള്ള സാധ്യത നാലിരട്ടി വര്‍ധിച്ചിരിക്കുന്നു എന്ന്‌ സാരം. ജനസംഖ്യ വര്‍ധിച്ചതിനൊപ്പം പരിസ്ഥിതിയിലും വന്‍മാറ്റങ്ങള്‍ വന്നു. വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, ഇത്രകാലവും പ്രകൃതിയില്‍ അടങ്ങിക്കഴിഞ്ഞിരുന്ന പല മാരകവൈറസുകളും മനുഷ്യരില്‍ 'ആശ്രയം' കണ്ടെത്താന്‍ ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കര്‍ണാടകയിലെ മലനാട്‌ മേഖലയില്‍ 'ക്യാസനൂര്‍ രോഗം' പടര്‍ന്നുപടിച്ചത്‌, അവിടുത്തെ വനം വെട്ടിവെളുപ്പിച്ചപ്പോഴായിരുന്നു. രോഗകാരിയായ വൈറസ്‌ ആ വനപ്രദേശത്തെ കുരങ്ങുകളിലും മറ്റും നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും, വനം നശിപ്പിക്കും വരെ അവ മനുഷ്യരെ ബാധിച്ചിരുന്നില്ല. പുത്തന്‍ കൃഷിരീതികളും മൃഗപരിപാലന മാര്‍ഗങ്ങളും പുതിയ വൈറസുകളുടെ ആവിര്‍ഭാവത്തിന്‌ കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാത്രം മുപ്പതോളം പുതിയ വൈറസുകള്‍ മനുഷ്യന്‌ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. എബോള, ഐവറികോസ്‌റ്റ്‌, ആന്‍ഡീസ്‌ വൈറസ്‌, ഹെപ്പറ്ററ്റിസ്‌-എഫ്‌, ജി, പൈറൈറ്റില്‍, ബ്ലാക്ക്‌ ലഗൂണ്‍ വൈറസ്‌, നിപാ, ഒസ്‌കാര്‍ വൈറസ്‌ എന്നിവ അവയില്‍ ചിലത്‌ മാത്രം. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ സാര്‍സ്‌ വൈറസ്‌. ഇന്നത്തെ അവസ്ഥയില്‍ സാര്‍സ്‌ പോലെ പുതിയ വൈറസുകളെ സ്വീകരിക്കാന്‍ ലോകം എപ്പോഴും തയ്യാറായിരിക്കണം എന്നാണ്‌ ഈ ഒരു പതിറ്റാണ്ടിന്റെ അനുഭവം പറയുന്നത്‌. ഒരുപക്ഷേ, 21-ാം നൂറ്റാണ്ടില്‍ വൈദ്യശാസ്‌ത്രം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ക്ഷണിക്കാതെ വരുന്ന ഇത്തരം അതിഥികളില്‍ നിന്നാവും ഉണ്ടാവുക.


അനുബന്ധം: സാര്‍സ്‌ എന്ന പകര്‍ച്ചവ്യാധിയെപ്പറ്റി ലോകത്തിന്‌ ആദ്യം മുന്നറിയിപ്പ്‌ നല്‍കിയത്‌ ഡോ. കാര്‍ലോ ഉര്‍ബാനിയാണ്‌. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ ഹോസ്‌പിറ്റലില്‍ ന്യുമോണിയ ബാധിച്ചെത്തിയ രോഗിയെ ചികിത്സിക്കുന്ന വേളയില്‍ നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പകരുന്നത്‌ ഉര്‍ബാനി കണ്ടു. അങ്ങനെയാണ്‌ ഈ പുതിയ പകര്‍ച്ചവ്യാധിയെപ്പറ്റി അദ്ദേഹം ബോധവാനായത്‌. ഒടുവില്‍ സാര്‍സ്‌ ബാധിച്ച്‌ അദ്ദേഹവും മരിച്ചു. സാര്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീകമായി ഡോ. ഉര്‍ബാനി മാറി. സാര്‍സ്‌ വൈറസിനെ തിരിച്ചറിഞ്ഞ ഗവേഷകര്‍ക്ക്‌ സംശയമുണ്ടായിരുന്നല്ല, അതിന്‌ എന്ത്‌ പേരിടണമെന്ന്‌. ഡോ. ഉര്‍ബാനിയുടെ പേര്‌ അതിന്‌ നല്‍കി. ആ വൈറസ്‌ ഇനി 'ഉര്‍ബാനി സാര്‍സ്‌-അസോസിയേറ്റഡ്‌ കൊറോണാവൈറസ്‌' എന്നറിയപ്പെടും.

ലോകാരോഗ്യസംഘടനയുടെ പശ്ചിമപെസഫിക്‌ മേഖലയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയായിരുന്നു 46-കാരനായ ഡോ. ഉര്‍ബാനി. അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സാര്‍സിന്റെ ഭീഷണി മനസിലാക്കാന്‍ ലോകം വൈകുമായിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആകില്ലായിരുന്നു. പകരുന്ന രോഗമാണ്‌, രോഗികള്‍ക്കരികില്‍ പോകരുതെന്ന്‌ ഭാര്യ വിലക്കിയപ്പോള്‍ ഡോ. ഉര്‍ബാനി ചോദിച്ചു; അത്തരം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ്‌ ഞാനിവിടെ ജോലി ചെയ്യുന്നത്‌? ഇ-മെയിലുകള്‍ക്ക്‌ മറുപടി നല്‍കാനും കോക്‌ടെയ്‌ല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഫയലുകള്‍ നല്‍കാനും മാത്രമോ?

ഒരു ആതുരശുശ്രൂഷകന്റെ മഹത്തായ പ്രതിബദ്ധതയോടെ മരണത്തിന്‌ കീഴടങ്ങിയപ്പോഴും ഡോ. ഉര്‍ബാനി വൈദ്യശാസ്‌ത്രത്തെ മറന്നില്ല. രോഗം ബാധിച്ച തന്റെ ശ്വാസകോശം പരീക്ഷണങ്ങള്‍ക്കായി അദ്ദേഹം ദാനം ചെയ്‌തു.