Wednesday, November 5, 2008

അമേരിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ എന്തെളുപ്പം

മധുരയ്‌ക്കടുത്ത്‌ വിഥുനഗര്‍ സ്വദേശിയായ വി. ബാലന്‍ തമിഴ്‌നാട്‌ മെര്‍ക്കന്റൈന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്‌. രണ്ടര വര്‍ഷം മുമ്പ്‌ ബാലന്‌ ബാങ്കിന്റെ കോഴിക്കോട്‌ ശാഖയിലേക്ക്‌ മാറ്റം കിട്ടി. ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ഒരു വാടക ഫ്‌ളാറ്റില്‍ ബാലനും ഭാര്യ ഗിരിജയും താമസമാക്കി. തന്റെ സന്തതസഹചാരിയായ സൈക്കിളും ആ 28-കാരന്‍ കൂടെ കൊണ്ടുപോന്നിരുന്നു. ബാങ്കില്‍ പോക്കും വരവും സൈക്കിളില്‍ തന്നെ. വൈകിട്ട്‌ അമ്പലത്തില്‍ പോകാനും മാറ്റും ഭാര്യയെ സൈക്കിളിന്റെ പിന്നിലിരുത്തിയായി സവാരി. ചെറുപ്പക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥന്‍ സൈക്കിളില്‍ സ്ഥിരമായി സഞ്ചരിക്കുന്ന 'അസാധാരണമായ' കാഴ്‌ച കോളനി നിവാസികള്‍ കണ്ടു.

കാറ്‌, ബൈക്ക്‌ അതല്ലെങ്കില്‍ ഓട്ടോറിക്ഷ-ഇതില്‍ കുറഞ്ഞ ഒന്നും വിഭാവനം ചെയ്യാനാകാത്ത പലര്‍ക്കും ബാലന്റെയും ഭാര്യയുടെയും സൈക്കിള്‍ സവാരി അവിശ്വസനീയമായിരുന്നു. രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും കൊളസ്‌ട്രോളിനുമൊക്കെ ചികിത്സ തേടി ആസ്‌പത്രികള്‍ കയറിയിറങ്ങുന്നവരായിരുന്നു ബാലന്റെ യാത്രയെ അത്ഭുതത്തോടെ വീക്ഷിച്ചിരുന്നവരില്‍ പലരും. പക്ഷേ. തങ്ങളിങ്ങനെ ആസ്‌പത്രി കയറിയിറങ്ങുന്നതില്‍ അവര്‍ക്കാര്‍ക്കും തെല്ലും അത്ഭുതം തോന്നിയില്ല !

മേലനങ്ങാന്‍ മടിയുള്ളവരായി നമ്മള്‍ എത്ര വേഗമാണ്‌ മാറിയത്‌. ബാലന്‌ കഴിയുന്നതുപോലെ സൈക്കിളില്‍ ഓഫീസില്‍ പോകാന്‍ നമുക്ക്‌ തോന്നാത്തതെന്തുകൊണ്ട്‌ ? സൈക്കിളെന്തുകൊണ്ട്‌ മലയാളിയുടെ മുഖ്യ വാഹനമായില്ല ? ടൂ വീലറോ കാറോ ഇല്ലാത്ത ചെറുവരുമാനക്കാര്‍ പോലും കേരളത്തില്‍ ഇല്ല എന്ന സ്ഥിതിയാണിപ്പോള്‍. നടത്തത്തെ നമ്മള്‍ നിത്യജീവിതത്തില്‍ നിന്ന്‌ നാടുകടത്തിയിരിക്കുന്നു.

മലയാളിയുടെ പുത്തന്‍ ജീവിതശൈലിയുടെ ഭാഗമാണ്‌ ഈ വാഹനപ്രേമം. സംസ്ഥാനത്ത്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിനിടയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുറഞ്ഞത്‌ ഇരുപത്‌ മടങ്ങ്‌ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ഒരു വാഹനത്തിന്‌ ശരാശരി രണ്ടാള്‍ എന്ന്‌ കണക്കാക്കിയാല്‍, അത്യാവശ്യം നടത്തം പോലും ഉപേക്ഷിച്ച മലയാളികളുടെ എണ്ണം ഈ കാലയളവില്‍ 40 മടങ്ങ്‌ വര്‍ധിച്ചു എന്നര്‍ഥം. മേലനങ്ങാതിരിക്കാന്‍ മറ്റ്‌ ചില സംഗതികളും രംഗത്തെത്തി. ടി.വി.യാണതില്‍ പ്രധാനം. ടെലിവിഷന്‌ മുന്നിലിരുന്ന്‌ നമ്മള്‍ സര്‍വതും മറക്കുന്നു. മറ്റൊന്നിനും സമയമില്ലാതായി. ആവശ്യത്തിന്‌ ഭക്ഷണം പാകം ചെയ്യാന്‍ പോലും ! അങ്ങനെ ഫാസ്റ്റ്‌ഫുഡിലേക്കും ബേക്കറി സാധനങ്ങളിലേക്കും നാം നമ്മുടെ രുചിയെ മാറ്റി സ്ഥാപിച്ചു. മറ്റൊന്നിനും സമയമില്ലാതായതോടെ ടെന്‍ഷന്‍ വര്‍ധിച്ചു. മാനസികസമ്മര്‍ദം പുത്തന്‍ ജീവിതരീതിയുടെ മുഖമുദ്രയായി മാറി.

ഇതെല്ലാം ചേര്‍ന്ന്‌ നമുക്ക്‌ സമ്മാനിക്കുന്നതെന്തെന്ന്‌ നോക്കുക. ദുര്‍മേദസ്‌, പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, അള്‍സര്‍, സന്ധിവാതം, മസ്‌തിഷ്‌കാഘാതം.........പട്ടിക നീളുകയാണ്‌. ജീവിതശൈലീരോഗങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്‌. `നമുക്കിടയില്‍ വേരുറപ്പിച്ചു കഴിഞ്ഞ ഉപഭോഗസംസ്‌ക്കാരത്തിന്റെ ഭാഗമാണ്‌ പുത്തന്‍ ജീവിതശൈലി. അതിന്റെ അനന്തരഫലം ഈ രോഗങ്ങളും'-തിരുവനന്തപുരത്ത്‌ 'അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസി'ലെ ശാസ്‌ത്രജ്ഞനായ ഡോ. വി. മോഹന്‍നായര്‍ അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി നടക്കുന്ന ഒരു പഠനം നടുക്കമുളവാക്കുന്ന ചില വിവരങ്ങളാണ്‌ പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. മരണകാരണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഏതൊക്കെയാണെന്ന്‌ പരിശോധിക്കുകയാണ്‌, 'ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്‌) എന്ന സംഘടന നടത്തിയ പഠനത്തില്‍ ചെയ്‌തത്‌. ആകെ മരിച്ചവരില്‍ 48 ശതമാനം പേരും ഹൃദയാഘാതം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ കൊറോണറി പ്രശ്‌നങ്ങള്‍ (ധമനികളുടെ ജരിതാവസ്ഥ) മൂലമാണ്‌ മരിച്ചതെന്ന്‌ പഠനത്തില്‍ കണ്ടെത്തി. ശരീരത്തിനാവശ്യമായ വ്യായാമം ലഭിക്കാതിരിക്കുകയും കൊഴുപ്പും എണ്ണയും ധാരാളമടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്‌ 48 ശതമാനം പേരുടെ മരണത്തിനിടയാക്കിയതെന്ന്‌ സാരം ! `ഇക്കാര്യത്തില്‍ നമ്മള്‍ അമേരിക്കയ്‌ക്കൊപ്പമെത്തിയിരിക്കുന്നു'-ഹാപ്പിന്റെ മുഖ്യസാരഥി ഡോ. സി. ആര്‍. സോമന്‍ പറയുന്നു.

പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ജീവിതശൈലീരോഗങ്ങളും പടര്‍ന്നുപിടിക്കുന്ന നാടായി മാറിയിരിക്കുന്നു കേരളം. `രോഗങ്ങളുടെ കാര്യത്തില്‍, ഒരു ദരിദ്രരാജ്യത്തിന്റെ സ്വഭാവത്തില്‍നിന്ന്‌ വികസിത രാജ്യത്തിന്റെ സ്ഥിതിയിലേക്കുള്ള പരിവര്‍ത്തനമാണ്‌ കേരളത്തിലിപ്പോള്‍ നടന്നു വരുന്നത്‌'-ഡോ. മോഹന്‍നായര്‍ വിലയിരുത്തുന്നു. വികസിത രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കാണാറില്ല. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളാണ്‌ അവര്‍ക്ക്‌ തലവേദനയാകുന്നത്‌. കേരളത്തിലിപ്പോള്‍ ഇവ രണ്ടുമുണ്ട്‌. അതുകൊണ്ടാണ്‌ കേരളം ഒരു പരിവര്‍ത്തന കാലഘട്ടത്തിലാണെന്ന്‌ പറയാന്‍ കാരണം.

ജീവിതശൈലീരോഗങ്ങള്‍ വന്‍സാമ്പത്തിക ബാധ്യതയാണ്‌ ഏതു സമൂഹത്തിനും സമ്മാനിക്കുക. 2000-ത്തിലെ കണക്ക്‌ പ്രകാരം, അമേരിക്കക്കാരുടെ പൊണ്ണത്തടി ആ രാജ്യത്തിന്‌ വരുത്തിയ സാമ്പത്തിക ബാധ്യത 11500 കോടി ഡോളറാണ്‌ (ഏതാണ്ട്‌ 5.7 ലക്ഷം കോടി രൂപ). ഹൃദയശസ്‌ത്രക്രിയകളുടെയും ബൈപാസ്‌ ശസ്‌ത്രക്രിയകളുടെയും ചെലവ്‌ സ്വന്തം നാട്ടില്‍ താങ്ങാനാവാതെ, സായ്‌വിപ്പോള്‍ സിങ്കപ്പൂരിലെയും ഹോങ്കോങിലെയും ആസ്‌പത്രികള്‍ തേടിയെത്തുന്ന സ്ഥിതിയാണ്‌. സായിപ്പിന്റെ അവസ്ഥ ഇതാണെങ്കില്‍ വര്‍ധിച്ചു വരുന്ന ഇത്തരം രോഗങ്ങള്‍ മലയാളിക്ക്‌ താങ്ങാനാകുമോ ? ഒരു ബൈപാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നമ്മള്‍ ഒന്നേകാല്‍ ലക്ഷം രൂപാവരെ ചെലവിടണം. വ്യക്തിയോ സമൂഹമോ ഇത്‌ വഹിച്ചേ ഒക്കൂ. ജീവിതശൈലീരോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നു എന്ന്‌ പറഞ്ഞാല്‍, കേരളം ഒരു വന്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങിത്തുടങ്ങുന്നു എന്നാണര്‍ഥം.

പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന ഏത്‌ സമൂഹവും അതിനോട്‌ ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കാതെ വയ്യ. രോഗം വന്നാല്‍ ചികിത്സിച്ചേ തീരൂ എന്ന നിലയില്‍ വാര്‍ത്തെടുത്തതാണ്‌ ശരാശരി മലയാളിയുടെ ആരോഗ്യ അവബോധം. കേരളത്തിലെ ഉയര്‍ന്ന രോഗാതുരതയുടെ മുഖ്യകാരണം ഈ അവബോധമാണ്‌. രോഗം വരാതെ നോക്കാന്‍ എന്തുചെയ്യണം എന്നൊരു ചിന്താഗതിയിലേക്ക്‌ മലാളി മാറേണ്ട സമയമായിരിക്കുന്നു. വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍ അത്തരമൊരു അനിവാര്യതയിലേക്കാണ്‌ നമ്മെ കൊണ്ടെത്തിക്കുന്നത്‌.
-മാതൃഭൂമി, ജൂണ്‍ 30, 2003

അടുത്തലക്കം: കലോറിയെ ആര്‍ക്കാണ്‌ പേടി

1 comment:

Joseph Antony said...

ജീവിതശൈലീരോഗങ്ങള്‍ വന്‍സാമ്പത്തിക ബാധ്യതയാണ്‌ ഏതു സമൂഹത്തിനും സമ്മാനിക്കുക.ഒരു ബൈപാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നമ്മള്‍ ഒന്നേകാല്‍ ലക്ഷം രൂപാവരെ ചെലവിടണം. വ്യക്തിയോ സമൂഹമോ ഇത്‌ വഹിച്ചേ ഒക്കൂ. ജീവിതശൈലീരോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നു എന്ന്‌ പറഞ്ഞാല്‍, കേരളം ഒരു വന്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങിത്തുടങ്ങുന്നു എന്നാണര്‍ഥം.