Friday, November 14, 2008

നടക്കാതെ നടക്കാം, ഓടാതെ ഓടാം

നടക്കാതെ നടക്കാന്‍ കഴിയുക. അതിനുള്ളതാണ്‌ ട്രെഡ്‌മില്‍. ഓടാതെ ഓടിക്കാനാവുക. അതിനാണ്‌ സ്‌റ്റേഷനറി ബൈക്ക്‌. നടത്തവും സൈക്കിള്‍ ഓടിക്കലും ഉപേക്ഷിച്ച മലയാളിക്ക്‌ ലഭിക്കാവുന്ന ഏറ്റവും നല്ല ശിക്ഷ! ആധുനിക ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ വ്യായാമം തേടിയെത്തുന്നവര്‍ യഥാര്‍ഥത്തില്‍ അവിടെ നടക്കുകയും മലകയറുകയും സൈക്കിള്‍ ചവിട്ടുകയുമൊക്കെയാണ്‌ ചെയ്യുന്നത്‌. തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ സൗകര്യപൂര്‍വം ഉപേക്ഷിച്ച ശീലങ്ങള്‍, വിലകൂടിയ ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ സഹായത്തോടെ ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു.

വളരെ പെട്ടന്നാണ്‌ കേരളം ഹെല്‍ത്ത്‌ക്ലബ്ബ്‌ യുഗത്തിലേക്ക്‌ കടന്നത്‌. ജിംനേഷ്യം എന്ന പഴയ വീഞ്ഞിനെ ഹൈടെക്‌ ഉപകരണങ്ങളുടെ കുപ്പിയില്‍ അടച്ച ശേഷം അതില്‍ ഹെല്‍ത്ത്‌ക്ലബ്ബ്‌ എന്ന ലേബലൊട്ടിക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളിയുടെ മാറുന്ന ആരോഗ്യ അവബോധത്തെ ചൂഷണം ചെയ്യാനുള്ള നല്ലൊരു ബിസിനസ്‌ സാധ്യതയായി ഹെല്‍ത്ത്‌ക്ലബ്ബ്‌ രംഗം മാറിക്കഴിഞ്ഞു. അഫിലിയേറ്റ്‌ ചെയ്‌ത്‌ 200 ഓളം ക്ലബ്ബുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. അതില്‍ കൂടുതലും തൃശ്ശൂര്‍ ജില്ലയിലാണ്‌-60 എണ്ണം. രൂപംമാറിയ ജിംനേഷ്യങ്ങളും അഫിലിയേറ്റ്‌ ചെയ്യപ്പെടാത്ത ഹെല്‍ത്ത്‌ക്ലബ്ബുകളും കൂടി ഏതാണ്ട്‌ 500-ന്‌ മേല്‍ വരും.

മുമ്പൊക്കെ ബോഡിബില്‍ഡിങ്‌ പോലുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ചെറുപ്പക്കാര്‍ ജിംനേഷ്യങ്ങളെ ആശ്രയിച്ചിരുന്നത്‌. ഇന്നത്‌ മാറിയിരിക്കുന്നു. ശരീരത്തിന്റെ ഫിറ്റ്‌നെസ്‌ ആണ്‌ ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ പോകുന്നവരില്‍ ഭൂരിപക്ഷത്തിന്റെയും മുഖ്യ പരിഗണന. കോഴിക്കോട്‌ മാവൂര്‍ റോഡിലുള്ള നവീന്‍ ട്രാവല്‍സിന്റെ പാര്‍ട്‌ണറായ മധുമോഹന്‍ പ്രഭു ഇതേ ഉദ്ദേശ്യത്തോടെ ഹെല്‍ത്ത്‌ക്ലബ്ബിനെ ആശ്രയിക്കുന്ന വ്യക്തിയാണ്‌. നടക്കാവ്‌ വണ്ടിപ്പേട്ടയിലുള്ള 'പ്രൈം ബോഡി' ഹെല്‍ത്ത്‌ക്ലബ്ബില്‍ അദ്ദേഹം എല്ലാ വൈകുന്നേരങ്ങളിലും ഒരു മണിക്കൂര്‍ വീതം ചെലവിടുന്നു. `വ്യായാമത്തിന്‌ ചെലവഴിക്കുന്ന സമയത്തിന്റെ പൂര്‍ണ പ്രയോജനം ലഭിക്കാന്‍ ഹെല്‍ത്ത്‌ക്ലബ്ബാണ്‌ നല്ലത്‌'-മധുമോഹന്‍ പ്രഭു പറയുന്നു. നടത്തം പോലുള്ള മറ്റ്‌ വ്യായാമ പദ്ധതികള്‍ക്ക്‌ പകരം അദ്ദേഹം ഹെല്‍ത്ത്‌ക്ലബ്ബ്‌ തിരഞ്ഞെടുത്തതിന്റെ കാരണം ഇതാണ്‌.

മഴയാണെങ്കില്‍ നടത്തം മുടങ്ങും. ഹെല്‍ത്ത്‌ക്ലബ്ബിലാകുമ്പോള്‍ ആ പ്രശ്‌നമില്ല. ഹെല്‍ത്ത്‌ക്ലബ്ബിലെ അന്തരീക്ഷം മറ്റൊരിടത്തും ലഭിക്കില്ലെന്ന്‌ കരുതുന്നവരും കുറവല്ല. 'വ്യായാമത്തിന്‌ ഒരു സ്ഥിരം സ്വഭാവം ലഭിക്കാന്‍ ഹെല്‍ത്ത്‌ക്ലബ്ബാണ്‌ നല്ലത്‌' എന്ന അഭിപ്രായക്കാരനാണ്‌ തൃശ്ശൂര്‍ കാനാട്ടുകരയിലെ ബിസിനസ്സുകാരനായ ബജു എ. എസ്‌. ദിവസവും രണ്ടു മണിക്കൂര്‍ വീതം ബിജു ഹെല്‍ത്ത്‌ക്ലബ്ബില്‍ ചെലവിടുന്നു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ രംഗത്തുള്ള വ്യക്തിയാണ്‌ തൃശ്ശൂര്‍ അക്വാട്ടിക്‌ കോംപ്ലക്‌സിലെ 'ലൈഫ്‌ സ്റ്റൈല്‍ ഫിറ്റ്‌നെസ്‌' എന്ന ഹെല്‍ത്ത്‌ക്ലബ്ബ്‌ നടത്തുന്ന റെയില്‍വെ ഉദ്യോഗസ്ഥനായ വി. എം. ബഷീര്‍. ബോഡി ബില്‍ഡിങിനും അതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന്‍. 1999-ല്‍ 'മിസ്റ്റര്‍ സൗത്ത്‌ഏഷ്യ'യായി തിരഞ്ഞെടുക്കപ്പെട്ട ബഷീറിന്റെ കാഴ്‌ചപ്പാടില്‍, `ശരീരപേശികളുടെ സമ്പൂര്‍ണ വികാസങ്ങള്‍ സാധ്യമാക്കുന്ന ഒന്നാണ്‌ ഹെല്‍ത്ത്‌ക്ലബ്ബിലെ പരിശീലനം. ഹെല്‍ത്ത്‌ക്ലബ്ബില്‍ ഒരു നിശ്ചിത സയമത്ത്‌ നിശ്ചിത പ്രോഗ്രാം ചെയ്‌തു തീര്‍ക്കണം'-മറ്റ്‌ വ്യായാമപദ്ധതികളില്‍ നിന്ന്‌ ഹെല്‍ത്ത്‌ക്ലബ്ബുകളെ വ്യത്യസ്‌തമാക്കുന്നത്‌ ഇതാണെന്ന്‌ ബഷീര്‍ അഭിപ്രായപ്പെടുന്നു.

ജിംനേഷ്യത്തില്‍ പോകുന്ന സ്‌ത്രീകളെ കേരളത്തില്‍ സങ്കല്‍പ്പിക്കാനാകുമോ ? എന്നാല്‍ പേര്‌ 'ഹെല്‍ത്ത്‌ക്ലബ്ബ്‌' എന്നായതോടെ സ്‌ത്രീകളുടെ മടി മാറിത്തുടങ്ങിയിരിക്കുന്നു. മലയാളി വനിതകളുടെ ഈ മനംമാറ്റം നേരിട്ടറിഞ്ഞ വ്യക്തിയാണ്‌, തിരുവനന്തപുരം വെള്ളയമ്പലത്തിനടുത്ത്‌ 'ബോഡി ആര്‍ട്ട്‌' എന്ന പേരില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഹെല്‍ത്ത്‌ക്ലബ്ബ്‌ നടത്തുന്ന ബിന്ദുനായര്‍. ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തിയ ബിന്ദുനായര്‍, നാലുവര്‍ഷം മുമ്പ്‌ ആ സ്ഥാപനം തുടങ്ങുമ്പോള്‍ സ്‌ത്രീകളാരും അങ്ങോട്ട്‌ വരാന്‍ കൂട്ടാക്കിയില്ല. `ആറുമാസം അതായിരുന്നു സ്ഥിതി. പരസ്യം വഴി ഞങ്ങള്‍ക്ക്‌ ആളെ ആകര്‍ഷിക്കേണ്ടി വന്നു'-ബിന്ദുനായര്‍ പറയുന്നു. ഇപ്പോള്‍ 250 സ്‌ത്രീകള്‍ 'ബോഡി ആര്‍ട്ടി'ലെത്തുന്നു. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വരുന്ന വീട്ടമ്മമാരാണ്‌ അതില്‍ ഭൂരിപക്ഷവും. ശരാശരി 50 സ്‌ത്രീകളെങ്കിലുമെത്താത്ത ഹെല്‍ത്ത്‌ക്ലബ്ബുകള്‍ കൊച്ചിയിലും തൃശ്ശൂരും കോഴിക്കോട്ടുമൊക്കെ കുറവാണ്‌. മിക്ക ഹെല്‍ത്ത്‌ക്ലബ്ബുകളിലും സ്‌ത്രീകള്‍ക്ക്‌ പരിശീലനത്തിന്‌ പ്രത്യേക സമയവും വനിതാ പരിശീലകരുമുണ്ട്‌.

''കാശുള്ളവര്‍ മിനിഹെല്‍ത്ത്‌ക്ലബ്ബുകള്‍ വീടുകളില്‍ തന്നെ സ്ഥാപിക്കുന്നതാണ്‌ ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണത''യെന്ന്‌ വി. എം. ബഷീര്‍ പറയുന്നു. ഹെല്‍ത്ത്‌ക്ലബ്ബുകളെ പുച്ഛത്തോടെ കണ്ടിരുന്ന പലരും ഇപ്പോള്‍ ട്രെഡ്‌മില്ലും മറ്റും സ്വന്തമായി വാങ്ങിവെച്ച്‌ പരിശീലിക്കുന്നു. അതേസയമം, പൊങ്ങച്ചത്തിന്റെ ഭാഗമായി ഹെല്‍ത്ത്‌ക്ലബ്ബില്‍ പോകുന്നവരും കുറവല്ല.

കുറഞ്ഞത്‌ എട്ടുലക്ഷം രൂപ മുടക്കിയാല്‍ ഇപ്പോഴൊരു ഹെല്‍ത്ത്‌ക്ലബ്ബ്‌ തുടങ്ങാനാകും. പ്രതിമാസം 400 രൂപാവരെ ഫീസ്‌ ഈടാക്കുന്ന ഹെല്‍ത്ത്‌ക്ലബ്ബുകളുണ്ട്‌. 200 പേര്‍ സ്ഥിരമായെത്തുന്ന ഇത്തരമൊരു ക്ലബ്ബില്‍ പ്രതിമാസം 80,000 രൂപ വരുമാനമുണ്ടാകും. ഈ രംഗത്ത്‌ പ്രതിബദ്ധതയുള്ളവരാണ്‌ മുമ്പോക്കെ ജിംനേഷ്യങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തിരുന്നതെങ്കില്‍, ഇന്ന്‌ കച്ചവടക്കണ്ണോടെ പലരും ഹെല്‍ത്ത്‌ക്ലബ്ബുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നതിന്‌ പിന്നില്‍ ഈ ലാഭക്കണക്കാണുള്ളത്‌. ഏതായാലും, മേലനങ്ങാതെ നമ്മള്‍ സമ്പാദിക്കുന്ന ദുര്‍മേദസ്സ്‌ മറ്റ്‌ പലര്‍ക്കുമിപ്പോള്‍ ഒരു നല്ല കച്ചവടസാധ്യതയായി മാറിയിരിക്കുന്നു.

-മാതൃഭൂമി, ജൂലായ്‌ 2, 2003

അടുത്ത ലക്കം: പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍

3 comments:

Joseph Antony said...

പെട്ടന്നാണ്‌ കേരളം ഹെല്‍ത്ത്‌ക്ലബ്ബ്‌ യുഗത്തിലേക്ക്‌ കടന്നത്‌. ജിംനേഷ്യം എന്ന പഴയ വീഞ്ഞിനെ ഹൈടെക്‌ ഉപകരണങ്ങളുടെ കുപ്പിയില്‍ അടച്ച ശേഷം അതില്‍ ഹെല്‍ത്ത്‌ക്ലബ്ബ്‌ എന്ന ലേബലൊട്ടിക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളിയുടെ മാറുന്ന ആരോഗ്യ അവബോധത്തെ ചൂഷണം ചെയ്യാനുള്ള നല്ലൊരു ബിസിനസ്‌ സാധ്യതയായി ഹെല്‍ത്ത്‌ക്ലബ്ബ്‌ രംഗം മാറിക്കഴിഞ്ഞു.

അങ്കിള്‍ said...

വട്ടീയൂര്‍ക്കാവിലെ കൊടുങ്ങാനൂര്‍ ഒരു പഞ്ചായത്ത് ഏരിയയാണ്. അവിടെ ഇങ്ങനെ ഒരു ഹെല്‍ത്ത് ക്ലബ്ബ് വരുമെന്ന് ഞാന്‍ ഒരിക്കലും വിജാരിച്ചില്ല. കഴിഞ്ഞ ഒന്നാം തീയതി ഒരു ഒന്നാംതരം ഹെല്‍ത്ത് ക്ലബ്ബ് ഉല്‍ഘാടനം ചെയ്തിരിക്കുന്നു.

ഇങ്ങനെ ഒരു ബിസിനസ്സ് ഇവിടെ ഓടുമെന്ന്‍ കരുതിയതേയില്ല. ഇപ്പോള്‍ ഈ ദിക്കിലുള്ള ആണും പെണ്ണും എല്ലാം അവിടെതന്നെ.
സത്യത്തില്‍ റിട്ടയര്‍ ചെയ്ത ചുമ്മാ ഇരിക്കുന്ന എനിക്ക് ഈ ഐഡിയാ പോയില്ലല്ലോയെന്നു ഓര്‍ത്ത് ഇപ്പോള്‍ ദുഃഖിക്കുന്നു.

Joseph Antony said...

അങ്കിള്‍,
ഹ,ഹ,ഹ,ഹ...
'പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ' എന്നത്‌ വട്ടിയൂര്‍ക്കാവ്‌ ഭാഗത്തു തന്നെയുള്ള ഒരു ചൊല്ലല്ലേ.
-ജോസഫ്‌ ആന്റണി