വൈദ്യുതി ജനറേറ്റര്‍ കണ്ടുപിടിച്ച ശേഷം അതിന്റെ പ്രവര്‍ത്തനം ഒരിക്കല്‍, അന്നത്തെ ബ്രിട്ടീഷ് നികുതിവകുപ്പ് ചാന്‍സലറായിരുന്ന വില്യം ഗ്ലാഡ്സ്റ്റണ് മുമ്പില്‍ മൈക്കല്‍ ഫാരഡെ വിശദീകരിക്കുകയുണ്ടായി. ജനറേറ്ററിന്റെ പ്രവര്‍ത്തനം കണ്ടു കഴിഞ്ഞപ്പോള്‍ ഗ്ലാഡ്‌സ്റ്റണ്‍ ലളിതമായ ഒരു സംശയം ഉന്നയിച്ചു: 'ഈ വൈദ്യുതി കൊണ്ട് എന്തുപയോഗമാണുണ്ടാവുക?' മറുപടി നല്‍കാന്‍ ഫരഡെ അമാന്തിച്ചില്ല. 'ഒരു നവജാതശിശുവിനെക്കൊണ്ട് എന്തു പ്രയോജനമാണ് ലഭിക്കുക മി. ചാന്‍സലര്‍? ഒരു ദിവസം അവന്റെ പക്കല്‍നിന്ന് നിങ്ങള്‍ക്ക് ടാക്‌സ് ലഭിച്ചേക്കും'-വൈദ്യുതിയില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കുക.
ഏതു പുതിയ മുന്നേറ്റമുണ്ടാകുമ്പോഴും ഗ്ലാഡ്‌സ്റ്റന്റെ പിന്‍ഗാമികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. 'ജിനോംമാപ്പി'ന്റെ കണ്ടെത്തല്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും, ഇതുകൊണ്ട് ഒരുപയോഗവുമുണ്ടാകില്ല എന്ന് സംശയലേശമന്യേ പ്രഖ്യാപിക്കാന്‍ ചിലര്‍ തയ്യാറായി. എന്നാല്‍, മറ്റു ചിലരാകട്ടെ അമിതപ്രതീക്ഷയോടെയാണ് ഈ കണ്ടെത്തലിനെ സമീപിച്ചത്. മരണം വഴിമാറുമെന്നുവരെ പ്രസ്താവിക്കാനുള്ള അസാധാരണ ചങ്കൂറ്റം അത്തരക്കാര്‍ കാട്ടി!
കാര്യങ്ങള്‍ ഈ രണ്ട് വിരുദ്ധവാദഗതികള്‍ക്കും മധ്യേയാണ്. ജിനോം കണ്ടെത്തല്‍ ഭാവിസാധ്യതകളെ എങ്ങനെയൊക്കെ പരിപോഷിക്കും എന്നതിന്, ഇതിനകം പുറത്തുവന്നിട്ടുള്ള ജിനോം വിവരങ്ങളും അവയുപയോഗിച്ചു നടക്കുന്ന ഗവേഷണങ്ങളും സൂചന നല്‍കുന്നുണ്ട്. കോടിക്കണക്കിന് രാസകോഡുകള്‍ അടങ്ങിയ ഡി.എന്‍.എ.തന്മാത്രയാണ് വായിച്ചെടുക്കാവുന്ന രൂപത്തില്‍ ഇപ്പോള്‍ ഗവേഷകര്‍ക്കു മുമ്പിലുള്ളത്. ഇതിലടങ്ങിയിട്ടുള്ള 'വിവരങ്ങള്‍' വേണ്ടവിധം താരതമ്യപ്പെടുത്തിയും വിശകലനം ചെയ്തും, 'ജീവന്റെ പുസ്തക'ത്തെ 'അറിവിന്റെ പുസ്തകം' കൂടിയാക്കുമ്പോഴേ, ജിനോം രഹസ്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനാകൂ. ശ്രമകരമായ പര്യവേക്ഷണങ്ങള്‍ അര്‍ഹിക്കുന്ന, അതിസങ്കീര്‍ണമായ ജനിതകഭൂമിക തുറന്നു കിട്ടിയിരിക്കുകയാണ്. കുറെയേറെ ജീനുകളെയും ജനിതക തകരാറുകളെയും തിരിച്ചറിയാന്‍ ഇതിനകം കഴിഞ്ഞു എന്നത് വാസ്തവം തന്നെ. പക്ഷെ, അത് തുടക്കമേ ആയിട്ടുള്ളു.
നാഴികക്കല്ല്
എഴുപതുകളില്‍ ശക്തി പ്രാപിച്ച ജൈവസാങ്കേതികവിദ്യയുടെ നാള്‍വഴിയില്‍ ഒരു നാഴികക്കല്ലായാണ് ജിനോം കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നത്. ചികിത്സാരംഗത്ത് ചില സുപ്രധാന മാറ്റങ്ങള്‍ക്ക് ജൈവസാങ്കേതിക വിദ്യ നിമിത്തമായിട്ടുണ്ട്. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ ചികിത്സാരീതികളും ആരോഗ്യ പരിരക്ഷയും ഒരു പൊളിച്ചെഴുത്തുതന്നെ നടക്കാന്‍ ജിനോം വിവരങ്ങള്‍ കാരണമാകും. ഇതുവരെ 450 ഔഷധലക്ഷ്യങ്ങള്‍ മാത്രമേ, വൈദ്യശാസ്ത്രത്തിന് ജൈവസാങ്കേതികവിദ്യ സമ്മാനിച്ചിട്ടുള്ളു. എന്നാല്‍, 'ജിനോം മാപ്പി'ന്റെ കണ്ടെത്തല്‍ കൊണ്ടുമാത്രം 5000-ഓളം ഔഷധലക്ഷ്യങ്ങള്‍ വൈദ്യശാസ്ത്രത്തിനു ലഭിക്കുമെന്നു പറയുമ്പോള്‍, പുതിയ കണ്ടെത്തല്‍ മുന്നോട്ടു വെക്കുന്ന സാധ്യതകളുടെ വ്യാപ്തി ഊഹിക്കാനാവും.
ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപപ്പെടുത്തിയ ചികിത്സാവിധികള്‍ക്ക്, ആഗോള ഔഷധവിപണിയില്‍ ഇപ്പോഴുള്ള പങ്ക് ഏഴു ശതമാനമാണ്.(1980-കളുടെ അവസാനം ഇത് 0.5 ശതമാനം മാത്രമായിരുന്നു). എന്നാല്‍ അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ഥിതി പാടെ മാറും. കൂടുതല്‍ ജീനുകള്‍ തിരിച്ചറിയപ്പെടും. രോഗിയുടെ മാത്രമല്ല, രോഗകാരിയായ സൂക്ഷ്മാണുവിന്റെ ജിനോമനുസരിച്ചും ഔഷധങ്ങള്‍ രൂപപ്പെടും. 2009-ഓടെ ഡി.എന്‍.എ.അടിസ്ഥാനമായുള്ള ഉത്പന്നങ്ങളുടെ ആഗോള വിപണനം 4900 കോടി ഡോളര്‍ (ഏതാണ്ട് 2.15 ലക്ഷം കോടി രൂപ) കവിയുമെന്നാണ് കണക്കുകൂട്ടല്‍.
മാത്രമല്ല, ജനിതകവിവരങ്ങളുടെ അസാധാരണമമായ ബാഹുല്യം നിമിത്തം, അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വേണ്ടി, വിവരസാങ്കേതികവിദ്യയില്‍ 'ബയോ ഇന്‍ഫര്‍മാറ്റിക്‌സ്' എന്നൊരു പ്രത്യേക ശാഖ തന്നെ കരുത്താര്‍ജിക്കും. ഒരോ പ്രത്യേക രോഗത്തെയും (കുറഞ്ഞപക്ഷം പാരമ്പര്യ രോഗങ്ങളെയെങ്കിലും) തന്മാത്രാതലത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിലവില്‍ വരും. ഇത്തരം പ്രോഗ്രാമുകള്‍ നിര്‍മിക്കുന്ന സോഫ്ട്‌വേര്‍ കമ്പനികളും രംഗത്തെത്തും. ഡോക്ടറെ കാണാന്‍ പോകുന്ന ഒരാള്‍, തന്റെ ജനിതക വിവരങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ഡി.എന്‍.എ.ചിപ്പുകള്‍ (ജീന്‍ചിപ്പുകള്‍) കൈയില്‍ കരുതേണ്ടി വരും; ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുനടക്കും പോലെ. 'ഡോക്ടര്‍' എന്നതു തന്നെ ഒരുസംഘം കമ്പ്യൂട്ടര്‍ വിദഗ്ധരുടെ പാനലായി മാറാനുള്ള സാധ്യതയുമുണ്ട്.
ശാസ്ത്രം അതിന്റെ പടവാള്‍കൊണ്ട് അരിഞ്ഞു വീഴ്ത്തിയ നിരവധി രോഗങ്ങല്‍ ചരിത്രത്തിലുണ്ട്. പ്ലേഗ്, കോളറ, വസൂരി ഇവയൊക്കെ അതില്‍പ്പെടുന്നു. വരുംവര്‍ഷങ്ങളില്‍ ഈ പട്ടികയില്‍ മറ്റനേകം രോഗങ്ങളും സ്ഥാനംപിടിക്കും. പാരമ്പര്യമായുണ്ടാകുന്ന സ്മൃതിനാശരോഗം (അല്‍ഷൈമേഴ്‌സ് രോഗം), പാര്‍ക്കിന്‍സണ്‍സ് രോഗം, ഹൃദ്രോഗം, കഷണ്ടി, പൊണ്ണത്തടി, ആസ്ത്മ, സോറിയാസിസ്, പ്രമേഹം, ബധിരത, ചുഴലിദീനം, ചെന്നിക്കുത്ത് ഇവയൊക്കെ ഇങ്ങനെ കീഴ്‌പ്പെടുത്തപ്പെടുന്ന രോഗങ്ങളില്‍ പെടും.
ജീനിലെ അക്ഷരത്തെറ്റുകള്‍
ജീനുകള്‍ക്കധാരമായ ഡി.എന്‍.എ. ശ്രേണീഭഗത്തെ ഏതെങ്കിലും ഒരക്ഷരത്തെറ്റു മതി, മാരകമായ ഒരു രോഗത്തിന് വിത്തു പാകാന്‍. പാരമ്പര്യരോഗങ്ങളുടെ കാര്യത്തില്‍, തലമുറയില്‍ നിന്ന് തലമുറയിലേക്ക് ഇത്തരം അക്ഷരത്തെറ്റുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ ആദിമനിവാസികളുടെ വംശക്കാരില്‍ കാണപ്പെടുന്ന 'സിക്കിള്‍സെല്‍ അനീമിയ'യുടെ കാര്യം തന്നെ പരിഗണിക്കുക. (കേരളത്തിലെ ചില ആദിവാസി വിഭാഗങ്ങള്‍ക്കും ഈ രോഗം ബാധിക്കാറുണ്ട്). ചുവപ്പു രക്തകോശങ്ങളില്‍ ഹീമോഗ്ലോബിന്‍ പ്രോട്ടീന്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ജീനിലെ ഒരു രാസഉപയൂണിറ്റിന് സ്ഥാനഭ്രംശം സംഭവിച്ചതാണ് ഈ രോഗത്തിന് കാരണം. ക്രോമസോം 11-ലാണ് ഈ ജീനിന്റെ സ്ഥാനം. (യഥാര്‍ത്ഥത്തില്‍, കിഴക്കന്‍ ആഫ്രിക്കയിലെ പ്രാചീന ജനവിഭാഗങ്ങളെ മലമ്പനിയില്‍ നിന്ന് രക്ഷിക്കാന്‍ പ്രകൃതി മനപ്പൂര്‍വം വരുത്തിയ അക്ഷരത്തെറ്റാണിത്!).
അമേരിക്കയില്‍ കാക്കാസിയന്‍ വംശക്കാര്‍ക്കിടയില്‍ കുട്ടികളെ ബാധിക്കുന്ന 'സിസ്റ്റിക്ക് ഫൈബ്രോസിസ്' എന്ന മരകരോഗത്തിനും ഇത്തരം ഒറ്റയാന്‍ തകരാറാണ് കാരണം. ക്രോമസോം ഏഴിലെ ഒരു ജീനിലാണ് തകരാറ്. മൂവായിരത്തിലേറെ പാരമ്പര്യ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ജനിതകതലത്തിലെ ഇത്തരം ഒറ്റയാന്‍ അക്ഷരപ്പിശകുകള്‍ കാരണമാകുന്നു എന്നാണ് കണക്ക്.
തകരാര്‍ വന്ന ജീന്‍ മാറ്റിവെച്ച്, 'ജീന്‍ തെറാപ്പി' വഴി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടക്കുന്ന ഗവേഷണശ്രമങ്ങള്‍ ചില പ്രാഥമിക വിജയങ്ങളേ നല്‍കിയിട്ടുള്ളു. 1980-ലാണ് ജീന്‍ തെറാപ്പി ആദ്യമായി രംഗത്തെത്തിയത്. 'സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോഡിഫിഷ്യന്‍സി' (എസ്.സി.ഐ.ഡി) എന്ന മാരകമായ ജനിതകത്തകരാര്‍ ബാധിച്ച കുട്ടികളെ ചികിത്സിച്ചു ഭേദമാക്കുന്നതില്‍, ഫ്രഞ്ച് ഗവേഷകര്‍ അടുത്തയിടെ നേടിയ മുന്നേറ്റം, ഈ രംഗത്തെ ഒരു വിജയഗാഥയായി പരിഗണിക്കപ്പെടുന്നു. എന്നാല്‍, അമേരിക്കയില്‍ 'ജീന്‍ തെറാപ്പി'ക്കു വിധേയനായ രോഗി മരിക്കാനിടയായ സംഭവം വന്‍ തിരിച്ചടിയാവുകയും ചെയ്തു. അതിസങ്കീര്‍ണമായ ജീനുകള്‍ മാറ്റി സ്ഥാപിക്കാനാവശ്യമായ സാങ്കേതികജ്ഞാനം, ഗവേഷകര്‍ക്ക് ഇനിയും കൈവന്നിട്ടില്ല എന്നതാണ് പ്രശ്‌നം. നിരുപദ്രവകാരികളായ ചില വൈറസുകളെ 'ജീന്‍വാഹി'കളായുപയോഗിച്ചാണ് ഇപ്പോള്‍ ജീന്‍ തെറാപ്പി നടത്തുന്നത്.
ഒറ്റയാന്‍ ജീന്‍ തകരാറുകള്‍ കൊണ്ടുള്ള രോഗങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍, ഒന്നിലധികം ജീനുകള്‍ ഉള്‍പ്പെട്ടതും പാരിസ്ഥിതികഘടകങ്ങളുടെ പ്രേരണയാല്‍ ആളിക്കത്തുന്നതുമായ, ആരോഗ്യപ്രശ്‌നങ്ങളുടെ പരിഹാരം എത്ര ബുദ്ധിമുട്ടുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ക്രോമസോം 19, എക്‌സ്-ക്രോമസോം എന്നിവയിലെ തകരാറാണ് ചെന്നിക്കുത്തിന് കാരണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകിയുണ്ടാകുന്ന ഒരിനം പ്രമേഹത്തിന്റെ കാര്യത്തില്‍ ക്രോമസോം രണ്ടും പന്ത്രണ്ടുമാണ് പ്രതികള്‍.
പ്രോട്ടീനുകളുടെ വിശകലനം
ജീന്‍ തകരാറുകളുടെ ഫലമായുണ്ടാകുന്ന രോഗങ്ങളെപ്പറ്റി ഇതുവരെ ചില പ്രാഥമിക ധാരണകളേ ലഭിച്ചിട്ടുള്ളു. കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ആര്‍.എന്‍.എ.സന്ദേശവാഹികളെ വിശകലനം ചെയ്ത്, ജീന്‍ തകരാറുകള്‍ മനസിലാക്കാനാണ് ഗവേഷകര്‍ ശ്രമിച്ചിരുന്നത്. ('സെലേറ'യുടെ മേധാവി ക്രെയ്ഗ് വെന്ററാണ് ഈ മാര്‍ഗത്തിന്റെ ഉപജ്ഞേതാവ്). എന്നാല്‍, ഡി.എന്‍.എ.യും ആര്‍.എന്‍.എയും വിട്ട്, അവയുത്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ ഘടന തന്നെ നേരിട്ട് വിശകലനം ചെയ്ത് ജീന്‍ തകരാറുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. പക്ഷേ അതിനു വേണ്ട സാങ്കേതികവിദ്യ രൂപപ്പെട്ടിട്ടില്ല. ഇത്തരമൊന്നിന്റെ വികസനത്തിനായി നൂറു കോടി ഡോളറാണ് (4400 കോടിരൂപ) 'സെലേറ' കമ്പനി മുതല്‍ മുടക്കിയിട്ടുള്ളത്. 'സെലേറ'യുടെ സഹോദര സ്ഥാപനമായ 'പി.ഇ.ബയോ സിസ്റ്റംസി'ലെ ഗവേഷകര്‍ ഒരു പ്രോട്ടീന്‍ വിശകലന ഉപകരണത്തിന്റെ പണിപ്പുരയിലാണ്.
പ്രായോഗികതലത്തില്‍ ജിനോം വിവരങ്ങള്‍ മൂലം ഉടന്‍ പൊളിച്ചെഴുത്തു നടക്കാന്‍ പോകുന്ന രണ്ടു വൈദ്യശാസ്ത്ര മേഖലകള്‍ ഇവയാണ്-രോഗനിര്‍ണയരംഗവും പുതിയ ഔഷധങ്ങളുടെ നിര്‍മാണവും. ജിനോം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടന്നു വരുന്ന ഗവേഷണങ്ങള്‍, ഈ രണ്ടു മേഖലയിലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്.
രോഗനിര്‍ണയം
ജിനോം വിവരങ്ങള്‍കൊണ്ട് മനുഷ്യന് ആദ്യം പ്രയോജനം ലഭിക്കുക രോഗനിര്‍ണയരംഗത്താവും. പല രോഗങ്ങളും ശരീരത്തെ ബാധിക്കുന്നതിന് മുമ്പ്, ജനിതകതലത്തില്‍ (തന്മാത്രാതലത്തില്‍) തന്നെ അതിന്റെ സൂചനകള്‍ കണ്ടെത്താനാകും. ഈ സാധ്യത വിപണനം ചെയ്യാന്‍ ഇതിനകം ചില കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ഉട്ടായിലെ സാള്‍ട്ട്‌ലേക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 'മിരിയാഡ് ജനറ്റിക്‌സ്' എന്ന കമ്പനി മൂന്നു രോഗനിര്‍ണയ ടെസ്റ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. BRCA1, BRCA2, AGT എന്നീ ജീനുകളുടെ തകരാറുകള്‍ കണ്ടെത്താനുള്ള ടെസ്റ്റുകളാണിവ. ഇതില്‍ ആദ്യത്തെ രണ്ടു ജീനുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ സ്തനാര്‍ബുദത്തിന്റെ പ്രാഥമിക സൂചനകളാണ്, AGT-യിലെ തകരാര്‍ ഹൃദ്രോഗത്തിന്റെയും.
ഇനിയും ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടില്ലാത്ത ആരോഗ്യപ്രശ്‌നങ്ങളാണ് സ്തനാര്‍ബുദവും ഹൃദ്രോഗവും. ജീനുകളിലെ ചെറിയൊരു അക്ഷരപിശക് രോഗമായി പരിണമിച്ചുകൊള്ളണമെന്നില്ല. പാരിസ്ഥിതികവും അല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ (പുകവലി, പരിസരമലിനീകരണം, ശരിയല്ലാത്ത ഭക്ഷണക്രമം, വ്യായാമമില്ലായ്മ) പ്രതികൂലമാകുമ്പോഴാണ്, ജീന്‍ തകരാറുകള്‍ പലപ്പോഴും രോഗമായി പരിണമിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച പ്രാഥമിക സൂചനകള്‍ കണ്ടെത്താനാകും എന്നുവന്നാല്‍, രോഗികളെ മാത്രമല്ല, രോഗം വരാന്‍ സാധ്യതയുള്ളവരെയും ചികിത്സിക്കുന്ന രീതി നിലവില്‍ വരും.
apoE എന്ന ജിനിലെ തകരാര്‍ കണ്ടെത്താനുള്ളതാണ് ലഭ്യമായിട്ടുള്ള മറ്റൊരു ടെസ്റ്റ്. ഈ ജീനിന്റെ നിര്‍ദ്ദേശ പ്രകാരമുണ്ടാകുന്ന പ്രോട്ടീനാണ്, കൊളസ്‌ട്രോളിനെ രക്തത്തില്‍ കലരാന്‍ സഹായിക്കുന്നത്. എന്നാല്‍, ഈ ജീനിനുണ്ടാകുന്ന തകരാര്‍ സ്മൃതിനാശ രോഗത്തിന്റെ പ്രാഥമിക സൂചനയാണ്. (ഇതിന്റെ കാരണം ഇനിയും അറിവായിട്ടില്ല). സ്മൃതിനാശരോഗം ചെറുക്കാനൊരു മരുന്ന കണ്ടെത്താനായി, പൊരിഞ്ഞ മത്സരമാണ് ഇപ്പോള്‍ ഗവേഷകലോകത്ത് നടക്കുന്നത്. ജനിതകതലത്തില്‍ തന്നെ രോഗസൂചന ലഭ്യമാകുന്ന സ്ഥിതിയുണ്ടായാല്‍, ഈ ഗവേഷണങ്ങളുടെ ഗതിതന്നെ വ്യത്യസ്തമാകും.
ജീന്‍ ചിപ്പുകള്‍
രോഗം തെറ്റുകൂടാതെ തിരിച്ചറിയാനും, അണുബാധയാണെങ്കില്‍, എതു രോഗാണുവാണ് ബാധിച്ചിട്ടുള്ളതെന്ന് കൃത്യമായി കണ്ടെത്താനും സഹായിക്കുന്ന 'ജീന്‍ ചിപ്പുകള്‍' (ഡി.എന്‍.എ.ചിപ്പുകള്‍) നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളും ഇപ്പോള്‍ സജീവമാണ്. കാലിഫോര്‍ണിയായിലെ 'അഫിമെട്രിക്‌സ്' പോലുള്ള കമ്പനികള്‍ ചിലയിനം ജീന്‍ ചിപ്പുകള്‍ ഇതിനകം വിപണിയിലെത്തിച്ചു കഴിഞ്ഞു. രക്താര്‍ബുദത്തിന്റെ രണ്ടു വകഭേദങ്ങളെ കൃത്യമായി പ്രവചിക്കാന്‍ സഹായിക്കുന്ന ജീന്‍ ചിപ്പ് വികസിപ്പിക്കുന്നതില്‍, വൈറ്റ്‌ഹെഡ് ഇന്‍സ്റ്റിട്ട്യൂട്ടിലെ രണ്ടു ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം വിജയിക്കുകയുണ്ടായി. ഇതിന്റെ ചുവടു പിടിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ വകഭേദങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജീന്‍ ചിപ്പുകളുടെ പണിപ്പുരയിലാണ് 'മില്ലെനിം ഫാര്‍മസ്യൂട്ടിക്കല്‍സ്' എന്ന കമ്പനി.
ഔഷധ സാധ്യതകള്‍
ജനിതകവും അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമായ പുതിയ ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന വിവരങ്ങളുടെ ഒരു അക്ഷയഖനിയാണ് ജിനോം സംഗ്രഹം. ഈ സാധ്യത മുന്‍കൂട്ടിക്കണ്ട് പല വന്‍കിട കമ്പനികളും തങ്ങളുടെ ഔഷധഗവേഷണ ശ്രമങ്ങള്‍ തന്നെ, ജനിതകശാസ്ത്രത്തിന്റെ രീതിക്കനുസരിച്ച് ചിട്ടപ്പെടുത്തിക്കഴിഞ്ഞു.
പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്താന്‍, 'മില്ലെനിം' കമ്പനി നടത്തുന്ന ശ്രമങ്ങള്‍ തന്നെയെടുക്കാം. പൊണ്ണത്തടി ഒരു രോഗമായി പലരും കരുതുന്നില്ലായിരിക്കാം. എന്നാല്‍ കഠിനമായ വ്യായാമമുറകളോ ഭക്ഷണക്രമീകരണമോ കൂടാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധം ലഭിക്കുമെന്നു വന്നാല്‍ അത് തീര്‍ച്ചയായും ഒരു പ്രലോഭനം തന്നെയായിരിക്കും. കൂടുതല്‍ തിന്നാന്‍ പ്രേരിപ്പിക്കുന്ന, അല്ലെങ്കില്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാന്‍ പ്രേരണ നല്‍കുന്ന പ്രോട്ടീനുകളെ വരുതിയിലാക്കാമെന്നും, തടി കുറയ്ക്കാന്‍ പാകത്തില്‍ അവയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് 'മില്ലെനിം' കമ്പനി.
ചികിത്സ വ്യക്തപരമാകും
ചിലര്‍ക്കു ഗുണം ചെയ്യുന്ന ഔഷധങ്ങള്‍ മറ്റു ചിലര്‍ക്ക് ഫലപ്രദമാകാതെ വരുന്നതെന്തുകൊണ്ടെന്നു കൃത്യമായി മനസിലാക്കാനും ജനിതകവിവരങ്ങള്‍ ഗവേഷകരെ സഹായിക്കും. ഒരേ രോഗം തന്നെ പല കാരണങ്ങളാല്‍ ഉണ്ടാകാം. ഏതെങ്കിലുമൊരു ജീന്‍ തകരാറുകൊണ്ട് ഒരാള്‍ക്കുണ്ടാകുന്ന രോഗം, വ്യത്യസ്തമായ കാരണം കൊണ്ടാകാം മറ്റൊരാളെ പിടികൂടുക. ഒരാള്‍ക്ക് ഫലം ചെയ്യുന്ന മരുന്ന് മറ്റൊരാളില്‍ ഫലിക്കാതെ വരുന്നതിന് ഇതാകാം കാരണം. യഥാര്‍ത്ഥ കാരണം തിരിച്ചറിയപ്പെടുമ്പോള്‍, ഒരേ രോഗത്തിനു തന്നെ പലര്‍ക്കും നിര്‍ദ്ദേശിക്കപ്പെടുക വ്യത്യസ്ത ഔഷധങ്ങളായിരിക്കും.
സ്മൃതിനാശരോഗത്തിന്റെ കാര്യം തന്നെ പരിഗണിക്കുക. 'പ്രസെനല്ലിന്‍' (Presenillin) എന്ന പ്രോട്ടീന് കാരണമായ ജീനില്‍ തകരാറുണ്ടായാല്‍ രോഗം വരാം. അതേസമയം, 'apoE' എന്ന ജീനിന്റെ കുഴപ്പം കൊണ്ടും രോഗം ഉണ്ടാകാം. രണ്ടു തരത്തിലായാലും, രോഗലക്ഷണങ്ങള്‍ ഏതാണ്ട് തുല്യമായിരിക്കും. രോഗലക്ഷണങ്ങള്‍ ഒന്നാണെന്നു കണ്ടതിനാല്‍ ഒരേ ഔഷധം തന്നെ നല്‍കിയാല്‍ ഗുണം ചെയ്‌തെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് 'ജീന്‍ ചിപ്പുകള്‍' സഹായത്തിനെത്തുക. ചികിത്സ തികച്ചും വ്യക്തിപരമായി മാറുന്ന കാലമാണ് വരുന്നതെന്നു സാരം.
ഒരു ഔഷധം ശരീരത്തിലെ യഥാര്‍ഥ ലക്ഷ്യത്തെ കൂടാതെ, മറ്റു തന്മാത്രകളുമായി ഇടപെടുന്നതാണ് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നത്. ജനിതക വിവരങ്ങളുടെ സഹായത്തോടെ ഫലപ്രദമായ 'സ്‌ക്രീനിങ്' നിലവില്‍ വരുന്നതോടെ, പാര്‍ശ്വഫലങ്ങള്‍ പാടെ ഒഴിവാക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍
'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' എന്നൊരു ഔഷധശാഖ തന്നെ കരുത്താര്‍ജിക്കാന്‍ ജിനോം രഹസ്യങ്ങളുടെ വെളിപ്പെടല്‍ വഴിതെളിക്കും. യഥാര്‍ഥത്തില്‍ 'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' പുതിയ ഔഷധങ്ങളല്ല. പ്രമേഹ ചികിത്സയ്ക്കുപയോഗിക്കുന്ന 'ഇന്‍സുലിന്‍', ചിലയിനം അനീമിയക്കെതിരെ ഉപയോഗിക്കപ്പെടുന്ന 'എറിത്രോപൊയെറ്റിന്‍' ഇവയൊക്കെ ഈ ഗണത്തില്‍ പെടുന്ന ഔഷധങ്ങളാണ്. പക്ഷേ, ഇത്തരം അരഡസന്‍ ഔഷധങ്ങളേ ഇപ്പോള്‍ നിലവിലുള്ളു.
വരുംവര്‍ഷങ്ങളില്‍ നിരവധി 'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' പുതിയതായി രംഗത്തെത്താന്‍ ജിനോം മാപ്പ് കാരണമാകും. അമേരിക്കയില്‍ റോക്ക്‌വില്ലയിലെ 'ഹ്യുമന്‍ ജിനോം സയന്‍സ്' (HGS) എന്ന കമ്പനിയിലെ ഗവേഷകര്‍ ഒരുകൂട്ടം പുതിയ തെറാപ്യൂട്ടിക് പ്രോട്ടീനുകളുടെ പണിപ്പുരയിലാണ്. നിര്‍മാണഘട്ടത്തിലുള്ള ഒരെണ്ണം KGF2 എന്ന പ്രോട്ടീന്‍ ആധാരമാക്കിയുള്ളതാണ്. ത്വക്കിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീനാണിത്. പ്രമേഹം പോലുള്ള രോഗം ബാധിച്ചവര്‍ക്കുണ്ടാകുന്ന മാരകമായ അള്‍സറുകള്‍ ഭേദമാക്കാന്‍ ഈ പ്രോട്ടീനുകള്‍ സഹായിക്കുമോ എന്നതാണ് പഠനവിഷയം.
രക്തകോശങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുന്ന MPIF ആണ് എച്ച്.ജി.എസിന്റെ പരീക്ഷണശാലയിലുള്ള മറ്റൊരു പ്രോട്ടീന്‍. അര്‍ബുധബാധ മൂലം കോശങ്ങള്‍ അമിതമായി പെരുകുന്നത് ഈ പ്രോട്ടീന്‍ ഉപയോഗിച്ചു നിയന്ത്രിക്കാനാണ് ഗവേഷകരുടെ ശ്രമം. രക്തധമനികളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന VEGF എന്ന പ്രോട്ടീന്റെ സഹായത്തോടെ, കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സമുണ്ടായ ധമനികളില്‍, ബൈപാസ് ആയി പുതിയ ധമനികള്‍ വളര്‍ത്തിയെടുക്കാനാകുമോ എന്നതാണ് പഠനവിധേയമായിക്കൊണ്ടിരിക്കുന്ന മറ്റൊരു കാര്യം.
ഈ ശ്രമങ്ങള്‍ വിജയിച്ചാല്‍, തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍ ഔഷധരംഗം കൈയടക്കുമെന്ന് എച്ച്.ജി.എസ്. മേധാവി ജില്‍ ഹേസല്‍ടിന്‍ പറയുന്നു. ഇത്തരം ഔഷധങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകില്ല. ഒന്നിലധികം മരുന്നുകള്‍ ഒരേസമയം കഴിക്കേണ്ടി വരുമ്പോള്‍, അവ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടന്ന് പാര്‍ശ്വഫലങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ പരമ്പരാഗത ഔഷധങ്ങളെ അപേക്ഷിച്ച് ഇങ്ങനെ പ്രതിപ്രവര്‍ത്തിക്കാനുള്ള സാധ്യത, തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍ ഉപയോഗിക്കുമ്പോള്‍ വിരളമാണെന്ന് ബില്‍ ഹേസല്‍ടിന്‍ പറയുന്നു.
ചുരുക്കത്തില്‍, ജിനോം വിവരങ്ങള്‍ കൂടുതലായി ചുരുള്‍ നിവരുന്നതോടെ സാധ്യതകളുടെ അപാരതയിലേക്കാണ് ചികിത്സാരംഗം കൂപ്പുകുത്താന്‍ പോകുന്നതെന്നു പറയാം. കാര്യങ്ങളൊരിക്കലും ഇനി പഴയപടിയാകില്ല എന്നു സാരം.
- മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍ 2000