Wednesday, March 17, 2010

മാനവജിനോം -4 : ജീവന്റെ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍

ജീവന്റെ തന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാനുള്ള ശ്രമങ്ങളുടെ ആദ്യഫലമാണ് 2001 ഫിബ്രവരി 12-ന് പുറത്തുവന്ന ജിനോം രൂപരേഖ. പോരായ്മകള്‍ മാറ്റി ജിനോം രൂപരേഖയുടെ സംശുദ്ധരൂപം 2003 ഓടെ പുറത്തിറക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷിനും ഒരു സാധാരണ വിരയ്ക്കും തമ്മില്‍ അടിസ്ഥാനപരമായി എന്തു വ്യത്യാസമാണുള്ളത്? ഇങ്ങനെയൊരു ചോദ്യം തന്നെ എത്ര ബാലിശമാണെന്നു തോന്നിയേക്കാം. ജോര്‍ജ് ബുഷിനും വിരയ്ക്കും തമ്മില്‍ എന്തു സാമ്യമാണുള്ളതെന്നു വേണ്ടിയിരുന്നില്ലേ ചോദിക്കാന്‍ എന്നും തോന്നിയേക്കാം. ശരി തന്നെ; ഭൂമുഖത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെ വെറുമൊരു വിരയുമായി താരതമ്യം ചെയ്യാനുള്ള ഏതൊരു ശ്രമവും ഒരു പരിധിവരെ ബാലിശമാണ്. ബാലിശതയുടെ ആ പരിധി ഒഴിവാക്കിയ ശേഷം, ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഒരു ജനിതകശാസ്ത്രജ്ഞന്‍ ശ്രമിച്ചാല്‍, ഒരുപക്ഷേ ആ ഉത്തരം ഇങ്ങനെയായിരിക്കും: ജോര്‍ജ് ബുഷിനും ഒരു വിരയ്ക്കും തമ്മിലുള്ള വ്യത്യാസം വെറും 11,000 ജീനുകള്‍ മാത്രം. ഒരു ജീവിയെന്ന നിലയില്‍ ജോര്‍ജ് ബുഷിന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നത് 30,000 -ല്‍ പരം ജീനുകളാണെങ്കില്‍, നിസ്സാരമെന്ന് നാം കരുതുന്ന വിരയുടെ ജീവിതം കോര്‍ത്തിണക്കിയിരിക്കുന്നത് 19,000 ജീനുകളാലാണ്!

'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് 1909-ല്‍ കടന്നുവന്നെങ്കിലും, ജീനുകളുടെ എണ്ണത്തെയും പ്രവര്‍ത്തനത്തെയും പറ്റി ശാസ്ത്രലോകം ഇത്ര ആകാംക്ഷാഭരിതമായ മറ്റൊരു സന്ദര്‍ഭം ഇപ്പോഴത്തേതുപോലെ ചരിത്രത്തിലുണ്ടാവില്ല. ജീവന്റെ രാസാക്ഷരങ്ങളാല്‍ പ്രകൃതി കോറിയിട്ടിട്ടുള്ള ജീനുകളെ ഇത്ര ആദരവോടെ ഇതിനുമുമ്പ് ഒരിക്കലും മനുഷ്യന്‍ സമീപിച്ചിട്ടുമില്ല. ജിനോം വിവരങ്ങളുടെ വെളിപ്പെടല്‍ അങ്ങനെയൊരു സന്ദര്‍ഭമാണ് ഒരുക്കിയിരിക്കുന്നത്.

'ജീവന്റെ തന്മാത്ര' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാന്‍ നടക്കുന്ന ശ്രമങ്ങളുടെ ആദ്യഫലമെന്നാണ്, 2001 ഫിബ്രവരി 12-ന് പുറത്തുവന്ന 'ജിനോം രൂപരേഖ' (ജിനോം മാപ്പ്) വിലയിരുത്തപ്പെടുന്നത്. പല വ്യവസ്ഥാപിത സങ്കല്പങ്ങളെയും 'ജിനോം മാപ്പ്' കടപുഴക്കിയെറിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ വിഭാവനം ചെയ്ത ആപേക്ഷികതാ സിദ്ധാന്തം ശരിയാണെന്നതിനുള്ള തെളിവ് ലഭിച്ച 1919-ലായിരിക്കണം, ശാസ്ത്രത്തിന്റെ മറ്റൊരു ശാഖയില്‍ ഇത്തരമൊരു പ്രകമ്പനം മുമ്പുണ്ടായിട്ടുണ്ടാവുക.

1953-ല്‍ ഡോ.ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ. മാതൃക കണ്ടെത്തിയതു മുതല്‍ ജനിതകശാസ്ത്രരംഗത്തു നടന്ന മുന്നേറ്റങ്ങള്‍, 'ജിനോം മാപ്പ്' പുറത്തുവന്നതോടെ പുതിയൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യിലെ മുന്നൂറു കോടിയിലേറെ സങ്കീര്‍ണ രാസബന്ധങ്ങള്‍ കണ്ടെത്തി, അവയെ ശരിയായ ക്രമത്തില്‍ വായിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ, 1990-ല്‍ ആരംഭിച്ച 'ഹ്യുമന്‍ ജിനോം പദ്ധതി'യെന്ന മഹാസംരംഭം, അതിന്റെ ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഈ രൂപരേഖ.

18 രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ആയിരത്തോളം ഗവേഷകര്‍ പങ്കാളികളായ 'ജിനോം പദ്ധതി' എന്ന പൊതുസംരംഭവും, അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യ കമ്പനിയും വെവ്വേറെ നിലയില്‍ ഡി.എന്‍.എ.യുടെ അപകോഡീകരണം പൂര്‍ത്തിയാക്കിയ വിവരം പ്രഖ്യാപിച്ചത് 2000 ജൂണ്‍ 26-നാണ്. 'ജീവന്റെ പുസ്തകം' വായനയ്ക്ക് തയ്യാറായിരിക്കുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍, ആ മഹാഗ്രന്ഥം ശാസ്ത്രലോകം വായിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ കാതല്‍.

അരനൂറ്റാണ്ടു മുമ്പ് വാട്‌സണും ക്രിക്കും ഡി.എന്‍.എ.മാതൃക കണ്ടെത്തിയപ്പോള്‍ അക്കാര്യം 'നേച്ചര്‍' വാരികയിലാണ് പ്രസിദ്ധപ്പെടുത്തിയത്. അതേ വാരികയില്‍ തന്നെയാണ്, 'ജിനോം പദ്ധതി'യിലെ ഗവേഷകര്‍ തയ്യാറാക്കിയ 'ജിനോംമാപ്പ്' ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എതിര്‍ഗ്രൂപ്പായ 'സെലേറ' അവരുടെ കണ്ടെത്തല്‍ 'സയന്‍സ്' മാസികയില്‍ പ്രസിദ്ധീകരിച്ചു.

അമ്പരപ്പിക്കുന്ന സത്യങ്ങള്‍

'ജീവന്റെ പുസ്തകം' വായിച്ചു തുടങ്ങിയ ശാസ്ത്രലോകം പുറത്തുവിട്ട പല വിവരങ്ങളും അമ്പരപ്പുളവാക്കുന്നവയാണ്. മനുഷ്യജീവിതത്തിനാധാരം 35,000 മുതല്‍ 1.5 ലക്ഷം വരെ ജീനുകളാകാം എന്ന ധാരണ ശരിയല്ലെന്ന് 'ജിനോംമാപ്പ്' വ്യക്തമാക്കുന്നു. വെറും 30,000-ല്‍ പരം ജീനുകളേ മനുഷ്യശരീരത്തിലുള്ളു. (ജിനോംപദ്ധതിയിലെ ഗവേഷകരുടെ കണക്ക് പ്രകാരം ജീനുകളുടെ സംഖ്യ 30,000-നും 40,000-നും മധ്യേയാണ്. എന്നാല്‍, സെലേറയുടെ കണക്കുപ്രകാരം ഇത് 26,000 മുതല്‍ 39,000 വരെയാണ്). നിസ്സാരമെന്ന് മനുഷ്യന്‍ കരുതുന്ന മറ്റു പല ജീവികളിലെയും ജീനുകളുടെ എണ്ണം, മനുഷ്യരുടേതില്‍ നിന്ന് അത്ര കുറവല്ല. നിമ വിരയ്ക്കും മനുഷ്യനും തമ്മില്‍ ജീനുകളുടെ എണ്ണത്തിലുള്ള വ്യത്യാസം 11,000 മാത്രമാണെങ്കില്‍, എലിയും മനുഷ്യനും തമ്മിലുള്ളത് 300 ജീനുകളുടെ അന്തരം മാത്രമാണ്. ഒരു പഴഈച്ചയുടെ സൃഷ്ടിക്കാവശ്യമായ ജീനുകളുടെ ഇരട്ടി മതി മനുഷ്യനെ സൃഷ്ടിക്കാന്‍! അസൂയ, അഹന്ത മുതലായ വികാരങ്ങള്‍ക്കടിപ്പെടുമ്പോള്‍, ഈ മഹാപ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ചിന്തിക്കാനാണ്, വിഖ്യാത ദാര്‍ശനികനായ ബര്‍ട്രാന്‍ഡ് റസ്സല്‍ ഒരിക്കല്‍ നല്‍കിയ ഉപദേശം. ഇനി അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജീനുകളുടെ മഹാഭൂമികയില്‍ മനുഷ്യന്റെ നിസ്സാരത ഇനിയൊരു ശാസ്ത്രവസ്തുത മാത്രം.

വംശമേല്‍ക്കോയ്മയും കലമഹിമയുമൊന്നും ഒരു സമൂഹത്തിനും അവകാശപ്പെടാനാകില്ലെന്നും ജിനോം വിവരങ്ങള്‍ അടിവരയിട്ടു വ്യക്തമാക്കുന്നു. ജനിതകമായി എല്ലാ മനുഷ്യരും തുല്യരാണ്. വംശങ്ങള്‍ക്കിടയിലെ ജനിതക വ്യത്യാസം വെറും 0.1 ശതമാനം മാത്രം. വ്യത്യസ്ത വംശങ്ങള്‍ തമ്മിലുള്ള ജനിതക വ്യതിയാനത്തെക്കാള്‍ അന്തരം ഒരേ വര്‍ഗത്തിലെ തന്നെ വ്യക്തികള്‍ തമ്മിലുണ്ട്. വംശമഹിമയുടെ പേരില്‍ ഹിറ്റ്‌ലറെ പോലുള്ള ഏകാധിപതികള്‍ ചെയ്തുകൂട്ടിയ കിരാത പ്രവര്‍ത്തികള്‍ക്ക് ശാസ്ത്രത്തിന് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്നു. ആഫ്രിക്കക്കാരിയായ ഒരു ആദിമാതാവില്‍ നിന്നാണ് മനുഷ്യകുലം രൂപപ്പെട്ടതെന്നതാണ് 'ജിനോംമാപ്പ്' രൂപപ്പെടുത്തിയവര്‍ എത്തിയ കൗതുകകരമായ മറ്റൊരു നിഗമനം.

ജിനോം ഭൂമികയിലെ വിശേഷങ്ങള്‍

മനുഷ്യശരീരത്തില്‍ 100 ട്രില്യണ്‍ കോശങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. (ഒരു ട്രില്യണ്‍ = ഒരു ലക്ഷംകോടി). ഈ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (കോശമര്‍മത്തില്‍) ജീവന്റെ തന്മാത്രയായ ഡി.എന്‍.എ. സ്ഥിതിചെയ്യുന്നു. 23 ജോഡി ക്രോമസോമുകളിലായാണ് ഡി.എന്‍.എ.തന്മാത്ര ക്രമീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എ.യുടേത്. അതിലെ ഗോവണിപ്പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍ (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസൈന്‍ (C) എന്നീ ഉപയൂണിറ്റുകള്‍ കൊണ്ട് ന്യൂക്ലിയോടൈഡുകള്‍ നിര്‍മിച്ചിരിക്കുന്നു. ഈ രാസ ഉപയൂണിറ്റുകളാണ് ബേസുകള്‍. ബേസുകളില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 310 കോടി രാസബന്ധങ്ങള്‍ ഡി.എന്‍.എ.യിലുണ്ട്.

ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും ആധാരമായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ രാസനിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ള ഡി.എന്‍.എ.ശ്രേണീഭാഗങ്ങളാണ് ജീനുകള്‍ എന്നു വിളിക്കുന്നത്. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായ രാസനിര്‍ദേശങ്ങളാണ് ജീനുകളിലുള്ളത്. ഒരാള്‍ക്കെത്ര ഉയരമുണ്ടാകണം, തൊലി കറുത്തിരിക്കണോ വെളുത്തിരിക്കണോ, കണ്ണിന്റെ നിറമെന്താകണം, ചുരുണ്ട തലമുടി വേണോ കോലന്‍മുടി മതിയോ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ജീനുകളില്‍ തീരുമാനിക്കപ്പെടുന്നു.

'ജിനോം മാപ്പ്' തയ്യാറാക്കിയ ഗവേഷകര്‍ കണ്ട ഒരു പ്രത്യേകത, മറ്റു ജീവികളുടെ ഡി.എന്‍.എ.യിലേതു പോലെ, മനുഷ്യ ഡി.എന്‍.എ.യില്‍ ജീനുകള്‍ എല്ലായിടത്തും ഒരേപോലെ വിതരണം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. ജീനുകളുടെ വിതരണക്രമത്തിലാണ് മനുഷ്യജിനോം മറ്റുള്ള ജീനുകളില്‍ നിന്ന് പ്രകടമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ജിനോം ഭൂമികയിലൂടെ കടന്നു പോകുമ്പോള്‍ ഗവേഷകരെ അമ്പരപ്പിച്ചത്, വളരെ വിശാലമായ 'തരിശുനിലങ്ങളും' ജീനുകള്‍ കൂട്ടത്തോടെ കാണപ്പെടുന്ന ചില 'നഗരപ്രദേശങ്ങളും' മനുഷ്യ ഡി.എന്‍.എ.യില്‍ ഉണ്ടെന്ന വസ്തുതയാണ്. ജീനുകള്‍ക്ക് കാരണമാകാത്ത, പ്രത്യേക ധര്‍മങ്ങളൊന്നും പ്രത്യക്ഷത്തിലില്ലാത്ത ജിനോംഭാഗങ്ങളാണ് 'ജങ്ക് ഡി.എന്‍.എ'. ജിനോമിലെ വെറും 1.1 ശതമാനം മാത്രമേ ജീനുകള്‍ ആയി മാറുന്നുള്ളൂ.

മറ്റു ജീവികളുമായി ജീനുകളുടെ എണ്ണത്തില്‍ അത്രവലിയ അന്തരമില്ലെങ്കിലും, ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളുടെ എണ്ണത്തിലും സങ്കീര്‍ണതയിലും മനുഷ്യന്‍ ഏറെ മുന്നിലാണ്. ഇതിനര്‍ഥം, കൂടുതല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ പാകത്തില്‍, പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍, മനുഷ്യജിനോമില്‍ ജീനുകള്‍ ഫലപ്രദമായി പുനക്രമീകരണം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നതാണ്. ജിനോമില്‍ ഒരേ രാസശ്രേണികള്‍ തന്നെ വിരസമായി ആവര്‍ത്തിക്കുന്ന 'ജങ്ക് ഡി.എന്‍.എ' ഭാഗങ്ങള്‍ മനുഷ്യപരിണാമം സംബന്ധിച്ച 'ഫോസില്‍ റിക്കോര്‍ഡു'കളാണെന്ന് ഗവേഷകര്‍ കരുതുന്നു.

മനുഷ്യജിനോമിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്ന ആദ്യ രൂപരേഖ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അതില്‍ത്തന്നെ പൂരിപ്പിക്കേണ്ടതായ നിരവധി ഭാഗങ്ങളുണ്ട്. കണ്ടെത്തിയ ജീനുകളില്‍ 40 ശതമാനത്തിന്റെയും ധര്‍മമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് 'സെലേറ' മേധാവി ക്രെയ്ഗ് വെന്റര്‍ സാക്ഷ്യപ്പെടുത്തുന്നു. പോരായ്മകള്‍ മാറ്റി ജിനോമിന്റെ സംശുദ്ധരാപം 2003-ഓടെ ലോകത്തിന് മുന്നിലെത്തിക്കാം എന്നാണ് ഗവേഷകരുടെ പ്രത്യാശ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ, ജനിതകവും അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായ പുതിയ ചികിത്സാവിധികള്‍ രൂപപ്പെടും. പുറത്തുവന്ന 'വിവരങ്ങള്‍' 'അറിവായി' രൂപപ്പെട്ട്, പ്രായോഗികതലത്തില്‍ പ്രയോജനം ചെയ്തു തുടങ്ങാന്‍ എത്ര വര്‍ഷം കാക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആര്‍ക്കും നല്‍കാനാകുന്നില്ല.

-മാതൃഭൂമി ആരോഗ്യമാസിക, ഏപ്രില്‍ 2001

Wednesday, February 10, 2010

ദേശാടനപക്ഷികള്‍ക്ക് കരയാനറിയില്ല


പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട യുദ്ധമാണ് അഫ്ഗാനിസ്താനിലേത്. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ നടത്തുന്ന ശത്രുസംഹാരതാണ്ഡവങ്ങള്‍ക്ക് നേരിട്ട് സാക്ഷികളാകാനാവാതെ പാര്‍ശ്വദൃശ്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത് തൃപ്തിയടയാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു ലോകമാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍, അഫ്ഗാനിലെ യഥാര്‍ഥ ബോംബിങ് നേരിട്ടറിഞ്ഞ ചിലരെ ഒരുപക്ഷേ, നമ്മുടെ നാട്ടിലിപ്പോള്‍ കണ്ടെത്താനാകും; കാട്ടാമ്പള്ളിയിലെ മരച്ചില്ലകളിലോ, കടലുണ്ടിപ്പുഴയുടെ അഴിമുഖത്തോ, വേമ്പനാട്ടു കായലിന്റെ തീരങ്ങളിലോ - ദീര്‍ഘമായ ദേശാടനത്തിനിടയില്‍, അമേരിക്കന്‍ ബോംബിങിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചിറകുകള്‍ കൊത്തിച്ചിനക്കുകയാവാം അവര്‍!

അഫ്ഗാനിലെ യുദ്ധം നിരപരാധികളെ കൊലചെയ്യുന്നതിനൊപ്പം, അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനൊപ്പം, ദേശാടനപക്ഷികളുടെ നിലനില്‍പ്പിനും ഭീഷണിയാവുകയാണ്. സൈബീരിയയില്‍ നിന്നും കാസ്പിയന്‍ മേഖലയില്‍ നിന്നും കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും എത്തുന്ന പതിനായിരക്കണക്കിന് പക്ഷികളുടെ മുഖ്യദേശാടനപാത അഫ്ഗാനിസ്താനിലൂടെയാണ്. ദേശാടനം ആരംഭിക്കുന്നത് ശൈത്യകാലത്തിന് തൊട്ടുമുമ്പാണ്. ദൈര്‍ഭാഗ്യവശാല്‍ അഫ്ഗാനില്‍ അമേരിക്ക ബോംബിങ് ആരംഭിച്ചിരിക്കുന്നതും ഈ സമയത്താണ്.

ആഗസ്ത് അവസാനം ദേശാടനപക്ഷികള്‍ നമ്മുടെ നാട്ടിലെത്തി തുടങ്ങും. നവംബര്‍ പകുതിയോടെ വരവ് പൂര്‍ത്തിയാകും. സൈബീരിയയിലും സമീപ പ്രദേശത്തും ശൈത്യം തുടങ്ങുന്ന കാലയളവാണിത്. കൊടുംതണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍, ചൂടുകാലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ ഈ പക്ഷികള്‍ തിരികെ യാത്രയാകും; തങ്ങളെ വിരുന്നൂട്ടിയ ഈ നാട്ടിലേക്ക് അടുത്ത സീസണില്‍ വീണ്ടും മടങ്ങിയെത്താന്‍!

രാജസ്ഥാനിലെ ഭരത്പൂര്‍, വടക്കാന്‍ ഗുജറാത്തിലെ കച്ച് മേഖല, അഹമ്മദാബാദിന് സമീപമുള്ള തോള്‍ തടാകം, ദക്ഷിണേന്ത്യയിലെ തണ്ണീര്‍തടങ്ങള്‍ ഇവയൊക്കെ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. കേരളത്തില്‍ കണ്ണൂരിലെ കാട്ടാമ്പള്ളിയും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയും വേമ്പനാട് കായല്‍ മേഖലയിലെ കുമരകം, പാതിരാമണല്‍ മുതലായ സ്ഥലങ്ങളും, എറണാകുളം ജില്ലയിലെ അമ്പലമേട്, തൃശ്ശൂരിലെ കോള്‍നിലങ്ങള്‍ എന്നിവിടങ്ങളും ദേശാടനപക്ഷികളുടെ അറിയപ്പെടുന്ന താവളങ്ങളാണ്. കോഴിക്കോട് ജില്ലയില്‍ പയ്യോളിക്ക് സമീപമുള്ള കൊളാവിപ്പാലം കടപ്പുറത്തെ കോട്ടപ്പുഴ അഴിമുഖവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പക്ഷിത്താവളമാണെന്ന് സുവോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകനും പക്ഷിനിരീക്ഷകനുമായ ജാഫര്‍ പാലോട്ട് പറയുന്നു.

മാര്‍ച്ചില്‍ തിരികെ പോകാന്‍ കാലമാകുമ്പോഴേക്കും നൂറുകണക്കിന് ടണ്‍ കാഷ്ഠവും മറ്റ് ജൈവാവശിഷ്ടങ്ങളും നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍ ദേശാടനപക്ഷികള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകും. എത്രയോ ടണ്‍ കീടനാശിനി പ്രയോഗിച്ചാലും നശിപ്പിക്കാനാവാത്തത്ര കീടങ്ങളെ അവ തിന്നുതീര്‍ത്തിട്ടുണ്ടാകും. നമ്മുടെ നാടിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പിന് ദേശാടനപക്ഷികള്‍ അനിവാര്യമാകുന്നത് ഇതുകൊണ്ടുകൂടിയാണ്.

എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ദേശാടനപ്രക്രിയ ഈ സീസണില്‍ പക്ഷേ, വ്യത്യസ്തമാണ്. ഒക്ടോബര്‍ ഏഴിന് അമേരിക്ക അഫ്ഗാനില്‍ ബോംബ് വര്‍ഷം തുടങ്ങി.

അമ്പതോളം ഇനം ദേശാടനപക്ഷികളാണ് കേരളത്തില്‍ എത്തുന്നതായി പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഷൊവെല്ലര്‍ (Shoveller) എന്നയിനത്തെ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണെന്ന് ജാഫര്‍ പാലോട്ട് പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ദേശാടനപക്ഷികള്‍ എരണ്ടകള്‍ (teals) ആണ്. വലന്‍ എരണ്ടകളും വരിയിരണ്ടകളുമുണ്ട്. 1996-ല്‍ വെറ്റ്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ 'ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സര്‍വെ' പ്രകാരം രണ്ടിനം എരണ്ടകളും കൂടി 60,000 -ഓളം എണ്ണം കേരളത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍-നവംബര്‍ കാലയളവാണ് ഇവയുടെ ദേശാടന സമയം. അഫ്ഗാനില്‍ ബോംബുവര്‍ഷം നടക്കുന്നതും ഈ കാലയളവിലായതിനാല്‍ എരണ്ടകളുടെ വരവിനെയാകാം യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുണ്ടാവുക.

ഹിമാലയം എന്ന തടസ്സം ഇല്ലായിരുന്നെങ്കില്‍ ദേശാടനപക്ഷികള്‍ ഒരുപക്ഷേ അഫ്ഗാനിസ്താന്‍ ഒഴിവാക്കുമായിരുന്നു. താറാവ് ഇനത്തില്‍ പെട്ട ബാര്‍-ഹെഡഡ് ഗീസ് (bar-headed geese) പോലുള്ള അപൂര്‍വം ചില പക്ഷികളക്കേ ഹിമാലയത്തിന്റെ ഉയരങ്ങള്‍ താണ്ടി നേരിട്ട് ഇന്ത്യയിലെത്താനുള്ള ത്രാണിയുള്ളു (ബാര്‍-ഹെഡഡ് ഗീസ് 9000 മീറ്റര്‍ ഉയരത്തിലൂടെ പറക്കുന്നതായി ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്). ബാക്കിയുള്ള പതിനായിരക്കണക്കിന് പക്ഷികള്‍, ഹിമാലയത്തെ ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലും സമീപരാഷ്ട്രങ്ങളിലും എത്തുന്നു. ഈ മുഖ്യദേശാടനപാതയെ 'സെന്‍ട്രല്‍ ഏഷ്യാ-ഇന്ത്യ ഫ്‌ളൈവേ' എന്നാണ് വിളിക്കുക. ഈ ഫ്‌ളൈവെയിലെ മുഖ്യമേഖല അഫ്ഗാനിസ്താനാണ്.

വടക്കു നിന്നെത്തുന്ന കൊക്കുകള്‍ യാത്രാമധ്യേ ഇറാനിലെയും അഫ്ഗാനിലെയും വടക്കന്‍ പാകിസ്താനിലെയും ഇടത്താവളങ്ങളില്‍ ഏതാനും ദിവസം തമ്പടിച്ച് ഇരതേടി വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തുടരുക. അഫ്ഗാനിസ്താനിലെ പ്രസിദ്ധമായ 'അല്‍-അസ്തബ' ചതുപ്പ് പ്രദേശത്ത് ഏതാനും ദിവസം തങ്ങുന്ന സ്വഭാവം സൈബീരിയന്‍ കൊക്കുകള്‍ക്കുണ്ട്. ഇങ്ങനെ തങ്ങുന്ന വേളയില്‍ അഫ്ഗാനിലും ഇറാനിലും വെച്ച് വകതിരിവില്ലാതെ വേട്ടയ്ക്കിരയായതാണ്, ലോകത്തേറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളിലൊന്നായി സൈബീരിയന്‍ കൊക്കിനെ മാറ്റിയത്.

ഒരുപക്ഷേ, അമേരിക്ക ബോംബാക്രമണം തുടങ്ങിയിരുന്നില്ലെങ്കില്‍ കൂടി അഫ്ഗാനിലെ ഇടത്താവളങ്ങള്‍ ദേശാടനപക്ഷികള്‍ക്ക് ഇത്തവണ കഠിനമായ പരീക്ഷങ്ങളാകുമായിരുന്നു. കാരണം, മൂന്നു പതിറ്റാണ്ടിനിടെയിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണ് ഇപ്പോള്‍ അഫ്ഗാനിസ്താന്‍. മൂന്നുവര്‍ഷമായി അഫ്ഗാനിസ്താന്റെ പലഭാഗത്തും മഴ പെയ്തിട്ടില്ല.

അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഫ്ഗാന്‍ ആകാശം കീഴടക്കിയതോടെ സ്ഥിതിഗതികള്‍ അതിന്റെ പാരമ്യതയിലെത്തി. എത്രമാത്രം പക്ഷികള്‍ക്ക് അഫ്ഗാന്‍ ഒരുക്കിയ കഠിനപരീക്ഷകള്‍ അവഗണിച്ച് ഇത്തവണ ലക്ഷ്യത്തിലെത്തായെന്ന് പരിസ്ഥിതി വിദഗ്ധര്‍ക്കും നിശ്ചയമില്ല. കേരളത്തിലെത്തുന്ന ഈ ചിറകുള്ള വിരുന്നകാര്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അവര്‍ പറയുന്ന ഒരു വാചകം ഇങ്ങനെയായിരിക്കുമായിരുന്നു: 'ശരിക്കും നരകത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോന്നത്!'

-മാതൃഭൂമി വാരാന്തപ്പതിപ്പ്, നവംബര്‍ 18, 2001

Friday, February 5, 2010

മാനവജിനോം-3 : ജീന്‍വേട്ടയുടെ മറുവശം

മാനവജിനോമിന്റെ കണ്ടെത്തല്‍ നിരവധി പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, നൈതികവും സാമൂഹികവുമായ ചില സുപ്രധാന ചോദ്യങ്ങളും അത് ഉയര്‍ത്തുന്നുണ്ട്. ജിനോം വിവരങ്ങളുടെ വിപണന സാധ്യത മുന്‍കൂട്ടിയറിഞ്ഞ്, അവ സ്വന്തമാക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ മത്സരിച്ചു രംഗത്തുണ്ട്. ഡി.എന്‍.എ. ശ്രേണീഭാഗങ്ങളുടെയും പുതിയ ജീനുകളുടെയും പേറ്റന്റ് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് സമ്പന്ന രാഷ്ട്രങ്ങളിലെ പേറ്റന്റ് ഓഫീസുകളില്‍ ഇപ്പോള്‍ എത്തുന്നത്. പക്ഷേ, മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യപ്പെടാന്‍ പാടുണ്ടോ? ആര്‍ക്കാണ് ഇതില്‍ അവകാശവാദമുന്നയിക്കാനാവുക? നിങ്ങളുടെ ജീനിന് പേറ്റന്റ് നേടാന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ക്ക് ആരാണ് അധികാരം നല്‍കിയത്?

ഉത്തരം കിട്ടാതെ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഒരു വശത്ത് ഉയരുമ്പോള്‍ത്തന്നെ മറുവശത്ത് ഒരു വന്‍ 'ജീന്‍വേട്ട'ക്കുള്ള തയ്യാറെടുപ്പ് ദ്രുതഗതിയില്‍ നടന്നുവരികയാണ്. ശരിക്കു പറഞ്ഞാല്‍ 21-ാം നൂറ്റാണ്ടിലെ ജീന്‍വേട്ട ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാനവജിനോം സംഗ്രഹം പുറത്തുവരും മുമ്പുതന്നെ വേട്ട തുടങ്ങി. അമേരിക്കയില്‍ മാത്രം ഇതിനകം 20,000 ജീനുകള്‍ക്ക് പേറ്റന്റ് നല്‍കിക്കഴിഞ്ഞു. അവയില്‍ 1000 എങ്കിലും മനുഷ്യജീനുകളാകാമെന്ന് യു.എസ്.പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലെ വക്താവ് ബ്രിജിഡ് ക്വിന്‍ പറയുന്നു.

സെലേറ, എച്ച്.ജി.എസ്, ഇന്‍സൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ അമേരിക്കന്‍ കമ്പനികള്‍ കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ത്തെന്ന, മനുഷ്യ ഡി.എന്‍.എ.യിലെ ആയിരക്കണക്കിന് 'സീക്വന്‍സു'കള്‍ക്കാണ് പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. 'ഇന്‍സൈറ്റ്' ഇതിനകം മുന്നൂറിലേറെ പേറ്റന്റുകളും, എച്ച്.ജി.എസ്. നൂറോളം പേറ്റന്റുകളും കരസ്ഥമാക്കിക്കഴിഞ്ഞു.

ഒരു പൊതുസംരംഭമെന്ന നിലയില്‍, മാനവജിനോം പദ്ധതി വഴി പുറത്തുവരുന്ന വിവരങ്ങള്‍ രഹസ്യമാക്കി വെക്കില്ലെന്നും, ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും കഴിഞ്ഞ വര്‍ഷം ബില്‍ ക്ലിന്റനും ടോണി ബ്ലെയറും പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. പക്ഷേ, കോടിക്കണക്കിന് സങ്കീര്‍ണ വിവരങ്ങള്‍ വിശകലനം ചെയ്യാനോ പഠിക്കാനോ ആവശ്യമായ സാങ്കേതിക സൗകര്യം ഇല്ലാത്തതിനാല്‍, ഇന്ത്യയെപ്പോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് ജിനോം വിവരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. ജിനോം വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ, മനുഷ്യ ഡി.എന്‍.എ.യിലെ 6450 ജീനുകള്‍ക്ക് പേറ്റന്റ് തേടിക്കൊണ്ട് 'ജിനോം' അധികൃതര്‍ അപേക്ഷ നല്‍കിയ നടപടി വന്‍വിമര്‍ശനത്തിനിടയാക്കി.

ഡി.എന്‍.എ.യുടെ പൂര്‍ണരൂപരേഖ മാത്രമാണ് ഇപ്പോള്‍ വെളിവായിട്ടുള്ളത്. സങ്കീര്‍ണമായ ആ രൂപരേഖയില്‍ നിന്ന് ജീനുകളെ വായിച്ചെടുക്കുക എന്നത് അത്യന്തം ദുഷ്‌കരമായ പ്രവര്‍ത്തനമാണെന്നും, അതിനാല്‍ ജീനുകള്‍ക്ക് പേറ്റന്റ് ലഭിക്കില്ല എന്നുവന്നാല്‍ ആരും അതിന് മിനക്കെടില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. എത്രയും വേഗം ജീനുകള്‍ വായിച്ചു മനസിലാക്കേണ്ടതുണ്ട്. എങ്കിലേ, ഡി.എന്‍.എ.വിവരങ്ങള്‍ വേണ്ടത്ര പ്രയോജനം നല്‍കൂ എന്ന വാദഗതിയും ഉയരുന്നുണ്ട്. ഏതായാലും കാര്യങ്ങള്‍ ഇന്നത്തെ സ്ഥിതിക്കു മുന്നേറുകയാണെങ്കില്‍, 'മനുഷ്യജീവന്‍' എത്ര അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്നാണ് പങ്കുവെച്ചെടുക്കുക എന്നേ നോക്കേണ്ടതുള്ളൂ!

ജീനുകളുടെ ദുരുപയോഗം

പേറ്റന്റുകള്‍ക്ക് ഒരു പരിമിത കാലയളവേ നിലനില്‍പ്പുള്ളൂ എന്ന് സമാധാനിക്കാം. എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി ഒരാളുടെ പക്കല്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതകവിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്യില്ല എന്നതിന് എന്താണുറപ്പ്? ജിനോം വിവരങ്ങളുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.

നിലവില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് ഒരാളുടെ ജനിതകവിവരങ്ങള്‍ ശേഖരിക്കാനാവുക. നിയമപരമായ കാര്യങ്ങള്‍ക്കും, ചികിത്സയ്ക്കും. പിതൃത്വം നിര്‍ണയിക്കുന്നതിന് ഡി.എന്‍.എ.ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ കോടതികള്‍ തന്നെ ആവശ്യപ്പെടാറുണ്ട്. ഒരാളുടെ 'ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റാ'ണ് (റസ്ട്രിക്ഷന്‍-ഫ്രാഗ്‌മെന്റ്-ലങ്ത് പോളിമോര്‍ഫിസം അഥവാ ആര്‍.എഫ്.എല്‍.പി.എന്നതാണ് ഡി.എന്‍.എ.ഫിംഗര്‍ പ്രിന്റ് എന്ന് അറിയപ്പെടുന്നത്) ഈയാവശ്യത്തിന് പരിശോധിച്ചു നോക്കുന്നത്.

ഇങ്ങനെ പല ആവശ്യങ്ങള്‍ക്കായി ഒരാളില്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പിന്നീട് അയാള്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടില്ല എന്നതിന് ഉറപ്പൊന്നുമില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജനിതകസൂചന ലഭിച്ചാല്‍, ഒരാളെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായില്ലെന്നു വരാം. ബൗദ്ധികമായ ചില പ്രത്യേകതകള്‍ ജീനുകളിലുള്ളവര്‍ക്കു മാത്രമേ ജോലി നല്‍കൂ എന്നുവേണമെങ്കില്‍ ഒരു സ്ഥാപനത്തിന് തീരുമാനിക്കാം. പലതരത്തിലുള്ള ജനിതകവിവേചനങ്ങള്‍ക്ക് ഇത്തരം പ്രവണതകള്‍ കാരണമാകും.

ജനിതക വിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ശ്രമിച്ചുകൂടെന്നില്ല. ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന ജനിതകതലത്തിലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാം. ഇത്തരക്കാരെ ഇന്‍ഷൂര്‍ ചെയ്യാതെ കമ്പനികള്‍ക്ക് കൈയൊഴിയാം. എന്നാല്‍, ഇതിനൊരു മറുവശമുണ്ട്. തന്റെ ജീനുകളില്‍ മാരകമായ എന്തെങ്കിലും അക്ഷരത്തെറ്റുണ്ടോ എന്നു പരിശോധിച്ചിട്ട് ഒരാള്‍ക്ക് വേണമെങ്കില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കണോ വേണ്ടയോ എന്നും തീരുമാനിക്കാം. വലിയ അപകട സാധ്യതയൊന്നുമില്ലെങ്കില്‍, പോളിസിയെടുത്തിട്ട് (വാഹനാപകട ഇന്‍ഷൂറന്‍സ് ഒഴികെ) എന്തുകാര്യമെന്ന് ആളുകള്‍ ചിന്തിച്ചാല്‍, നഷ്ടം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കായിരിക്കും.

ജീന്‍ ശേഖരങ്ങളുടെ അപകടം

ഹ്യുമന്‍ജിനോം പദ്ധതിയുടെ ചുവടുപിടിച്ച്, ഹ്യുമന്‍ജിനോം ഡൈവേഴ്‌സിറ്റി പ്രോജക്ട് (HGDP) എന്നൊരു പദ്ധതി അമേരിക്കയില്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത്' തന്നെയാണ് ഇതിന്റെയും ചുക്കാന്‍ പിടിക്കുന്നത്. ഭൂമുഖത്തെ വിവിധ ജനവിഭാഗങ്ങളുടെയും വംശീയഗ്രൂപ്പുകളുടെയും ഒരു 'ജീന്‍പൂള്‍' (ജീന്‍ ശേഖരം) ഉണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 500 ഓളം വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജനിതകഘടന, പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഇന്ത്യയിലെ 77 ജനവിഭാഗങ്ങളുടെ ജീന്‍ശേഖരവും ഉള്‍പ്പെടുന്നു.

നൂറുകണക്കിന് വംശീയഗ്രൂപ്പുകളുടെ വിലപ്പെട്ട ജനിതകവിവരങ്ങള്‍ അമേരിക്കന്‍ ഗവേഷകരുടെ നിയന്ത്രണത്തിലാക്കാന്‍ വഴിതെളിക്കുന്ന ഈ പദ്ധതിയെ, പല രാജ്യങ്ങളും കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വംശീയഗ്രൂപ്പുകള്‍ക്കും സവിശേഷമായ പല ജനിതക ഗുണങ്ങളുമുണ്ടാകാം; രോഗപ്രതിരോധശേഷി, കായികക്ഷമത, ബൗദ്ധികനിലവാരം എന്നിങ്ങനെ. ഈ പ്രത്യേകഗുണങ്ങള്‍ക്കു കാരണമായ ജീനുകള്‍ക്ക് അമേരിക്കന്‍ ഗവേഷകര്‍ പേറ്റന്റു നേടില്ല എന്ന് ഉറപ്പൊന്നുമില്ല.

'ഹഗാഹായി' (Hagahai) എന്ന വംശീയ വിഭാഗത്തിന്റെ ഒരു ഡി.എന്‍.എ.ഭാഗത്തിന് പേറ്റന്റ് നേടാന്‍ ഇതിനിടെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് ശ്രമിക്കുകയുണ്ടായി. വന്‍വിവാദത്തെ തുടര്‍ന്ന് തല്‍ക്കാലം ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ബാധിക്കാന്‍ പാകത്തില്‍ രോഗാണുക്കളെ വരെ രൂപപ്പെടുത്താന്‍, ഇത്തരം ജീന്‍പൂളുകള്‍ കാരണമാകാം. ജൈവായുധങ്ങളുടെ കാലമാണിനി വരാന്‍ പോകുന്നതെന്ന് പലരും പ്രവചിക്കുന്നുമുണ്ട്.

ജനിതകരഹസ്യങ്ങളുടെ വെളിവാക്കല്‍ ഉയര്‍ത്തുന്ന എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് നടുവിലാണ് ലോകം. പലതിനും തൃപ്തികരമായി മറുപടി നല്‍കാന്‍ ജനിതകശാസ്ത്രജ്ഞര്‍ക്കു പോലും കഴിയുന്നുമില്ല. 'ജിനോം: ഒരു ജീവിവര്‍ഗത്തിന്റെ 23 അധ്യായമുള്ള ആത്മകഥ'യെന്ന ഗ്രന്ഥം രചിച്ച മാറ്റ് റിഡ്‌ലി എഴുതി: 'ഇത്ര കാലവും മനുഷ്യജീനുകള്‍ എന്നത് പൂര്‍ണനിഗൂഢതയായിരുന്നു. ആ നിഗൂഢത ഭേദിക്കുന്ന ആദ്യ തലമുറയാണ് നമ്മുടേത്. മഹത്തായ പല ഉത്തരങ്ങളുടെയും വക്കിലാണ് നാമിപ്പോള്‍; നിരവധി വലിയ ചോദ്യങ്ങളുടെയും'.

-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍ 2000

Sunday, January 31, 2010

മാനവജിനോം - 2 : സാധ്യതകളുടെ നവലോകം

വൈദ്യുതി ജനറേറ്റര്‍ കണ്ടുപിടിച്ച ശേഷം അതിന്റെ പ്രവര്‍ത്തനം ഒരിക്കല്‍, അന്നത്തെ ബ്രിട്ടീഷ് നികുതിവകുപ്പ് ചാന്‍സലറായിരുന്ന വില്യം ഗ്ലാഡ്സ്റ്റണ് മുമ്പില്‍ മൈക്കല്‍ ഫാരഡെ വിശദീകരിക്കുകയുണ്ടായി. ജനറേറ്ററിന്റെ പ്രവര്‍ത്തനം കണ്ടു കഴിഞ്ഞപ്പോള്‍ ഗ്ലാഡ്‌സ്റ്റണ്‍ ലളിതമായ ഒരു സംശയം ഉന്നയിച്ചു: 'ഈ വൈദ്യുതി കൊണ്ട് എന്തുപയോഗമാണുണ്ടാവുക?' മറുപടി നല്‍കാന്‍ ഫരഡെ അമാന്തിച്ചില്ല. 'ഒരു നവജാതശിശുവിനെക്കൊണ്ട് എന്തു പ്രയോജനമാണ് ലഭിക്കുക മി. ചാന്‍സലര്‍? ഒരു ദിവസം അവന്റെ പക്കല്‍നിന്ന് നിങ്ങള്‍ക്ക് ടാക്‌സ് ലഭിച്ചേക്കും'-വൈദ്യുതിയില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കുക.

ഏതു പുതിയ മുന്നേറ്റമുണ്ടാകുമ്പോഴും ഗ്ലാഡ്‌സ്റ്റന്റെ പിന്‍ഗാമികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. 'ജിനോംമാപ്പി'ന്റെ കണ്ടെത്തല്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും, ഇതുകൊണ്ട് ഒരുപയോഗവുമുണ്ടാകില്ല എന്ന് സംശയലേശമന്യേ പ്രഖ്യാപിക്കാന്‍ ചിലര്‍ തയ്യാറായി. എന്നാല്‍, മറ്റു ചിലരാകട്ടെ അമിതപ്രതീക്ഷയോടെയാണ് ഈ കണ്ടെത്തലിനെ സമീപിച്ചത്. മരണം വഴിമാറുമെന്നുവരെ പ്രസ്താവിക്കാനുള്ള അസാധാരണ ചങ്കൂറ്റം അത്തരക്കാര്‍ കാട്ടി!

കാര്യങ്ങള്‍ ഈ രണ്ട് വിരുദ്ധവാദഗതികള്‍ക്കും മധ്യേയാണ്. ജിനോം കണ്ടെത്തല്‍ ഭാവിസാധ്യതകളെ എങ്ങനെയൊക്കെ പരിപോഷിക്കും എന്നതിന്, ഇതിനകം പുറത്തുവന്നിട്ടുള്ള ജിനോം വിവരങ്ങളും അവയുപയോഗിച്ചു നടക്കുന്ന ഗവേഷണങ്ങളും സൂചന നല്‍കുന്നുണ്ട്. കോടിക്കണക്കിന് രാസകോഡുകള്‍ അടങ്ങിയ ഡി.എന്‍.എ.തന്മാത്രയാണ് വായിച്ചെടുക്കാവുന്ന രൂപത്തില്‍ ഇപ്പോള്‍ ഗവേഷകര്‍ക്കു മുമ്പിലുള്ളത്. ഇതിലടങ്ങിയിട്ടുള്ള 'വിവരങ്ങള്‍' വേണ്ടവിധം താരതമ്യപ്പെടുത്തിയും വിശകലനം ചെയ്തും, 'ജീവന്റെ പുസ്തക'ത്തെ 'അറിവിന്റെ പുസ്തകം' കൂടിയാക്കുമ്പോഴേ, ജിനോം രഹസ്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനാകൂ. ശ്രമകരമായ പര്യവേക്ഷണങ്ങള്‍ അര്‍ഹിക്കുന്ന, അതിസങ്കീര്‍ണമായ ജനിതകഭൂമിക തുറന്നു കിട്ടിയിരിക്കുകയാണ്. കുറെയേറെ ജീനുകളെയും ജനിതക തകരാറുകളെയും തിരിച്ചറിയാന്‍ ഇതിനകം കഴിഞ്ഞു എന്നത് വാസ്തവം തന്നെ. പക്ഷെ, അത് തുടക്കമേ ആയിട്ടുള്ളു.

നാഴികക്കല്ല്

എഴുപതുകളില്‍ ശക്തി പ്രാപിച്ച ജൈവസാങ്കേതികവിദ്യയുടെ നാള്‍വഴിയില്‍ ഒരു നാഴികക്കല്ലായാണ് ജിനോം കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നത്. ചികിത്സാരംഗത്ത് ചില സുപ്രധാന മാറ്റങ്ങള്‍ക്ക് ജൈവസാങ്കേതിക വിദ്യ നിമിത്തമായിട്ടുണ്ട്. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ ചികിത്സാരീതികളും ആരോഗ്യ പരിരക്ഷയും ഒരു പൊളിച്ചെഴുത്തുതന്നെ നടക്കാന്‍ ജിനോം വിവരങ്ങള്‍ കാരണമാകും. ഇതുവരെ 450 ഔഷധലക്ഷ്യങ്ങള്‍ മാത്രമേ, വൈദ്യശാസ്ത്രത്തിന് ജൈവസാങ്കേതികവിദ്യ സമ്മാനിച്ചിട്ടുള്ളു. എന്നാല്‍, 'ജിനോം മാപ്പി'ന്റെ കണ്ടെത്തല്‍ കൊണ്ടുമാത്രം 5000-ഓളം ഔഷധലക്ഷ്യങ്ങള്‍ വൈദ്യശാസ്ത്രത്തിനു ലഭിക്കുമെന്നു പറയുമ്പോള്‍, പുതിയ കണ്ടെത്തല്‍ മുന്നോട്ടു വെക്കുന്ന സാധ്യതകളുടെ വ്യാപ്തി ഊഹിക്കാനാവും.

ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപപ്പെടുത്തിയ ചികിത്സാവിധികള്‍ക്ക്, ആഗോള ഔഷധവിപണിയില്‍ ഇപ്പോഴുള്ള പങ്ക് ഏഴു ശതമാനമാണ്.(1980-കളുടെ അവസാനം ഇത് 0.5 ശതമാനം മാത്രമായിരുന്നു). എന്നാല്‍ അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ഥിതി പാടെ മാറും. കൂടുതല്‍ ജീനുകള്‍ തിരിച്ചറിയപ്പെടും. രോഗിയുടെ മാത്രമല്ല, രോഗകാരിയായ സൂക്ഷ്മാണുവിന്റെ ജിനോമനുസരിച്ചും ഔഷധങ്ങള്‍ രൂപപ്പെടും. 2009-ഓടെ ഡി.എന്‍.എ.അടിസ്ഥാനമായുള്ള ഉത്പന്നങ്ങളുടെ ആഗോള വിപണനം 4900 കോടി ഡോളര്‍ (ഏതാണ്ട് 2.15 ലക്ഷം കോടി രൂപ) കവിയുമെന്നാണ് കണക്കുകൂട്ടല്‍.

മാത്രമല്ല, ജനിതകവിവരങ്ങളുടെ അസാധാരണമമായ ബാഹുല്യം നിമിത്തം, അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വേണ്ടി, വിവരസാങ്കേതികവിദ്യയില്‍ 'ബയോ ഇന്‍ഫര്‍മാറ്റിക്‌സ്' എന്നൊരു പ്രത്യേക ശാഖ തന്നെ കരുത്താര്‍ജിക്കും. ഒരോ പ്രത്യേക രോഗത്തെയും (കുറഞ്ഞപക്ഷം പാരമ്പര്യ രോഗങ്ങളെയെങ്കിലും) തന്മാത്രാതലത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിലവില്‍ വരും. ഇത്തരം പ്രോഗ്രാമുകള്‍ നിര്‍മിക്കുന്ന സോഫ്ട്‌വേര്‍ കമ്പനികളും രംഗത്തെത്തും. ഡോക്ടറെ കാണാന്‍ പോകുന്ന ഒരാള്‍, തന്റെ ജനിതക വിവരങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ഡി.എന്‍.എ.ചിപ്പുകള്‍ (ജീന്‍ചിപ്പുകള്‍) കൈയില്‍ കരുതേണ്ടി വരും; ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുനടക്കും പോലെ. 'ഡോക്ടര്‍' എന്നതു തന്നെ ഒരുസംഘം കമ്പ്യൂട്ടര്‍ വിദഗ്ധരുടെ പാനലായി മാറാനുള്ള സാധ്യതയുമുണ്ട്.

ശാസ്ത്രം അതിന്റെ പടവാള്‍കൊണ്ട് അരിഞ്ഞു വീഴ്ത്തിയ നിരവധി രോഗങ്ങല്‍ ചരിത്രത്തിലുണ്ട്. പ്ലേഗ്, കോളറ, വസൂരി ഇവയൊക്കെ അതില്‍പ്പെടുന്നു. വരുംവര്‍ഷങ്ങളില്‍ ഈ പട്ടികയില്‍ മറ്റനേകം രോഗങ്ങളും സ്ഥാനംപിടിക്കും. പാരമ്പര്യമായുണ്ടാകുന്ന സ്മൃതിനാശരോഗം (അല്‍ഷൈമേഴ്‌സ് രോഗം), പാര്‍ക്കിന്‍സണ്‍സ് രോഗം, ഹൃദ്രോഗം, കഷണ്ടി, പൊണ്ണത്തടി, ആസ്ത്മ, സോറിയാസിസ്, പ്രമേഹം, ബധിരത, ചുഴലിദീനം, ചെന്നിക്കുത്ത് ഇവയൊക്കെ ഇങ്ങനെ കീഴ്‌പ്പെടുത്തപ്പെടുന്ന രോഗങ്ങളില്‍ പെടും.

ജീനിലെ അക്ഷരത്തെറ്റുകള്‍

ജീനുകള്‍ക്കധാരമായ ഡി.എന്‍.എ. ശ്രേണീഭഗത്തെ ഏതെങ്കിലും ഒരക്ഷരത്തെറ്റു മതി, മാരകമായ ഒരു രോഗത്തിന് വിത്തു പാകാന്‍. പാരമ്പര്യരോഗങ്ങളുടെ കാര്യത്തില്‍, തലമുറയില്‍ നിന്ന് തലമുറയിലേക്ക് ഇത്തരം അക്ഷരത്തെറ്റുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ ആദിമനിവാസികളുടെ വംശക്കാരില്‍ കാണപ്പെടുന്ന 'സിക്കിള്‍സെല്‍ അനീമിയ'യുടെ കാര്യം തന്നെ പരിഗണിക്കുക. (കേരളത്തിലെ ചില ആദിവാസി വിഭാഗങ്ങള്‍ക്കും ഈ രോഗം ബാധിക്കാറുണ്ട്). ചുവപ്പു രക്തകോശങ്ങളില്‍ ഹീമോഗ്ലോബിന്‍ പ്രോട്ടീന്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ജീനിലെ ഒരു രാസഉപയൂണിറ്റിന് സ്ഥാനഭ്രംശം സംഭവിച്ചതാണ് ഈ രോഗത്തിന് കാരണം. ക്രോമസോം 11-ലാണ് ഈ ജീനിന്റെ സ്ഥാനം. (യഥാര്‍ത്ഥത്തില്‍, കിഴക്കന്‍ ആഫ്രിക്കയിലെ പ്രാചീന ജനവിഭാഗങ്ങളെ മലമ്പനിയില്‍ നിന്ന് രക്ഷിക്കാന്‍ പ്രകൃതി മനപ്പൂര്‍വം വരുത്തിയ അക്ഷരത്തെറ്റാണിത്!).

അമേരിക്കയില്‍ കാക്കാസിയന്‍ വംശക്കാര്‍ക്കിടയില്‍ കുട്ടികളെ ബാധിക്കുന്ന 'സിസ്റ്റിക്ക് ഫൈബ്രോസിസ്' എന്ന മരകരോഗത്തിനും ഇത്തരം ഒറ്റയാന്‍ തകരാറാണ് കാരണം. ക്രോമസോം ഏഴിലെ ഒരു ജീനിലാണ് തകരാറ്. മൂവായിരത്തിലേറെ പാരമ്പര്യ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ജനിതകതലത്തിലെ ഇത്തരം ഒറ്റയാന്‍ അക്ഷരപ്പിശകുകള്‍ കാരണമാകുന്നു എന്നാണ് കണക്ക്.

തകരാര്‍ വന്ന ജീന്‍ മാറ്റിവെച്ച്, 'ജീന്‍ തെറാപ്പി' വഴി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടക്കുന്ന ഗവേഷണശ്രമങ്ങള്‍ ചില പ്രാഥമിക വിജയങ്ങളേ നല്‍കിയിട്ടുള്ളു. 1980-ലാണ് ജീന്‍ തെറാപ്പി ആദ്യമായി രംഗത്തെത്തിയത്. 'സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോഡിഫിഷ്യന്‍സി' (എസ്.സി.ഐ.ഡി) എന്ന മാരകമായ ജനിതകത്തകരാര്‍ ബാധിച്ച കുട്ടികളെ ചികിത്സിച്ചു ഭേദമാക്കുന്നതില്‍, ഫ്രഞ്ച് ഗവേഷകര്‍ അടുത്തയിടെ നേടിയ മുന്നേറ്റം, ഈ രംഗത്തെ ഒരു വിജയഗാഥയായി പരിഗണിക്കപ്പെടുന്നു. എന്നാല്‍, അമേരിക്കയില്‍ 'ജീന്‍ തെറാപ്പി'ക്കു വിധേയനായ രോഗി മരിക്കാനിടയായ സംഭവം വന്‍ തിരിച്ചടിയാവുകയും ചെയ്തു. അതിസങ്കീര്‍ണമായ ജീനുകള്‍ മാറ്റി സ്ഥാപിക്കാനാവശ്യമായ സാങ്കേതികജ്ഞാനം, ഗവേഷകര്‍ക്ക് ഇനിയും കൈവന്നിട്ടില്ല എന്നതാണ് പ്രശ്‌നം. നിരുപദ്രവകാരികളായ ചില വൈറസുകളെ 'ജീന്‍വാഹി'കളായുപയോഗിച്ചാണ് ഇപ്പോള്‍ ജീന്‍ തെറാപ്പി നടത്തുന്നത്.

ഒറ്റയാന്‍ ജീന്‍ തകരാറുകള്‍ കൊണ്ടുള്ള രോഗങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍, ഒന്നിലധികം ജീനുകള്‍ ഉള്‍പ്പെട്ടതും പാരിസ്ഥിതികഘടകങ്ങളുടെ പ്രേരണയാല്‍ ആളിക്കത്തുന്നതുമായ, ആരോഗ്യപ്രശ്‌നങ്ങളുടെ പരിഹാരം എത്ര ബുദ്ധിമുട്ടുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ക്രോമസോം 19, എക്‌സ്-ക്രോമസോം എന്നിവയിലെ തകരാറാണ് ചെന്നിക്കുത്തിന് കാരണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകിയുണ്ടാകുന്ന ഒരിനം പ്രമേഹത്തിന്റെ കാര്യത്തില്‍ ക്രോമസോം രണ്ടും പന്ത്രണ്ടുമാണ് പ്രതികള്‍.

പ്രോട്ടീനുകളുടെ വിശകലനം

ജീന്‍ തകരാറുകളുടെ ഫലമായുണ്ടാകുന്ന രോഗങ്ങളെപ്പറ്റി ഇതുവരെ ചില പ്രാഥമിക ധാരണകളേ ലഭിച്ചിട്ടുള്ളു. കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ആര്‍.എന്‍.എ.സന്ദേശവാഹികളെ വിശകലനം ചെയ്ത്, ജീന്‍ തകരാറുകള്‍ മനസിലാക്കാനാണ് ഗവേഷകര്‍ ശ്രമിച്ചിരുന്നത്. ('സെലേറ'യുടെ മേധാവി ക്രെയ്ഗ് വെന്ററാണ് ഈ മാര്‍ഗത്തിന്റെ ഉപജ്ഞേതാവ്). എന്നാല്‍, ഡി.എന്‍.എ.യും ആര്‍.എന്‍.എയും വിട്ട്, അവയുത്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ ഘടന തന്നെ നേരിട്ട് വിശകലനം ചെയ്ത് ജീന്‍ തകരാറുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. പക്ഷേ അതിനു വേണ്ട സാങ്കേതികവിദ്യ രൂപപ്പെട്ടിട്ടില്ല. ഇത്തരമൊന്നിന്റെ വികസനത്തിനായി നൂറു കോടി ഡോളറാണ് (4400 കോടിരൂപ) 'സെലേറ' കമ്പനി മുതല്‍ മുടക്കിയിട്ടുള്ളത്. 'സെലേറ'യുടെ സഹോദര സ്ഥാപനമായ 'പി.ഇ.ബയോ സിസ്റ്റംസി'ലെ ഗവേഷകര്‍ ഒരു പ്രോട്ടീന്‍ വിശകലന ഉപകരണത്തിന്റെ പണിപ്പുരയിലാണ്.

പ്രായോഗികതലത്തില്‍ ജിനോം വിവരങ്ങള്‍ മൂലം ഉടന്‍ പൊളിച്ചെഴുത്തു നടക്കാന്‍ പോകുന്ന രണ്ടു വൈദ്യശാസ്ത്ര മേഖലകള്‍ ഇവയാണ്-രോഗനിര്‍ണയരംഗവും പുതിയ ഔഷധങ്ങളുടെ നിര്‍മാണവും. ജിനോം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടന്നു വരുന്ന ഗവേഷണങ്ങള്‍, ഈ രണ്ടു മേഖലയിലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്.

രോഗനിര്‍ണയം

ജിനോം വിവരങ്ങള്‍കൊണ്ട് മനുഷ്യന് ആദ്യം പ്രയോജനം ലഭിക്കുക രോഗനിര്‍ണയരംഗത്താവും. പല രോഗങ്ങളും ശരീരത്തെ ബാധിക്കുന്നതിന് മുമ്പ്, ജനിതകതലത്തില്‍ (തന്മാത്രാതലത്തില്‍) തന്നെ അതിന്റെ സൂചനകള്‍ കണ്ടെത്താനാകും. ഈ സാധ്യത വിപണനം ചെയ്യാന്‍ ഇതിനകം ചില കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ഉട്ടായിലെ സാള്‍ട്ട്‌ലേക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 'മിരിയാഡ് ജനറ്റിക്‌സ്' എന്ന കമ്പനി മൂന്നു രോഗനിര്‍ണയ ടെസ്റ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. BRCA1, BRCA2, AGT എന്നീ ജീനുകളുടെ തകരാറുകള്‍ കണ്ടെത്താനുള്ള ടെസ്റ്റുകളാണിവ. ഇതില്‍ ആദ്യത്തെ രണ്ടു ജീനുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ സ്തനാര്‍ബുദത്തിന്റെ പ്രാഥമിക സൂചനകളാണ്, AGT-യിലെ തകരാര്‍ ഹൃദ്രോഗത്തിന്റെയും.

ഇനിയും ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടില്ലാത്ത ആരോഗ്യപ്രശ്‌നങ്ങളാണ് സ്തനാര്‍ബുദവും ഹൃദ്രോഗവും. ജീനുകളിലെ ചെറിയൊരു അക്ഷരപിശക് രോഗമായി പരിണമിച്ചുകൊള്ളണമെന്നില്ല. പാരിസ്ഥിതികവും അല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ (പുകവലി, പരിസരമലിനീകരണം, ശരിയല്ലാത്ത ഭക്ഷണക്രമം, വ്യായാമമില്ലായ്മ) പ്രതികൂലമാകുമ്പോഴാണ്, ജീന്‍ തകരാറുകള്‍ പലപ്പോഴും രോഗമായി പരിണമിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച പ്രാഥമിക സൂചനകള്‍ കണ്ടെത്താനാകും എന്നുവന്നാല്‍, രോഗികളെ മാത്രമല്ല, രോഗം വരാന്‍ സാധ്യതയുള്ളവരെയും ചികിത്സിക്കുന്ന രീതി നിലവില്‍ വരും.

apoE എന്ന ജിനിലെ തകരാര്‍ കണ്ടെത്താനുള്ളതാണ് ലഭ്യമായിട്ടുള്ള മറ്റൊരു ടെസ്റ്റ്. ഈ ജീനിന്റെ നിര്‍ദ്ദേശ പ്രകാരമുണ്ടാകുന്ന പ്രോട്ടീനാണ്, കൊളസ്‌ട്രോളിനെ രക്തത്തില്‍ കലരാന്‍ സഹായിക്കുന്നത്. എന്നാല്‍, ഈ ജീനിനുണ്ടാകുന്ന തകരാര്‍ സ്മൃതിനാശ രോഗത്തിന്റെ പ്രാഥമിക സൂചനയാണ്. (ഇതിന്റെ കാരണം ഇനിയും അറിവായിട്ടില്ല). സ്മൃതിനാശരോഗം ചെറുക്കാനൊരു മരുന്ന കണ്ടെത്താനായി, പൊരിഞ്ഞ മത്സരമാണ് ഇപ്പോള്‍ ഗവേഷകലോകത്ത് നടക്കുന്നത്. ജനിതകതലത്തില്‍ തന്നെ രോഗസൂചന ലഭ്യമാകുന്ന സ്ഥിതിയുണ്ടായാല്‍, ഈ ഗവേഷണങ്ങളുടെ ഗതിതന്നെ വ്യത്യസ്തമാകും.

ജീന്‍ ചിപ്പുകള്‍

രോഗം തെറ്റുകൂടാതെ തിരിച്ചറിയാനും, അണുബാധയാണെങ്കില്‍, എതു രോഗാണുവാണ് ബാധിച്ചിട്ടുള്ളതെന്ന് കൃത്യമായി കണ്ടെത്താനും സഹായിക്കുന്ന 'ജീന്‍ ചിപ്പുകള്‍' (ഡി.എന്‍.എ.ചിപ്പുകള്‍) നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളും ഇപ്പോള്‍ സജീവമാണ്. കാലിഫോര്‍ണിയായിലെ 'അഫിമെട്രിക്‌സ്' പോലുള്ള കമ്പനികള്‍ ചിലയിനം ജീന്‍ ചിപ്പുകള്‍ ഇതിനകം വിപണിയിലെത്തിച്ചു കഴിഞ്ഞു. രക്താര്‍ബുദത്തിന്റെ രണ്ടു വകഭേദങ്ങളെ കൃത്യമായി പ്രവചിക്കാന്‍ സഹായിക്കുന്ന ജീന്‍ ചിപ്പ് വികസിപ്പിക്കുന്നതില്‍, വൈറ്റ്‌ഹെഡ് ഇന്‍സ്റ്റിട്ട്യൂട്ടിലെ രണ്ടു ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം വിജയിക്കുകയുണ്ടായി. ഇതിന്റെ ചുവടു പിടിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ വകഭേദങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജീന്‍ ചിപ്പുകളുടെ പണിപ്പുരയിലാണ് 'മില്ലെനിം ഫാര്‍മസ്യൂട്ടിക്കല്‍സ്' എന്ന കമ്പനി.

ഔഷധ സാധ്യതകള്‍

ജനിതകവും അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമായ പുതിയ ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന വിവരങ്ങളുടെ ഒരു അക്ഷയഖനിയാണ് ജിനോം സംഗ്രഹം. ഈ സാധ്യത മുന്‍കൂട്ടിക്കണ്ട് പല വന്‍കിട കമ്പനികളും തങ്ങളുടെ ഔഷധഗവേഷണ ശ്രമങ്ങള്‍ തന്നെ, ജനിതകശാസ്ത്രത്തിന്റെ രീതിക്കനുസരിച്ച് ചിട്ടപ്പെടുത്തിക്കഴിഞ്ഞു.

പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്താന്‍, 'മില്ലെനിം' കമ്പനി നടത്തുന്ന ശ്രമങ്ങള്‍ തന്നെയെടുക്കാം. പൊണ്ണത്തടി ഒരു രോഗമായി പലരും കരുതുന്നില്ലായിരിക്കാം. എന്നാല്‍ കഠിനമായ വ്യായാമമുറകളോ ഭക്ഷണക്രമീകരണമോ കൂടാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധം ലഭിക്കുമെന്നു വന്നാല്‍ അത് തീര്‍ച്ചയായും ഒരു പ്രലോഭനം തന്നെയായിരിക്കും. കൂടുതല്‍ തിന്നാന്‍ പ്രേരിപ്പിക്കുന്ന, അല്ലെങ്കില്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാന്‍ പ്രേരണ നല്‍കുന്ന പ്രോട്ടീനുകളെ വരുതിയിലാക്കാമെന്നും, തടി കുറയ്ക്കാന്‍ പാകത്തില്‍ അവയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് 'മില്ലെനിം' കമ്പനി.

ചികിത്സ വ്യക്തപരമാകും

ചിലര്‍ക്കു ഗുണം ചെയ്യുന്ന ഔഷധങ്ങള്‍ മറ്റു ചിലര്‍ക്ക് ഫലപ്രദമാകാതെ വരുന്നതെന്തുകൊണ്ടെന്നു കൃത്യമായി മനസിലാക്കാനും ജനിതകവിവരങ്ങള്‍ ഗവേഷകരെ സഹായിക്കും. ഒരേ രോഗം തന്നെ പല കാരണങ്ങളാല്‍ ഉണ്ടാകാം. ഏതെങ്കിലുമൊരു ജീന്‍ തകരാറുകൊണ്ട് ഒരാള്‍ക്കുണ്ടാകുന്ന രോഗം, വ്യത്യസ്തമായ കാരണം കൊണ്ടാകാം മറ്റൊരാളെ പിടികൂടുക. ഒരാള്‍ക്ക് ഫലം ചെയ്യുന്ന മരുന്ന് മറ്റൊരാളില്‍ ഫലിക്കാതെ വരുന്നതിന് ഇതാകാം കാരണം. യഥാര്‍ത്ഥ കാരണം തിരിച്ചറിയപ്പെടുമ്പോള്‍, ഒരേ രോഗത്തിനു തന്നെ പലര്‍ക്കും നിര്‍ദ്ദേശിക്കപ്പെടുക വ്യത്യസ്ത ഔഷധങ്ങളായിരിക്കും.

സ്മൃതിനാശരോഗത്തിന്റെ കാര്യം തന്നെ പരിഗണിക്കുക. 'പ്രസെനല്ലിന്‍' (Presenillin) എന്ന പ്രോട്ടീന് കാരണമായ ജീനില്‍ തകരാറുണ്ടായാല്‍ രോഗം വരാം. അതേസമയം, 'apoE' എന്ന ജീനിന്റെ കുഴപ്പം കൊണ്ടും രോഗം ഉണ്ടാകാം. രണ്ടു തരത്തിലായാലും, രോഗലക്ഷണങ്ങള്‍ ഏതാണ്ട് തുല്യമായിരിക്കും. രോഗലക്ഷണങ്ങള്‍ ഒന്നാണെന്നു കണ്ടതിനാല്‍ ഒരേ ഔഷധം തന്നെ നല്‍കിയാല്‍ ഗുണം ചെയ്‌തെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് 'ജീന്‍ ചിപ്പുകള്‍' സഹായത്തിനെത്തുക. ചികിത്സ തികച്ചും വ്യക്തിപരമായി മാറുന്ന കാലമാണ് വരുന്നതെന്നു സാരം.

ഒരു ഔഷധം ശരീരത്തിലെ യഥാര്‍ഥ ലക്ഷ്യത്തെ കൂടാതെ, മറ്റു തന്മാത്രകളുമായി ഇടപെടുന്നതാണ് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നത്. ജനിതക വിവരങ്ങളുടെ സഹായത്തോടെ ഫലപ്രദമായ 'സ്‌ക്രീനിങ്' നിലവില്‍ വരുന്നതോടെ, പാര്‍ശ്വഫലങ്ങള്‍ പാടെ ഒഴിവാക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍

'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' എന്നൊരു ഔഷധശാഖ തന്നെ കരുത്താര്‍ജിക്കാന്‍ ജിനോം രഹസ്യങ്ങളുടെ വെളിപ്പെടല്‍ വഴിതെളിക്കും. യഥാര്‍ഥത്തില്‍ 'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' പുതിയ ഔഷധങ്ങളല്ല. പ്രമേഹ ചികിത്സയ്ക്കുപയോഗിക്കുന്ന 'ഇന്‍സുലിന്‍', ചിലയിനം അനീമിയക്കെതിരെ ഉപയോഗിക്കപ്പെടുന്ന 'എറിത്രോപൊയെറ്റിന്‍' ഇവയൊക്കെ ഈ ഗണത്തില്‍ പെടുന്ന ഔഷധങ്ങളാണ്. പക്ഷേ, ഇത്തരം അരഡസന്‍ ഔഷധങ്ങളേ ഇപ്പോള്‍ നിലവിലുള്ളു.

വരുംവര്‍ഷങ്ങളില്‍ നിരവധി 'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' പുതിയതായി രംഗത്തെത്താന്‍ ജിനോം മാപ്പ് കാരണമാകും. അമേരിക്കയില്‍ റോക്ക്‌വില്ലയിലെ 'ഹ്യുമന്‍ ജിനോം സയന്‍സ്' (HGS) എന്ന കമ്പനിയിലെ ഗവേഷകര്‍ ഒരുകൂട്ടം പുതിയ തെറാപ്യൂട്ടിക് പ്രോട്ടീനുകളുടെ പണിപ്പുരയിലാണ്. നിര്‍മാണഘട്ടത്തിലുള്ള ഒരെണ്ണം KGF2 എന്ന പ്രോട്ടീന്‍ ആധാരമാക്കിയുള്ളതാണ്. ത്വക്കിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീനാണിത്. പ്രമേഹം പോലുള്ള രോഗം ബാധിച്ചവര്‍ക്കുണ്ടാകുന്ന മാരകമായ അള്‍സറുകള്‍ ഭേദമാക്കാന്‍ ഈ പ്രോട്ടീനുകള്‍ സഹായിക്കുമോ എന്നതാണ് പഠനവിഷയം.

രക്തകോശങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുന്ന MPIF ആണ് എച്ച്.ജി.എസിന്റെ പരീക്ഷണശാലയിലുള്ള മറ്റൊരു പ്രോട്ടീന്‍. അര്‍ബുധബാധ മൂലം കോശങ്ങള്‍ അമിതമായി പെരുകുന്നത് ഈ പ്രോട്ടീന്‍ ഉപയോഗിച്ചു നിയന്ത്രിക്കാനാണ് ഗവേഷകരുടെ ശ്രമം. രക്തധമനികളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന VEGF എന്ന പ്രോട്ടീന്റെ സഹായത്തോടെ, കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സമുണ്ടായ ധമനികളില്‍, ബൈപാസ് ആയി പുതിയ ധമനികള്‍ വളര്‍ത്തിയെടുക്കാനാകുമോ എന്നതാണ് പഠനവിധേയമായിക്കൊണ്ടിരിക്കുന്ന മറ്റൊരു കാര്യം.

ഈ ശ്രമങ്ങള്‍ വിജയിച്ചാല്‍, തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍ ഔഷധരംഗം കൈയടക്കുമെന്ന് എച്ച്.ജി.എസ്. മേധാവി ജില്‍ ഹേസല്‍ടിന്‍ പറയുന്നു. ഇത്തരം ഔഷധങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകില്ല. ഒന്നിലധികം മരുന്നുകള്‍ ഒരേസമയം കഴിക്കേണ്ടി വരുമ്പോള്‍, അവ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടന്ന് പാര്‍ശ്വഫലങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ പരമ്പരാഗത ഔഷധങ്ങളെ അപേക്ഷിച്ച് ഇങ്ങനെ പ്രതിപ്രവര്‍ത്തിക്കാനുള്ള സാധ്യത, തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍ ഉപയോഗിക്കുമ്പോള്‍ വിരളമാണെന്ന് ബില്‍ ഹേസല്‍ടിന്‍ പറയുന്നു.

ചുരുക്കത്തില്‍, ജിനോം വിവരങ്ങള്‍ കൂടുതലായി ചുരുള്‍ നിവരുന്നതോടെ സാധ്യതകളുടെ അപാരതയിലേക്കാണ് ചികിത്സാരംഗം കൂപ്പുകുത്താന്‍ പോകുന്നതെന്നു പറയാം. കാര്യങ്ങളൊരിക്കലും ഇനി പഴയപടിയാകില്ല എന്നു സാരം.

- മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍ 2000

Wednesday, January 20, 2010

മാനവജിനോം -1 : സൃഷ്ടിയുടെ എട്ടാംദിനം

ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷ മനുഷ്യന് കരഗതമായിരിക്കുന്നു. ഡി.എന്‍.എ.യുടെ സങ്കീര്‍ണമായ ചുരുളുകള്‍ നിവര്‍ത്തി മനുഷ്യന്‍ വായിച്ചെടുത്ത പുതിയ ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി മുന്നോട്ട് ചരിക്കുക - സമ്പൂര്‍ണ ജനിതക മാപ്പ് തയ്യാറാക്കാന്‍ ശാസ്ത്രലോകം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട തപസ്യയെക്കുറിച്ചാണ് ഈ ലേഖനം

എഴുപതുകളിലാണ് - മോളിക്യുലാര്‍ ബയോളജിയുടെ ബാല്യകാലത്തെപ്പറ്റി ഹൊരാസ് ഫ്രീലാന്‍ഡ് ജഡ്‌സന്‍ ഒരു പുസ്തകം രചിച്ചു. ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ഡി.എന്‍.എ. മാതൃകയുടെ പ്രാഥമിക സാധ്യതകളുമായി മുന്നേറിക്കൊണ്ടിരുന്ന കാലഘട്ടത്തെപ്പറ്റിയുള്ള ആ ഗ്രന്ഥത്തിന്റെ പേര് ഇതായിരുന്നു: 'ദി എയ്ത് ഡേ ഓഫ് ക്രിയേഷന്‍'-സൃഷ്ടിയുടെ എട്ടാംദിനം.

എന്നാല്‍, സൃഷ്ടിയുടെ ആ പുതുദിനത്തിലേക്ക് മനുഷ്യന്‍ ശരിക്കും ചുവടുവെച്ചത് 2000 ജൂണ്‍ 26-നായിരുന്നു. മനുഷ്യജീവിയുടെ സമ്പൂര്‍ണ ജനിതകമാപ്പ് തയ്യാറായ വിവരം പ്രഖ്യാപിക്കപ്പെട്ടത് അന്നാണ്. മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരമായ രാസസംജ്ഞകള്‍ കോഡു ചെയ്യപ്പെട്ടിരിക്കുന്ന ഡി.എന്‍.എ. ഇനിയൊരു രഹസ്യമല്ലെന്നായിരുന്നു ആ പ്രഖ്യാപനത്തിന്റെ കാതല്‍.

18 രാജ്യങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ ആയിരത്തിലേറെ ഗവേഷകര്‍ പത്തുവര്‍ഷം നടത്തിയ ശ്രമകരമായ കൂട്ടായ്മയുടെ ഫലമായിരുന്നു ആ പ്രഖ്യാപനം. 'ഹ്യുമന്‍ ജിനോം പ്രോജക്ട്' എന്ന ബഹുരാഷ്ട്ര സംരംഭമാണ് ഡി.എന്‍.എ.യുടെ സങ്കീര്‍ണ ചുരുളുകള്‍ നിവര്‍ത്തി, ജീവന്റെ രഹസ്യം കുറിച്ചിട്ടിരിക്കുന്ന ആ മഹാഗ്രന്ഥത്തെ വായനക്ക് പാകമാക്കിയത്. അമേരിക്കയിലെ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ 1990-ല്‍ ആരംഭിച്ച 'ജിനോം പ്രോജക്ടി'നൊപ്പം, 1998-ല്‍ മാത്രം ഈ മേഖലയിലേക്കു കടന്നുവന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യസ്ഥാപനവും ഡി.എന്‍.എ. സാരം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

മനുഷ്യന്‍ സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഭാഷ ശാസ്ത്രത്തിന്റെ സരണിയിലേക്ക് കടന്നുവരികയായിരുന്നു. 'ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പറഞ്ഞു. ഈ പുതിയ ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി മുന്നോട്ടു ചരിക്കാന്‍ പോകുന്നത്.

ചരിത്രവഴികള്‍

ജനിതശാസ്ത്രത്തിന്റെ നാള്‍വഴിയിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍ നാമെത്തുക, ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബര്‍നോയിലെ ഒരു പച്ചക്കറി തൊട്ടത്തിലായിരിക്കും. അവിടെയാണ്, 1850-കളില്‍ മൊറോവിയന്‍ സന്യാസിയായിരുന്ന ഗ്രിഗര്‍ മെന്റല്‍, പയര്‍ചെടികള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി പാരമ്പര്യത്തിന്റെ ഗുണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. തലമുറകളില്‍നിന്ന് തലമുറകളിലേക്കു പകരുന്ന പൈതൃകഗുണങ്ങളെ യുക്തിപൂര്‍വം മനസിലാക്കാന്‍ ശാസ്ത്രലോകത്തിന് പ്രേരണയായത് മെന്‍ഡലിന്റെ പരീക്ഷണങ്ങളായിരുന്നു.

ജീനുകളെപ്പറ്റിയോ അവയ്ക്കാധാരമായ ഡി.എന്‍.എ.യെപ്പറ്റിയോ എന്തെങ്കിലും വിവരങ്ങള്‍ അന്ന് അറിയാമായിരുന്നില്ല. 'ജീന്‍' എന്ന വാക്കുപോലും ശാസ്ത്രത്തിന്റെ പദാവലിയിലേക്കു കടന്നുവരുന്നത്, മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍ നടന്ന് അരനൂറ്റാണ്ടിനുശേഷമാണ്; 1909-ല്‍. മാത്രമല്ല, ഫോസ്‌ഫേറ്റും ഷുഗറും നൈട്രജന്‍ ബേസുകളുമാണ് 'ഡി-ഓക്‌സീറൈബോ ന്യൂക്ലിക് ആസിഡ്' എന്ന ഡി.എന്‍.എ.യുടെ ചേരുവയെന്നും ഗവേഷകര്‍ കണ്ടെത്തി.

പിന്നെയും അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ്, ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ.തന്മാത്രയുടെ മാതൃക കണ്ടെത്തിയത്. 1953-ലായിരുന്നു അത്. ജനിതകരഹസ്യങ്ങളുടെ സങ്കീര്‍ണഭൂമികയിലേക്ക് ചുവടുവെക്കാന്‍ ശാസ്ത്രത്തെ പ്രാപ്തമാക്കിയത് ഈ കണ്ടെത്തലായിരുന്നു. യാദൃശ്ചികമാവാം, പിന്നെയും അരനൂറ്റാണ്ടിനുശേഷമാണ്, വാട്‌സനും ക്രിക്കും കാട്ടിത്തന്ന ഡി.എന്‍.എ.രൂപത്തെ പൂര്‍ണമായി ചുരുളഴിക്കുന്നതില്‍ വിജയിച്ചതായി പ്രഖ്യാപനമുണ്ടാകുന്നത്.

ജീവന്റെ പിരിയന്‍ഗോവണി

കോടാനുകോടി കോശങ്ങള്‍ കൊണ്ടാണ് മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകാത്തത്ര ചെറുതാണ് ഓരോ കോശവും. ഓരോ കോശത്തിലും മൂന്നു പ്രധാനഭാഗങ്ങളുണ്ട്; കോശഭിത്തി, കോശദ്രവ്യം (പ്രോട്ടോപ്ലാസം), കോശമര്‍മം (ന്യൂക്ലിയസ്). കോശമര്‍മത്തിലാണ് ഡി.എന്‍.എ.തന്മാത്ര സ്ഥിതിചെയ്യുന്നത്. കോശമര്‍മത്തിലെ 23 ജോടി ക്രോമസോമുകളിലായി അത് ക്രമീകരിച്ചിരിക്കുന്നു. ഈ ജോടികളില്‍ ഒരെണ്ണം മാതാവില്‍നിന്നും ഒരെണ്ണം പിതാവില്‍നിന്നും ലഭിക്കുന്നതാണ്. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ രാസനിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് ഡി.എന്‍.എ.യിലാണ്. അതുകൊണ്ട് ഇതിനെ 'ജീവന്റെ തന്മാത്ര'യെന്ന് പറയാറുണ്ട്.

കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണി സങ്കല്‍പ്പിക്കു. ഡി.എന്‍.എ.യുടെ ഘടന ഇതിന് തുല്യമാണ്. (ഈ പിരിയന്‍ ഗവണിയെ നിവര്‍ത്തി അളന്നു നോക്കിയാല്‍, അതിന് ഏതാണ്ട് അഞ്ചടി നീളവും, ഒരിഞ്ചിന്റെ ഒരു ലക്ഷം കോടിയില്‍ 50 ഭാഗം എത്രയാണോ അത്രയും കനവുമുണ്ടായിരിക്കും). ഡി-ഓക്‌സീറൈബോസ് എന്ന പഞ്ചസാരയും ഫോസ്‌ഫേറ്റും ഒന്നിടവിട്ടു കൊരുത്തിട്ട കൈവരിയാണ് ഈ ഗോവണിയുടേത്. ഗോവണി പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍(A), തൈമൈന്‍(T), ഗ്വാനൈന്‍(G), സൈറ്റോസൈന്‍(C) എന്നീ നൈട്രജന്‍ ഉപയൂണിറ്റുകളാല്‍ ന്യൂക്ലിയോടൈഡുകള്‍ നിര്‍മിച്ചിരിക്കുന്നു. ഈ രാസഉപയൂണിറ്റുകളാണ് 'ബേസു'കള്‍ എന്നറിയപ്പെടുന്നത്. ഇതില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 300 കോടിയിലേറെ രാസബന്ധങ്ങളാണ് ഡി.എന്‍.എ.തന്മാത്രയിലുള്ളത്.

പ്രോട്ടീനുകളുടെ ലോകം

ശരീരത്തിലെ ഓരോ തന്മാത്രയും ഏതെങ്കിലും ഒരു പ്രോട്ടീനോ അല്ലെങ്കില്‍ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനഫലമോ ആണ്. അമിനോ ആസിഡുകള്‍കൊണ്ടാണ് പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നത്. ഇരുപതോളം വ്യത്യസ്ത അമിനോ ആസിഡുകളുണ്ട്. അവ പല അനുപാതത്തില്‍ ചേര്‍ന്നുണ്ടാകുന്ന ചങ്ങലരൂപത്തിലുള്ള യൂനിറ്റുകളാണ് ഓരോ പ്രോട്ടീനും.

ഏതെങ്കിലും പ്രത്യേക പ്രോട്ടീന് കാരണമായ ഡി.എന്‍.എ. ഭാഗത്തെ 'ജീന്‍' എന്നു പറയുന്നു. ജീനുകള്‍ക്കും പ്രോട്ടീനുകള്‍ക്കും മധ്യേയുള്ള സന്ദേശവാഹികളായി ആര്‍.എന്‍.എ.(റൈബോ ന്യൂക്ലിക് ആസിഡ്) തന്മാത്ര പുറപ്പെടുവിക്കുന്ന റൈബോസോമുകള്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങള്‍ എങ്ങനെ കാണപ്പെടണം, എത്ര ഉയരമുണ്ടാകണം, എത്ര ബുദ്ധിനിലവാരം വേണം, തൊലി കറുത്തിരിക്കണോ വെളുത്തിരിക്കണോ, കണ്ണുകള്‍ക്ക് പച്ചനിറം വേണോ സാധാരണനിറം മതിയോ എന്നിങ്ങനെ ഓരോ മനുഷ്യന്റെയും 'ശിരോലിഖിതം' യഥാര്‍ത്ഥത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത് ജീനുകളിലാണ്. മനുഷ്യ ഡി.എന്‍.എ.യില്‍ എത്ര ജീനുകളുണ്ടെന്ന് ഇനിയും വ്യക്തമല്ല. ചില ഏകദേശ കണക്കുകള്‍ പ്രകാരം 35,000 മുതല്‍ ഒന്നരലക്ഷം വരെയാകാം ജീനുകളുടെ സംഖ്യ. ഡി.എന്‍.എ.യില്‍ 300 കോടിയോളം രാസബന്ധങ്ങളുണ്ടെങ്കിലും അതു മുഴുവന്‍ ജീനുകളായി പ്രവര്‍ത്തിക്കുന്നില്ല. അതില്‍ വെറും രണ്ടുശതമാനം മാത്രമേ ജീനുകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കി 98 ശതമാനം ഭാഗവും 'ജങ്ക് ഡി.എന്‍.എ.'യാണ്.

മാനവജിനോം പദ്ധതി

1953-ല്‍ വാട്‌സനും ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ.മാതൃക കണ്ടെത്തിയെങ്കിലും, അതിന്റെ അസാധാരണ സങ്കീര്‍ണത മനസ്സിലാക്കാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. സാധാരണഗതിയിലുള്ള ഒറ്റപ്പെട്ട ഗവേഷണങ്ങള്‍കൊണ്ടൊന്നും ജീവന്റെ പുസ്തകം വായിച്ചെടുക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രലോകം മനസ്സിലാക്കി. അത്ര ബൃഹത്തും സങ്കീര്‍ണവുമാണ് ഡി.എന്‍.എ.യെന്ന തിരിച്ചറിവില്‍നിന്നാണ് 'മാനവജിനോംപദ്ധതി'(Human Genome Project) യെന്ന മഹാസംരംഭത്തിന്റെ പിറവി. (ഒരു ജീവിയുടെ പൂര്‍ണ ജനിതകസാരത്തെയാണ് ജിനോം എന്നു പറയുക). 'ജിനോംപദ്ധതി'ക്ക് രൂപം നല്‍കാനായി ആദ്യചര്‍ച്ച 1985-ല്‍ നടന്നു. 1988-ല്‍ യു.എസ്.നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കി.

അമേരിക്കന്‍ സ്ഥാപനമായ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ നടത്താനാണ് വിഭാവനം ചെയ്തതെങ്കിലും, 'ജിനോംപദ്ധതി' വെറുമൊരു അമേരിക്കന്‍ പദ്ധതിയായി മാറരുതെന്ന് ജയിംസ് വാട്‌സനെപ്പോലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 18 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ പദ്ധതിക്കായി കൈകോര്‍ത്തു. ബ്രിട്ടനില്‍ വെല്‍ക്കം ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. 300 കോടി ഡോളര്‍ (ഏതാണ്ട് 13,200 കോടി രൂപ) ചെലവില്‍, 15 വര്‍ഷം കൊണ്ട് ഡി.എന്‍.എ.സാരം പൂര്‍ണമായി മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ, 1990-ല്‍ 'ഹ്യുമന്‍ ജിനോം പദ്ധതി' പ്രവര്‍ത്തനമാരംഭിച്ചു.

മനുഷ്യ ഡി.എന്‍.എ.യിലെ 300 കോടിയോളം രാസബന്ധങ്ങള്‍ വിശകലനം ചെയ്യുക, ഒരു ലക്ഷമോ അതിലധികമോ വരുന്ന ജീനുകളെ തിരിച്ചറിയുക, വിവിധ ജനവിഭാഗങ്ങളുടെ ജീന്‍ ശേഖരങ്ങളെ താരതമ്യം ചെയ്യുക, പദ്ധതികൊണ്ട് സൃഷ്ടിക്കപ്പെടുന്ന സാമൂഹിക, നൈതിക, നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക - ജിനോം പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഇവയായിരുന്നു. ആദ്യരണ്ടു വര്‍ഷങ്ങളില്‍ ജയിംസ് വാട്‌സന്‍ തന്നെയായിരുന്നു പദ്ധതിയുടെ സാരഥി. അതിനുശേഷമാണ്, 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ മേധാവി ഫ്രാന്‍സിസ് കോളിന്‍സ് ജിനോം പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തത്.

പദ്ധതിയുടെ വിജയത്തിന് മറ്റ് നിരവധി ജീവികളുടെയും ജിനോം തിരിച്ചറിയപ്പെടണം. ആ ദിശയില്‍ നടന്ന ശ്രമങ്ങള്‍ 1995-ല്‍ ആദ്യവിജയം നേടിയത്, 'ഹോമോഫിലസ് ഇന്‍ഫഌവന്‍സാ' എന്ന സൂക്ഷ്മജീവിയുടെ ജിനോം തിരിച്ചറിഞ്ഞതോടെയാണ്.

'സെലേറ' വെല്ലുവിളി ഉയര്‍ത്തുന്നു

കോടിക്കണക്കിന് വിവരങ്ങള്‍ ഒരേസമയം വിശകലനം ചെയ്യാന്‍ ശേഷിയുള്ള കമ്പ്യൂട്ടറുകള്‍. നൂറുകണക്കിന് 'ഡി.എന്‍.എ. സീക്വന്‍സിങ്' മെഷീനുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ കമ്പൂട്ടറുകള്‍ സംഭരിച്ചു വിശകലനം ചെയ്യുന്നു. വിശ്രമമില്ലാതെ വര്‍ഷങ്ങളോളം നടന്ന ഈ പ്രവര്‍ത്തനമാണ് ഡി.എന്‍.എ.യുടെ അപകോഡീകരണത്തിന് (decoding) വഴിതെളിച്ചത്. തുടക്കത്തില്‍ തികച്ചും മന്ദഗതിയിലാണ് പദ്ധതി മുന്നോട്ടു നീങ്ങിയത്. 15 വര്‍ഷമായിരുന്നുവല്ലോ കാലയളവ്. എന്നാല്‍, കമ്പ്യൂട്ടര്‍ സാങ്കേതികതയും വിവരവിശകലന സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായതോടെ, 2003-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാകും എന്നു കരുതി.

എന്നാല്‍, 1998-ഓടെ ഈ കണക്കുകൂട്ടല്‍ തെറ്റി. അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യകമ്പനി, ജിനോം പ്രോജക്ട് എന്ന പൊതുസംരംഭത്തിന് വെല്ലുവിളിയുയര്‍ത്തി രംഗത്തു വന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത് വിട്ടുപോന്ന ക്രെയ്ഗ് വെന്റര്‍ എന്ന ജനിതകശാസ്ത്രജ്ഞനാണ് ഇതിന്റെ മേധാവി. അമേരിക്കന്‍ പ്രതിരോധസംഘടനയായ പെന്റഗണ്‍ കഴിഞ്ഞാല്‍, ഭൂമുഖത്ത് ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര്‍ സംവിധാനമുള്ളത് 'സെലേറ'യ്ക്കാണെന്നും, അതിനാല്‍ ജിനോംപദ്ധതി പൂര്‍ത്തിയാകും മുമ്പ് മാനവജനിതകമാപ്പ് തയ്യാറാക്കാന്‍ തങ്ങള്‍ക്കാകുമെന്നും ക്രെയ്ഗ് വെന്റര്‍ പ്രസ്താവിച്ചതോടെ, ജിനോംപദ്ധതി അധികൃതര്‍ പദ്ധതിക്കാലയളവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.

മത്സരം മുറുകിയതോടെ, ജനിതക കണ്ടെത്തലുകള്‍ പേറ്റന്റ് ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മനുഷ്യപൈതൃകം സംബന്ധിച്ച അമൂല്യവിവരങ്ങള്‍ ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ സ്വന്തമാക്കുന്നതിനെതിരെ വന്‍പ്രതിഷേധമുയര്‍ന്നു. ഇതേതുടര്‍ന്നാണ്, ജിനോം പ്രോജക്ടിന്റെ ഭാഗമായി സീക്വന്‍സ് ചെയ്യപ്പെടുന്ന ഡി.എന്‍.എ.വിവരങ്ങള്‍ മുഴുവന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍, ഇന്റര്‍നെറ്റില്‍ വെളിപ്പെടുത്തുമെന്ന് ബില്‍ ക്ലിന്റനും ടോണി ബ്ലെയറും കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത്.

ജിനോം ഗവേഷണങ്ങളുടെ ഭാഗമായി, പഴയീച്ചയും എലിയുമുള്‍പ്പടെ 30-ഓളം ജീവികളുടെ ജനിതകമാപ്പ് ഇതിനകം തയ്യാറായിക്കഴിഞ്ഞു. മറ്റ് നൂറോളം ജീവികളുടെ ജനിതകസംഗ്രഹം അവസാന മിനുക്കുപണിയിലാണ്.

ജിനോം മാപ്പ് തയ്യാറായിക്കഴിഞ്ഞ ജീവികളിലൊന്നാണ് ഇപ്പോള്‍ മനുഷ്യന്‍. വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും, മനുഷ്യ ഡി.എന്‍.എ.യുടെ പൂര്‍ണസംഗ്രഹം തയ്യാറായ വിവരം, 'ജിനോം പ്രോജക്ടും' 'സെലേറ'യും ജൂണ്‍ 26-ന് തന്നെയാണ് പ്രഖ്യാപിച്ചത്. ജിനോം പ്രോജക്ട് കണ്ടെത്തിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷേ, തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ 'സെലേറ' തയ്യാറായിട്ടില്ല.

ഡി.എന്‍.എ.യിലുള്ള 300 കോടി രാസബന്ധങ്ങളില്‍ 97 ശതമാനവും കണ്ടെത്തിക്കഴിഞ്ഞെന്നും, അതില്‍ 85 ശതമാനവും ശരിയായ ക്രമത്തിലാണെന്നും ജിനോം പ്രഖ്യാപനം നടത്തിക്കൊണ്ട് ഗവേഷകര്‍ പറഞ്ഞു. അവശേഷിക്കുന്ന തെറ്റുകുറ്റങ്ങള്‍ മാറ്റി, ജനിതകസംഗ്രഹത്തിന്റെ സംശുദ്ധരൂപം 2003-ഓടെ പൂര്‍ത്തിയാകും. ഇപ്പോള്‍ തയ്യാറായിട്ടുള്ളത് ഒരു 'പ്രവര്‍ത്തനരൂപരേഖ' (working draft) മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? ഈ 'ജനിതകരൂപരേഖ' എങ്ങനെയാണ് പ്രയോജനം ചെയ്യുക? ജനിതക വിവരങ്ങള്‍ തെറ്റായ കരങ്ങളിലെത്തിയാല്‍ എന്തുസംഭവിക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

കോടിക്കണക്കിന് 'വിവരങ്ങള്‍' അടങ്ങിയ 'ജീവന്റെ പുസ്തകം' വായനയ്ക്കു തയ്യാറായി എന്നതാണ് ഉണ്ടായിരിക്കുന്നത്. പുസ്തകത്തിലെ പേജുകളെല്ലാം ശരിയായ ക്രമത്തിലാണ്. ഈ 'വിവരങ്ങള്‍' യുക്തിപൂര്‍വം വിശകലനം ചെയ്ത് ഇനി 'അറിവാ'ക്കി മാറ്റണം. ജീനുകളെന്ന രാസവാചകങ്ങള്‍ കണ്ടെത്തണം. ഇവയിലെ ഏത് അക്ഷരപിശകുകളാണ് രോഗങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് തിരിച്ചറിയണം. (ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്). ഈ തകരാറുകള്‍ മാറ്റിയെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം.

എന്നുവെച്ചാല്‍, ജനിതകരഹസ്യങ്ങളുടെ ഒരു വിശാലഭൂമികയിലേക്ക് ശാസ്ത്രം പാദമൂന്നിയിരിക്കുകയാണ്. ഇനിയുള്ള പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും ഇവിടെനിന്നു തുടങ്ങണം; ഡി.എന്‍.എ.യുടെ സൂക്ഷ്മപ്രപഞ്ചത്തില്‍ നിന്ന്.

-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍, 2000

Monday, January 18, 2010

ഡി.എന്‍.എ. ഘടനയുടെ അരനൂറ്റാണ്ട്

പല കാര്യങ്ങളാലും ശ്രദ്ധേയമായ ഒരു വര്‍ഷമായിരുന്നു 1953. മുപ്പത് വര്‍ഷക്കാലം റഷ്യയെ ഉരുക്കു മുഷ്ടികൊണ്ട് ഭരിച്ച ജോസഫ് സ്റ്റാലിന്‍ അന്തരിച്ചു. ബ്രിട്ടനിലെ രാജ്ഞി എലിസബത്ത്-രണ്ടിന്റെ അന്ത്യം. ആ വര്‍ഷം തന്നെയാണ് എവറസ്റ്റ് കൊടുമുടി മനുഷ്യന്‍ കീഴടക്കിയതും. സ്വാഭാവികമായും ഇവയൊക്കെ വന്‍ വാര്‍ത്താപ്രധാന്യം നേടി. അത്രയൊന്നും മാധ്യമശ്രദ്ധ ലഭിക്കാതെ പോയ മറ്റൊരു സംഭവവും അതേ വര്‍ഷമുണ്ടായി. ജീവന്റെ തന്മാത്രയായ ഡീഓക്‌സീറൈബോ ന്യൂക്ലിക് ആസിഡി (ഡി.എന്‍.എ) ന്റെ ഘടന കണ്ടെത്തിയതായിരുന്നു ആ സംഭവം. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ ആകൃതി (double helix) യാണ് ഡി.എന്‍.എ.യുടേതെന്ന് ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് കണ്ടെത്തി. എവറസ്റ്റ് കൊടുമുടി പോലെ മറ്റൊരു കൊടുമുടിയാണ് ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലോടെ കീഴടക്കിയതെന്ന് ലോകം മനസിലാക്കാന്‍ പക്ഷേ, വൈകി.

ബ്രിട്ടനില്‍ കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഗവേഷകരായിരുന്നു അന്ന് വാട്‌സണും ക്രിക്കും. 1953 ഫിബ്രവരി 28-ന് കേംബ്രിഡ്ജില്‍ 'ഈഗിള്‍' എന്നു പേരായ ഭക്ഷണശാലയില്‍, ഉച്ചഭക്ഷണത്തിന് ഒത്തുകൂടിയ സുഹൃത്തുക്കളോടാണ്, 'ജീവന്റെ രഹസ്യം' തങ്ങള്‍ കണ്ടെത്തിയതായി ആദ്യമായി വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തല്‍ പക്ഷേ, അവിടെ കൂടിയിരുന്ന ആരിലും വലിയ പ്രതികരണമുണ്ടാക്കിയില്ല. പലരും ഈ അവകാശവാദത്തെ ഗൗരവമായി എടുത്തുമില്ല. ബ്രിട്ടീഷ് ശാസ്ത്രമാസികയായ 'നേച്ചറി'ന്റെ ആ ഏപ്രില്‍ 25-ന്റെ ലക്കത്തില്‍ 'എ സ്ട്രക്ച്ചര്‍ ഓഫ് ഡീഓക്‌സീ റൈബോന്യൂക്ലിക് ആസിഡ്' എന്ന പേരില്‍ വെറും രണ്ടു പേജ് വരുന്ന ഒരു ലേഖനം വാട്‌സന്റെയും ക്രിക്കിന്റേയുമായി പ്രത്യക്ഷപ്പെട്ടു. ഡി.എന്‍.എ.ഘടനയുടെ കണ്ടെത്തലിനെപ്പറ്റിയുള്ള വിവരം ആദ്യമായി ലോകം അറിഞ്ഞത് ആ ലേഖനം വഴിയാണ്.

ശാസ്ത്രസമൂഹത്തില്‍ പോലും അന്ന് ആ കണ്ടെത്തല്‍ ചലനമുണ്ടാക്കിയില്ല. ലോകത്തെ പിടിച്ചുകുലുക്കേണ്ടിയിരുന്ന ആ വര്‍ത്ത 'ന്യൂസ് ക്രോണിക്കിള്‍' എന്ന ബ്രിട്ടീഷ് പത്രം (ഇന്നത് നിലവിലില്ല) മാത്രമാണ് ഒരു ചെറുകോളത്തില്‍ പ്രസിദ്ധപ്പെടുത്തിയത്: 'വൈ ആര്‍ യു' എന്ന തലക്കെട്ടില്‍!

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഡി.എന്‍.എ. ഘടനയുടെ വെളിപ്പെടല്‍ എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഡി.എന്‍.എ.യിലെ രഹസ്യങ്ങളാണ് പുതിയ നൂറ്റാണ്ടിന്റെ ചാലകശക്തിയായി മാറിയിരിക്കുന്നത്. 'ജിനോം' യുഗത്തിലേക്ക് ലോകം ചുവടുവെച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ പൂര്‍ണജനിതകസാരമായ 'മാനവജിനോമി'ന്റെ ആദ്യ രൂപരേഖ 2001 ജനവരിയില്‍ ലോകത്തിന് ലഭിച്ചു. ഇതിന്റെയെല്ലാം തുടക്കം അരനൂറ്റാണ്ട് മുമ്പ് വാട്‌സണും ക്രിക്കും ചേര്‍ന്നു നടത്തിയ ആ കണ്ടെത്തലായിരുന്നു. 1962-ലെ നോബല്‍ സമ്മാനം വാട്‌സണും ക്രിക്കും, മൗറിസ് വില്‍ക്കിന്‍സ് എന്ന ശാസ്ത്രജ്ഞനൊപ്പം പങ്കുവെച്ചു.

ഏത് ജീവിയുടെയും ജീവല്‍പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന രാസനിര്‍ദ്ദേശങ്ങള്‍ ജീനുകളിലാണ് കുടികൊള്ളുന്നത്. ഡ.എന്‍.എ. തന്മാത്രയിലാണ് ജീനുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഡി.എന്‍.എ.യെ 'ജീവന്റെ തന്മാത്ര'യെന്ന് വിളിക്കുന്നത്. കോശമര്‍മത്തില്‍ ക്രോമസോമുകളിലാണ് ഡി.എന്‍.എ.യെ ക്രമീകരിച്ചിട്ടുള്ളത്. (മനുഷ്യന്റെ കാര്യത്തില്‍ 23 ജോഡി ക്രോമസോമുകള്‍ ഉണ്ട്). ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എ.യുടേതെന്നാണ് വാട്‌സണും ക്രിക്കും കണ്ടെത്തിയത്. കോടിക്കണക്കിന് പടികള്‍ പിരിയന്‍ ഗോവണിക്കുണ്ട്. ഈ ഗോവണിപ്പടികള്‍ ന്യൂക്ലിയോടൈഡുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. 'ബേസുകള്‍' എന്നറിയപ്പെടുന്ന അഡനൈന്‍ (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസെന്‍ (C) എന്നീ രാസ ഉപയൂണിറ്റുകള്‍ അടങ്ങിയതാണ് ന്യൂക്ലിയോടൈഡുകള്‍. ജീവന്റെ ഭാഷ രചിക്കപ്പെട്ടിട്ടുള്ള രാസാക്ഷരങ്ങളായാണ് A,T,G,C എന്നിവ കണക്കാക്കപ്പെടുന്നത്.

മനുഷ്യ ഡി.എന്‍.എ.യില്‍ ഇത്തരം 320 കോടി രാസബന്ധങ്ങളാണ് ഉള്ളത്. ഈ രാസാക്ഷരങ്ങളെല്ലാം ജീനുകള്‍ ആകുന്നില്ല. 30,000-നും 40,000-നും മധ്യേ ജീനുകള്‍ മനുഷ്യ ഡി.എന്‍.എ.യിലുണ്ടെന്നാണ് 'മാനവജിനോമി'ന്റെ കരടുരേഖ വെളിവാക്കിയത്. ആ ജീനുകളുടെ നിര്‍ദേശമനുസരിച്ച് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ്, ശരീരത്തിന്റെ മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത്. ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍, ജിനോം വിവരങ്ങള്‍ ഉപയോഗിച്ച് പുത്തന്‍ ചികിത്സാക്രമങ്ങളും ഔഷധങ്ങളും കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇപ്പോള്‍ വൈദ്യശാസ്ത്രം. കോടിക്കണക്കിനുള്ള ജിനോം വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി 'ബയോഇന്‍ഫര്‍മാറ്റിക്‌സ്' എന്നൊരു പ്രത്യേകശാഖ തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ രൂപം കൊണ്ടിരിക്കുന്നു. അനന്ത സാധ്യതകളാണ് ജിനോം വിവരങ്ങള്‍ മുന്നോട്ടു വെക്കുന്നത്.

ഇതിന്റെയൊക്കെ തുടക്കം 50 വര്‍ഷം മുന്‍പ് വാട്‌സണും ക്രിക്കും ചേര്‍ന്നു നടത്തിയ കണ്ടുപിടിത്തത്തില്‍ നിന്നാണെങ്കിലും, പാരമ്പര്യ ഗുണങ്ങള്‍ നിയന്ത്രിക്കുന്ന ഡി.എന്‍.എ.തന്മാത്രയെപ്പറ്റി ശാസ്ത്രം മുമ്പുതന്നെ ആകാംക്ഷ കാട്ടിയിരുന്നു. ഫ്രിറ്റ്‌സ് മീഷര്‍ എന്ന ശാസ്ത്രജ്ഞന്‍ 1869-ല്‍, കോശമര്‍മത്തില്‍നിന്ന് അമ്ലപദാര്‍ഥം വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിക്കുകയുണ്ടായി. 'ന്യൂക്ലിന്‍' എന്നാണ് മീഷര്‍ അതിനെ വിളിച്ചത്. 1909-ല്‍ 'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് ആദ്യമായി കടന്നു വന്നു. പാരമ്പര്യഘടകങ്ങള്‍ ഡി.എന്‍.എ.യിലാണ് സ്ഥിതിചെയ്യുന്നതെന്ന്, ന്യൂയോര്‍ക്കില്‍ റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഓസ്‌വാല്‍ഡ് ആവറിയും സംഘവും 1943-ല്‍ തെളിയിച്ചു. അതിനുശേഷമാണ് ഈ തന്മാത്രയിലേക്ക് ശാസ്ത്രലോകത്തിന്റെ സവിശേഷശ്രദ്ധ പതിയുന്നത്.

റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍

ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടി പറഞ്ഞാലേ ചിത്രം പൂര്‍ത്തിയാകൂ. ഡി.എന്‍.എ.ഘടന കണ്ടെത്താനായി വാട്‌സണും ക്രിക്കും കാവന്‍ഡിഷ് ലബോറട്ടറിയില്‍ ശ്രമം തുടരുന്ന സമയത്ത്, ലണ്ടനിലെ കിങ്‌സ് കോളേജില്‍ റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍ എന്ന പ്രഗത്ഭയായ ഗവേഷക എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന സങ്കേതത്തിന്റെ സഹായത്തോടെ, ഡി.എന്‍.എ.യുടെ എക്‌സ്-റേ ചിത്രമെടുക്കുന്നതില്‍ വ്യാപൃതയായിരുന്നു. വാട്‌സണും ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം പങ്കിട്ട വില്‍ക്കിന്‍സ് കിങ്‌സ് കോളേജില്‍ ഫ്രാങ്ക്‌ലിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ഒരു തരത്തില്‍ ഫ്രാങ്ക്‌ലിന്റെ പ്രതിയോഗി.

ഫ്രങ്ക്‌ലിന്‍ എടുത്ത ഡി.എന്‍.എ.ക്രിസ്റ്റലിന്റെ ചിത്രം, ഫ്രാങ്ക്‌ലിന്റെ അറിവോ സമ്മതമോ കൂടാതെ വില്‍ക്കിന്‍സ്, ഡോ.വാട്‌സണ് കാട്ടിക്കൊടുത്തു. ഡി.എന്‍.എ.യുടെ അളവുകള്‍ സംബന്ധിച്ച് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന് ഫ്രാങ്ക്‌ലിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റൊരു ശാസ്ത്രജ്ഞന്‍ വഴി വാട്‌സന്റെയും ക്രിക്കിന്റെയും പക്കലെത്തി. ഇക്കാര്യവും ഫ്രാങ്ക്‌ലിന്‍ അറിഞ്ഞിട്ടില്ല. ഡി.എന്‍.എ.യുടെ ഘടന സംബന്ധിച്ച് തങ്ങളെ കുഴക്കിയ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആ ചിത്രങ്ങളും റിപ്പോര്‍ട്ടും വാട്‌സണെയും ക്രിക്കിനെയും കാര്യമായി സഹായിച്ചു. എന്നാല്‍, ഇക്കാര്യം വാട്‌സണോ ക്രിക്കോ ഫ്രാങ്ക്‌ലിനെ അറിയിച്ചില്ല. മാത്രമല്ല, 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഫ്രാങ്ക്‌ലിന്റെ കണ്ടെത്തല്‍ തങ്ങളെ സഹായിച്ച കാര്യം സൂചിപ്പിച്ചില്ല.

പില്‍ക്കാലത്ത് ഫ്രാങ്ക്‌ലിന്റെ ജീവിതത്തെപ്പറ്റി ഗവേഷണം നടത്തിയ ചിലര്‍ എത്തിയ നിഗമനം ഇതാണ്: 1953 ഏപ്രില്‍ 25-ന് വാട്‌സണും ക്രിക്കും തങ്ങള്‍ ഡി.എന്‍.എ.ഘടന കണ്ടെത്തിയ കാര്യം 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ചപ്പോഴേക്കും, ഫ്രാങ്ക്‌ലിനും ഡി.എന്‍.എ.ഘടന സ്വന്തം നിലയ്ക്ക് കണ്ടെത്തിയിരുന്നു. ഫ്രാങ്ക്‌ലിന്റെ പഠനവും ഫ്രാങ്ക്‌ലിന്‍ എടുത്ത ചിത്രങ്ങളും വാട്‌സന്റെയും ക്രിക്കിന്റെയും പക്കല്‍ എത്തിയില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ എന്ന് സാരം. 1958-ല്‍ 37-ാം വയസ്സില്‍ ഫ്രങ്ക്‌ലിന്‍ അര്‍ബുദം ബാധിച്ചു മരിച്ചു. ഡി.എന്‍.എ.ഘടനയുടെ കണ്ടെത്തലില്‍ കാര്യമായ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത വില്‍ക്കിന്‍സന്, വാട്‌സണും ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം ലഭിച്ചു.

ഡി.എന്‍.എ.ഘടന കണ്ടെത്തിയിട്ട് ഇപ്പോള്‍ അര നൂറ്റാണ്ടാകുന്നു. ആ കണ്ടെത്തലുമായി ബന്ധപ്പെട്ട് ഇന്നാരും വില്‍ക്കിന്‍സന്റെ പേര് പരാമര്‍ശിക്കാറില്ല. എന്നാല്‍, ഇതെപ്പറ്റി പറയുന്നിടത്തെല്ലാം വാട്‌സന്റെയും ക്രിക്കിന്റെയും പേരിനോപ്പം റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്റെ നാമം ഉയര്‍ന്നുവരുന്നു. ചരിത്രം ഒന്നിനും കടംവെക്കാറില്ല.

-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ഏപ്രില്‍ 6-12

Thursday, October 29, 2009

ക്യോട്ടോ ഉടമ്പടി ഭൂമിയെ തണുപ്പിക്കുമോ?

കോപ്പന്‍ഹേഗനില്‍ 2009 ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ആകാംക്ഷയോടെ കാക്കുകയാണ്. ആഗോളതാപനം ചെറുക്കാന്‍ ക്യോട്ടോ ഉടമ്പടിക്ക് ശേഷം എന്തുവേണം എന്ന് തീരുമാനിക്കാനുള്ള സുപ്രധാന ഉച്ചകോടിയാണ് ഡിസംബറിലേത്. ഈ പശ്ചാത്തലത്തില്‍, ക്യോട്ടോ ഉച്ചകോടിയെക്കുറിച്ചുള്ള 11 വര്‍ഷം മുമ്പത്തെ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

പണത്തിന് മുകളില്‍ പരുന്തിന് മാത്രമല്ല പരിസ്ഥിതിക്കും സ്ഥാനമില്ലെന്ന് ലോകത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു 1997 ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ ജപ്പാന്റെ പഴയ തലസ്ഥാനമായ ക്യോട്ടോവില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ (green house gases) അന്തരീക്ഷത്തില്‍ അമിതമായി വ്യാപിക്കുന്നതിനാലുണ്ടാകുന്ന ആഗോളതാപനം (Global Warming) അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ മാരകമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് വിധേയമാക്കുമെന്നും ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഉയരുമെന്നുമുള്ള ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉച്ചകോടി നടന്നത്.

1995-ല്‍ ബെര്‍ലിനിലും 1996-ല്‍ ജനീവയിലും നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP) എന്നറിയപ്പെടുന്ന, ആഗോള കാലാവസ്ഥാസമ്മേളനത്തിന്റെ മൂന്നാംവട്ട ചര്‍ച്ചകളാണ് ക്യോട്ടോ (COP-3) യില്‍ നടന്നത്.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം സമയബന്ധിതമായി കുറയ്ക്കാനുള്ള പരിധി നിശ്ചയിക്കുക, അക്കാര്യം വ്യവസായ-വികസിത രാഷ്ട്രങ്ങളുടെ (എണ്ണം 38) നിയമപരമായ ബാധ്യതയാക്കി മാറ്റുന്ന ഉടമ്പടിക്ക് രൂപംനല്‍കുക എന്നീ സുപ്രധാന ദൗത്യങ്ങളായിരുന്നു ക്യോട്ടോ ഉച്ചകോടിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, 156 രാഷ്ട്രങ്ങളില്‍നിന്ന് അയ്യായിരിത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടിക്ക് മുമ്പ് നടന്നിട്ടുള്ള ഏത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തെക്കാളും പ്രാധാന്യം കൈവന്നു.

വാദങ്ങള്‍

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലെ പരിധി വെച്ച് 2010 ആകുമ്പോഴേക്കും 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, 2005 ആകുമ്പോഴേക്കും ഈ വാതകങ്ങള്‍ 20 ശതമാനം കണ്ട് കുറച്ചില്ലെങ്കില്‍ ലോകഭൂപടത്തില്‍ നിന്ന് തങ്ങളുടെ രാജ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് ചെറുദ്വീപ് രാജ്യങ്ങള്‍ (small Island Nations) വിലപിച്ചു. 2.5 ശതമാനം കുറവേ 2010 ആകുമ്പോഴേക്കും സാധ്യമാകൂ എന്ന് ജപ്പാന്‍. കുറയ്ക്കാന്‍ എതായാലും കഴിയില്ല, എന്നാല്‍ 2012 ആകുമ്പേഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലേതിന് തുല്യമാക്കാനാകുമോ എന്ന് നോക്കാമെന്ന് അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക. ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡില്‍ 80 ശതമാനവും പുറന്തള്ളുന്നത് ലോകജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള വികസിത രാഷ്ട്രങ്ങളാണെന്നും, അതിനാല്‍ പാപം ചെയ്യുന്നവര്‍ തന്നെ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാകണമെന്നും ജി-77 രാഷ്ട്രങ്ങള്‍. ക്യോട്ടോ ഉച്ചകോടിയിലും അതിന് മുമ്പും ഉയര്‍ന്നുകേട്ട വാദഗതികളുടെയും വിലപേശലിന്റെയും സാമാന്യരൂപം ഇതാണ്.

കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സയിഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മീഥേന്‍ വാതകവും നൈട്രസ് ഓക്‌സയിഡും മറ്റ് ചില കൃത്രിമ വാതകങ്ങളും ആഗോളതാപനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും കാര്‍ബണ്‍ഡയോക്‌സയിഡ് ആണ് യഥാര്‍ഥ വില്ലന്‍.

കാരണം സസ്യങ്ങളും സമുദ്രവും ആഗിരണം ചെയ്യുന്നില്ലെങ്കില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് നൂറ് വര്‍ഷം വരെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുത-വാഹന-വ്യവസായങ്ങളുടെ അടിത്തറയില്‍ കൈവെയ്ക്കുക എന്നാണര്‍ഥം. അമേരിക്ക പോലെ, ഫോസില്‍ ഇന്ധനങ്ങള്‍ സമ്പദ്ഘടനയുടെ ആണിക്കല്ലായ ഒരു രാജ്യം, കാര്‍ബണ്‍ഡയോക്‌സയിഡ് വ്യാപനം കുറയ്ക്കണമെന്ന് കേള്‍ക്കുമ്പോള്‍ ഭയാനകമായി പ്രതികരിക്കുക സ്വാഭാവികം മാത്രം.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വികസ്വരരാഷ്ട്രങ്ങളും തയ്യാറാകുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ചുള്ള ഒരു ഉടമ്പടിയും അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ഓഗസ്തില്‍ അമേരിക്കന്‍ സെനറ്റ് നല്‍കിയ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രതിനിധിസംഘം ക്യോട്ടോയിലെത്തിയത്. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ട യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാടിന് ധാര്‍മികമായ വ്യക്തതയുണ്ടായിരുന്നു.

അമേരിക്കയുടെ തന്ത്രം

പ്രചരിപ്പിക്കപ്പെടും പോലെ പരിസ്ഥിതി വിരുദ്ധമല്ല അമേരിക്കന്‍ നിലാപാട് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകണം, അറിയപ്പെടുന്ന പരിസ്ഥിതി വാദിയായ അമേരിക്കന്‍ വൈസ്പ്രസിഡിന്റ് അല്‍ ഗോര്‍ തന്നെ ക്വോട്ടോ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തി. ഭൂഗോളം ചൂടുപിടിക്കുന്നതോ, ഭാവി ഇരുളടയുന്നതോ ഒന്നുമല്ല, അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം, ആ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താത്പര്യങ്ങളാണെന്ന് ഒന്നുകൂടി വ്യക്തമാക്കാനോ അല്‍ ഗോറിന്റെ ക്യോട്ടോ സന്ദര്‍ശനം സഹായിച്ചുള്ളു. വരുംനാളുകളില്‍, ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ചുമലില്‍ മാത്രം കെട്ടിവെച്ച് രക്ഷപ്പെടാന്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് കഴിയില്ലെന്നും അല്‍ ഗോര്‍ പരോക്ഷമായി സൂചിപ്പിച്ചു.

എന്തൊക്കെ വിലപേശല്‍ നടന്നാലും ശരി, ആഗോളതാപനത്തെ സംബന്ധിച്ച് അമേരിക്ക കൈക്കൊള്ളുന്ന നിലപാടാകും വരും നൂറ്റാണ്ടുകളില്‍ ഭൂഗോളത്തിന്റെ ഭാവി നിര്‍ണയിക്കുക എന്നകാര്യം മുമ്പുതന്നെ വ്യക്തമായിരുന്നു. കാരണം ലോകജനസംഖ്യയില്‍ വെറും 4.7 ശതമാനം മാത്രമുള്ള അമേരിക്കയാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ 25 ശതമാനവും പുറന്തള്ളുന്നത്. രണ്ടാം സ്ഥാനം യൂറോപ്പിനാണ്; 19.6 ശതമാനം.

വ്യാതകവ്യാപനത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍ ഇവയാണ്. ചൈന - 13 ശതമാനം (ലോകജനസംഖ്യയില്‍ 21.5 ശതമാനം); മുന്‍സോവിയറ്റ് യൂണിയന്‍ - 10.2 ശതമാനം (ലോകജനസംഖ്യയില്‍ 5 ശതമാനം); ജപ്പാന്‍ - 5.6 ശതമാനം (ലോകജനസംഖ്യയില്‍ 2.2 ശതമാനം); ഇന്ത്യ - 3.6 ശതമാനം (ലോകജനസംഖ്യയില്‍ 16.3 ശതമാനം); ഇംഗ്ലണ്ട് - 2.5 ശതമാനം (ലോകജനസംഖ്യയില്‍ 1.02 ശതമാനം): കൊറിയ - 2.2 ശതമാനം (ലോകജനസംഖ്യയില്‍ 0.8 ശതമാനം); കാനഡ - 2.1 ശതമാനം (ലോകജനസംഖ്യയില്‍ 0.5 ശതമാനം).

ഹരിതഗൃഹവാതക വ്യാപനം തടയാന്‍ നിയമാനുസൃത പരിധി സാധ്യമല്ലെന്ന അമേരിക്കയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി 2008-2012 കാലയളവില്‍ 1990-ലെ കണക്ക് വെച്ച് ആഗോളതലത്തില്‍ 5.2 ശതമാനം കുറവ് ഈ വാതകങ്ങളുടെ അളവില്‍ വരുത്തണമെന്ന് ഒടുവില്‍ ക്യോട്ടോ ഉച്ചകോടി ധാരണയിലെത്തി.

ആഗോളതാപനം മൂലം അടുത്ത രണ്ട് നൂറ്റാണ്ടില്‍ എന്തൊക്കെ വിനാശങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നതെന്ന ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ 'മല എലിയെ പ്രസവിച്ചതുപോലെ' ഒരു സംഗതി മാത്രമാണ് ഈ 5.2 ശതമാനം കുറവെന്ന ആക്ഷേപം ഉയര്‍ന്നു. ക്യോട്ടോ ഉടമ്പടി ഒരു 'ദുരന്തവും പ്രഹസനവു'മാണെന്ന് ഗ്രീന്‍ പീസ് അഭിപ്രായപ്പെട്ടു.

രൂക്ഷമായ വിലപേശലുകള്‍ക്ക് ശേഷം ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് 5.2 ശതമാനം പരിധി ക്യോട്ടോയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, നിയമപരമായി ഇക്കാര്യം 38 വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവും ക്യോട്ടോ ഉച്ചകോടി ആവിഷ്‌ക്കരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ബ്യൂണസ് ഐറിസില്‍ നടക്കുന്ന അടുത്ത കാലാവസ്ഥാസമ്മേളനത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് പലരും തടിതപ്പുകയായിരുന്നു.

വ്യവസായ ഭീമന്‍മാരുടെ താത്പര്യം

അന്താരാഷ്ട്ര സമ്മര്‍ദത്തിന് വശപ്പെട്ട് ക്യോട്ടോ ഉടമ്പടിക്ക് സമ്മതിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അമേരിക്ക കൈക്കൊണ്ട നയങ്ങള്‍ പരിശോധിച്ചാല്‍ ഭാവിയില്‍ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാനായി ആ രാജ്യം മുന്നോട്ട് വെച്ചേക്കാവുന്ന നിര്‍ദേശങ്ങളെ വികസ്വര രാഷ്ട്രങ്ങള്‍ കരുതലോടെ വേണം സമീപിക്കാന്‍. കാരണം അമേരിക്കന്‍ നയങ്ങളെന്നത് ക്ലിന്റന്റെയോ അല്‍ഗോറിന്റെയോ നയങ്ങളല്ല, അവര്‍ക്ക് പിന്നില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന വ്യവസായ ഭീമന്‍മാരുടെ നയങ്ങളാണ്.

ഉദാഹരണത്തിന് വാതകവ്യാപനം തടയാനായി ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്ന അനേകം അമേരിക്കന്‍ വ്യവസായ ഭീമന്‍മാരില്‍ ഒന്ന് ജനറല്‍ മോട്ടോഴ്‌സ് ആണ്. ആ കമ്പനിയുടെ വാര്‍ഷിക വരുമാനം 16882.9 കോടി ഡോളര്‍ വരും (ഏതാണ്ട് 6,75816 കോടി രൂപ). തുര്‍ക്കി, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, ഹോങ്കോങ്, നോര്‍വ്വെ എന്നീ രാഷ്ട്രങ്ങളുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി)ക്കാള്‍ കൂടുതലാണ് ഇതെന്ന് ഗ്രീന്‍പീസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

നഷ്ടം നേരിടേണ്ടി വരുന്ന മറ്റൊരു അമേരിക്കന്‍ സ്ഥാപനമായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ വാര്‍ഷികവരുമാനം 13750 കോടി ഡോളര്‍ (5,50000 കോടി രൂപ) ആണ്. ദക്ഷിണാഫ്രിക്ക, ഫിന്‍ലന്‍ഡ്, പോളണ്ട്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയെ ഇത് കവച്ചുവെയ്ക്കും.

യഥാര്‍ഥത്തില്‍ അമേരിക്കയുമായല്ല, അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യവസായ ഭീമന്‍മാരുമായാണ് ഭൂമിയുടെ ഭാവിക്കുവേണ്ടിയുള്ള വിലപേശല്‍ ക്യോട്ടോവില്‍ നടന്നതും, ഭാവിയില്‍ നടക്കാനിരിക്കുന്നതും.

മുന്നറിയിപ്പുകള്‍

ആഗോളതാപനത്തെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പാനല്‍ തയ്യാറാക്കിയതും ലോകത്താകമാനമുള്ള 2400-ഓളം ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഹിരിതഗൃഹവാതകങ്ങളുടെ അളവ് 30 ശതമാനം ഇപ്പോള്‍ കുറച്ചില്ലെങ്കില്‍, 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈ വാതകങ്ങളുടെ സാന്ദ്രത ഇരട്ടിയാകുമെന്നാണ്. അന്തരീക്ഷ താപനില ഒരു ഡിഗ്രി സെല്‍സിയസ് മുതല്‍ 3.5 ഡിഗ്രി വരെ വര്‍ധിക്കാന്‍ ഇത് കാരണമാകും. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതുമൂലം ആഗോളതാപനത്തിന്റെ ബാക്കി എല്ലാ കെടുതികളും മാറ്റിവെച്ചാലും മാലെദ്വീപ് അടക്കമുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളുടെ (small island nations) നിലനില്‍പ്പ് അപകടത്തിലാകും.

ക്യോട്ടോയില്‍ ഏറ്റവും ഉത്ക്കണ്ഠയോടെയും വേവലാതിയോടെയും എത്തിയത് ഈ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. ലോകത്തെ 31 ചെറുദ്വീപ് രാഷ്ട്രങ്ങളുടെ ആഭ്യന്തരമൊത്ത ഉത്പാദനം കൂട്ടിയാല്‍ 14910 കോടി ഡോളറേ വരൂ. എന്നുവെച്ചാല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ വരുമാനത്തെക്കാള്‍ കുറവ്. സാമ്പത്തിക മാനങ്ങള്‍ക്ക് ഭൂമിയുടെ നിലനില്‍പ്പിനെക്കാള്‍ പ്രാധാന്യം ലഭിക്കുന്നിടത്ത് ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക? സമുദ്രത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളുടെയോ അതോ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരുടെയോ?

ക്യോട്ടോ ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് അവിടുത്തെ ഫോസില്‍ ഇന്ധനവ്യവസായ ലോബി മുന്‍പേ തന്നെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ നിയമാനുസൃതമായ പരിധി നിശ്ചയിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരിക അമേരിക്കയ്ക്കായിരിക്കും, അല്ലാതെ ഇന്ത്യയോ ചൈനയോ ഒന്നുമായിരിക്കില്ല എന്നാണ് അവര്‍ വാദിച്ചത്.

ഗ്ലോബല്‍ ക്ലൈമറ്റ് ഇന്‍ഫര്‍മേഷന്‍ പ്രോജക്ട് എന്നൊരു പദ്ധതി അമേരിക്കയിലുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അതിന്റെ നടത്തിപ്പ്. ആഗോളതാപനത്തിന്റെ പേരില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ ഇളകുമെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനായി മാത്രം ഈ സംഘടന ഒരു വര്‍ഷം ചെലവാക്കുന്നത് ഏതാണ്ട് 52 കോടി രൂപയാണ്. അമേരിക്കയിലെ 250-ഓളം കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രാതിനിധ്യമുള്ള ഗ്ലോബല്‍ ക്ലൈമറ്റ് കോയലീഷന്റെ ചെയര്‍മാന്‍ വില്യം എഫ്. ഒകീഫ് പറഞ്ഞത് അമേരിക്കന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് ക്യോട്ടോ ഉടമ്പടി എന്നാണ്.

ഒടുവില്‍ ലോകത്തിന്റെ മുഴുവന്‍ ശാപം ഭയന്നാകണം വാതകവ്യാപനം ഏഴ് ശതമാനം കുറയ്ക്കാന്‍ അമേരിക്ക ക്യോട്ടോയില്‍ സമ്മതിച്ചു (ഇക്കാര്യം അമേരിക്കന്‍ സെനറ്റ് അംഗീകരിക്കുമോ എന്നത് ഇപ്പോഴും ഉറപ്പില്ല). ഇത് അംഗീകരിക്കുമ്പോള്‍ തന്നെ, വികസ്വരരാഷ്ട്രങ്ങള്‍ സ്വമേധയാ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കണമെന്നും, വാതകവ്യാപനം കുറയ്ക്കുന്നത് പോലും വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന 'എമിഷന്‍സ് ട്രേഡിങ്' ഉള്‍പ്പെടുത്തണമെന്നും അമേരിക്ക വാദിച്ചു. ജി-77 രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അക്കാര്യം ഉടമ്പടിയുടെ വ്യവസ്ഥകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.

ഈ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉടമ്പടി ഭൂമിയുടെ താപം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

1992 ജൂണില്‍ റിയോ ഡിജനീറോവില്‍ നടന്ന ഭൗമഉച്ചകോടിയില്‍ 154 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചിത്രം ലോകത്തിന് മുന്നിലുണ്ട്. 2000-ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വാതകം 1990-ലേതിന് തുല്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ഉടമ്പടി. ഇതിന് വിരുദ്ധമായി 1995 ആയപ്പോഴേക്കും ജപ്പാന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് 8.3 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. 1996-ല്‍ മാത്രം വാതകങ്ങളുടെ അളവ് അമേരിക്കയില്‍ 3.4 ശതമാനം വര്‍ധിച്ചു.

ഭൗമഉച്ചകോടിയില്‍ അംഗീകരിച്ച ഉടമ്പടിയുടെ ഗതിയാണ് ക്യോട്ടോ ഉടമ്പടിക്കും ഉണ്ടാകുന്നതെങ്കില്‍, ലോകം ഇനി കഠിനവും വേദനാജനകവുമായ അനുഭവങ്ങള്‍ക്ക് തയ്യാറാവുക മാത്രമേ ചെയ്യേണ്ടതുള്ളു.

ഭൂമി ഇനിയും ചൂടായാല്‍

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്നിധ്യം ഒരളവുവരെ ആവശ്യമാണ്. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതിഗൃഹവാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില ഇപ്പോഴത്തേതിലും 33 ഡിഗ്രി സെല്‍സിയസ് കുറവാകുമായിരുന്നു.

പക്ഷേ, കാര്‍ബണ്‍ഡയോക്‌സയിഡ് അമിതമായി പുറന്തള്ളപ്പെടുന്നത് അപകടകരമാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയത് നോബല്‍ സമ്മാനജേതാവായ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍തേ അറീനിയസ് ആണ്, 1898-ല്‍. ഒരു ഹരിതഗൃഹ (ഗ്രീന്‍ഹൗസ്)ത്തിന്റെ കണ്ണാടിപ്പാളികള്‍ താപത്തെ തടഞ്ഞു നിര്‍ത്തും പോലെ, അന്തരീക്ഷത്തിലെത്തന്ന സൂര്യതാപത്തെ കാര്‍ബണ്‍ഡയോക്‌സയിഡ് തടഞ്ഞുനിര്‍ത്തി അന്തരീക്ഷ താപനില വര്‍ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അറീനിയസ് ഇക്കാര്യം കണ്ടെത്തുന്ന കാലത്ത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 270 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ അത് 360 പി.പി.എം. ആയിരിക്കുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് 0.5 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് നിസ്സാരമായി തോന്നാം. പക്ഷേ, ദിനോസറുകള്‍ അടക്കമുള്ള ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ ഹിമയുഗത്തിന് കാരണമായത് അന്തരീക്ഷ താപനിലയിലുണ്ടായ വെറും മൂന്ന് ഡിഗ്രി സെല്‍സിയസിന്റെ കുറവായിരുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1860-കള്‍ക്ക് ശേഷം ഭൂമിയില്‍ ഏറ്റവും ചൂടേറിയ വര്‍ഷം 1997 ആയിരുന്നു എന്നത് എന്തിന്റെ സൂചനയാണ്?

എഴുപതുകള്‍ വരെ ഹരിതഗൃഹവാതകങ്ങള്‍ ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് ശേഷമാണ് ആഗോളതാപനത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍ക്ക് ലോകവേദികളില്‍ സ്ഥാനം ലഭിക്കുന്നത്. ആഗോളതാപനം എന്നുന്നുണ്ടോ എ്ന്ന വിവാദത്തിനായിരുന്നു ആദ്യകാലത്ത് പ്രധാന്യം. ഒടുവില്‍, ലോകകാലാവസ്ഥാ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1988-ല്‍ നിലവില്‍ വന്ന 2400 ശാസ്ത്രജ്ഞര്‍ അടങ്ങിയ അന്താരാഷ്ട്ര പാനല്‍ (യു.എന്‍. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്-IPCC) 1996-ല്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ട് ആണ് ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന് പഴുതില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്. ആഗോളതാപനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

ഇന്നത്തെ നില തുടര്‍ന്നാല്‍ 2100-ാം ആണ്ടോടെ അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍സിയസ് വരെ വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതിന്റെ പ്രതാഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. മുംബൈ, ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെയും കുറെ ഭാഗം വെള്ളത്തിലാകും. മാലെദ്വീപും മെഡിറ്റനേറിയന്‍ കടലോരങ്ങളും അപ്രത്യക്ഷമാകും. സഹാറ മരുഭൂമി മെഡിറ്റിനേറിയന്‍ കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ ഓര്‍മ മാത്രമാകും.

അന്തരീക്ഷ താപനില ഉയരുമ്പോള്‍ സമുദ്രവിതാനം ഉയരുക മാത്രമല്ല ഉണ്ടാവുക. ബാഷ്പീകരണം ഏറുന്നതിനാല്‍ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കും. അത്, ആഗോളകാലാവസ്ഥയെ തകിടം മറിക്കും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും, റഷ്യയിലെയും കാനഡയിലെയും അവശേഷിക്കുന്ന വനമേഖലകള്‍ക്ക് കഠിനമായ ക്ഷതമേല്‍ക്കും. കൃഷിയിടങ്ങള്‍ ഈ രാജ്യങ്ങളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങും. പലയിടത്തും രൂക്ഷമായ വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.

'എര്‍ത്ത് ആക്ഷന്‍' എന്ന സാമൂഹിക-പരിസ്ഥിതി സംഘടന നടത്തുന്ന പഠനങ്ങള്‍ കാണിക്കുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. ഇതേ കാരണത്താല്‍ മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും നാശം നേരിടും.

ഇവയൊക്കെ പ്രവചനങ്ങളില്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെങ്കിലും, ശ്രദ്ധിച്ചാല്‍ ദുരന്തം അടുത്തു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകൃതിയില്‍ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പത്തുവര്‍ഷം മുമ്പത്തേക്കാള്‍ ഇപ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ വസന്തം എത്തുന്നത് ഒരാഴ്ച നേരത്തേയാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവത്തില്‍ മാറ്റം ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ വെസ്റ്റില്‍ കാണപ്പെടുന്ന 'എഡിത്‌സ് ചെക്കല്‍സ്‌പോട്ട്' എന്ന ചിത്രശലഭം ഇപ്പോള്‍ അതിന്റെ താമസസ്ഥലം 200 കിലോമീറ്റര്‍ വടക്കുഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. കോസ്റ്റാറിക്കയുടെ താഴ്ന്ന വിതാനങ്ങളിലെ പക്ഷികള്‍ ഉയരംകൂടിയ പര്‍വതഭാഗത്തേക്ക് തണുപ്പ് തേടി മാറി താമസിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചിരിക്കുന്നു...ഇവയൊക്കെ പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്ന് ശാസ്ത്രലോകം കരുതുന്നു.

യൂറോപ്പ് വഴികാട്ടുന്നു

ആഗോളതാപനത്തിനിട നല്‍കുന്ന ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ശരിയായ ദിശയിലാണ്. അതിന്റെ തെളിവാണ്, അമേരിക്ക അടക്കമുള്ള മറ്റ് വികസിത രാഷ്ട്രങ്ങള്‍ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വ്യഗ്രത കാട്ടുമ്പോള്‍, ഹരിതഗൃഹവാതകങ്ങള്‍ അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്യൂണിറ്റി (ഇ.യു) രാജ്യങ്ങള്‍ ചങ്കൂറ്റത്തോടെ പറഞ്ഞത്.

അമിതമായി CO2 പുറന്തള്ളുന്ന കല്‍ക്കരി വൈദ്യുതനിലയങ്ങളെക്കാള്‍ ലാഭകരവും മലിനീകരണം കുറഞ്ഞതും പ്രകൃതിവാതക വൈദ്യുതനിലയങ്ങളാണെന്ന് യൂറോപ്പ് മനസിലാക്കി കഴിഞ്ഞു. ആഞ്ഞുവീശുന്ന കാറ്റിന്റെ ഊര്‍ജസാധ്യത പ്രയോജനപ്പെടുത്തിയാല്‍ അത് ആഗോളതാപനത്തെ ചെറുക്കാനുള്ള അനേകം മാര്‍ഗങ്ങളില്‍ ഒന്നാകുമെന്നും അവര്‍ മനസിലാക്കിയിരിക്കുന്നു. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍, സൗരോര്‍ജത്തിന്റെ പ്രയോജനപ്പെടുത്തല്‍ ഇങ്ങനെ നൂറുനൂറ് കാര്യങ്ങള്‍ ഭൂമുഖത്തെ കഠിനമായ കാലാവസ്ഥാമാറ്റങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്പ് അംഗീകരിച്ചിരിക്കുന്നു.

രാഷ്ട്രീയ ഇച്ഛാശക്തിയേക്കാളേറെ, CO2 കുറഞ്ഞ അളവില്‍ പുറന്തള്ളുന്ന സാങ്കേതികവിദ്യകളുടെ സാമ്പത്തിക-കമ്പോള സാധ്യതകളാണ്, യാദൃശ്ചികമാണെങ്കിലും, യൂറോപ്പിന്റെ അന്വേഷണം ശരിയായ ദിശയില്‍ തിരിച്ചുവിട്ടത്. ചരിത്രപരമായ ചില ഘടകങ്ങളും ഇക്കാര്യത്തില്‍ യൂറോപ്പിന്റെ സഹായത്തിനെത്തി. ഉദാഹരണത്തിന്, കല്‍ക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്ക് പകരം വാതകനിലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചതില്‍ മുന്‍പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. 1985-ല്‍ കല്‍ക്കരി വ്യവസായത്തിനുള്ള സബ്‌സിഡി എടുത്തുകളയുമ്പോള്‍ ബ്രിട്ടന്റെ ഉരുക്കുവനിതയുടെ മനസിലുണ്ടായിരുന്നത് വടക്കന്‍ സമുദ്രമേഖലയിലെ പ്രകൃതിവാതകത്തിന്റെ വന്‍ നിക്ഷേപമായിരുന്നു എന്നത് വാസ്തവം.

കമ്യൂണിസത്തിന്റെ തകര്‍ച്ചയും ബെര്‍ലിന്‍ മതിലിന്റെ നാശവും ജര്‍മനി വീണ്ടും ഒറ്റ രാജ്യമാകാന്‍ കാരണമായി. ഈ മാറ്റത്തോടൊപ്പം കിഴക്കന്‍ ജര്‍മനിയിലെ കാലഹരണപ്പെട്ട അനേകം താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയത് യൂറോപ്പിനെ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ ഏറെ സഹായിച്ചു.(CO2 പുറന്തള്ളുന്ന കാര്യത്തില്‍ ലോകത്ത് വൈദ്യുത മേഖലയ്ക്കാണ് മൂന്നാംസ്ഥാനം; ഇതിന് പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങളാണ്).

ഇതിനെല്ലാമുപരി, യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിപ്രാപിച്ച ഹരിതാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും അംഗീകാരം നേടിക്കൊടുത്തു. രണ്ടായിരാമാണ്ടാകുമ്പോഴേക്കും രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ 34 ശതമാനം പരിസ്ഥിതി-സൗഹൃദ വാതകനിലയങ്ങള്‍ വഴി സാധ്യമാക്കാന്‍ ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. ബ്രിട്ടന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ഇതുവഴി നേര്‍പകുതിയാകും. ഇന്ധനവില അധികം വര്‍ധിച്ചില്ലെങ്കില്‍ വൈദ്യുതിയുടെ ചെലവും പകുതിയോളം കുറയും!

തൊണ്ണൂറുകളില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം യൂറോപ്പില്‍ 25-30 ശതമാനം വര്‍ധിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ 4000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. 2005 ആകുമ്പോഴേക്കും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 1500 മെഗാവാട്ട് ആക്കാനാണ് ഡെന്‍മാര്‍ക്ക് ലക്ഷ്യമിടുന്നത്. ഇത് ഡെന്‍മാര്‍ക്കിന്റെ ഊര്‍ജാവശ്യത്തില്‍ പത്ത് ശതമാനം വരും.

താമസിയാതെ യൂറോപ്പിന്റെ പാത പിന്തുടരാന്‍ ലോകത്തിന്റെ ഇതരഭാഗങ്ങളും ബാധ്യസ്ഥമാകുമെന്നാണ് ക്യോട്ടോ ഉച്ചകോടി നല്‍കുന്ന സൂചന. ഇപ്പോള്‍ ക്യോട്ടോയില്‍ അംഗീകരിച്ചിട്ടുള്ള 5.2 ശതമാനം ഹരിതഗൃഹവാതക വ്യാപനക്കുറവ് മറ്റ് വികസിത രാഷ്ട്രങ്ങളും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍, ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിനും, വീശുന്ന കാറ്റിനും, തിരമാലകള്‍ക്കുമെല്ലാം പുതിയ അര്‍ഥവും മൂല്യവും കൈവരും.

-മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനവരി 18-24, 1998