Monday, January 18, 2010

ഡി.എന്‍.എ. ഘടനയുടെ അരനൂറ്റാണ്ട്

പല കാര്യങ്ങളാലും ശ്രദ്ധേയമായ ഒരു വര്‍ഷമായിരുന്നു 1953. മുപ്പത് വര്‍ഷക്കാലം റഷ്യയെ ഉരുക്കു മുഷ്ടികൊണ്ട് ഭരിച്ച ജോസഫ് സ്റ്റാലിന്‍ അന്തരിച്ചു. ബ്രിട്ടനിലെ രാജ്ഞി എലിസബത്ത്-രണ്ടിന്റെ അന്ത്യം. ആ വര്‍ഷം തന്നെയാണ് എവറസ്റ്റ് കൊടുമുടി മനുഷ്യന്‍ കീഴടക്കിയതും. സ്വാഭാവികമായും ഇവയൊക്കെ വന്‍ വാര്‍ത്താപ്രധാന്യം നേടി. അത്രയൊന്നും മാധ്യമശ്രദ്ധ ലഭിക്കാതെ പോയ മറ്റൊരു സംഭവവും അതേ വര്‍ഷമുണ്ടായി. ജീവന്റെ തന്മാത്രയായ ഡീഓക്‌സീറൈബോ ന്യൂക്ലിക് ആസിഡി (ഡി.എന്‍.എ) ന്റെ ഘടന കണ്ടെത്തിയതായിരുന്നു ആ സംഭവം. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ ആകൃതി (double helix) യാണ് ഡി.എന്‍.എ.യുടേതെന്ന് ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് കണ്ടെത്തി. എവറസ്റ്റ് കൊടുമുടി പോലെ മറ്റൊരു കൊടുമുടിയാണ് ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലോടെ കീഴടക്കിയതെന്ന് ലോകം മനസിലാക്കാന്‍ പക്ഷേ, വൈകി.

ബ്രിട്ടനില്‍ കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഗവേഷകരായിരുന്നു അന്ന് വാട്‌സണും ക്രിക്കും. 1953 ഫിബ്രവരി 28-ന് കേംബ്രിഡ്ജില്‍ 'ഈഗിള്‍' എന്നു പേരായ ഭക്ഷണശാലയില്‍, ഉച്ചഭക്ഷണത്തിന് ഒത്തുകൂടിയ സുഹൃത്തുക്കളോടാണ്, 'ജീവന്റെ രഹസ്യം' തങ്ങള്‍ കണ്ടെത്തിയതായി ആദ്യമായി വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തല്‍ പക്ഷേ, അവിടെ കൂടിയിരുന്ന ആരിലും വലിയ പ്രതികരണമുണ്ടാക്കിയില്ല. പലരും ഈ അവകാശവാദത്തെ ഗൗരവമായി എടുത്തുമില്ല. ബ്രിട്ടീഷ് ശാസ്ത്രമാസികയായ 'നേച്ചറി'ന്റെ ആ ഏപ്രില്‍ 25-ന്റെ ലക്കത്തില്‍ 'എ സ്ട്രക്ച്ചര്‍ ഓഫ് ഡീഓക്‌സീ റൈബോന്യൂക്ലിക് ആസിഡ്' എന്ന പേരില്‍ വെറും രണ്ടു പേജ് വരുന്ന ഒരു ലേഖനം വാട്‌സന്റെയും ക്രിക്കിന്റേയുമായി പ്രത്യക്ഷപ്പെട്ടു. ഡി.എന്‍.എ.ഘടനയുടെ കണ്ടെത്തലിനെപ്പറ്റിയുള്ള വിവരം ആദ്യമായി ലോകം അറിഞ്ഞത് ആ ലേഖനം വഴിയാണ്.

ശാസ്ത്രസമൂഹത്തില്‍ പോലും അന്ന് ആ കണ്ടെത്തല്‍ ചലനമുണ്ടാക്കിയില്ല. ലോകത്തെ പിടിച്ചുകുലുക്കേണ്ടിയിരുന്ന ആ വര്‍ത്ത 'ന്യൂസ് ക്രോണിക്കിള്‍' എന്ന ബ്രിട്ടീഷ് പത്രം (ഇന്നത് നിലവിലില്ല) മാത്രമാണ് ഒരു ചെറുകോളത്തില്‍ പ്രസിദ്ധപ്പെടുത്തിയത്: 'വൈ ആര്‍ യു' എന്ന തലക്കെട്ടില്‍!

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഡി.എന്‍.എ. ഘടനയുടെ വെളിപ്പെടല്‍ എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഡി.എന്‍.എ.യിലെ രഹസ്യങ്ങളാണ് പുതിയ നൂറ്റാണ്ടിന്റെ ചാലകശക്തിയായി മാറിയിരിക്കുന്നത്. 'ജിനോം' യുഗത്തിലേക്ക് ലോകം ചുവടുവെച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ പൂര്‍ണജനിതകസാരമായ 'മാനവജിനോമി'ന്റെ ആദ്യ രൂപരേഖ 2001 ജനവരിയില്‍ ലോകത്തിന് ലഭിച്ചു. ഇതിന്റെയെല്ലാം തുടക്കം അരനൂറ്റാണ്ട് മുമ്പ് വാട്‌സണും ക്രിക്കും ചേര്‍ന്നു നടത്തിയ ആ കണ്ടെത്തലായിരുന്നു. 1962-ലെ നോബല്‍ സമ്മാനം വാട്‌സണും ക്രിക്കും, മൗറിസ് വില്‍ക്കിന്‍സ് എന്ന ശാസ്ത്രജ്ഞനൊപ്പം പങ്കുവെച്ചു.

ഏത് ജീവിയുടെയും ജീവല്‍പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന രാസനിര്‍ദ്ദേശങ്ങള്‍ ജീനുകളിലാണ് കുടികൊള്ളുന്നത്. ഡ.എന്‍.എ. തന്മാത്രയിലാണ് ജീനുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഡി.എന്‍.എ.യെ 'ജീവന്റെ തന്മാത്ര'യെന്ന് വിളിക്കുന്നത്. കോശമര്‍മത്തില്‍ ക്രോമസോമുകളിലാണ് ഡി.എന്‍.എ.യെ ക്രമീകരിച്ചിട്ടുള്ളത്. (മനുഷ്യന്റെ കാര്യത്തില്‍ 23 ജോഡി ക്രോമസോമുകള്‍ ഉണ്ട്). ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എ.യുടേതെന്നാണ് വാട്‌സണും ക്രിക്കും കണ്ടെത്തിയത്. കോടിക്കണക്കിന് പടികള്‍ പിരിയന്‍ ഗോവണിക്കുണ്ട്. ഈ ഗോവണിപ്പടികള്‍ ന്യൂക്ലിയോടൈഡുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. 'ബേസുകള്‍' എന്നറിയപ്പെടുന്ന അഡനൈന്‍ (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസെന്‍ (C) എന്നീ രാസ ഉപയൂണിറ്റുകള്‍ അടങ്ങിയതാണ് ന്യൂക്ലിയോടൈഡുകള്‍. ജീവന്റെ ഭാഷ രചിക്കപ്പെട്ടിട്ടുള്ള രാസാക്ഷരങ്ങളായാണ് A,T,G,C എന്നിവ കണക്കാക്കപ്പെടുന്നത്.

മനുഷ്യ ഡി.എന്‍.എ.യില്‍ ഇത്തരം 320 കോടി രാസബന്ധങ്ങളാണ് ഉള്ളത്. ഈ രാസാക്ഷരങ്ങളെല്ലാം ജീനുകള്‍ ആകുന്നില്ല. 30,000-നും 40,000-നും മധ്യേ ജീനുകള്‍ മനുഷ്യ ഡി.എന്‍.എ.യിലുണ്ടെന്നാണ് 'മാനവജിനോമി'ന്റെ കരടുരേഖ വെളിവാക്കിയത്. ആ ജീനുകളുടെ നിര്‍ദേശമനുസരിച്ച് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ്, ശരീരത്തിന്റെ മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത്. ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍, ജിനോം വിവരങ്ങള്‍ ഉപയോഗിച്ച് പുത്തന്‍ ചികിത്സാക്രമങ്ങളും ഔഷധങ്ങളും കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇപ്പോള്‍ വൈദ്യശാസ്ത്രം. കോടിക്കണക്കിനുള്ള ജിനോം വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി 'ബയോഇന്‍ഫര്‍മാറ്റിക്‌സ്' എന്നൊരു പ്രത്യേകശാഖ തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ രൂപം കൊണ്ടിരിക്കുന്നു. അനന്ത സാധ്യതകളാണ് ജിനോം വിവരങ്ങള്‍ മുന്നോട്ടു വെക്കുന്നത്.

ഇതിന്റെയൊക്കെ തുടക്കം 50 വര്‍ഷം മുന്‍പ് വാട്‌സണും ക്രിക്കും ചേര്‍ന്നു നടത്തിയ കണ്ടുപിടിത്തത്തില്‍ നിന്നാണെങ്കിലും, പാരമ്പര്യ ഗുണങ്ങള്‍ നിയന്ത്രിക്കുന്ന ഡി.എന്‍.എ.തന്മാത്രയെപ്പറ്റി ശാസ്ത്രം മുമ്പുതന്നെ ആകാംക്ഷ കാട്ടിയിരുന്നു. ഫ്രിറ്റ്‌സ് മീഷര്‍ എന്ന ശാസ്ത്രജ്ഞന്‍ 1869-ല്‍, കോശമര്‍മത്തില്‍നിന്ന് അമ്ലപദാര്‍ഥം വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിക്കുകയുണ്ടായി. 'ന്യൂക്ലിന്‍' എന്നാണ് മീഷര്‍ അതിനെ വിളിച്ചത്. 1909-ല്‍ 'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് ആദ്യമായി കടന്നു വന്നു. പാരമ്പര്യഘടകങ്ങള്‍ ഡി.എന്‍.എ.യിലാണ് സ്ഥിതിചെയ്യുന്നതെന്ന്, ന്യൂയോര്‍ക്കില്‍ റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഓസ്‌വാല്‍ഡ് ആവറിയും സംഘവും 1943-ല്‍ തെളിയിച്ചു. അതിനുശേഷമാണ് ഈ തന്മാത്രയിലേക്ക് ശാസ്ത്രലോകത്തിന്റെ സവിശേഷശ്രദ്ധ പതിയുന്നത്.

റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍

ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടി പറഞ്ഞാലേ ചിത്രം പൂര്‍ത്തിയാകൂ. ഡി.എന്‍.എ.ഘടന കണ്ടെത്താനായി വാട്‌സണും ക്രിക്കും കാവന്‍ഡിഷ് ലബോറട്ടറിയില്‍ ശ്രമം തുടരുന്ന സമയത്ത്, ലണ്ടനിലെ കിങ്‌സ് കോളേജില്‍ റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍ എന്ന പ്രഗത്ഭയായ ഗവേഷക എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന സങ്കേതത്തിന്റെ സഹായത്തോടെ, ഡി.എന്‍.എ.യുടെ എക്‌സ്-റേ ചിത്രമെടുക്കുന്നതില്‍ വ്യാപൃതയായിരുന്നു. വാട്‌സണും ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം പങ്കിട്ട വില്‍ക്കിന്‍സ് കിങ്‌സ് കോളേജില്‍ ഫ്രാങ്ക്‌ലിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ഒരു തരത്തില്‍ ഫ്രാങ്ക്‌ലിന്റെ പ്രതിയോഗി.

ഫ്രങ്ക്‌ലിന്‍ എടുത്ത ഡി.എന്‍.എ.ക്രിസ്റ്റലിന്റെ ചിത്രം, ഫ്രാങ്ക്‌ലിന്റെ അറിവോ സമ്മതമോ കൂടാതെ വില്‍ക്കിന്‍സ്, ഡോ.വാട്‌സണ് കാട്ടിക്കൊടുത്തു. ഡി.എന്‍.എ.യുടെ അളവുകള്‍ സംബന്ധിച്ച് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന് ഫ്രാങ്ക്‌ലിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റൊരു ശാസ്ത്രജ്ഞന്‍ വഴി വാട്‌സന്റെയും ക്രിക്കിന്റെയും പക്കലെത്തി. ഇക്കാര്യവും ഫ്രാങ്ക്‌ലിന്‍ അറിഞ്ഞിട്ടില്ല. ഡി.എന്‍.എ.യുടെ ഘടന സംബന്ധിച്ച് തങ്ങളെ കുഴക്കിയ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആ ചിത്രങ്ങളും റിപ്പോര്‍ട്ടും വാട്‌സണെയും ക്രിക്കിനെയും കാര്യമായി സഹായിച്ചു. എന്നാല്‍, ഇക്കാര്യം വാട്‌സണോ ക്രിക്കോ ഫ്രാങ്ക്‌ലിനെ അറിയിച്ചില്ല. മാത്രമല്ല, 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഫ്രാങ്ക്‌ലിന്റെ കണ്ടെത്തല്‍ തങ്ങളെ സഹായിച്ച കാര്യം സൂചിപ്പിച്ചില്ല.

പില്‍ക്കാലത്ത് ഫ്രാങ്ക്‌ലിന്റെ ജീവിതത്തെപ്പറ്റി ഗവേഷണം നടത്തിയ ചിലര്‍ എത്തിയ നിഗമനം ഇതാണ്: 1953 ഏപ്രില്‍ 25-ന് വാട്‌സണും ക്രിക്കും തങ്ങള്‍ ഡി.എന്‍.എ.ഘടന കണ്ടെത്തിയ കാര്യം 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ചപ്പോഴേക്കും, ഫ്രാങ്ക്‌ലിനും ഡി.എന്‍.എ.ഘടന സ്വന്തം നിലയ്ക്ക് കണ്ടെത്തിയിരുന്നു. ഫ്രാങ്ക്‌ലിന്റെ പഠനവും ഫ്രാങ്ക്‌ലിന്‍ എടുത്ത ചിത്രങ്ങളും വാട്‌സന്റെയും ക്രിക്കിന്റെയും പക്കല്‍ എത്തിയില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ എന്ന് സാരം. 1958-ല്‍ 37-ാം വയസ്സില്‍ ഫ്രങ്ക്‌ലിന്‍ അര്‍ബുദം ബാധിച്ചു മരിച്ചു. ഡി.എന്‍.എ.ഘടനയുടെ കണ്ടെത്തലില്‍ കാര്യമായ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത വില്‍ക്കിന്‍സന്, വാട്‌സണും ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം ലഭിച്ചു.

ഡി.എന്‍.എ.ഘടന കണ്ടെത്തിയിട്ട് ഇപ്പോള്‍ അര നൂറ്റാണ്ടാകുന്നു. ആ കണ്ടെത്തലുമായി ബന്ധപ്പെട്ട് ഇന്നാരും വില്‍ക്കിന്‍സന്റെ പേര് പരാമര്‍ശിക്കാറില്ല. എന്നാല്‍, ഇതെപ്പറ്റി പറയുന്നിടത്തെല്ലാം വാട്‌സന്റെയും ക്രിക്കിന്റെയും പേരിനോപ്പം റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്റെ നാമം ഉയര്‍ന്നുവരുന്നു. ചരിത്രം ഒന്നിനും കടംവെക്കാറില്ല.

-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ഏപ്രില്‍ 6-12

3 comments:

Joseph Antony said...

ഡി.എന്‍.എ.ഘടന കണ്ടെത്തിയിട്ട് ഇപ്പോള്‍ അര നൂറ്റാണ്ടാകുന്നു. ആ കണ്ടെത്തലുമായി ബന്ധപ്പെട്ട് ഇന്നാരും വില്‍ക്കിന്‍സന്റെ പേര് പരാമര്‍ശിക്കാറില്ല. എന്നാല്‍, ഇതെപ്പറ്റി പറയുന്നിടത്തെല്ലാം വാട്‌സന്റെയും ക്രിക്കിന്റെയും പേരിനോപ്പം റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്റെ നാമം ഉയര്‍ന്നുവരുന്നു. ചരിത്രം ഒന്നിനും കടംവെക്കാറില്ല.

Viswaprabha said...

ചില എഴുത്തുകൾക്കൊന്നും ഒരിക്കലും പഴക്കം ബാധിക്കില്ല. ഏഴുവർഷത്തിനുശേഷം, ഇപ്പോഴും ഈ ലേഖനത്തിനു് തനതായ ഒരു കൌതുകവും പ്രസക്തിയും ഉണ്ടു്. ഇതുപോലെ രസകരവും വിജ്ഞാനപ്രദവുമായ മറ്റു പഴയ ലേഖനങ്ങളും സാവകാശം പോലെ പ്രസിദ്ധീകരിക്കുമല്ലോ.
നന്ദി.

Roshan PM said...

വിജ്ഞാനപ്രദമായ പോസ്റ്റ്‌. നന്ദി