Wednesday, January 20, 2010

മാനവജിനോം -1 : സൃഷ്ടിയുടെ എട്ടാംദിനം

ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷ മനുഷ്യന് കരഗതമായിരിക്കുന്നു. ഡി.എന്‍.എ.യുടെ സങ്കീര്‍ണമായ ചുരുളുകള്‍ നിവര്‍ത്തി മനുഷ്യന്‍ വായിച്ചെടുത്ത പുതിയ ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി മുന്നോട്ട് ചരിക്കുക - സമ്പൂര്‍ണ ജനിതക മാപ്പ് തയ്യാറാക്കാന്‍ ശാസ്ത്രലോകം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട തപസ്യയെക്കുറിച്ചാണ് ഈ ലേഖനം

എഴുപതുകളിലാണ് - മോളിക്യുലാര്‍ ബയോളജിയുടെ ബാല്യകാലത്തെപ്പറ്റി ഹൊരാസ് ഫ്രീലാന്‍ഡ് ജഡ്‌സന്‍ ഒരു പുസ്തകം രചിച്ചു. ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ഡി.എന്‍.എ. മാതൃകയുടെ പ്രാഥമിക സാധ്യതകളുമായി മുന്നേറിക്കൊണ്ടിരുന്ന കാലഘട്ടത്തെപ്പറ്റിയുള്ള ആ ഗ്രന്ഥത്തിന്റെ പേര് ഇതായിരുന്നു: 'ദി എയ്ത് ഡേ ഓഫ് ക്രിയേഷന്‍'-സൃഷ്ടിയുടെ എട്ടാംദിനം.

എന്നാല്‍, സൃഷ്ടിയുടെ ആ പുതുദിനത്തിലേക്ക് മനുഷ്യന്‍ ശരിക്കും ചുവടുവെച്ചത് 2000 ജൂണ്‍ 26-നായിരുന്നു. മനുഷ്യജീവിയുടെ സമ്പൂര്‍ണ ജനിതകമാപ്പ് തയ്യാറായ വിവരം പ്രഖ്യാപിക്കപ്പെട്ടത് അന്നാണ്. മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരമായ രാസസംജ്ഞകള്‍ കോഡു ചെയ്യപ്പെട്ടിരിക്കുന്ന ഡി.എന്‍.എ. ഇനിയൊരു രഹസ്യമല്ലെന്നായിരുന്നു ആ പ്രഖ്യാപനത്തിന്റെ കാതല്‍.

18 രാജ്യങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ ആയിരത്തിലേറെ ഗവേഷകര്‍ പത്തുവര്‍ഷം നടത്തിയ ശ്രമകരമായ കൂട്ടായ്മയുടെ ഫലമായിരുന്നു ആ പ്രഖ്യാപനം. 'ഹ്യുമന്‍ ജിനോം പ്രോജക്ട്' എന്ന ബഹുരാഷ്ട്ര സംരംഭമാണ് ഡി.എന്‍.എ.യുടെ സങ്കീര്‍ണ ചുരുളുകള്‍ നിവര്‍ത്തി, ജീവന്റെ രഹസ്യം കുറിച്ചിട്ടിരിക്കുന്ന ആ മഹാഗ്രന്ഥത്തെ വായനക്ക് പാകമാക്കിയത്. അമേരിക്കയിലെ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ 1990-ല്‍ ആരംഭിച്ച 'ജിനോം പ്രോജക്ടി'നൊപ്പം, 1998-ല്‍ മാത്രം ഈ മേഖലയിലേക്കു കടന്നുവന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യസ്ഥാപനവും ഡി.എന്‍.എ. സാരം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

മനുഷ്യന്‍ സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഭാഷ ശാസ്ത്രത്തിന്റെ സരണിയിലേക്ക് കടന്നുവരികയായിരുന്നു. 'ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പറഞ്ഞു. ഈ പുതിയ ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി മുന്നോട്ടു ചരിക്കാന്‍ പോകുന്നത്.

ചരിത്രവഴികള്‍

ജനിതശാസ്ത്രത്തിന്റെ നാള്‍വഴിയിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍ നാമെത്തുക, ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബര്‍നോയിലെ ഒരു പച്ചക്കറി തൊട്ടത്തിലായിരിക്കും. അവിടെയാണ്, 1850-കളില്‍ മൊറോവിയന്‍ സന്യാസിയായിരുന്ന ഗ്രിഗര്‍ മെന്റല്‍, പയര്‍ചെടികള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി പാരമ്പര്യത്തിന്റെ ഗുണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. തലമുറകളില്‍നിന്ന് തലമുറകളിലേക്കു പകരുന്ന പൈതൃകഗുണങ്ങളെ യുക്തിപൂര്‍വം മനസിലാക്കാന്‍ ശാസ്ത്രലോകത്തിന് പ്രേരണയായത് മെന്‍ഡലിന്റെ പരീക്ഷണങ്ങളായിരുന്നു.

ജീനുകളെപ്പറ്റിയോ അവയ്ക്കാധാരമായ ഡി.എന്‍.എ.യെപ്പറ്റിയോ എന്തെങ്കിലും വിവരങ്ങള്‍ അന്ന് അറിയാമായിരുന്നില്ല. 'ജീന്‍' എന്ന വാക്കുപോലും ശാസ്ത്രത്തിന്റെ പദാവലിയിലേക്കു കടന്നുവരുന്നത്, മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍ നടന്ന് അരനൂറ്റാണ്ടിനുശേഷമാണ്; 1909-ല്‍. മാത്രമല്ല, ഫോസ്‌ഫേറ്റും ഷുഗറും നൈട്രജന്‍ ബേസുകളുമാണ് 'ഡി-ഓക്‌സീറൈബോ ന്യൂക്ലിക് ആസിഡ്' എന്ന ഡി.എന്‍.എ.യുടെ ചേരുവയെന്നും ഗവേഷകര്‍ കണ്ടെത്തി.

പിന്നെയും അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ്, ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ.തന്മാത്രയുടെ മാതൃക കണ്ടെത്തിയത്. 1953-ലായിരുന്നു അത്. ജനിതകരഹസ്യങ്ങളുടെ സങ്കീര്‍ണഭൂമികയിലേക്ക് ചുവടുവെക്കാന്‍ ശാസ്ത്രത്തെ പ്രാപ്തമാക്കിയത് ഈ കണ്ടെത്തലായിരുന്നു. യാദൃശ്ചികമാവാം, പിന്നെയും അരനൂറ്റാണ്ടിനുശേഷമാണ്, വാട്‌സനും ക്രിക്കും കാട്ടിത്തന്ന ഡി.എന്‍.എ.രൂപത്തെ പൂര്‍ണമായി ചുരുളഴിക്കുന്നതില്‍ വിജയിച്ചതായി പ്രഖ്യാപനമുണ്ടാകുന്നത്.

ജീവന്റെ പിരിയന്‍ഗോവണി

കോടാനുകോടി കോശങ്ങള്‍ കൊണ്ടാണ് മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകാത്തത്ര ചെറുതാണ് ഓരോ കോശവും. ഓരോ കോശത്തിലും മൂന്നു പ്രധാനഭാഗങ്ങളുണ്ട്; കോശഭിത്തി, കോശദ്രവ്യം (പ്രോട്ടോപ്ലാസം), കോശമര്‍മം (ന്യൂക്ലിയസ്). കോശമര്‍മത്തിലാണ് ഡി.എന്‍.എ.തന്മാത്ര സ്ഥിതിചെയ്യുന്നത്. കോശമര്‍മത്തിലെ 23 ജോടി ക്രോമസോമുകളിലായി അത് ക്രമീകരിച്ചിരിക്കുന്നു. ഈ ജോടികളില്‍ ഒരെണ്ണം മാതാവില്‍നിന്നും ഒരെണ്ണം പിതാവില്‍നിന്നും ലഭിക്കുന്നതാണ്. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ രാസനിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് ഡി.എന്‍.എ.യിലാണ്. അതുകൊണ്ട് ഇതിനെ 'ജീവന്റെ തന്മാത്ര'യെന്ന് പറയാറുണ്ട്.

കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണി സങ്കല്‍പ്പിക്കു. ഡി.എന്‍.എ.യുടെ ഘടന ഇതിന് തുല്യമാണ്. (ഈ പിരിയന്‍ ഗവണിയെ നിവര്‍ത്തി അളന്നു നോക്കിയാല്‍, അതിന് ഏതാണ്ട് അഞ്ചടി നീളവും, ഒരിഞ്ചിന്റെ ഒരു ലക്ഷം കോടിയില്‍ 50 ഭാഗം എത്രയാണോ അത്രയും കനവുമുണ്ടായിരിക്കും). ഡി-ഓക്‌സീറൈബോസ് എന്ന പഞ്ചസാരയും ഫോസ്‌ഫേറ്റും ഒന്നിടവിട്ടു കൊരുത്തിട്ട കൈവരിയാണ് ഈ ഗോവണിയുടേത്. ഗോവണി പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍(A), തൈമൈന്‍(T), ഗ്വാനൈന്‍(G), സൈറ്റോസൈന്‍(C) എന്നീ നൈട്രജന്‍ ഉപയൂണിറ്റുകളാല്‍ ന്യൂക്ലിയോടൈഡുകള്‍ നിര്‍മിച്ചിരിക്കുന്നു. ഈ രാസഉപയൂണിറ്റുകളാണ് 'ബേസു'കള്‍ എന്നറിയപ്പെടുന്നത്. ഇതില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 300 കോടിയിലേറെ രാസബന്ധങ്ങളാണ് ഡി.എന്‍.എ.തന്മാത്രയിലുള്ളത്.

പ്രോട്ടീനുകളുടെ ലോകം

ശരീരത്തിലെ ഓരോ തന്മാത്രയും ഏതെങ്കിലും ഒരു പ്രോട്ടീനോ അല്ലെങ്കില്‍ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനഫലമോ ആണ്. അമിനോ ആസിഡുകള്‍കൊണ്ടാണ് പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നത്. ഇരുപതോളം വ്യത്യസ്ത അമിനോ ആസിഡുകളുണ്ട്. അവ പല അനുപാതത്തില്‍ ചേര്‍ന്നുണ്ടാകുന്ന ചങ്ങലരൂപത്തിലുള്ള യൂനിറ്റുകളാണ് ഓരോ പ്രോട്ടീനും.

ഏതെങ്കിലും പ്രത്യേക പ്രോട്ടീന് കാരണമായ ഡി.എന്‍.എ. ഭാഗത്തെ 'ജീന്‍' എന്നു പറയുന്നു. ജീനുകള്‍ക്കും പ്രോട്ടീനുകള്‍ക്കും മധ്യേയുള്ള സന്ദേശവാഹികളായി ആര്‍.എന്‍.എ.(റൈബോ ന്യൂക്ലിക് ആസിഡ്) തന്മാത്ര പുറപ്പെടുവിക്കുന്ന റൈബോസോമുകള്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങള്‍ എങ്ങനെ കാണപ്പെടണം, എത്ര ഉയരമുണ്ടാകണം, എത്ര ബുദ്ധിനിലവാരം വേണം, തൊലി കറുത്തിരിക്കണോ വെളുത്തിരിക്കണോ, കണ്ണുകള്‍ക്ക് പച്ചനിറം വേണോ സാധാരണനിറം മതിയോ എന്നിങ്ങനെ ഓരോ മനുഷ്യന്റെയും 'ശിരോലിഖിതം' യഥാര്‍ത്ഥത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത് ജീനുകളിലാണ്. മനുഷ്യ ഡി.എന്‍.എ.യില്‍ എത്ര ജീനുകളുണ്ടെന്ന് ഇനിയും വ്യക്തമല്ല. ചില ഏകദേശ കണക്കുകള്‍ പ്രകാരം 35,000 മുതല്‍ ഒന്നരലക്ഷം വരെയാകാം ജീനുകളുടെ സംഖ്യ. ഡി.എന്‍.എ.യില്‍ 300 കോടിയോളം രാസബന്ധങ്ങളുണ്ടെങ്കിലും അതു മുഴുവന്‍ ജീനുകളായി പ്രവര്‍ത്തിക്കുന്നില്ല. അതില്‍ വെറും രണ്ടുശതമാനം മാത്രമേ ജീനുകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കി 98 ശതമാനം ഭാഗവും 'ജങ്ക് ഡി.എന്‍.എ.'യാണ്.

മാനവജിനോം പദ്ധതി

1953-ല്‍ വാട്‌സനും ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ.മാതൃക കണ്ടെത്തിയെങ്കിലും, അതിന്റെ അസാധാരണ സങ്കീര്‍ണത മനസ്സിലാക്കാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. സാധാരണഗതിയിലുള്ള ഒറ്റപ്പെട്ട ഗവേഷണങ്ങള്‍കൊണ്ടൊന്നും ജീവന്റെ പുസ്തകം വായിച്ചെടുക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രലോകം മനസ്സിലാക്കി. അത്ര ബൃഹത്തും സങ്കീര്‍ണവുമാണ് ഡി.എന്‍.എ.യെന്ന തിരിച്ചറിവില്‍നിന്നാണ് 'മാനവജിനോംപദ്ധതി'(Human Genome Project) യെന്ന മഹാസംരംഭത്തിന്റെ പിറവി. (ഒരു ജീവിയുടെ പൂര്‍ണ ജനിതകസാരത്തെയാണ് ജിനോം എന്നു പറയുക). 'ജിനോംപദ്ധതി'ക്ക് രൂപം നല്‍കാനായി ആദ്യചര്‍ച്ച 1985-ല്‍ നടന്നു. 1988-ല്‍ യു.എസ്.നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കി.

അമേരിക്കന്‍ സ്ഥാപനമായ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ നടത്താനാണ് വിഭാവനം ചെയ്തതെങ്കിലും, 'ജിനോംപദ്ധതി' വെറുമൊരു അമേരിക്കന്‍ പദ്ധതിയായി മാറരുതെന്ന് ജയിംസ് വാട്‌സനെപ്പോലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 18 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ പദ്ധതിക്കായി കൈകോര്‍ത്തു. ബ്രിട്ടനില്‍ വെല്‍ക്കം ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. 300 കോടി ഡോളര്‍ (ഏതാണ്ട് 13,200 കോടി രൂപ) ചെലവില്‍, 15 വര്‍ഷം കൊണ്ട് ഡി.എന്‍.എ.സാരം പൂര്‍ണമായി മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ, 1990-ല്‍ 'ഹ്യുമന്‍ ജിനോം പദ്ധതി' പ്രവര്‍ത്തനമാരംഭിച്ചു.

മനുഷ്യ ഡി.എന്‍.എ.യിലെ 300 കോടിയോളം രാസബന്ധങ്ങള്‍ വിശകലനം ചെയ്യുക, ഒരു ലക്ഷമോ അതിലധികമോ വരുന്ന ജീനുകളെ തിരിച്ചറിയുക, വിവിധ ജനവിഭാഗങ്ങളുടെ ജീന്‍ ശേഖരങ്ങളെ താരതമ്യം ചെയ്യുക, പദ്ധതികൊണ്ട് സൃഷ്ടിക്കപ്പെടുന്ന സാമൂഹിക, നൈതിക, നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക - ജിനോം പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഇവയായിരുന്നു. ആദ്യരണ്ടു വര്‍ഷങ്ങളില്‍ ജയിംസ് വാട്‌സന്‍ തന്നെയായിരുന്നു പദ്ധതിയുടെ സാരഥി. അതിനുശേഷമാണ്, 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ മേധാവി ഫ്രാന്‍സിസ് കോളിന്‍സ് ജിനോം പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തത്.

പദ്ധതിയുടെ വിജയത്തിന് മറ്റ് നിരവധി ജീവികളുടെയും ജിനോം തിരിച്ചറിയപ്പെടണം. ആ ദിശയില്‍ നടന്ന ശ്രമങ്ങള്‍ 1995-ല്‍ ആദ്യവിജയം നേടിയത്, 'ഹോമോഫിലസ് ഇന്‍ഫഌവന്‍സാ' എന്ന സൂക്ഷ്മജീവിയുടെ ജിനോം തിരിച്ചറിഞ്ഞതോടെയാണ്.

'സെലേറ' വെല്ലുവിളി ഉയര്‍ത്തുന്നു

കോടിക്കണക്കിന് വിവരങ്ങള്‍ ഒരേസമയം വിശകലനം ചെയ്യാന്‍ ശേഷിയുള്ള കമ്പ്യൂട്ടറുകള്‍. നൂറുകണക്കിന് 'ഡി.എന്‍.എ. സീക്വന്‍സിങ്' മെഷീനുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ കമ്പൂട്ടറുകള്‍ സംഭരിച്ചു വിശകലനം ചെയ്യുന്നു. വിശ്രമമില്ലാതെ വര്‍ഷങ്ങളോളം നടന്ന ഈ പ്രവര്‍ത്തനമാണ് ഡി.എന്‍.എ.യുടെ അപകോഡീകരണത്തിന് (decoding) വഴിതെളിച്ചത്. തുടക്കത്തില്‍ തികച്ചും മന്ദഗതിയിലാണ് പദ്ധതി മുന്നോട്ടു നീങ്ങിയത്. 15 വര്‍ഷമായിരുന്നുവല്ലോ കാലയളവ്. എന്നാല്‍, കമ്പ്യൂട്ടര്‍ സാങ്കേതികതയും വിവരവിശകലന സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായതോടെ, 2003-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാകും എന്നു കരുതി.

എന്നാല്‍, 1998-ഓടെ ഈ കണക്കുകൂട്ടല്‍ തെറ്റി. അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യകമ്പനി, ജിനോം പ്രോജക്ട് എന്ന പൊതുസംരംഭത്തിന് വെല്ലുവിളിയുയര്‍ത്തി രംഗത്തു വന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത് വിട്ടുപോന്ന ക്രെയ്ഗ് വെന്റര്‍ എന്ന ജനിതകശാസ്ത്രജ്ഞനാണ് ഇതിന്റെ മേധാവി. അമേരിക്കന്‍ പ്രതിരോധസംഘടനയായ പെന്റഗണ്‍ കഴിഞ്ഞാല്‍, ഭൂമുഖത്ത് ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര്‍ സംവിധാനമുള്ളത് 'സെലേറ'യ്ക്കാണെന്നും, അതിനാല്‍ ജിനോംപദ്ധതി പൂര്‍ത്തിയാകും മുമ്പ് മാനവജനിതകമാപ്പ് തയ്യാറാക്കാന്‍ തങ്ങള്‍ക്കാകുമെന്നും ക്രെയ്ഗ് വെന്റര്‍ പ്രസ്താവിച്ചതോടെ, ജിനോംപദ്ധതി അധികൃതര്‍ പദ്ധതിക്കാലയളവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.

മത്സരം മുറുകിയതോടെ, ജനിതക കണ്ടെത്തലുകള്‍ പേറ്റന്റ് ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മനുഷ്യപൈതൃകം സംബന്ധിച്ച അമൂല്യവിവരങ്ങള്‍ ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ സ്വന്തമാക്കുന്നതിനെതിരെ വന്‍പ്രതിഷേധമുയര്‍ന്നു. ഇതേതുടര്‍ന്നാണ്, ജിനോം പ്രോജക്ടിന്റെ ഭാഗമായി സീക്വന്‍സ് ചെയ്യപ്പെടുന്ന ഡി.എന്‍.എ.വിവരങ്ങള്‍ മുഴുവന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍, ഇന്റര്‍നെറ്റില്‍ വെളിപ്പെടുത്തുമെന്ന് ബില്‍ ക്ലിന്റനും ടോണി ബ്ലെയറും കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത്.

ജിനോം ഗവേഷണങ്ങളുടെ ഭാഗമായി, പഴയീച്ചയും എലിയുമുള്‍പ്പടെ 30-ഓളം ജീവികളുടെ ജനിതകമാപ്പ് ഇതിനകം തയ്യാറായിക്കഴിഞ്ഞു. മറ്റ് നൂറോളം ജീവികളുടെ ജനിതകസംഗ്രഹം അവസാന മിനുക്കുപണിയിലാണ്.

ജിനോം മാപ്പ് തയ്യാറായിക്കഴിഞ്ഞ ജീവികളിലൊന്നാണ് ഇപ്പോള്‍ മനുഷ്യന്‍. വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും, മനുഷ്യ ഡി.എന്‍.എ.യുടെ പൂര്‍ണസംഗ്രഹം തയ്യാറായ വിവരം, 'ജിനോം പ്രോജക്ടും' 'സെലേറ'യും ജൂണ്‍ 26-ന് തന്നെയാണ് പ്രഖ്യാപിച്ചത്. ജിനോം പ്രോജക്ട് കണ്ടെത്തിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷേ, തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ 'സെലേറ' തയ്യാറായിട്ടില്ല.

ഡി.എന്‍.എ.യിലുള്ള 300 കോടി രാസബന്ധങ്ങളില്‍ 97 ശതമാനവും കണ്ടെത്തിക്കഴിഞ്ഞെന്നും, അതില്‍ 85 ശതമാനവും ശരിയായ ക്രമത്തിലാണെന്നും ജിനോം പ്രഖ്യാപനം നടത്തിക്കൊണ്ട് ഗവേഷകര്‍ പറഞ്ഞു. അവശേഷിക്കുന്ന തെറ്റുകുറ്റങ്ങള്‍ മാറ്റി, ജനിതകസംഗ്രഹത്തിന്റെ സംശുദ്ധരൂപം 2003-ഓടെ പൂര്‍ത്തിയാകും. ഇപ്പോള്‍ തയ്യാറായിട്ടുള്ളത് ഒരു 'പ്രവര്‍ത്തനരൂപരേഖ' (working draft) മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? ഈ 'ജനിതകരൂപരേഖ' എങ്ങനെയാണ് പ്രയോജനം ചെയ്യുക? ജനിതക വിവരങ്ങള്‍ തെറ്റായ കരങ്ങളിലെത്തിയാല്‍ എന്തുസംഭവിക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

കോടിക്കണക്കിന് 'വിവരങ്ങള്‍' അടങ്ങിയ 'ജീവന്റെ പുസ്തകം' വായനയ്ക്കു തയ്യാറായി എന്നതാണ് ഉണ്ടായിരിക്കുന്നത്. പുസ്തകത്തിലെ പേജുകളെല്ലാം ശരിയായ ക്രമത്തിലാണ്. ഈ 'വിവരങ്ങള്‍' യുക്തിപൂര്‍വം വിശകലനം ചെയ്ത് ഇനി 'അറിവാ'ക്കി മാറ്റണം. ജീനുകളെന്ന രാസവാചകങ്ങള്‍ കണ്ടെത്തണം. ഇവയിലെ ഏത് അക്ഷരപിശകുകളാണ് രോഗങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് തിരിച്ചറിയണം. (ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്). ഈ തകരാറുകള്‍ മാറ്റിയെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം.

എന്നുവെച്ചാല്‍, ജനിതകരഹസ്യങ്ങളുടെ ഒരു വിശാലഭൂമികയിലേക്ക് ശാസ്ത്രം പാദമൂന്നിയിരിക്കുകയാണ്. ഇനിയുള്ള പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും ഇവിടെനിന്നു തുടങ്ങണം; ഡി.എന്‍.എ.യുടെ സൂക്ഷ്മപ്രപഞ്ചത്തില്‍ നിന്ന്.

-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍, 2000

2 comments:

Joseph Antony said...

കോടിക്കണക്കിന് 'വിവരങ്ങള്‍' അടങ്ങിയ 'ജീവന്റെ പുസ്തകം' വായനയ്ക്കു തയ്യാറായി എന്നതാണ് ഉണ്ടായിരിക്കുന്നത്. പുസ്തകത്തിലെ പേജുകളെല്ലാം ശരിയായ ക്രമത്തിലാണ്. ഈ 'വിവരങ്ങള്‍' യുക്തിപൂര്‍വം വിശകലനം ചെയ്ത് ഇനി 'അറിവാ'ക്കി മാറ്റണം. ജീനുകളെന്ന രാസവാചകങ്ങള്‍ കണ്ടെത്തണം. ഇവയിലെ ഏത് അക്ഷരപിശകുകളാണ് രോഗങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് തിരിച്ചറിയണം. (ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്). ഈ തകരാറുകള്‍ മാറ്റിയെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം. എന്നുവെച്ചാല്‍, ജനിതകരഹസ്യങ്ങളുടെ ഒരു വിശാലഭൂമികയിലേക്ക് ശാസ്ത്രം പാദമൂന്നിയിരിക്കുകയാണ്. ഇനിയുള്ള പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും ഇവിടെനിന്നു തുടങ്ങണം; ഡി.എന്‍.എ.യുടെ സൂക്ഷ്മപ്രപഞ്ചത്തില്‍ നിന്ന്.

Rini said...

ഇത് കണ്ടിട്ട് GATTACA [1997] എന്ന സിനിമ ഓര്മ വരുന്നു..