Friday, February 5, 2010

മാനവജിനോം-3 : ജീന്‍വേട്ടയുടെ മറുവശം

മാനവജിനോമിന്റെ കണ്ടെത്തല്‍ നിരവധി പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, നൈതികവും സാമൂഹികവുമായ ചില സുപ്രധാന ചോദ്യങ്ങളും അത് ഉയര്‍ത്തുന്നുണ്ട്. ജിനോം വിവരങ്ങളുടെ വിപണന സാധ്യത മുന്‍കൂട്ടിയറിഞ്ഞ്, അവ സ്വന്തമാക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ മത്സരിച്ചു രംഗത്തുണ്ട്. ഡി.എന്‍.എ. ശ്രേണീഭാഗങ്ങളുടെയും പുതിയ ജീനുകളുടെയും പേറ്റന്റ് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് സമ്പന്ന രാഷ്ട്രങ്ങളിലെ പേറ്റന്റ് ഓഫീസുകളില്‍ ഇപ്പോള്‍ എത്തുന്നത്. പക്ഷേ, മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യപ്പെടാന്‍ പാടുണ്ടോ? ആര്‍ക്കാണ് ഇതില്‍ അവകാശവാദമുന്നയിക്കാനാവുക? നിങ്ങളുടെ ജീനിന് പേറ്റന്റ് നേടാന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ക്ക് ആരാണ് അധികാരം നല്‍കിയത്?

ഉത്തരം കിട്ടാതെ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഒരു വശത്ത് ഉയരുമ്പോള്‍ത്തന്നെ മറുവശത്ത് ഒരു വന്‍ 'ജീന്‍വേട്ട'ക്കുള്ള തയ്യാറെടുപ്പ് ദ്രുതഗതിയില്‍ നടന്നുവരികയാണ്. ശരിക്കു പറഞ്ഞാല്‍ 21-ാം നൂറ്റാണ്ടിലെ ജീന്‍വേട്ട ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാനവജിനോം സംഗ്രഹം പുറത്തുവരും മുമ്പുതന്നെ വേട്ട തുടങ്ങി. അമേരിക്കയില്‍ മാത്രം ഇതിനകം 20,000 ജീനുകള്‍ക്ക് പേറ്റന്റ് നല്‍കിക്കഴിഞ്ഞു. അവയില്‍ 1000 എങ്കിലും മനുഷ്യജീനുകളാകാമെന്ന് യു.എസ്.പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലെ വക്താവ് ബ്രിജിഡ് ക്വിന്‍ പറയുന്നു.

സെലേറ, എച്ച്.ജി.എസ്, ഇന്‍സൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ അമേരിക്കന്‍ കമ്പനികള്‍ കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ത്തെന്ന, മനുഷ്യ ഡി.എന്‍.എ.യിലെ ആയിരക്കണക്കിന് 'സീക്വന്‍സു'കള്‍ക്കാണ് പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. 'ഇന്‍സൈറ്റ്' ഇതിനകം മുന്നൂറിലേറെ പേറ്റന്റുകളും, എച്ച്.ജി.എസ്. നൂറോളം പേറ്റന്റുകളും കരസ്ഥമാക്കിക്കഴിഞ്ഞു.

ഒരു പൊതുസംരംഭമെന്ന നിലയില്‍, മാനവജിനോം പദ്ധതി വഴി പുറത്തുവരുന്ന വിവരങ്ങള്‍ രഹസ്യമാക്കി വെക്കില്ലെന്നും, ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും കഴിഞ്ഞ വര്‍ഷം ബില്‍ ക്ലിന്റനും ടോണി ബ്ലെയറും പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. പക്ഷേ, കോടിക്കണക്കിന് സങ്കീര്‍ണ വിവരങ്ങള്‍ വിശകലനം ചെയ്യാനോ പഠിക്കാനോ ആവശ്യമായ സാങ്കേതിക സൗകര്യം ഇല്ലാത്തതിനാല്‍, ഇന്ത്യയെപ്പോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് ജിനോം വിവരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. ജിനോം വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ, മനുഷ്യ ഡി.എന്‍.എ.യിലെ 6450 ജീനുകള്‍ക്ക് പേറ്റന്റ് തേടിക്കൊണ്ട് 'ജിനോം' അധികൃതര്‍ അപേക്ഷ നല്‍കിയ നടപടി വന്‍വിമര്‍ശനത്തിനിടയാക്കി.

ഡി.എന്‍.എ.യുടെ പൂര്‍ണരൂപരേഖ മാത്രമാണ് ഇപ്പോള്‍ വെളിവായിട്ടുള്ളത്. സങ്കീര്‍ണമായ ആ രൂപരേഖയില്‍ നിന്ന് ജീനുകളെ വായിച്ചെടുക്കുക എന്നത് അത്യന്തം ദുഷ്‌കരമായ പ്രവര്‍ത്തനമാണെന്നും, അതിനാല്‍ ജീനുകള്‍ക്ക് പേറ്റന്റ് ലഭിക്കില്ല എന്നുവന്നാല്‍ ആരും അതിന് മിനക്കെടില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. എത്രയും വേഗം ജീനുകള്‍ വായിച്ചു മനസിലാക്കേണ്ടതുണ്ട്. എങ്കിലേ, ഡി.എന്‍.എ.വിവരങ്ങള്‍ വേണ്ടത്ര പ്രയോജനം നല്‍കൂ എന്ന വാദഗതിയും ഉയരുന്നുണ്ട്. ഏതായാലും കാര്യങ്ങള്‍ ഇന്നത്തെ സ്ഥിതിക്കു മുന്നേറുകയാണെങ്കില്‍, 'മനുഷ്യജീവന്‍' എത്ര അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്നാണ് പങ്കുവെച്ചെടുക്കുക എന്നേ നോക്കേണ്ടതുള്ളൂ!

ജീനുകളുടെ ദുരുപയോഗം

പേറ്റന്റുകള്‍ക്ക് ഒരു പരിമിത കാലയളവേ നിലനില്‍പ്പുള്ളൂ എന്ന് സമാധാനിക്കാം. എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി ഒരാളുടെ പക്കല്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതകവിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്യില്ല എന്നതിന് എന്താണുറപ്പ്? ജിനോം വിവരങ്ങളുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.

നിലവില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് ഒരാളുടെ ജനിതകവിവരങ്ങള്‍ ശേഖരിക്കാനാവുക. നിയമപരമായ കാര്യങ്ങള്‍ക്കും, ചികിത്സയ്ക്കും. പിതൃത്വം നിര്‍ണയിക്കുന്നതിന് ഡി.എന്‍.എ.ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ കോടതികള്‍ തന്നെ ആവശ്യപ്പെടാറുണ്ട്. ഒരാളുടെ 'ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റാ'ണ് (റസ്ട്രിക്ഷന്‍-ഫ്രാഗ്‌മെന്റ്-ലങ്ത് പോളിമോര്‍ഫിസം അഥവാ ആര്‍.എഫ്.എല്‍.പി.എന്നതാണ് ഡി.എന്‍.എ.ഫിംഗര്‍ പ്രിന്റ് എന്ന് അറിയപ്പെടുന്നത്) ഈയാവശ്യത്തിന് പരിശോധിച്ചു നോക്കുന്നത്.

ഇങ്ങനെ പല ആവശ്യങ്ങള്‍ക്കായി ഒരാളില്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പിന്നീട് അയാള്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടില്ല എന്നതിന് ഉറപ്പൊന്നുമില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജനിതകസൂചന ലഭിച്ചാല്‍, ഒരാളെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായില്ലെന്നു വരാം. ബൗദ്ധികമായ ചില പ്രത്യേകതകള്‍ ജീനുകളിലുള്ളവര്‍ക്കു മാത്രമേ ജോലി നല്‍കൂ എന്നുവേണമെങ്കില്‍ ഒരു സ്ഥാപനത്തിന് തീരുമാനിക്കാം. പലതരത്തിലുള്ള ജനിതകവിവേചനങ്ങള്‍ക്ക് ഇത്തരം പ്രവണതകള്‍ കാരണമാകും.

ജനിതക വിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ശ്രമിച്ചുകൂടെന്നില്ല. ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന ജനിതകതലത്തിലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാം. ഇത്തരക്കാരെ ഇന്‍ഷൂര്‍ ചെയ്യാതെ കമ്പനികള്‍ക്ക് കൈയൊഴിയാം. എന്നാല്‍, ഇതിനൊരു മറുവശമുണ്ട്. തന്റെ ജീനുകളില്‍ മാരകമായ എന്തെങ്കിലും അക്ഷരത്തെറ്റുണ്ടോ എന്നു പരിശോധിച്ചിട്ട് ഒരാള്‍ക്ക് വേണമെങ്കില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കണോ വേണ്ടയോ എന്നും തീരുമാനിക്കാം. വലിയ അപകട സാധ്യതയൊന്നുമില്ലെങ്കില്‍, പോളിസിയെടുത്തിട്ട് (വാഹനാപകട ഇന്‍ഷൂറന്‍സ് ഒഴികെ) എന്തുകാര്യമെന്ന് ആളുകള്‍ ചിന്തിച്ചാല്‍, നഷ്ടം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കായിരിക്കും.

ജീന്‍ ശേഖരങ്ങളുടെ അപകടം

ഹ്യുമന്‍ജിനോം പദ്ധതിയുടെ ചുവടുപിടിച്ച്, ഹ്യുമന്‍ജിനോം ഡൈവേഴ്‌സിറ്റി പ്രോജക്ട് (HGDP) എന്നൊരു പദ്ധതി അമേരിക്കയില്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത്' തന്നെയാണ് ഇതിന്റെയും ചുക്കാന്‍ പിടിക്കുന്നത്. ഭൂമുഖത്തെ വിവിധ ജനവിഭാഗങ്ങളുടെയും വംശീയഗ്രൂപ്പുകളുടെയും ഒരു 'ജീന്‍പൂള്‍' (ജീന്‍ ശേഖരം) ഉണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 500 ഓളം വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജനിതകഘടന, പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഇന്ത്യയിലെ 77 ജനവിഭാഗങ്ങളുടെ ജീന്‍ശേഖരവും ഉള്‍പ്പെടുന്നു.

നൂറുകണക്കിന് വംശീയഗ്രൂപ്പുകളുടെ വിലപ്പെട്ട ജനിതകവിവരങ്ങള്‍ അമേരിക്കന്‍ ഗവേഷകരുടെ നിയന്ത്രണത്തിലാക്കാന്‍ വഴിതെളിക്കുന്ന ഈ പദ്ധതിയെ, പല രാജ്യങ്ങളും കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വംശീയഗ്രൂപ്പുകള്‍ക്കും സവിശേഷമായ പല ജനിതക ഗുണങ്ങളുമുണ്ടാകാം; രോഗപ്രതിരോധശേഷി, കായികക്ഷമത, ബൗദ്ധികനിലവാരം എന്നിങ്ങനെ. ഈ പ്രത്യേകഗുണങ്ങള്‍ക്കു കാരണമായ ജീനുകള്‍ക്ക് അമേരിക്കന്‍ ഗവേഷകര്‍ പേറ്റന്റു നേടില്ല എന്ന് ഉറപ്പൊന്നുമില്ല.

'ഹഗാഹായി' (Hagahai) എന്ന വംശീയ വിഭാഗത്തിന്റെ ഒരു ഡി.എന്‍.എ.ഭാഗത്തിന് പേറ്റന്റ് നേടാന്‍ ഇതിനിടെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് ശ്രമിക്കുകയുണ്ടായി. വന്‍വിവാദത്തെ തുടര്‍ന്ന് തല്‍ക്കാലം ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ബാധിക്കാന്‍ പാകത്തില്‍ രോഗാണുക്കളെ വരെ രൂപപ്പെടുത്താന്‍, ഇത്തരം ജീന്‍പൂളുകള്‍ കാരണമാകാം. ജൈവായുധങ്ങളുടെ കാലമാണിനി വരാന്‍ പോകുന്നതെന്ന് പലരും പ്രവചിക്കുന്നുമുണ്ട്.

ജനിതകരഹസ്യങ്ങളുടെ വെളിവാക്കല്‍ ഉയര്‍ത്തുന്ന എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് നടുവിലാണ് ലോകം. പലതിനും തൃപ്തികരമായി മറുപടി നല്‍കാന്‍ ജനിതകശാസ്ത്രജ്ഞര്‍ക്കു പോലും കഴിയുന്നുമില്ല. 'ജിനോം: ഒരു ജീവിവര്‍ഗത്തിന്റെ 23 അധ്യായമുള്ള ആത്മകഥ'യെന്ന ഗ്രന്ഥം രചിച്ച മാറ്റ് റിഡ്‌ലി എഴുതി: 'ഇത്ര കാലവും മനുഷ്യജീനുകള്‍ എന്നത് പൂര്‍ണനിഗൂഢതയായിരുന്നു. ആ നിഗൂഢത ഭേദിക്കുന്ന ആദ്യ തലമുറയാണ് നമ്മുടേത്. മഹത്തായ പല ഉത്തരങ്ങളുടെയും വക്കിലാണ് നാമിപ്പോള്‍; നിരവധി വലിയ ചോദ്യങ്ങളുടെയും'.

-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍ 2000

1 comment:

Joseph Antony said...

മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യപ്പെടാന്‍ പാടുണ്ടോ? ആര്‍ക്കാണ് ഇതില്‍ അവകാശവാദമുന്നയിക്കാനാവുക? നിങ്ങളുടെ ജീനിന് പേറ്റന്റ് നേടാന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ക്ക് ആരാണ് അധികാരം നല്‍കിയത്?