Thursday, January 29, 2009

നദികളെ കൂട്ടിക്കെട്ടുമ്പോള്‍ ചരിത്രം കാണിച്ചുതരുന്നത്‌

അധികമുള്ള വെള്ളം ജലക്ഷാമമനുഭവിക്കുന്ന പ്രദേശത്ത്‌ എത്തിച്ചുകൊടുക്കുക-നദികളെ ഗതിമാറ്റിയിട്ടാണെങ്കിലും വേണ്ടില്ല. തികച്ചും നിഷ്‌ക്കളങ്കമായ ഈ ആശയത്തിനൊപ്പം 5.6 ലക്ഷംകോടി രൂപയുടെ ചെലവുകൂടി ചേര്‍ത്തുവെയ്‌ക്കുക. ഇന്ത്യിയിലെ 37 പ്രമുഖ നദികളെ ഇതുമായി കൂട്ടിക്കെട്ടുക. 350 ലക്ഷം ഹെക്ടര്‍ പ്രദേശത്ത്‌ അധിക ജലസേചനം. 34000 മെഗാവാട്ട്‌ വൈദ്യുതി. കോടിക്കണക്കിന്‌ ഇന്ത്യക്കാരുടെ കുടിനീര്‍ക്ഷാമത്തിന്‌ ശാശ്വത പരിഹാരം, രാജ്യം അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും വരള്‍ച്ചയ്‌ക്കും എന്നന്നേക്കുമായി അറുതി, നാലുശതമാനം ജി.ഡി.പി. വര്‍ധന-എന്നിങ്ങനെ നെഞ്ചുതകര്‍ക്കുന്ന നേട്ടങ്ങളുടെ പട്ടികകൂടി നിരത്തിക്കഴിഞ്ഞാല്‍, രാജ്യത്ത്‌ നടപ്പാക്കാന്‍ പോകുന്ന നദീസംയോജന പദ്ധതിയായി.

എല്ലാ വന്‍കിട പദ്ധതികളുടെയും പ്രശ്‌നമിതാണ്‌. നേട്ടങ്ങളുടെ കണക്ക്‌ നമ്മുടെ (കുറഞ്ഞ പക്ഷം നമ്മുടെ ഭരണാധികാരികളുടെയെങ്കിലും) കണ്ണഞ്ചിപ്പിച്ചുകളയും. ഈ പദ്ധതിയോടുകൂടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വ്യാമോഹം നമ്മെ പിടികൂടും. നദീസംയോജനപദ്ധതിയില്‍ വിഭാവനം ചെയ്യുന്നതുപോലെ 200 വലിയ അണക്കെട്ടുകള്‍ കൂടി താങ്ങാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയുമോ എന്ന്‌ പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍ ചിന്തിക്കുന്നേയില്ല. നാലരലക്ഷം പേര്‍ക്ക്‌ കിടപ്പാടം ഉപേക്ഷിക്കേണ്ടിവരും. 79292 ഹെക്ടര്‍ വനംകൂടി ഇന്ത്യയ്‌ക്ക്‌ നഷ്ടമാകും. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന നദീതട പരിസ്ഥിതി-ആവാസവ്യവസ്ഥകള്‍ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം താറുമാറാകും എന്നൊക്കെയുള്ള വസ്‌തുതകള്‍, നേട്ടങ്ങളുടെ വര്‍ണപ്രഭയില്‍ നിറംകെട്ടതായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതൊക്കെ കഴിഞ്ഞ്‌, പദ്ധതി ഒരു വന്‍തട്ടിപ്പായിരുന്നെന്നോ, അല്ലെങ്കില്‍ വന്‍ പരാജയമായിരുന്നെന്നോ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും എന്നുമാത്രം.

വന്‍കിട പദ്ധതികള്‍ വന്‍ തട്ടിപ്പുകള്‍ക്കുള്ള മാര്‍ഗമാണെന്ന്‌ നന്നായറിയാവുന്ന രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ മേധാവികളുമാണ്‌ ഇത്തരം ആശയങ്ങളുമായി മുന്നോട്ടുവരിക പതിവ്‌. നദീസംയോജനപദ്ധതിയുടെ കാര്യത്തില്‍ പക്ഷേ, സംഗതികള്‍ അല്‍പ്പം വ്യത്യസ്‌തമായിരുന്നു. സുപ്രീംകോടതി നല്‍കിയ (2001 ഒക്ടോബര്‍ 31ന്‌) നിര്‍ദേശമാണ്‌ ഈ പദ്ധതിയിലേക്കെടുത്തുചാടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. പദ്ധതിക്കായുള്ള കര്‍മപദ്ധതി 2003 ഡിസംബര്‍ 16-ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രി സുരേഷ്‌പ്രഭു അധ്യക്ഷനായി എട്ടംഗ ടാസ്‌ക്‌ഫോഴ്‌സിനും രൂപംനല്‍കി.

ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന 'അധികജലസമ്പത്തുള്ള' ഗംഗ, ബ്രഹ്മപുത്ര മുതലായ വടക്കന്‍ നദികളെ, ജലദാരിദ്ര്യമനുഭവിക്കുന്ന തെക്കന്‍ നദികളുമായി ബന്ധിപ്പിച്ച്‌, രാജ്യം നേരിടുന്ന ജലക്ഷാമ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുകയെന്നതാണ്‌ പദ്ധതിയുടെ കാതല്‍. ഇതിനായി 200 വന്‍ അണക്കെട്ടുകളെ കൂടാതെ, രാജ്യത്ത്‌ തലങ്ങും വിലങ്ങുമായി 11000 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ ശൃംഗലയും നിര്‍മിക്കും. 2016-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അതുവരെ വര്‍ഷംതോറും രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനം വീതം പദ്ധതിക്കുവേണ്ടി നീക്കിവെയ്‌ക്കാനും നിര്‍ദേശിക്കപ്പെടുന്നു. ഭൂമുഖത്തെ 2.2 ശതമാനം മാത്രം ഭൂമിയും നാലുശതമാനം മാത്രം ശുദ്ധജലവും സ്വന്തമായുള്ള ഇന്ത്യയാണ്‌ ലോകജനസംഖ്യയുടെ 17 ശതമാനത്തെ പോറ്റേണ്ടത്‌. 2050 ഓടെ ജനസംഖ്യ 150 കോടിയാകും. അതിനാല്‍ ഭാവിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജന പദ്ധതിക്കല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന്‌ ടാസ്‌ക്‌ഫോഴ്‌സ്‌ ചെയര്‍മാന്‍ സുരേഷ്‌പ്രഭു വാദിക്കുന്നു.

ഹിമാലയന്‍ നദികളെ തെക്കന്‍ നദികളുമായി കൂട്ടുക്കെട്ടുകയെന്ന ആശയം, 2002-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമാണ്‌ മുന്നോട്ടുവെച്ചത്‌. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ ആശയമല്ല. ബ്രിട്ടീഷ്‌ ഇന്ത്യയിലാണ്‌ ഈ ആശയത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്‌. ഇത്തരമൊരു ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ 1881-ല്‍ ആര്‍തര്‍ കോട്ടോണ്‍ എന്ന വിദഗ്‌ധന്‍ ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിയെപ്പറ്റിയും കാലാവസ്ഥയെക്കുറിച്ചും നദികളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെപ്പറ്റിയുമൊക്കെ ഇന്നുള്ളതിലും വളരെ പരിമിതമായ അറിവേ അക്കാലത്തുണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാതിരിക്കാനുള്ള വിവേചനം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കാട്ടി.

ഒരുപക്ഷേ, ലോകത്ത്‌ ഇന്നുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും വലിയ ജലസേചന-നദീബന്ധന പദ്ധതിയിലൊന്നാണ്‌ ഇന്ത്യയിപ്പോള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. പദ്ധതി സംബന്ധിച്ച്‌ അയല്‍രാജ്യങ്ങളുമായും സംസ്ഥാനങ്ങള്‍ തമ്മിലും ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ഉത്‌ക്കണ്‌ഠകളും മാറ്റിനിര്‍ത്തിയാല്‍ പോലും, മൂന്നു സംഗതികള്‍ വളരെ അലോസരമുണ്ടാക്കാന്‍ പോന്നവയാണെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. അവയില്‍ ഒന്നാമത്തേത്‌, നദികളെ ഗതിമാറ്റിയൊഴുക്കി ഗതിപിടിക്കാന്‍ ശ്രമിച്ച സമൂഹങ്ങളൊക്കെ വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌ എന്ന ചരിത്രവസ്‌തുതയാണ്‌. ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ ഇപ്പോഴത്തെ പ്രവണതയനുസരിച്ച്‌, പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ വടക്കന്‍ നദികളില്‍, ഗതിമാറ്റിയൊഴുക്കാന്‍ വേണ്ടത്ര വെള്ളം ഉണ്ടാകുമോ എന്ന പ്രശ്‌നമാണ്‌ രണ്ടാമത്തെ സംഗതി. കൂടാതെ കര്‍മപദ്ധതിയില്‍ പറയുന്ന സമയംകൊണ്ടോ പണംകൊണ്ടോ പദ്ധിതി പൂര്‍ത്തിയാകുമോ എന്നത്‌ മൂന്നാമത്തെ പ്രശ്‌നം.

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ വാട്ടര്‍പോളിസി പ്രോജക്ടി'ന്റെ ഡയറക്ടര്‍ സാന്ദ്രാ പോസ്‌റ്റല്‍ 1999-ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകമുണ്ട്‌: 'പില്ലാര്‍ ഓഫ്‌ സാന്‍ഡ്‌'. ലോകത്ത്‌ നടന്നിട്ടുള്ള ജലസേചന സംരംഭങ്ങളുടെ ഗുണദോഷങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണത്‌. ജലസേചനത്തെ ആധാരമാക്കി പടുത്തുയര്‍ത്തിയ ഒരു സംസ്‌ക്കാരവും (ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരം ഒഴികെ) അധികകാലം നിലനിന്നിട്ടില്ല എന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഈ പുസ്‌തകത്തില്‍ പറയുന്നു. ജലലഭ്യതയിലുണ്ടായ കുറവുകൊണ്ടോ അല്ലെങ്കില്‍ എക്കല്‍ അടിഞ്ഞുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലമോ, അതുമല്ലെങ്കില്‍ തുടര്‍ച്ചയായ ജലസേചനം വഴി മണ്ണിലെ ലവണാംശം (salinity) വര്‍ധിച്ച്‌ കൃഷി അസാധ്യമായതുകൊണ്ടോ പ്രാചീന സംസ്‌ക്കാരങ്ങള്‍ തകര്‍ന്നുവെന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഉദാഹരണങ്ങള്‍ നിരത്തി സ്ഥാപിക്കുന്നു.

സംസ്‌ക്കാരങ്ങളുടെ തകര്‍ച്ചയ്‌ക്ക്‌ ജലസേചനം എങ്ങനെ വഴിവെക്കുന്നു എന്നതിന്‌ സമീപകാലത്തെ ഒരുദാഹരണം അരിസോണയിലെ ഹോഹോകാം ഇന്ത്യക്കാരുടേതാണ്‌. അതിവിദഗ്‌ധമായ ഒരു ജലസേചന സംവിധാനം അവര്‍ വികസിപ്പിച്ചിരുന്നു. ജലസേചനത്തിന്റെ തോത്‌ കൂടിയതിനനുസരിച്ച്‌ വെള്ളം മണ്ണില്‍ കെട്ടിനിന്നുള്ള ബാഷ്‌പീകരണത്തിന്റെ അളവും വര്‍ധിച്ചു. മണ്ണിലെ ലവണാംശം വര്‍ധിക്കുകയാണ്‌ ഇതിന്റെ സ്വാഭാവിക പരിണിതി. പൊന്ന്‌ വിളഞ്ഞിരുന്ന ഭൂമിയില്‍ പുല്ല്‌ കിളിര്‍ക്കാതായി. കൃഷി നശിച്ചതോടെ, ആ ജനവിഭാഗവും നാശം നേരിട്ടു. പതിനഞ്ചാം നൂറ്റാണ്ടോടെ ഹോഹോകാം വര്‍ഗംതന്നെ നാമാവശേഷമായി. മെക്‌സിക്കോയിലെ മായന്‍മാരുടെ സംസ്‌ക്കാരം പെട്ടന്നുണ്ടായ വരള്‍ച്ചയില്‍പെട്ട്‌ നശിക്കുകയായിരുന്നു എന്ന്‌ ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യൂഫ്രട്ടീസ്‌-ടൈഗ്രിസ്‌ നദീതടങ്ങളില്‍ (ഇന്നത്തെ ഇറാഖ്‌) നിലനിന്നിരുന്ന പ്രാചീന മൊസപ്പൊട്ടേമിയന്‍ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയ്‌ക്കും ഒരു പ്രബലകാരണം ജലസേചനംമൂലമുണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങളായിരുന്നുവെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ പറയുന്നു.

നദികളെ ഗതിമാറ്റിയൊഴുക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ നദീജലം അമിതചൂഷണത്തിന്‌ വിധേയമാക്കിയാല്‍ എന്താകും ഫലം എന്നറിയാന്‍ പ്രാചീനകാലത്തേക്കൊന്നും പോകേണ്ടതില്ല. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്ക്‌ ചുറ്റുമുണ്ട്‌. മധ്യേഷ്യയില്‍ പഴയ സോവിയറ്റ്‌ യൂണിയനില്‍പ്പെട്ട 'ആരല്‍ സമുദ്ര' (Aral Sea)ത്തിന്റെ ദുരന്തകഥതന്നെയെടുക്കാം. ഭൂമുഖത്തെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു ആരല്‍ സമുദ്രം. ശ്രീലങ്കയുടെ വിസ്‌തൃതി. നിറയെ മത്സ്യസമ്പത്ത്‌. 'കടലിലെത്താന്‍ അനുവദിക്കുന്ന വെള്ളം പാഴാവുകയാണ്‌' എന്ന ജോസഫ്‌ സ്റ്റാലിന്റെ 1929-ലെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌, ആരല്‍ സമുദ്രത്തിന്റെ ജലസ്രോതസ്സുകളായ നദികളെ (അമു ദാരിയ, സ്വിര്‍ ദാരിയ) പരുത്തികൃഷിക്കായി 1950-കളില്‍ ഗതിതിരിച്ചുവിട്ടതോടെയാണ്‌ ആരല്‍ സമുദ്രത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നത്‌. ഉസ്‌ബെക്കിസ്‌താനിലെയും തുര്‍ക്ക്‌മെനിസ്‌താനിലെയും അര്‍ധ ഊഷരഭൂമിയില്‍ ഏതാനും ടണ്‍ പരുത്തി വിളയിക്കാന്‍ വേണ്ടി ആരല്‍ സമുദ്രത്തെ കൊല്ലുകയാണ്‌ ചെയ്‌തതെന്ന്‌ പിന്നീടാണ്‌ വ്യക്തമായത്‌.

സമുദ്രത്തിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞതോടെ സമുദ്രം വറ്റാന്‍ തുടങ്ങി. ഏതാനും പതിറ്റാണ്ടുകൊണ്ട്‌, ആരല്‍ സമുദ്രത്തിന്റെ വിസ്‌തൃതിയില്‍ 58 ശതമാനവും ജലശേഖരത്തില്‍ 83 ശതമാനവും കുറവുവന്നു. ആയിരക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ വളര്‍ന്നുവന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ തകരുകയായിരുന്നു. സമുദ്രത്തിലെ മത്സ്യസമ്പത്ത്‌ നശിച്ചു. കടലോര മത്സ്യബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. ആയിരക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. വെള്ളംവറ്റിയ ആരല്‍ പ്രദേശം മരുഭൂമിയായി മാറി. വെള്ളം വറ്റിയതോടെ മണ്ണിലെ ലവണാംശവും ഏറി. മണല്‍ക്കാറ്റിനൊപ്പം ഉപ്പുകാറ്റും മേഖലയില്‍ പതിവായി. അത്‌ വായുവിലെ ലവണാംശം വര്‍ധിപ്പിച്ചു. ആരല്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇതാണ്‌ കാരണമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ കരുതുന്നു. അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ നിരക്ക്‌ കുത്തനെയാണ്‌ കൂടിയത്‌.

മാത്രമല്ല, ആരല്‍ സമുദ്രം ശോഷിച്ചതോടെ ബാഷ്‌പീകരണത്തിന്റെ അളവ്‌ കുറഞ്ഞു. കാലാവസ്ഥയില്‍ വ്യതിയാനം വന്നു. പൊതുവെ മഴ കുറവായ ആ പ്രദേശത്ത്‌ മഴയുടെ ലഭ്യത വീണ്ടും കുറഞ്ഞു. തുര്‍ക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, കസാക്കിസ്‌താന്‍ എന്നീ അഞ്ച്‌ മുന്‍ സോവിയറ്റ്‌ രാജ്യങ്ങള്‍ ആരല്‍ ദുരന്തത്തിന്റെ ഫലമിപ്പോള്‍ അനുഭവിക്കുകയാണ്‌. ചെര്‍ണോബില്‍ ആണവദുരന്തം കഴിഞ്ഞാല്‍, മുന്‍ സോവിയറ്റ്‌ രാഷ്ട്രങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഏറ്റവും വലിയ പരിസ്‌ഥിതിദുരന്തം ആരല്‍ സമുദ്രത്തിന്റെ നാശമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഇറാനിലെ ഹാമൂണ്‍ തടാകത്തിന്റെ കഥയും വ്യത്യസ്‌തമല്ല. കിഴക്കന്‍ അഫ്‌ഗാനിസ്‌താനില്‍നിന്നുത്ഭവിക്കുന്ന ഹെല്‍മാണ്ട്‌ നദി പടിഞ്ഞാറോട്ടൊഴുകി അഫ്‌ഗാന്‍ കടന്ന്‌ ഇറാനിലെ ഹാമൂണ്‍ തടാകത്തിലെത്തുന്നു. തടാകത്തിന്റെ ഏക ജലസ്രോതസ്സ്‌ ഈ നദിയാണ്‌. 1990-കളില്‍ അഫ്‌ഗാനിസ്‌താനില്‍ അധികാരത്തിലേറിയ താലിബാന്‍, അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി അണക്കെട്ട്‌ പണിത്‌ ഹെല്‍മാണ്ട്‌ നദിയിലെ വെള്ളം പൂര്‍ണമായി ഊറ്റിയെടുത്തു. ഹാമൂണ്‍ തടാകത്തിലേക്ക്‌ നദീജലം എത്താതായി. 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുണ്ടായിരുന്ന ആ തടാകമിപ്പോള്‍ ഉണങ്ങി വരണ്ട ഒരു മണല്‍പ്പരപ്പ്‌ മാത്രമാണ്‌. തടാകം വറ്റിയതോടെ, സമീപമേഖലയിലെ ഭൂഗര്‍ഭജലവിതാനവും തകര്‍ന്നു.

ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന പ്രദേശമാണ്‌ ചാവുകടല്‍. സമുദ്രനിരപ്പില്‍നിന്ന്‌ 400 മീറ്റര്‍ താഴെയാണതിന്റെ സ്ഥാനം. മാത്രമല്ല, ലോകത്തെ ഏറ്റവും ലവണാംശം കൂടിയ തടാകവും ഇതുതന്നെ. ചാവുകടലിന്റെ ഏക ജലസ്രോതസ്സ്‌ ജോര്‍ദാന്‍ നദിയാണ്‌. എന്നാല്‍, ഇസ്രായേലും ജോര്‍ദാനും സമീപകാലത്ത്‌ ആ നദിയിലെ വെള്ളം കൂടുതലായി ചൂഷണം ചെയ്യാനാരംഭിച്ചതോടെ, ചാവുകടല്‍ ചാവാനാരംഭിച്ചിരിക്കുന്നു എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. 30 വര്‍ഷം മുമ്പ്‌ 80 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ആ പൗരാണിക തടാകം ഇപ്പോള്‍ 50 കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. സമീപപ്രദേശത്തെ ഭൂഗര്‍ഭജലവിതാനം തടാകത്തിലെ ജലവിതാനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍, മേഖല ഒരു വന്‍പരിസ്ഥിതി പ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ഇസ്രായേല്‍ തന്നെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അടിയന്തരമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍, അടുത്ത 20-25 വര്‍ഷത്തിനകം ചരിത്രപ്രധാനമായ ആ തടാകം ചരിത്രത്തില്‍ മാത്രമായി മാറുമെന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.

നദികളുടെ ഗതിമാറ്റാനോ നദികളെ അമിതമായി ചൂഷണം ചെയ്യാനോ ശ്രമിച്ചാല്‍ എന്താകും ഫലം എന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇതൊന്നും നമുക്ക്‌ ബാധകമല്ല എന്നു കരുതി മുന്നോട്ടുപോവുക എളുപ്പമാണ്‌. പക്ഷേ, ഇന്ത്യന്‍ നദികളെ പരസ്‌പരം ബന്ധിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വടക്കന്‍ നദികളില്‍ തെക്കോട്ടൊഴുകാന്‍ 'അധികജലം' ഇല്ലെങ്കില്‍ എന്തുചെയ്യും? അതിനുള്ള സാധ്യത കൂടുതലാണെന്ന്‌ ഹിമാലയന്‍ മഞ്ഞുപാളികളെപ്പറ്റി അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ഹിമാലയത്തില്‍ മഞ്ഞുപാളികളുണ്ട്‌. അവ വേനല്‍ക്കാലത്ത്‌ ഉരുകി ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദികളെ സമ്പന്നമാക്കും. കാലവര്‍ഷത്തെ മാത്രം ആശ്രയിക്കുന്ന തെക്കന്‍ നദികളില്‍ ആ സമയത്ത്‌ വെള്ളം കുറവായിരിക്കും. അപ്പോള്‍ ഹിമാലയന്‍ നദികളിലെ 'അധിക ജലസമ്പത്ത്‌' തെക്കന്‍ നദികളിലേക്ക്‌ തിരിച്ചുവിട്ട്‌ കാര്യങ്ങള്‍ കുശാലാക്കാം. ഇതാണല്ലോ പദ്ധതിയിലെ കാതലായ വശം.

പക്ഷേ, കാലാവസ്ഥാ വിദഗ്‌ധര്‍ പറയുന്നത്‌ ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ വളരെവേഗം ഉരുകിത്തുടങ്ങിയിരിക്കുന്നതിനാല്‍, 20-25 വര്‍ഷം കഴിയുമ്പോള്‍ ഹിമാലയത്തില്‍ എത്ര മഞ്ഞുപാളി അവശേഷിക്കും എന്ന്‌ കണ്ടറിയണമെന്നാണ്‌. ബ്രിട്ടന്‍, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷകസംഘം അടുത്തകാലത്ത്‌ ഹിമാലയത്തില്‍ നടത്തിയ സര്‍വെ ഈ സംശയത്തെ ഊട്ടിയുറപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനാല്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മഞ്ഞുപാളികള്‍ക്ക്‌ വന്‍ശോഷണം സംഭവിച്ചിട്ടുണ്ട്‌. വരുംവര്‍ഷങ്ങളില്‍ ആ തോത്‌ വര്‍ധിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 20-25 വര്‍ഷത്തിനകം ഹിമാലയത്തിലെ 80 ശതമാനം മഞ്ഞുപാളികളും ഉരുകിത്തീരുമെന്നാണ്‌ സൂചന. കാല്‍നൂറ്റാണ്ട്‌ കഴിയുമ്പോള്‍, തെക്കന്‍ നദികളെപ്പോലെ, ഹിമാലയന്‍ നദികളും മഴയെ മാത്രം ആശ്രയിച്ച്‌ ഒഴുകേണ്ടിവരുമെന്ന്‌ സാരം. നദീസംയോജനത്തിന്റെ അന്തസ്സത്തതന്നെ അപ്രസക്തമാവില്ലെ, അങ്ങനെ വന്നാല്‍!

വിഭാവനം ചെയ്യുന്ന സമയംകൊണ്ട്‌ പദ്ധതി പൂര്‍ത്തിയാകുമോ എന്നതാണ്‌ മറ്റൊരു പ്രശ്‌നം. സമയത്ത്‌ പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതിച്ചെലവ്‌ ഭീമമായി വര്‍ധിക്കും. ഇന്ത്യയിലെ പദ്ധതി നടത്തിപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, നദീസംയോജന പദ്ധതിയുടെ വിധിയും എന്താകുമെന്ന്‌ ഊഹിക്കാനാകും. കര്‍മപദ്ധതിയില്‍ പറയുന്നതുപോലെ 5.6 ലക്ഷം കോടി രൂപകൊണ്ട്‌ 2016 ആകുമ്പോഴേക്കും ഇത്ര ബൃഹത്തായ ഒരു പദ്ധതി പൂര്‍ത്തിയാകുമോ എന്ന്‌ സംശയിക്കുന്ന വിദഗ്‌ധര്‍ ധാരാളമുണ്ട്‌. കൊളംബോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'നു കീഴിലുള്ള 'ടാറ്റാ വാട്ടര്‍ പോളിസി പ്രോഗ്രാമി'ന്റെ മേധാവി തുഷാര്‍ ഷായുടെ നിഗമനപ്രകാരം, ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ 40 വര്‍ഷം വേണ്ടിവരും; 5,70,00,000 കോടി രൂപയും! നാല്‌പത്‌ വര്‍ഷംകൊണ്ട്‌ നമ്മുടെ കാലാവസ്ഥയും നദികളിലെ നീരൊഴുക്കിന്റെ സ്വഭാവവും എന്തിന്‌ രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍പോലും എത്ര മാറിയിട്ടുണ്ടാകും!

വന്‍കിട പദ്ധതികളുടെയൊന്നും സഹായമില്ലാതെ ജനപങ്കാളിത്തത്തോടെ പരമ്പരാഗത ജലസംരക്ഷണമാര്‍ഗങ്ങളുപയോഗിച്ച്‌, രാജസ്ഥാനിലെ ഗ്രാമങ്ങളുടെ ഭാവി മാറ്റാനാകും എന്ന്‌ തെളിയിച്ച സംഘടനയാണ്‌ 'തരുണ്‍ ഭാരത്‌ സംഘ്‌'. അതിന്റെ നേതാവായ രജീന്ദര്‍ സിംഹ്‌, നദീസംയോജനപദ്ധതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്‌-`നദികളെ കൂട്ടിക്കെട്ടുകയെന്നു പറഞ്ഞാല്‍ അതിനര്‍ഥം, അഴിമതിയെയും മലിനീകരണത്തെയും പരസ്‌പരം ബന്ധിപ്പിക്കുകയെന്നാണ്‌`.

-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, മാര്‍ച്ച്‌ 21-27, 2004

Friday, January 16, 2009

ബ്ലോഗിങ്‌-ആത്മപ്രകാശനത്തിന്റെ സൈബര്‍ രൂപം

(മുന്നറിയിപ്പ്‌: പഴയ ലേഖനമാണിത്‌. വസ്‌തുതകളിലും വിവരങ്ങളിലും അത്‌ പ്രതിഫലിക്കുക സ്വാഭാവികം മാത്രം.)

The traditional paper says, 'I produce, you read' but we say, 'we produce, we read and we change the world together'-Oh Yeon Ho, Editor of 'Ohmynews'

ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ 2004-ല്‍ മെറിയാം വെബ്‌സ്റ്റര്‍ കമ്പനി കണ്ടെത്തിയ വാക്കാണ്‌ 'ബ്ലോഗ്‌' (blog). തങ്ങളുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ അര്‍ഥം തേടിയ പദം എന്ന നിലയ്‌ക്ക്‌ 2004-ലെ ഇംഗ്ലീഷ്‌ വാക്കായി 'ബ്ലോഗി'നെ കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. മെറിയാം വെബ്‌സ്റ്റര്‍ നിഘണ്ടുവിന്റെ 2005 പതിപ്പില്‍ 'ബ്ലോഗ്‌' ഉള്‍പ്പെടുത്താനും തീരുമാനിച്ചു. സാധാരണഗതിയില്‍ പുതിയൊരു വാക്ക്‌ കുറഞ്ഞത്‌ 20 വര്‍ഷം 'ജീവിച്ചിരുന്നാലേ' അതിന്‌ നിഘണ്ടുവില്‍ ഇടം ലഭിക്കൂ. അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ 'ബ്ലോഗ്‌' പിറന്ന്‌ വീണിട്ട്‌. ഇത്ര ചുരുങ്ങിയ കാലംകൊണ്ട്‌ അതിന്‌ നിഘണ്ടുവില്‍ പ്രവേശനം ലഭിച്ചതിന്റെ അര്‍ഥം, 'ബ്ലോഗ്‌' എന്നത്‌ അത്ര പ്രധാന്യം കൈവരിച്ചു കഴിഞ്ഞു എന്നാണ്‌.

'വെബ്‌ ലോഗ്‌' (web log) എന്നതിന്റെ ചുരുക്കരൂപമാണ്‌ 'ബ്ലോഗ്‌'. വെബ്ബ്‌ ജേര്‍ണല്‍ എന്നും അവയെ വിളക്കാറുണ്ട്‌. ഒരു വ്യക്തിയുടെ ചിന്തകളും വിചാരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുകയും, അവ തുടര്‍ച്ചയായി നവീകരിക്കുകയും, സമാനസ്വഭാവമുള്ള മറ്റ്‌ സൈറ്റുകളിലെക്ക്‌ കവാടം സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ള സ്വകാര്യ വെബ്ബ്‌സൈറ്റാണ്‌ 'ബ്ലോഗ്‌' എന്ന്‌ വെബ്‌സ്‌റ്റര്‍ നിഘണ്ടു നിര്‍വചിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ആത്മപ്രകാശനത്തിനും ആശയവിനിമയത്തിനുമുള്ള പുത്തന്‍ ഉപാധിയാണ്‌ ബ്ലോഗുകള്‍. വ്യക്തപരമായ തരത്തിലുള്ള, ഒരിനം അമേച്വര്‍ പത്രപ്രവര്‍ത്തനമായും ബ്ലോഗുകള്‍ മാറാറുണ്ട്‌. 'ഒരാള്‍ പറയാനാഗ്രഹിക്കുന്ന കാര്യം, എവിടെ പ്രസിദ്ധീകരിക്കണമെന്നറിയാത്ത കാര്യം, പ്രസിദ്ധീകരിക്കാന്‍ ഒരുപക്ഷേ ആരും സമ്മതിക്കാത്ത കാര്യം' -അതാണ്‌ ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നവയെന്ന്‌ ഇന്റര്‍നെറ്റ്‌ നിരീക്ഷകര്‍ പറയുന്നു. ബ്ലോഗുകള്‍ രചിക്കുന്നയാളാണ്‌ ബ്ലോഗര്‍; ആ പ്രക്രിയ ബ്ലോഗിങ്‌ എന്നറിയപ്പെടുന്നു.

തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ യാഥാര്‍ഥ്യമാകുന്നത്‌. അതേ സമയത്തുതന്നെ ബ്ലോഗുകളുടെ ആദ്യരൂപവും നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1994 അവസാനം ജസ്‌റ്റിന്‍ ഹാള്‍, കരോലിന്‍ ബുര്‍ക്കെ എന്നിവര്‍ ചേര്‍ന്ന്‌ അവരുടെ ഡയറിക്കുറിപ്പുകള്‍ തുടര്‍ച്ചയായി നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ബ്ലോഗിങിന്റെ ജനനം എന്ന്‌ കരുതപ്പെടുന്നു. 'വെബ്‌ ലോഗ്‌' എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ 'റോബര്‍ട്ട്‌ വിസ്‌ഡം വെബ്‌ ലോഗി'ന്റെ എഡിറ്റര്‍ ജോണ്‍ ബാര്‍ഗര്‍ ആണ്‌.

1998-ല്‍ ആകെ മുപ്പതിനായിരം വെബ്‌ ലോഗുകളാണ്‌ നെറ്റില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ 50 ലക്ഷമാണെന്ന്‌ ബ്ലോഗുകളെപ്പറ്റി പഠനം നടത്തുന്ന 'ടെക്‌നോറാറ്റി' (Technorati) കണക്കുകൂട്ടുന്നു. യു.എസ്‌.ഗവേഷകസ്ഥാപനങ്ങളായ 'പ്യൂ ഇന്റര്‍നെറ്റ്‌', 'അമേരിക്കന്‍ ലൈഫ്‌' എന്നിവ സംയുക്തമായി നടത്തിയ പഠനപ്രകാരം, ഓരോ 5.8 സെക്കന്‍ഡിലും ഓരോ പുതിയ ബ്ലോഗ്‌ സൃഷ്ടിക്കപ്പെടുന്നു!

ആദ്യമൊക്കെ കൗമാരപ്രായക്കാരുടെ വെറുമൊരു ഹോബി മാത്രമായി അവഗണിക്കപ്പെട്ട ബ്ലോഗിങിന്റെ യഥാര്‍ഥ സാധ്യതകള്‍ വെളിവായിത്തുടങ്ങിയത്‌, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മറ്റ്‌ സങ്കേതങ്ങളുടെ വികാസത്തോടെയാണ്‌. പ്രത്യേകിച്ചും റിയലി സിംപിള്‍ സിന്‍ഡിക്കേഷന്‍ (ആര്‍.എസ്‌.എസ്‌) എന്ന സങ്കേതമാണ്‌ ബ്ലോഗുകള്‍ സൃഷ്ടിക്കുകയും പങ്കുവെയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ അതീവ ലളിതമാക്കിയത്‌. സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ തന്റെ സൃഷ്ടികള്‍ വെബ്ബില്‍ പ്രസിദ്ധീകരിക്കുക വളരെ ശ്രമകരമാണ്‌. സ്വന്തമായി സൈറ്റ്‌ വേണം, സെര്‍വര്‍ വേണം, സാങ്കേതിക പരിജ്ഞാനം വേണം. എന്നാല്‍, ബ്ലോഗിങിന്റെ ആവര്‍ഭാവത്തോടെ ഇവയെല്ലാം അപ്രസക്തമായി. ഒരു സാങ്കേതികജ്ഞാനവുമില്ലാത്തയാള്‍ക്കും സ്വന്തം രചനകള്‍ വെബ്ബില്‍ സൗജന്യമായി പ്രസിദ്ധീകരിക്കാനും മറ്റുള്ളവരിലെത്തിക്കാനും ബ്ലോഗിങ്‌ അവസരമൊരുക്കുന്നു. നിങ്ങള്‍ക്കൊരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനുമുണ്ടെങ്കില്‍, കോളമെഴുത്തുകാരനോ വിശകലന വിദഗ്‌ധനോ പ്രസാധകനോ ഒക്കെയാകാന്‍ നിങ്ങളെ ബ്ലോഗിങ്‌ സഹായിക്കും.

തുടക്കം തൊണ്ണൂറുകളിലാണെങ്കിലും, പുതിയ നൂറ്റാണ്ടോടെയാണ്‌ ബ്ലോഗിങ്‌ എന്നത്‌ സൈബര്‍സ്‌പേസിലെ ഒരു വിസ്‌മയമായി മാറിയത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ലോകത്തിന്‌ കരുതിവെച്ച അത്ഭുതങ്ങളിലൊന്നാണ്‌ ബ്ലോഗിങ്‌ എന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇനിയും പൂര്‍ണമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ വ്യാഖ്യാനിക്കാനും മനസിലാക്കാനും ശ്രമം നടക്കുമ്പോള്‍ തന്നെ, വ്യാഖ്യാനങ്ങളെ അപ്രസക്തമാക്കും വിധം ബ്ലോഗുകളുടെ എണ്ണവും വൈവിധ്യവും വര്‍ധിക്കുന്നു.

ആരും കരുതിയിരുന്നില്ല, സൈബര്‍സ്‌പേസിലെ പുതിയ പ്രതിഭാസം അതിന്റെ യഥാര്‍ഥ സാധ്യത കണ്ടെത്തുക സാക്ഷാല്‍ സദ്ദാം ഹുസൈന്റെ ബാഗ്‌ദാദില്‍ നിന്നായിരിക്കും എന്ന്‌. 2002 സപ്‌തംബറില്‍ 'സലാം പാക്‌സ്‌' എന്ന പേരില്‍ ഒരു അജ്ഞാതന്‍ 'ബാഗ്‌ദാദ്‌ ബ്ലോഗര്‍' എന്ന പേരിലൊരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ലോകം പുതിയൊരു മാധ്യമസാധ്യതയുടെ പിറവി ദര്‍ശിക്കുകയായിരുന്നു. സദ്ദാമിന്റെ അന്ത്യനാളുകളില്‍ ബാഗ്‌ദാദ്‌ എങ്ങനെയായിരുന്നു എന്നതിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം (മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും തരാന്‍ കഴിയാത്തത്‌) സലാം പാക്‌സ്‌ ലോകത്തിന്‌ നല്‍കി. ശരാശരി ഇറാഖികളുടെ വിഹ്വലതകളും ഉത്‌ക്കണ്‌ഠകളും ആശങ്കകളും ബാഗ്‌ദാദ്‌ ബ്ലോഗറിലൂടെ ലോകമറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിന്റെ യഥാര്‍ഥ വസ്‌തുതകളും മറ്റ്‌ മാധ്യമങ്ങള്‍ക്കൊന്നും നല്‍കാന്‍ കഴിയാത്തത്ര ഹൃദ്യമായി വിനിമയം ചെയ്യാന്‍ സലാം പാക്‌സിനായി.

ഒന്നാം ഗള്‍ഫ്‌ യുദ്ധകാലത്ത്‌ യുദ്ധം 'ലൈവ്‌' ആയി പ്രേക്ഷകന്‌ മുന്നിലെത്തിച്ച്‌ സി.എന്‍.എന്നും അതിന്റെ അധിപന്‍ ടെഡ്‌ ടേര്‍ണറും നായകരായെങ്കില്‍, രണ്ടാം ഗള്‍ഫ്‌ യുദ്ധത്തില്‍ മാധ്യമലോകത്തിന്‌ ലഭിച്ച നായകനാണ്‌ സലാംപാക്‌സ്‌. 'ബാഗ്‌ദാദ്‌ ബ്ലോഗറെ'പ്പറ്റി രചിക്കപ്പെട്ട 'സലാംപാക്‌സ്‌: ദി ക്ലാന്‍ഡെസ്റ്റൈന്‍ ഡയറി ഓഫ്‌ ആന്‍ ഓര്‍ഡിനറി ഇറാഖി' എന്ന പുസ്‌തകം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു. ആ ഗ്രന്ഥമിപ്പോള്‍ ഒരു ചലച്ചിത്രമാവുകയാണ്‌.

കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും പക്ഷേ, ബ്ലോഗുകള്‍ക്ക്‌ മാധ്യമപദവി കിട്ടുന്നത്‌ (കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും), കഴിഞ്ഞ വര്‍ഷം (2004) നടന്ന യു.എസ്‌.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പോടെയാണ്‌. ഡെമോക്രാറ്റിക്‌ കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 30 ബ്ലോഗര്‍മാര്‍ക്കും അക്രെഡിറ്റെഷന്‍ നല്‍കിയത്‌ ചരിത്രസംഭവമായി. ക്യാമറാഫോണുകളുടെ സഹായത്തോടെ അവിടെ നടന്ന സംഭവങ്ങള്‍ വളരെ വേഗം നെറ്റിലെത്തിച്ച്‌ ബ്ലോഗര്‍മാര്‍ കഴിവു തെളിയിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ ബുഷിന്റെയും ജോണ്‍ കെറിയുടെയും പക്ഷത്തുള്ളവര്‍ വെവ്വേറെ ബ്ലോഗുകള്‍ സൃഷ്ടിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ബി.ബി.സി.പോലുള്ള മാധ്യമസ്ഥാപനങ്ങള്‍, സ്വന്തം റിപ്പോര്‍ട്ടര്‍മാരോട്‌ തന്നെ തിരഞ്ഞെടുപ്പു ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ ചട്ടംകെട്ടി. അങ്ങനെ ശരിക്കും ഒരു സമാന്തര മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവമാര്‍ജിക്കാന്‍ യു.എസ്‌.തിരഞ്ഞെടുപ്പോടെ ബ്ലോഗിങിനായി.

2004 ഡിസംബര്‍ 26-ന്‌ ഇന്ത്യന്‍മഹാസമുദ്രമേഖലയിലുണ്ടായ സുനാമി ദുരന്തത്തിന്‌ ശേഷം, കാണാതായവരെ കണ്ടെത്താനും ദുരിതബാധിതര്‍ക്ക്‌ സഹായമെത്തിക്കാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്ലോഗര്‍മാര്‍ മറ്റുള്ളവരെ കടത്തിവെട്ടി. ഡയാന മേത്ത, പീറ്റര്‍ ഗ്രിഫിന്‍, ശ്രീലങ്കന്‍ ടെലിവിഷന്‍ നിര്‍മാതാവ്‌ ഡി മായിയോ എന്നിവരും ന്യൂഡല്‍ഹിയിലെ ഒരുസംഘം വിദ്യാര്‍ഥികളും സംയുക്തമായി രൂപംനല്‍കിയ 'സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ എര്‍ത്ത്‌ക്വേക്ക്‌ ആന്‍ഡ്‌ സുനാമി വെബ്ബ്‌ലോഗ്‌'(SEA-EAT) എന്ന ബ്ലോഗ്‌ ദുരിതബാധിതര്‍ക്ക്‌ രക്ഷാമാര്‍ഗമായി മാറുകയായിരുന്നു.

അടുത്തകാലം വരെ വന്‍കിട മാധ്യമങ്ങളോ വന്‍കിട കമ്പനികളോ ബ്ലോഗുകളെ ഗൗരവത്തോടെ കണ്ടിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പ്രമുഖപത്രങ്ങളുടെയും ടി.വി.ചാനലുകളുടെയും വെബ്ബ്‌സൈറ്റുകള്‍, ബ്ലോഗിങ്‌ സമ്പ്രദായംകൂടി സൈറ്റുകളില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍. ബ്ലോഗിങ്‌ സങ്കേതമുപയോഗിച്ചുള്ള ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. തെക്കന്‍ കൊറിയയില്‍നിന്നുള്ള www.ohmynews.com ഉദാഹരണം. ഓ ഇയോണ്‍ ഹോ എഡിറ്റുചെയ്യുന്ന ഈ വാര്‍ത്താസൈറ്റ്‌ തുടക്കത്തില്‍ 722 സിറ്റിസണ്‍ റിപ്പോര്‍ട്ടര്‍മാരുടെ സഹായത്താലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇപ്പോള്‍ അതിലെ റിപ്പോര്‍ട്ടര്‍മാരുടെ സംഖ്യ 3500 ആണ്‌. ബ്ലോഗിങിന്റെ സങ്കേതം പ്രയോജനപ്പെടുത്തി രംഗത്തെത്തിയ മറ്റൊരു വാര്‍ത്താസൈറ്റാണ്‌ 'വിക്കിന്യൂസ്‌' (wikinews).

രാജ്യത്തിന്റെ വിദൂരകോണുകളില്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ മുഖ്യധാരാമാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ പോലും ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്‌. 'ഞങ്ങള്‍ മാത്രം, വേറാരുമില്ല' എന്ന പരമ്പരാഗത മാധ്യമങ്ങളുടെ ഗര്‍വ്വിനാണ്‌ ഇത്തരം സമീപനത്തിനു മുന്നില്‍ ഉടവുതട്ടുന്നത്‌. മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ ബ്ലോഗുകള്‍ വഴി പലപ്പോഴും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.

-പത്രപ്രവര്‍ത്തകന്‍, മാര്‍ച്ച്‌ 2005

Monday, December 22, 2008

ശരിയെന്നു തെളിയുന്നത്‌ ഡാര്‍വിന്റെ സിദ്ധാന്തം

ആധുനിക ജീവശാസ്‌ത്രത്തിന്റെ അടിത്തറ കെട്ടിപ്പെടുത്തിരിക്കുന്നത്‌ ചാള്‍സ്‌ ഡാര്‍വിന്‍ കണ്ടെത്തിയ പ്രകൃതിനിര്‍ധാരണമെന്ന പരിണാമ സങ്കേതത്തിന്‌ മേലാണ്‌. 2009-ല്‍ ഡാര്‍വിന്‍ ജനിച്ചിട്ട്‌ 200 വര്‍ഷവും, 'ജീവജാതികളുടെ ഉത്ഭവം' എന്ന അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം പുറത്ത്‌ വന്നിട്ട്‌ 150 വര്‍ഷവും തികയുന്നു. ഈയവസരത്തില്‍ പഴയൊരു ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്‌ ഇവിടെ

വിഖ്യാത ഇറ്റാലിയന്‍ ഹാസ്യസാഹിത്യകാരനായ ജിയോവാന്നി ഗുവറേഷിയുടെ `ഡോണ്‍ കാമിലോ' കഥകളിലൊരിടത്ത്‌, കഥാനായകനും ഇടവക വികാരിയുമായ ഡോണ്‍ കാമിലോ ഫ്രിഡ്‌ജ്‌ വാങ്ങുന്ന കാര്യം വിവരിച്ചിട്ടുണ്ട്‌. തവണ വ്യവസ്ഥയില്‍ ഫ്രിഡ്‌ജ്‌ വില്‍ക്കാന്‍ ഒരു പെണ്‍കുട്ടി പള്ളിമേടയില്‍ എത്തിയിരിക്കുന്നു, താന്‍ എന്തു ചെയ്യണം എന്ന്‌ ഡോണ്‍ കാമിലോ അള്‍ത്താരയിലെത്തി യേശുവിനോട്‌ (യേശു ക്രിസ്‌തുവും ഡോണ്‍ കാമിലോ കഥകളില്‍ ഒരു കഥാപാത്രമാണ്‌) വേവലാതിയോടെ തിരക്കുന്നു. ``ഡോണ്‍ കാമിലോ, ഫ്രിഡ്‌ജിനെപ്പറ്റി എനിക്കൊന്നുമറിയില്ല എന്നകാര്യം താങ്കള്‍ക്കിനിയും മനസിലായിട്ടില്ലേ'' എന്നായിരുന്നു യേശുവിന്റെ മറുചോദ്യം. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ വിജ്ഞാനമോ അറിവോ ഇന്നത്തേതുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത കാലത്താണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ള മതസംഹിതകളില്‍ മിക്കവയും രൂപമെടുത്തതെന്ന അടിസ്ഥാന വസ്‌തുത ഓര്‍ക്കാതെ, ഏത്‌ പുതിയ വിജ്ഞാനശാഖയേയും മതത്തിന്റെ അളവുകോല്‍ വെച്ച്‌ തിട്ടപ്പെടുത്തി സ്വീകരിക്കണോ വേണ്ടയോ എന്ന്‌ തര്‍ക്കിക്കുന്നവരെ കാണുമ്പോള്‍, ഗുവറേഷിയുടെ കഥയിലെ യേശുവിന്റെ വാചകമാണ്‌ ഓര്‍മ്മവരിക.

പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഈ തര്‍ക്കം എല്ലാ അതിരുകളും കടക്കുന്നു. മുന്‍വിധികളും ശാഠ്യങ്ങളും വാദങ്ങളെ കീഴ്‌പ്പെടുത്തുന്നു. സാമാന്യമായ ശാസ്‌ത്രാന്വേഷണ രീതികള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ചാള്‍സ്‌ ഡാര്‍വിനുണ്ടായ ഏതോ വികലവെളിപാടില്‍ നിന്നാണ്‌ പരിണാമസിദ്ധാന്തം രൂപം കൊണ്ടതെന്ന വാദമുയരുന്നു. ആധുനിക വിജ്ഞാനശാഖകളില്‍ ഏറ്റവും പ്രാമുഖ്യം നേടിയ പുരാവസ്‌തുശാസ്‌ത്രത്തിന്റെയും നരവംശശാസ്‌ത്രത്തിന്റെയും ജനിതകശാസ്‌ത്രത്തിന്റെയും അടിത്തറ പണിതിരിക്കുന്നത്‌ ഡാര്‍വിന്റെ സിദ്ധാന്തത്തിന്‌ മുകളിലാണെന്ന വസ്‌തുത വിസ്‌മരിക്കപ്പെടുന്നു. മുന്തിയയിനം വിളകള്‍ സൃഷ്‌ടിക്കുന്നതില്‍ കാര്‍ഷികശാസ്‌ത്രജ്ഞര്‍ വിജയിക്കുമ്പോഴും, മരുഭൂമി പോലെ പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങള്‍ക്ക്‌ യോഗ്യമായ പുതിയയിനം വിത്തുകള്‍ രൂപപ്പെടുത്തുമ്പോഴും ഡാര്‍വിന്റെ സിദ്ധാന്തമാണ്‌ വിജയിക്കുന്നത്‌. `പരിണാമ സിദ്ധാന്തത്തിന്‌ ഒരു തെളിവും ലഭിച്ചിട്ടില്ല' അതിനാല്‍ `സൃഷ്‌ടിവാദ'മാണ്‌ (സൃഷ്‌ടിവാദമെന്ന പഴയ വീഞ്ഞിനെ പുതിയ കുപ്പിയിടച്ചതാണ്‌ `ബൗദ്ധിക രൂപകല്‍പ്പനാവാദം'-Intelligent Design Theory) ശരി എന്നു ശാഠ്യം പിടിക്കുന്നവര്‍, മേല്‍പ്പറഞ്ഞ സംഗതികളെയൊക്കെ ഒറ്റയടിക്ക്‌ തിരസ്‌കരിക്കുക വഴി എത്തുന്നതെവിടെയാണെന്ന്‌ കണ്ണു തുറന്നു ഒന്നു ചുറ്റും നോക്കുക. ഭൂമി പരന്നാണ്‌ ഇരിക്കുന്നതെന്നു നിങ്ങള്‍ക്ക്‌ കാണാം. സൂര്യന്‍ ഭൂമിയെ ചുറ്റുകയാണ്‌. പ്രപഞ്ചകേന്ദ്രം ഭൂമിയാണ്‌. ആകാശമേലാപ്പില്‍ പതിച്ചുവെച്ചിരിക്കുകയാണ്‌ നക്ഷത്രങ്ങളെ, അവയ്‌ക്കു ചലിക്കാനാകില്ല!

ഇത്രയും പറഞ്ഞതുകൊണ്ട്‌ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച സിദ്ധാന്തം കുറ്റമറ്റതാണെന്ന്‌ അര്‍ത്ഥമില്ല. ഒരു ശാസ്‌ത്രസിദ്ധാന്തത്തിന്‌ സാമാന്യമായ രീതിയില്‍ എന്തെല്ലാം പോരായ്‌മകളും പഴുതുകളും ഉണ്ടാകാമോ അതെല്ലാം പരിണാമസിദ്ധാന്തത്തിനും അതിന്റെ കാതലായ `പ്രകൃതിപര തിരഞ്ഞെടുപ്പ്‌' അഥവാ 'പ്രകൃതി നിര്‍ധാരണതത്ത്വ'(Natural Selection) ത്തിനുമുണ്ട്‌. പരിണാമം സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. ശാസ്‌ത്രപുരോഗതിയെ മുന്നോട്ടു നയിക്കുകയും പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന്‌ വിശദീകരണം നല്‍കാന്‍ ശ്രമിക്കുകയും ചെയ്‌ത മിക്ക സിദ്ധാന്തങ്ങളുടെയും കഥ ഇതുതന്നെയാണ്‌. ഐസക്‌ ന്യൂട്ടന്‍ 1687-ല്‍ `പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യിലൂടെ മുന്നോട്ടുവെച്ച പ്രപഞ്ചസങ്കല്‍പ്പത്തിലെ പഴുതുകള്‍ക്കും ഉത്തരമില്ലായ്‌മകള്‍ക്കും വിശദീകരണം ലഭിക്കാന്‍ ശാസ്‌ത്രലോകം 218 വര്‍ഷം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു; 1905-ല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ തന്റെ ആപേക്ഷികതാ സിദ്ധാന്തവുമായി രംഗത്തെത്തും വരെ. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍(ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍) ഉള്‍പ്പടെ ഐന്‍സ്റ്റയിന്‍ തന്റെ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവെച്ച പല സംഗതികള്‍ക്കും വ്യക്തമായ തെളിവ്‌ ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട്‌ പക്ഷേ, ഐന്‍സ്റ്റയിന്‍ പറഞ്ഞത്‌ തെറ്റാണെന്ന്‌ ആരും വാദിക്കാറില്ല. ശാസ്‌ത്രത്തിന്റെ രീതി അതാണ്‌; നിരന്തരമായ അന്വേഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുക എന്നത്‌.

പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ഒന്നുപോലെ താത്‌പര്യം തോന്നിയേക്കാവുന്ന ഒരു ഗവേഷണ പദ്ധതി അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്‌. ജൈവലോകത്തെ സൂക്ഷ്‌മനിരീക്ഷണം നടത്തിയും, ഫോസിലുകള്‍ തുറന്നുതരുന്ന ശിഥിലലോകം ശ്രമകരമായി കൂട്ടിയിണക്കിയും, വിവിധ സസ്യജന്തു ജനുസുകളുടെ ജനിതക പ്രത്യേകതകള്‍ താരതമ്യം ചെയ്‌തുമൊക്കെയാണ്‌ സാധാരണഗതിയില്‍ പരിണാമശാസ്‌ത്രജ്ഞര്‍ തങ്ങളുടെ നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണോ എന്നും പ്രകൃതിനിര്‍ധാരണം തന്നെയാണോ പ്രകൃതിയുടെ മാര്‍ഗമെന്നുമൊക്കെ അവര്‍ പരിശോധിച്ചുറപ്പിക്കുന്നത്‌ അങ്ങനെയാണ്‌. തികച്ചും വ്യത്യസ്‌തമായ മാര്‍ഗ്ഗത്തിലൂടെ, ഒരുപക്ഷേ, കുറച്ചുകാലം മുമ്പുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍, ഡാര്‍വിനെ പരീക്ഷിച്ചറിയുകയാണ്‌ മിഷിഗണ്‍ സര്‍വ്വകലാശാലയ്‌ക്കു കീഴിലുള്ള `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി'യില്‍. ജൈവലോകത്തു നടക്കുന്ന സാധാരണ പ്രവര്‍ത്തനങ്ങളെ പുനസൃഷ്‌ടിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള `ഡിജിറ്റല്‍ ജീവി'കളെ ഉപയോഗിച്ച്‌ പ്രകൃതിനിര്‍ധാരണം ശരിയാണോ എന്നു പരിശോധിക്കുകയാണവിടെ. `ഡിജിറ്റല്‍ ജീവി'കളുടെ തലമുറകളായുള്ള ജനനവും ജീവിതവും നാശവും കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്തി സൂക്ഷിക്കാനും സഹായിക്കുന്ന `അവിദ'(Avida) എന്ന സോഫ്‌ട്‌വേര്‍ ഉപയോഗിച്ചാണ്‌, ആ ലാബൊറട്ടറിയിലെ 200 കമ്പ്യൂട്ടറുകളില്‍ കുടിയിരുത്തിയിട്ടുള്ള `ജിവി'കളുടെ ലക്ഷക്കണക്കിന്‌ തലമുറകളായുള്ള പരിണാമം ഗവേഷകര്‍ നീരീക്ഷിച്ചു വരുന്നത്‌.

`കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി'(കാല്‍ടെക്‌)ജിയില്‍ ഡോ.ക്രിസ്‌ അദാമിയുടെ `ഡിജിറ്റല്‍ ലൈഫ്‌ ലാബി'ന്റെയും(ഈ സ്ഥാപനം ഇപ്പോള്‍ `കെക്ക്‌ ഗ്രാഡ്വേറ്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'ലാണ്‌), മിഷിഗണ്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ മൈക്രോബയോളജിസ്റ്റ്‌ ഡോ.റിച്ചാര്‍ഡ്‌ ലെന്‍സികിയുടെ `എക്‌സ്‌പെരിമെന്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെയും സാധ്യതകള്‍ കൂട്ടിയിണക്കിയാണ്‌ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി' 1999-ല്‍ നിലവില്‍ വന്നത്‌. കമ്പ്യൂട്ടര്‍ വിദഗ്‌ധനും ഡിജിറ്റല്‍ പരിണാമ പരീക്ഷണങ്ങളില്‍ ഡോ.അദാമിയുടെ പിന്‍ഗാമിയുമായ ഡോ. ചാള്‍സ്‌ ഒഫ്രിയയാണ്‌ ഈ ലാബൊറട്ടറിയുടെ മേധാവി. കമ്പ്യൂട്ടര്‍ വിദഗ്‌ധരും ജൈവശാസ്‌ത്രജ്ഞരും മാത്രമല്ല, മിഷിഗണ്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ദാര്‍ശനികന്‍ റോബര്‍ട്ട്‌ പെന്നോക്കും ഇപ്പോള്‍ `അവിദ' ടീമിലെ അംഗമാണ്‌.

നിലവില്‍ പരിണാമം സംബന്ധിച്ച്‌ ലോകത്ത്‌ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന ശാസ്‌ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ്‌ ലെന്‍സ്‌കിയാണ്‌. 17 വര്‍ഷമായി `ഇ-കോളി' ബാക്‌ടീരയകളെ ഉപയോഗിച്ച്‌ പരിണാമത്തിന്റെ വഴികള്‍ തേടുകയാണ്‌ അദ്ദേഹം. ഒറ്റ ബാക്‌ടീരയത്തില്‍ നിന്നു രൂപപ്പെട്ട സന്തതികളെ 12 കോളനികളായി തിരിച്ച്‌ പ്രത്യേക ഭക്ഷണം നല്‍കി നിരീക്ഷിക്കുകയാണ്‌ ഡോ.ലെന്‍സ്‌കി. ബാക്‌ടീരിയ കോളനികള്‍ ഇതിനകം 35000 തലമുറ പിന്നിട്ടു കഴിഞ്ഞു. പ്രകൃതിനിര്‍ധാരണം ശരിക്കും ആ കോളനികളില്‍ ദൃശ്യമാണെന്ന്‌ ഡോ.ലെന്‍സ്‌കി സാക്ഷ്യപ്പെടുത്തുന്നു. കോളനികളിലെ അന്തേവാസികളുടെ കോശവലുപ്പം മുന്‍ഗാമികളെ അപേക്ഷിച്ച്‌ ഇരട്ടിയായിക്കഴിഞ്ഞു. മുന്‍ഗാമികളുടേതിനെക്കാള്‍ ഇരട്ടി വേഗത്തില്‍ പ്രത്യുത്‌പാദനം നടത്താന്‍ ഡോ.ലെന്‍സ്‌കിയുടെ ബാക്‌ടീരിയകള്‍ക്കിപ്പോള്‍ കഴിയുന്നു. എന്നാല്‍, 1999-ല്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബ്‌' യാഥാര്‍ത്ഥ്യമായതോടെ, ഡോ.ലെന്‍സ്‌കിയും അതിന്റെ ഭാഗമായി. തന്റെ ബാക്‌ടീരിയ കോളനികളുടെ ഡിജിറ്റല്‍ വകഭേദം `അവിദ'യുപയോഗിച്ച്‌ രൂപപ്പെടുത്തി പരീക്ഷിക്കുകയാണിപ്പോള്‍ അദ്ദേഹം. 17 വര്‍ഷത്തെ ക്ഷമയോടെയുള്ള പരീക്ഷണത്തിന്റെ ഫലം ഇപ്പോള്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട്‌ ഡിജിറ്റല്‍ പ്രക്രിയ വഴി ലഭിക്കുമെന്നത്‌ ഡോ.ലെന്‍സ്‌കിയെ ആവേശഭരിതനാക്കുന്നു. അത്രവേഗത്തിലാണ്‌ കമ്പ്യൂട്ടറുകള്‍ കാര്യങ്ങള്‍ ചെയ്യുന്നത്‌.

ജൈവലോകത്ത്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ഡിഓക്‌സീറൈബോന്യൂക്ലിക്‌ ആസിഡ്‌(ഡി.എന്‍.എ) തന്മാത്രകളാണ്‌. കാലാവസ്ഥയുടെയോ പരിസ്ഥിതിയുടെയോ ഒക്കെ സ്വാധീനം മൂലം ഒരു ജീവിയുടെ ഡി.എന്‍.എ.യ്‌ക്ക്‌ `വ്യതികരണം'(mutation) സംഭവിക്കാം. ജനിതകതലത്തില്‍ സംഭവിക്കുന്ന ആ മാറ്റം ചിലപ്പോള്‍ അടുത്ത തലമുറയില്‍ തന്നെ പ്രകടമായെന്നു വരാം, അല്ലെങ്കില്‍ ഒട്ടേറെ തലമുറകള്‍ക്കു ശേഷം മാത്രം പ്രത്യക്ഷപ്പെടാം. പ്രതികൂലമായ മാറ്റമാണ്‌ ജനിതകവ്യതികരണം കൊണ്ട്‌ സംഭവിക്കുന്നതെങ്കില്‍, അടുത്ത തലമുറ അതിജീവിക്കാനുള്ള സാധ്യത പരിമിതമാകുന്നു. ആ ജനിതകമാറ്റത്തിന്‌ അങ്ങനെ അന്ത്യം സംഭവിക്കുന്നു. എന്നാല്‍, ഗുണപരമായ മാറ്റമാണ്‌ വ്യതികരണം മൂലം ഉണ്ടാകുന്നതെങ്കില്‍, അതുവഴിയുണ്ടാകുന്ന സന്തതികള്‍ മറ്റുള്ളവയെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെയ്‌ക്കുകയും ആ മാറ്റം വരും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. അവ അതിജീവിക്കാനുള്ള സാധ്യതയേറുന്നു. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ നീളുന്ന ഇത്തരം പ്രക്രിയ വഴി പുതിയ ജീവികളും സസ്യങ്ങളും ഭൂമുഖത്ത്‌ രൂപമെടുക്കുന്നു. ഒരു പക്ഷേ, പരിണാമ പ്രക്രിയുടെ ഏറ്റവും ലളിതമായ വിശദീകരണം ഇതാണ്‌.

ജീനോം(Genome) എന്നത്‌ ഒരു ജീവിയുടെ പൂര്‍ണ്ണജനിതക സാരത്തെ സൂചിപ്പിക്കുന്ന വാക്കാണ്‌. വിവിധ ജീവികളുടെ ജീനോം താരതമ്യം ചെയ്‌ത്‌ പരിണാമത്തെപ്പറ്റി നിഗമനങ്ങളിലെത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു പ്രധാന തടസ്സമാകുന്നത്‌, ഓരോ തലമുറയിലെയും `ജനിതക വ്യതികരണ'ങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല എന്ന വസ്‌തുതയാണ്‌. പരിണാമത്തിന്‌ തെളിവു ശേഖരിക്കുന്നവര്‍ക്ക്‌ ഇത്‌ വലിയൊരു തടസ്സമാണ്‌. ഫോസിലുകളുടെ കാര്യത്തില്‍ പ്രശ്‌നം ശരിക്കും വെല്ലുവിളിയാകുന്നു. കാരണം, ഭൂമുഖത്ത്‌ നിലനില്‍ക്കുന്ന സസ്യ-ജന്തു ജാലങ്ങളില്‍ തുച്ഛമായ എണ്ണത്തിന്‌ മാത്രമേ ഫോസിലുകളാകാന്‍ അവസരം ലഭിക്കൂ. ജീവിച്ചിരിക്കുന്നവയില്‍ 99.9 ശതമാനം സസ്യങ്ങളും ജന്തുക്കളും ഫോസിലാകില്ല. 0.1 ശതമാനത്തിന്‌ മാത്രമാണ്‌ അതിന്‌ കഴിയുക. ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമായി ഭവിച്ചാലേ ഒരു ഫോസില്‍ ഉണ്ടാകൂ. പറ്റിയ എക്കല്‍മണ്ണ്‌ വേണം. ഭൂഖത്ത്‌ കാണപ്പെടുന്നതില്‍ 15 ശതമാനം പാറകള്‍ മാത്രമേ ഫോസിലുകളുടെ നിലനില്‍പ്പിന്‌ സഹായിക്കൂ. നൂറ്‌ കോടി അസ്ഥികളുണ്ടെങ്കില്‍ അതില്‍ ഒരെണ്ണത്തിനേ ഫോസിലാകാന്‍ വിധിയുള്ളൂ എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

ഒരു മനുഷ്യന്റെ ശരീരത്തില്‍ ശരാശരി 206 അസ്ഥികളുണ്ട്‌. ഇതുപ്രകാരം ഇന്ത്യയിലുള്ള 103 കോടി ജനങ്ങളുടെ മൊത്തം അസ്ഥിയില്‍ 212 എണ്ണത്തിനേ  ഫോസിലാകാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ! ഹിമാലയം മുതല്‍ കന്യാകുമാരി വരെ നീളുന്ന ഉപഭൂഖണ്ഡത്തില്‍ എവിടെയെങ്കിലുമായി മറഞ്ഞു കിടക്കുന്ന ആ ഫോസിലുകള്‍ പക്ഷേ, ഒരു വിദഗ്‌ധന്റെ കരങ്ങളിലെത്തുകയും വേണം അതിന്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകാന്‍. ഭൂമുഖത്ത്‌ ഇതുവരെ 3000 കോടി ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ ഏതാണ്ടൊരു നിഗമനം. അതില്‍ പക്ഷേ, ഫോസില്‍ രേഖ ലഭിച്ചിട്ടുള്ളത്‌ 2.5 ലക്ഷം വര്‍ഗ്ഗങ്ങളുടേതു മാത്രമാണെന്ന്‌, `ദി സിക്ത്‌ എക്‌സ്റ്റിങ്‌ഷന്‍' എന്ന ഗ്രന്ഥത്തില്‍ റിച്ചാര്‍ഡ്‌ ലീക്കിയും റോജര്‍ ലെവിനും പറയുന്നു. ഈ കണക്ക്‌ പ്രകാരം ഓരോ 1.2 രണ്ട്‌ ലക്ഷം ജീവിവര്‍ഗ്ഗത്തിനും ഒന്ന്‌ എന്ന കണക്കിനേ ഫോസില്‍ രേഖ കിട്ടിയിട്ടുള്ളൂ. എല്ലാ ചോദ്യത്തിനും ഉത്തരം ഫോസിലില്‍ തേടുന്നത്‌ ബുദ്ധിപൂര്‍വ്വമായിരിക്കില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നാല്‍, ഡിജിറ്റല്‍ ജീവികളെ ഉപയോഗിച്ച്‌ പരീക്ഷിക്കുമ്പോള്‍ ഇതൊന്നും ഒരു പരിമിതിയാകുന്നില്ല. ലക്ഷക്കണക്കിന്‌ തലമുറകളില്‍ സംഭവിക്കുന്ന ജനിതകമാറ്റം എന്താണെന്ന്‌, ഓരോ തലമുറയെയായി പരിശോധിക്കാന്‍ `അവിദ' പ്രോഗ്രാം അവസരമൊരുക്കുന്നു.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്‌ ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ. യിലാണ്‌. കോശങ്ങള്‍ ഏതൊക്കെ പ്രോട്ടീനുകള്‍ നിര്‍മ്മിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളെല്ലാം ഡി.എന്‍.എ.യിലാണുള്ളത്‌. ഈ രീതിയില്‍ ചിന്തിച്ചാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക്‌ ജൈവലോകവുമായി അസാമാന്യ സാമ്യമുള്ളതായി കാണാം. കാരണം കമ്പ്യൂട്ടര്‍ എങ്ങനെ വിവരങ്ങള്‍ പരുവപ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍പ്രോഗ്രാമിലാണ്‌ കുടികൊള്ളുന്നത്‌. ഡി.എന്‍.എ.യിലുള്ള നിര്‍ദ്ദേശങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്താണ്‌; അതേ ജനിതക നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ സന്തതിക്ക്‌ രൂപം നല്‍കുക എന്നതാണ്‌. ഒരു ജീവിയുടെ ജിനോം(പൂര്‍ണ്ണ ജനിതകസാരം) സന്തതിയിലേക്കു പകരുന്നു. ഡി.എന്‍.എ.യിലടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒരു ചാനലായി കണക്കാക്കിയാല്‍, അതേ നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയൊരു ചാനലിന്റെ സൃഷ്‌ടിയാണ്‌ അടുത്ത തലമുറയ്‌ക്ക്‌ ജന്മം നല്‍കുമ്പോള്‍ സംഭവിക്കുന്നത്‌. അതോടൊപ്പം അവയ്‌ക്ക്‌ `ജനിതകവ്യതികരണ'ത്തിന്‌ സാധ്യതയുമുണ്ട്‌. ഇതേപോലെ, സ്വന്തം പകര്‍പ്പിനെ സ്വയം സൃഷ്‌ടിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം(കമ്പ്യൂട്ടര്‍ വൈറസുകള്‍ പോലെ), ജൈവരൂപങ്ങളോട്‌ ഒരു പരിധി വരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്‌. ഇങ്ങനെ സ്വന്തം പകര്‍പ്പുകള്‍ സൃഷ്‌ടിക്കുന്നതിനൊപ്പം, `പരിസ്ഥിതി'ക്കനുസരിച്ച്‌ `വ്യതികരണം' സാധ്യമാകുമെന്നു കൂടി വന്നാലോ? അത്തരം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ ജീവികളാണ്‌ `അവിദ'യുടെ കാതല്‍.

തൊണ്ണൂറുകളില്‍ ഡോ. ചാള്‍സ്‌ ഒഫ്രിയയുടെ മുന്‍ഉപദേശകന്‍ കൂടിയായ ഡോ. അദാമിയാണ്‌ `അവിദ'യുടെ ആദ്യരൂപം സൃഷ്‌ടിച്ചത്‌. പരസ്‌പരം മത്സരിക്കുന്ന ഡിജിറ്റല്‍ ജീവികള്‍ക്ക്‌ ഭക്ഷണമായി അല്ലെങ്കില്‍ പ്രതിഫലമായി `സംഖ്യകള്‍' ഇടയ്‌ക്കിടെ നല്‍കിയപ്പോള്‍ അവയ്‌ക്ക്‌ പരിണാമം സംഭവിച്ച്‌ പുതിയ രൂപങ്ങള്‍ ആകാനാരംഭിച്ചു. ആദ്യമൊന്നും ഈ ഡിജിറ്റല്‍ ജീവികളെക്കൊണ്ട്‌ എന്തു പ്രയോജനം എന്ന്‌ ഗവേഷകര്‍ക്ക്‌ അറിയാമായിരുന്നില്ല. സംഖ്യകള്‍ നല്‍കുന്നതിനനുസരിച്ച്‌ `ജിവികളു'ടെ പരിണാമവേഗം കൂടി. ആറുമാസം കൊണ്ട്‌ ഇവ ഡാര്‍വിന്റെ സിദ്ധാന്തം പരിശോധിക്കാന്‍ പറ്റിയ ഉപാധിയാണെന്ന്‌ ഗവേഷകര്‍ക്ക്‌ ഉറപ്പായി. അങ്ങനെയാണ്‌ ഡോ. ഒഫ്രിയയുടെ നേതൃത്വത്തില്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെ പിറവി.

പരിണാമവിരുദ്ധരുടെ ഒരു പ്രധാനവാദം, കണ്ണുപോലെ അല്ലെങ്കില്‍ മസ്‌തിഷ്‌കം പോലെ സങ്കീര്‍ണമായ ജൈവസംവിധാനം പരിണാമം വഴി ഉണ്ടാകില്ല എന്നതാണ്‌. ബുദ്ധിപൂര്‍വ്വമായ ഒരു ഇടപെടല്‍ കൊണ്ടേ അത്‌ സാധായമാകൂ എന്നവര്‍ വിശ്വസിക്കുന്നു. ഇക്കാര്യമാണ്‌ `അവിദ' ടീം ആദ്യം പരീക്ഷണവിധേയമാക്കിയത്‌. സങ്കീര്‍ണമായ അവയവങ്ങള്‍ ഡിജിറ്റള്‍ രൂപങ്ങളില്‍ സാധ്യമല്ല. പകരം, കൂടുതല്‍ നേട്ടമുണ്ടാകുമെന്നു കണ്ടാല്‍ (അനുകൂല സാഹചര്യമുണ്ടായാല്‍) ഡിജിറ്റല്‍ ജീവികള്‍ സങ്കീര്‍ണമായ ഓപ്പറേഷന്‍ നടത്താന്‍ പാകത്തില്‍ പരിണമിക്കുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. `ഈക്വല്‍സ്‌'(equals) എന്നറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ഇതിനായി ഉപയോഗിച്ചു. ഡോ. ഒഫ്രിയ എഴുതിയ ഏറ്റവും ചെറിയ `ഈക്വല്‍സി'ന്‌ 19 വരി നീളമുണ്ടായിരുന്നു. അപ്രതീക്ഷിത `വ്യതികരണം' വഴി ഇത്തരമൊരു സങ്കീര്‍ണ ഓപ്പറേഷന്‍ ഡിജിറ്റല്‍ ജീവികള്‍ നടത്താനുള്ള സാധ്യത ആയിരം ട്രില്ല്യണ്‍ ട്രില്ല്യണിലൊന്ന്‌(ഒരു ട്രില്ല്യണ്‍= ഒരു ലക്ഷം കോടി) എന്നാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌.

ലളിതമായ ജൈവരൂപങ്ങളില്‍ നിന്ന്‌ പരിണാമം വഴി സങ്കീര്‍ണ്ണ ജൈവസംവിധാനങ്ങള്‍ രൂപപ്പെടുമെന്ന ഡാര്‍വിന്റെ വാദം പരിശോധിക്കാന്‍, സാധാരണ ഓപ്പറേഷനുകള്‍ക്ക്‌ ചെറിയ `പ്രതിഫലവും' സങ്കീര്‍ണമായവയ്‌ക്ക്‌ വലിയ `പ്രതിഫലവും' അവിദ ടീം നിശ്ചയിച്ചു. ഇതുപ്രകാരം ഡിജിറ്റല്‍ ജീവികള്‍ക്ക്‌ 16000 തലമുറകള്‍ തുടരാന്‍ അനുമതി നല്‍കി. എന്നിട്ട്‌ ഇതേ പരീക്ഷണം 50 തവണ ആവര്‍ത്തിച്ചു. അമ്പതില്‍ 23 തവണയും ഡിജിറ്റല്‍ ജീവികള്‍ `ഈക്വല്‍സി'ന്‌ തുല്ല്യമായ സങ്കീര്‍ണ ഓപ്പറേഷന്‌ രൂപം നല്‍കിയതായി ഗവേഷകര്‍ കണ്ടു. പ്രതിഫലം കുറച്ചപ്പോള്‍ അവ ഒരിക്കലും സങ്കീര്‍ണമായ ഒന്നിനും രൂപം നല്‍കിയില്ല. മാത്രമല്ല, 23 തവണ സങ്കീര്‍ണ ഓപ്പറേഷന്‌ അവ രൂപം നല്‍കിയത്‌ ഒരേ വഴിയിലൂടെയല്ല എന്നും ഗവേഷകര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. മാത്രമല്ല, പ്രകടമായ ഒരു മാറ്റവും സംഭവിക്കാതെ ആയിരക്കണക്കിന്‌ തലമുറകള്‍ പിന്നിട്ട ശേഷമാണ്‌, പെട്ടന്നാണ്‌ അപ്രതിക്ഷിതമായാണ്‌ പലപ്പോഴും വ്യതികരണം പ്രത്യക്ഷപ്പെടുന്നതും പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നതെന്നും `അവിദ' തെളിയിച്ചു(300 കോടി വര്‍ഷത്തെ മാറ്റമില്ലായ്‌മയ്‌ക്കു ശേഷം ഒരു കോടി വര്‍ഷം മാത്രം നീണ്ടു നിന്ന `കാംബ്രിയന്‍' യുഗത്തിന്റെ ആരംഭത്തില്‍ ഇന്നത്തെ ജീവികളുടെ പൂര്‍വികരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ അത്ഭുമില്ലെന്ന്‌ സാരം).

സങ്കീര്‍ണത പരിണാമത്തിലൂടെ രൂപപ്പെടാം എന്നതു മാത്രമല്ല, ഒരേ ലക്ഷ്യത്തിലേക്ക്‌ പല പരിണാമ വഴികളുണ്ടെന്ന ഡാര്‍വിന്റെ വാദവും ഈ പരീക്ഷണം ശരിവെയ്‌ക്കുന്നു എന്നാണ്‌ ഡോ. ഒഫ്രിയ പറയുന്നത്‌. തങ്ങളുടെ പരീക്ഷണ ഫലം 2003-ല്‍(നേച്ചര്‍ മാഗസിനില്‍) ഡോ. ഒഫ്രിയും സംഘവും റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ ലോകമെങ്ങുമുള്ള പരിണാമവിരുദ്ധര്‍ അതിനെതിരെ രംഗത്തുവന്നു. ആയിരക്കണക്കിന്‌ ഇ-മെയില്‍ സന്ദേശങ്ങള്‍ `ഇവല്യൂഷന്‍ ലാബി'ന്റെ വെബ്‌സൈറ്റിലെത്തി. `അവിദ' ടീം അവരുടെ സോഫ്‌ട്‌വേര്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ നല്‍കി. പരിണാമവിരുദ്ധര്‍ വീണ്ടും വീണ്ടും അത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പരീക്ഷിച്ചു നോക്കി. പക്ഷേ, ഇതുവരെ തങ്ങളുടെ പരീക്ഷണത്തില്‍ എന്തെങ്കിലും കാര്യമായ പിഴവു കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന്‌ ഡോ. ഒഫ്രി അഭിമാനത്തോടെ അറിയിക്കുന്നു.

ഡാര്‍വിന്‍ വിവരിച്ച സമ്പന്നമായ ഒരു കാടിന്റെ ചിത്രം എന്താണ്‌. പരസ്‌പരം സൂര്യപ്രകാശത്തിനായി മത്സരിക്കുന്ന പുല്‍ച്ചെടികളും വള്ളിച്ചെടികളും പന്നലുകളും കുറ്റിച്ചെടികളും വന്‍മരങ്ങളും എല്ലാം തിങ്ങിനിറഞ്ഞു വളരുന്ന ജൈവസംവിധാനം അല്ലെങ്കില്‍ ആവാസവ്യവസ്ഥ. അവയില്‍ ഏതെങ്കിലും ഒരെണ്ണത്തിന്‌ നന്നായി സൂര്യപ്രകാശം ലഭിക്കാന്‍ സാധ്യത വര്‍ധിച്ചാല്‍ അവ മറ്റു ചെടികളെയെല്ലാം പിന്തള്ളി കാട്‌ കീഴടക്കുന്നതായി കാണാം. അതിജീവനത്തിന്റെ മാര്‍ഗ്ഗത്തിന്‌ ഊര്‍ജ്ജ ലഭ്യതയുമായി ബന്ധമുള്ളതുകോണ്ടാണിത്‌. കൂടുതല്‍ ഊര്‍ജ്ജലഭ്യതയുള്ള ഒരു ആവാസവ്യവസ്ഥ കൂടുതല്‍ സസ്യജനുസുകളെ പിന്തുണയ്‌ക്കേണ്ടതാണെന്ന്‌ പരിസ്ഥിതിശാസ്‌ത്രജ്ഞര്‍ക്ക്‌ അറിയാം. എന്നാല്‍, കൂടുതല്‍ ഉത്‌പാദനക്ഷമതയാര്‍ജ്ജിക്കുന്നതോടെ ഒരു ആവാസവ്യവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കുന്ന സസ്യജാതികളുടെ സംഖ്യ കുറയുന്നു.ആര്‍ട്ടിക്‌ തുന്ധ്രയാണെങ്കിലും പുല്‍മേടുകളാണെങ്കിലും ഈ രീതി പ്രകടമാണെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കാടുകളുടെ കാര്യത്തില്‍ ഡാര്‍വിന്‍ പറഞ്ഞതിന്റെ സാധ്യത പരിശോധിക്കാന്‍ അടുത്തയിടെ വരെ `അവിദ' ടീമിന്‌ കഴിഞ്ഞിരുന്നില്ല. ഡിജിറ്റില്‍ ജീവികള്‍ക്ക്‌ നിരന്തരമായി `ഭക്ഷണം'(സംഖ്യകള്‍) നല്‍കിയാല്‍, കാടിലെ സസ്യജനുസുകളെപ്പോലെ, അവ വിവിധരൂപങ്ങളായി പരിണമിക്കുമെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തി. ഇതനുസരിച്ച്‌ `അവിദ' ടീം അവരുടെ സോഫ്‌ട്‌വേറിനെ പുനസംവിധാനം ചെയ്‌തു. പരിമിതമായ `ഭക്ഷണം' മാത്രം നല്‍കിയപ്പോള്‍ ഡിജിറ്റല്‍ ജീവികളില്‍ പ്രകടമായ മാറ്റം കണ്ടില്ല. എന്നാല്‍, തുര്‍ച്ചയായി സുലഭമായി `ഭക്ഷണം' നല്‍കിയപ്പോള്‍ ജീവികള്‍ പരിണമിച്ച്‌ വിവിധ രൂപങ്ങളായി മാറി. ആഗോള പരിസ്ഥിതിവ്യൂഹത്തില്‍ കാണപ്പെടുന്ന അതേ വൈവിധ്യം ഈ പരീക്ഷണത്തില്‍ സൃഷ്‌ടിക്കപ്പെട്ടതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയും ശരിയെന്നു തെളിയുന്നത്‌ ഡാര്‍വിന്‍ തന്നെയാണ്‌.

ലൈംഗീകമാര്‍ഗ്ഗത്തിലൂടെ അല്ലാതെയും പുതിയ തലമുറയ്‌ക്ക്‌ ജന്മം നല്‍കാനാകും. ബാക്‌ടീരിയയും പ്രോട്ടോസോവയുമൊക്കെ അതാണ്‌ ചെയ്യുന്നത്‌. പലമരങ്ങളും ലൈംഗീകമാര്‍ഗ്ഗം വഴിയല്ല പുതിയ സന്തതിക്ക്‌ രൂപം നല്‍കുന്നത്‌. വേരുകളില്‍ നിന്നും തണ്ടില്‍ നിന്നും ഇലയില്‍ നിന്നുമൊക്കെ അടുത്ത തലമുറ ജന്മമെടുക്കുകയാണ്‌. പിന്നെ എന്തുകൊണ്ട്‌ ലൈംഗീകത(sex)? ലൈംഗീകതയുടെ പരിണാമവഴികള്‍ ഏതാണ്‌. 1964-ല്‍ ജര്‍മന്‍ ജൈവശാസ്‌ത്രജ്ഞനായ എച്ച്‌. ജെ. മുള്ളര്‍ ലൈംഗീകതയ്‌ക്ക്‌ ഒരു വിശദീകരണവുമായി രംഗത്തെത്തി. ലൈംഗീകപ്രത്യുത്‌പാദനം നടത്തുന്ന ജീവികള്‍ അവയുടെ ജിനോമുകള്‍ പരസ്‌പരം കലര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. അതുവഴി ദോഷകരമായ ജനിതക വ്യതികരണങ്ങള്‍ തലമുറകളിലേക്കു പകരുന്നത്‌ തടയാന്‍ ജീവികള്‍ക്കാകുന്നു എന്നാണ്‌ മുള്ളര്‍ പറഞ്ഞത്‌. അതേസമയം, അലൈംഗിക പ്രത്യുത്‌പാദനം നടത്തുന്ന ജീവികളില്‍ എല്ലാ ജനിതകവ്യതികരണങ്ങളും, അത്‌ മോശമായാലും നല്ലതാണെങ്കിലും, അതേപടി സന്തതികളിലേക്കു പകര്‍ത്തപ്പെടുന്നു. അതിനാല്‍ അവയ്‌ക്ക്‌, ലൈംഗീകത അവലംബിക്കുന്ന ജീവികളുടെ അത്രയും വിജയകരമായി പുനരുത്‌പാദനം സാധ്യമാകില്ലെന്ന്‌ മുള്ളര്‍ വാദിച്ചു. എന്നുവെച്ചാല്‍, പ്രകൃതിനിര്‍ധാരണത്തിനുള്ള ഒരു കുറുക്കുവഴിയാണ്‌ ലൈംഗീകതയെന്നു സാരം. മിഷിഗണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ ബയോളജിസ്റ്റ്‌ ഡ്യൂസാന്‍ മിസേവിക്‌ ഇക്കാര്യം `അവിദ' വഴി പരിശോധിക്കാന്‍ രണ്ടുവര്‍ഷം ചെലവിട്ടു. ഒടുവില്‍ മസേവിക്‌ എത്തിയ നിഗമനം ഇതാണ്‌; സമഗ്രമായി പരിഗണിക്കുമ്പോള്‍ ലൈംഗീകത ഗുണകരമായി മാരുന്ന ഒട്ടേറെ പരിണാമ സാഹചര്യങ്ങള്‍ ഉണ്ട്‌.

ഇതുമാത്രമല്ല, ജനിതവ്യതികരണകസമ്മര്‍ദ്ദം വര്‍ധിച്ചാല്‍, അത്തരം സമ്മര്‍ദ്ദമില്ലാത്തെ ജീവികളെ അപേക്ഷിച്ച്‌, എന്തു വ്യത്യസ്‌ത ഫലമാണ്‌ പരിണാമത്തിലുണ്ടാക്കുക. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയിലെ ചരിത്രപരമായ ബന്ധമെന്താണ്‌. പരിണാമവൃക്ഷത്തിന്റ ശാഖകള്‍ എങ്ങനെയാണ്‌ പിരിഞ്ഞു തുടങ്ങിയത്‌. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അസാധാരണമായ സഹകരണത്തിനും സഹനത്തിനും പരിണാമത്തിന്റെ വശത്തുനിന്ന്‌ എന്തു വിശദീകരണമാണ്‌ നല്‍കാനാകുക. അത്‌ പരീക്ഷിച്ചറിയാനാകുമോ. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും `അവിദ'യില്‍ നിന്ന്‌ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുന്നു. മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടെങ്കില്‍ അതെങ്ങനെയിരിക്കും? ഭൂമിയില്‍ ജീവന്റെ ഭാവിരൂപം എന്താണ്‌? തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും `അവിദ'യിലൂടെ ഉത്തരം തേടുകയാണ്‌ ഗവേഷകര്‍. ഒരര്‍ത്ഥത്തില്‍, ഡാര്‍വിന്റെ സിദ്ധാന്തത്തിലെ പഴുതുകള്‍ക്ക്‌ പരിഹാരമുണ്ടാകാനുള്ള കാത്തിരിപ്പ്‌ അവസാനിക്കാറായി എന്നാണ്‌ ഇക്കാര്യങ്ങള്‍ നല്‍കുന്ന സൂചന.

-മാതൃഭൂമി വാര്‍ഷികപ്പതിപ്പ്‌ 2005-2006

കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം, ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കാന്‍ ചര്‍ച്ച്‌

Friday, November 28, 2008

ജൂതരുടെ `ഹിറ്റ്‌ലര്‍' (ഒരു സ്‌കൂപ്പിന്റെ കഥ)

അമേരിക്കന്‍ നാസിഭീകരസംഘടനയാണ്‌ `കൂ ക്ലക്‌സ്‌ ക്ലാന്‍'(കെ.കെ.കെ). കറുത്തവര്‍ഗ്ഗക്കാരെയും ജൂതരെയും ഉന്മൂലനം ചെയ്യുകയെന്നത്‌ പ്രഖ്യാപിത ലക്ഷ്യമായി കണ്ട ആ സംഘടനയുടെ നേതാവ്‌ തന്നെ ജൂതനാണെന്നു വന്നാലോ? ഒരു സൂചനയുടെ അടിസ്ഥാനത്തില്‍ അത്തരമൊരു വിവരം തേടിയിറങ്ങിയ റിപ്പോര്‍ട്ടറുടെ അനുഭവം, ഒരുപക്ഷേ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായിരിക്കും.

``നിങ്ങളുടെ ഒരു നല്ല ഫോട്ടോയും മുന്‍കൂര്‍ ചരമക്കുറിപ്പും നല്‍കാതെ ഇന്ന്‌ രാത്രി വീട്ടില്‍ പോകരുത്‌, ഞങ്ങള്‍ക്കത്‌ ആവശ്യം വന്നേക്കും'', കുസൃതി നിറഞ്ഞ സ്വരത്തില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ പറയുമ്പോള്‍ `ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ മുതിര്‍ന്ന ലേഖകന്‍ മക്‌കാന്‍ഡലിഷ്‌ ഫിലിപ്പ്‌സ്‌ അത്‌ തമാശയായേ എടുത്തുള്ളൂ. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വാര്‍ത്ത അദ്ദേഹം ഡെസ്‌കില്‍ ഏല്‍പ്പിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ സഹപ്രവര്‍ത്തകന്റെ ഈ ഉപദേശം.

അല്‍പ്പ സമയം കഴിഞ്ഞ്‌ ന്യൂയോര്‍ക്കിന്റെ തണുത്ത തെരുവിലേക്കിറങ്ങുമ്പോള്‍ പക്ഷേ, ഫിലിപ്പ്‌സിന്‌ അല്‍പ്പം മുമ്പ്‌ തോന്നിയ ധൈര്യം അനുഭവപ്പെട്ടില്ല. അനിര്‍വചനീയമായ ഒരു ഭയം നട്ടെല്ലിലൂടെ അരിച്ചു കയറും പോലെ. തന്നോടൊപ്പം രണ്ട്‌ സുരക്ഷ ഉദ്യോഗസ്ഥരെ `ടൈംസ്‌' വിട്ടിട്ടുണ്ടെങ്കിലും അതിന്‌ ഉറപ്പു പോരാത്തതു പോലെ. വീട്ടിലെത്തുമ്പോള്‍ അവിടെയും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം. പത്രത്തിന്റെ ചെലവില്‍ നഗരം വിട്ട്‌ മറ്റെവിടെയെങ്കിലും ഏതാനും ദിവസം കഴിയാന്‍ മേലധികാരികള്‍ ആവശ്യപ്പെട്ടെങ്കിലും, അതിന്‌ കൂട്ടാക്കാതിരുന്ന ഫിലിപ്പ്‌സിന്റെ ശാഠ്യത്തിനുള്ള മറുപടിയായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം.

ഫിലിപ്പ്‌സിന്റെ വേവലാതികളുടെ തുടക്കം, മറ്റു പല വാര്‍ത്തകളുടെയും കാര്യത്തിലെന്ന പോലെ, അപ്രതീക്ഷിതമായ ഒരു സംഭവത്തില്‍ നിന്നായിരുന്നു. കുപ്രസിദ്ധ അമേരിക്കന്‍ നാസി ഭീകരസംഘടനയായ `കു ക്ലക്‌സ്‌ ക്ലാനി'(കെ.കെ.കെ)ന്റെ ന്യൂയോര്‍ക്ക്‌ മേധാവിയായി, ന്യൂയോര്‍ക്കില്‍ ക്വീന്‍സില്‍ നിന്നുള്ള 28-കാരനായ ദാനിയേല്‍ ബുരോസ്‌ തിരഞ്ഞെടുക്കപ്പെട്ടെന്ന്‌ യു.എസ്‌.കോണ്‍ഗ്രസ്‌ സമിതി കണ്ടെത്തി. 1965 ഒക്‌ടോബര്‍ 19-നായിരുന്നു അത്‌. ദാനിയേല്‍ ബുരോസ്‌ ജൂതവംശജനാണെന്ന അമ്പരിപ്പിക്കുന്ന സൂചന `ടൈംസി'ന്റെ മെട്രോ എഡിറ്ററായിരുന്ന എ.എം. റോസെന്താളിന്‌ കിട്ടിയതോടെയാണ്‌, ഫിലിപ്പ്‌സ്‌ ഈ സംഭവത്തില്‍ ഉള്‍പ്പെടുന്നത്‌. ജൂതരെയും കറുത്തവര്‍ഗ്ഗക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള ഭീകരസംഘടനയുടെ മേധാവി ജൂതനാണെന്നു തെളിഞ്ഞാല്‍ അതൊരു വന്‍വാര്‍ത്ത തന്നയാകും. `ടൈംസി'ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൗതുകമാര്‍ന്ന സ്‌കൂപ്പുകളിലൊന്നാകുമത്‌.

ഇക്കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ റോസെന്താള്‍ ചുമതലപ്പെടുത്തുമ്പോള്‍, അത്‌ ശ്രമകരമായ ഒന്നായി ഫിലിപ്പ്‌സിന്‌ തോന്നിയില്ല. ദാനിയേല്‍ ബുരോസിന്റെ വിവരങ്ങള്‍ ലഭിക്കാനിടയുള്ള ഒന്‍പത്‌ കേന്ദ്രങ്ങളുടെ പട്ടിക പെട്ടന്ന്‌ തയ്യാറാക്കി. ഒരു സംഘം ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരെ ഒരേ സമയം എല്ലായിടത്തേയ്‌ക്കും `വേട്ട'യ്‌ക്കയച്ചു. മറ്റാരെങ്കിലും അറിയും മുമ്പ്‌ വാര്‍ത്ത `ടൈംസി'ല്‍ വരണം. ഭാഗ്യമുണ്ടെങ്കില്‍ രാത്രിയിലെ എഡിഷനില്‍ തന്നെ കൊടുക്കാനാകും. പക്ഷേ, കാത്തിരിക്കുന്തോറും കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന്‌ ഫിലിപ്പ്‌സിന്‌ ബോധ്യമായി. അന്വേഷണത്തിന്‌ പോയ ഒരാളില്‍ നിന്നും ഒരു വിവരവുമില്ല.

ഒരു ജൂതസംഘടനയുമായി ബന്ധപ്പെട്ടപ്പോള്‍, ക്വീന്‍സില്‍ ബുരോസ്‌ താമസിക്കുന്ന സ്ഥലത്തിന്റേതാകാന്‍ സാധ്യതയുള്ള രണ്ട്‌ വിലാസങ്ങള്‍ കിട്ടി. ബുരോസിന്‌ ഫോണ്‍ നമ്പറില്ല. അതിനാല്‍ വിലാസത്തില്‍ നേരിട്ട്‌ അന്വേഷിക്കാന്‍ തീരുമാനിച്ചു. അക്രമത്തിന്റെയും മാരകായുധങ്ങള്‍ കൈവശം വെച്ചതിന്റെയും പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടേയുള്ളൂ ബുരോസ്‌ എന്ന വിവരം അറിയാമായിരുന്നു. അന്വേഷിച്ച സ്ഥലത്ത്‌ അങ്ങനെയൊരാള്‍ താമസിക്കുന്നുണ്ടെന്ന്‌ ചില സൂചനകള്‍ ലഭിച്ചതല്ലാതെ, ആളെ കണ്ടു കിട്ടിയില്ല. ബുരോസ്‌ താമസിക്കുന്നതായി അയല്‍ക്കാര്‍ കാട്ടിക്കൊടുത്ത പഴയ കെട്ടിടത്തിലെ അപ്പാര്‍ട്ടുമന്റിന്റെ വാതിലിനടിയില്‍ തന്നെ വിളിക്കണമെന്നു കാണിച്ച്‌ കുറിപ്പെഴുതി വെച്ച്‌ ഫിലിപ്പ്‌സ്‌ പോന്നു.

ആദ്യദിനം അങ്ങനെ കഴിഞ്ഞു. അന്വേഷണത്തിന്‌ പോയവര്‍ നിര്‍ണ്ണായകമായ ഒട്ടേറെ വിവരങ്ങള്‍ കണ്ടെത്തി. പക്ഷേ, അതിന്‌ ദിവസങ്ങളെടുത്തു. അന്വേഷണം മുറുകിയതിനൊപ്പം വാര്‍ത്ത ചോരാനുള്ള സാധ്യതയും ഏറി. അഞ്ചാം ദിവസമായപ്പോഴേക്കും ബുരോസിനെ സംബന്ധിച്ച ഒരുവിധം എല്ലാ വിവരങ്ങളും ഫിലിപ്പ്‌സിന്റെ മുന്നിലുണ്ടെന്ന സ്ഥിതിയായി. അയാള്‍ ജൂതനാണെന്നു തെളിയിക്കുന്ന ചില രേഖകളും കിട്ടിക്കഴിഞ്ഞു. വേണമെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാം. പക്ഷേ, ഒരു കാര്യം കൂടി വേണമെന്ന്‌ ഫിലിപ്പ്‌സ്‌ നിശ്ചയിച്ചു. ബുരോസുമായി നേരിട്ടുള്ള അഭിമുഖം.

ആറാം ദിവസം അതിരാവിലെ ക്വീന്‍സിലെത്തി ബുരോസിന്റേതെന്നു കരുതുന്ന അപ്പാര്‍ട്ടുമെന്റിലേക്കു നടക്കുമ്പോള്‍, റോഡരികിലെ ബാര്‍ബര്‍ ഷോപ്പിലേക്കു കയറുന്ന ബുരോസിനെ ഫിലിപ്പ്‌സ്‌ ഒരു നിമിഷം കണ്ടു. നേരിട്ടു പരിചയമില്ലെങ്കിലും, ഫോട്ടോ കണ്ടിട്ടുള്ളതിനാല്‍ അത്‌ ബുരോസ്‌ തന്നെയാണെന്ന്‌ ഫിലിപ്പ്‌സ്‌ ഉറപ്പിച്ചു. അയാള്‍ പുറത്തിറങ്ങും വരെ കാത്തു. ഷോപ്പില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ വഴിയോരത്തു വെച്ചു തന്നെ ഫിലിപ്പ്‌സ്‌ അയാളെ പരിചയപ്പെട്ടു. താന്‍ വെച്ചിട്ടുപോന്ന ഫോണ്‍ നമ്പറും മറ്റും കിട്ടിയിരുന്നോ എന്ന്‌ അന്വേഷിച്ചു. ഫിലിപ്പ്‌സ്‌ ഒരു ഫെഡറല്‍ ഓഫീസറല്ലെന്നു മനസിലായപ്പോള്‍ ബുരോസിന്‌ ആശ്വാസമായതു പോലെ തോന്നി.

``നോക്കൂ, എനിക്ക്‌ നിങ്ങളോട്‌ ചിലത്‌ സംസാരിക്കാനുണ്ട്‌''-ഫിലിപ്പ്‌സ്‌ പറഞ്ഞു. ``ഒ.കെ''-ബാരോസ്‌ സമ്മതിച്ചു. കുറെനെരം ഫുഡ്‌പാത്തിലൂടെ നടന്നു കഴിഞ്ഞപ്പോള്‍, എവിടെയെങ്കിലും ഇരിക്കാം എന്ന്‌ ബുരോസ്‌ തന്നെ നിര്‍ദ്ദേശിച്ചു. അങ്ങനെ ഇരുവരും ഒരു ചെറു റെസ്റ്റോറണ്ടിന്റെ ഒഴിഞ്ഞ മേശയ്‌ക്കിരുവശവും സ്ഥാനം പിടിച്ചു. അത്ര ഉയരമില്ലാത്ത, മെലിഞ്ഞിട്ടല്ലാത്ത, ഒരുപാട്‌ പ്രശ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനാണ്‌ തനിക്കു മുന്നിലിരിക്കുന്നതെന്ന്‌ ഫിലിപ്പ്‌സിന്‌ തോന്നി. നേരെ നോക്കുന്നതിനു പകരം, കഴിയുന്നത്ര മറ്റ്‌ ഭാഗങ്ങളിലേക്കു നോക്കാനാണ്‌ ബുരോസ്‌ ശ്രമിക്കുന്നത്‌.

അമേരിക്ക ഏറ്റവുമധികം ഭയപ്പെടുന്ന നാസിസംഘടനയുടെ നേതാവാണ്‌ മുന്നിലിരിക്കുന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ, അയാളുടെ വിധി തന്റെ കൈയിലാണിപ്പോഴെന്ന്‌ ഫിലിപ്പ്‌സിനറിയാം. ജൂതരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘടനയുടെ നേതാവായ അയാളൊരു ജൂതനാണെന്ന്‌ ലോകം അറിയാന്‍ പോകുന്നു. ഇക്കാര്യം അയാളോട്‌ പറയാനാണ്‌ ഫിലിപ്പ്‌സ്‌ അതിരാവിലെ അയാളെ തേടിയെത്തിയത്‌. അതറിയുമ്പോഴുള്ള അയാളുടെ പ്രതികരണം അറിയാന്‍!

മുഖവുരയോടെ തുടങ്ങി. ബുരോസ്‌ വളരെ സൗഹൃദത്തോടെയാണ്‌ പെരുമാറിയത്‌. കെ.കെ.കെയില്‍ അയാളെ തിരിച്ചറിയാനുള്ള അടയാളമായ ചെറുചിത്രം പോലും(തലയിലൂടെ തുണിയിട്ട്‌ കണ്ണുകളുടെ ഭാഗത്ത്‌ മാത്രം ദ്വാരമുള്ള ചിത്രം) ഫിലിപ്പ്‌സിന്‌ കാട്ടിക്കൊടുത്തു. ഫാസിസ്റ്റ്‌ തീവ്രവാദത്തിന്റെ അടിമയായി മാറിയിരിക്കുന്ന ആ ചെറുപ്പക്കാരനോട്‌ ഫിലിപ്പ്‌സിന്‌ സഹതാപം തോന്നി. ഒടുവില്‍ അഭിമുഖത്തിലെ നിര്‍ണ്ണായകമായ ചോദ്യത്തിലെത്തി. ``മി. ബുരോസ്‌, നിങ്ങളുടെ ജീവിതത്തിന്റെ പൊതുചിത്രവുമായി ഒത്തുപോകാത്ത ഒരു വിവരം എന്റെ പക്കലുണ്ട്‌. അതിനൊരു വിശദീകരണം ലഭിക്കാനാണ്‌ ഞാന്‍ നിങ്ങളെ അന്വേഷിച്ചത്‌''- ഭാവഭേദം കൂടാതെ ഫിലിപ്പ്‌സ്‌ പറഞ്ഞു. അതിനിടെ പലതവണ ബുരോസ്‌ വാച്ചില്‍ നോക്കിയിരുന്നു. തനിക്ക്‌ അത്യാവശ്യമായി പെന്‍സില്‍വാനിയയ്‌ക്കുള്ള ബസ്‌ പിടിക്കണമെന്ന്‌ ഇടയ്‌ക്ക്‌ പറയുകയും ചെയ്‌തു. ``നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തത്‌ ബ്രോന്‍ക്‌സില്‍ വെച്ച്‌ റവ. ബര്‍ണാഡ്‌ കല്ലെന്‍ബര്‍ഗ്‌ ആണ്‌, ജൂത ആചാര പ്രകാരം''-ഫിലിപ്പ്‌സ്‌ പറഞ്ഞു.

``നിങ്ങളിക്കാര്യം പ്രസിദ്ധീകരിക്കാന്‍ പോകുകയാണോ''-ബുരോസ്‌ ചോദിച്ചു.

ഈ വിവരം ബ്രോന്‍ക്‌സിലെ സുപ്രീം കോടതി ഹൗസിലുള്ള രേഖയാണ്‌. അതിനാല്‍ ഈ വിവരം പൊതുജനങ്ങള്‍ക്കു ലഭ്യമായ ഒന്നാണ്‌. അതുകൊണ്ടു തന്നെ അത്‌ പ്രസിദ്ധീകരിക്കുന്നത്‌ തടയാനുള്ള അധികാരം തനിക്കില്ലെന്ന്‌ ഫിലിപ്പ്‌സ്‌ അറിയിച്ചു. ആ നിമിഷം പരവശനായ ഒരു മനുഷ്യനായി ബുരോസ്‌ മാറി. എത്രയോ വര്‍ഷമായി താന്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ച വിവരമാണിത്‌. ഇപ്പോള്‍ ഫിലിപ്പ്‌സ്‌ അത്‌ പ്രസിദ്ധീകരിക്കാന്‍ പോകുന്നു. ഈ ഒറ്റ വിവരം മതി തന്റെ ജീവിതം മുഴുവന്‍ തകര്‍ന്നടിയാന്‍. റെസ്റ്റോറണ്ട്‌ വിടുംമുമ്പു നിങ്ങളെ കൊല്ലാന്‍ പോകുകയാണെന്ന്‌ അയാള്‍ ഫിലിപ്പ്‌സിനോട്‌ പറഞ്ഞു. പ്രഭാതത്തിന്റെ ശാന്തമായ അന്തരീക്ഷം പെട്ടന്നു കനത്തു. താന്‍ കടന്നു വന്നപ്പോഴത്തെ റെസ്റ്റോറണ്ടല്ല ഇപ്പോഴത്തേതെന്ന്‌ ഫിലിപ്പ്‌സിന്‌ ഒരു നിമിഷം തോന്നി. തന്റെ അന്ത്യം അടുത്തു എന്നു തന്നെ ഫിലിപ്പ്‌സിന്‌ അനുഭവപ്പെട്ടു. പക്ഷേ, ഫിലിപ്പ്‌സ്‌ ശാന്തത കൈവെടിഞ്ഞില്ല (തന്റെ എതിരെയിരിക്കുന്നയാള്‍ പ്രഗത്ഭനായ ഒരു കരാട്ടെ വിദഗ്‌ധനാണെന്ന കാര്യം അറിയാമായിരുന്നെങ്കില്‍, തനിക്കത്ര ശാന്തനായിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ ഫിലിപ്പ്‌സ്‌ ഓര്‍ക്കുന്നു).

തന്റെ കൈവശം ഒരു കുപ്പി ആസിഡുണ്ടെന്ന്‌ ബുരോസ്‌ പറഞ്ഞു. അത്‌ ഫിലിപ്പ്‌സിന്‌ മേല്‍ പ്രയോഗിക്കാന്‍ പോവുകയാണ്‌. പക്ഷേ, അത്രയും രാവിലെ ആസിഡുമായി ഒരാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ ഉറപ്പുണ്ടായിരുന്നു. ബുരോസ്‌ പക്ഷേ, ശബ്‌ദമുയര്‍ത്തിയില്ല. കൂട്ടക്കൊല നടത്തുന്നതിന്‌ നേതൃത്വം കൊടുക്കേണ്ടയാള്‍, ഒരു വ്യക്തിയെ കൊല്ലുമെന്ന്‌ വിളിച്ചു കൂവേണ്ട കാര്യമില്ലല്ലോ. ആ വിവരം പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പു നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന്‌ അയാള്‍ ആവര്‍ത്തിച്ചു. വീണ്ടും ഒരിക്കല്‍കൂടി തമ്മില്‍ കാണും മുമ്പ്‌ അത്‌ പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പുനല്‍കാമെന്ന്‌ ഫിലിപ്പ്‌സ്‌ പറഞ്ഞു. ഓരോ തവണ വധഭീഷണി മുഴക്കുമ്പോഴും അയാളുടെ സ്വരത്തിലുണ്ടായ വ്യത്യാസം ഫിലിപ്പ്‌സ്‌ ശ്രദ്ധിച്ചു. ഒടുവില്‍ ഇരുവരും റെസ്റ്റോറണ്ടിന്‌ പുറത്തു കടന്നു. പിരിയുന്നതിന്‌ മുമ്പ്‌ ആറു തവണ ബുരോസ്‌ വധഭീഷണി മുഴക്കിയിരുന്നു. അവസരം എപ്പോഴാണ്‌ മുതലാക്കേണ്ടതെന്ന്‌ തനിക്ക്‌ അറിയാമെന്നും അയാള്‍ പറഞ്ഞു. കു ക്ലക്‌സ്‌ ക്ലാനിന്റെ നേതാവ്‌ വെറും വാക്ക്‌ പറയില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ നിശ്ചയമുണ്ടായിരുന്നു.

ബുറോസിനെപ്പറ്റി ആറുപേജുള്ള റിപ്പോര്‍ട്ടാണ്‌ ഫിലിപ്പ്‌സ്‌ തയ്യാറാക്കിയത്‌. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. വാര്‍ത്ത ഫയല്‍ ചെയ്‌തു കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകന്റെ ഉപദേശം കിട്ടി ചരമക്കുറിപ്പും ഫോട്ടോയും കൊടുത്തിട്ടേ പോകാവൂ എന്ന്‌. ഫിലിപ്പ്‌സിന്റെ വീട്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലുമായി. ബുറോസിന്റെ ജൂതവേരുകള്‍ സംബന്ധിച്ച്‌ ശേഖരിച്ച രേഖകള്‍ക്ക്‌ നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന്‌ അവസാന നിമിഷം സംശയമായി. പത്രാധിപസമിതിയാണ്‌ സംശയം ഉന്നയിച്ചത്‌. ബുറോസിന്റെ താമസസ്ഥലത്തിനു രണ്ട്‌ മൈല്‍ ചുറ്റളവിലുള്ള സിനഗോഗുകള്‍ മുഴുവന്‍ ശരിക്കൊരു രേഖയ്‌ക്കായി പരിശോധിക്കാന്‍ ഒടുവില്‍ തീരുമാനമായി. ജൂതകാര്യ ലേഖകന്‍ ഇര്‍വിങ്‌ സ്‌പീഗലിനെയാണ്‌ ചുമതലയേല്‍പ്പിച്ചത്‌. പിറ്റേന്ന്‌ ഉച്ചയ്‌ക്ക്‌ സ്‌പീഗലിന്റെ ഫോണ്‍ വന്നു.``ജര്‍മന്‍കാര്‍ക്കൊരു ഹിറ്റ്‌ലര്‍ ഉള്ളതുപോലെ, ജൂതര്‍ക്കും ഒരു ഹിറ്റ്‌ലറുണ്ട്‌''. വാര്‍ത്ത അന്നു രാത്രിയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടു.

ഞായറാഴ്‌ച ഉച്ചയായപ്പോള്‍ `ടൈംസി'ന്റെ ഓഫീസില്‍ നിന്ന്‌ ഫിലിപ്പ്‌സിന്‌ ഫോണ്‍ വന്നു. ഒരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌, പെന്‍സില്‍വാനിയയില്‍ നിന്നാണ്‌. ദാനിയല്‍ ബുറോസ്‌ സ്വയം വെടിവെച്ചു മരിച്ചു.

കടപ്പാട്‌: The Working Press, The New York Times, Edited by Ruth Adler, 1966

(2005 നവംബറില്‍ മാതൃഭൂമി തൊഴില്‍വാര്‍ത്ത, 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്‌)

Wednesday, November 26, 2008

നടന്നു തുടങ്ങുന്ന കേരളം: അനുബന്ധം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവ കേരളത്തില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണ്‌. വ്യായാമമില്ലായ്‌മയും ഭക്ഷണശീലത്തിലുണ്ടായ മാറ്റവുമാണ്‌ ഇതിന്‌ മുഖ്യകാരണമായി പറയപ്പെടുന്നത്‌. അതിനെതിരെ കേരളം എങ്ങനെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്‌ ഈ പരമ്പരയുടെ മുന്‍ലക്കങ്ങളില്‍ പരിശോധിച്ചത്‌. ഇത്തരം രോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തുചെയ്യണം-അതാണ്‌ ഈ അനുബന്ധത്തിന്റെ ഉള്ളടക്കം.

1. പ്രമേഹം അകറ്റിനിര്‍ത്താന്‍

ജീവിതശൈലി, പാരമ്പര്യം - ഈ രണ്ട്‌ ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്‌ പ്രമേഹം. ടൈപ്പ്‌-1 പ്രമേഹം ചികിത്സകൊണ്ടേ നിയന്ത്രിക്കാന്‍ കഴിയൂ. എന്നാല്‍, ജീവിതശൈലീരോഗമായി പടര്‍ന്നു പിടിക്കുന്ന ടൈപ്പ്‌-2 പ്രമേഹം, ആവശ്യമായ മുന്‍കരുതല്‍കൊണ്ട്‌ ഒഴിവാക്കാന്‍ കഴിയും. പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റാ കോശങ്ങളുടെ അപചയമാണ്‌ മധ്യവയസ്‌ക്കരില്‍ ഈ പ്രശ്‌നം രൂക്ഷമാവാന്‍ കാരണം. പാരമ്പര്യം, പൊണ്ണത്തടി, പുകവലി, ആവശ്യത്തിന്‌ വ്യായാമമില്ലായ്‌മ, കടുത്ത മാനസിക സമ്മര്‍ദം, ഉറക്കമിളപ്പ്‌ എന്നിങ്ങനെ അനേകം സംഗതികള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമേഹം വരാതെ നോക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ശരീരത്തിന്‌ ആവശ്യമായ വ്യായാമം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയാണ്‌. നടത്തം, നീന്തല്‍, സൈക്ലിങ്‌ ഇങ്ങനെ ഏതുതരം വ്യായാമവുമാകാം. ശരീരത്തില്‍ ദുര്‍മേദസ്സുണ്ടാകാതെ ശ്രദ്ധിക്കാനും വ്യായാമം സഹായിക്കും. ദുര്‍മേദസ്സ്‌ അഥവാ പൊണ്ണത്തടി എന്നത്‌ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നോര്‍ക്കുക. പുകവലിയും പുകയിലയുടെ ഉപയോഗവും പാടെ ഉപേക്ഷിക്കുക. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവര്‍ ഇടയ്‌ക്കിടെ രക്തത്തിലെ ഷുഗര്‍നില നോക്കി, കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന്‌ ഉറപ്പുവരുത്തണം.

രക്തത്തിലെ ഷുഗര്‍നില വളരെപ്പെട്ടെന്ന്‌ വര്‍ധിക്കാനും അതുവഴി ആവശ്യമില്ലാത്ത സമയത്ത്‌ കണക്കിലേറെ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാക്കുകവഴി ബീറ്റാ കോശങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാനും ഇടയാക്കുന്ന ഫാസ്റ്റ്‌ഫുഡ്‌, ബേക്കറി സാധനങ്ങള്‍ കഴിവതും ഭക്ഷണത്തില്‍ നിന്ന്‌ ഒഴിവാക്കുക. നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. (കടപ്പാട്‌: ഡോ. കെ. പി. പൗലോസ്‌, ചീഫ്‌ ഫിസിഷ്യന്‍, ശ്രീ ഉത്രാടം തിരുന്നാള്‍ ഹോസ്‌പിറ്റല്‍, തിരുവനന്തപുരം).

2. ഹൃദ്രോഗഭീഷണി ചെറുക്കാന്‍

ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം അരമണിക്കൂര്‍ വീതം വ്യായാമം പതിവാക്കുക. പുകവലി പാടെ ഒഴിവാക്കുക. പൂരിതകൊഴുപ്പ്‌ കൂടുതലടങ്ങിയ മാട്ടിറച്ചി, നെയ്യ്‌ മുതലായവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ്‌ കൂടിയ ചിപ്‌സുകളും എണ്ണയില്‍ വരുത്ത ഭക്ഷ്യവസ്‌തുക്കളും ഉണര്‍ത്തുന്ന പ്രലോഭനത്തെ കഴിവതും അതിജീവിക്കുക. വിവാഹിതരാണെങ്കില്‍ നല്ല ലൈംഗികജീവിതം നയിക്കുക. ഭാവിയില്‍ ഹൃദ്രോഗം വരരുത്‌ എന്നാഗ്രഹിക്കുന്നവര്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.

നടത്തം, നീന്തല്‍, സൈക്ലിങ്‌ മുതലായ എയ്‌റോബിക്‌ വ്യായാമങ്ങളാണ്‌ ഹൃദയാരോഗ്യത്തിന്‌ നന്ന്‌. ഭാരോദ്വഹനം പോലുള്ള അണ്‍എയ്‌റോബിക്‌ വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ ചെയ്യാന്‍ പാടില്ല. പ്രായം കൂടിയവര്‍ പെട്ടെന്ന്‌ വ്യായാമം തുടങ്ങുന്ന പക്ഷം, അത്‌ ഡോക്ടറെ കണ്ടശേഷമേ ആകാവൂ.

പാരമ്പര്യമായി കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുള്ളവര്‍ കൂടുതല്‍ മുന്‍കരുതലെടുക്കണം. ഇത്തരക്കാര്‍ 20 വയസ്സ്‌ പിന്നിടുമ്പോള്‍ മുതല്‍ രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ നിലയും ഇടയ്‌ക്കിടെ പരിശോധിക്കണം. ചീത്ത കൊളസ്‌ട്രോള്‍ (എല്‍. ഡി. എല്‍), പ്രമേഹം, പൊണ്ണത്തടി എന്നിവയ്‌ക്കൊപ്പം രക്തത്തിലെ ഹോമോസിസ്‌റ്റീനിന്റെ ആധിക്യവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. അതിനാല്‍, പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവര്‍ ഹോമോസിസ്‌റ്റീന്‍ നിര്‍ണയ ടെസ്‌റ്റും നടത്തേണ്ടതുണ്ട്‌. (കടപ്പാട്‌: ഡോ. ജോര്‍ജ്‌ തയ്യില്‍, ചീഫ്‌ കാര്‍ഡിയോളജിസ്‌റ്റ്‌, ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍, എറണാകുളം).

3. പൊണ്ണത്തടി ഒഴിവാക്കാന്‍

ദുര്‍മേദസ്‌ ദുസ്സൂചനയാണ്‌. ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ തുടക്കം മിക്കപ്പോഴും പൊണ്ണത്തടിയില്‍ നിന്നായിരിക്കും. നിങ്ങള്‍ക്ക്‌ എത്ര സെന്റിമീറ്റര്‍ ഉയരമുണ്ടോ അതില്‍നിന്ന്‌ 100 കുറച്ചാല്‍ കിട്ടുന്ന അത്രയും കിലോഗ്രാമാണ്‌, നിങ്ങള്‍ക്ക്‌ ആവശ്യമായ ശരീരഭാരമെന്ന്‌ പൊതുവെ പറയാം. ഇതനുസരിച്ച്‌, 170 സെന്റിമീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക്‌ 70 കിലോഗ്രാം ശരീരഭാരമുണ്ടാകണം. അതില്‍ കൂടിയാല്‍ അമിതഭാരമായി. മരുന്ന്‌ കഴിച്ചു മാത്രം ദുര്‍മേദസ്‌ ഒഴിവാക്കാനാവില്ല. അതിന്‌ ഏറ്റവും പ്രധാനം വ്യായാമം തന്നെയാണ്‌. രാവിലെയും വൈകുന്നേരവും നല്ല വേഗത്തില്‍ ഒരു മണിക്കൂര്‍ വീതം നടക്കുക.

വറുത്തതും പൊരിച്ചതും ഭക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കുക; ഇടയ്‌ക്കിടെയുള്ള കൊറിക്കലും. മാംസാഹാരവും ഒഴിവാക്കുകയാണ്‌ ഉത്തമം. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത്‌ വെറുംവയറ്റില്‍ രാവിലെ കഴിക്കുന്നത്‌ നല്ലതാണ്‌. പൊണ്ണത്തടി ഒഴിവാക്കാന്‍ വ്യായാമത്തോടൊപ്പം ചില ഔഷധങ്ങളും ആയുര്‍വേദത്തില്‍ ലഭ്യമാണ്‌. (കടപ്പാട്‌: ഡോ. കെ. മുരളീധരന്‍പിള്ള, മുന്‍പ്രിന്‍സിപ്പല്‍, വൈദ്യരത്‌നം ആയുര്‍വേദ കോളേജ്‌, ഒല്ലൂര്‍, തൃശ്ശൂര്‍).

4. സന്ധിവാതം പ്രശ്‌നമാകാതിരിക്കാന്‍

ജീവിതശൈലീരോഗങ്ങളില്‍ പ്രമുഖമായ ഒന്നാണ്‌ സന്ധിവാതം. നാല്‌പത്‌ വയസ്സ്‌ കഴിയുന്നതോടെ സന്ധികളിലുണ്ടാകുന്ന തേയ്‌മാനമാണ്‌ ഇതിന്‌ പ്രധാന കാരണം. ശരീരത്തിന്റെ അമിതഭാരം സന്ധിവാതത്തിന്‌ ആക്കം കൂട്ടുന്നു. പാരമ്പര്യവും രോഗംവരാന്‍ അനുകൂല ഘടകമാണ്‌. ശരീരഭാരം അഞ്ചുശതമാനം വര്‍ധിക്കുമ്പോള്‍, രോഗമുള്ളവരില്‍ സന്ധിയുടെ വേദന 15 മടങ്ങ്‌ രൂക്ഷമാകും എന്നാണ്‌ കണക്ക്‌. അതിനാല്‍, ശരീരഭാരം കൂടുതല്‍ വര്‍ധിക്കാതെ നോക്കുകയാണ്‌ സന്ധിവാതം തടയാനുള്ള മുഖ്യമാര്‍ഗം. അവിടെയാണ്‌ വ്യായാമത്തിന്റെ പ്രസക്തി. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഒഴിവാക്കുകയും വേണം.

ചമ്രം പടിഞ്ഞിരിക്കുന്ന ശീലമുള്ളവരാണ്‌ കേരളീയര്‍. കാല്‍മുട്ടുകള്‍ക്ക്‌ വല്ലാതെ സമ്മര്‍ദമേല്‍പ്പിക്കുന്ന ശീലമാണിത്‌. നിലത്തുള്ള കക്കൂസ്‌ (ഇന്ത്യന്‍ സ്റ്റൈല്‍) പതിവായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്‌നമുണ്ടാകുന്നു. ചുമടെടുക്കുന്നതവരിലും സന്ധികളിലെ സമ്മര്‍ദം കൂടുതലായിരിക്കും. ഇതെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ശരീരഭാരം വര്‍ധിക്കാതെ നോക്കുന്നതിനൊപ്പം കാല്‍സ്യം കൂടുതലടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത്‌, സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കും. എരിവ്‌, പുളി മുതലായവ കുറയ്‌ക്കുന്നതും നന്ന്‌. (കടപ്പാട്‌: ഡോ. രമേഷ്‌ ഭാസി, കണ്‍സള്‍ട്ടന്റ്‌ റുമാറ്റോളജിസ്‌റ്റ്‌, മലബാര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ (മിംസ്‌), കോഴിക്കോട്‌).

5. അര്‍ബുദത്തെ നേരിടാന്‍

ഏത്‌ തരത്തിലുള്ള വ്യായാമമാണെങ്കിലും അത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്വാഭാവികമായും അര്‍ബുദസാധ്യത കുറയാന്‍ ഇത്‌ സഹായിക്കും. ശുഭാപ്‌തിവിശ്വാസം നിലനിര്‍ത്താനും വിഷാദവും മറ്റും പിടികൂടുന്നത്‌ ഒഴിവാക്കാനും വ്യായാമം സഹായിക്കും. അതും അര്‍ബുദസാധ്യത കുറയ്‌ക്കുന്ന സംഗതിയാണെന്ന്‌ ആധുനിക പഠനങ്ങള്‍ പറയുന്നു.

സാധാരണഗതിയില്‍, അര്‍ബുദം ബാധിച്ചാല്‍ അതോടെ ജീവിതം കഴിഞ്ഞു എന്ന്‌ കരുതുന്നവരാണ്‌ ഏറെയും. അര്‍ബുദബാധയെ മൂന്നായാണ്‌ വൈദ്യശാസ്‌ത്ര വിദഗ്‌ധര്‍ തരംതിരിക്കാറ്‌. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുകയും പുകവലി മുതലായ ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്‌താല്‍ വരാതെ ഒഴിവാക്കാന്‍ കഴിയുന്നവയാണ്‌ മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകളും. ശരിയായ വ്യായാമം ഇതിന്‌ സഹായിക്കുന്ന ഘടകമാണ്‌. നാരുകൂടിയ ഭക്ഷ്യവസ്‌തുക്കള്‍ കൂടുതല്‍ കഴിക്കണം. ഫാസ്റ്റ്‌ഫുഡും വറുത്തതും പൊരിച്ചതും ഉപ്പ്‌ അധികമുള്ളതുമായ ഭക്ഷ്യവസ്‌തുക്കള്‍ പരമാവധി ഒഴിവാക്കണം.

മുന്‍കൂട്ടി കണ്ടുപിടിച്ചാല്‍ ചികിത്സിച്ച്‌ ഭേദമാക്കാനാവുന്നതാണ്‌ അടുത്ത മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകള്‍. സ്‌തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം പോലുള്ളവ ഇതില്‍പെടുന്നു. 30 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ വീതം ശരിയായ പരിശോധനയ്‌ക്ക്‌ വിധേയരായാല്‍ രോഗബാധ നേരത്തെ കണ്ടെത്താനും വേണ്ട ചികിത്സ ലഭ്യമാക്കാനുമാകും. ബാക്കി മൂന്നിലൊന്ന്‌ ഭാഗം കാന്‍സര്‍ബാധയാണ്‌ വന്നുകഴിഞ്ഞാല്‍ ഭേദമാക്കാന്‍ കഴിയാത്തത്‌. (കടപ്പാട്‌: ഡോ. ജയകൃഷ്‌ണന്‍, ലക്‌ച്ചറര്‍, കമ്മ്യൂണിറ്റി ഓങ്കോളജി, ആര്‍. സി. സി., തിരുവനന്തപുരം).

-മാതൃഭൂമി, ജൂണ്‍ 29 - ജൂലായ്‌ 4, 2008

Monday, November 24, 2008

നാല്‌പതു കഴിയാന്‍ കാക്കണോ

കോഴിക്കോട്‌ ഈസ്‌റ്റ്‌ഹില്ലില്‍ താമസിക്കുന്ന വീട്ടമ്മയായ വത്സല ഗോപിനാഥ്‌, അമേരിക്കയില്‍ ഡാലസിലുള്ള മകള്‍ റാണിയുമായി ടെലിഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യം തിരക്കുക വ്യായാമക്കാര്യമാണ്‌. ദിവസവും രാവിലെ ഭര്‍ത്താവ്‌ ഗോപിനാഥിനൊപ്പം ഒരു മണിക്കൂര്‍ നടക്കുകയെന്ന സ്വന്തം ശീലത്തിന്റെ അടിസ്ഥാനത്തിലാണ്‌ മക്കളുടെ വ്യായാമക്കാര്യം അവര്‍ തിരക്കുന്നത്‌. `മക്കള്‍ക്ക്‌ ആവശ്യത്തിന്‌ വ്യായാമം കിട്ടുന്നുണ്ടോ എന്ന കാര്യം അമ്മമാരല്ലാതെ മറ്റാരാണ്‌ ഉറപ്പുവരുത്തേണ്ടതെ'ന്ന്‌ വത്സല ഗോപിനാഥ്‌ ചോദിക്കുന്നു. പക്ഷേ, ഇത്തരത്തില്‍ ഉത്‌ക്കണ്‌ഠാകുലരാകുന്ന എത്ര അമ്മമാര്‍ നമുക്കിടയിലുണ്ട്‌ ?

കുത്തക കമ്പനികളെപ്പോലെയാണ്‌ മാരകരോഗങ്ങളും. 'ചെറുപ്പത്തിലേ പിടികൂടുക'യെന്നതാണ്‌ കുത്തകകളുടെ വിപണന തന്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങളും നമ്മളെ ചെറുപ്പത്തിലേ പിടികൂടുന്നു. അതിന്‌ പറ്റിയ ചില ജനിതക സവിശേഷതകള്‍ നമുക്കുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. ചെറുപ്പത്തിലേ ആരംഭിക്കുന്ന മേലനങ്ങാശീലം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ആഴ്‌ചയില്‍ വെറും മൂന്നുമണിക്കൂര്‍ മാത്രം വീടിന്‌ പുറത്ത്‌ ചെലവിടുന്ന കൂട്ടികളെ സങ്കല്‍പ്പിച്ചു നോക്കൂ. എന്തുതരം വ്യായാമമാണ്‌ അവര്‍ക്ക്‌ ലഭിക്കുക ? തിരുവനന്തപുരം അച്യുതമേനോന്‍ സെന്ററില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്‌ കേരളത്തില്‍ നഗരങ്ങളിലെ കുട്ടികള്‍ ഈ അവസ്ഥയിലാണെന്നാണ്‌. അതേസമയം, ആഴ്‌ചയില്‍ 7-8 മണിക്കൂര്‍ ടിവിക്ക്‌ മുന്നില്‍ കുട്ടികള്‍ ചെലവിടുന്നു.

മറ്റ്‌ രാജ്യങ്ങളില്‍ 40 വയസ്സിന്‌ ശേഷം ആരംഭിക്കുന്ന പല ജീവിതശൈലീരോഗങ്ങളും കേരളീയരെ 10 വര്‍ഷം മുമ്പേ പിടികൂടുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍. `നാല്‌പത്‌ കഴിഞ്ഞ്‌ രക്താതിസമ്മര്‍ദവും പ്രമേഹവുമൊക്കെ ആയിക്കഴിഞ്ഞ്‌ നടത്തമോ യോഗയോ ആരംഭിക്കാം. ഇതാണ്‌ പലരുടെയും കണക്കുകൂട്ടല്‍. പക്ഷേ, ഒറ്റ ദിവസം കൊണ്ട്‌ വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല ഈ ശീലം'-വത്സല ഗോപിനാഥ്‌ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ പറയുന്നത്‌.

കേരളീയരെ സംബന്ധിച്ചിടത്തോളം ഷുഗറും കൊളസ്‌ട്രോളുമൊക്കെ നേരത്തെ ആരംഭിക്കുന്നതിനാല്‍, ഏതു തരത്തിലുള്ള വ്യായാമവും നേരത്തെ തുടങ്ങണം എന്ന്‌ അച്യുതമേനോന്‍ സെന്ററിലെ അഡീഷണല്‍ പ്രൊഫസറായ ഡോ. കെ. ആര്‍. തങ്കപ്പന്‍ പറയുന്നു. `ഭാവിയില്‍ നിങ്ങള്‍ക്ക്‌ അസുഖം വരില്ല എന്ന്‌ പറഞ്ഞ്‌ കഴിക്കാവുന്ന ഒരു മരുന്നുമില്ല. എന്നാല്‍, വ്യായാമം അതാണ്‌'-ബോഡി ബില്‍ഡര്‍ വി. എം. ബഷീറിന്റെ നിരീക്ഷണത്തെ ആധുനികശാസ്‌ത്രം ശരിവെക്കുന്നു.

വ്യായാമവേളയില്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ്‌ കുറയും. നല്ല കൊളസ്‌ട്രോളിന്റെ (എച്ച്‌.ഡി.എല്‍) ആധിക്യമേറും. കൂടുതല്‍ രക്തചംക്രമണം നടക്കുന്നതിനാല്‍ ധമനികള്‍ വികസിക്കും. കൊഴുപ്പു നിക്ഷേപം വര്‍ധിച്ച്‌ ധമനികളില്‍ തടസ്സമുണ്ടാകാന്‍ സാധ്യത കുറയും. ഹൃദ്രോഗസാധ്യതയാണ്‌ ഇതുവഴി ഇല്ലാതാവുക. പ്രമേഹസാധ്യത അകന്നുപോകും. ചര്‍മത്തിന്റെ സൗന്ദര്യം കാക്കാന്‍ വ്യായാമം പോലെ മറ്റൊരു മാര്‍ഗമില്ല. ലൈംഗികാരോഗ്യം നിലനിര്‍ത്താനും വ്യായാമം ഉത്തമം. അതുവഴി ചെറുപ്പം നിലനിര്‍ത്താം.

വ്യായാമത്തിനൊപ്പം ഭക്ഷണശീലത്തിലും ചില കരുതലുകള്‍ കൈക്കൊള്ളാന്‍ നമുക്കിടയില്‍ ഒരു വിഭാഗം ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നവരുടെ സംഖ്യ സമീപകാലത്ത്‌ ഏറിയിട്ടുണ്ട്‌. രുചി കൂട്ടുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്‌ക്കാന്‍ പലരും ശ്രദ്ധിക്കുന്നു. `ദിവസം ഒരു നേരം വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കിയ കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്‌'-തൃശ്ശൂര്‍ കണിമംഗലത്ത്‌ പ്രവര്‍ത്തിക്കുന്ന ഗാന്ധിജി പ്രകൃതി ചികിത്സാകേന്ദ്രത്തിലെ കല്യാണ്‍ ഉല്‌പലാക്ഷന്‍ പറയുന്നു.

ഏതായാലും, തിന്നും കുടിച്ചും മേലനങ്ങാതെയും നമ്മള്‍ നേടിയ സമ്പാദ്യത്തിന്‌ നാമിപ്പോള്‍ പ്രായശ്ചിത്തം ചെയ്‌തുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ, അതായിരിക്കാം, ആരോഗ്യരംഗത്തെ പുതിയ കേരളമാതൃകയുടെ അടിത്തറ. (പരമ്പര അവസാനിച്ചു).

-മാതൃഭൂമി, ജൂലായ്‌ 4, 2003

Tuesday, November 18, 2008

പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍

യോഗയുടെ കാര്യത്തിലും നമ്മള്‍ പതിവു തെറ്റിച്ചില്ല. സായിപ്പ്‌ അംഗീകരിച്ച ശേഷം മാത്രമേ യോഗയെ ഗൗനിക്കാന്‍ നമ്മള്‍ തയ്യാറായുള്ളു. യോഗയ്‌ക്ക്‌ ചില അത്ഭുതസിദ്ധികളുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല. സ്‌പോണ്ടിലോസിസിന്‌ ആശ്വാസം ലഭിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ചെയ്‌തതുപോലെ, ചില ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ തുടങ്ങുകയും പിന്നീടത്‌ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്‌ത ധാരാളം പേര്‍ കേരളത്തിലുണ്ട്‌. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി യോഗ കോര്‍പ്പറേറ്റ്‌ ശൈലിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുണ്ട്‌. ഏകാഗ്രത വര്‍ധിപ്പിക്കാനും പഠന നിലവാരം ഉയര്‍ത്താനും മക്കളെ യോഗ പരിശീലനത്തിനയയ്‌ക്കുന്ന മാതാപിതാക്കളുണ്ട്‌. അതോടൊപ്പം, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ലക്ഷ്യംവെച്ച്‌ പ്രതിബദ്ധതയോടെ യോഗ കേന്ദ്രങ്ങളിലെത്തുന്നവരുടെ സംഖ്യയും കാര്യമായി വര്‍ധിച്ചിരിക്കുന്നു. ഭാവിയില്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ തടയാന്‍ യോഗയും മലയാളികള്‍ ഒരു അഭയകേന്ദ്രമായി കണ്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ സാരം.

പുത്തന്‍ ജീവിതശൈലിയുടെ മുഖമുദ്രയെന്താണ്‌ ? സംശയം വേണ്ട, മാനസിക സമ്മര്‍ദവും ടെന്‍ഷനും തന്നെ. അതിന്റെ ഭാഗമായി രക്തസമ്മര്‍ദം ഏറുന്നു. തിരുവനന്തപുരത്തെ 'ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്‌) നടത്തിയ പഠനം വ്യക്തമാക്കുന്നത്‌ 20 വയസ്സ്‌ കഴിഞ്ഞ മലയാളികളില്‍ 35 ശതമാനത്തിനും രക്തസമ്മര്‍ദം കൂടുതലാണെന്നാണ്‌. ഈ പ്രശ്‌നമുള്ളവരില്‍ 75 ശതമാനത്തിനും തങ്ങള്‍ക്ക്‌ രക്താതിസമ്മര്‍ദമുള്ള വിവരം അറിയില്ലെന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അകറ്റാന്‍ എന്താണ്‌ വഴി ? പുകവലി ! മദ്യപാനം ! അതോടെ മനസ്സിന്റെയും ശരീരത്തിന്റെയും താളം തെറ്റുന്നു. 'ഇവിടെയാണ്‌ യോഗയുടെ പ്രസക്തി'-തിരുവനന്തപുരത്ത്‌ പടിഞ്ഞാറെക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശിവാനന്ദ യോഗ വേദാന്തകേന്ദ്രത്തിലെ മനുചൈതന്യ പറയുന്നു. ഏത്‌ തിരക്കിനിടയിലും മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ നോക്കാന്‍ യോഗ സഹായിക്കും. ഏത്‌ പ്രായത്തിലുള്ളവര്‍ക്കും യോഗ പരിശീലിക്കാം. 'യോഗ വഴി ജീവിതത്തെ സംബന്ധിച്ച ഒരു പ്രസാദാത്മക (പോസിറ്റീവ്‌) സമീപനം വളര്‍ത്തിയെടുക്കാനും കഴിയും`-മനു ചൈതന്യ അഭിപ്രായപ്പെടുന്നു.

വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനായി പ്രായമേറിയവരാണ്‌ മുമ്പൊക്കെ യോഗ കേന്ദ്രങ്ങളില്‍ എത്തിയിരുന്നതെങ്കില്‍, ഇന്ന്‌ പരിസ്ഥിതി മാറിയിരിക്കുന്നു. 25-35 പ്രായപരിധിയിലുള്ള യുവാക്കളും വീട്ടമ്മമാരും ഇപ്പോള്‍ യോഗ പരിശീലനത്തിന്‌ സന്നദ്ധരായി എത്തുന്നുവെന്ന്‌, പ്രമുഖ യോഗ പരീശീലകനും തൃശ്ശൂര്‍ ജില്ലാ യോഗ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റുമായ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. ഹെല്‍ത്ത്‌ക്ലബ്ബുകളിലേതുപോലെ, മിക്ക യോഗ കേന്ദ്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ മാത്രമായി പ്രത്യേക പരിശീലനമുണ്ട്‌. മൂന്ന്‌ മാസം വരെ നീളുന്ന പരിശീലനമാണ്‌ യോഗ കേന്ദ്രങ്ങള്‍ നല്‍കുന്നത്‌. അത്‌ പൂര്‍ത്തിയാക്കുന്നയാള്‍ക്ക്‌ വീട്ടിലിരുന്ന്‌ യോഗ തുടരാം.

കോഴിക്കോട്ട്‌ നടക്കാവില്‍ താമസിക്കുന്ന വീട്ടമ്മയായ ഷീന, നടുവേദന സഹിക്കാനാവാതെ വന്നപ്പോഴാണ്‌ രണ്ട്‌ വര്‍ഷംമുമ്പ്‌ യോഗയില്‍ അഭയം കണ്ടെത്തിയത്‌. അസുഖത്തിന്‌ ആശ്വാസമുണ്ടായി എന്നു മാത്രമല്ല, തടികുറയ്‌ക്കാനും യോഗ വഴി കഴിഞ്ഞു. വീട്ടിലെ തിരക്കുമൂലം സ്ഥിരമായി യോഗ ചെയ്യാറില്ലെങ്കിലും സൂര്യനമസ്‌ക്കാരം മുടക്കാറില്ലെന്ന്‌ ഷീന പറയുന്നു. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പെട്ടന്ന്‌ ആശ്വാസം നല്‍കുന്നു എന്നതാണ്‌ യോഗയുടെ സവിശേഷതകളിലൊന്നായി മനു ചൈതന്യ ചൂണ്ടിക്കാട്ടുന്നത്‌. മാത്രമല്ല, മറ്റ്‌ വ്യായാമമുറകളെപ്പോലെ, യോഗകൊണ്ട്‌ ആരും പെട്ടന്ന്‌ ക്ഷീണിക്കാറില്ല. `രണ്ടു മണിക്കൂര്‍ യോഗ കഴിഞ്ഞാലും നമ്മള്‍ ഫ്രഷ്‌ ആയിരിക്കും'-ഗോപിനാഥ്‌ ഇടിക്കുന്നി പറയുന്നു.

തിരുവനന്തപുരം എന്‍ജിനിയറിങ്‌ കോളേജില്‍നിന്ന്‌ പ്രൊഫസറായി വിരമിച്ച ഗ്രിസല്‍ ആലഞ്ചേരി ദിവസവും രാവിലെ ഒരു മണിക്കൂര്‍ നടക്കാറുണ്ട്‌. അടുത്തയിടെയാണ്‌ യോഗയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. കുടുംബത്തിലെ ചില ദുരന്തങ്ങള്‍ മൂലം, വ്യക്തിപരമായി കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടേണ്ട സമയമായിരുന്നു ഇത്‌. പക്ഷേ, 58-കാരിയായ തനിക്ക്‌ 'ആ ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയുന്നത്‌ യോഗമൂലമാകാ'മെന്ന്‌ പ്രൊഫസര്‍ കരുതുന്നു. തനിക്ക്‌ 'രാവിലെ ഉണരാന്‍ കഴിയുന്നുണ്ടെന്നാ'ണ്‌ യോഗ അഭ്യസിച്ചു തുടങ്ങിയ ശേഷം വിദ്യാര്‍ഥിയായ എം. വി. സുനില്‍കുമാര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്‌. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്‌ സുനില്‍കുമാര്‍.

ശരീരത്തിനൊപ്പം മനസ്സിനുകൂടി പ്രാധാന്യം നല്‍കുന്നു എന്നതാണ്‌ മറ്റ്‌ വ്യായാമങ്ങളില്‍നിന്ന്‌ യോഗയെ വ്യത്യസ്‌തമാക്കുന്ന മുഖ്യഘടകം. ആത്മവിശ്വാസം വര്‍ധിപ്പിക്കുക മാത്രമല്ല, നന്മ, സ്‌നേഹം, സാഹോദര്യം മുതലായ ഗുണങ്ങള്‍ പ്രചോദിപ്പിക്കുക വഴി സാത്വികമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കാനും യോഗ കാരണമാകാറുണ്ടെന്ന്‌ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാനും യോഗ പ്രേരകമാകാറുണ്ട്‌. പക്ഷേ, ആവേശം കൊണ്ട്‌ യോഗ അഭ്യസിച്ചു തുടങ്ങുകയും പാതിവഴിക്ക്‌ ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്‌. മാത്രമല്ല, ശരിയായ വൈദഗ്‌ധ്യം ഇല്ലാത്ത 'മുറി ആചാര്യന്മാര്‍' യോഗ കേന്ദ്രങ്ങള്‍ തുടങ്ങുന്നതും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന്‌ ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

-മാതൃഭൂമി, ജൂലായ്‌ 3, 2003

അടുത്തം ലക്കം: നാല്‌പതു കഴിയാന്‍ കാക്കണോ