വായനയെ ആദരവോടെ സമീപിക്കുന്ന മലയാളികളില്‍ മിക്കവര്‍ക്കും എം.എന്‍.സത്യാര്‍ഥി പരിചിതനാണ്; പ്രഗത്ഭനായ ഒരു വിവര്ത്തകന് എന്ന നിലയില്‍. ബംഗാളിയിലും ഉര്‍ദുവിലും ഹിന്ദിയിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ സാഹിത്യത്തിന്റെ ആത്മാവിനെ മനോഹരമായ മലയാള വിവര്‍ത്തനങ്ങളിലൂടെ കേരളത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന വ്യക്തിയാണ് സത്യാര്‍ഥി. കിഷന് ചന്ദിന്റെയും സാവിത്രി റോയിയുടെയും ബിമല്‍മിത്രയുടെയുമൊക്കെ കൃതികള്‍ ആര്‍ജവത്വം ചോര്‍ന്നു പോകാതെ മലയാളീകരിച്ചെത്തുമ്പോള്‍ ചിലരെങ്കിലും അത്ഭുതപ്പെടാതിരിക്കില്ല; ആരാണ് ഈ സത്യാര്‍ഥി, ഇത്രയും ഭാഷകളുടെ മാന്ത്രികത കരസ്ഥമാക്കിയ ഇയാള്‍ എവിടുത്തുകാരനാണ്?
ഇതിന്റെ ഉത്തരം മഹേന്ദ്രനാഥ് സത്യാര്‍ഥിയെന്ന എം.എന്‍.സത്യാര്‍ഥിയുടെ ജീവിതം തന്നെയാണ്. കഴുമരത്തിന്റെ നിഴലിലൂടെ, ഇന്ത്യന്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ധീരതയും കരുത്തും ഊട്ടിയുറപ്പിച്ച അനുഭവങ്ങളിലൂടെ കടന്നുവന്ന സത്യാര്‍ഥിയുടെ ജീവിതം.
കോഴിക്കോടിനടുത്ത് മുണ്ടിക്കല്‍താഴത്തെ കുന്നിന്മുകളിലുള്ള ചെറിയ വീട്ടിലിരുന്ന്, എണ്പത്തിനാലാം വയസ്സിലേക്ക് കടന്ന സത്യാര്‍ഥി, തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാദ്യം തെളിയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അങ്ങേത്തലയ്ക്കല്‍ പഞ്ചാബിന്റെ മണ്ണില്‍ കുതിച്ചുയര്‍ന്ന ദേശസ്നേഹത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളാണ്. കഴുമരങ്ങള്‍ക്ക് നാവു മുളച്ച ഇരുപതുകള്‍, സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതിരുന്ന ഒരു നിര. ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ്, രാജ ഗുരു, സുഖ്ദേവ്, ബട്കേശര്‍ ദത്ത് അടക്കമുള്ളവരുടെ രൂപങ്ങള്‍ ആ നിരയില്‍ തെളിയുന്നു. റഷ്യന്‍ വിപ്ലവം കൊളുത്തിവിട്ട ആവേശം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ കുത്തിയൊഴുകിയ ഇരുപതുകളിലാണ് സത്യാര്‍ഥിയും ലാഹോറില്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്.
നേരത്തെ മലബാര്‍ സര്‍വീസിലുണ്ടായിരുന്ന എം. കൃഷ്ണന്, പഞ്ചാബിലെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറായാണ് ലാഹോറിലെത്തുന്നത്. അദ്ദേഹത്തിന്റെ മകനായി 1913 ഏപ്രില്‍ 13-ന് സത്യാര്‍ഥി ലാഹോറില്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റിന് ശേഷം പതിനാലാം വയസ്സില്‍ ലാഹോറിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു. എട്ടുംപൊട്ടും തിരിയാത്ത ഒരു ബാലന്. ആകെയുള്ള കുഴപ്പം സാഹിത്യത്തിലുള്ള താത്പര്യം മാത്രം. മൗലാന സഫറലി ഖാന് 'ജമീന്ദാര്' എന്നൊരു മാസിക ഇറക്കിയിരുന്നു. അതിന്റെ ബാലപംക്തിയില്‍ സത്യാര്‍ഥി ഇടയ്ക്കിടയ്ക്കെഴുതും.
ഒരിക്കല്‍, സഹപാഠികളോടൊപ്പം അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഒരു സാധു കര്‍ഷകകുടുംബത്തെ പോലീസും ജന്മിയും ചേര്‍ന്ന് കുടിയിറക്കുന്ന കാഴ്ച കണ്ടു. ഓട്ടുകിണ്ണം നെഞ്ചത്തടക്കിപ്പിടിച്ച് വിതുമ്പുന്ന ഒരു പെണ്‍കുട്ടി; കിണ്ണം പിടിച്ചെടുക്കാന്‍ നോക്കുന്ന പോലീസുകാരന് -മനസില്‍ മുറിപ്പാട് വീഴ്ത്തിയ ഈ സംഭവത്തെപ്പറ്റി ഒരു കവിതയെഴുതി -'കുടിയൊഴിപ്പിക്കല്‍'. ജമീന്ദാറില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കവിത ഭരണകൂടത്തിനെതിരാണെന്ന് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിധിച്ചു.
ദേശസ്നേഹത്തിന്റെ കരുത്തും വൈദേശിക ഭരണത്തോടുള്ള എതിര്‍പ്പും ലാഹോറിന്റെ ഹൃദയത്തില്‍ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതമായി ഉരുണ്ടു കൂടുന്ന നാളുകളായിരുന്നു അത്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷന് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് കൗമാരപ്രായക്കാരനായ സത്യാര്‍ഥിക്ക് മനസിലായിരുന്നില്ല.
സത്യാര്‍ഥി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഒരു ശ്മശാനം മുറിച്ചു കടന്നാല്‍ ഭഗത് സിംഗിന്റെ വീടായി. കോളേജില്‍ ഭഗത് സിംഗ് സീനിയര്‍, ഹരികൃഷ്ണ് സഹപാഠി. സഹോദരിയെയും അമ്മയെയും കൂട്ടിവന്ന് താമസിക്കാന്‍ സുഖ്ദേവിന് ലാഹോറില്‍ വീട് വാടകയ്ക്കെടുക്കാന്‍ ജാമ്യം നിന്നത് സത്യാര്‍ഥി.
ഇന്ത്യയ്ക്ക് എത്രമാത്രം സ്വാതന്ത്ര്യം നല്‍കാമെന്നതിനെപ്പറ്റി തെളിവെടുപ്പ് നടത്താന്‍ സൈമണ്‍ കമ്മീഷന് ഇന്ത്യയിലെത്തി. 1928 ഒക്ടോബര്‍ 30-ന് ലാഹോര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ കമ്മീഷന് രാജ്യസ്നേഹികള്‍ തീര്‍ത്ത ഉപരോധം മറികടന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. പോലീസ് സൂപ്രണ്ട് സ്കോട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പോലീസ് ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. ലാലാ ലജ്പത്റായി തലയ്ക്കടിയേറ്റു വീണു.
ഇന്ത്യ, പ്രത്യേകിച്ച് പഞ്ചാബ്, അപമാനത്തിന്റെ നിറമണിഞ്ഞു. 'ഈ ദേശീയ അപമാനത്തിന് പകരം വീട്ടാന്‍ ഇന്ത്യയില്‍ യുവാക്കളില്ലേ' എന്ന സിംഹഗര്‍ജനം പോലുള്ള, സി.ആര്.ദാസിന്റെയും അദ്ദേഹത്തിന്റെ പത്നി വാസന്തിദേവിയുടെയും ചോദ്യം ഇന്ത്യയെങ്ങും പ്രതിധ്വനിച്ചു. പ്രതികാരം ചെയ്യാന്‍ ചെറുപ്പക്കാര്‍ ലാഹോറില്‍ തന്നെയുണ്ടായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെയും ഭഗത് സിംഗിന്റെയും നേതൃത്വത്തിലുള്ള ചാവേര്‍സംഘം പ്രതികാരത്തിന് പദ്ധതി തയ്യാറാക്കി. ലാലാജി അന്തരിച്ച് ഒരു മാസവും നാലു ദിവസവും കഴിഞ്ഞപ്പോള്‍, 1928 ഡിസംബര്‍ 17-ന്, ലാഹോര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സന്റേഴ്ണ്‍ ഓഫീസില്‍ നിന്നും മടങ്ങും വഴി വെടിയേറ്റു വീണു. സൂപ്രണ്ട് സ്കോട്ടിനെ വധിക്കാനിട്ടിരുന്ന പദ്ധതി സന്റേഴ്ണ്‍ വധത്തില്‍ കലാശിക്കുകയാണുണ്ടായത്.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നെഞ്ചിന് നേരെയുള്ള നിറയൊഴിക്കലായിരുന്നു അത്. ഭരണകൂടത്തിന് ഭ്രാന്തിളകി. നാഷണല്‍ കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളെ പിടിച്ച് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു; കൂട്ടത്തില്‍ പതിനഞ്ചുകാരനായ സത്യാര്‍ഥിയെയും.
സത്യാര്‍ഥി ഒരു മാസം ലോക്കപ്പില്‍ കിടന്നു. സഹപാഠികളില്‍ പലരും ബോണ്ടെഴുതിക്കൊടുത്ത് പുറത്തു കടന്നു. സത്യാര്‍ഥിയെ അങ്ങനെ വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. ജമീന്ദാറില്‍ സര്‍ക്കാര്‍ വിരുദ്ധ കവിത പ്രസിദ്ധീകരിച്ച 'കുട്ടിഭീകര'നെ ഒരു മാസം കഴിഞ്ഞ് നാടുകടത്തി; കല്‍ക്കത്തയിലേക്ക്! ബ്രിട്ടീഷുകാരുടെ മഹാവിഡ്ഡിത്തങ്ങളിലൊന്നായി സത്യാര്‍ഥി ആ നടപടിയെ വിശേഷിപ്പിക്കുന്നു. അല്ലെങ്കില്‍, ഇരുപതുകളുടെ അവസാനം ഒരു 'തീച്ചൂളപോലെ സമരാവേശംകൊണ്ട് ജ്വലിക്കുന്ന' കല്‍ക്കത്തയിലേക്ക് നാടുകടത്തല്‍ നടത്തുമോ?
ചങ്ങലയ്ക്കിട്ട നിലയില്‍ സത്യാര്‍ഥിയെ അധികാരികള്‍ കല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചെങ്കിലും, സത്യാര്‍ഥിക്ക് അഭയവും ആത്മവിശ്വാസവും നല്കാന് അവിടെ അനുശീലന്‍ സമിതിയുണ്ടായിരുന്നു. സന്റേഴ്സണ്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം സത്യാര്‍ഥി ചെല്ലുമ്പോള്‍ കല്‍ക്കത്തയിലുണ്ട്. ലാഹോറിന്റെ ഹൃദയത്തിലെ അഗ്നി എത്രത്തോളമുണ്ടായിരുന്നുവെന്ന് ഒരു വെളിപാട് പോലെ സത്യാര്‍ഥിക്ക് ബോധ്യം വന്നത് കല്‍ക്കത്തയിലെത്തിയ ശേഷമാണ്. രണ്ടുവര്‍ഷം അനുശീലന്‍ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞു. ആയുധപരിശീലനം അവിടെ നിന്നാണ് നേടുന്നത്.
തന്നെ കുറ്റവാളിയും പ്രവാസിയുമാക്കിയവരോട് പ്രതികാരം വീട്ടണം. ഉമിത്തീ പോലെ പക അടങ്ങാതെ കിടക്കുകയായിരുന്നു. പതിനേഴിന്റെ ആവേശം വിവേകത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ലാഹോറില്‍ യൂണിവേഴ്സിറ്റിയുടെ സന്നദ് ദാന ചടങ്ങിന് പഞ്ചാബ് ഗവര്‍ണര്‍ സര് ജാഫ്രഡി മോണ്ട് മോഴ്സി എത്തുന്ന വിവരം അറിയുന്നത്. 1930 ഡിസംബര്‍ 26-നാണ് സന്നദ് ദാനച്ചടങ്ങ്. ഗവര്‍ണറെ വെടിവെയ്ക്കാന്‍ പദ്ധതിയിട്ടു.
ഇതിനിടെയില്‍, 1929 ഏപ്രില്‍ എട്ടിന് ഭഗ്ത് സിംഗും ബട്കേശ്വര്‍ ദത്തും പാര്‍ലമെന്റില്‍ ബോംബെറിയുക വഴി ഇന്ത്യന്‍ ജനതയുടെ, വൈദേശിക അധിനിവേശത്തിനെതിരെയുള്ള, ഏറ്റവും വലിയ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഹിംസയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്ന ഈ യുവാക്കളെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നിട്ടു കൂടി, ഗാന്ധിജി 'യങ് ഇന്ത്യ'യില്‍ ഇങ്ങനെയെഴുതി : The year 1929 will be marked as the year of great awakening among the youth of India.
തന്നെപ്പോലെ തന്നെ പീഡനമനുഭവിച്ച ഒരു പഠാണി യുവാവിനെ സത്യാര്‍ഥിക്ക് കൂട്ടിന് കിട്ടി. ഹരികൃഷ്ണന്; ഭഗത്റാം തന്‍വാറിന്റെ അനുജന്. ഗവര്‍ണറെ വെടിവെക്കുന്ന പദ്ധതിയില്‍ 'ഹരികൃഷ്ണന് അങ്ങേയറ്റം രാഷ്ട്രീയ പ്രചോദിതനായിരുന്നെങ്കില്‍, പ്രതികാരചിന്ത മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്', സത്യാര്‍ഥി ഓര്‍മിക്കുന്നു.
പുസ്തകങ്ങള്ക്കുള്ളില് ആയുധം ഒളിപ്പിച്ചുവെച്ച് സെനറ്റ്ഹാളിന്റെ രണ്ടു ഭാഗത്തായി സത്യാര്‍ഥിയും ഹരികൃഷ്ണനും നിലയുറപ്പിച്ചു. ഹരികൃഷ്ണന് വെടിവെക്കുക. ഗവര്‍ണര്‍ വീണുകഴിഞ്ഞാല്‍ രക്ഷപ്പെടണം. ഹാളിന് പുറത്ത് സഹായിക്കാന്‍ സഹപ്രവര്‍ത്തകരുണ്ട്. പക്ഷേ, 'ഹരികൃഷ്ണന് ആവേശം കൂടിപ്പോയി' എന്നാണ് സത്യാര്‍ഥി പറയുന്നത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതും, ഹരികൃഷ്ണന് ഒരു കസേരയില്‍ ചാടിക്കയറി നിറയൊഴിച്ചു. കസേരയുടെ കാലുകള്‍ ഇളകിയിരുന്നതിനാല്‍ ഉന്നംതെറ്റി, ഗവര്‍ണറുടെ താടിയെല്ല് തകര്‍ന്നു. കൂട്ടബഹളം. അതിനിടയില്‍ രക്ഷപ്പെടാനല്ലായിരുന്നു ഹരികൃഷ്ണന്റെ ലക്ഷ്യം. 'ഞാനാണ് വെടിവെച്ചത്'-ഹരികൃഷ്ണന് പ്രഖ്യാപിച്ചു. ആയുധധാരിയായിരുന്നതിനാല്‍ സത്യാര്‍ഥിയും പിടിയിലായി. ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തി.
ഗവര്‍ണറെ വെടിവെച്ച കുറ്റത്തിന് ഹരികൃഷ്ണനെ 1931 ജൂണ്‍ ഒന്‍പതിന് തൂക്കിലേറ്റി. സത്യാര്‍ഥിക്ക് ജീവപര്യന്തം; ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍. ആന്റമാനിലെത്തിയാല്‍ മരണമാണ്. തല്ക്കാലം അങ്ങോട്ട് പോകാതെ രക്ഷപ്പെടാന്‍ ഒറ്റ മാര്‍ഗമേയുള്ളു : നേതാക്കള്‍ ഉപദേശിച്ചു; പഠിക്കുക. പഠനം കഴിയുംവരെ നാടുകടത്തല്‍ നീട്ടിവെയ്ക്കും. അങ്ങനെ ലാഹോര്‍ യൂണിവേഴ്സിറ്റിയില്‍ ഉര്‍ദു ഓണേഴ്സിന് പ്രൈവറ്റായി ചേര്‍ന്നു. പഠിക്കണമെന്ന ആത്മാര്‍ഥമായ താത്പര്യം സത്യാര്‍ഥിക്കുണ്ടായിരുന്നു.
ജയിയില്‍ തുടര്‍ന്നുവന്ന മൂന്നു വര്‍ഷം സത്യാര്‍ഥി ഉര്‍ദു ഓണേഴ്സ് മാത്രമല്ല അഭ്യസിച്ചത്; കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളും വശത്താക്കുന്നത് ആ നാളുകളിലാണ്. 1933-ല്‍ ഇരുപതുകാരനായ സത്യാര്‍ഥി കൈയും കാലും ചങ്ങലയ്ക്കിട്ട നിലയില്‍ യൂണിവേഴ്സിറ്റിയില്‍ പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞതോടെ, അനിവാര്യമായ നാടുകടത്തലിന്റെ നാളായി. 'ആന്റമാന് ജയിലിലെ ഭീകരതയുമായി താരതമ്യം ചെയ്തപ്പോള്‍, കഴുമരമായിരുന്നു ഭേദമെന്ന് തോന്നിയ നാളുകള്‍', സത്യാര്‍ഥി വ്യക്തമായി ഓര്‍ക്കുന്നു.
രണ്ട് ഇന്ത്യന്‍ പോലീസുകാരുടെയും ഒരു ആംഗ്ലോഇന്ത്യന് സര്‍ജന്റെയും അകമ്പടിയോടെ കല്‍ക്കത്തയ്ക്ക് യാത്രയായി. യാത്രയില്‍ 'ട്രെയിനില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു', സത്യാര്‍ഥി വെളിപ്പെടുത്തുന്നു.
ചമല്‍ലാല്‍ ആസാദ് എന്ന പേരില്‍ 15 വര്‍ഷം നീണ്ട ഒളിവ് ജീവിതം ആരംഭിക്കുന്നത് അങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഹായത്തിനെത്തി. ഉര്‍ദു അറിയാവുന്നത് മുസ്ലീം ആയി വേഷം മാറാന്‍ അനുഗ്രഹമായി. 'കൊയ്ത്തു കഴിഞ്ഞാല്‍ ധാന്യം ജന്മിക്കു കൊടുത്ത്, ചൂലും കുട്ടയുമായി തിരികെ പോരേണ്ട' ഗ്രാമീണ കര്‍ഷകരുടെ ഇടയില്‍ സംഘബോധത്തിന്റെ വിത്തുപാകാന്‍ നിയോഗം പോലെ ചിലവിട്ട വര്‍ഷങ്ങള്‍.
ലോകരാഷ്ട്രീയഗതികള്‍ മുപ്പതുകളുടെ അവസാനം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായി. 1939-ല്‍ രണ്ടാംലോകമഹായുദ്ധം തുടങ്ങി. അന്ന് ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യം വിടാന്‍ തീരുമാനിച്ചു. പിന്നീട് നെഹ്റു മന്ത്രസഭയില്‍ രാജ്യത്തിന്റെ ആദ്യ പ്രതിരോധവകുപ്പ് മന്ത്രിയായ കോണ്‍ഗ്രസ്സ് നേതാവ് ബല്‍ദേവ് സിംഹ് നേതാജിയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചു. 'രാജ്യം വിടണം, ബ്രിട്ടനോട് പോരാടണം. ഇവിടെ തുടര്‍ന്നിട്ട് കാര്യമില്ല'.
ബല്‍ദേവ് സിംഹ് ഇക്കാര്യം തന്റെ വീട്ടില്‍ അന്ന് ഒളിവില്‍ പാര്‍ക്കുന്ന അക്ഷയ് സിംഹ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനോട് പറഞ്ഞു. അക്ഷയ് സിംഹ് പാര്‍ട്ടിയുടെ പഞ്ചാബ് കമ്മറ്റിക്കെഴുതി. നേതാജിയെ രാജ്യംവിടാന്‍ സഹായിക്കണം. പാര്‍ട്ടി രണ്ടുപേരെ ഇതിനായി നിയോഗിച്ചു. ഭഗത്റാം തന്‍വാറിനെയും, കോംമ്രേഡ് രാമകൃഷ്ണനെയും. രാമകൃഷ്ണന് എന്തോ കാരണത്താല്‍ പിന്‍വാങ്ങിയപ്പോഴാണ് സത്യാര്‍ഥിക്ക് ആ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.
ബോസിനെ തടവിലിട്ടിരിക്കുന്ന വീട് 24 മണിക്കൂറും കനത്ത പോലീസ് കാവലിലാണ്. വലിയ നേതാക്കള്‍ക്ക് മാത്രം അദ്ദേഹത്തെ സന്ദര്‍ശിക്കാം. ഒരു ദിവസം യുണൈറ്റഡ് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ എക്സിക്യുട്ടീവായ ഒരു പഠാണി നേതാജിയെ സന്ദര്‍ശിക്കാനെത്തുന്നു. തിരികെ ഇറങ്ങിപ്പോയ പഠാണി ബോസായിരുന്നു. കൂടെ രണ്ട് എക്സ്കോര്‍ട്ടുകളുണ്ട്, രണ്ടും പഠാണികള്‍. ഒന്ന് യഥാര്‍ഥ പഠാണിയായ ഭഗ്ത്റാം, മറ്റൊന്ന് സത്യാര്‍ഥി. കാബൂളിലെത്തുക, അവിടെ നിന്നും റഷ്യ; അതായിരുന്നു ലക്ഷ്യം.
ബര്‍ദ്വാന്‍ വരെ യാത്ര കാറിലായിരുന്നു. അവിടെ നിന്നും ഫ്രോണ്ടിയര്‍ മെയിലില്‍ പെഷാവറിലേക്ക്.
പക്ഷേ, ബോസ് കാബൂളിലെത്തുമ്പോഴേക്കും, റഷ്യ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് ജര്‍മനിക്കെതിരെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടനെതിരെ യുദ്ധം ചെയ്യുകയെന്ന ബോസിന്റെ ലക്ഷ്യത്തിന് സഹായം നല്കാന് കഴിയാത്തതായി റഷ്യയുടെ അവസ്ഥ. എങ്കിലും കാബൂളിലെ റഷ്യന്‍ എംബസി, ബോസ് സുരക്ഷിതനായി യാത്ര തുടരും വരെ അദ്ദേഹത്തിന് സംരക്ഷണം നല്കി.
ഇന്ത്യയിലും കഥ മാറുകയായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ റഷ്യ കൈക്കൊണ്ട നിലപാട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സ്വാധീനിച്ചു. റഷ്യയ്ക്കൊപ്പം ബ്രിട്ടനും ഫാസിസത്തിനെതിരെ പോരാടുന്നതുകൊണ്ട്, ബ്രിട്ടീഷ് വിരോധം തത്ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായി. ബോസിനെ കാബൂളിലെത്തിച്ച് മടങ്ങിയെത്തിയപ്പോഴേക്കും, അതിന് സഹായിച്ച രണ്ടു പേരെയും ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പിടികൊടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. പക്ഷേ, ഭഗത്റാമും സത്യാര്‍ഥിയും അതിനൊരുക്കമായിരുന്നില്ല. ഭഗ്ത്റാം മടങ്ങിപ്പോയി, സത്യാര്‍ഥി വീണ്ടും ഒളിവില്‍! പാര്‍ട്ടിയില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും!
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും സത്യാര്‍ഥിയും വീണ്ടുമടുത്തു. ചമന്‍ലാല്‍ ആസാദ് എന്ന പേരില്‍ ബംഗാളിലെ 'സ്വാധീനത' എന്ന കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ പ്രതിനിധി. സ്വാതന്ത്ര്യത്തിന്റെ പുലരിയെപ്പറ്റിയുള്ള വാര്‍ത്ത നെഹ്റുവിന്റെ നാവില്‍ നിന്നും ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാള്‍ സത്യാര്‍ഥിയായിരുന്നു.
വിഭജനം തീര്‍ത്ത മുറിപ്പാടുകളോടെ ഇന്ത്യയിലെ ഏറ്റവും സമരവീര്യമുള്ള രണ്ട് ജനതകള്‍ - പഞ്ചാബികളും ബംഗാളികളും - വെട്ടിമാറ്റപ്പെടുന്നതിന് സാക്ഷ്യം വഹിച്ച മലയാളികളില്‍ ഒരാളും സത്യാര്‍ഥി തന്നെ.
ഏത് മഹായുദ്ധങ്ങളെക്കാളും ഭയാനകമായിരുന്നു ഇന്ത്യന്‍ വിഭജനം എന്ന് സത്യാര്‍ഥി ഓര്‍മിക്കുന്നു. ലാഹോര്‍, എത്ര പെട്ടന്നാണ് നരഹിംസയുടെ നരകഭൂവായത് എന്നകാര്യം പറയുമ്പോള്‍, സത്യാര്‍ഥിയുടെ മനസിലെത്തുന്നത് സ്വന്തം കുടുംബാംഗങ്ങളെ ഇന്ത്യയിലെത്തിക്കാന്‍ ലാഹോറില്‍ നിന്നും അമൃത്സറിലേക്ക് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പം നടത്തിയ 28 ദിവസത്തെ യാത്രയാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് പിന്നീട് നെഹ്റുവിന്റെ കഠിനവിമര്‍ശത്തിനിരയായ 'അവന് ഇന്സാന് മര് ഗയ' (മനുഷ്യന് മരിച്ചു) എന്ന ഉര്‍ദു നോവലിന്റെ പിറവി.
'സ്വാധീനത'യുടെ മുഴുവന്‍ സമയ പ്രതിനിധിയായി കഴിയുന്ന കാലം. 1956-ല്‍ ക്രൂഷ്ച്ചേവും ബുള്‍ഗാനിനും കല്‍ക്കത്തയിലെത്തി. നെഹ്റുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അവര്‍ കമ്മ്യൂണിസ്റ്റുകാരെ ആഹ്വാനം ചെയ്തു. ഏറെ നാളുകളിലെ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം, എതിരാളിക്ക് കീഴടങ്ങാന്‍ പറയുന്നതുപോലുള്ള ഒരു കാപട്യം ഇതില്‍ സത്യാര്‍ഥിയെപ്പോലുള്ള അനേകം കമ്മ്യൂണിസ്റ്റുകാര്‍ കണ്ടു. 'വയ്യ എന്ന് തോന്നി. ആദര്ശത പാലിക്കുക, എന്നാല്‍ സജീവ രംഗത്തുനിന്നും വിട്ടു നില്ക്കുക' ഇതായി വിചാരം. (സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യം പോലും വാങ്ങാന്‍ ഇക്കാലത്തിനിടയില്‍ ഒരിക്കലും സത്യാര്‍ഥി ശ്രമിച്ചിട്ടില്ല).
1957-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെപ്പറ്റി എഴുതാന്‍ കേരളത്തിലെത്തിയത് സത്യാര്‍ഥിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. പിന്നെ മടങ്ങിപ്പോയില്ല.
അച്ഛന്റെ സുഹൃത്ത് ആയിരുന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.എം.സീതിഹാജിയെ പോയി കണ്ടു. ഫറോക്ക് കോളേജില്‍ ഉര്‍ദു അധ്യാപകന്റെ ഒരു ഒഴിവുള്ള കാര്യം അദ്ദേഹം പറഞ്ഞു. അങ്ങനെ അധ്യാപകനായി. എണ്‍പത് രൂപ മാസശമ്പളം. പിന്നീട് ഭാര്യയ്ക്കും കൂടി ജോലി കിട്ടാനായി ജെ.ഡി.ടി.സ്കൂളില്‍ അധ്യാപനായി. അവിടെ നിന്നാണ് റിട്ടയര്‍ ചെയ്യുന്നത്.
കേരളത്തില്‍ എത്തിയ ശേഷം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ കഥകള്‍ സത്യാര്‍ഥി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വായനയെ ഗൗരവമായെടുക്കുന്ന മലയാളികളുടെ മനസിലേക്ക് എം.എന്‍.സത്യാര്‍ഥി കുടിയേറുന്നത്. അന്ന് 'ആനന്ദബസാര്‍ പത്രിക' ഗ്രൂപ്പിന്റെ ദേശ് വാരികയില്‍ ബിമല്‍ മിത്രയുടെ 'വിലയ്ക്കു വാങ്ങാം' എന്ന കൃതി പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടേയുള്ളു.
ബിമല്‍ മിത്രയ്ക്കെഴുതാന്‍ സത്യാര്‍ഥി കാമ്പിശ്ശേരി കരുണാകരനോട് പറഞ്ഞു. കാമ്പിശ്ശേരി ബിമല്‍ മിത്രയ്ക്കെഴുതി. 'ജനയുഗം' വാരികയില്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം കിട്ടി. മറ്റൊരു ഭാഷയില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു വരുമ്പോള്‍ തന്നെ ഒരു കൃതി മലയാളത്തിലും ഖണ്ഡശ്ശ: പ്രത്യക്ഷപ്പെടുകയെന്ന അപൂര്‍വ സംഭവമായിരുന്നു അത്. ബിമല്‍ മിത്രയുടെ തന്നെ 'പണം', സാവിത്രി റോയിയുടെ 'നെല്ലിന്റെ ഗീതം', യശ്പാലിന്റെ 'നിറംപിടിപ്പിച്ച നുണകള്‍' ഒക്കെ വായനയിലെ അനുഗ്രഹം പോലെയാണ് മലയാളികള്‍ ഏറ്റു വാങ്ങിയത്.
നാല്പതിലേറെ നോവലുകളും ആയിരക്കണക്കിന് ചെറുകഥകളും മലയാളത്തിലാക്കിയിട്ടുള്ള സത്യാര്‍ഥിയെ പുരസ്കാരങ്ങളും പല തവണ തേടി വന്നിട്ടുണ്ട്. ഏറ്റവും നല്ല വിവര്‍ത്തകനുള്ള 1992-ലെ കേന്ദ്രസാഹിത്യ അവാര്‍ഡ് ആണ് അതിലൊന്ന്. 1990-ല്‍ സത്യാര്‍ഥി എഴുതിയ 'സ്വാതന്ത്ര്യസമരം' എന്ന പുസ്തകത്തിന്, ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 1995-ല്‍ മലയാള സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡും എം.എന്‍.സത്യാര്‍ഥിയെ തേടിയെത്തി.
കോഴിക്കോടിന് സമീപം മുണ്ടിക്കല്‍താഴത്തെ കുന്നിന് മുകളില്‍ സത്യാര്‍ഥിയുടെ കൊച്ചുവീടിന് ചുറ്റും 28 വര്‍ഷം മുമ്പ് അദ്ദേഹം നട്ട തെങ്ങുകളുടെയും മറ്റ് ഫലവൃക്ഷങ്ങളുടെയും വിളവെടുപ്പിന് ഇന്നുമദ്ദേഹം പറമ്പിലിറങ്ങുന്നു. അങ്ങനെ, കര്‍ഷകവൃത്തിയുടെ ആത്മാവ് കൈവിട്ട മലയാളികളോടുള്ള നിശബ്ദ പ്രതിഷേധം കൂടിയാവുകയാണ് സത്യാര്‍ഥിയുടെ ഇപ്പോഴത്തെ ജീവിതം.
ജീവിതം തന്നെ ഇതിഹാസതുല്യമായതിനാല്‍, ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസമാകാന്‍ തെല്ലുമാഗ്രഹിക്കാത്ത ഈ മനുഷ്യന്, മനസിലുറഞ്ഞു കൂടിയ അഗ്നിയുടെ ലാളിത്യത്തില്‍ ഉറപ്പായി പറയുന്നു -'ഞാനൊരു നാമമാത്ര കര്ഷകന് മാത്രമാണ്; അല്ലാതൊന്നുമല്ല!'
-മാതൃഭൂമി വാരാന്തപ്പതിപ്പ്, 1996 ജൂലായ് 14
ഒരു സ്മരണാഞ്ജലി
പത്രക്കാരോട് സ്വന്തം ജീവിതകഥ പറയാന്‍ എന്നും വിമുഖത കാട്ടിയിരുന്ന വ്യക്തിയാണ് എം.എന്‍.സത്യാര്‍ഥി. 1957 മുതല്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കിലും അപൂര്‍വമായേ അദ്ദേഹം ആര്‍ക്കെങ്കിലും അഭിമുഖം നല്കിയിട്ടുള്ളു.
യാദൃശ്ചികമായാണ് സത്യാര്‍ഥി മാഷിന്റെ അഭിമുഖം ഈ ലേഖകന്‍ കിട്ടുന്നത്. അതിന് ശരിക്കുള്ള കാരണം 'മാതൃഭൂമി'യില്‍ എന്റെ സഹപ്രവര്‍ത്തകനും ജേഷ്ഠതുല്യനുമായ എന്‍.പി.രാജേന്ദ്രനായിരുന്നു.
സത്യാര്‍ഥി മാഷിനെ ഇന്റര്‍വ്യൂ ചെയ്ത് ഫീച്ചര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നത്, കോഴിക്കോട്ട് മാതൃഭൂമിയില്‍ ഞാന്‍ ട്രെയിനിയായി ചേര്‍ന്ന് മൂന്നു മാസം തികയും മുമ്പാണ്. സത്യാര്‍ഥി മാഷ് ആര്‍ക്കും അഭിമുഖം കൊടുക്കാറില്ല, ഏതായാലും ശ്രമിച്ചു നോക്കൂ എന്നൊരു മുന്നറിയിപ്പും കിട്ടി.
മാഷ് എവിടെയാണ് താമസിക്കുന്നത്, അദ്ദേഹത്തെ പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്നൊക്കെയായി വേവലാതി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ എനിക്ക് സ്ഥലവും വ്യക്തികളുമൊക്കെ പരിചയമായി വരുന്നതേയുള്ളു. ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ സ്നേഹപൂര്‍വം എന്‍.പി.ആര്. എന്നു വിളിക്കുന്ന എന്‍.പി.രാജേന്ദ്രന് തുണയ്ക്കെത്തി.
കോഴിക്കോട് നഗരാതിര്‍ത്തിയിലെ മുണ്ടിക്കല്‍താഴത്ത്, സത്യാര്‍ഥി മാഷ് താമസിക്കുന്ന കുന്നിന്റെ ചുവട്ടിലാണ് എന്‍.പി.ആറിന്റെ വീട്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യാപിതാവായ ഗോവിന്ദന് നായരുടെ അടുത്ത ചങ്ങാതി കൂടിയാണ് സത്യാര്‍ഥി മാഷ്. പക്ഷേ, സത്യാര്‍ഥി മാഷിനെ അതുവരെ പരിചയപ്പെടാന്‍ എന്‍.പി.ആറിന് കഴിഞ്ഞിട്ടില്ല. അതിനാല്‍, 'എനിക്കും മാഷിനെ ഒന്നു കാണണം, നമുക്ക് ഒരുമിച്ചു പോകാം'-എന്‍.പി.ആര്.പറഞ്ഞു.
നിശ്ചയിച്ചതു പ്രകാരം ഒരു ദിവസം മുണ്ടിക്കല്‍ താഴത്തെ കുന്നു കയറി ഞങ്ങള്‍ സത്യാര്‍ഥി മാഷിന്റെ വീട്ടിലെത്തി. പറമ്പിലായിരുന്ന മാഷ് അല്‍പ്പ സമയത്തിനകം എത്തി. കൈയുള്ള വെള്ള ബനിയനും കള്ളിമുണ്ടും വേഷം. പറമ്പില്‍ കിളയ്ക്കുകയായിരുന്നുവെന്ന് വസ്ത്രത്തിലെ വിയര്‍പ്പും മണ്ണും സാക്ഷ്യപ്പെടുത്തി. എണ്പത്തിനാലാം വയസ്സിലും മണ്ണിനോട് മല്ലിടുന്ന മനുഷ്യന്!
എന്‍.പി.ആറിനെ കണ്ടതില്‍ അദ്ദേഹം അതീവ സന്തോഷവാനായി. 'ഏറെ നാളായി രാജേന്ദ്രനെ ഒന്നു പരിചയപ്പെടാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു'- മാഷ് പറഞ്ഞു. ഹൃദയം തുറന്ന സംസാരം, ആത്മാര്‍ഥത സ്ഫുരിക്കുന്ന ശബ്ദം. ഇടയ്ക്കെപ്പോഴോ, അദ്ദേഹം എന്നെപ്പറ്റി തിരക്കി. ആ സമയം മുതലാക്കി എന്‍.പി.ആര്.പറഞ്ഞു, മാഷിന് പഴയകാല ചരിത്രമൊക്കെ ധാരാളം അറിയാമല്ലോ, അതൊന്ന് കേട്ട് എഴുതാനാണ് ജോസഫ് വന്നിരിക്കുന്നത്.
പെട്ടെന്ന് സംഭാഷണം നിലച്ചു, അദ്ദേഹം നിശബ്ദനായി. കഴിഞ്ഞു, ഇന്റര്‍വ്യു കിട്ടുമെന്ന് കരുതേണ്ട-ഞാന്‍ മനസില്‍ ഉറപ്പിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മാഷിന്റെ മുഖത്ത് ഒരു നിശ്ചയദാര്‍ഢ്യവും വാത്സല്യവും പ്രതിഫലിച്ചു. 'ഗോവിന്ദന്റെ മകളുടെ ഭര്‍ത്താവ് എന്നുവെച്ചാല്‍ എന്റെ മരുമകനെപ്പോലെ തന്നെയാണ്, എങ്ങനെയാ ഞാന്‍ പറ്റില്ലാന്ന് പറയുക'.
കനല്‍ക്കട്ടകള്‍ക്ക് മുകളിലൂടെ നടക്കുന്നതുപോലുള്ള അനുഭവമായിരുന്നു ആ അഭിമുഖം. അധികനേരം തുടര്‍ച്ചയായി സംസാരം പാടില്ല എന്ന് ഡോക്ടറുടെ വിലക്കുള്ളതിനാല്‍, അഭിമുഖം മൂന്നുദിവസം നീണ്ടു, ആകെ എട്ടര മണിക്കൂര്‍.
പറഞ്ഞതിന്റെ സിംഹഭാഗവും ഉള്‍ക്കൊള്ളിക്കാനാകാതെ വരികയെന്ന ഒരു ഫീച്ചറിന്റെ പരിമിതി ഇവിടെയുമുണ്ട്. എങ്കിലും, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു ജനതയുടെ ധീരതയ്ക്കും സഹനത്തിനും പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള തെളിവായി സത്യാര്‍ഥി മാഷിന്റെ ജീവിതകഥ അവശേഷിക്കുന്നു.
തികഞ്ഞ അര്‍പ്പണബോധത്തോടെ അദ്ദേഹം മൊഴിമാറ്റം നടത്തിയ അസംഖ്യം പുസ്തകങ്ങള്‍ ഇന്നും മലയാളിയുടെ വായനാനുഭവത്തിന്റെ ഭാഗമാണ്. ആ പുസ്തകങ്ങള്‍ കഴിഞ്ഞാല്‍, പിന്നെ സത്യാര്‍ഥി മാഷിന്റെ ഓര്‍യ്ക്കായി അവശേഷിക്കുന്നത്, അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് വിവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡും, മുണ്ടിക്കല്‍താഴം-ചെലവൂര്‍ റോഡിന് കോര്പ്പറേഷന് ഇട്ട പേരും മാത്രം.
1998 ജൂലായ് നാലിന് സത്യാര്‍ഥി മാഷ് ഓര്‍മയായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ ശിരസു നമിച്ചുകൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
'സ്വാധീനത'യുടെ മുഴുവന്‍ സമയ പ്രതിനിധിയായി കഴിയുന്ന കാലം. 1956-ല്‍ ക്രൂഷ്ച്ചേവും ബുള്‍ഗാനിനും കല്‍ക്കത്തയിലെത്തി. നെഹ്റുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അവര്‍ കമ്മ്യൂണിസ്റ്റുകാരെ ആഹ്വാനം ചെയ്തു. ഏറെ നാളുകളിലെ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം, എതിരാളിക്ക് കീഴടങ്ങാന്‍ പറയുന്നതുപോലുള്ള ഒരു കാപട്യം ഇതില്‍ സത്യാര്‍ഥിയെപ്പോലുള്ള അനേകം കമ്മ്യൂണിസ്റ്റുകാര്‍ കണ്ടു. 'വയ്യ എന്ന് തോന്നി. ആദര്ശത പാലിക്കുക, എന്നാല്‍ സജീവ രംഗത്തുനിന്നും വിട്ടു നില്ക്കുക' ഇതായി
Post a Comment