Saturday, March 20, 2010

മറയൂര്‍ : മഴനിഴലിന്റെ താഴ്‌വര

ചില ഭൂപ്രദേശങ്ങളുണ്ട്. ജന്മസിദ്ധമായ ഉള്‍പ്രേരണകള്‍ മൂലം മറ്റു സ്ഥലങ്ങളെ തട്ടിമാറ്റി അവ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കും. സ്മരണകളിലെ നിര്‍വചിക്കാനാവാത്ത അനുപാതങ്ങള്‍ക്കും ആകൃതികള്‍ക്കും നിറങ്ങള്‍ക്കും പ്രതിഫലനങ്ങള്‍ക്കുമുള്ള മറുപടി ഒരാള്‍ക്ക് അവിടെനിന്ന് ലഭിച്ചെന്നിരിക്കും.

മറയൂര്‍ അത്തരം മറുപടികളുടെ താഴ്‌വരയാണ്. മനസ്സ് ശാന്തമാകുന്ന നിമിഷങ്ങളിലൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണയാകുന്ന താഴ്‌വര. ഇടുക്കി ജില്ലയിലെ മൂന്നാറില്‍നിന്ന് തമിഴ്‌നാട്ടിലെ ഉടുമ്മല്‍പേട്ടിന് പോകുന്ന വഴി 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മറയൂര്‍ താഴ്‌വരയായി.

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ഥം. ഗുഹാചിത്രങ്ങളില്‍ നിന്ന് 'വികസനരേഖ'യിലേക്ക് നീളുന്ന സഹസ്രാബ്ദങ്ങളുടെ ഇടവേളകള്‍ തീര്‍ത്ത വിസ്മയമാണ് ഇവിടെ മറഞ്ഞിരിക്കുന്നത്. ചന്ദനക്കാടുകളില്‍ നിന്ന് രുദ്രസംഗീതം പൊഴിക്കുന്ന കരിമ്പന്‍പാടങ്ങളിലേക്ക് ഗതിമാറുന്ന വിസ്മയം.

മഴമേഘങ്ങളുടെ നിഴല്‍ (rain shadow), മുനിയറകള്‍, നീലക്കുറിഞ്ഞി പൂക്കുന്ന കാടുകള്‍, ക്ഷേത്രഗണിതരൂപങ്ങള്‍ പോലെ പര്‍വത ശിഖരങ്ങള്‍, മലഞ്ചെരുവിലൂടെ തട്ടുതട്ടായി താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങുന്ന നെല്‍വയലുകള്‍......വിസ്മയം കൊണ്ടു മാത്രമല്ല, വൈവിധ്യം കൊണ്ടും മറയൂര്‍ സമ്പന്നമാണ്.

താഴ്‌വരയ്ക്ക് നാലുചുറ്റും കൊടുമുടികളാണ്. പര്‍വതപംക്തികളില്‍ ചിലത് ചെന്നു മുട്ടുന്നത് വരയാടുകളെ സംരക്ഷിക്കുന്ന, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിതാനത്തിലുള്ള നാഷണല്‍പാര്‍ക്കായ ഇരവികുളത്ത്....പുല്‍മേടുകളിറങ്ങി പകല്‍നേരത്ത് പോലും കാട്ടുപോത്തുകള്‍ മറയൂരിലെത്തും.

താഴ്‌വരയെ നെടുകെ പകുത്തുകൊണ്ട് പാമ്പാര്‍ ഒഴുകുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികള്‍ കേരളത്തിലുണ്ട്. മൂന്നു നദികള്‍ മാത്രം കൂട്ടംതെറ്റി കിഴക്കോട്ട് ഒഴുകുന്നു. അവയിലൊന്നാണ് പാമ്പാര്‍. വിശുദ്ധിയാര്‍ന്ന ചോലക്കാടുകള്‍ ചുരത്തുന്ന നീരുറവകളാണ് പാമ്പാറിനെ ജീവിപ്പിക്കുന്നത്.

പണ്ട് തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍പെട്ട പെരിയകുളം താലൂക്കിലായിരുന്ന അഞ്ചുനാട് പിന്നീട് പൂഞ്ഞാര്‍ രാജാക്കന്‍മാര്‍ പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കി. മറയൂര്‍, കാന്തല്ലൂര്‍, കീഴാന്നൂര്‍, കാരയൂര്‍, കെട്ടകുടി എന്നീ അഞ്ച് ഗ്രാമങ്ങളായിരുന്നു അഞ്ചുനാട്. അതില്‍ കെട്ടകുടി ഇന്നും അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലാണ്. ബാക്കി ഗ്രാമങ്ങളിന്ന് മറയൂര്‍, കാന്തല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ്.

മറയൂരിന്റെ സമകാലീനചിത്രത്തിന് അമ്പതോ അറുപതോ വര്‍ഷത്തെ കുടിയേറ്റത്തിന്റെ ചരിത്രമേയുള്ളു. നൂറ്റാണ്ടുകള്‍ പിന്നോട്ട് വ്യാപിക്കുന്നത് ഇവിടുത്തെ ആദിമഗോത്രവര്‍ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രമാണ്. അതിനും പിന്നില്‍ ശിലായുഗത്തിന്റെ പ്രാചീനത......ആ പ്രാചീനതയുടെ തെളിവാണ് മറയൂരിലെ ശിലായുഗ സ്മാരകങ്ങള്‍. മുനിയറകളും ഗുഹാചിത്രങ്ങളും ഉള്‍പ്പെട്ട പ്രാചീന സ്മാരകങ്ങള്‍ താഴ്‌വരയിലും മലഞ്ചെരുവുകളിലുമായി ചിതറിക്കിടക്കുന്നു.

മുനിയറകള്‍ ഇവിടെ നിലനിന്ന ശിലായുഗ സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പാണെന്ന ശാസ്ത്രസത്യം ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ മഹാശിലായുഗ (Megalithic Age) ത്തിലെ ആളുകളെ മറവുചെയ്ത കല്ലറകളാണ് മുനിയറകള്‍. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.

കേരളത്തിന് ശിലായുഗ ചരിത്രം അവകാശപ്പെടാനില്ല എന്ന റോബര്‍ട്ട് ബ്രൂസ്ഫുടിന്റെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനം തകര്‍ത്തെറിയാന്‍ കേരളത്തിലെ പുരാവസ്തു ഗവേഷകരെ സഹായിച്ചതില്‍ മറയൂര്‍ സ്മാരകങ്ങള്‍ക്ക് ഒരു മുഖ്യപങ്കുണ്ട്.

1974-ലാണ് മറയൂരിലെ ശിലായുഗ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം ഇന്നത്തെ സംസ്ഥാന സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായ ഡോ.എസ്.പത്മനാഭന്‍ തമ്പി ആരംഭിക്കുന്നത്. മുനിയറകളെയും ഗുഹാചിത്രങ്ങളെയും സംബന്ധിച്ചുള്ള പഠനങ്ങള്‍ കേരളചരിത്രത്തെ 1500 വര്‍ഷം പുറകോട്ട് നയിച്ചു. ഡോ.പത്മനാഭന്‍ തമ്പിയുടെ നിഗമനത്തില്‍ മുനിയറകള്‍ എ.ഡി.200 -നും ബി.സി.1000 -നും ഇടയില്‍ താഴ്‌വരയില്‍ നലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ തെളിവുകളാണ്.

1976-ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍തലത്തിലുള്ള സംരക്ഷണത്തിന്റെ യഥാര്‍ഥ സ്വഭാവം മറയൂര്‍ നിവാസികള്‍ അറിയുന്നത് 1990-കളുടെ തുടക്കത്തിലാണ്; മുനിയറകള്‍ ഇന്നവശേഷിക്കുന്ന ഒരു പ്രധാനകേന്ദ്രമായ പാമ്പാറിന്‍ തീരത്തെ ആനപ്പാറ വന്‍തോതില്‍ ഖനനം ചെയ്ത് നീക്കാന്‍ ബാംഗ്ലൂരിലെ ഒരു മൈനിങ് കമ്പനിക്ക് റവന്യൂവകുപ്പ് അനുമതി കൊടുത്തപ്പോള്‍!

ഗ്രാമവാസികളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ബ്ലാസ്റ്റിങ് നടത്തി പാറ പൊട്ടിക്കാനാരംഭിച്ചപ്പോള്‍ അത് പത്രവാര്‍ത്തകളായി. അങ്ങനെയാണ് കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കാനായി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്‍ഷത്തേക്ക് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും, അപ്പീര്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് പി. ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുനിയറകളെക്കാള്‍ പ്രാചീനമാണ് ഇവിടുത്തെ ഗുഹാചിത്രങ്ങള്‍. മറയൂരില്‍ നിന്ന് ചന്ദനക്കാടുകള്‍ താണ്ടി നെല്ലിപ്പെട്ടിക്കുടി എന്ന മുതുവാ കോളനിയിലേക്ക് പോകുന്ന വഴി കാട്ടിനുള്ളില്‍ മലഞ്ചെരുവിലെ പാറക്കൂട്ടങ്ങളിലൊരെണ്ണം സര്‍പ്പത്തിന്റെ വിടര്‍ത്തിയ പത്തി പോലെ കാണപ്പെടുന്നു. അതിനടിയില്‍ നിറംമങ്ങാത്ത, മഴയേല്‍ക്കാത്ത ഭാഗം ഒരു ഗുഹ പോലെയാണ്. അവിടെ പ്രാചീനമായ ഏതോ ചായക്കൂട്ടുകള്‍ ഉപയോഗിച്ച് വേട്ടക്കാരന്റെയും വന്യമൃഗങ്ങളുടെയും രൂപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഇന്ന്, ഈ ഗുഹ കാണാനെത്തുന്നവര്‍ മുടങ്ങാതെ അനുഷ്ഠിക്കുന്ന ഒരു മഹത്കര്‍മമുണ്ട്; തങ്ങളും ശിലായുഗ മനുഷ്യരെക്കാള്‍ ഒട്ടും മോശപ്പെട്ട കലാകാരന്‍മാരല്ല എന്ന് തെളിയിക്കാനായിരിക്കാം, ഗുഹാചിത്രങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് തന്നെ ചോക്കും ചാരവും പെയിന്റുമൊക്കെ ഉപയോഗിച്ച് നമ്മുടെ പൊതുമൂത്രപുരകളില്‍ കാണാറുള്ള കരവിരുത് ഒരുക്കിവെച്ച് ഈ സ്മാരകത്തെ വികൃതമാക്കിയിരിക്കുന്നു.

'കോടതിവിധി കൊണ്ടൊന്നും കാര്യമില്ല, ഇവിടുത്തെ ശിലായുഗ സ്മാരകങ്ങള്‍ നശിക്കുകയാണ്'-കാന്തല്ലൂരിലെ പൊതുപ്രവര്‍ത്തകനും കര്‍ഷകനുമായ കൃഷ്ണപിള്ള വേദനയോടെ പ്രതികരിക്കുന്നു.

- - - - - - -

മറയൂരില്‍ താഴ്‌വര അടിത്തട്ടു പോലെയാണ്. നാലുചുറ്റും പര്‍വതശിഖരങ്ങളുടെ സൗമ്യസാമീപ്യം. മലഞ്ചെരുവുകളിലൂടെ കൊടുമുടികളിലേക്ക് കയറിയാല്‍ മറയൂരിന്റെ ഗോത്രമുഖം കാണാം; മുതുവാന്‍മാരും ഹില്‍പുലയരുമടക്കമുള്ള പ്രാചീനഗോത്രങ്ങളുടെ ഇന്നത്തെ ചിത്രം.

മുതുവാ കോളനികളില്‍ ആദ്യം ശ്രദ്ധയില്‍ പെടുക കാലിക്കൂട്ടങ്ങളാണ്. മലഞ്ചെരുവിലെ ചതുരത്തട്ടുകളില്‍ കൃഷിയിന്നും ബാല്യദശയില്‍. തൈലപ്പുല്ലും കേപ്പയും ചോളവും......ശരിക്കും പുനംകൃഷി. മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ക്ക് പരുക്കന്‍ സ്വഭാവമാണുള്ളത്.

മറയൂരില്‍ ആദ്യമെത്താവുന്ന മുതുവാക്കോളനികളില്‍ ഒന്നാണ് നെല്ലിപ്പെട്ടിക്കുടി. താഴ്‌വരയില്‍ നിന്ന് ചെങ്കുത്തായ കയറ്റം നാലു കിലോമീറ്റര്‍ പിന്നിടണം. പത്തിരുപത് മണ്‍പുരകള്‍. അവയെല്ലാം കാറ്റിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മൂന്നുവശവും ചറ്റവെച്ച് മറച്ചിരിക്കുന്നു.

വര്‍ഷകാലം മലഞ്ചെരുവുകളില്‍ പേടിസ്വപ്‌നത്തിന്റെ വിത്തുവിതയ്ക്കുന്നു. സദാസമയവും ചീറിയടിക്കുന്ന ശീതക്കാറ്റ് നിലവിളി പോലെ ഉയരും. 'നരകമാണ് അപ്പോള്‍; പുറത്തിറങ്ങാന്‍ പോലും പറ്റില്ല'-കുടിയിലെ കണ്ണന്‍ തിരുപ്പാല്‍ പറയുന്നു. മറയൂര്‍ ഗ്രാമപഞ്ചയാത്തില്‍ മുതുവാന്‍മാര്‍ മാത്രമുള്ള വാര്‍ഡാണ് നാലാംവാര്‍ഡ്. അവിടുത്തെ വാര്‍ഡ് മെമ്പറാണ് കണ്ണന്‍ തിരുപ്പാല്‍. 'എട്ടു കിലോമീറ്റര്‍ നടന്നാലേ മറയൂര്‍ ഹൈസ്‌കൂളിലെത്താനാവൂ'. കണ്ണന്റെ മകന്‍ സ്‌കൂളിലെത്താനായി അതിരാവിലെ മലയിറങ്ങിക്കഴിഞ്ഞു. മഴക്കാലത്ത് സ്‌കൂളില്‍ പോക്കും നിലയ്ക്കും.

അപ്പുറത്തെ മലഞ്ചെരുവുകളില്‍ വേറെയും മുതുവാക്കുടികള്‍. കവക്കുടി, വയല്‍ക്കുടി, കുറ്റിക്കല്‍ക്കുടി അങ്ങനെ നീണ്ടുപോകുന്നു. മറയൂരിലും കാന്തല്ലൂരിലുമായി ഇത്തരം 30 ആദിവാസി കോളനികളുണ്ട്. മറയൂര്‍ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ (1991-ലെ സെന്‍സസ് പ്രകാരം) 9970 ആണ്. അതില്‍ 3204 പേര്‍ ആദിവാസികളായുണ്ട്.

'പശുക്കളെ കറന്ന് ഞങ്ങള്‍ വില്‍ക്കാറില്ല'-കുടിയിലെ നാരായണന്‍ പറയുന്നു. കാളകളുണ്ടെങ്കില്‍ ഉടമസ്ഥന് അതൊരു വരുമാന മാര്‍ഗമാണ്. 'ഒരു ജോഡി കാളകളെ താഴ്‌വരയിലെ പാടങ്ങള്‍ ഉഴാന്‍ രണ്ടുമാസം വിട്ടു കൊടുത്താല്‍ 1500 രൂപ വാടക കിട്ടും'- രണ്ടു ജോഡി കാളകള്‍ സ്വന്തമായുള്ള നാരായണന്‍ പറയുന്നു.

- - - - - - - -

മറയൂരിലെ കുടിയേറ്റത്തിന് രണ്ടു മുഖങ്ങളുണ്ട്. 1958-ലെ സമരത്തില്‍ പങ്കെടുത്തതിന് കണ്ണന്‍ദേവന്‍ കമ്പനി പിരിച്ചു വിട്ട തേയില തൊഴിലാളികളാണ് മറയൂരിലെ തമിഴ് കുടിയേറ്റക്കാരില്‍ ഏറെയും. ഏതാണ്ട് അതേ കാലയളവില്‍ മധ്യകേരളത്തില്‍ നിന്ന് വന്നവരാണ് കുടിയേറ്റക്കാരില്‍ ബാക്കിയുള്ളവര്‍. നെല്ലായിരുന്നു താഴ്‌വരയിലെ പ്രധാന കൃഷി. നെല്ലു വിതച്ച് ഇരുപത്തഞ്ചാം ദിവസം ഉഴവ് നടത്തുക ('പയര്‍ ഉഴവ്' എന്നാണിതിന് പറയുക) എന്ന വിചിത്രമായ കൃഷിരീതി മറയൂരില്‍ അടുത്തകാലം വരെ നിലനിന്നു. കാന്തല്ലൂരിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും 'പയര്‍ ഉഴവ്' നടത്താറുണ്ട്.
എന്നാല്‍, ഇന്ന് കേരളത്തിന്റെ പൊതുസ്വഭാവത്തോട് അടുത്തു നില്‍ക്കുന്ന ഒരു മറയൂര്‍ വിശേഷം, നെല്‍കൃഷി ഇവിടെയും നഷ്ടക്കച്ചവടമായതിനാല്‍ വളരെ വേഗം ഉപേക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. ഇപ്പോള്‍ താഴ്‌വരയുടെ ഭൂരിഭാഗം പാടങ്ങളിലും കരിമ്പാണ് വിളയുന്നത്. നെല്‍കൃഷി കുറെയെങ്കിലും അവശേഷിക്കുന്ന കാന്തല്ലൂര്‍ മറ്റൊരു കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നു, പച്ചക്കറി കൃഷിയുടെ കാര്യത്തില്‍. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാന്തല്ലൂര്‍, 400 ഏക്കര്‍ പ്രദേശത്ത് പച്ചക്കറി കൃഷി ചെയ്യുന്നു. ഇതുകൂടാതെ, വെളുത്തുള്ളിയും ഉരുളക്കിഴങ്ങും കാബേജും ക്വാളിഫഌവറും ആപ്പിളും ഓറഞ്ചുമെല്ലാം കാന്തല്ലൂരില്‍ വിളയുന്നു.

'മുപ്പത് വര്‍ഷമേ ആയിട്ടുള്ളു ഇവിടെ കരിമ്പുകൃഷി വ്യാപകമായിട്ട്'-മറയൂരിലെ പത്രമേജന്റും കര്‍ഷകനുമായ രാജന്‍ അറിയിക്കുന്നു. ഇന്ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ 1900 ഏക്കര്‍ കൃഷിയിടത്തിലും കാന്തല്ലൂരിലെ 195 ഏക്കറിലും വിളയുന്നത് കരിമ്പാണ്.

കാറ്റു വീശുമ്പോള്‍ കരിമ്പിന്‍ തലപ്പിലൂടെ താഴ്‌വര ഓളംവെട്ടും. കരിമ്പിന്‍ പാടങ്ങളുടെ ചതുരങ്ങള്‍ക്കിടയില്‍ ചിലയിടത്തു നിന്ന് പുകച്ചുരുളുകള്‍ ഉയരുന്നു. ശര്‍ക്കരയുണ്ടാക്കുന്ന ചക്കുപുരകളാണ് അവ.

പളനിയമ്മയുടെ അഞ്ചംഗ കുടുംബത്തിന്റെ തൊഴില്‍ കരിമ്പില്‍ നിന്ന് നീരെടുത്ത് ശര്‍ക്കരയുണ്ടാക്കലാണ്. തമിഴ്‌നാട്ടിലെ അമരാവതിക്കടുത്ത് കല്ലാപുരത്തു നിന്നാണ് പളനിയമ്മയുടെ കുടുംബം തൊഴില്‍ തേടി മറയൂരിലെത്തിയത്.

ശര്‍ക്കരയുടെ മാധുര്യം, ശര്‍ക്കര കടഞ്ഞെടുക്കുന്ന ജോലിക്കില്ല. അതിന് വേണ്ടത് കഠിനാധ്വാനമാണ്. കരിമ്പില്‍ നിന്ന് നീരെടുക്കാനുള്ള ഒരു ഇലക്ട്രിക് ചക്ക്, മോട്ടോര്‍, കരിമ്പിന്‍നീര് ചൂടാക്കി കുറക്കാനുള്ള തോണി (അടിഭാഗം വിസ്താരമുള്ള വലിയ പാത്രം), കുറുകിയ ശര്‍ക്കര പകരാന്‍ അത്ര തന്നെ വലിപ്പമുള്ള മറ്റൊരു പാത്രം. എല്ലാംകൂടി 50,000 രൂപ മുടക്കു മുതല്‍ ആവശ്യമുള്ള സാമിഗ്രികള്‍, അതാണ് പളനിയമ്മയുടെ കുടുംബത്തിന്റെ ആസ്തി. 'ഒരു കെട്ട് ശര്‍ക്കരയുണ്ടാക്കിയാല്‍ 70 രൂപ കൂലി കിട്ടും'-പളനിയമ്മ പറയുന്നു. (ഒരു കെട്ട് എന്നാല്‍ 62 കിലോ എന്നാണ് മറയൂരിലെ കണക്ക്). ഒരു കൃഷിയിടത്തിലെ കരിമ്പ് തീര്‍ന്നാല്‍ പളനിയമ്മയും കുടുംബവും വിളഞ്ഞ കരിമ്പുള്ള മറ്റൊരു പാടത്തിലാക്കും താവളം. താഴ്‌വരയില്‍ മറ്റൊരിടത്തു നിന്ന് പുകച്ചുരുള്‍ ഉയരാനാരംഭിക്കും.

കുറച്ചുകാലം മുമ്പു വരെ ശര്‍ക്കരയുണ്ടാക്കാനുള്ള ചക്ക് ആട്ടാന്‍ ഇലക്ട്രിക് മോട്ടോറിന് പകരം കാളകളെയാണ് ഉപയോഗിച്ചിരുന്നത്.

നെല്‍കൃഷിയുമായി താരതമ്യം ചെയ്താല്‍ കരിമ്പുകൃഷി തീര്‍ച്ചയായും ലാഭം തന്നെയാണ്. 'ഒരേക്കര്‍ കരിമ്പില്‍ നിന്ന് ശരിക്കും വിളവ് കിട്ടിയാല്‍ ഇപ്പോഴത്തെ വിലയനുസരിച്ച് (കെട്ടൊന്നിന് 650 രൂപ) മുപ്പത്തേഴായിരം രൂപയുടെ ശര്‍ക്കരയുണ്ടാകും'-കണക്കു കൂട്ടി നോക്കി രാജന്‍ പറയുന്നു. അതില്‍ പണിക്കൂലിയും വളവും ശര്‍ക്കരയുണ്ടാക്കാന്‍ ചക്കുകാര്‍ക്ക് കൊടുക്കേണ്ട കൂലിയും കിഴിച്ചാല്‍ 8000 രൂപ ബാക്കി കാണും.

കാന്തല്ലൂരില്‍ അമ്പതുകള്‍ക്ക് ശേഷം 60 ശതമാനം നെല്‍കൃഷി കുറഞ്ഞു. പക്ഷേ, ഇന്നും കുറെ പാടങ്ങളില്‍ നെല്ലു വിളിയുന്നുണ്ട്. അതിന് കാരണം താഴ്‌വരയില്‍ അനുഭവപ്പെടുന്ന വിചിത്രമായ കാലാവസ്ഥയും കാന്തല്ലൂരിന്റെ മിക്കഭാഗങ്ങളും ഉയര്‍ന്ന വിതാനങ്ങളിലാണ് എന്നതുമാണ്. 'മറയൂരില്‍ 12 മാസംകൊണ്ട് കരിമ്പ് വിളയുമെങ്കില്‍ വെറും 15 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കാന്തല്ലൂരില്‍ അതിന് 20-22 മാസം വേണം'-കൃഷ്ണപിള്ള സ്വന്തം അനുഭവത്തില്‍ നിന്ന് അറിയിക്കുന്നു. കരിമ്പ് മാത്രമല്ല നെല്ലും കാന്തല്ലൂരില്‍ സാവധാനത്തിലേ വളരൂ. അതിന് പത്ത് മാസം വേണം.കാന്തല്ലൂര്‍ പഞ്ചായത്തിനപ്പുറം വട്ടവട എത്തിയാല്‍ വിളകളുടെ വളര്‍ച്ചാനിരക്ക് ഇനിയും മന്ദഗതിയിലാകും.

മറയൂര്‍ താഴ്‌വര ഒരു മഴനിഴല്‍ മേഖലയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍-ജൂലായ് മാസങ്ങളില്‍ താഴ്‌വരെ മഴമേഘങ്ങളുടെ നിഴലില്‍ അമര്‍ന്ന് കിടക്കും. പര്‍വതങ്ങള്‍ തുറന്നുവിട്ട ഒരു ദുര്‍ഭൂദത്തെപ്പോലെ കാറ്റ് മാത്രം തുടര്‍ച്ചയായി ആഞ്ഞ് വിശിക്കൊണ്ടിരിക്കും. വൃക്ഷങ്ങള്‍ കടപുഴകി വീഴും. വീടുകളുടെ മേല്‍ക്കൂരകള്‍ നിലംപതിക്കും...ആടിമാസക്കാറ്റെന്ന് മറയൂര്‍ നിവാസികള്‍ ഇതിനെപ്പറ്റി ഓര്‍മിക്കുന്നു. താഴ്‌വര കോടമഞ്ഞ് നിറഞ്ഞ് മൂടിക്കെട്ടിയിരിക്കും. സൂര്യപ്രകാശം എത്തിനോക്കുക പോലുമില്ല. 'അതുകൊണ്ടാകാം ഇവിടെ വൃക്ഷങ്ങള്‍ക്കും ജീവികള്‍ക്കുമെല്ലാമുള്ള വളര്‍ച്ചയുടെ കാലഘട്ടം ജനവരി-മാര്‍ച്ച് കാലയളവാണ്'-മറയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോസഫ് മാത്യു അഭിപ്രായപ്പെടുന്നു.
മറയൂരിനെ ചന്ദനക്കാടുകളുടെ താഴ്‌വരയാക്കിയതും കാലവസ്ഥയിലെ ഈ സവിശേഷതയാകാം. മറ്റേതെങ്കിലും വൃക്ഷത്തിന്റെ വേരില്‍ വളരുന്ന പരാദമാണ് (paracite) ചന്ദനം. കേരളത്തില്‍ സ്വാഭാവിക ചന്ദനക്കാടുകളുള്ള ഒരേയൊരു പ്രദേശം മറയൂരാണ്. ഇപ്പോള്‍ മറയൂരിലെ ചന്ദനക്കാടുകളുടെ വിസ്തൃതി 15 ചതുരശ്ര കിലോമീറ്റര്‍.

ഗുരുവായൂരിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന മിക്കവര്‍ക്കുമറിയില്ല, തങ്ങള്‍ നെറ്റിയിലണിയുന്ന ചന്ദനം ഇടുക്കി കാടുകളുടെ വരദാനമാണെന്ന്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറയൂരില്‍ നിന്ന് വര്‍ഷംതോറും 55 ടണ്‍ ചന്ദനമാണ് വാങ്ങുന്നത്.

- - - - -

കേരളത്തില്‍ ഏറ്റവുമധികം ചന്ദനക്കാടുള്ള പ്രദേശം മാത്രമല്ല മറയൂര്‍ വനമേഖല. ഏറ്റവുമധികം കഞ്ചാവ് വിളയുന്ന സ്ഥലം കൂടിയാണ്. ഈ ഫോറസ്റ്റ് റേഞ്ചില്‍ (മറയൂരും കാന്തല്ലൂരും വട്ടവടയും ചേര്‍ന്ന പ്രദേശം) കുറെയേറെ റവന്യൂ ഭൂമിയുണ്ട്. കഞ്ചാവ് വിളയുന്നത് തമിഴ്‌നാട് അതിര്‍ത്തിയിലെ ഈ റവന്യൂ ഭൂമിയിലാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. മറയൂരിനോട് ചെര്‍ന്ന തമിഴ്‌നാട്ടില്‍പെട്ട കമ്പക്കല്ല്, കടവരി പ്രദേശമാണ് ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് വിളയുന്ന മേഖല. ആ പ്രദേശവും മറയൂരിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അനൗദ്യോഗിക കണക്ക് ഇതാണ്: ഈ വര്‍ഷവും ഇവിടെ ഏതാണ്ട് 50 ഹെക്ടര്‍ സ്ഥലത്ത് കഞ്ച് കൃഷി നടന്നു.

ചോലക്കാടുകളുടെ ഹരിതാഭയും ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പുല്‍മേടുകളുടെ അനുഗ്രഹവും ഏറ്റുവാങ്ങിയാണ് മറയൂര്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇന്ന്, 'നിര്‍ഭാഗ്യവശാല്‍ അതിസുന്ദരമായതും ഈ കാടുകളുടെ ഭാഗ്യവുമായ പുല്‍മേടുകളും കുറ്റക്കാടുകളും സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍ പരിസ്ഥിതിക്കനുയോജ്യമല്ലാത്ത ഗ്രാന്റീസ്, അക്കേഷ്യാ മരങ്ങള്‍ വച്ചുപിടിപ്പിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നതു മൂലം പുല്‍മേടുകളും നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള സാമൂഹ്യ വനവത്ക്കരണം മൂലം നീരുറവകള്‍ വറ്റുകയും അതുവഴി ജലലഭ്യത കുറയുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒരു സാമൂഹ്യ വിപത്താണ്'-ജനകീയാസൂത്രത്തിന്റെ ഭാഗമായി കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ 'വികസനറിപ്പോര്‍ട്ടില്‍' പറയുന്നു. മറയൂര്‍ റേഞ്ചില്‍ മാത്രം 4500 ഹെക്ടര്‍ പുല്‍മേടുകളും ചോലക്കാടുകളും ഇങ്ങനെ സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹ്യവിരുദ്ധവനവത്ക്കരണമാണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്ന് ചുരുക്കം. പ്ലാന്റേഷന്‍ മുറിക്കാനായി മറയൂരിലെ ചന്ദനക്കാട് വെട്ടിമാറ്റി പോപ്‌സണ്‍ കമ്പനി അടുത്തയിടെ വനത്തിലൂടെ നിര്‍മിച്ച റോഡ് ഇതിനകം വിവാദമായിക്കഴിഞ്ഞു; ഇക്കാര്യം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ചോലക്കാടുകളുടെ മേല്‍ ആക്രമണം വീണ്ടും തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാന്തല്ലൂര്‍ പഞ്ചായത്തിലെ മന്തച്ചോല, വട്ടച്ചോല, വന്നവന്‍ചോല എന്നീ മേഖലകള്‍ സമ്പന്നമായ ചോലക്കാടുകളാണ്. 1994-ല്‍ നീലക്കുറിഞ്ഞി ഏറ്റവും നിരന്ന് പൂത്ത ഒരു പ്രദേശം, 200 ഹെക്ടര്‍ ഉള്ള ഈ വനമേഖലയായിരുന്നു. റവന്യൂഭൂമിയെന്ന് കണക്കാക്കിയിട്ടുള്ള ഈ കാടിന്റെ അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. 'ഇവിടെ മൂവാറ്റുപുഴക്കാരനായ ഒരാള്‍ ഏതാണ്ട് 80 ഏക്കര്‍ കൈയേറി കാട് വെട്ടിമാറ്റി ഗ്രാന്റീസ് മരങ്ങള്‍ നട്ടു കഴിഞ്ഞു'-കൃഷ്ണപിള്ള പറയുമ്പോള്‍ വാക്കുകളില്‍ ഉത്ക്കണ്ഠ.

കാന്തല്ലൂരിനെ ജീവിപ്പിക്കുന്ന നീരൊഴുക്കുകളായ ചെങ്കലാറിന്റെയും അറംകടവാറിന്റെയും പിറവി ഈ ചോലക്കാടുകളില്‍ നിന്നാണ്. ഇവ പാമ്പാറില്‍ ചേരുന്നു. എന്നാല്‍, എത്ര സമ്പന്നമായ വനമെന്ന് പറഞ്ഞിട്ടും കാര്യമില്ല, റവന്യൂഭൂമിയായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് വനംവകുപ്പ് അധികൃതര്‍ കൈമലര്‍ത്തുന്നു.

അമിതമായ രാസവളപ്രയോഗം താഴ്‌വരയുടെ മണ്ണിനെ തളര്‍ത്തുന്നുവെന്ന് മറയൂരിന്റെയും കാന്തല്ലൂരിന്റെയും 'വികസനരേഖ'കള്‍ വിലപിക്കുന്നു. ഒരു വശത്ത് നിത്യഹരിതവനങ്ങളെ വെട്ടിമാറ്റി വെള്ളം വലിച്ചൂറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ പെരുകുന്നു. മഴനിഴല്‍ മേഖലയായതിനാല്‍ കുറയുന്ന മഴ......മറയൂര്‍ എന്തിന്റെയെങ്കിലും തുടര്‍ച്ചയാകുമോ?

-മാതൃഭൂമി വാരാന്തപ്പതിപ്പ്, മാര്‍ച്ച് 23, 1997

പിന്‍കുറിപ്പ്: ലേഖനം 1997-ലേതാണെങ്കിലും ചിത്രങ്ങള്‍ 2006-ല്‍ നീലക്കുറിഞ്ഞി പൂത്ത കാലത്ത് കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പകര്‍ത്തിവയാണ്. ഇപ്പോള്‍ മറയൂര്‍ താഴ്‌വരയില്‍ കരിമ്പിന്‍ പാടങ്ങള്‍ വിരളമായ കാഴ്ച്ചയാണ്. നികത്തിയ വയലുകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തെങ്ങിന്‍തോപ്പുകളും മത്സരിച്ച് ഉയരുന്നു.

2 comments:

Joseph Antony said...

ചില ഭൂപ്രദേശങ്ങളുണ്ട്. ജന്മസിദ്ധമായ ഉള്‍പ്രേരണകള്‍ മൂലം മറ്റു സ്ഥലങ്ങളെ തട്ടിമാറ്റി അവ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കും. സ്മരണകളിലെ നിര്‍വചിക്കാനാവാത്ത അനുപാതങ്ങള്‍ക്കും ആകൃതികള്‍ക്കും നിറങ്ങള്‍ക്കും പ്രതിഫലനങ്ങള്‍ക്കുമുള്ള മറുപടി ഒരാള്‍ക്ക് അവിടെനിന്ന് ലഭിച്ചെന്നിരിക്കും. മറയൂര്‍ അത്തരം മറുപടികളുടെ താഴ്‌വരയാണ്. മനസ്സ് ശാന്തമാകുന്ന നിമിഷങ്ങളിലൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണയാകുന്ന താഴ്‌വര.

s.sarojam said...

മറയൂരിൽ കഴിഞ്ഞ മാസം പോയിരുന്നു. ഏതാണ്ടിതേ കാഴ്ചകൾ...പോസ്റ്റ് ഇഷ്ടപ്പെട്ടു