Friday, November 28, 2008

ജൂതരുടെ `ഹിറ്റ്‌ലര്‍' (ഒരു സ്‌കൂപ്പിന്റെ കഥ)

അമേരിക്കന്‍ നാസിഭീകരസംഘടനയാണ്‌ `കൂ ക്ലക്‌സ്‌ ക്ലാന്‍'(കെ.കെ.കെ). കറുത്തവര്‍ഗ്ഗക്കാരെയും ജൂതരെയും ഉന്മൂലനം ചെയ്യുകയെന്നത്‌ പ്രഖ്യാപിത ലക്ഷ്യമായി കണ്ട ആ സംഘടനയുടെ നേതാവ്‌ തന്നെ ജൂതനാണെന്നു വന്നാലോ? ഒരു സൂചനയുടെ അടിസ്ഥാനത്തില്‍ അത്തരമൊരു വിവരം തേടിയിറങ്ങിയ റിപ്പോര്‍ട്ടറുടെ അനുഭവം, ഒരുപക്ഷേ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായിരിക്കും.

``നിങ്ങളുടെ ഒരു നല്ല ഫോട്ടോയും മുന്‍കൂര്‍ ചരമക്കുറിപ്പും നല്‍കാതെ ഇന്ന്‌ രാത്രി വീട്ടില്‍ പോകരുത്‌, ഞങ്ങള്‍ക്കത്‌ ആവശ്യം വന്നേക്കും'', കുസൃതി നിറഞ്ഞ സ്വരത്തില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ പറയുമ്പോള്‍ `ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ മുതിര്‍ന്ന ലേഖകന്‍ മക്‌കാന്‍ഡലിഷ്‌ ഫിലിപ്പ്‌സ്‌ അത്‌ തമാശയായേ എടുത്തുള്ളൂ. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വാര്‍ത്ത അദ്ദേഹം ഡെസ്‌കില്‍ ഏല്‍പ്പിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ സഹപ്രവര്‍ത്തകന്റെ ഈ ഉപദേശം.

അല്‍പ്പ സമയം കഴിഞ്ഞ്‌ ന്യൂയോര്‍ക്കിന്റെ തണുത്ത തെരുവിലേക്കിറങ്ങുമ്പോള്‍ പക്ഷേ, ഫിലിപ്പ്‌സിന്‌ അല്‍പ്പം മുമ്പ്‌ തോന്നിയ ധൈര്യം അനുഭവപ്പെട്ടില്ല. അനിര്‍വചനീയമായ ഒരു ഭയം നട്ടെല്ലിലൂടെ അരിച്ചു കയറും പോലെ. തന്നോടൊപ്പം രണ്ട്‌ സുരക്ഷ ഉദ്യോഗസ്ഥരെ `ടൈംസ്‌' വിട്ടിട്ടുണ്ടെങ്കിലും അതിന്‌ ഉറപ്പു പോരാത്തതു പോലെ. വീട്ടിലെത്തുമ്പോള്‍ അവിടെയും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം. പത്രത്തിന്റെ ചെലവില്‍ നഗരം വിട്ട്‌ മറ്റെവിടെയെങ്കിലും ഏതാനും ദിവസം കഴിയാന്‍ മേലധികാരികള്‍ ആവശ്യപ്പെട്ടെങ്കിലും, അതിന്‌ കൂട്ടാക്കാതിരുന്ന ഫിലിപ്പ്‌സിന്റെ ശാഠ്യത്തിനുള്ള മറുപടിയായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം.

ഫിലിപ്പ്‌സിന്റെ വേവലാതികളുടെ തുടക്കം, മറ്റു പല വാര്‍ത്തകളുടെയും കാര്യത്തിലെന്ന പോലെ, അപ്രതീക്ഷിതമായ ഒരു സംഭവത്തില്‍ നിന്നായിരുന്നു. കുപ്രസിദ്ധ അമേരിക്കന്‍ നാസി ഭീകരസംഘടനയായ `കു ക്ലക്‌സ്‌ ക്ലാനി'(കെ.കെ.കെ)ന്റെ ന്യൂയോര്‍ക്ക്‌ മേധാവിയായി, ന്യൂയോര്‍ക്കില്‍ ക്വീന്‍സില്‍ നിന്നുള്ള 28-കാരനായ ദാനിയേല്‍ ബുരോസ്‌ തിരഞ്ഞെടുക്കപ്പെട്ടെന്ന്‌ യു.എസ്‌.കോണ്‍ഗ്രസ്‌ സമിതി കണ്ടെത്തി. 1965 ഒക്‌ടോബര്‍ 19-നായിരുന്നു അത്‌. ദാനിയേല്‍ ബുരോസ്‌ ജൂതവംശജനാണെന്ന അമ്പരിപ്പിക്കുന്ന സൂചന `ടൈംസി'ന്റെ മെട്രോ എഡിറ്ററായിരുന്ന എ.എം. റോസെന്താളിന്‌ കിട്ടിയതോടെയാണ്‌, ഫിലിപ്പ്‌സ്‌ ഈ സംഭവത്തില്‍ ഉള്‍പ്പെടുന്നത്‌. ജൂതരെയും കറുത്തവര്‍ഗ്ഗക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള ഭീകരസംഘടനയുടെ മേധാവി ജൂതനാണെന്നു തെളിഞ്ഞാല്‍ അതൊരു വന്‍വാര്‍ത്ത തന്നയാകും. `ടൈംസി'ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൗതുകമാര്‍ന്ന സ്‌കൂപ്പുകളിലൊന്നാകുമത്‌.

ഇക്കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ റോസെന്താള്‍ ചുമതലപ്പെടുത്തുമ്പോള്‍, അത്‌ ശ്രമകരമായ ഒന്നായി ഫിലിപ്പ്‌സിന്‌ തോന്നിയില്ല. ദാനിയേല്‍ ബുരോസിന്റെ വിവരങ്ങള്‍ ലഭിക്കാനിടയുള്ള ഒന്‍പത്‌ കേന്ദ്രങ്ങളുടെ പട്ടിക പെട്ടന്ന്‌ തയ്യാറാക്കി. ഒരു സംഘം ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരെ ഒരേ സമയം എല്ലായിടത്തേയ്‌ക്കും `വേട്ട'യ്‌ക്കയച്ചു. മറ്റാരെങ്കിലും അറിയും മുമ്പ്‌ വാര്‍ത്ത `ടൈംസി'ല്‍ വരണം. ഭാഗ്യമുണ്ടെങ്കില്‍ രാത്രിയിലെ എഡിഷനില്‍ തന്നെ കൊടുക്കാനാകും. പക്ഷേ, കാത്തിരിക്കുന്തോറും കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന്‌ ഫിലിപ്പ്‌സിന്‌ ബോധ്യമായി. അന്വേഷണത്തിന്‌ പോയ ഒരാളില്‍ നിന്നും ഒരു വിവരവുമില്ല.

ഒരു ജൂതസംഘടനയുമായി ബന്ധപ്പെട്ടപ്പോള്‍, ക്വീന്‍സില്‍ ബുരോസ്‌ താമസിക്കുന്ന സ്ഥലത്തിന്റേതാകാന്‍ സാധ്യതയുള്ള രണ്ട്‌ വിലാസങ്ങള്‍ കിട്ടി. ബുരോസിന്‌ ഫോണ്‍ നമ്പറില്ല. അതിനാല്‍ വിലാസത്തില്‍ നേരിട്ട്‌ അന്വേഷിക്കാന്‍ തീരുമാനിച്ചു. അക്രമത്തിന്റെയും മാരകായുധങ്ങള്‍ കൈവശം വെച്ചതിന്റെയും പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടേയുള്ളൂ ബുരോസ്‌ എന്ന വിവരം അറിയാമായിരുന്നു. അന്വേഷിച്ച സ്ഥലത്ത്‌ അങ്ങനെയൊരാള്‍ താമസിക്കുന്നുണ്ടെന്ന്‌ ചില സൂചനകള്‍ ലഭിച്ചതല്ലാതെ, ആളെ കണ്ടു കിട്ടിയില്ല. ബുരോസ്‌ താമസിക്കുന്നതായി അയല്‍ക്കാര്‍ കാട്ടിക്കൊടുത്ത പഴയ കെട്ടിടത്തിലെ അപ്പാര്‍ട്ടുമന്റിന്റെ വാതിലിനടിയില്‍ തന്നെ വിളിക്കണമെന്നു കാണിച്ച്‌ കുറിപ്പെഴുതി വെച്ച്‌ ഫിലിപ്പ്‌സ്‌ പോന്നു.

ആദ്യദിനം അങ്ങനെ കഴിഞ്ഞു. അന്വേഷണത്തിന്‌ പോയവര്‍ നിര്‍ണ്ണായകമായ ഒട്ടേറെ വിവരങ്ങള്‍ കണ്ടെത്തി. പക്ഷേ, അതിന്‌ ദിവസങ്ങളെടുത്തു. അന്വേഷണം മുറുകിയതിനൊപ്പം വാര്‍ത്ത ചോരാനുള്ള സാധ്യതയും ഏറി. അഞ്ചാം ദിവസമായപ്പോഴേക്കും ബുരോസിനെ സംബന്ധിച്ച ഒരുവിധം എല്ലാ വിവരങ്ങളും ഫിലിപ്പ്‌സിന്റെ മുന്നിലുണ്ടെന്ന സ്ഥിതിയായി. അയാള്‍ ജൂതനാണെന്നു തെളിയിക്കുന്ന ചില രേഖകളും കിട്ടിക്കഴിഞ്ഞു. വേണമെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാം. പക്ഷേ, ഒരു കാര്യം കൂടി വേണമെന്ന്‌ ഫിലിപ്പ്‌സ്‌ നിശ്ചയിച്ചു. ബുരോസുമായി നേരിട്ടുള്ള അഭിമുഖം.

ആറാം ദിവസം അതിരാവിലെ ക്വീന്‍സിലെത്തി ബുരോസിന്റേതെന്നു കരുതുന്ന അപ്പാര്‍ട്ടുമെന്റിലേക്കു നടക്കുമ്പോള്‍, റോഡരികിലെ ബാര്‍ബര്‍ ഷോപ്പിലേക്കു കയറുന്ന ബുരോസിനെ ഫിലിപ്പ്‌സ്‌ ഒരു നിമിഷം കണ്ടു. നേരിട്ടു പരിചയമില്ലെങ്കിലും, ഫോട്ടോ കണ്ടിട്ടുള്ളതിനാല്‍ അത്‌ ബുരോസ്‌ തന്നെയാണെന്ന്‌ ഫിലിപ്പ്‌സ്‌ ഉറപ്പിച്ചു. അയാള്‍ പുറത്തിറങ്ങും വരെ കാത്തു. ഷോപ്പില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ വഴിയോരത്തു വെച്ചു തന്നെ ഫിലിപ്പ്‌സ്‌ അയാളെ പരിചയപ്പെട്ടു. താന്‍ വെച്ചിട്ടുപോന്ന ഫോണ്‍ നമ്പറും മറ്റും കിട്ടിയിരുന്നോ എന്ന്‌ അന്വേഷിച്ചു. ഫിലിപ്പ്‌സ്‌ ഒരു ഫെഡറല്‍ ഓഫീസറല്ലെന്നു മനസിലായപ്പോള്‍ ബുരോസിന്‌ ആശ്വാസമായതു പോലെ തോന്നി.

``നോക്കൂ, എനിക്ക്‌ നിങ്ങളോട്‌ ചിലത്‌ സംസാരിക്കാനുണ്ട്‌''-ഫിലിപ്പ്‌സ്‌ പറഞ്ഞു. ``ഒ.കെ''-ബാരോസ്‌ സമ്മതിച്ചു. കുറെനെരം ഫുഡ്‌പാത്തിലൂടെ നടന്നു കഴിഞ്ഞപ്പോള്‍, എവിടെയെങ്കിലും ഇരിക്കാം എന്ന്‌ ബുരോസ്‌ തന്നെ നിര്‍ദ്ദേശിച്ചു. അങ്ങനെ ഇരുവരും ഒരു ചെറു റെസ്റ്റോറണ്ടിന്റെ ഒഴിഞ്ഞ മേശയ്‌ക്കിരുവശവും സ്ഥാനം പിടിച്ചു. അത്ര ഉയരമില്ലാത്ത, മെലിഞ്ഞിട്ടല്ലാത്ത, ഒരുപാട്‌ പ്രശ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനാണ്‌ തനിക്കു മുന്നിലിരിക്കുന്നതെന്ന്‌ ഫിലിപ്പ്‌സിന്‌ തോന്നി. നേരെ നോക്കുന്നതിനു പകരം, കഴിയുന്നത്ര മറ്റ്‌ ഭാഗങ്ങളിലേക്കു നോക്കാനാണ്‌ ബുരോസ്‌ ശ്രമിക്കുന്നത്‌.

അമേരിക്ക ഏറ്റവുമധികം ഭയപ്പെടുന്ന നാസിസംഘടനയുടെ നേതാവാണ്‌ മുന്നിലിരിക്കുന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ, അയാളുടെ വിധി തന്റെ കൈയിലാണിപ്പോഴെന്ന്‌ ഫിലിപ്പ്‌സിനറിയാം. ജൂതരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘടനയുടെ നേതാവായ അയാളൊരു ജൂതനാണെന്ന്‌ ലോകം അറിയാന്‍ പോകുന്നു. ഇക്കാര്യം അയാളോട്‌ പറയാനാണ്‌ ഫിലിപ്പ്‌സ്‌ അതിരാവിലെ അയാളെ തേടിയെത്തിയത്‌. അതറിയുമ്പോഴുള്ള അയാളുടെ പ്രതികരണം അറിയാന്‍!

മുഖവുരയോടെ തുടങ്ങി. ബുരോസ്‌ വളരെ സൗഹൃദത്തോടെയാണ്‌ പെരുമാറിയത്‌. കെ.കെ.കെയില്‍ അയാളെ തിരിച്ചറിയാനുള്ള അടയാളമായ ചെറുചിത്രം പോലും(തലയിലൂടെ തുണിയിട്ട്‌ കണ്ണുകളുടെ ഭാഗത്ത്‌ മാത്രം ദ്വാരമുള്ള ചിത്രം) ഫിലിപ്പ്‌സിന്‌ കാട്ടിക്കൊടുത്തു. ഫാസിസ്റ്റ്‌ തീവ്രവാദത്തിന്റെ അടിമയായി മാറിയിരിക്കുന്ന ആ ചെറുപ്പക്കാരനോട്‌ ഫിലിപ്പ്‌സിന്‌ സഹതാപം തോന്നി. ഒടുവില്‍ അഭിമുഖത്തിലെ നിര്‍ണ്ണായകമായ ചോദ്യത്തിലെത്തി. ``മി. ബുരോസ്‌, നിങ്ങളുടെ ജീവിതത്തിന്റെ പൊതുചിത്രവുമായി ഒത്തുപോകാത്ത ഒരു വിവരം എന്റെ പക്കലുണ്ട്‌. അതിനൊരു വിശദീകരണം ലഭിക്കാനാണ്‌ ഞാന്‍ നിങ്ങളെ അന്വേഷിച്ചത്‌''- ഭാവഭേദം കൂടാതെ ഫിലിപ്പ്‌സ്‌ പറഞ്ഞു. അതിനിടെ പലതവണ ബുരോസ്‌ വാച്ചില്‍ നോക്കിയിരുന്നു. തനിക്ക്‌ അത്യാവശ്യമായി പെന്‍സില്‍വാനിയയ്‌ക്കുള്ള ബസ്‌ പിടിക്കണമെന്ന്‌ ഇടയ്‌ക്ക്‌ പറയുകയും ചെയ്‌തു. ``നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തത്‌ ബ്രോന്‍ക്‌സില്‍ വെച്ച്‌ റവ. ബര്‍ണാഡ്‌ കല്ലെന്‍ബര്‍ഗ്‌ ആണ്‌, ജൂത ആചാര പ്രകാരം''-ഫിലിപ്പ്‌സ്‌ പറഞ്ഞു.

``നിങ്ങളിക്കാര്യം പ്രസിദ്ധീകരിക്കാന്‍ പോകുകയാണോ''-ബുരോസ്‌ ചോദിച്ചു.

ഈ വിവരം ബ്രോന്‍ക്‌സിലെ സുപ്രീം കോടതി ഹൗസിലുള്ള രേഖയാണ്‌. അതിനാല്‍ ഈ വിവരം പൊതുജനങ്ങള്‍ക്കു ലഭ്യമായ ഒന്നാണ്‌. അതുകൊണ്ടു തന്നെ അത്‌ പ്രസിദ്ധീകരിക്കുന്നത്‌ തടയാനുള്ള അധികാരം തനിക്കില്ലെന്ന്‌ ഫിലിപ്പ്‌സ്‌ അറിയിച്ചു. ആ നിമിഷം പരവശനായ ഒരു മനുഷ്യനായി ബുരോസ്‌ മാറി. എത്രയോ വര്‍ഷമായി താന്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ച വിവരമാണിത്‌. ഇപ്പോള്‍ ഫിലിപ്പ്‌സ്‌ അത്‌ പ്രസിദ്ധീകരിക്കാന്‍ പോകുന്നു. ഈ ഒറ്റ വിവരം മതി തന്റെ ജീവിതം മുഴുവന്‍ തകര്‍ന്നടിയാന്‍. റെസ്റ്റോറണ്ട്‌ വിടുംമുമ്പു നിങ്ങളെ കൊല്ലാന്‍ പോകുകയാണെന്ന്‌ അയാള്‍ ഫിലിപ്പ്‌സിനോട്‌ പറഞ്ഞു. പ്രഭാതത്തിന്റെ ശാന്തമായ അന്തരീക്ഷം പെട്ടന്നു കനത്തു. താന്‍ കടന്നു വന്നപ്പോഴത്തെ റെസ്റ്റോറണ്ടല്ല ഇപ്പോഴത്തേതെന്ന്‌ ഫിലിപ്പ്‌സിന്‌ ഒരു നിമിഷം തോന്നി. തന്റെ അന്ത്യം അടുത്തു എന്നു തന്നെ ഫിലിപ്പ്‌സിന്‌ അനുഭവപ്പെട്ടു. പക്ഷേ, ഫിലിപ്പ്‌സ്‌ ശാന്തത കൈവെടിഞ്ഞില്ല (തന്റെ എതിരെയിരിക്കുന്നയാള്‍ പ്രഗത്ഭനായ ഒരു കരാട്ടെ വിദഗ്‌ധനാണെന്ന കാര്യം അറിയാമായിരുന്നെങ്കില്‍, തനിക്കത്ര ശാന്തനായിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ ഫിലിപ്പ്‌സ്‌ ഓര്‍ക്കുന്നു).

തന്റെ കൈവശം ഒരു കുപ്പി ആസിഡുണ്ടെന്ന്‌ ബുരോസ്‌ പറഞ്ഞു. അത്‌ ഫിലിപ്പ്‌സിന്‌ മേല്‍ പ്രയോഗിക്കാന്‍ പോവുകയാണ്‌. പക്ഷേ, അത്രയും രാവിലെ ആസിഡുമായി ഒരാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ ഉറപ്പുണ്ടായിരുന്നു. ബുരോസ്‌ പക്ഷേ, ശബ്‌ദമുയര്‍ത്തിയില്ല. കൂട്ടക്കൊല നടത്തുന്നതിന്‌ നേതൃത്വം കൊടുക്കേണ്ടയാള്‍, ഒരു വ്യക്തിയെ കൊല്ലുമെന്ന്‌ വിളിച്ചു കൂവേണ്ട കാര്യമില്ലല്ലോ. ആ വിവരം പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പു നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന്‌ അയാള്‍ ആവര്‍ത്തിച്ചു. വീണ്ടും ഒരിക്കല്‍കൂടി തമ്മില്‍ കാണും മുമ്പ്‌ അത്‌ പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പുനല്‍കാമെന്ന്‌ ഫിലിപ്പ്‌സ്‌ പറഞ്ഞു. ഓരോ തവണ വധഭീഷണി മുഴക്കുമ്പോഴും അയാളുടെ സ്വരത്തിലുണ്ടായ വ്യത്യാസം ഫിലിപ്പ്‌സ്‌ ശ്രദ്ധിച്ചു. ഒടുവില്‍ ഇരുവരും റെസ്റ്റോറണ്ടിന്‌ പുറത്തു കടന്നു. പിരിയുന്നതിന്‌ മുമ്പ്‌ ആറു തവണ ബുരോസ്‌ വധഭീഷണി മുഴക്കിയിരുന്നു. അവസരം എപ്പോഴാണ്‌ മുതലാക്കേണ്ടതെന്ന്‌ തനിക്ക്‌ അറിയാമെന്നും അയാള്‍ പറഞ്ഞു. കു ക്ലക്‌സ്‌ ക്ലാനിന്റെ നേതാവ്‌ വെറും വാക്ക്‌ പറയില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ നിശ്ചയമുണ്ടായിരുന്നു.

ബുറോസിനെപ്പറ്റി ആറുപേജുള്ള റിപ്പോര്‍ട്ടാണ്‌ ഫിലിപ്പ്‌സ്‌ തയ്യാറാക്കിയത്‌. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. വാര്‍ത്ത ഫയല്‍ ചെയ്‌തു കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകന്റെ ഉപദേശം കിട്ടി ചരമക്കുറിപ്പും ഫോട്ടോയും കൊടുത്തിട്ടേ പോകാവൂ എന്ന്‌. ഫിലിപ്പ്‌സിന്റെ വീട്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലുമായി. ബുറോസിന്റെ ജൂതവേരുകള്‍ സംബന്ധിച്ച്‌ ശേഖരിച്ച രേഖകള്‍ക്ക്‌ നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന്‌ അവസാന നിമിഷം സംശയമായി. പത്രാധിപസമിതിയാണ്‌ സംശയം ഉന്നയിച്ചത്‌. ബുറോസിന്റെ താമസസ്ഥലത്തിനു രണ്ട്‌ മൈല്‍ ചുറ്റളവിലുള്ള സിനഗോഗുകള്‍ മുഴുവന്‍ ശരിക്കൊരു രേഖയ്‌ക്കായി പരിശോധിക്കാന്‍ ഒടുവില്‍ തീരുമാനമായി. ജൂതകാര്യ ലേഖകന്‍ ഇര്‍വിങ്‌ സ്‌പീഗലിനെയാണ്‌ ചുമതലയേല്‍പ്പിച്ചത്‌. പിറ്റേന്ന്‌ ഉച്ചയ്‌ക്ക്‌ സ്‌പീഗലിന്റെ ഫോണ്‍ വന്നു.``ജര്‍മന്‍കാര്‍ക്കൊരു ഹിറ്റ്‌ലര്‍ ഉള്ളതുപോലെ, ജൂതര്‍ക്കും ഒരു ഹിറ്റ്‌ലറുണ്ട്‌''. വാര്‍ത്ത അന്നു രാത്രിയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടു.

ഞായറാഴ്‌ച ഉച്ചയായപ്പോള്‍ `ടൈംസി'ന്റെ ഓഫീസില്‍ നിന്ന്‌ ഫിലിപ്പ്‌സിന്‌ ഫോണ്‍ വന്നു. ഒരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌, പെന്‍സില്‍വാനിയയില്‍ നിന്നാണ്‌. ദാനിയല്‍ ബുറോസ്‌ സ്വയം വെടിവെച്ചു മരിച്ചു.

കടപ്പാട്‌: The Working Press, The New York Times, Edited by Ruth Adler, 1966

(2005 നവംബറില്‍ മാതൃഭൂമി തൊഴില്‍വാര്‍ത്ത, 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്‌)

5 comments:

JA said...

അമേരിക്കന്‍ നാസിഭീകരസംഘടനയാണ്‌ `കൂ ക്ലക്‌സ്‌ ക്ലാന്‍'(കെ.കെ.കെ). കറുത്തവര്‍ഗ്ഗക്കാരെയും ജൂതരെയും ഉന്മൂലനം ചെയ്യുകയെന്നത്‌ പ്രഖ്യാപിത ലക്ഷ്യമായി കണ്ട ആ സംഘടനയുടെ നേതാവ്‌ തന്നെ ജൂതനാണെന്നു വന്നാലോ? ഒരു സൂചനയുടെ അടിസ്ഥാനത്തില്‍ അത്തരമൊരു വിവരം തേടിയിറങ്ങിയ റിപ്പോര്‍ട്ടറുടെ അനുഭവം, ഒരുപക്ഷേ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായിരിക്കും.

യാരിദ്‌|~|Yarid said...

:)

paarppidam said...

ക്രൂരതകളെ കുറിച്ച് മാത്രം വാചാലരാകുന്നവർ ഹിറ്റ്‌ലർ എന്ന രജ്യസ്നേഹിയെ/യോദ്ധാവിനെ ആരും തിരിച്ചറിഞ്ഞിട്ടില്ല.യ്ദ്ധത്തിൽ രാജ്യത്തെ നയികുന്നവൻ ചെയ്യുന്ന ഉപായങ്ങൾ / തന്ത്രങ്ങൾ ക്രൂരതകൾ ഇതു ചെയ്യുന്നത് ഹിറ്റാലറ ആയാലും മറ്റാരായാലും ഒരുപോലെ തന്നെ അല്ലെ?

ഹിറ്റ്‌ലറേക്കാൾ വലിയ ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നവർ സമകാലിക ലോകത്തും ഉണ്ടെന്ന് ബോധപൂർവ്വം മറക്കുന്നു.

ക്കുറിപ്പ് പ്രസിദ്ധ്Hഈക്രിച്ചതിനു അഭിനന്ദനം.

കാവലാന്‍ said...

വായിച്ചിരിക്കേണ്ട കുറിപ്പ്.

വര്‍ഗ്ഗസ്നേഹവും,ദേശസ്നേഹവും,ദൈവ സ്നേഹവും പ്രകടിപ്പിക്കാന്‍ താന്‍ കൊന്നു തള്ളിയത് സ്വന്തം സഹോദരെയായിരുന്നു, മനുഷ്യ വംശത്തെയായിരുന്നു എന്ന തിരിച്ചറിവില്‍ (അങ്ങനെയൊന്നിന് അവസരം ലഭിച്ചെങ്കില്‍ മാത്രം) ഏതൊരു ഫാസിസ്റ്റ് ചിന്താഗതിക്കാരനും മറ്റെന്തു വഴി?

"ക്രൂരതകളെ കുറിച്ച് മാത്രം വാചാലരാകുന്നവർ ഹിറ്റ്‌ലർ എന്ന രജ്യസ്നേഹിയെ/യോദ്ധാവിനെ ആരും തിരിച്ചറിഞ്ഞിട്ടില്ല."

കൊള്ളാം...... അവനവന്റെ ഒടുങ്ങാത്ത ആര്‍ത്തിയ്ക്കു വേണ്ടി മനുഷ്യകുലത്തെ കൊന്നു തള്ളുന്നവന്റെ ഭ്രാന്തിനെ രാജ്യസ്നേഹമെന്നു വിളിച്ചു പഠിക്കണം...

ഹഹഹ "കാലം കലികാലം കനവു വെറും കരിങ്കല്ലായി മാറുന്നകാലം"

മേരിക്കുട്ടി(Marykutty) said...
This comment has been removed by the author.