Monday, November 3, 2008

നടന്നു തുടങ്ങുന്ന കേരളം

മേലനങ്ങാതെ ജീവിക്കുക. ശരാശരി മലയാളിയുടെ ഈ ജീവിതരീതി അവനെ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയുമൊക്കെ രൂപത്തില്‍ വേട്ടയാടാനാരംഭിച്ചിരിക്കുന്നു. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ കേരളത്തില്‍ പകര്‍ച്ചവ്യാധിപോലെ പടരുകയാണ്‌. സമ്പന്ന രാഷ്ട്രങ്ങള്‍ക്കു പോലും താങ്ങാനാവാത്ത ജീവിതശൈലീ രോഗങ്ങള്‍ നമ്മെ ഒരു വന്‍ പ്രതിസന്ധിയിലേക്കാണ്‌ നയിക്കുക. ഇതിനെതിരെ മലയാളികള്‍ എങ്ങനെയാണ്‌ പ്രതികരിച്ചു തുടങ്ങിയിട്ടുള്ളത്‌ ? ഒരന്വേഷണം...(2003 ജൂണ്‍ 29 മുതല്‍ ജൂലായ്‌ നാല്‌ വരെ 'മാതൃഭൂമി' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരമ്പര).

പേര്‌ എ.കെ.ആന്റണി. വയസ്സ്‌ 62. ജോലി സംസ്ഥാന ഭരണം. തിരുവനന്തപുരത്ത്‌ ഉള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക്‌ കൃത്യമായി ഉണരും. ക്ലിഫ്‌ഹൗസിന്റെ കോംപൗണ്ടിലൂടെ നടത്തം തുടങ്ങും. നാല്‌പതു മിനിറ്റ്‌ നേരത്തെ നടത്തം. അത്‌ കഴിഞ്ഞാല്‍ അര മണിക്കൂര്‍ യോഗ. 'യാത്രയിലാണെങ്കില്‍ നടത്തം ഒഴിവാക്കും. യോഗ മുടക്കില്ല'-അദ്ദേഹം പറയുന്നു. കഴുത്തിന്‌ സ്‌പോണ്ടിലോസിസിന്റെ പ്രശ്‌നം തുടങ്ങിയപ്പോഴാണ്‌ യോഗ ആരംഭിച്ചത്‌. സ്‌പോണ്ടിലോസിസിന്‌ മാത്രമല്ല, മനസ്സിന്റെ ക്ഷേമാവസ്ഥയ്‌ക്കും യോഗ നന്നെന്ന്‌ കണ്ടപ്പോള്‍, അത്‌ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.

ഇനി മറ്റൊരാളെ പരിചയപ്പെടാം. രവിപ്രസാദ്‌. വയസ്സ്‌ 53. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ താമസം. പതിനെട്ട്‌ വര്‍ഷം ഗള്‍ഫിലായിരുന്നു. തിരികെ നാട്ടിലെത്തി ബിസിനസ്സും എസ്റ്റേറ്റ്‌ കാര്യങ്ങളുമായി കഴിയുന്നു. രാവിലെ 4.45ന്‌ ഉണരും. 5.25ന്‌ കൂര്‍ക്കഞ്ചേരി തായങ്കോട്ട്‌ ഹൗസില്‍ നിന്ന്‌ ഭാര്യയുമൊത്ത്‌ നടക്കാനിറങ്ങും. തൃശ്ശൂര്‍-തൃപ്രയാര്‍ റോഡിലൂടെ പുതിയ ബൈപ്പാസ്‌ വരെ പോയശേഷം തിരിച്ച്‌ കൂര്‍ക്കഞ്ചേരി അമ്പലത്തിലെത്തി, വീട്ടിലേക്ക്‌ മടങ്ങും. വീട്ടിലെത്തുമ്പോള്‍ സമയം 6.05. ആകെ 40 മിനിറ്റ്‌. പിന്നെ പത്രവായന, കുളി. ഏഴുമണിക്ക്‌ തൃശ്ശൂര്‍ അക്വാട്ടിക്ക്‌ കോംപ്ലക്‌സില്‍ താന്‍ കൂടി പാര്‍ട്‌ണറായ 'ലൈഫ്‌സ്റ്റൈല്‍ ഫിറ്റ്‌നെസ്‌' എന്ന ഹെല്‍ത്ത്‌ ക്ലബ്ബിലെത്തുന്നു. രണ്ട്‌ മണിക്കൂര്‍ നേരം അവിടെ പരിശീലനം. അതു കഴിഞ്ഞാല്‍ ബിസിനസ്സിന്റെ തിരക്ക്‌ ആരംഭിക്കുകയായി.

മേല്‍പ്പറഞ്ഞ രണ്ട്‌ വ്യക്തികളും തികച്ചും വ്യത്യസ്‌ത കര്‍മമണ്ഡലങ്ങളിലാണ്‌ വിഹരിക്കുന്നതെങ്കിലും ഇരുവരുടെയും പ്രഭാതങ്ങള്‍ക്ക്‌ ചില സമാനതകളുണ്ട്‌. അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും രണ്ടാളും നടത്തുന്ന വ്യായാമ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഒന്നുതന്നെ. ആ ലക്ഷ്യത്തെ വൈദ്യശാസ്‌ത്രപരമായി വേണമെങ്കില്‍ ഇങ്ങനെ വിവരിക്കാം: ശരീരഭാരം അമിതമായി വര്‍ധിക്കരുത്‌, രക്തസമ്മര്‍ദം നോര്‍മലായി (120/80 പരിധിയില്‍) നില്‍ക്കണം, രക്തത്തിലെ ഷുഗറിന്റെ തോത്‌ (ആഹാരത്തിന്‌ മുമ്പ്‌ 110, ആഹാരത്തിന്‌ ശേഷം 140 എന്ന പരിധിയില്‍) കൂടരുത്‌, കൊളസ്‌ട്രോളിനെ 200 മില്ലിഗ്രാം നിരക്കില്‍ കടിഞ്ഞാണിട്ട്‌ നിര്‍ത്തണം. ഒന്നുകൂടി വ്യക്തമാക്കിയാല്‍, മാസിക സമ്മര്‍ദം ഒഴിവാക്കാനും തിരക്കുകളെ സമചിത്തതയോടെ നേരിടാനും ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നത്‌ തടയാനും വേണ്ടിയുള്ള പ്രവര്‍ത്തനമാണ്‌ ഇരുവരും പ്രഭാതങ്ങളില്‍ നടത്തുന്നത്‌.

കെ. കരുണാകരന്റെ നേതൃത്വത്തില്‍ 'ഐ' ഗ്രൂപ്പ്‌ നടത്തുന്ന പ്രകോപനങ്ങളെ അങ്ങേയറ്റം നിസ്സംഗതയോടെ നേരിടാന്‍ എ.കെ.ആന്റണിക്ക്‌ കഴിയുന്നതിന്‌ പിന്നില്‍ ഹൈക്കാമാണ്ടിന്റെ കറയറ്റ പിന്തുണ മാത്രമാണോ ഉള്ളത്‌ ? രാവിലത്തെ നടത്തവും യോഗയും കൂടി ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‌ സഹായകമാകുന്നുവെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ തനിക്ക്‌ 'മുമ്പത്തക്കാളും ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടെ'ന്നാണ്‌ തന്റെ വ്യായാമ പദ്ധതിയുടെ ഗുണത്തെപ്പറ്റി മുഖ്യമന്ത്രി പറയുന്നത്‌. അല്‍പ്പം പ്രഷറുണ്ട്‌. സ്‌പോണ്ടിലോസിസിന്റെ അനുബന്ധമായി കിട്ടിയതാണ്‌. എന്നാല്‍ രവിപ്രസാദിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു പ്രശ്‌നവുമില്ല. നടത്തവും ഹെല്‍ത്ത്‌ ക്ലബ്ബിലെ പരിശീലനവുമാണ്‌ അതിന്‌ മുഖ്യകാരണമായി രവിപ്രസാദ്‌ ചൂണ്ടിക്കാട്ടുന്നത്‌.

ഇവര്‍ രണ്ടുപേരുടെയും പ്രഭാത ജീവിതചര്യ, കേരളത്തില്‍ വളരെ വേഗം വേരുപിടിച്ചു തുടങ്ങിയിരിക്കുന്ന ഒരു പുത്തന്‍ പ്രവണതയിലേക്കുള്ള ചൂണ്ടുപലകയാണ്‌. വ്യായാമത്തിന്റെ അഭാവം കൊണ്ടും ജീവിതശൈലിയില്‍ വന്ന മാറ്റം കൊണ്ടും ഉണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളും മരുന്നുകൊണ്ട്‌ മാത്രം ഒഴിവാക്കാനാവില്ല എന്നൊരു അവബോധം മലയാളികള്‍ക്കിടയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു.

സംസ്ഥാനത്തുടനീളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പൊന്തിവന്നിട്ടുള്ള നൂറുകണക്കിന്‌ ഹെല്‍ത്ത്‌ ക്ലബ്ബുകളും യോഗ പരിശീലന കേന്ദ്രങ്ങളും ഇതിന്‌ തെളിവാണ്‌. പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള നീന്തല്‍ക്കുളങ്ങളിലെല്ലാം ഇപ്പോള്‍ മുമ്പെങ്ങുമില്ലാത്തത്ര തിരക്കാണ്‌. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്നവരുടെ സംഖ്യ ഏറെ വര്‍ധിച്ചിരിക്കുന്നു. ഇത്രകാലവും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ കൂട്ടമായി ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ തേടിയെത്തുന്നു. നീന്താന്‍ അവര്‍ക്ക്‌ മടിയില്ലാതായിരിക്കുന്നു. യോഗയുടെ ഗുണങ്ങളും നുകരുന്നു......മെല്ലെയാണെങ്കിലും, ഒരര്‍ഥത്തില്‍ കേരളം നടന്നു തുടങ്ങിയിരിക്കുന്നു എന്ന്‌ സാരം !
-മാതൃഭൂമി, ജൂണ്‍ 29, 2003, വര: മദനന്‍

അടുത്ത ലക്കം: അമേരിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ എന്തെളുപ്പം

2 comments:

Joseph Antony said...

മേലനങ്ങാതെ ജീവിക്കുക. ശരാശരി മലയാളിയുടെ ഈ ജീവിതരീതി അവനെ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയുമൊക്കെ രൂപത്തില്‍ വേട്ടയാടാനാരംഭിച്ചിരിക്കുന്നു. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ കേരളത്തില്‍ പകര്‍ച്ചവ്യാധിപോലെ പടരുകയാണ്‌. സമ്പന്ന രാഷ്ട്രങ്ങള്‍ക്കു പോലും താങ്ങാനാവാത്ത ജീവിതശൈലീ രോഗങ്ങള്‍ നമ്മെ ഒരു വന്‍ പ്രതിസന്ധിയിലേക്കാണ്‌ നയിക്കുക. ഇതിനെതിരെ മലയാളികള്‍ എങ്ങനെയാണ്‌ പ്രതികരിച്ചു തുടങ്ങിയിട്ടുള്ളത്‌ ? ഒരന്വേഷണം..

K.V Manikantan said...

കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബുകള്‍ ഇരുന്ന ഇടങ്ങളല്ലേ ഇപ്പോ ലൈഫ് സ്റ്റയില്‍, ഹെര്‍ക്കുലീസ് ജിമ്മുകളായതെന്ന് വര്‍ണ്ണ്യത്തിലാശങ്ക ;)