വിഖ്യാത ഇറ്റാലിയന്‍ ഹാസ്യസാഹിത്യകാരനായ ജിയോവാന്നി ഗുവറേഷിയുടെ `ഡോണ്‍ കാമിലോ' കഥകളിലൊരിടത്ത്, കഥാനായകനും ഇടവക വികാരിയുമായ ഡോണ്‍ കാമിലോ ഫ്രിഡ്‌ജ് വാങ്ങുന്ന കാര്യം വിവരിച്ചിട്ടുണ്ട്. തവണ വ്യവസ്ഥയില്‍ ഫ്രിഡ്‌ജ് വില്‍ക്കാന്‍ ഒരു പെണ്‍കുട്ടി പള്ളിമേടയില്‍ എത്തിയിരിക്കുന്നു, താന്‍ എന്തു ചെയ്യണം എന്ന് ഡോണ്‍ കാമിലോ അള്‍ത്താരയിലെത്തി യേശുവിനോട് (യേശു ക്രിസ്‌തുവും ഡോണ്‍ കാമിലോ കഥകളില്‍ ഒരു കഥാപാത്രമാണ്) വേവലാതിയോടെ തിരക്കുന്നു. ``ഡോണ്‍ കാമിലോ, ഫ്രിഡ്‌ജിനെപ്പറ്റി എനിക്കൊന്നുമറിയില്ല എന്നകാര്യം താങ്കള്‍ക്കിനിയും മനസിലായിട്ടില്ലേ'' എന്നായിരുന്നു യേശുവിന്റെ മറുചോദ്യം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിജ്ഞാനമോ അറിവോ ഇന്നത്തേതുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത കാലത്താണ് ഇപ്പോള്‍ പ്രചാരത്തിലുള്ള മതസംഹിതകളില്‍ മിക്കവയും രൂപമെടുത്തതെന്ന അടിസ്ഥാന വസ്‌തുത ഓര്‍ക്കാതെ, ഏത് പുതിയ വിജ്ഞാനശാഖയേയും മതത്തിന്റെ അളവുകോല്‍ വെച്ച് തിട്ടപ്പെടുത്തി സ്വീകരിക്കണോ വേണ്ടയോ എന്ന് തര്‍ക്കിക്കുന്നവരെ കാണുമ്പോള്‍, ഗുവറേഷിയുടെ കഥയിലെ യേശുവിന്റെ വാചകമാണ് ഓര്‍മ്മവരിക.
പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഈ തര്‍ക്കം എല്ലാ അതിരുകളും കടക്കുന്നു. മുന്‍വിധികളും ശാഠ്യങ്ങളും വാദങ്ങളെ കീഴ്‌പ്പെടുത്തുന്നു. സാമാന്യമായ ശാസ്‌ത്രാന്വേഷണ രീതികള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ചാള്‍സ് ഡാര്‍വിനുണ്ടായ ഏതോ വികലവെളിപാടില്‍ നിന്നാണ് പരിണാമസിദ്ധാന്തം രൂപം കൊണ്ടതെന്ന വാദമുയരുന്നു. ആധുനിക വിജ്ഞാനശാഖകളില്‍ ഏറ്റവും പ്രാമുഖ്യം നേടിയ പുരാവസ്‌തുശാസ്‌ത്രത്തിന്റെയും നരവംശശാസ്‌ത്രത്തിന്റെയും ജനിതകശാസ്‌ത്രത്തിന്റെയും അടിത്തറ പണിതിരിക്കുന്നത് ഡാര്‍വിന്റെ സിദ്ധാന്തത്തിന് മുകളിലാണെന്ന വസ്‌തുത വിസ്‌മരിക്കപ്പെടുന്നു. മുന്തിയയിനം വിളകള്‍ സൃഷ്‌ടിക്കുന്നതില്‍ കാര്‍ഷികശാസ്‌ത്രജ്ഞര്‍ വിജയിക്കുമ്പോഴും, മരുഭൂമി പോലെ പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങള്‍ക്ക് യോഗ്യമായ പുതിയയിനം വിത്തുകള്‍ രൂപപ്പെടുത്തുമ്പോഴും ഡാര്‍വിന്റെ സിദ്ധാന്തമാണ് വിജയിക്കുന്നത്. `പരിണാമ സിദ്ധാന്തത്തിന് ഒരു തെളിവും ലഭിച്ചിട്ടില്ല' അതിനാല്‍ `സൃഷ്‌ടിവാദ'മാണ് (സൃഷ്‌ടിവാദമെന്ന പഴയ വീഞ്ഞിനെ പുതിയ കുപ്പിയിടച്ചതാണ് `ബൗദ്ധിക രൂപകല്‍പ്പനാവാദം'-Intelligent Design Theory) ശരി എന്നു ശാഠ്യം പിടിക്കുന്നവര്‍, മേല്‍പ്പറഞ്ഞ സംഗതികളെയൊക്കെ ഒറ്റയടിക്ക് തിരസ്‌കരിക്കുക വഴി എത്തുന്നതെവിടെയാണെന്ന് കണ്ണു തുറന്നു ഒന്നു ചുറ്റും നോക്കുക. ഭൂമി പരന്നാണ് ഇരിക്കുന്നതെന്നു നിങ്ങള്‍ക്ക് കാണാം. സൂര്യന്‍ ഭൂമിയെ ചുറ്റുകയാണ്. പ്രപഞ്ചകേന്ദ്രം ഭൂമിയാണ്. ആകാശമേലാപ്പില്‍ പതിച്ചുവെച്ചിരിക്കുകയാണ് നക്ഷത്രങ്ങളെ, അവയ്‌ക്കു ചലിക്കാനാകില്ല!
ഇത്രയും പറഞ്ഞതുകൊണ്ട് ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച സിദ്ധാന്തം കുറ്റമറ്റതാണെന്ന് അര്‍ത്ഥമില്ല. ഒരു ശാസ്‌ത്രസിദ്ധാന്തത്തിന് സാമാന്യമായ രീതിയില്‍ എന്തെല്ലാം പോരായ്‌മകളും പഴുതുകളും ഉണ്ടാകാമോ അതെല്ലാം പരിണാമസിദ്ധാന്തത്തിനും അതിന്റെ കാതലായ `പ്രകൃതിപര തിരഞ്ഞെടുപ്പ്' അഥവാ 'പ്രകൃതി നിര്‍ധാരണതത്ത്വ'(Natural Selection) ത്തിനുമുണ്ട്. പരിണാമം സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. ശാസ്‌ത്രപുരോഗതിയെ മുന്നോട്ടു നയിക്കുകയും പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ ശ്രമിക്കുകയും ചെയ്‌ത മിക്ക സിദ്ധാന്തങ്ങളുടെയും കഥ ഇതുതന്നെയാണ്. ഐസക് ന്യൂട്ടന്‍ 1687-ല്‍ `പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യിലൂടെ മുന്നോട്ടുവെച്ച പ്രപഞ്ചസങ്കല്‍പ്പത്തിലെ പഴുതുകള്‍ക്കും ഉത്തരമില്ലായ്‌മകള്‍ക്കും വിശദീകരണം ലഭിക്കാന്‍ ശാസ്‌ത്രലോകം 218 വര്‍ഷം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു; 1905-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ തന്റെ ആപേക്ഷികതാ സിദ്ധാന്തവുമായി രംഗത്തെത്തും വരെ. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍(ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍) ഉള്‍പ്പടെ ഐന്‍സ്റ്റയിന്‍ തന്റെ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവെച്ച പല സംഗതികള്‍ക്കും വ്യക്തമായ തെളിവ് ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് പക്ഷേ, ഐന്‍സ്റ്റയിന്‍ പറഞ്ഞത് തെറ്റാണെന്ന് ആരും വാദിക്കാറില്ല. ശാസ്‌ത്രത്തിന്റെ രീതി അതാണ്; നിരന്തരമായ അന്വേഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുക എന്നത്.
പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ഒന്നുപോലെ താത്‌പര്യം തോന്നിയേക്കാവുന്ന ഒരു ഗവേഷണ പദ്ധതി അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്. ജൈവലോകത്തെ സൂക്ഷ്‌മനിരീക്ഷണം നടത്തിയും, ഫോസിലുകള്‍ തുറന്നുതരുന്ന ശിഥിലലോകം ശ്രമകരമായി കൂട്ടിയിണക്കിയും, വിവിധ സസ്യജന്തു ജനുസുകളുടെ ജനിതക പ്രത്യേകതകള്‍ താരതമ്യം ചെയ്‌തുമൊക്കെയാണ് സാധാരണഗതിയില്‍ പരിണാമശാസ്‌ത്രജ്ഞര്‍ തങ്ങളുടെ നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നത്. ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണോ എന്നും പ്രകൃതിനിര്‍ധാരണം തന്നെയാണോ പ്രകൃതിയുടെ മാര്‍ഗമെന്നുമൊക്കെ അവര്‍ പരിശോധിച്ചുറപ്പിക്കുന്നത് അങ്ങനെയാണ്. തികച്ചും വ്യത്യസ്‌തമായ മാര്‍ഗ്ഗത്തിലൂടെ, ഒരുപക്ഷേ, കുറച്ചുകാലം മുമ്പുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍, ഡാര്‍വിനെ പരീക്ഷിച്ചറിയുകയാണ് മിഷിഗണ്‍ സര്‍വ്വകലാശാലയ്‌ക്കു കീഴിലുള്ള `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി'യില്‍. ജൈവലോകത്തു നടക്കുന്ന സാധാരണ പ്രവര്‍ത്തനങ്ങളെ പുനസൃഷ്‌ടിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള `ഡിജിറ്റല്‍ ജീവി'കളെ ഉപയോഗിച്ച് പ്രകൃതിനിര്‍ധാരണം ശരിയാണോ എന്നു പരിശോധിക്കുകയാണവിടെ. `ഡിജിറ്റല്‍ ജീവി'കളുടെ തലമുറകളായുള്ള ജനനവും ജീവിതവും നാശവും കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്തി സൂക്ഷിക്കാനും സഹായിക്കുന്ന `അവിദ'(Avida) എന്ന സോഫ്‌ട്‌വേര്‍ ഉപയോഗിച്ചാണ്, ആ ലാബൊറട്ടറിയിലെ 200 കമ്പ്യൂട്ടറുകളില്‍ കുടിയിരുത്തിയിട്ടുള്ള `ജിവി'കളുടെ ലക്ഷക്കണക്കിന് തലമുറകളായുള്ള പരിണാമം ഗവേഷകര്‍ നീരീക്ഷിച്ചു വരുന്നത്.
`കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി'(കാല്‍ടെക്)ജിയില്‍ ഡോ.ക്രിസ് അദാമിയുടെ `ഡിജിറ്റല്‍ ലൈഫ് ലാബി'ന്റെയും(ഈ സ്ഥാപനം ഇപ്പോള്‍ `കെക്ക് ഗ്രാഡ്വേറ്റ് ഇന്‍സ്റ്റിട്ട്യൂട്ടി'ലാണ്), മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ മൈക്രോബയോളജിസ്റ്റ് ഡോ.റിച്ചാര്‍ഡ് ലെന്‍സികിയുടെ `എക്‌സ്‌പെരിമെന്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെയും സാധ്യതകള്‍ കൂട്ടിയിണക്കിയാണ് `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി' 1999-ല്‍ നിലവില്‍ വന്നത്. കമ്പ്യൂട്ടര്‍ വിദഗ്‌ധനും ഡിജിറ്റല്‍ പരിണാമ പരീക്ഷണങ്ങളില്‍ ഡോ.അദാമിയുടെ പിന്‍ഗാമിയുമായ ഡോ. ചാള്‍സ് ഒഫ്രിയയാണ് ഈ ലാബൊറട്ടറിയുടെ മേധാവി. കമ്പ്യൂട്ടര്‍ വിദഗ്‌ധരും ജൈവശാസ്‌ത്രജ്ഞരും മാത്രമല്ല, മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ദാര്‍ശനികന്‍ റോബര്‍ട്ട് പെന്നോക്കും ഇപ്പോള്‍ `അവിദ' ടീമിലെ അംഗമാണ്.
നിലവില്‍ പരിണാമം സംബന്ധിച്ച് ലോകത്ത് നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്‌ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ് ലെന്‍സ്‌കിയാണ്. 17 വര്‍ഷമായി `ഇ-കോളി' ബാക്‌ടീരയകളെ ഉപയോഗിച്ച് പരിണാമത്തിന്റെ വഴികള്‍ തേടുകയാണ് അദ്ദേഹം. ഒറ്റ ബാക്‌ടീരയത്തില്‍ നിന്നു രൂപപ്പെട്ട സന്തതികളെ 12 കോളനികളായി തിരിച്ച് പ്രത്യേക ഭക്ഷണം നല്‍കി നിരീക്ഷിക്കുകയാണ് ഡോ.ലെന്‍സ്‌കി. ബാക്‌ടീരിയ കോളനികള്‍ ഇതിനകം 35000 തലമുറ പിന്നിട്ടു കഴിഞ്ഞു. പ്രകൃതിനിര്‍ധാരണം ശരിക്കും ആ കോളനികളില്‍ ദൃശ്യമാണെന്ന് ഡോ.ലെന്‍സ്‌കി സാക്ഷ്യപ്പെടുത്തുന്നു. കോളനികളിലെ അന്തേവാസികളുടെ കോശവലുപ്പം മുന്‍ഗാമികളെ അപേക്ഷിച്ച് ഇരട്ടിയായിക്കഴിഞ്ഞു. മുന്‍ഗാമികളുടേതിനെക്കാള്‍ ഇരട്ടി വേഗത്തില്‍ പ്രത്യുത്‌പാദനം നടത്താന്‍ ഡോ.ലെന്‍സ്‌കിയുടെ ബാക്‌ടീരിയകള്‍ക്കിപ്പോള്‍ കഴിയുന്നു. എന്നാല്‍, 1999-ല്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബ്' യാഥാര്‍ത്ഥ്യമായതോടെ, ഡോ.ലെന്‍സ്‌കിയും അതിന്റെ ഭാഗമായി. തന്റെ ബാക്‌ടീരിയ കോളനികളുടെ ഡിജിറ്റല്‍ വകഭേദം `അവിദ'യുപയോഗിച്ച് രൂപപ്പെടുത്തി പരീക്ഷിക്കുകയാണിപ്പോള്‍ അദ്ദേഹം. 17 വര്‍ഷത്തെ ക്ഷമയോടെയുള്ള പരീക്ഷണത്തിന്റെ ഫലം ഇപ്പോള്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട് ഡിജിറ്റല്‍ പ്രക്രിയ വഴി ലഭിക്കുമെന്നത് ഡോ.ലെന്‍സ്‌കിയെ ആവേശഭരിതനാക്കുന്നു. അത്രവേഗത്തിലാണ് കമ്പ്യൂട്ടറുകള്‍ കാര്യങ്ങള്‍ ചെയ്യുന്നത്.
ജൈവലോകത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡിഓക്‌സീറൈബോന്യൂക്ലിക് ആസിഡ്(ഡി.എന്‍.എ) തന്മാത്രകളാണ്. കാലാവസ്ഥയുടെയോ പരിസ്ഥിതിയുടെയോ ഒക്കെ സ്വാധീനം മൂലം ഒരു ജീവിയുടെ ഡി.എന്‍.എ.യ്‌ക്ക് `വ്യതികരണം'(mutation) സംഭവിക്കാം. ജനിതകതലത്തില്‍ സംഭവിക്കുന്ന ആ മാറ്റം ചിലപ്പോള്‍ അടുത്ത തലമുറയില്‍ തന്നെ പ്രകടമായെന്നു വരാം, അല്ലെങ്കില്‍ ഒട്ടേറെ തലമുറകള്‍ക്കു ശേഷം മാത്രം പ്രത്യക്ഷപ്പെടാം. പ്രതികൂലമായ മാറ്റമാണ് ജനിതകവ്യതികരണം കൊണ്ട് സംഭവിക്കുന്നതെങ്കില്‍, അടുത്ത തലമുറ അതിജീവിക്കാനുള്ള സാധ്യത പരിമിതമാകുന്നു. ആ ജനിതകമാറ്റത്തിന് അങ്ങനെ അന്ത്യം സംഭവിക്കുന്നു. എന്നാല്‍, ഗുണപരമായ മാറ്റമാണ് വ്യതികരണം മൂലം ഉണ്ടാകുന്നതെങ്കില്‍, അതുവഴിയുണ്ടാകുന്ന സന്തതികള്‍ മറ്റുള്ളവയെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെയ്‌ക്കുകയും ആ മാറ്റം വരും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. അവ അതിജീവിക്കാനുള്ള സാധ്യതയേറുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന ഇത്തരം പ്രക്രിയ വഴി പുതിയ ജീവികളും സസ്യങ്ങളും ഭൂമുഖത്ത് രൂപമെടുക്കുന്നു. ഒരു പക്ഷേ, പരിണാമ പ്രക്രിയുടെ ഏറ്റവും ലളിതമായ വിശദീകരണം ഇതാണ്.
ജീനോം(Genome) എന്നത് ഒരു ജീവിയുടെ പൂര്‍ണ്ണജനിതക സാരത്തെ സൂചിപ്പിക്കുന്ന വാക്കാണ്. വിവിധ ജീവികളുടെ ജീനോം താരതമ്യം ചെയ്‌ത് പരിണാമത്തെപ്പറ്റി നിഗമനങ്ങളിലെത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു പ്രധാന തടസ്സമാകുന്നത്, ഓരോ തലമുറയിലെയും `ജനിതക വ്യതികരണ'ങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല എന്ന വസ്‌തുതയാണ്. പരിണാമത്തിന് തെളിവു ശേഖരിക്കുന്നവര്‍ക്ക് ഇത് വലിയൊരു തടസ്സമാണ്. ഫോസിലുകളുടെ കാര്യത്തില്‍ പ്രശ്‌നം ശരിക്കും വെല്ലുവിളിയാകുന്നു. കാരണം, ഭൂമുഖത്ത് നിലനില്‍ക്കുന്ന സസ്യ-ജന്തു ജാലങ്ങളില്‍ തുച്ഛമായ എണ്ണത്തിന് മാത്രമേ ഫോസിലുകളാകാന്‍ അവസരം ലഭിക്കൂ. ജീവിച്ചിരിക്കുന്നവയില്‍ 99.9 ശതമാനം സസ്യങ്ങളും ജന്തുക്കളും ഫോസിലാകില്ല. 0.1 ശതമാനത്തിന് മാത്രമാണ് അതിന് കഴിയുക. ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമായി ഭവിച്ചാലേ ഒരു ഫോസില്‍ ഉണ്ടാകൂ. പറ്റിയ എക്കല്‍മണ്ണ് വേണം. ഭൂഖത്ത് കാണപ്പെടുന്നതില്‍ 15 ശതമാനം പാറകള്‍ മാത്രമേ ഫോസിലുകളുടെ നിലനില്‍പ്പിന് സഹായിക്കൂ. നൂറ് കോടി അസ്ഥികളുണ്ടെങ്കില്‍ അതില്‍ ഒരെണ്ണത്തിനേ ഫോസിലാകാന്‍ വിധിയുള്ളൂ എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഒരു മനുഷ്യന്റെ ശരീരത്തില്‍ ശരാശരി 206 അസ്ഥികളുണ്ട്. ഇതുപ്രകാരം ഇന്ത്യയിലുള്ള 103 കോടി ജനങ്ങളുടെ മൊത്തം അസ്ഥിയില്‍ 212 എണ്ണത്തിനേ ഫോസിലാകാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ! ഹിമാലയം മുതല്‍ കന്യാകുമാരി വരെ നീളുന്ന ഉപഭൂഖണ്ഡത്തില്‍ എവിടെയെങ്കിലുമായി മറഞ്ഞു കിടക്കുന്ന ആ ഫോസിലുകള്‍ പക്ഷേ, ഒരു വിദഗ്‌ധന്റെ കരങ്ങളിലെത്തുകയും വേണം അതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകാന്‍. ഭൂമുഖത്ത് ഇതുവരെ 3000 കോടി ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഏതാണ്ടൊരു നിഗമനം. അതില്‍ പക്ഷേ, ഫോസില്‍ രേഖ ലഭിച്ചിട്ടുള്ളത് 2.5 ലക്ഷം വര്‍ഗ്ഗങ്ങളുടേതു മാത്രമാണെന്ന്, `ദി സിക്ത് എക്‌സ്റ്റിങ്‌ഷന്‍' എന്ന ഗ്രന്ഥത്തില്‍ റിച്ചാര്‍ഡ് ലീക്കിയും റോജര്‍ ലെവിനും പറയുന്നു. ഈ കണക്ക് പ്രകാരം ഓരോ 1.2 രണ്ട് ലക്ഷം ജീവിവര്‍ഗ്ഗത്തിനും ഒന്ന് എന്ന കണക്കിനേ ഫോസില്‍ രേഖ കിട്ടിയിട്ടുള്ളൂ. എല്ലാ ചോദ്യത്തിനും ഉത്തരം ഫോസിലില്‍ തേടുന്നത് ബുദ്ധിപൂര്‍വ്വമായിരിക്കില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍, ഡിജിറ്റല്‍ ജീവികളെ ഉപയോഗിച്ച് പരീക്ഷിക്കുമ്പോള്‍ ഇതൊന്നും ഒരു പരിമിതിയാകുന്നില്ല. ലക്ഷക്കണക്കിന് തലമുറകളില്‍ സംഭവിക്കുന്ന ജനിതകമാറ്റം എന്താണെന്ന്, ഓരോ തലമുറയെയായി പരിശോധിക്കാന്‍ `അവിദ' പ്രോഗ്രാം അവസരമൊരുക്കുന്നു.
ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത് ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ. യിലാണ്. കോശങ്ങള്‍ ഏതൊക്കെ പ്രോട്ടീനുകള്‍ നിര്‍മ്മിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളെല്ലാം ഡി.എന്‍.എ.യിലാണുള്ളത്. ഈ രീതിയില്‍ ചിന്തിച്ചാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് ജൈവലോകവുമായി അസാമാന്യ സാമ്യമുള്ളതായി കാണാം. കാരണം കമ്പ്യൂട്ടര്‍ എങ്ങനെ വിവരങ്ങള്‍ പരുവപ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍പ്രോഗ്രാമിലാണ് കുടികൊള്ളുന്നത്. ഡി.എന്‍.എ.യിലുള്ള നിര്‍ദ്ദേശങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്താണ്; അതേ ജനിതക നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ സന്തതിക്ക് രൂപം നല്‍കുക എന്നതാണ്. ഒരു ജീവിയുടെ ജിനോം(പൂര്‍ണ്ണ ജനിതകസാരം) സന്തതിയിലേക്കു പകരുന്നു. ഡി.എന്‍.എ.യിലടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒരു ചാനലായി കണക്കാക്കിയാല്‍, അതേ നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയൊരു ചാനലിന്റെ സൃഷ്‌ടിയാണ് അടുത്ത തലമുറയ്‌ക്ക് ജന്മം നല്‍കുമ്പോള്‍ സംഭവിക്കുന്നത്. അതോടൊപ്പം അവയ്‌ക്ക് `ജനിതകവ്യതികരണ'ത്തിന് സാധ്യതയുമുണ്ട്. ഇതേപോലെ, സ്വന്തം പകര്‍പ്പിനെ സ്വയം സൃഷ്‌ടിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം(കമ്പ്യൂട്ടര്‍ വൈറസുകള്‍ പോലെ), ജൈവരൂപങ്ങളോട് ഒരു പരിധി വരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ഇങ്ങനെ സ്വന്തം പകര്‍പ്പുകള്‍ സൃഷ്‌ടിക്കുന്നതിനൊപ്പം, `പരിസ്ഥിതി'ക്കനുസരിച്ച് `വ്യതികരണം' സാധ്യമാകുമെന്നു കൂടി വന്നാലോ? അത്തരം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ ജീവികളാണ് `അവിദ'യുടെ കാതല്‍.
തൊണ്ണൂറുകളില്‍ ഡോ. ചാള്‍സ് ഒഫ്രിയയുടെ മുന്‍ഉപദേശകന്‍ കൂടിയായ ഡോ. അദാമിയാണ് `അവിദ'യുടെ ആദ്യരൂപം സൃഷ്‌ടിച്ചത്. പരസ്‌പരം മത്സരിക്കുന്ന ഡിജിറ്റല്‍ ജീവികള്‍ക്ക് ഭക്ഷണമായി അല്ലെങ്കില്‍ പ്രതിഫലമായി `സംഖ്യകള്‍' ഇടയ്‌ക്കിടെ നല്‍കിയപ്പോള്‍ അവയ്‌ക്ക് പരിണാമം സംഭവിച്ച് പുതിയ രൂപങ്ങള്‍ ആകാനാരംഭിച്ചു. ആദ്യമൊന്നും ഈ ഡിജിറ്റല്‍ ജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് ഗവേഷകര്‍ക്ക് അറിയാമായിരുന്നില്ല. സംഖ്യകള്‍ നല്‍കുന്നതിനനുസരിച്ച് `ജിവികളു'ടെ പരിണാമവേഗം കൂടി. ആറുമാസം കൊണ്ട് ഇവ ഡാര്‍വിന്റെ സിദ്ധാന്തം പരിശോധിക്കാന്‍ പറ്റിയ ഉപാധിയാണെന്ന് ഗവേഷകര്‍ക്ക് ഉറപ്പായി. അങ്ങനെയാണ് ഡോ. ഒഫ്രിയയുടെ നേതൃത്വത്തില്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെ പിറവി.
പരിണാമവിരുദ്ധരുടെ ഒരു പ്രധാനവാദം, കണ്ണുപോലെ അല്ലെങ്കില്‍ മസ്‌തിഷ്‌കം പോലെ സങ്കീര്‍ണമായ ജൈവസംവിധാനം പരിണാമം വഴി ഉണ്ടാകില്ല എന്നതാണ്. ബുദ്ധിപൂര്‍വ്വമായ ഒരു ഇടപെടല്‍ കൊണ്ടേ അത് സാധായമാകൂ എന്നവര്‍ വിശ്വസിക്കുന്നു. ഇക്കാര്യമാണ് `അവിദ' ടീം ആദ്യം പരീക്ഷണവിധേയമാക്കിയത്. സങ്കീര്‍ണമായ അവയവങ്ങള്‍ ഡിജിറ്റള്‍ രൂപങ്ങളില്‍ സാധ്യമല്ല. പകരം, കൂടുതല്‍ നേട്ടമുണ്ടാകുമെന്നു കണ്ടാല്‍ (അനുകൂല സാഹചര്യമുണ്ടായാല്‍) ഡിജിറ്റല്‍ ജീവികള്‍ സങ്കീര്‍ണമായ ഓപ്പറേഷന്‍ നടത്താന്‍ പാകത്തില്‍ പരിണമിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. `ഈക്വല്‍സ്'(equals) എന്നറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ഇതിനായി ഉപയോഗിച്ചു. ഡോ. ഒഫ്രിയ എഴുതിയ ഏറ്റവും ചെറിയ `ഈക്വല്‍സി'ന് 19 വരി നീളമുണ്ടായിരുന്നു. അപ്രതീക്ഷിത `വ്യതികരണം' വഴി ഇത്തരമൊരു സങ്കീര്‍ണ ഓപ്പറേഷന്‍ ഡിജിറ്റല്‍ ജീവികള്‍ നടത്താനുള്ള സാധ്യത ആയിരം ട്രില്ല്യണ്‍ ട്രില്ല്യണിലൊന്ന്(ഒരു ട്രില്ല്യണ്‍= ഒരു ലക്ഷം കോടി) എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
ലളിതമായ ജൈവരൂപങ്ങളില്‍ നിന്ന് പരിണാമം വഴി സങ്കീര്‍ണ്ണ ജൈവസംവിധാനങ്ങള്‍ രൂപപ്പെടുമെന്ന ഡാര്‍വിന്റെ വാദം പരിശോധിക്കാന്‍, സാധാരണ ഓപ്പറേഷനുകള്‍ക്ക് ചെറിയ `പ്രതിഫലവും' സങ്കീര്‍ണമായവയ്‌ക്ക് വലിയ `പ്രതിഫലവും' അവിദ ടീം നിശ്ചയിച്ചു. ഇതുപ്രകാരം ഡിജിറ്റല്‍ ജീവികള്‍ക്ക് 16000 തലമുറകള്‍ തുടരാന്‍ അനുമതി നല്‍കി. എന്നിട്ട് ഇതേ പരീക്ഷണം 50 തവണ ആവര്‍ത്തിച്ചു. അമ്പതില്‍ 23 തവണയും ഡിജിറ്റല്‍ ജീവികള്‍ `ഈക്വല്‍സി'ന് തുല്ല്യമായ സങ്കീര്‍ണ ഓപ്പറേഷന് രൂപം നല്‍കിയതായി ഗവേഷകര്‍ കണ്ടു. പ്രതിഫലം കുറച്ചപ്പോള്‍ അവ ഒരിക്കലും സങ്കീര്‍ണമായ ഒന്നിനും രൂപം നല്‍കിയില്ല. മാത്രമല്ല, 23 തവണ സങ്കീര്‍ണ ഓപ്പറേഷന് അവ രൂപം നല്‍കിയത് ഒരേ വഴിയിലൂടെയല്ല എന്നും ഗവേഷകര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. മാത്രമല്ല, പ്രകടമായ ഒരു മാറ്റവും സംഭവിക്കാതെ ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ട ശേഷമാണ്, പെട്ടന്നാണ് അപ്രതിക്ഷിതമായാണ് പലപ്പോഴും വ്യതികരണം പ്രത്യക്ഷപ്പെടുന്നതും പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നതെന്നും `അവിദ' തെളിയിച്ചു(300 കോടി വര്‍ഷത്തെ മാറ്റമില്ലായ്‌മയ്‌ക്കു ശേഷം ഒരു കോടി വര്‍ഷം മാത്രം നീണ്ടു നിന്ന `കാംബ്രിയന്‍' യുഗത്തിന്റെ ആരംഭത്തില്‍ ഇന്നത്തെ ജീവികളുടെ പൂര്‍വികരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ അത്ഭുമില്ലെന്ന് സാരം).
സങ്കീര്‍ണത പരിണാമത്തിലൂടെ രൂപപ്പെടാം എന്നതു മാത്രമല്ല, ഒരേ ലക്ഷ്യത്തിലേക്ക് പല പരിണാമ വഴികളുണ്ടെന്ന ഡാര്‍വിന്റെ വാദവും ഈ പരീക്ഷണം ശരിവെയ്‌ക്കുന്നു എന്നാണ് ഡോ. ഒഫ്രിയ പറയുന്നത്. തങ്ങളുടെ പരീക്ഷണ ഫലം 2003-ല്‍(നേച്ചര്‍ മാഗസിനില്‍) ഡോ. ഒഫ്രിയും സംഘവും റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ ലോകമെങ്ങുമുള്ള പരിണാമവിരുദ്ധര്‍ അതിനെതിരെ രംഗത്തുവന്നു. ആയിരക്കണക്കിന് ഇ-മെയില്‍ സന്ദേശങ്ങള്‍ `ഇവല്യൂഷന്‍ ലാബി'ന്റെ വെബ്‌സൈറ്റിലെത്തി. `അവിദ' ടീം അവരുടെ സോഫ്‌ട്‌വേര്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ നല്‍കി. പരിണാമവിരുദ്ധര്‍ വീണ്ടും വീണ്ടും അത് ഡൗണ്‍ലോഡ് ചെയ്‌ത് പരീക്ഷിച്ചു നോക്കി. പക്ഷേ, ഇതുവരെ തങ്ങളുടെ പരീക്ഷണത്തില്‍ എന്തെങ്കിലും കാര്യമായ പിഴവു കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഡോ. ഒഫ്രി അഭിമാനത്തോടെ അറിയിക്കുന്നു.
ഡാര്‍വിന്‍ വിവരിച്ച സമ്പന്നമായ ഒരു കാടിന്റെ ചിത്രം എന്താണ്. പരസ്‌പരം സൂര്യപ്രകാശത്തിനായി മത്സരിക്കുന്ന പുല്‍ച്ചെടികളും വള്ളിച്ചെടികളും പന്നലുകളും കുറ്റിച്ചെടികളും വന്‍മരങ്ങളും എല്ലാം തിങ്ങിനിറഞ്ഞു വളരുന്ന ജൈവസംവിധാനം അല്ലെങ്കില്‍ ആവാസവ്യവസ്ഥ. അവയില്‍ ഏതെങ്കിലും ഒരെണ്ണത്തിന് നന്നായി സൂര്യപ്രകാശം ലഭിക്കാന്‍ സാധ്യത വര്‍ധിച്ചാല്‍ അവ മറ്റു ചെടികളെയെല്ലാം പിന്തള്ളി കാട് കീഴടക്കുന്നതായി കാണാം. അതിജീവനത്തിന്റെ മാര്‍ഗ്ഗത്തിന് ഊര്‍ജ്ജ ലഭ്യതയുമായി ബന്ധമുള്ളതുകോണ്ടാണിത്. കൂടുതല്‍ ഊര്‍ജ്ജലഭ്യതയുള്ള ഒരു ആവാസവ്യവസ്ഥ കൂടുതല്‍ സസ്യജനുസുകളെ പിന്തുണയ്‌ക്കേണ്ടതാണെന്ന് പരിസ്ഥിതിശാസ്‌ത്രജ്ഞര്‍ക്ക് അറിയാം. എന്നാല്‍, കൂടുതല്‍ ഉത്‌പാദനക്ഷമതയാര്‍ജ്ജിക്കുന്നതോടെ ഒരു ആവാസവ്യവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കുന്ന സസ്യജാതികളുടെ സംഖ്യ കുറയുന്നു.ആര്‍ട്ടിക് തുന്ധ്രയാണെങ്കിലും പുല്‍മേടുകളാണെങ്കിലും ഈ രീതി പ്രകടമാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കാടുകളുടെ കാര്യത്തില്‍ ഡാര്‍വിന്‍ പറഞ്ഞതിന്റെ സാധ്യത പരിശോധിക്കാന്‍ അടുത്തയിടെ വരെ `അവിദ' ടീമിന് കഴിഞ്ഞിരുന്നില്ല. ഡിജിറ്റില്‍ ജീവികള്‍ക്ക് നിരന്തരമായി `ഭക്ഷണം'(സംഖ്യകള്‍) നല്‍കിയാല്‍, കാടിലെ സസ്യജനുസുകളെപ്പോലെ, അവ വിവിധരൂപങ്ങളായി പരിണമിക്കുമെന്ന് ഗവേഷകര്‍ നിഗമനത്തിലെത്തി. ഇതനുസരിച്ച് `അവിദ' ടീം അവരുടെ സോഫ്‌ട്‌വേറിനെ പുനസംവിധാനം ചെയ്‌തു. പരിമിതമായ `ഭക്ഷണം' മാത്രം നല്‍കിയപ്പോള്‍ ഡിജിറ്റല്‍ ജീവികളില്‍ പ്രകടമായ മാറ്റം കണ്ടില്ല. എന്നാല്‍, തുര്‍ച്ചയായി സുലഭമായി `ഭക്ഷണം' നല്‍കിയപ്പോള്‍ ജീവികള്‍ പരിണമിച്ച് വിവിധ രൂപങ്ങളായി മാറി. ആഗോള പരിസ്ഥിതിവ്യൂഹത്തില്‍ കാണപ്പെടുന്ന അതേ വൈവിധ്യം ഈ പരീക്ഷണത്തില്‍ സൃഷ്‌ടിക്കപ്പെട്ടതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയും ശരിയെന്നു തെളിയുന്നത് ഡാര്‍വിന്‍ തന്നെയാണ്.
ലൈംഗീകമാര്‍ഗ്ഗത്തിലൂടെ അല്ലാതെയും പുതിയ തലമുറയ്‌ക്ക് ജന്മം നല്‍കാനാകും. ബാക്‌ടീരിയയും പ്രോട്ടോസോവയുമൊക്കെ അതാണ് ചെയ്യുന്നത്. പലമരങ്ങളും ലൈംഗീകമാര്‍ഗ്ഗം വഴിയല്ല പുതിയ സന്തതിക്ക് രൂപം നല്‍കുന്നത്. വേരുകളില്‍ നിന്നും തണ്ടില്‍ നിന്നും ഇലയില്‍ നിന്നുമൊക്കെ അടുത്ത തലമുറ ജന്മമെടുക്കുകയാണ്. പിന്നെ എന്തുകൊണ്ട് ലൈംഗീകത(sex)? ലൈംഗീകതയുടെ പരിണാമവഴികള്‍ ഏതാണ്. 1964-ല്‍ ജര്‍മന്‍ ജൈവശാസ്‌ത്രജ്ഞനായ എച്ച്. ജെ. മുള്ളര്‍ ലൈംഗീകതയ്‌ക്ക് ഒരു വിശദീകരണവുമായി രംഗത്തെത്തി. ലൈംഗീകപ്രത്യുത്‌പാദനം നടത്തുന്ന ജീവികള്‍ അവയുടെ ജിനോമുകള്‍ പരസ്‌പരം കലര്‍ത്തുകയാണ് ചെയ്യുന്നത്. അതുവഴി ദോഷകരമായ ജനിതക വ്യതികരണങ്ങള്‍ തലമുറകളിലേക്കു പകരുന്നത് തടയാന്‍ ജീവികള്‍ക്കാകുന്നു എന്നാണ് മുള്ളര്‍ പറഞ്ഞത്. അതേസമയം, അലൈംഗിക പ്രത്യുത്‌പാദനം നടത്തുന്ന ജീവികളില്‍ എല്ലാ ജനിതകവ്യതികരണങ്ങളും, അത് മോശമായാലും നല്ലതാണെങ്കിലും, അതേപടി സന്തതികളിലേക്കു പകര്‍ത്തപ്പെടുന്നു. അതിനാല്‍ അവയ്‌ക്ക്, ലൈംഗീകത അവലംബിക്കുന്ന ജീവികളുടെ അത്രയും വിജയകരമായി പുനരുത്‌പാദനം സാധ്യമാകില്ലെന്ന് മുള്ളര്‍ വാദിച്ചു. എന്നുവെച്ചാല്‍, പ്രകൃതിനിര്‍ധാരണത്തിനുള്ള ഒരു കുറുക്കുവഴിയാണ് ലൈംഗീകതയെന്നു സാരം. മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ബയോളജിസ്റ്റ് ഡ്യൂസാന്‍ മിസേവിക് ഇക്കാര്യം `അവിദ' വഴി പരിശോധിക്കാന്‍ രണ്ടുവര്‍ഷം ചെലവിട്ടു. ഒടുവില്‍ മസേവിക് എത്തിയ നിഗമനം ഇതാണ്; സമഗ്രമായി പരിഗണിക്കുമ്പോള്‍ ലൈംഗീകത ഗുണകരമായി മാരുന്ന ഒട്ടേറെ പരിണാമ സാഹചര്യങ്ങള്‍ ഉണ്ട്.
ഇതുമാത്രമല്ല, ജനിതവ്യതികരണകസമ്മര്‍ദ്ദം വര്‍ധിച്ചാല്‍, അത്തരം സമ്മര്‍ദ്ദമില്ലാത്തെ ജീവികളെ അപേക്ഷിച്ച്, എന്തു വ്യത്യസ്‌ത ഫലമാണ് പരിണാമത്തിലുണ്ടാക്കുക. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയിലെ ചരിത്രപരമായ ബന്ധമെന്താണ്. പരിണാമവൃക്ഷത്തിന്റ ശാഖകള്‍ എങ്ങനെയാണ് പിരിഞ്ഞു തുടങ്ങിയത്. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അസാധാരണമായ സഹകരണത്തിനും സഹനത്തിനും പരിണാമത്തിന്റെ വശത്തുനിന്ന് എന്തു വിശദീകരണമാണ് നല്‍കാനാകുക. അത് പരീക്ഷിച്ചറിയാനാകുമോ. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും `അവിദ'യില്‍ നിന്ന് ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുന്നു. മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടെങ്കില്‍ അതെങ്ങനെയിരിക്കും? ഭൂമിയില്‍ ജീവന്റെ ഭാവിരൂപം എന്താണ്? തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും `അവിദ'യിലൂടെ ഉത്തരം തേടുകയാണ് ഗവേഷകര്‍. ഒരര്‍ത്ഥത്തില്‍, ഡാര്‍വിന്റെ സിദ്ധാന്തത്തിലെ പഴുതുകള്‍ക്ക് പരിഹാരമുണ്ടാകാനുള്ള കാത്തിരിപ്പ് അവസാനിക്കാറായി എന്നാണ് ഇക്കാര്യങ്ങള്‍ നല്‍കുന്ന സൂചന.
-മാതൃഭൂമി വാര്‍ഷികപ്പതിപ്പ് 2005-2006
കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം, ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കാന്‍ ചര്‍ച്ച്
3 comments:
നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിജ്ഞാനമോ അറിവോ ഇന്നത്തേതുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത കാലത്താണ് ഇപ്പോള്‍ പ്രചാരത്തിലുള്ള മതസംഹിതകളില്‍ മിക്കവയും രൂപമെടുത്തതെന്ന അടിസ്ഥാന വസ്‌തുത ഓര്‍ക്കാതെ, ഏത് പുതിയ വിജ്ഞാനശാഖയേയും മതത്തിന്റെ അളവുകോല്‍ വെച്ച് തിട്ടപ്പെടുത്തി സ്വീകരിക്കണോ വേണ്ടയോ എന്ന് തര്‍ക്കിക്കുന്നവരെ കാണുമ്പോള്‍, ഫ്രിഡ്‌ജിനെക്കുറിച്ച് തനിക്ക് ഒ്‌ന്നുമറിയില്ല എന്ന് പറയുന്ന, ഗുവറേഷിയുടെ കഥയിലെ, യേശുവിന്റെ വാചകമാണ് ഓര്‍മ്മവരിക. പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഈ തര്‍ക്കം എല്ലാ അതിരുകളും കടക്കുന്നു. മുന്‍വിധികളും ശാഠ്യങ്ങളും വാദങ്ങളെ കീഴ്‌പ്പെടുത്തുന്നു. സാമാന്യമായ ശാസ്‌ത്രാന്വേഷണ രീതികള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ചാള്‍സ് ഡാര്‍വിനുണ്ടായ ഏതോ വികലവെളിപാടില്‍ നിന്നാണ് പരിണാമസിദ്ധാന്തം രൂപം കൊണ്ടതെന്ന വാദമുയരുന്നു.
ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്
http://boldtechi.blogspot.com/
അപ്പ ദൈവം ചത്തുകിട്ടിയോ ?
ചാത്തന്‍സേവയ്ക്ക് ടൈമായി...പോട്ടെ :)
ഓഫ്/ഓണ്‍ : ഈ ലക്കം (ഡിസംബര്‍) സയന്റിഫിക് അമേരിക്കന്‍ ഇവല്യൂഷന്‍ പതിപ്പാണ്. ഒരു ഗംഭീരവെടിക്കെട്ട്. ഉഡായിപ്പ് ഡൗട്ടുകളുമായി നടക്കുന്ന ബൂലോഗ അണ്ണന്മാരൊക്കെ ഓരോന്ന് വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും. കുരങ്ങന്‍ മനുഷ്യനായതാണോന്നും ചോദിച്ചോണ്ട് കറങ്ങി നടക്കുന്ന നേരത്ത് ഇരുന്ന് വായിച്ചാല്‍ തലയ്ക്കകത്ത് ഇത്തിരി കാറ്റും വെട്ടോം കയറും.
Post a Comment