കുത്തക കമ്പനികളെപ്പോലെയാണ് മാരകരോഗങ്ങളും. 'ചെറുപ്പത്തിലേ പിടികൂടുക'യെന്നതാണ് കുത്തകകളുടെ വിപണന തന്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങളും നമ്മളെ ചെറുപ്പത്തിലേ പിടികൂടുന്നു. അതിന് പറ്റിയ ചില ജനിതക സവിശേഷതകള്‍ നമുക്കുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പത്തിലേ ആരംഭിക്കുന്ന മേലനങ്ങാശീലം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ആഴ്ചയില്‍ വെറും മൂന്നുമണിക്കൂര്‍ മാത്രം വീടിന് പുറത്ത് ചെലവിടുന്ന കൂട്ടികളെ സങ്കല്പ്പിച്ചു നോക്കൂ. എന്തുതരം വ്യായാമമാണ് അവര്‍ക്ക് ലഭിക്കുക ? തിരുവനന്തപുരം അച്യുതമേനോന് സെന്ററില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് കേരളത്തില്‍ നഗരങ്ങളിലെ കുട്ടികള്‍ ഈ അവസ്ഥയിലാണെന്നാണ്. അതേസമയം, ആഴ്ചയില്‍ 7-8 മണിക്കൂര്‍ ടിവിക്ക് മുന്നില്‍ കുട്ടികള്‍ ചെലവിടുന്നു.
മറ്റ് രാജ്യങ്ങളില്‍ 40 വയസ്സിന് ശേഷം ആരംഭിക്കുന്ന പല ജീവിതശൈലീരോഗങ്ങളും കേരളീയരെ 10 വര്‍ഷം മുമ്പേ പിടികൂടുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. `നാല്പത് കഴിഞ്ഞ് രക്താതിസമ്മര്‍ദവും പ്രമേഹവുമൊക്കെ ആയിക്കഴിഞ്ഞ് നടത്തമോ യോഗയോ ആരംഭിക്കാം. ഇതാണ് പലരുടെയും കണക്കുകൂട്ടല്‍. പക്ഷേ, ഒറ്റ ദിവസം കൊണ്ട് വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല ഈ ശീലം'-വത്സല ഗോപിനാഥ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്.
കേരളീയരെ സംബന്ധിച്ചിടത്തോളം ഷുഗറും കൊളസ്ട്രോളുമൊക്കെ നേരത്തെ ആരംഭിക്കുന്നതിനാല്‍, ഏതു തരത്തിലുള്ള വ്യായാമവും നേരത്തെ തുടങ്ങണം എന്ന് അച്യുതമേനോന് സെന്ററിലെ അഡീഷണല്‍ പ്രൊഫസറായ ഡോ. കെ. ആര്. തങ്കപ്പന് പറയുന്നു. `ഭാവിയില്‍ നിങ്ങള്‍ക്ക് അസുഖം വരില്ല എന്ന് പറഞ്ഞ് കഴിക്കാവുന്ന ഒരു മരുന്നുമില്ല. എന്നാല്‍, വ്യായാമം അതാണ്'-ബോഡി ബില്‍ഡര്‍ വി. എം. ബഷീറിന്റെ നിരീക്ഷണത്തെ ആധുനികശാസ്ത്രം ശരിവെക്കുന്നു.
വ്യായാമവേളയില്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ് കുറയും. നല്ല കൊളസ്ട്രോളിന്റെ (എച്ച്.ഡി.എല്‍) ആധിക്യമേറും. കൂടുതല്‍ രക്തചംക്രമണം നടക്കുന്നതിനാല്‍ ധമനികള്‍ വികസിക്കും. കൊഴുപ്പു നിക്ഷേപം വര്‍ധിച്ച് ധമനികളില്‍ തടസ്സമുണ്ടാകാന്‍ സാധ്യത കുറയും. ഹൃദ്രോഗസാധ്യതയാണ് ഇതുവഴി ഇല്ലാതാവുക. പ്രമേഹസാധ്യത അകന്നുപോകും. ചര്‍മത്തിന്റെ സൗന്ദര്യം കാക്കാന്‍ വ്യായാമം പോലെ മറ്റൊരു മാര്‍ഗമില്ല. ലൈംഗികാരോഗ്യം നിലനിര്‍ത്താനും വ്യായാമം ഉത്തമം. അതുവഴി ചെറുപ്പം നിലനിര്‍ത്താം.
വ്യായാമത്തിനൊപ്പം ഭക്ഷണശീലത്തിലും ചില കരുതലുകള്‍ കൈക്കൊള്ളാന്‍ നമുക്കിടയില്‍ ഒരു വിഭാഗം ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നവരുടെ സംഖ്യ സമീപകാലത്ത് ഏറിയിട്ടുണ്ട്. രുചി കൂട്ടുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കാന്‍ പലരും ശ്രദ്ധിക്കുന്നു. `ദിവസം ഒരു നേരം വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയ കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്'-തൃശ്ശൂര്‍ കണിമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഗാന്ധിജി പ്രകൃതി ചികിത്സാകേന്ദ്രത്തിലെ കല്യാണ്‍ ഉല്പലാക്ഷന് പറയുന്നു.
ഏതായാലും, തിന്നും കുടിച്ചും മേലനങ്ങാതെയും നമ്മള് നേടിയ സമ്പാദ്യത്തിന് നാമിപ്പോള്‍ പ്രായശ്ചിത്തം ചെയ്തുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ, അതായിരിക്കാം, ആരോഗ്യരംഗത്തെ പുതിയ കേരളമാതൃകയുടെ അടിത്തറ. (പരമ്പര അവസാനിച്ചു).
1 comment:
ആഴ്ചയില്‍ വെറും മൂന്നുമണിക്കൂര്‍ മാത്രം വീടിന് പുറത്ത് ചെലവിടുന്ന കൂട്ടികളെ സങ്കല്പ്പിച്ചു നോക്കൂ. എന്തുതരം വ്യായാമമാണ് അവര്‍ക്ക് ലഭിക്കുക ? തിരുവനന്തപുരം അച്യുതമേനോന് സെന്ററില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് കേരളത്തില്‍ നഗരങ്ങളിലെ കുട്ടികള്‍ ഈ അവസ്ഥയിലാണെന്നാണ്. അതേസമയം, ആഴ്ചയില്‍ 7-8 മണിക്കൂര്‍ ടിവിക്ക് മുന്നില്‍ കുട്ടികള്‍ ചെലവിടുന്നു.
Post a Comment