
ഇന്ത്യയിലും ബാംഗ്ലൂര്‍ പോലുള്ള വന്‍ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പക്ഷിക്കൂട് സൂപ്പ് ഒരു അപൂര്‍വ വിഭവമായി വിളമ്പാറുണ്ട്. ഈ വിഭവത്തിനുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഔഷധശേഷിയും വാജീകരണ ഗുണവുമാണ് വന്‍ വിലകൊടുത്ത് ഇത് വാങ്ങിക്കഴിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഈ സൂപ്പിന് അത്ഭുതസിദ്ധികളുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും രാസവിശകലനത്തിന് വിധേയമാക്കി നടത്തിയ പഠനങ്ങളിലൊന്നും പക്ഷിക്കൂട് സൂപ്പിന് എന്തെങ്കിലും ഔഷധശേഷിയോ പോഷക ഗുണങ്ങളോ ഉള്ളതായി തെളിഞ്ഞിട്ടില്ല. കരിങ്കുരങ്ങ് രസായനം പോലൊരു ഏര്‍പ്പാടാണിതെന്നു സാരം.
പക്ഷിക്കൂട് സൂപ്പെന്നാണ് പേരെങ്കിലും എല്ലാ പക്ഷികളുടെയും കൂട് സൂപ്പുണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. പനങ്കൂളന്റെ (പാം സ്വിഫ്റ്റ്) വര്‍ഗത്തില്‍പ്പെട്ട ചിത്രകൂടന്‍ ശരപ്പക്ഷികളുടെ (സ്വിഫ്റ്റ്ലെറ്റ്സ്) കൂടുകളാണ് സൂപ്പുണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കൊളോക്കാലിയ (Collocalia) ജനുസില്‍പ്പെട്ട പക്ഷികളാണിവ. നേര്‍ത്ത തൂവലുകളും അപ്പൂപ്പന്താടിപോലെ മൃദുവായ വസ്തുക്കളുമുപയോഗിച്ച് ഈ പക്ഷികള്‍ നിര്‍മിക്കുന്ന കൂടുകള്‍ക്ക് കോപ്പയുടെ ആകൃതിയാണുള്ളത്. കൂടിനെ ഈ ആകൃതിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പക്ഷികള്‍ അവയുടെ വായില്‍നിന്ന് ഊറിവരുന്ന പശയടങ്ങിയ ദ്രാവകമാണ് ഉപയോഗിക്കുന്നത്. ചെങ്കുത്തായ പാറപ്പുറങ്ങളിലും ഗുഹകളിലുമൊക്കെ ചിത്രകൂടന്‍ പക്ഷികള്‍ അവയുടെ കൂടുകള്‍ ഒട്ടിച്ചുവെക്കുന്നു.

വന്‍വില കൊടുത്ത് മോഹമരുന്നുകള്‍ വാങ്ങി ആരോഗ്യം വര്‍ധിപ്പിക്കാനുള്ള ആളുകളുടെ പ്രവണതയെ ചൂഷണം ചെയ്യുന്നതിനൊപ്പം പക്ഷിക്കൂട് സൂപ്പ് വിപണി ഒരു വന്‍പരിസ്ഥിതി പ്രശ്നം കൂടിയാണ്. കൂടുകള്‍ ആളുകളുടെ തീന്മേശയിലെത്തുമ്പോള് പ്രതിസന്ധിയിലാകുന്നത് ചിത്രകൂടന്‍ ശരപ്പക്ഷിയുടെ നിലനില്‍പ്പാണ്. ഹോങ്കോങില്‍ 1992-1998 കാലയളവില്‍ മാത്രം 70 കോടി ഡോളര്‍ വിലമതിക്കുന്ന 985 ടണ്‍ പക്ഷിക്കൂടുകള്‍ ഇറക്കുമതി ചെയ്തതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യു. ഡബ്ല്യു. എഫ്) പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വിലയാണ് ഇത്തരം പക്ഷിക്കൂടിനുള്ളത്. ഒരു കിലോ പക്ഷിക്കൂടിന് ഒരുകിലോ വെള്ളിയുടെ വില കിട്ടുമെന്ന് സാരം. ബോര്‍ണിയോ ദ്വീപുകളിലെ ആളുകളുടെ മുഖ്യ വരുമാനമാര്‍ഗങ്ങളിലൊന്ന് തന്നെ സൂപ്പിനുള്ള പക്ഷിക്കൂടുകള്‍ ശേഖരിച്ച് കയറ്റിയയ്ക്കുക എന്നതാണ്. ചിത്രകൂടന്‍ ശരപ്പക്ഷികള്‍ വന്‍തോതില്‍ കൂടുകൂട്ടുന്ന ഗുഹകള്‍ ബോര്‍ണിയോ അധികൃതര്‍ ലേലം ചെയ്ത് കൊടുക്കാറുമുണ്ട്.
പക്ഷിക്കൂട് സൂപ്പിനോടുള്ള ആളുകളുടെ ഭ്രമം കൂടുന്നതിനനുസരിച്ച് ചിത്രകൂടന്‍ ശരപ്പക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നതാണ് വാസ്തവം. 1962-1990 കാലയളവില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ ഈ പക്ഷികളുടെ സംഖ്യ 73 ശതമാനം കുറഞ്ഞതായി സിങ്കപ്പൂര്‍ നാഷണല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കി. ഇക്കാരണങ്ങളാല്‍ പക്ഷിക്കൂടിന്റെ വിപണനം വംശനാശം നേരിടുന്ന വന്യജീവികളുടെ വിപണനം തടയാനുള്ള 'സൈറ്റ്സ്' (CITES) പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
കേരളത്തില്‍ വയനാട്ടില്‍നിന്ന് ചിത്രകൂടന്‍ ശരപ്പക്ഷികളുടെ കൂടുകള്‍ വന്‍തോതില്‍ കൊള്ളയടിക്കപ്പെടുന്നുണ്ട്. തിരുനെല്ലിക്കടുത്തുള്ള പക്ഷിപാതാളത്തില്‍ നിന്നാണ് പക്ഷിക്കൂടുകള്‍ മോഷ്ടിക്കപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ പക്ഷിക്കൂടുകള്‍ പക്ഷിപാതാളത്തില്നിന്നുള്ളതായിരുന്നു. മഹാരാഷ്ട്രയില്‍ വെങ്കുര്ളാ പാറകളിലും ചിത്രകൂടന്‍ ശരപക്ഷികള്‍ ധാരാളമായി കൂടുകൂട്ടുന്നുണ്ട്.
പക്ഷിക്കൂട് സൂപ്പ് മനുഷ്യന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നു മാത്രമല്ല, അത് ഭൂമിയുടെ ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഈ മേഖലയില്‍ നടക്കുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
-മാതൃഭൂമി ആരോഗ്യരംഗം, ആഗസ്ത് 22, 2004
1 comment:
വന്‍വില കൊടുത്ത് മോഹമരുന്നുകള്‍ വാങ്ങി ആരോഗ്യം വര്‍ധിപ്പിക്കാനുള്ള ആളുകളുടെ പ്രവണതയെ ചൂഷണം ചെയ്യുന്നതിനൊപ്പം പക്ഷിക്കൂട് സൂപ്പ് വിപണി ഒരു വന്‍പരിസ്ഥിതി പ്രശ്നം കൂടിയാണ്. കൂടുകള്‍ ആളുകളുടെ തീന്മേശയിലെത്തുമ്പോള് പ്രതിസന്ധിയിലാകുന്നത് ചിത്രകൂടന്‍ ശരപ്പക്ഷിയുടെ നിലനില്‍പ്പാണ്.
Post a Comment