Tuesday, September 30, 2008

ശ്യാമളന്റെ 'അടയാളങ്ങളും' വിളവലയങ്ങളും

നിഗൂഢത മുറ്റിനില്‍ക്കുന്ന പ്രതിഭാസങ്ങളാണ്‌ വിളവലയങ്ങള്‍. അന്യഗ്രഹജീവികളാണ്‌ അതിന്‌ പിന്നിലെന്ന്‌ വിശ്വസിക്കുന്ന ആയിരങ്ങളുണ്ട്‌. ഇംഗ്ലണ്ടിന്റെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ ഈ പ്രതിഭാസം വലിയൊരു ടൂറിസ്റ്റ്‌ ആകര്‍ഷണവും വരുമാനമാര്‍ഗവുമാണ്‌.
ഒരു ദിവസം നേരം പുലരുമ്പോള്‍ തന്റെ വയലില്‍ അസാധാരണവും നിഗൂഢവുമായ 'വിളവലയങ്ങള്‍' (Crop Circles) കാണേണ്ടി വരുന്ന അവിശ്വാസിയായ ഒരു മുന്‍പാതിരിയുടെ കഥയാണ്‌, മനോജ്‌ നൈറ്റ്‌ ശ്യാമളന്‍ ഹോളിവുഡ്‌ ഹിറ്റായ 'സൈന്‍സ്‌' (അടയാളങ്ങള്‍) എന്ന ചിത്രത്തില്‍ പറയുന്നത്‌. കാറപകടത്തില്‍ ഭാര്യ നഷ്ടമായതോടെ, വിശ്വാസം നഷ്ടമാകുന്ന ഗ്രഹാം ഹെസ്സ്‌ എന്ന പെന്‍സില്‍വാനിയാ പാതിരിക്ക്‌, തന്റെ കൃഷിയിടത്തില്‍ അന്യഗ്രഹജീവികള്‍ സൃഷ്ടിച്ച 'വലയങ്ങള്‍' പ്രത്യക്ഷപ്പെടുന്നതോടെയുണ്ടാകുന്ന ധാര്‍മിക പ്രതിസന്ധിയാണ്‌ ചിത്രത്തിന്റെ കാതല്‍. ഗ്രഹാമിന്റെ ധാര്‍മിക പ്രതിസന്ധിയില്‍നിന്ന്‌ ആഴത്തിലുള്ള സസ്‌പെന്‍സ്‌ സൃഷ്ടിച്ചെടുക്കുകയാണ്‌ ശ്യാമളന്‍ ചെയ്‌തിരിക്കുന്നതെന്ന്‌ നിരൂപകര്‍ വിലയിരുത്തുന്നു.

ഒരുപക്ഷേ, വിളവലയങ്ങള്‍ പ്രമേയമാക്കുന്ന ഒരു ഹോളിവുഡ്‌ ചിത്രം ആദ്യമായിട്ടാവും പുറത്തുവരുന്നത്‌. അതുകൊണ്ടുതന്നെ 'അഗ്രിഗ്ലിഫ്‌സ്‌' എന്ന പേരിലും അറിയപ്പെടുന്ന വിളവലയപ്രതിഭാസം പാശ്ചാത്യലോകത്ത്‌ വീണ്ടും ചര്‍ച്ചയാകാന്‍, ശ്യാമളന്റെ ചിത്രം നിമിത്തമായി. രാത്രിയുടെ മറവില്‍, ധാന്യവയലുകളില്‍ നിഗൂഢമാം വിധം പ്രത്യക്ഷപ്പെടുന്ന പടുകൂറ്റന്‍ വൃത്തരൂപങ്ങളോ വൃത്തരൂപങ്ങള്‍ ചേര്‍ന്ന ചിത്രലിപികളോ ആണ്‌ വിളവലയങ്ങള്‍. സാധാരണ വൃത്തങ്ങള്‍ മുതല്‍, ഏതാണ്ട്‌ 1200 മീറ്റര്‍ നീളവും രണ്ടുലക്ഷം ചതുരശ്രഅടി പ്രദേശത്തു വ്യപിച്ചതുമായ 'വലയങ്ങള്‍'വരെ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ഗോതമ്പ്‌ പാടങ്ങളിലോ ഓട്‌സ്‌ പോലുള്ള ധാന്യങ്ങള്‍ വിതച്ചിട്ടുള്ള വയലുകളിലോ ആണ്‌ ഈ നിഗൂഢ പ്രതിഭാസം പ്രത്യക്ഷപ്പെടാറ്‌. ധാന്യച്ചെടികളെ ഒടിക്കാതെ, പ്രത്യേകരീതിയില്‍ ചായ്‌ച്ചുവെച്ച്‌ കൃത്യമായ ആകൃതികളും കുറ്റമറ്റ ചിത്രരൂപങ്ങളും നിര്‍മിക്കുകയാണ്‌ വിളവലയ നിര്‍മാതാക്കള്‍ ചെയ്യുക. ആകാശത്തുനിന്ന്‌ നോക്കുമ്പോള്‍ അപൂര്‍വമായ ലാന്‍സ്‌കേപ്പ്‌ ചിത്രങ്ങളായി ഇവ കാണപ്പെടും. ദക്ഷിണ ഇംഗ്ലണ്ടാണ്‌ ഈ പ്രതിഭാസത്തിന്റെ ആസ്ഥാനം. ഓസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ചൈന, റഷ്യ, അമേരിക്ക തുടങ്ങി നിരവധി രാഷ്ട്രങ്ങളില്‍ ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഏതെങ്കിലും പ്രാചീനസ്‌മാരകങ്ങള്‍ക്ക്‌ സമീപമാണ്‌ പ്രത്യക്ഷപ്പെടാറുള്ളത്‌ എന്ന കാര്യം ഇവയുടെ നിഗൂഢത വര്‍ധിപ്പിക്കുന്നു. 4600 വര്‍ഷം പഴക്കമുള്ള നവശിലായുഗ സ്‌മാരകമായ 'സ്റ്റോണ്‍ഹെന്‍ജ്‌' ഉള്‍പ്പടെ നിരവധി പ്രാചീനസ്‌മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന ദക്ഷിണ ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷീര്‍ ജില്ലയിലാണ്‌ ഏറ്റവുമധികം വിളവലയങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. 10,000-ത്തോളം വിളവലയങ്ങള്‍ ലോകത്താകമാനം പ്രത്യക്ഷപ്പെട്ടിട്ടുള്ളതില്‍ 90 ശതമാനവും ഇംഗ്ലണ്ടിലെ ധാന്യപാടങ്ങളിലാണ്‌ കാണപ്പെട്ടത്‌.
അറിയപ്പെടുന്ന ആദ്യ വിളവലയം 1647-ല്‍ ഇംഗ്ലണ്ടിലാണ്‌ ദൃശ്യമായത്‌. പലകാലങ്ങളില്‍ പിന്നീട്‌ ഈ പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 1970-കളിലാണ്‌ ധാന്യവയലുകളില്‍ ശ്രദ്ധേയവും വൈവിധ്യമാര്‍ന്നതുമായ വലയങ്ങള്‍ തുടരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്‌. ഈ പ്രതിഭാസത്തെപ്പറ്റിയുള്ള ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന 'ക്രോപ്പ്‌ സര്‍ക്കുലാര്‍' എന്ന വെബ്‌്‌സൈറ്റ്‌ നല്‍കിയിട്ടുള്ള ലഘുചരിത്ര വിവരണപ്രകാരം, 1972 ആഗസ്‌ത്‌ 12-ന്‌ ദക്ഷിണ ഇംഗ്ലണ്ടിലെ ഒരു വയലില്‍ 30 അടി വ്യാസമുള്ള വലയം പ്രത്യക്ഷപ്പെട്ടതോടെ, ആധുനിക വിളവലയകാലഘട്ടം ആരംഭിച്ചു. 1980-കളില്‍ വിളവലയങ്ങളുടെ വൈവിധ്യം വര്‍ധിച്ചുതുടങ്ങിയപ്പോഴാണ്‌ പാശ്ചാത്യലോകത്ത്‌ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ ശ്രദ്ധ ഈ വിഷയത്തിന്‌ ലഭിക്കുന്നത്‌.

കാലം കഴിയുന്തോറും വലയങ്ങളുടെ വൈവിധ്യവും വലിപ്പവും സങ്കീര്‍ണതയും ദൃശ്യചാരുതയും ഏറിവന്നു. 1990-കളോടെ ഓരോ വിളവലയവും ചിത്രലിപികളുടെയോ, പ്രാചീന ക്ഷേത്രഗണിതരൂപങ്ങളുടെയോ, നക്ഷത്രരാശികളുടെയോ അത്ഭുതാവഹമായ രൂപം പൂണ്ടുതുടങ്ങി. ദക്ഷിണഇംഗ്ലണ്ടില്‍ വില്‍റ്റ്‌ഷീര്‍ ജില്ലയിലെ മില്‍്‌ക്ക്‌ഹില്ലില്‍ 2001 ആഗസ്‌തില്‍ പ്രത്യക്ഷപ്പെട്ട വിളവലയത്തില്‍ 409 വൃത്തങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച്‌ ഹെക്ടര്‍ ധാന്യപാടത്ത്‌ പരന്നുകിടന്ന അതിന്റെ നീളം 243 മീറ്റര്‍ ആയിരുന്നു.

വിളവലയങ്ങള്‍ക്ക്‌ പിന്നില്‍ ആരാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നകാര്യം ഇന്നും വിവാദ വിഷയമാണ്‌. പ്രബലമായ രണ്ട്‌ വാദഗതികളാണ്‌ ഇക്കാര്യത്തിലുള്ളത്‌. അന്യഗ്രഹജീവികള്‍ പോലുള്ള ചില അഭൗമശക്തികളാണ്‌ വിളവലയങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ചില സന്ദേശങ്ങള്‍ ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നും ഉള്ളതാണ്‌ ആദ്യവാദഗതി. അതല്ല, രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില ലാന്‍സ്‌കേപ്പ്‌ ആര്‍ട്ടിസ്റ്റുകളാണ്‌ വിളവലയങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ്‌ രണ്ടാമത്തെ വാദം. (ശ്യാമളന്റെ ചിത്രത്തില്‍ അന്യഗ്രഹജീവികളാണ്‌ ഫാ. ഗ്രഹാമിന്റെ ചോളപ്പാടത്ത്‌ വലയങ്ങള്‍ സൃഷ്ടിക്കുന്നത്‌).
അന്യഗ്രഹജീവി സിദ്ധാന്തം അംഗീകരിക്കാത്തവര്‍, ആദ്യകാലത്ത്‌, മണ്ണിന്റെ ഗുണവ്യത്യാസം, കാമോത്സുകരായ പന്നികള്‍ നടത്തുന്ന അക്രമം, ചുഴലിക്കാറ്റുകള്‍ എന്നിങ്ങനെ പല സംഗതികള്‍ വിളവലയങ്ങള്‍ക്ക്‌ കാരണമായി പറഞ്ഞിരുന്നു. എന്നാല്‍ കുറ്റമറ്റതും അത്യന്തം സങ്കീര്‍ണവുമായ വലയങ്ങള്‍ പിന്നീട്‌ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ ഇത്തരം വാദഗതികള്‍ക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി. ഏറ്റവുമധികം വിളവലയങ്ങള്‍ പ്രത്യക്ഷപ്പെട്ട ബ്രിട്ടനില്‍ ജനങ്ങളുടെ ജിജ്ഞാസ ശമിപ്പിക്കാന്‍ മറ്റ്‌ മാര്‍ഗങ്ങള്‍ കാണാതെ, സൈന്യമാണ്‌ ഇതിന്‌ പിന്നില്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ എണ്‍പതുകളുടെ അവസാനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി.

അന്യഗ്രഹജീവി സിദ്ധാന്തത്തിന്‌ കനത്ത പ്രഹരമേല്‍ക്കുന്നത്‌, ഡൗഗ്‌ ബോവര്‍, ഡേവ്‌ ചോര്‍ലി എന്നീ ചിത്രകാരന്‍മാര്‍ വലയങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട്‌ 1991-ല്‍ രംഗത്തു വരുന്നതോടെയാണ്‌. ഇംഗ്ലണ്ടില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി രാത്രിയുടെ മറവില്‍ തങ്ങളാണ്‌ ഈ വലയങ്ങള്‍ സൃഷ്ടിച്ചതെന്ന്‌ അവര്‍ അവകാശപ്പെട്ടു. വിളവലയങ്ങള്‍ക്ക്‌ നിഗൂഢത ഉണ്ടായാലേ ജനങ്ങള്‍ ശ്രദ്ധിക്കൂ. അതുകൊണ്ടാണ്‌ തങ്ങള്‍ ഇതുവരെ ഇക്കാര്യം പരമ രഹസ്യമായി സൂക്ഷിച്ചിരുന്നതെന്ന്‌ അവര്‍ പറഞ്ഞു. 20-ാം നൂറ്റാണ്ടില്‍ ചിത്രകലാരംഗത്തുണ്ടായ ഏറ്റവും വലിയ സംഭാവനയായിപ്പോലും വിളവലയങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്‌. രാത്രിയുടെ മറവില്‍, അങ്ങേയറ്റം പ്രതിബദ്ധതയോടെ വിളവലയങ്ങള്‍ സൃഷ്ടിക്കുന്ന ആര്‍ട്ടിസ്‌റ്റുകളുടെ മൂന്നോ നാലോ സംഘങ്ങള്‍ ഇന്ന്‌ ഇംഗ്ലണ്ടില്‍ സജീവമാണ്‌.

എന്നാല്‍, ആര്‍ട്ടിസ്‌റ്റുകളുടെ ഈ അവകാശവാദം അംഗീകരിക്കാത്ത ആയിരക്കണക്കിനാളുകളുണ്ട്‌. 'ക്രോപ്പികള്‍' എന്നാണ്‌ അവര്‍ അറിയപ്പെടുന്നത്‌. വിളവലയങ്ങള്‍ മനുഷ്യനിര്‍മിതമല്ലെന്നും ഏതോ അഭൗമശക്തികളാണ്‌ ഇതിന്‌ പിന്നിലെന്നും ക്രോപ്പികള്‍ വാദിക്കുന്നു. ഈ നിലപാട്‌ അംഗീകരിക്കുന്ന ഒരു വിളവലയപഠനശാഖയും ഉണ്ട്‌; 'സെറിയോളജി'. ഒറ്റ രാത്രികൊണ്ട്‌ കുറ്റമറ്റ നിലയില്‍ സങ്കീര്‍ണവലയങ്ങള്‍ പാടങ്ങളില്‍ നിര്‍മിക്കുക മനുഷ്യസാധ്യമല്ലെന്നാണ്‌ ക്രോപ്പികള്‍ വിശ്വസിക്കുന്നത്‌. മാത്രമല്ല, വലയങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രാത്രികളില്‍ പാടങ്ങള്‍ക്ക്‌ മീതെ സ്വയം പ്രകാശിക്കുന്ന ചില മഞ്ഞ ഗോളങ്ങള്‍ കാണപ്പെട്ടതായും അസാധാരണ ശബ്ദങ്ങള്‍ കേട്ടതായും നായകള്‍ വിചിത്രമായ രീതിയില്‍ കരഞ്ഞതായും മറ്റുമുള്ള സാക്ഷ്യങ്ങളും ക്രോപ്പികള്‍ ഹാജരാക്കുന്നുണ്ട്‌.

ഏതായാലും ശരി, വിളവലയ പ്രതിഭാസത്തിന്റെ ആസ്ഥാനമെന്ന്‌ കരുതുന്ന ദക്ഷിണ ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷീര്‍ ജില്ലയില്‍, ഈ വലയങ്ങള്‍ ഇപ്പോള്‍ വലിയൊരു ടൂറിസ്‌റ്റ്‌ ആകര്‍ഷണവും വരുമാന മാര്‍ഗവുമാണ്‌. ഏപ്രില്‍ മുതല്‍ സപ്‌തംബര്‍ വരെയാണ്‌ വിളവലയങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സീസണ്‍. ഈ കാലയളവില്‍ ആയിരക്കണക്കിനാളുകള്‍ വലയങ്ങള്‍ കാണാനെത്തുന്നു. വിളവലയങ്ങള്‍ വലിയൊരു ഊര്‍ജകേന്ദ്രമാണെന്നു വിശ്വസിക്കുന്ന നൂറുകണക്കിനാളുകള്‍, ഈ വലയങ്ങളിലിരുന്ന്‌ ധ്യാനിക്കാനും പ്രാര്‍ഥിക്കാനും ആത്മാക്കളുമായി ആശയവിനിമയം നടത്താനുമൊക്കെയാണ്‌ എത്തുന്നത്‌. തങ്ങളുടെ കൃഷിയടത്തിലെ വിളവലയത്തില്‍ പ്രവേശിക്കാന്‍ ചില കര്‍ഷകര്‍ ഫീസും ഈടാക്കാറുണ്ട്‌.

ഏറെ വിവാദം സൃഷ്ടിച്ച ഈ പ്രതിഭാസത്തെ ആധാരമാക്കി ആദ്യമായി നിര്‍മിക്കപ്പെടുന്ന ഹോളിവുഡ്‌ ചിത്രം ശ്യാമളന്റെ 'സൈന്‍സ്‌' ആണെന്നത്‌ വിചിത്രമായി തോന്നാം. അമേരിക്കയില്‍ ഈ പ്രതിഭാസം വളരെ അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നതാവാം ഇതിന്‌ കാരണമെന്ന്‌ കരുതപ്പെടുന്നു. വിളവലയങ്ങള്‍ പ്രമേയമാക്കിയ മറ്റ്‌ രണ്ട്‌ ചിത്രങ്ങളും ഈ വര്‍ഷം പുറത്തുവരുന്നുണ്ട്‌; വില്യം ഗസെക്കി നിര്‍മിച്ച 'ക്രോപ്പ്‌ സര്‍ക്കിള്‍സ്‌: ക്വെസ്റ്റ്‌ ഫോര്‍ ട്രൂത്ത്‌' എന്ന ഡോക്യുമെന്ററിയും ഏറ്റവും കൂടുതല്‍ വിളവലയങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ദക്ഷിണഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷീര്‍ ജില്ലയെ ലൊക്കേഷനാക്കി നിര്‍മിച്ച 'എ പ്ലേസ്‌ ടു സ്റ്റേ'യും.

ഏതായാലൂം, 1991-ല്‍ ചിത്രകാരന്‍മാരുടെ വെളിപ്പെടുത്തലോടെ പാശ്ചാത്യര്‍ക്കിടയില്‍ തെല്ലൊന്നു കെട്ടടങ്ങിയ വിളവലയവിവാദം വീണ്ടും സജീവമാകാന്‍ മാഹിക്കാരനായ മനോജ്‌ ശ്യാമളന്റെ ചിത്രം നിമിത്തമായിരിക്കുന്നു.

-മാതൃഭൂമി വാരാന്തപ്പതിപ്പ്‌, സപ്‌തംബര്‍ 1, 2002

1 comment:

JA said...

വിളവലയങ്ങള്‍ക്ക്‌ പിന്നില്‍ ആരാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നകാര്യം ഇന്നും വിവാദ വിഷയമാണ്‌. പ്രബലമായ രണ്ട്‌ വാദഗതികളാണ്‌ ഇക്കാര്യത്തിലുള്ളത്‌. അന്യഗ്രഹജീവികള്‍ പോലുള്ള ചില അഭൗമശക്തികളാണ്‌ വിളവലയങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ചില സന്ദേശങ്ങള്‍ ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നും ഉള്ളതാണ്‌ ആദ്യവാദഗതി. അതല്ല, രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില ലാന്‍സ്‌കേപ്പ്‌ ആര്‍ട്ടിസ്റ്റുകളാണ്‌ വിളവലയങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ്‌ രണ്ടാമത്തെ വാദം. നിഗൂഢത പേറുന്ന വിളവലയ പ്രതിഭാസത്തെക്കുറിച്ച്‌...