Friday, January 16, 2009

ബ്ലോഗിങ്‌-ആത്മപ്രകാശനത്തിന്റെ സൈബര്‍ രൂപം

(മുന്നറിയിപ്പ്‌: പഴയ ലേഖനമാണിത്‌. വസ്‌തുതകളിലും വിവരങ്ങളിലും അത്‌ പ്രതിഫലിക്കുക സ്വാഭാവികം മാത്രം.)

The traditional paper says, 'I produce, you read' but we say, 'we produce, we read and we change the world together'-Oh Yeon Ho, Editor of 'Ohmynews'

ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ 2004-ല്‍ മെറിയാം വെബ്‌സ്റ്റര്‍ കമ്പനി കണ്ടെത്തിയ വാക്കാണ്‌ 'ബ്ലോഗ്‌' (blog). തങ്ങളുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ അര്‍ഥം തേടിയ പദം എന്ന നിലയ്‌ക്ക്‌ 2004-ലെ ഇംഗ്ലീഷ്‌ വാക്കായി 'ബ്ലോഗി'നെ കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. മെറിയാം വെബ്‌സ്റ്റര്‍ നിഘണ്ടുവിന്റെ 2005 പതിപ്പില്‍ 'ബ്ലോഗ്‌' ഉള്‍പ്പെടുത്താനും തീരുമാനിച്ചു. സാധാരണഗതിയില്‍ പുതിയൊരു വാക്ക്‌ കുറഞ്ഞത്‌ 20 വര്‍ഷം 'ജീവിച്ചിരുന്നാലേ' അതിന്‌ നിഘണ്ടുവില്‍ ഇടം ലഭിക്കൂ. അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ 'ബ്ലോഗ്‌' പിറന്ന്‌ വീണിട്ട്‌. ഇത്ര ചുരുങ്ങിയ കാലംകൊണ്ട്‌ അതിന്‌ നിഘണ്ടുവില്‍ പ്രവേശനം ലഭിച്ചതിന്റെ അര്‍ഥം, 'ബ്ലോഗ്‌' എന്നത്‌ അത്ര പ്രധാന്യം കൈവരിച്ചു കഴിഞ്ഞു എന്നാണ്‌.

'വെബ്‌ ലോഗ്‌' (web log) എന്നതിന്റെ ചുരുക്കരൂപമാണ്‌ 'ബ്ലോഗ്‌'. വെബ്ബ്‌ ജേര്‍ണല്‍ എന്നും അവയെ വിളക്കാറുണ്ട്‌. ഒരു വ്യക്തിയുടെ ചിന്തകളും വിചാരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുകയും, അവ തുടര്‍ച്ചയായി നവീകരിക്കുകയും, സമാനസ്വഭാവമുള്ള മറ്റ്‌ സൈറ്റുകളിലെക്ക്‌ കവാടം സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ള സ്വകാര്യ വെബ്ബ്‌സൈറ്റാണ്‌ 'ബ്ലോഗ്‌' എന്ന്‌ വെബ്‌സ്‌റ്റര്‍ നിഘണ്ടു നിര്‍വചിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ആത്മപ്രകാശനത്തിനും ആശയവിനിമയത്തിനുമുള്ള പുത്തന്‍ ഉപാധിയാണ്‌ ബ്ലോഗുകള്‍. വ്യക്തപരമായ തരത്തിലുള്ള, ഒരിനം അമേച്വര്‍ പത്രപ്രവര്‍ത്തനമായും ബ്ലോഗുകള്‍ മാറാറുണ്ട്‌. 'ഒരാള്‍ പറയാനാഗ്രഹിക്കുന്ന കാര്യം, എവിടെ പ്രസിദ്ധീകരിക്കണമെന്നറിയാത്ത കാര്യം, പ്രസിദ്ധീകരിക്കാന്‍ ഒരുപക്ഷേ ആരും സമ്മതിക്കാത്ത കാര്യം' -അതാണ്‌ ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നവയെന്ന്‌ ഇന്റര്‍നെറ്റ്‌ നിരീക്ഷകര്‍ പറയുന്നു. ബ്ലോഗുകള്‍ രചിക്കുന്നയാളാണ്‌ ബ്ലോഗര്‍; ആ പ്രക്രിയ ബ്ലോഗിങ്‌ എന്നറിയപ്പെടുന്നു.

തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ യാഥാര്‍ഥ്യമാകുന്നത്‌. അതേ സമയത്തുതന്നെ ബ്ലോഗുകളുടെ ആദ്യരൂപവും നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1994 അവസാനം ജസ്‌റ്റിന്‍ ഹാള്‍, കരോലിന്‍ ബുര്‍ക്കെ എന്നിവര്‍ ചേര്‍ന്ന്‌ അവരുടെ ഡയറിക്കുറിപ്പുകള്‍ തുടര്‍ച്ചയായി നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ബ്ലോഗിങിന്റെ ജനനം എന്ന്‌ കരുതപ്പെടുന്നു. 'വെബ്‌ ലോഗ്‌' എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ 'റോബര്‍ട്ട്‌ വിസ്‌ഡം വെബ്‌ ലോഗി'ന്റെ എഡിറ്റര്‍ ജോണ്‍ ബാര്‍ഗര്‍ ആണ്‌.

1998-ല്‍ ആകെ മുപ്പതിനായിരം വെബ്‌ ലോഗുകളാണ്‌ നെറ്റില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ 50 ലക്ഷമാണെന്ന്‌ ബ്ലോഗുകളെപ്പറ്റി പഠനം നടത്തുന്ന 'ടെക്‌നോറാറ്റി' (Technorati) കണക്കുകൂട്ടുന്നു. യു.എസ്‌.ഗവേഷകസ്ഥാപനങ്ങളായ 'പ്യൂ ഇന്റര്‍നെറ്റ്‌', 'അമേരിക്കന്‍ ലൈഫ്‌' എന്നിവ സംയുക്തമായി നടത്തിയ പഠനപ്രകാരം, ഓരോ 5.8 സെക്കന്‍ഡിലും ഓരോ പുതിയ ബ്ലോഗ്‌ സൃഷ്ടിക്കപ്പെടുന്നു!

ആദ്യമൊക്കെ കൗമാരപ്രായക്കാരുടെ വെറുമൊരു ഹോബി മാത്രമായി അവഗണിക്കപ്പെട്ട ബ്ലോഗിങിന്റെ യഥാര്‍ഥ സാധ്യതകള്‍ വെളിവായിത്തുടങ്ങിയത്‌, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മറ്റ്‌ സങ്കേതങ്ങളുടെ വികാസത്തോടെയാണ്‌. പ്രത്യേകിച്ചും റിയലി സിംപിള്‍ സിന്‍ഡിക്കേഷന്‍ (ആര്‍.എസ്‌.എസ്‌) എന്ന സങ്കേതമാണ്‌ ബ്ലോഗുകള്‍ സൃഷ്ടിക്കുകയും പങ്കുവെയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ അതീവ ലളിതമാക്കിയത്‌. സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ തന്റെ സൃഷ്ടികള്‍ വെബ്ബില്‍ പ്രസിദ്ധീകരിക്കുക വളരെ ശ്രമകരമാണ്‌. സ്വന്തമായി സൈറ്റ്‌ വേണം, സെര്‍വര്‍ വേണം, സാങ്കേതിക പരിജ്ഞാനം വേണം. എന്നാല്‍, ബ്ലോഗിങിന്റെ ആവര്‍ഭാവത്തോടെ ഇവയെല്ലാം അപ്രസക്തമായി. ഒരു സാങ്കേതികജ്ഞാനവുമില്ലാത്തയാള്‍ക്കും സ്വന്തം രചനകള്‍ വെബ്ബില്‍ സൗജന്യമായി പ്രസിദ്ധീകരിക്കാനും മറ്റുള്ളവരിലെത്തിക്കാനും ബ്ലോഗിങ്‌ അവസരമൊരുക്കുന്നു. നിങ്ങള്‍ക്കൊരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനുമുണ്ടെങ്കില്‍, കോളമെഴുത്തുകാരനോ വിശകലന വിദഗ്‌ധനോ പ്രസാധകനോ ഒക്കെയാകാന്‍ നിങ്ങളെ ബ്ലോഗിങ്‌ സഹായിക്കും.

തുടക്കം തൊണ്ണൂറുകളിലാണെങ്കിലും, പുതിയ നൂറ്റാണ്ടോടെയാണ്‌ ബ്ലോഗിങ്‌ എന്നത്‌ സൈബര്‍സ്‌പേസിലെ ഒരു വിസ്‌മയമായി മാറിയത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ലോകത്തിന്‌ കരുതിവെച്ച അത്ഭുതങ്ങളിലൊന്നാണ്‌ ബ്ലോഗിങ്‌ എന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇനിയും പൂര്‍ണമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ വ്യാഖ്യാനിക്കാനും മനസിലാക്കാനും ശ്രമം നടക്കുമ്പോള്‍ തന്നെ, വ്യാഖ്യാനങ്ങളെ അപ്രസക്തമാക്കും വിധം ബ്ലോഗുകളുടെ എണ്ണവും വൈവിധ്യവും വര്‍ധിക്കുന്നു.

ആരും കരുതിയിരുന്നില്ല, സൈബര്‍സ്‌പേസിലെ പുതിയ പ്രതിഭാസം അതിന്റെ യഥാര്‍ഥ സാധ്യത കണ്ടെത്തുക സാക്ഷാല്‍ സദ്ദാം ഹുസൈന്റെ ബാഗ്‌ദാദില്‍ നിന്നായിരിക്കും എന്ന്‌. 2002 സപ്‌തംബറില്‍ 'സലാം പാക്‌സ്‌' എന്ന പേരില്‍ ഒരു അജ്ഞാതന്‍ 'ബാഗ്‌ദാദ്‌ ബ്ലോഗര്‍' എന്ന പേരിലൊരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ലോകം പുതിയൊരു മാധ്യമസാധ്യതയുടെ പിറവി ദര്‍ശിക്കുകയായിരുന്നു. സദ്ദാമിന്റെ അന്ത്യനാളുകളില്‍ ബാഗ്‌ദാദ്‌ എങ്ങനെയായിരുന്നു എന്നതിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം (മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും തരാന്‍ കഴിയാത്തത്‌) സലാം പാക്‌സ്‌ ലോകത്തിന്‌ നല്‍കി. ശരാശരി ഇറാഖികളുടെ വിഹ്വലതകളും ഉത്‌ക്കണ്‌ഠകളും ആശങ്കകളും ബാഗ്‌ദാദ്‌ ബ്ലോഗറിലൂടെ ലോകമറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിന്റെ യഥാര്‍ഥ വസ്‌തുതകളും മറ്റ്‌ മാധ്യമങ്ങള്‍ക്കൊന്നും നല്‍കാന്‍ കഴിയാത്തത്ര ഹൃദ്യമായി വിനിമയം ചെയ്യാന്‍ സലാം പാക്‌സിനായി.

ഒന്നാം ഗള്‍ഫ്‌ യുദ്ധകാലത്ത്‌ യുദ്ധം 'ലൈവ്‌' ആയി പ്രേക്ഷകന്‌ മുന്നിലെത്തിച്ച്‌ സി.എന്‍.എന്നും അതിന്റെ അധിപന്‍ ടെഡ്‌ ടേര്‍ണറും നായകരായെങ്കില്‍, രണ്ടാം ഗള്‍ഫ്‌ യുദ്ധത്തില്‍ മാധ്യമലോകത്തിന്‌ ലഭിച്ച നായകനാണ്‌ സലാംപാക്‌സ്‌. 'ബാഗ്‌ദാദ്‌ ബ്ലോഗറെ'പ്പറ്റി രചിക്കപ്പെട്ട 'സലാംപാക്‌സ്‌: ദി ക്ലാന്‍ഡെസ്റ്റൈന്‍ ഡയറി ഓഫ്‌ ആന്‍ ഓര്‍ഡിനറി ഇറാഖി' എന്ന പുസ്‌തകം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു. ആ ഗ്രന്ഥമിപ്പോള്‍ ഒരു ചലച്ചിത്രമാവുകയാണ്‌.

കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും പക്ഷേ, ബ്ലോഗുകള്‍ക്ക്‌ മാധ്യമപദവി കിട്ടുന്നത്‌ (കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും), കഴിഞ്ഞ വര്‍ഷം (2004) നടന്ന യു.എസ്‌.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പോടെയാണ്‌. ഡെമോക്രാറ്റിക്‌ കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 30 ബ്ലോഗര്‍മാര്‍ക്കും അക്രെഡിറ്റെഷന്‍ നല്‍കിയത്‌ ചരിത്രസംഭവമായി. ക്യാമറാഫോണുകളുടെ സഹായത്തോടെ അവിടെ നടന്ന സംഭവങ്ങള്‍ വളരെ വേഗം നെറ്റിലെത്തിച്ച്‌ ബ്ലോഗര്‍മാര്‍ കഴിവു തെളിയിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ ബുഷിന്റെയും ജോണ്‍ കെറിയുടെയും പക്ഷത്തുള്ളവര്‍ വെവ്വേറെ ബ്ലോഗുകള്‍ സൃഷ്ടിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ബി.ബി.സി.പോലുള്ള മാധ്യമസ്ഥാപനങ്ങള്‍, സ്വന്തം റിപ്പോര്‍ട്ടര്‍മാരോട്‌ തന്നെ തിരഞ്ഞെടുപ്പു ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ ചട്ടംകെട്ടി. അങ്ങനെ ശരിക്കും ഒരു സമാന്തര മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവമാര്‍ജിക്കാന്‍ യു.എസ്‌.തിരഞ്ഞെടുപ്പോടെ ബ്ലോഗിങിനായി.

2004 ഡിസംബര്‍ 26-ന്‌ ഇന്ത്യന്‍മഹാസമുദ്രമേഖലയിലുണ്ടായ സുനാമി ദുരന്തത്തിന്‌ ശേഷം, കാണാതായവരെ കണ്ടെത്താനും ദുരിതബാധിതര്‍ക്ക്‌ സഹായമെത്തിക്കാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്ലോഗര്‍മാര്‍ മറ്റുള്ളവരെ കടത്തിവെട്ടി. ഡയാന മേത്ത, പീറ്റര്‍ ഗ്രിഫിന്‍, ശ്രീലങ്കന്‍ ടെലിവിഷന്‍ നിര്‍മാതാവ്‌ ഡി മായിയോ എന്നിവരും ന്യൂഡല്‍ഹിയിലെ ഒരുസംഘം വിദ്യാര്‍ഥികളും സംയുക്തമായി രൂപംനല്‍കിയ 'സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ എര്‍ത്ത്‌ക്വേക്ക്‌ ആന്‍ഡ്‌ സുനാമി വെബ്ബ്‌ലോഗ്‌'(SEA-EAT) എന്ന ബ്ലോഗ്‌ ദുരിതബാധിതര്‍ക്ക്‌ രക്ഷാമാര്‍ഗമായി മാറുകയായിരുന്നു.

അടുത്തകാലം വരെ വന്‍കിട മാധ്യമങ്ങളോ വന്‍കിട കമ്പനികളോ ബ്ലോഗുകളെ ഗൗരവത്തോടെ കണ്ടിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പ്രമുഖപത്രങ്ങളുടെയും ടി.വി.ചാനലുകളുടെയും വെബ്ബ്‌സൈറ്റുകള്‍, ബ്ലോഗിങ്‌ സമ്പ്രദായംകൂടി സൈറ്റുകളില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍. ബ്ലോഗിങ്‌ സങ്കേതമുപയോഗിച്ചുള്ള ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. തെക്കന്‍ കൊറിയയില്‍നിന്നുള്ള www.ohmynews.com ഉദാഹരണം. ഓ ഇയോണ്‍ ഹോ എഡിറ്റുചെയ്യുന്ന ഈ വാര്‍ത്താസൈറ്റ്‌ തുടക്കത്തില്‍ 722 സിറ്റിസണ്‍ റിപ്പോര്‍ട്ടര്‍മാരുടെ സഹായത്താലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇപ്പോള്‍ അതിലെ റിപ്പോര്‍ട്ടര്‍മാരുടെ സംഖ്യ 3500 ആണ്‌. ബ്ലോഗിങിന്റെ സങ്കേതം പ്രയോജനപ്പെടുത്തി രംഗത്തെത്തിയ മറ്റൊരു വാര്‍ത്താസൈറ്റാണ്‌ 'വിക്കിന്യൂസ്‌' (wikinews).

രാജ്യത്തിന്റെ വിദൂരകോണുകളില്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ മുഖ്യധാരാമാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ പോലും ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്‌. 'ഞങ്ങള്‍ മാത്രം, വേറാരുമില്ല' എന്ന പരമ്പരാഗത മാധ്യമങ്ങളുടെ ഗര്‍വ്വിനാണ്‌ ഇത്തരം സമീപനത്തിനു മുന്നില്‍ ഉടവുതട്ടുന്നത്‌. മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ ബ്ലോഗുകള്‍ വഴി പലപ്പോഴും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.

-പത്രപ്രവര്‍ത്തകന്‍, മാര്‍ച്ച്‌ 2005

2 comments:

Joseph Antony said...

ഒന്നാം ഗള്‍ഫ്‌ യുദ്ധകാലത്ത്‌ യുദ്ധം 'ലൈവ്‌' ആയി പ്രേക്ഷകന്‌ മുന്നിലെത്തിച്ച്‌ സി.എന്‍.എന്നും അതിന്റെ അധിപന്‍ ടെഡ്‌ ടേര്‍ണറും നായകരായെങ്കില്‍, രണ്ടാം ഗള്‍ഫ്‌ യുദ്ധത്തില്‍ മാധ്യമലോകത്തിന്‌ ലഭിച്ച നായകനാണ്‌ സലാംപാക്‌സ്‌. 'ബാഗ്‌ദാദ്‌ ബ്ലോഗറെ'പ്പറ്റി രചിക്കപ്പെട്ട 'സലാംപാക്‌സ്‌: ദി ക്ലാന്‍ഡെസ്റ്റൈന്‍ ഡയറി ഓഫ്‌ ആന്‍ ഓര്‍ഡിനറി ഇറാഖി' എന്ന പുസ്‌തകം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു.

Siju | സിജു said...

ഒരു പഴയ കഥ കേട്ടതുപോലെ.. സമയത്തിനു വേഗത കൂടിയതു കൊണ്ടാകും :-)