
ബഹിരാകാശ പര്യവേക്ഷണവാഹനങ്ങളും റേഡിയോ ടെലസ്കോപ്പുകളും എടുത്തിട്ടുള്ള ഭൗമേതരദൃശ്യങ്ങള് കണ്ട് പ്രപഞ്ചത്തിന്റെ വര്ണപ്പൊലിമയെപ്പറ്റി അത്ഭുതം കൂറുന്നവര്‍ അറിയുക, ആ ചിത്രങ്ങളിലെ നിറങ്ങളില്‍ മിക്കതും വ്യാജമാണ്. ജ്യോതിശ്ശാസ്ത്രഗവേഷകര് തങ്ങളുടെ യുക്തിക്കനുസരിച്ച് സന്നിവേശിപ്പിച്ച നിറങ്ങള്‍ മാത്രമാണ് ഗ്രഹങ്ങളുടെയും നെബുലകളുടെയും നക്ഷത്രസമൂഹങ്ങളുടെയുമൊക്കെ ചിത്രങ്ങളിലുള്ളത് !
1969 ജൂലായില്‍ നീല്‍ ആംസ്ട്രോങും എഡ്വിന് ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയപ്പോഴാകാം, പ്രപഞ്ചത്തിന്റെ വര്‍ണരാഹിത്യം മനുഷ്യന് ആദ്യമായി നേരിട്ട് അറിഞ്ഞിരിക്കുക. നീലാകാശം മനസില്‍ താലോലിച്ച് ചന്ദ്രനിലിറങ്ങിയവര്ക്ക് മുകളില്‍ അവിശ്വസനീയമാംവിധം കറുത്ത ആകാശം പടര്‍ന്നു പന്തലിച്ചു കിടന്നു. കറുപ്പിന്റെ തണലില്‍ പ്രാചീനമായ നിശബ്ദത മൂടിക്കെട്ടിയ നരച്ച ഗ്രഹോപരിതലവും. ചക്രവാളത്തില്‍ ഒരു പവിഴഗോളം പോലെ ഭൂമി ഉദിച്ചുയരുന്നത് അവര്‍ കണ്ടു എന്നതാണ് മറ്റൊരു വസ്തുത.
1977-ല്‍ വൊയേജര്‍ ഒന്നും, വൊയേജര്‍ രണ്ടും സൗരയൂഥത്തിന്റെ കാണാപ്പുറങ്ങള്‍ തോടി യാത്രതിരിച്ചു. വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ മുതലായ ഗ്രഹങ്ങളുടെ സമീപദൃശ്യങ്ങള്‍, എണ്‍പതുകളുടെ അവസാനത്തോടെ ഈ ബഹിരാകാശ പര്യവേക്ഷണവാഹനങ്ങള് ഭൂമിയിലേക്ക് അയച്ചു. സൗരയൂഥത്തില്‍ ഭൂമിയൊഴികെയുള്ള ഗ്രഹങ്ങള്‍ എത്രമാത്രം നിറം കെട്ടവയാണെന്ന് ശാസ്ത്രലോകത്തെ ബോധ്യപ്പെടുത്താന്‍ പോന്നവയായിരുന്നു ആ ചിത്രങ്ങള്‍.
അങ്ങനെയെങ്കില്‍ ശുക്രഗ്രഹത്തിന് എങ്ങനെയാണ് ഓറഞ്ചും നീലയും കലര്‍ന്ന നിറമുണ്ടായത് ? നെപ്ട്യൂണിന് ചുവപ്പു കലര്‍ന്ന ആകാശനീലിമ കൈവന്നത് എന്തുകൊണ്ട് ? യുറാനസ് ഒരു പച്ച ഗ്രഹമായത് എങ്ങനെ ? വാസ്തവത്തില്‍ വൊയേജര്‍ അയച്ചുതന്ന ചിത്രങ്ങളില്‍ ഈ നിറങ്ങളൊന്നുമില്ലായിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ 'നാസ'യിലെ ഗവേഷകരാണ്, ഗ്രഹചിത്രങ്ങളില്‍ വര്ണംകലര്ത്തി അവയെ അണിയിച്ചൊരുക്കിയത്. ഉദാഹരണത്തിന് ശുക്രഗ്രഹത്തിന്റെ കാര്യം എടുക്കുക. ഈ ഗ്രഹത്തിന്റെ ഇന്‍ഫ്രാറെഡ് ഫോട്ടോകളില്‍, ശുക്രന് ചുറ്റും ചില വാതകപടലങ്ങള്‍ കാണപ്പെട്ടു. നഗ്നനേത്രങ്ങള്‍ക്ക് ഈ പടലങ്ങള്‍ അദൃശ്യമാണ്, അതിനാല്‍ നിറവുമില്ല. പക്ഷേ, ഈ വാതകപടലങ്ങള്‍ക്ക് നാസ ഗവേഷകര്‍ നീലയും ഓറഞ്ചും കലര്‍ന്ന വര്‍ണം നല്കി. അങ്ങനെ ശുക്രഗ്രഹം നിറമുള്ള ഒന്നായി (ചിത്രങ്ങളിലൂടെ) ലോകം കാണാന്‍ തുടങ്ങി.
1989-ല്‍ വൊയേജര്‍ രണ്ട് നെപ്ട്യൂണിന്റെ ചിത്രം ഭൂമിയിലേക്ക് അയയ്ക്കുന്നതുവരെ ആ ഗ്രഹം മങ്ങിയ നിറമില്ലാത്ത ഒന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ നമ്മള് കാണുന്ന ചിത്രങ്ങളില്‍ നെപ്ട്യൂണിന് ചുവപ്പു കലര്‍ന്ന ആകാശനീലിമയാണ്. യുറാനസിന് ഇളംപച്ചനിറമുണ്ടായതും ഇങ്ങനെ തന്നെ !

നിര്മിക്കപ്പെട്ടിട്ടുള്ളതില് ഏറ്റവും ശക്തമായ എക്സ്റേ ടെലസ്കോപ്പാണ് 'ചന്ദ്ര'. നോബല്‍സമ്മാന ജേതാവായ സുബ്രഹ്മണ്യന് ചന്ദ്രശേഖറുടെ സ്മരണാര്‍ഥം നാസ നിര്‍മിച്ച ആ ടെലസ്കോപ്പ് 1999 ജൂലായിലാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഇതിനകം ചന്ദ്ര ഭൂമിയിലേക്കയച്ച നിരവധി ചിത്രങ്ങളിലൊരെണ്ണം 'ക്രാബ് നെബുല'യുടേതാണ്. എ.ഡി. 1054-ല്‍ ഉണ്ടായ സൂപ്പര്‍നോവയുടെ അവശിഷ്ടമാണ് ഈ നെബുല. ഭൂമിയില്‍നിന്ന് ആറായിരം പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ക്രാബ്നെബുലയുടെ ചന്ദ്രയെടുത്ത ചിത്രം മഴവില്ലിന്റെ ചാരുതയോടെയാണ് നമ്മള് കണ്ടത്. പക്ഷേ, യാഥാര്‍ഥ്യം എന്താണ് ? ഇതൊരു എക്സ്റേ ചിത്രമാണ്. അതിനാല്‍ അതിന് ഒരു നിറവും ഉണ്ടാവുക സാധ്യമല്ല. ചിത്രത്തില്‍ നമ്മള് കാണുന്ന വര്‍ണരാജി, കേംബ്രിഡ്ജിന്റെ സ്മിത്സോണിയന് അസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററിയിലെ ചന്ദ്ര എക്സ്റേ സെന്ററില്‍വെച്ച് നല്‍കിയതാവാനാണ് സാധ്യത. ചന്ദ്ര അയച്ച എല്ലാ ചിത്രങ്ങളുടെയും കഥ ഇതുതന്നെയാണ്; ഇനി അയയ്ക്കാന്‍ പോകുന്നവയുടെയും !
പ്രപഞ്ചത്തിന്റെ അനന്ത വിസ്തൃതിയിലേക്ക് മനുഷ്യഭാവനയെയും വിജ്ഞാനത്തെയും വ്യാപിപ്പിച്ചതില്‍ സമീപകാലത്ത് ഏറ്റവും വലിയ പങ്കുവഹിച്ചത് 'ഹബ്ബിള്‍ ടെലസ്കോപ്പാ'ണ്. ഭൗമാന്തരീക്ഷത്തിന് വെളിയില്‍നിന്ന് ഈ ടെലസ്കോപ്പ് പിടിച്ചെടുത്ത പ്രാപഞ്ചികദൃശ്യങ്ങള്‍ പുതിയൊരവബോധം തന്നെ സൃഷ്ടിച്ചു. 1990-ലാണ് ടെലസ്കോപ്പിനെ ഭ്രമണപഥത്തിലെത്തിച്ചത്. ഹബ്ബിള്‍ ടെലസ്കോപ്പ് പകര്‍ത്തിയ ഏറ്റവും അവിസ്മരണീയമായ ദൃശ്യങ്ങളിലൊന്ന് 1995-ല്‍ അയച്ച 'ഈഗിള്‍ നെബുല'യുടെ ദൃശ്യമായിരുന്നു. ഈഗിള്‍ നെബുലയില്‍ പുതിയ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന 'സൃഷ്ടിഗോപുരങ്ങളു'ടെ ദൃശ്യം. വാതക-ധൂളീകണങ്ങളുടെ തണുത്ത സാന്ദ്രമായ മേഘപടലങ്ങള്‍. സ്വര്‍ഗീയമായ വര്‍ണവിന്യാസം ഈ ചിത്രത്തെ ഒരു ദൃശ്യവിസ്മയം തന്നെയാക്കിമാറ്റി. ഹബ്ബിള്‍ ടെലസ്കോപ്പ് എടുത്ത ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായി ഈഗിള്‍ നെബുലയുടെ ഈ ദൃശ്യം.
പക്ഷേ, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജെഫ് ഹെസ്റ്ററും പോള്‍ സ്കോവെനും തങ്ങളുടെ ക്രിയാത്മകത പ്രയോഗിച്ചില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ. കറുത്തു നരച്ച, അങ്ങേയറ്റം അനാകര്‍ഷകമായ ഒരു ദൃശ്യം മാത്രമായി മാറിയേനെ ഈഗിളിന്റെ ചിത്രം (ഡിസ്കവര്, സപ്തംബര്‍ 1999). കാരണം, ഹബ്ബിള്‍ ടെലസ്കോപ്പ് അയച്ച യഥാര്‍ഥ ചിത്രം അങ്ങനെയുള്ളതാണ്. ഈ ഗവേഷകര്‍ വ്യത്യസ്ത ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് നെബുലചിത്രത്തിന്റെ വിവിധ പതിപ്പുകള്‍ തയ്യാറാക്കി. ഓരോ പതിപ്പിനും ഫില്ട്ടറിനനുസരിച്ച് ഓരോ നിറം നല്കി. എന്നിട്ട്, വിവിധ നിറങ്ങളിലുള്ള ഈ ദൃശ്യങ്ങളെല്ലാം ഒന്നായി സന്നിവേശിപ്പിച്ചു. ഈഗിള്‍ നെബുലയുടെ വിസ്മയകരമായ ദൃശ്യമാണ് അപ്പോള്‍ ലഭിച്ചത്. ലോകം കണ്ടത് ഈ ദൃശ്യമാണ്. ശാസ്ത്രം കാണുന്ന കാര്യങ്ങള്‍ക്ക്, കലയുടെ കരങ്ങള്‍കൊണ്ട് മിഴിവു നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ഭൗമേതര ദൃശ്യങ്ങളിലെ നിറങ്ങള്‍ വ്യാജമാണെങ്കിലും ഇക്കാര്യം ചില ആശയക്കുഴപ്പത്തിന് വഴിവെയ്ക്കുന്നുവെങ്കിലും പ്രപഞ്ചത്തെ ഇങ്ങനെ ചായംപൂശാന്‍ ആളില്ലായിരുന്നെങ്കില്‍ ജ്യോതിശ്ശാസ്ത്രം തന്നെ എത്ര വിരസമായിപ്പോയേനെ !
-മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 14-20, 2000
2 comments:
പച്ചവെള്ളത്തിന്റെ രുചിയെന്താണെന്ന് വിവരിക്കുന്നതുപോലെ ദുഷ്ക്കരമാണ് പ്രപഞ്ചത്തിന്റെ നിറമെന്താണെന്ന് വര്‍ണിക്കുന്നത്. ഭൂമിയെന്ന ഗ്രഹത്തില്‍ ജീവിക്കുന്നതിനാല്‍ എന്തും വര്‍ണാഭമായി കാണാനാണ് മനുഷ്യന് താത്പര്യം. ആകാശനീലിമയും ഋതുക്കളുടെ ചാരുതയും ജീവലോകത്തെ ഒടുങ്ങാത്ത വര്‍ണവൈവിധ്യവും കണ്ട് വളര്‍ന്ന മനുഷ്യന്, പ്രപഞ്ചം നിറംകെട്ട ഒന്നാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍, സത്യമതാണ്. സ്ഥലകാലങ്ങളുടെ അനന്തതയില്‍ കുടുങ്ങി, വര്‍ണരാഹിത്യത്തിന്റെ വിരസത മുറ്റിനില്ക്കുന്ന ഒന്നാണ് പ്രപഞ്ചം. ദൃശ്യങ്ങളുടെ പ്രകാശവര്‍ഷങ്ങള്‍ നീളുന്ന ആവര്‍ത്തനം.
പ്രപഞ്ചം വര്‍ണാഭം തന്നെ. അത് കാണാന്‍ നമ്മുടെ കണ്ണിനു കഴിവില്ല എന്നു മാത്രം. അതുകൊണ്ടല്ലേ ക്രിത്രിമമായ ആനക്കണ്ണുകള്‍ (ആന്റിന!)വച്ച് നാം കാണുന്നത്.
Post a Comment