Wednesday, February 10, 2010

ദേശാടനപക്ഷികള്‍ക്ക് കരയാനറിയില്ല


പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട യുദ്ധമാണ് അഫ്ഗാനിസ്താനിലേത്. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ നടത്തുന്ന ശത്രുസംഹാരതാണ്ഡവങ്ങള്‍ക്ക് നേരിട്ട് സാക്ഷികളാകാനാവാതെ പാര്‍ശ്വദൃശ്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത് തൃപ്തിയടയാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു ലോകമാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍, അഫ്ഗാനിലെ യഥാര്‍ഥ ബോംബിങ് നേരിട്ടറിഞ്ഞ ചിലരെ ഒരുപക്ഷേ, നമ്മുടെ നാട്ടിലിപ്പോള്‍ കണ്ടെത്താനാകും; കാട്ടാമ്പള്ളിയിലെ മരച്ചില്ലകളിലോ, കടലുണ്ടിപ്പുഴയുടെ അഴിമുഖത്തോ, വേമ്പനാട്ടു കായലിന്റെ തീരങ്ങളിലോ - ദീര്‍ഘമായ ദേശാടനത്തിനിടയില്‍, അമേരിക്കന്‍ ബോംബിങിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചിറകുകള്‍ കൊത്തിച്ചിനക്കുകയാവാം അവര്‍!

അഫ്ഗാനിലെ യുദ്ധം നിരപരാധികളെ കൊലചെയ്യുന്നതിനൊപ്പം, അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനൊപ്പം, ദേശാടനപക്ഷികളുടെ നിലനില്‍പ്പിനും ഭീഷണിയാവുകയാണ്. സൈബീരിയയില്‍ നിന്നും കാസ്പിയന്‍ മേഖലയില്‍ നിന്നും കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും എത്തുന്ന പതിനായിരക്കണക്കിന് പക്ഷികളുടെ മുഖ്യദേശാടനപാത അഫ്ഗാനിസ്താനിലൂടെയാണ്. ദേശാടനം ആരംഭിക്കുന്നത് ശൈത്യകാലത്തിന് തൊട്ടുമുമ്പാണ്. ദൈര്‍ഭാഗ്യവശാല്‍ അഫ്ഗാനില്‍ അമേരിക്ക ബോംബിങ് ആരംഭിച്ചിരിക്കുന്നതും ഈ സമയത്താണ്.

ആഗസ്ത് അവസാനം ദേശാടനപക്ഷികള്‍ നമ്മുടെ നാട്ടിലെത്തി തുടങ്ങും. നവംബര്‍ പകുതിയോടെ വരവ് പൂര്‍ത്തിയാകും. സൈബീരിയയിലും സമീപ പ്രദേശത്തും ശൈത്യം തുടങ്ങുന്ന കാലയളവാണിത്. കൊടുംതണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍, ചൂടുകാലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ ഈ പക്ഷികള്‍ തിരികെ യാത്രയാകും; തങ്ങളെ വിരുന്നൂട്ടിയ ഈ നാട്ടിലേക്ക് അടുത്ത സീസണില്‍ വീണ്ടും മടങ്ങിയെത്താന്‍!

രാജസ്ഥാനിലെ ഭരത്പൂര്‍, വടക്കാന്‍ ഗുജറാത്തിലെ കച്ച് മേഖല, അഹമ്മദാബാദിന് സമീപമുള്ള തോള്‍ തടാകം, ദക്ഷിണേന്ത്യയിലെ തണ്ണീര്‍തടങ്ങള്‍ ഇവയൊക്കെ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. കേരളത്തില്‍ കണ്ണൂരിലെ കാട്ടാമ്പള്ളിയും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയും വേമ്പനാട് കായല്‍ മേഖലയിലെ കുമരകം, പാതിരാമണല്‍ മുതലായ സ്ഥലങ്ങളും, എറണാകുളം ജില്ലയിലെ അമ്പലമേട്, തൃശ്ശൂരിലെ കോള്‍നിലങ്ങള്‍ എന്നിവിടങ്ങളും ദേശാടനപക്ഷികളുടെ അറിയപ്പെടുന്ന താവളങ്ങളാണ്. കോഴിക്കോട് ജില്ലയില്‍ പയ്യോളിക്ക് സമീപമുള്ള കൊളാവിപ്പാലം കടപ്പുറത്തെ കോട്ടപ്പുഴ അഴിമുഖവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പക്ഷിത്താവളമാണെന്ന് സുവോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകനും പക്ഷിനിരീക്ഷകനുമായ ജാഫര്‍ പാലോട്ട് പറയുന്നു.

മാര്‍ച്ചില്‍ തിരികെ പോകാന്‍ കാലമാകുമ്പോഴേക്കും നൂറുകണക്കിന് ടണ്‍ കാഷ്ഠവും മറ്റ് ജൈവാവശിഷ്ടങ്ങളും നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍ ദേശാടനപക്ഷികള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകും. എത്രയോ ടണ്‍ കീടനാശിനി പ്രയോഗിച്ചാലും നശിപ്പിക്കാനാവാത്തത്ര കീടങ്ങളെ അവ തിന്നുതീര്‍ത്തിട്ടുണ്ടാകും. നമ്മുടെ നാടിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പിന് ദേശാടനപക്ഷികള്‍ അനിവാര്യമാകുന്നത് ഇതുകൊണ്ടുകൂടിയാണ്.

എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ദേശാടനപ്രക്രിയ ഈ സീസണില്‍ പക്ഷേ, വ്യത്യസ്തമാണ്. ഒക്ടോബര്‍ ഏഴിന് അമേരിക്ക അഫ്ഗാനില്‍ ബോംബ് വര്‍ഷം തുടങ്ങി.

അമ്പതോളം ഇനം ദേശാടനപക്ഷികളാണ് കേരളത്തില്‍ എത്തുന്നതായി പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഷൊവെല്ലര്‍ (Shoveller) എന്നയിനത്തെ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണെന്ന് ജാഫര്‍ പാലോട്ട് പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ദേശാടനപക്ഷികള്‍ എരണ്ടകള്‍ (teals) ആണ്. വലന്‍ എരണ്ടകളും വരിയിരണ്ടകളുമുണ്ട്. 1996-ല്‍ വെറ്റ്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ 'ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സര്‍വെ' പ്രകാരം രണ്ടിനം എരണ്ടകളും കൂടി 60,000 -ഓളം എണ്ണം കേരളത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍-നവംബര്‍ കാലയളവാണ് ഇവയുടെ ദേശാടന സമയം. അഫ്ഗാനില്‍ ബോംബുവര്‍ഷം നടക്കുന്നതും ഈ കാലയളവിലായതിനാല്‍ എരണ്ടകളുടെ വരവിനെയാകാം യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുണ്ടാവുക.

ഹിമാലയം എന്ന തടസ്സം ഇല്ലായിരുന്നെങ്കില്‍ ദേശാടനപക്ഷികള്‍ ഒരുപക്ഷേ അഫ്ഗാനിസ്താന്‍ ഒഴിവാക്കുമായിരുന്നു. താറാവ് ഇനത്തില്‍ പെട്ട ബാര്‍-ഹെഡഡ് ഗീസ് (bar-headed geese) പോലുള്ള അപൂര്‍വം ചില പക്ഷികളക്കേ ഹിമാലയത്തിന്റെ ഉയരങ്ങള്‍ താണ്ടി നേരിട്ട് ഇന്ത്യയിലെത്താനുള്ള ത്രാണിയുള്ളു (ബാര്‍-ഹെഡഡ് ഗീസ് 9000 മീറ്റര്‍ ഉയരത്തിലൂടെ പറക്കുന്നതായി ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്). ബാക്കിയുള്ള പതിനായിരക്കണക്കിന് പക്ഷികള്‍, ഹിമാലയത്തെ ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലും സമീപരാഷ്ട്രങ്ങളിലും എത്തുന്നു. ഈ മുഖ്യദേശാടനപാതയെ 'സെന്‍ട്രല്‍ ഏഷ്യാ-ഇന്ത്യ ഫ്‌ളൈവേ' എന്നാണ് വിളിക്കുക. ഈ ഫ്‌ളൈവെയിലെ മുഖ്യമേഖല അഫ്ഗാനിസ്താനാണ്.

വടക്കു നിന്നെത്തുന്ന കൊക്കുകള്‍ യാത്രാമധ്യേ ഇറാനിലെയും അഫ്ഗാനിലെയും വടക്കന്‍ പാകിസ്താനിലെയും ഇടത്താവളങ്ങളില്‍ ഏതാനും ദിവസം തമ്പടിച്ച് ഇരതേടി വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തുടരുക. അഫ്ഗാനിസ്താനിലെ പ്രസിദ്ധമായ 'അല്‍-അസ്തബ' ചതുപ്പ് പ്രദേശത്ത് ഏതാനും ദിവസം തങ്ങുന്ന സ്വഭാവം സൈബീരിയന്‍ കൊക്കുകള്‍ക്കുണ്ട്. ഇങ്ങനെ തങ്ങുന്ന വേളയില്‍ അഫ്ഗാനിലും ഇറാനിലും വെച്ച് വകതിരിവില്ലാതെ വേട്ടയ്ക്കിരയായതാണ്, ലോകത്തേറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളിലൊന്നായി സൈബീരിയന്‍ കൊക്കിനെ മാറ്റിയത്.

ഒരുപക്ഷേ, അമേരിക്ക ബോംബാക്രമണം തുടങ്ങിയിരുന്നില്ലെങ്കില്‍ കൂടി അഫ്ഗാനിലെ ഇടത്താവളങ്ങള്‍ ദേശാടനപക്ഷികള്‍ക്ക് ഇത്തവണ കഠിനമായ പരീക്ഷങ്ങളാകുമായിരുന്നു. കാരണം, മൂന്നു പതിറ്റാണ്ടിനിടെയിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണ് ഇപ്പോള്‍ അഫ്ഗാനിസ്താന്‍. മൂന്നുവര്‍ഷമായി അഫ്ഗാനിസ്താന്റെ പലഭാഗത്തും മഴ പെയ്തിട്ടില്ല.

അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഫ്ഗാന്‍ ആകാശം കീഴടക്കിയതോടെ സ്ഥിതിഗതികള്‍ അതിന്റെ പാരമ്യതയിലെത്തി. എത്രമാത്രം പക്ഷികള്‍ക്ക് അഫ്ഗാന്‍ ഒരുക്കിയ കഠിനപരീക്ഷകള്‍ അവഗണിച്ച് ഇത്തവണ ലക്ഷ്യത്തിലെത്തായെന്ന് പരിസ്ഥിതി വിദഗ്ധര്‍ക്കും നിശ്ചയമില്ല. കേരളത്തിലെത്തുന്ന ഈ ചിറകുള്ള വിരുന്നകാര്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അവര്‍ പറയുന്ന ഒരു വാചകം ഇങ്ങനെയായിരിക്കുമായിരുന്നു: 'ശരിക്കും നരകത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോന്നത്!'

-മാതൃഭൂമി വാരാന്തപ്പതിപ്പ്, നവംബര്‍ 18, 2001

1 comment:

JA said...

അഫ്ഗാനിലെ യുദ്ധം നിരപരാധികളെ കൊലചെയ്യുന്നതിനൊപ്പം, അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനൊപ്പം, ദേശാടനപക്ഷികളുടെ നിലനില്‍പ്പിനും ഭീഷണിയാവുകയാണ്. സൈബീരിയയില്‍ നിന്നും കാസ്പിയന്‍ മേഖലയില്‍ നിന്നും കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും എത്തുന്ന പതിനായിരക്കണക്കിന് പക്ഷികളുടെ മുഖ്യദേശാടനപാത അഫ്ഗാനിസ്താനിലൂടെയാണ്. ദേശാടനം ആരംഭിക്കുന്നത് ശൈത്യകാലത്തിന് തൊട്ടുമുമ്പാണ്. ദൈര്‍ഭാഗ്യവശാല്‍ അഫ്ഗാനില്‍ അമേരിക്ക ബോംബിങ് ആരംഭിച്ചിരിക്കുന്നതും ഈ സമയത്താണ്.