Thursday, October 29, 2009

ക്യോട്ടോ ഉടമ്പടി ഭൂമിയെ തണുപ്പിക്കുമോ?

കോപ്പന്‍ഹേഗനില്‍ 2009 ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ആകാംക്ഷയോടെ കാക്കുകയാണ്. ആഗോളതാപനം ചെറുക്കാന്‍ ക്യോട്ടോ ഉടമ്പടിക്ക് ശേഷം എന്തുവേണം എന്ന് തീരുമാനിക്കാനുള്ള സുപ്രധാന ഉച്ചകോടിയാണ് ഡിസംബറിലേത്. ഈ പശ്ചാത്തലത്തില്‍, ക്യോട്ടോ ഉച്ചകോടിയെക്കുറിച്ചുള്ള 11 വര്‍ഷം മുമ്പത്തെ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

പണത്തിന് മുകളില്‍ പരുന്തിന് മാത്രമല്ല പരിസ്ഥിതിക്കും സ്ഥാനമില്ലെന്ന് ലോകത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു 1997 ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ ജപ്പാന്റെ പഴയ തലസ്ഥാനമായ ക്യോട്ടോവില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ (green house gases) അന്തരീക്ഷത്തില്‍ അമിതമായി വ്യാപിക്കുന്നതിനാലുണ്ടാകുന്ന ആഗോളതാപനം (Global Warming) അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ മാരകമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് വിധേയമാക്കുമെന്നും ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഉയരുമെന്നുമുള്ള ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉച്ചകോടി നടന്നത്.

1995-ല്‍ ബെര്‍ലിനിലും 1996-ല്‍ ജനീവയിലും നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP) എന്നറിയപ്പെടുന്ന, ആഗോള കാലാവസ്ഥാസമ്മേളനത്തിന്റെ മൂന്നാംവട്ട ചര്‍ച്ചകളാണ് ക്യോട്ടോ (COP-3) യില്‍ നടന്നത്.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം സമയബന്ധിതമായി കുറയ്ക്കാനുള്ള പരിധി നിശ്ചയിക്കുക, അക്കാര്യം വ്യവസായ-വികസിത രാഷ്ട്രങ്ങളുടെ (എണ്ണം 38) നിയമപരമായ ബാധ്യതയാക്കി മാറ്റുന്ന ഉടമ്പടിക്ക് രൂപംനല്‍കുക എന്നീ സുപ്രധാന ദൗത്യങ്ങളായിരുന്നു ക്യോട്ടോ ഉച്ചകോടിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, 156 രാഷ്ട്രങ്ങളില്‍നിന്ന് അയ്യായിരിത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടിക്ക് മുമ്പ് നടന്നിട്ടുള്ള ഏത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തെക്കാളും പ്രാധാന്യം കൈവന്നു.

വാദങ്ങള്‍

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലെ പരിധി വെച്ച് 2010 ആകുമ്പോഴേക്കും 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, 2005 ആകുമ്പോഴേക്കും ഈ വാതകങ്ങള്‍ 20 ശതമാനം കണ്ട് കുറച്ചില്ലെങ്കില്‍ ലോകഭൂപടത്തില്‍ നിന്ന് തങ്ങളുടെ രാജ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് ചെറുദ്വീപ് രാജ്യങ്ങള്‍ (small Island Nations) വിലപിച്ചു. 2.5 ശതമാനം കുറവേ 2010 ആകുമ്പോഴേക്കും സാധ്യമാകൂ എന്ന് ജപ്പാന്‍. കുറയ്ക്കാന്‍ എതായാലും കഴിയില്ല, എന്നാല്‍ 2012 ആകുമ്പേഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലേതിന് തുല്യമാക്കാനാകുമോ എന്ന് നോക്കാമെന്ന് അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക. ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡില്‍ 80 ശതമാനവും പുറന്തള്ളുന്നത് ലോകജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള വികസിത രാഷ്ട്രങ്ങളാണെന്നും, അതിനാല്‍ പാപം ചെയ്യുന്നവര്‍ തന്നെ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാകണമെന്നും ജി-77 രാഷ്ട്രങ്ങള്‍. ക്യോട്ടോ ഉച്ചകോടിയിലും അതിന് മുമ്പും ഉയര്‍ന്നുകേട്ട വാദഗതികളുടെയും വിലപേശലിന്റെയും സാമാന്യരൂപം ഇതാണ്.

കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സയിഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മീഥേന്‍ വാതകവും നൈട്രസ് ഓക്‌സയിഡും മറ്റ് ചില കൃത്രിമ വാതകങ്ങളും ആഗോളതാപനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും കാര്‍ബണ്‍ഡയോക്‌സയിഡ് ആണ് യഥാര്‍ഥ വില്ലന്‍.

കാരണം സസ്യങ്ങളും സമുദ്രവും ആഗിരണം ചെയ്യുന്നില്ലെങ്കില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് നൂറ് വര്‍ഷം വരെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുത-വാഹന-വ്യവസായങ്ങളുടെ അടിത്തറയില്‍ കൈവെയ്ക്കുക എന്നാണര്‍ഥം. അമേരിക്ക പോലെ, ഫോസില്‍ ഇന്ധനങ്ങള്‍ സമ്പദ്ഘടനയുടെ ആണിക്കല്ലായ ഒരു രാജ്യം, കാര്‍ബണ്‍ഡയോക്‌സയിഡ് വ്യാപനം കുറയ്ക്കണമെന്ന് കേള്‍ക്കുമ്പോള്‍ ഭയാനകമായി പ്രതികരിക്കുക സ്വാഭാവികം മാത്രം.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വികസ്വരരാഷ്ട്രങ്ങളും തയ്യാറാകുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ചുള്ള ഒരു ഉടമ്പടിയും അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ഓഗസ്തില്‍ അമേരിക്കന്‍ സെനറ്റ് നല്‍കിയ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രതിനിധിസംഘം ക്യോട്ടോയിലെത്തിയത്. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ട യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാടിന് ധാര്‍മികമായ വ്യക്തതയുണ്ടായിരുന്നു.

അമേരിക്കയുടെ തന്ത്രം

പ്രചരിപ്പിക്കപ്പെടും പോലെ പരിസ്ഥിതി വിരുദ്ധമല്ല അമേരിക്കന്‍ നിലാപാട് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകണം, അറിയപ്പെടുന്ന പരിസ്ഥിതി വാദിയായ അമേരിക്കന്‍ വൈസ്പ്രസിഡിന്റ് അല്‍ ഗോര്‍ തന്നെ ക്വോട്ടോ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തി. ഭൂഗോളം ചൂടുപിടിക്കുന്നതോ, ഭാവി ഇരുളടയുന്നതോ ഒന്നുമല്ല, അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം, ആ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താത്പര്യങ്ങളാണെന്ന് ഒന്നുകൂടി വ്യക്തമാക്കാനോ അല്‍ ഗോറിന്റെ ക്യോട്ടോ സന്ദര്‍ശനം സഹായിച്ചുള്ളു. വരുംനാളുകളില്‍, ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ചുമലില്‍ മാത്രം കെട്ടിവെച്ച് രക്ഷപ്പെടാന്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് കഴിയില്ലെന്നും അല്‍ ഗോര്‍ പരോക്ഷമായി സൂചിപ്പിച്ചു.

എന്തൊക്കെ വിലപേശല്‍ നടന്നാലും ശരി, ആഗോളതാപനത്തെ സംബന്ധിച്ച് അമേരിക്ക കൈക്കൊള്ളുന്ന നിലപാടാകും വരും നൂറ്റാണ്ടുകളില്‍ ഭൂഗോളത്തിന്റെ ഭാവി നിര്‍ണയിക്കുക എന്നകാര്യം മുമ്പുതന്നെ വ്യക്തമായിരുന്നു. കാരണം ലോകജനസംഖ്യയില്‍ വെറും 4.7 ശതമാനം മാത്രമുള്ള അമേരിക്കയാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ 25 ശതമാനവും പുറന്തള്ളുന്നത്. രണ്ടാം സ്ഥാനം യൂറോപ്പിനാണ്; 19.6 ശതമാനം.

വ്യാതകവ്യാപനത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍ ഇവയാണ്. ചൈന - 13 ശതമാനം (ലോകജനസംഖ്യയില്‍ 21.5 ശതമാനം); മുന്‍സോവിയറ്റ് യൂണിയന്‍ - 10.2 ശതമാനം (ലോകജനസംഖ്യയില്‍ 5 ശതമാനം); ജപ്പാന്‍ - 5.6 ശതമാനം (ലോകജനസംഖ്യയില്‍ 2.2 ശതമാനം); ഇന്ത്യ - 3.6 ശതമാനം (ലോകജനസംഖ്യയില്‍ 16.3 ശതമാനം); ഇംഗ്ലണ്ട് - 2.5 ശതമാനം (ലോകജനസംഖ്യയില്‍ 1.02 ശതമാനം): കൊറിയ - 2.2 ശതമാനം (ലോകജനസംഖ്യയില്‍ 0.8 ശതമാനം); കാനഡ - 2.1 ശതമാനം (ലോകജനസംഖ്യയില്‍ 0.5 ശതമാനം).

ഹരിതഗൃഹവാതക വ്യാപനം തടയാന്‍ നിയമാനുസൃത പരിധി സാധ്യമല്ലെന്ന അമേരിക്കയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി 2008-2012 കാലയളവില്‍ 1990-ലെ കണക്ക് വെച്ച് ആഗോളതലത്തില്‍ 5.2 ശതമാനം കുറവ് ഈ വാതകങ്ങളുടെ അളവില്‍ വരുത്തണമെന്ന് ഒടുവില്‍ ക്യോട്ടോ ഉച്ചകോടി ധാരണയിലെത്തി.

ആഗോളതാപനം മൂലം അടുത്ത രണ്ട് നൂറ്റാണ്ടില്‍ എന്തൊക്കെ വിനാശങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നതെന്ന ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ 'മല എലിയെ പ്രസവിച്ചതുപോലെ' ഒരു സംഗതി മാത്രമാണ് ഈ 5.2 ശതമാനം കുറവെന്ന ആക്ഷേപം ഉയര്‍ന്നു. ക്യോട്ടോ ഉടമ്പടി ഒരു 'ദുരന്തവും പ്രഹസനവു'മാണെന്ന് ഗ്രീന്‍ പീസ് അഭിപ്രായപ്പെട്ടു.

രൂക്ഷമായ വിലപേശലുകള്‍ക്ക് ശേഷം ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് 5.2 ശതമാനം പരിധി ക്യോട്ടോയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, നിയമപരമായി ഇക്കാര്യം 38 വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവും ക്യോട്ടോ ഉച്ചകോടി ആവിഷ്‌ക്കരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ബ്യൂണസ് ഐറിസില്‍ നടക്കുന്ന അടുത്ത കാലാവസ്ഥാസമ്മേളനത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് പലരും തടിതപ്പുകയായിരുന്നു.

വ്യവസായ ഭീമന്‍മാരുടെ താത്പര്യം

അന്താരാഷ്ട്ര സമ്മര്‍ദത്തിന് വശപ്പെട്ട് ക്യോട്ടോ ഉടമ്പടിക്ക് സമ്മതിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അമേരിക്ക കൈക്കൊണ്ട നയങ്ങള്‍ പരിശോധിച്ചാല്‍ ഭാവിയില്‍ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാനായി ആ രാജ്യം മുന്നോട്ട് വെച്ചേക്കാവുന്ന നിര്‍ദേശങ്ങളെ വികസ്വര രാഷ്ട്രങ്ങള്‍ കരുതലോടെ വേണം സമീപിക്കാന്‍. കാരണം അമേരിക്കന്‍ നയങ്ങളെന്നത് ക്ലിന്റന്റെയോ അല്‍ഗോറിന്റെയോ നയങ്ങളല്ല, അവര്‍ക്ക് പിന്നില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന വ്യവസായ ഭീമന്‍മാരുടെ നയങ്ങളാണ്.

ഉദാഹരണത്തിന് വാതകവ്യാപനം തടയാനായി ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്ന അനേകം അമേരിക്കന്‍ വ്യവസായ ഭീമന്‍മാരില്‍ ഒന്ന് ജനറല്‍ മോട്ടോഴ്‌സ് ആണ്. ആ കമ്പനിയുടെ വാര്‍ഷിക വരുമാനം 16882.9 കോടി ഡോളര്‍ വരും (ഏതാണ്ട് 6,75816 കോടി രൂപ). തുര്‍ക്കി, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, ഹോങ്കോങ്, നോര്‍വ്വെ എന്നീ രാഷ്ട്രങ്ങളുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി)ക്കാള്‍ കൂടുതലാണ് ഇതെന്ന് ഗ്രീന്‍പീസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

നഷ്ടം നേരിടേണ്ടി വരുന്ന മറ്റൊരു അമേരിക്കന്‍ സ്ഥാപനമായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ വാര്‍ഷികവരുമാനം 13750 കോടി ഡോളര്‍ (5,50000 കോടി രൂപ) ആണ്. ദക്ഷിണാഫ്രിക്ക, ഫിന്‍ലന്‍ഡ്, പോളണ്ട്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയെ ഇത് കവച്ചുവെയ്ക്കും.

യഥാര്‍ഥത്തില്‍ അമേരിക്കയുമായല്ല, അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യവസായ ഭീമന്‍മാരുമായാണ് ഭൂമിയുടെ ഭാവിക്കുവേണ്ടിയുള്ള വിലപേശല്‍ ക്യോട്ടോവില്‍ നടന്നതും, ഭാവിയില്‍ നടക്കാനിരിക്കുന്നതും.

മുന്നറിയിപ്പുകള്‍

ആഗോളതാപനത്തെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പാനല്‍ തയ്യാറാക്കിയതും ലോകത്താകമാനമുള്ള 2400-ഓളം ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഹിരിതഗൃഹവാതകങ്ങളുടെ അളവ് 30 ശതമാനം ഇപ്പോള്‍ കുറച്ചില്ലെങ്കില്‍, 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈ വാതകങ്ങളുടെ സാന്ദ്രത ഇരട്ടിയാകുമെന്നാണ്. അന്തരീക്ഷ താപനില ഒരു ഡിഗ്രി സെല്‍സിയസ് മുതല്‍ 3.5 ഡിഗ്രി വരെ വര്‍ധിക്കാന്‍ ഇത് കാരണമാകും. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതുമൂലം ആഗോളതാപനത്തിന്റെ ബാക്കി എല്ലാ കെടുതികളും മാറ്റിവെച്ചാലും മാലെദ്വീപ് അടക്കമുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളുടെ (small island nations) നിലനില്‍പ്പ് അപകടത്തിലാകും.

ക്യോട്ടോയില്‍ ഏറ്റവും ഉത്ക്കണ്ഠയോടെയും വേവലാതിയോടെയും എത്തിയത് ഈ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. ലോകത്തെ 31 ചെറുദ്വീപ് രാഷ്ട്രങ്ങളുടെ ആഭ്യന്തരമൊത്ത ഉത്പാദനം കൂട്ടിയാല്‍ 14910 കോടി ഡോളറേ വരൂ. എന്നുവെച്ചാല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ വരുമാനത്തെക്കാള്‍ കുറവ്. സാമ്പത്തിക മാനങ്ങള്‍ക്ക് ഭൂമിയുടെ നിലനില്‍പ്പിനെക്കാള്‍ പ്രാധാന്യം ലഭിക്കുന്നിടത്ത് ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക? സമുദ്രത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളുടെയോ അതോ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരുടെയോ?

ക്യോട്ടോ ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് അവിടുത്തെ ഫോസില്‍ ഇന്ധനവ്യവസായ ലോബി മുന്‍പേ തന്നെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ നിയമാനുസൃതമായ പരിധി നിശ്ചയിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരിക അമേരിക്കയ്ക്കായിരിക്കും, അല്ലാതെ ഇന്ത്യയോ ചൈനയോ ഒന്നുമായിരിക്കില്ല എന്നാണ് അവര്‍ വാദിച്ചത്.

ഗ്ലോബല്‍ ക്ലൈമറ്റ് ഇന്‍ഫര്‍മേഷന്‍ പ്രോജക്ട് എന്നൊരു പദ്ധതി അമേരിക്കയിലുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അതിന്റെ നടത്തിപ്പ്. ആഗോളതാപനത്തിന്റെ പേരില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ ഇളകുമെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനായി മാത്രം ഈ സംഘടന ഒരു വര്‍ഷം ചെലവാക്കുന്നത് ഏതാണ്ട് 52 കോടി രൂപയാണ്. അമേരിക്കയിലെ 250-ഓളം കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രാതിനിധ്യമുള്ള ഗ്ലോബല്‍ ക്ലൈമറ്റ് കോയലീഷന്റെ ചെയര്‍മാന്‍ വില്യം എഫ്. ഒകീഫ് പറഞ്ഞത് അമേരിക്കന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് ക്യോട്ടോ ഉടമ്പടി എന്നാണ്.

ഒടുവില്‍ ലോകത്തിന്റെ മുഴുവന്‍ ശാപം ഭയന്നാകണം വാതകവ്യാപനം ഏഴ് ശതമാനം കുറയ്ക്കാന്‍ അമേരിക്ക ക്യോട്ടോയില്‍ സമ്മതിച്ചു (ഇക്കാര്യം അമേരിക്കന്‍ സെനറ്റ് അംഗീകരിക്കുമോ എന്നത് ഇപ്പോഴും ഉറപ്പില്ല). ഇത് അംഗീകരിക്കുമ്പോള്‍ തന്നെ, വികസ്വരരാഷ്ട്രങ്ങള്‍ സ്വമേധയാ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കണമെന്നും, വാതകവ്യാപനം കുറയ്ക്കുന്നത് പോലും വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന 'എമിഷന്‍സ് ട്രേഡിങ്' ഉള്‍പ്പെടുത്തണമെന്നും അമേരിക്ക വാദിച്ചു. ജി-77 രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അക്കാര്യം ഉടമ്പടിയുടെ വ്യവസ്ഥകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.

ഈ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉടമ്പടി ഭൂമിയുടെ താപം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

1992 ജൂണില്‍ റിയോ ഡിജനീറോവില്‍ നടന്ന ഭൗമഉച്ചകോടിയില്‍ 154 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചിത്രം ലോകത്തിന് മുന്നിലുണ്ട്. 2000-ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വാതകം 1990-ലേതിന് തുല്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ഉടമ്പടി. ഇതിന് വിരുദ്ധമായി 1995 ആയപ്പോഴേക്കും ജപ്പാന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് 8.3 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. 1996-ല്‍ മാത്രം വാതകങ്ങളുടെ അളവ് അമേരിക്കയില്‍ 3.4 ശതമാനം വര്‍ധിച്ചു.

ഭൗമഉച്ചകോടിയില്‍ അംഗീകരിച്ച ഉടമ്പടിയുടെ ഗതിയാണ് ക്യോട്ടോ ഉടമ്പടിക്കും ഉണ്ടാകുന്നതെങ്കില്‍, ലോകം ഇനി കഠിനവും വേദനാജനകവുമായ അനുഭവങ്ങള്‍ക്ക് തയ്യാറാവുക മാത്രമേ ചെയ്യേണ്ടതുള്ളു.

ഭൂമി ഇനിയും ചൂടായാല്‍

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്നിധ്യം ഒരളവുവരെ ആവശ്യമാണ്. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതിഗൃഹവാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില ഇപ്പോഴത്തേതിലും 33 ഡിഗ്രി സെല്‍സിയസ് കുറവാകുമായിരുന്നു.

പക്ഷേ, കാര്‍ബണ്‍ഡയോക്‌സയിഡ് അമിതമായി പുറന്തള്ളപ്പെടുന്നത് അപകടകരമാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയത് നോബല്‍ സമ്മാനജേതാവായ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍തേ അറീനിയസ് ആണ്, 1898-ല്‍. ഒരു ഹരിതഗൃഹ (ഗ്രീന്‍ഹൗസ്)ത്തിന്റെ കണ്ണാടിപ്പാളികള്‍ താപത്തെ തടഞ്ഞു നിര്‍ത്തും പോലെ, അന്തരീക്ഷത്തിലെത്തന്ന സൂര്യതാപത്തെ കാര്‍ബണ്‍ഡയോക്‌സയിഡ് തടഞ്ഞുനിര്‍ത്തി അന്തരീക്ഷ താപനില വര്‍ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അറീനിയസ് ഇക്കാര്യം കണ്ടെത്തുന്ന കാലത്ത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 270 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ അത് 360 പി.പി.എം. ആയിരിക്കുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് 0.5 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് നിസ്സാരമായി തോന്നാം. പക്ഷേ, ദിനോസറുകള്‍ അടക്കമുള്ള ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ ഹിമയുഗത്തിന് കാരണമായത് അന്തരീക്ഷ താപനിലയിലുണ്ടായ വെറും മൂന്ന് ഡിഗ്രി സെല്‍സിയസിന്റെ കുറവായിരുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1860-കള്‍ക്ക് ശേഷം ഭൂമിയില്‍ ഏറ്റവും ചൂടേറിയ വര്‍ഷം 1997 ആയിരുന്നു എന്നത് എന്തിന്റെ സൂചനയാണ്?

എഴുപതുകള്‍ വരെ ഹരിതഗൃഹവാതകങ്ങള്‍ ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് ശേഷമാണ് ആഗോളതാപനത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍ക്ക് ലോകവേദികളില്‍ സ്ഥാനം ലഭിക്കുന്നത്. ആഗോളതാപനം എന്നുന്നുണ്ടോ എ്ന്ന വിവാദത്തിനായിരുന്നു ആദ്യകാലത്ത് പ്രധാന്യം. ഒടുവില്‍, ലോകകാലാവസ്ഥാ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1988-ല്‍ നിലവില്‍ വന്ന 2400 ശാസ്ത്രജ്ഞര്‍ അടങ്ങിയ അന്താരാഷ്ട്ര പാനല്‍ (യു.എന്‍. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്-IPCC) 1996-ല്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ട് ആണ് ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന് പഴുതില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്. ആഗോളതാപനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

ഇന്നത്തെ നില തുടര്‍ന്നാല്‍ 2100-ാം ആണ്ടോടെ അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍സിയസ് വരെ വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതിന്റെ പ്രതാഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. മുംബൈ, ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെയും കുറെ ഭാഗം വെള്ളത്തിലാകും. മാലെദ്വീപും മെഡിറ്റനേറിയന്‍ കടലോരങ്ങളും അപ്രത്യക്ഷമാകും. സഹാറ മരുഭൂമി മെഡിറ്റിനേറിയന്‍ കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ ഓര്‍മ മാത്രമാകും.

അന്തരീക്ഷ താപനില ഉയരുമ്പോള്‍ സമുദ്രവിതാനം ഉയരുക മാത്രമല്ല ഉണ്ടാവുക. ബാഷ്പീകരണം ഏറുന്നതിനാല്‍ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കും. അത്, ആഗോളകാലാവസ്ഥയെ തകിടം മറിക്കും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും, റഷ്യയിലെയും കാനഡയിലെയും അവശേഷിക്കുന്ന വനമേഖലകള്‍ക്ക് കഠിനമായ ക്ഷതമേല്‍ക്കും. കൃഷിയിടങ്ങള്‍ ഈ രാജ്യങ്ങളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങും. പലയിടത്തും രൂക്ഷമായ വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.

'എര്‍ത്ത് ആക്ഷന്‍' എന്ന സാമൂഹിക-പരിസ്ഥിതി സംഘടന നടത്തുന്ന പഠനങ്ങള്‍ കാണിക്കുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. ഇതേ കാരണത്താല്‍ മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും നാശം നേരിടും.

ഇവയൊക്കെ പ്രവചനങ്ങളില്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെങ്കിലും, ശ്രദ്ധിച്ചാല്‍ ദുരന്തം അടുത്തു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകൃതിയില്‍ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പത്തുവര്‍ഷം മുമ്പത്തേക്കാള്‍ ഇപ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ വസന്തം എത്തുന്നത് ഒരാഴ്ച നേരത്തേയാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവത്തില്‍ മാറ്റം ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ വെസ്റ്റില്‍ കാണപ്പെടുന്ന 'എഡിത്‌സ് ചെക്കല്‍സ്‌പോട്ട്' എന്ന ചിത്രശലഭം ഇപ്പോള്‍ അതിന്റെ താമസസ്ഥലം 200 കിലോമീറ്റര്‍ വടക്കുഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. കോസ്റ്റാറിക്കയുടെ താഴ്ന്ന വിതാനങ്ങളിലെ പക്ഷികള്‍ ഉയരംകൂടിയ പര്‍വതഭാഗത്തേക്ക് തണുപ്പ് തേടി മാറി താമസിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചിരിക്കുന്നു...ഇവയൊക്കെ പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്ന് ശാസ്ത്രലോകം കരുതുന്നു.

യൂറോപ്പ് വഴികാട്ടുന്നു

ആഗോളതാപനത്തിനിട നല്‍കുന്ന ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ശരിയായ ദിശയിലാണ്. അതിന്റെ തെളിവാണ്, അമേരിക്ക അടക്കമുള്ള മറ്റ് വികസിത രാഷ്ട്രങ്ങള്‍ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വ്യഗ്രത കാട്ടുമ്പോള്‍, ഹരിതഗൃഹവാതകങ്ങള്‍ അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്യൂണിറ്റി (ഇ.യു) രാജ്യങ്ങള്‍ ചങ്കൂറ്റത്തോടെ പറഞ്ഞത്.

അമിതമായി CO2 പുറന്തള്ളുന്ന കല്‍ക്കരി വൈദ്യുതനിലയങ്ങളെക്കാള്‍ ലാഭകരവും മലിനീകരണം കുറഞ്ഞതും പ്രകൃതിവാതക വൈദ്യുതനിലയങ്ങളാണെന്ന് യൂറോപ്പ് മനസിലാക്കി കഴിഞ്ഞു. ആഞ്ഞുവീശുന്ന കാറ്റിന്റെ ഊര്‍ജസാധ്യത പ്രയോജനപ്പെടുത്തിയാല്‍ അത് ആഗോളതാപനത്തെ ചെറുക്കാനുള്ള അനേകം മാര്‍ഗങ്ങളില്‍ ഒന്നാകുമെന്നും അവര്‍ മനസിലാക്കിയിരിക്കുന്നു. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍, സൗരോര്‍ജത്തിന്റെ പ്രയോജനപ്പെടുത്തല്‍ ഇങ്ങനെ നൂറുനൂറ് കാര്യങ്ങള്‍ ഭൂമുഖത്തെ കഠിനമായ കാലാവസ്ഥാമാറ്റങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്പ് അംഗീകരിച്ചിരിക്കുന്നു.

രാഷ്ട്രീയ ഇച്ഛാശക്തിയേക്കാളേറെ, CO2 കുറഞ്ഞ അളവില്‍ പുറന്തള്ളുന്ന സാങ്കേതികവിദ്യകളുടെ സാമ്പത്തിക-കമ്പോള സാധ്യതകളാണ്, യാദൃശ്ചികമാണെങ്കിലും, യൂറോപ്പിന്റെ അന്വേഷണം ശരിയായ ദിശയില്‍ തിരിച്ചുവിട്ടത്. ചരിത്രപരമായ ചില ഘടകങ്ങളും ഇക്കാര്യത്തില്‍ യൂറോപ്പിന്റെ സഹായത്തിനെത്തി. ഉദാഹരണത്തിന്, കല്‍ക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്ക് പകരം വാതകനിലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചതില്‍ മുന്‍പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. 1985-ല്‍ കല്‍ക്കരി വ്യവസായത്തിനുള്ള സബ്‌സിഡി എടുത്തുകളയുമ്പോള്‍ ബ്രിട്ടന്റെ ഉരുക്കുവനിതയുടെ മനസിലുണ്ടായിരുന്നത് വടക്കന്‍ സമുദ്രമേഖലയിലെ പ്രകൃതിവാതകത്തിന്റെ വന്‍ നിക്ഷേപമായിരുന്നു എന്നത് വാസ്തവം.

കമ്യൂണിസത്തിന്റെ തകര്‍ച്ചയും ബെര്‍ലിന്‍ മതിലിന്റെ നാശവും ജര്‍മനി വീണ്ടും ഒറ്റ രാജ്യമാകാന്‍ കാരണമായി. ഈ മാറ്റത്തോടൊപ്പം കിഴക്കന്‍ ജര്‍മനിയിലെ കാലഹരണപ്പെട്ട അനേകം താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയത് യൂറോപ്പിനെ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ ഏറെ സഹായിച്ചു.(CO2 പുറന്തള്ളുന്ന കാര്യത്തില്‍ ലോകത്ത് വൈദ്യുത മേഖലയ്ക്കാണ് മൂന്നാംസ്ഥാനം; ഇതിന് പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങളാണ്).

ഇതിനെല്ലാമുപരി, യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിപ്രാപിച്ച ഹരിതാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും അംഗീകാരം നേടിക്കൊടുത്തു. രണ്ടായിരാമാണ്ടാകുമ്പോഴേക്കും രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ 34 ശതമാനം പരിസ്ഥിതി-സൗഹൃദ വാതകനിലയങ്ങള്‍ വഴി സാധ്യമാക്കാന്‍ ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. ബ്രിട്ടന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ഇതുവഴി നേര്‍പകുതിയാകും. ഇന്ധനവില അധികം വര്‍ധിച്ചില്ലെങ്കില്‍ വൈദ്യുതിയുടെ ചെലവും പകുതിയോളം കുറയും!

തൊണ്ണൂറുകളില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം യൂറോപ്പില്‍ 25-30 ശതമാനം വര്‍ധിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ 4000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. 2005 ആകുമ്പോഴേക്കും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 1500 മെഗാവാട്ട് ആക്കാനാണ് ഡെന്‍മാര്‍ക്ക് ലക്ഷ്യമിടുന്നത്. ഇത് ഡെന്‍മാര്‍ക്കിന്റെ ഊര്‍ജാവശ്യത്തില്‍ പത്ത് ശതമാനം വരും.

താമസിയാതെ യൂറോപ്പിന്റെ പാത പിന്തുടരാന്‍ ലോകത്തിന്റെ ഇതരഭാഗങ്ങളും ബാധ്യസ്ഥമാകുമെന്നാണ് ക്യോട്ടോ ഉച്ചകോടി നല്‍കുന്ന സൂചന. ഇപ്പോള്‍ ക്യോട്ടോയില്‍ അംഗീകരിച്ചിട്ടുള്ള 5.2 ശതമാനം ഹരിതഗൃഹവാതക വ്യാപനക്കുറവ് മറ്റ് വികസിത രാഷ്ട്രങ്ങളും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍, ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിനും, വീശുന്ന കാറ്റിനും, തിരമാലകള്‍ക്കുമെല്ലാം പുതിയ അര്‍ഥവും മൂല്യവും കൈവരും.

-മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനവരി 18-24, 1998

1 comment:

Joseph Antony said...

കോപ്പന്‍ഹേഗനില്‍ 2009 ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ആകാംക്ഷയോടെ കാക്കുകയാണ്. ആഗോളതാപനം ചെറുക്കാന്‍ ക്യോട്ടോ ഉടമ്പടിക്ക് ശേഷം എന്തുവേണം എന്ന് തീരുമാനിക്കാനുള്ള സുപ്രധാന ഉച്ചകോടിയാണ് ഡിസംബറിലേത്. ഈ പശ്ചാത്തലത്തില്‍, ക്യോട്ടോ ഉച്ചകോടിയെക്കുറിച്ചുള്ള 11 വര്‍ഷം മുമ്പത്തെ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.