Tuesday, September 30, 2008

ശ്യാമളന്റെ 'അടയാളങ്ങളും' വിളവലയങ്ങളും

നിഗൂഢത മുറ്റിനില്‍ക്കുന്ന പ്രതിഭാസങ്ങളാണ്‌ വിളവലയങ്ങള്‍. അന്യഗ്രഹജീവികളാണ്‌ അതിന്‌ പിന്നിലെന്ന്‌ വിശ്വസിക്കുന്ന ആയിരങ്ങളുണ്ട്‌. ഇംഗ്ലണ്ടിന്റെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ ഈ പ്രതിഭാസം വലിയൊരു ടൂറിസ്റ്റ്‌ ആകര്‍ഷണവും വരുമാനമാര്‍ഗവുമാണ്‌.
ഒരു ദിവസം നേരം പുലരുമ്പോള്‍ തന്റെ വയലില്‍ അസാധാരണവും നിഗൂഢവുമായ 'വിളവലയങ്ങള്‍' (Crop Circles) കാണേണ്ടി വരുന്ന അവിശ്വാസിയായ ഒരു മുന്‍പാതിരിയുടെ കഥയാണ്‌, മനോജ്‌ നൈറ്റ്‌ ശ്യാമളന്‍ ഹോളിവുഡ്‌ ഹിറ്റായ 'സൈന്‍സ്‌' (അടയാളങ്ങള്‍) എന്ന ചിത്രത്തില്‍ പറയുന്നത്‌. കാറപകടത്തില്‍ ഭാര്യ നഷ്ടമായതോടെ, വിശ്വാസം നഷ്ടമാകുന്ന ഗ്രഹാം ഹെസ്സ്‌ എന്ന പെന്‍സില്‍വാനിയാ പാതിരിക്ക്‌, തന്റെ കൃഷിയിടത്തില്‍ അന്യഗ്രഹജീവികള്‍ സൃഷ്ടിച്ച 'വലയങ്ങള്‍' പ്രത്യക്ഷപ്പെടുന്നതോടെയുണ്ടാകുന്ന ധാര്‍മിക പ്രതിസന്ധിയാണ്‌ ചിത്രത്തിന്റെ കാതല്‍. ഗ്രഹാമിന്റെ ധാര്‍മിക പ്രതിസന്ധിയില്‍നിന്ന്‌ ആഴത്തിലുള്ള സസ്‌പെന്‍സ്‌ സൃഷ്ടിച്ചെടുക്കുകയാണ്‌ ശ്യാമളന്‍ ചെയ്‌തിരിക്കുന്നതെന്ന്‌ നിരൂപകര്‍ വിലയിരുത്തുന്നു.

ഒരുപക്ഷേ, വിളവലയങ്ങള്‍ പ്രമേയമാക്കുന്ന ഒരു ഹോളിവുഡ്‌ ചിത്രം ആദ്യമായിട്ടാവും പുറത്തുവരുന്നത്‌. അതുകൊണ്ടുതന്നെ 'അഗ്രിഗ്ലിഫ്‌സ്‌' എന്ന പേരിലും അറിയപ്പെടുന്ന വിളവലയപ്രതിഭാസം പാശ്ചാത്യലോകത്ത്‌ വീണ്ടും ചര്‍ച്ചയാകാന്‍, ശ്യാമളന്റെ ചിത്രം നിമിത്തമായി. രാത്രിയുടെ മറവില്‍, ധാന്യവയലുകളില്‍ നിഗൂഢമാം വിധം പ്രത്യക്ഷപ്പെടുന്ന പടുകൂറ്റന്‍ വൃത്തരൂപങ്ങളോ വൃത്തരൂപങ്ങള്‍ ചേര്‍ന്ന ചിത്രലിപികളോ ആണ്‌ വിളവലയങ്ങള്‍. സാധാരണ വൃത്തങ്ങള്‍ മുതല്‍, ഏതാണ്ട്‌ 1200 മീറ്റര്‍ നീളവും രണ്ടുലക്ഷം ചതുരശ്രഅടി പ്രദേശത്തു വ്യപിച്ചതുമായ 'വലയങ്ങള്‍'വരെ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ഗോതമ്പ്‌ പാടങ്ങളിലോ ഓട്‌സ്‌ പോലുള്ള ധാന്യങ്ങള്‍ വിതച്ചിട്ടുള്ള വയലുകളിലോ ആണ്‌ ഈ നിഗൂഢ പ്രതിഭാസം പ്രത്യക്ഷപ്പെടാറ്‌. ധാന്യച്ചെടികളെ ഒടിക്കാതെ, പ്രത്യേകരീതിയില്‍ ചായ്‌ച്ചുവെച്ച്‌ കൃത്യമായ ആകൃതികളും കുറ്റമറ്റ ചിത്രരൂപങ്ങളും നിര്‍മിക്കുകയാണ്‌ വിളവലയ നിര്‍മാതാക്കള്‍ ചെയ്യുക. ആകാശത്തുനിന്ന്‌ നോക്കുമ്പോള്‍ അപൂര്‍വമായ ലാന്‍സ്‌കേപ്പ്‌ ചിത്രങ്ങളായി ഇവ കാണപ്പെടും. ദക്ഷിണ ഇംഗ്ലണ്ടാണ്‌ ഈ പ്രതിഭാസത്തിന്റെ ആസ്ഥാനം. ഓസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ചൈന, റഷ്യ, അമേരിക്ക തുടങ്ങി നിരവധി രാഷ്ട്രങ്ങളില്‍ ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഏതെങ്കിലും പ്രാചീനസ്‌മാരകങ്ങള്‍ക്ക്‌ സമീപമാണ്‌ പ്രത്യക്ഷപ്പെടാറുള്ളത്‌ എന്ന കാര്യം ഇവയുടെ നിഗൂഢത വര്‍ധിപ്പിക്കുന്നു. 4600 വര്‍ഷം പഴക്കമുള്ള നവശിലായുഗ സ്‌മാരകമായ 'സ്റ്റോണ്‍ഹെന്‍ജ്‌' ഉള്‍പ്പടെ നിരവധി പ്രാചീനസ്‌മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന ദക്ഷിണ ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷീര്‍ ജില്ലയിലാണ്‌ ഏറ്റവുമധികം വിളവലയങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. 10,000-ത്തോളം വിളവലയങ്ങള്‍ ലോകത്താകമാനം പ്രത്യക്ഷപ്പെട്ടിട്ടുള്ളതില്‍ 90 ശതമാനവും ഇംഗ്ലണ്ടിലെ ധാന്യപാടങ്ങളിലാണ്‌ കാണപ്പെട്ടത്‌.
അറിയപ്പെടുന്ന ആദ്യ വിളവലയം 1647-ല്‍ ഇംഗ്ലണ്ടിലാണ്‌ ദൃശ്യമായത്‌. പലകാലങ്ങളില്‍ പിന്നീട്‌ ഈ പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 1970-കളിലാണ്‌ ധാന്യവയലുകളില്‍ ശ്രദ്ധേയവും വൈവിധ്യമാര്‍ന്നതുമായ വലയങ്ങള്‍ തുടരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്‌. ഈ പ്രതിഭാസത്തെപ്പറ്റിയുള്ള ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന 'ക്രോപ്പ്‌ സര്‍ക്കുലാര്‍' എന്ന വെബ്‌്‌സൈറ്റ്‌ നല്‍കിയിട്ടുള്ള ലഘുചരിത്ര വിവരണപ്രകാരം, 1972 ആഗസ്‌ത്‌ 12-ന്‌ ദക്ഷിണ ഇംഗ്ലണ്ടിലെ ഒരു വയലില്‍ 30 അടി വ്യാസമുള്ള വലയം പ്രത്യക്ഷപ്പെട്ടതോടെ, ആധുനിക വിളവലയകാലഘട്ടം ആരംഭിച്ചു. 1980-കളില്‍ വിളവലയങ്ങളുടെ വൈവിധ്യം വര്‍ധിച്ചുതുടങ്ങിയപ്പോഴാണ്‌ പാശ്ചാത്യലോകത്ത്‌ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ ശ്രദ്ധ ഈ വിഷയത്തിന്‌ ലഭിക്കുന്നത്‌.

കാലം കഴിയുന്തോറും വലയങ്ങളുടെ വൈവിധ്യവും വലിപ്പവും സങ്കീര്‍ണതയും ദൃശ്യചാരുതയും ഏറിവന്നു. 1990-കളോടെ ഓരോ വിളവലയവും ചിത്രലിപികളുടെയോ, പ്രാചീന ക്ഷേത്രഗണിതരൂപങ്ങളുടെയോ, നക്ഷത്രരാശികളുടെയോ അത്ഭുതാവഹമായ രൂപം പൂണ്ടുതുടങ്ങി. ദക്ഷിണഇംഗ്ലണ്ടില്‍ വില്‍റ്റ്‌ഷീര്‍ ജില്ലയിലെ മില്‍്‌ക്ക്‌ഹില്ലില്‍ 2001 ആഗസ്‌തില്‍ പ്രത്യക്ഷപ്പെട്ട വിളവലയത്തില്‍ 409 വൃത്തങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച്‌ ഹെക്ടര്‍ ധാന്യപാടത്ത്‌ പരന്നുകിടന്ന അതിന്റെ നീളം 243 മീറ്റര്‍ ആയിരുന്നു.

വിളവലയങ്ങള്‍ക്ക്‌ പിന്നില്‍ ആരാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നകാര്യം ഇന്നും വിവാദ വിഷയമാണ്‌. പ്രബലമായ രണ്ട്‌ വാദഗതികളാണ്‌ ഇക്കാര്യത്തിലുള്ളത്‌. അന്യഗ്രഹജീവികള്‍ പോലുള്ള ചില അഭൗമശക്തികളാണ്‌ വിളവലയങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ചില സന്ദേശങ്ങള്‍ ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നും ഉള്ളതാണ്‌ ആദ്യവാദഗതി. അതല്ല, രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില ലാന്‍സ്‌കേപ്പ്‌ ആര്‍ട്ടിസ്റ്റുകളാണ്‌ വിളവലയങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ്‌ രണ്ടാമത്തെ വാദം. (ശ്യാമളന്റെ ചിത്രത്തില്‍ അന്യഗ്രഹജീവികളാണ്‌ ഫാ. ഗ്രഹാമിന്റെ ചോളപ്പാടത്ത്‌ വലയങ്ങള്‍ സൃഷ്ടിക്കുന്നത്‌).
അന്യഗ്രഹജീവി സിദ്ധാന്തം അംഗീകരിക്കാത്തവര്‍, ആദ്യകാലത്ത്‌, മണ്ണിന്റെ ഗുണവ്യത്യാസം, കാമോത്സുകരായ പന്നികള്‍ നടത്തുന്ന അക്രമം, ചുഴലിക്കാറ്റുകള്‍ എന്നിങ്ങനെ പല സംഗതികള്‍ വിളവലയങ്ങള്‍ക്ക്‌ കാരണമായി പറഞ്ഞിരുന്നു. എന്നാല്‍ കുറ്റമറ്റതും അത്യന്തം സങ്കീര്‍ണവുമായ വലയങ്ങള്‍ പിന്നീട്‌ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ ഇത്തരം വാദഗതികള്‍ക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി. ഏറ്റവുമധികം വിളവലയങ്ങള്‍ പ്രത്യക്ഷപ്പെട്ട ബ്രിട്ടനില്‍ ജനങ്ങളുടെ ജിജ്ഞാസ ശമിപ്പിക്കാന്‍ മറ്റ്‌ മാര്‍ഗങ്ങള്‍ കാണാതെ, സൈന്യമാണ്‌ ഇതിന്‌ പിന്നില്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ എണ്‍പതുകളുടെ അവസാനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി.

അന്യഗ്രഹജീവി സിദ്ധാന്തത്തിന്‌ കനത്ത പ്രഹരമേല്‍ക്കുന്നത്‌, ഡൗഗ്‌ ബോവര്‍, ഡേവ്‌ ചോര്‍ലി എന്നീ ചിത്രകാരന്‍മാര്‍ വലയങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട്‌ 1991-ല്‍ രംഗത്തു വരുന്നതോടെയാണ്‌. ഇംഗ്ലണ്ടില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി രാത്രിയുടെ മറവില്‍ തങ്ങളാണ്‌ ഈ വലയങ്ങള്‍ സൃഷ്ടിച്ചതെന്ന്‌ അവര്‍ അവകാശപ്പെട്ടു. വിളവലയങ്ങള്‍ക്ക്‌ നിഗൂഢത ഉണ്ടായാലേ ജനങ്ങള്‍ ശ്രദ്ധിക്കൂ. അതുകൊണ്ടാണ്‌ തങ്ങള്‍ ഇതുവരെ ഇക്കാര്യം പരമ രഹസ്യമായി സൂക്ഷിച്ചിരുന്നതെന്ന്‌ അവര്‍ പറഞ്ഞു. 20-ാം നൂറ്റാണ്ടില്‍ ചിത്രകലാരംഗത്തുണ്ടായ ഏറ്റവും വലിയ സംഭാവനയായിപ്പോലും വിളവലയങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്‌. രാത്രിയുടെ മറവില്‍, അങ്ങേയറ്റം പ്രതിബദ്ധതയോടെ വിളവലയങ്ങള്‍ സൃഷ്ടിക്കുന്ന ആര്‍ട്ടിസ്‌റ്റുകളുടെ മൂന്നോ നാലോ സംഘങ്ങള്‍ ഇന്ന്‌ ഇംഗ്ലണ്ടില്‍ സജീവമാണ്‌.

എന്നാല്‍, ആര്‍ട്ടിസ്‌റ്റുകളുടെ ഈ അവകാശവാദം അംഗീകരിക്കാത്ത ആയിരക്കണക്കിനാളുകളുണ്ട്‌. 'ക്രോപ്പികള്‍' എന്നാണ്‌ അവര്‍ അറിയപ്പെടുന്നത്‌. വിളവലയങ്ങള്‍ മനുഷ്യനിര്‍മിതമല്ലെന്നും ഏതോ അഭൗമശക്തികളാണ്‌ ഇതിന്‌ പിന്നിലെന്നും ക്രോപ്പികള്‍ വാദിക്കുന്നു. ഈ നിലപാട്‌ അംഗീകരിക്കുന്ന ഒരു വിളവലയപഠനശാഖയും ഉണ്ട്‌; 'സെറിയോളജി'. ഒറ്റ രാത്രികൊണ്ട്‌ കുറ്റമറ്റ നിലയില്‍ സങ്കീര്‍ണവലയങ്ങള്‍ പാടങ്ങളില്‍ നിര്‍മിക്കുക മനുഷ്യസാധ്യമല്ലെന്നാണ്‌ ക്രോപ്പികള്‍ വിശ്വസിക്കുന്നത്‌. മാത്രമല്ല, വലയങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രാത്രികളില്‍ പാടങ്ങള്‍ക്ക്‌ മീതെ സ്വയം പ്രകാശിക്കുന്ന ചില മഞ്ഞ ഗോളങ്ങള്‍ കാണപ്പെട്ടതായും അസാധാരണ ശബ്ദങ്ങള്‍ കേട്ടതായും നായകള്‍ വിചിത്രമായ രീതിയില്‍ കരഞ്ഞതായും മറ്റുമുള്ള സാക്ഷ്യങ്ങളും ക്രോപ്പികള്‍ ഹാജരാക്കുന്നുണ്ട്‌.

ഏതായാലും ശരി, വിളവലയ പ്രതിഭാസത്തിന്റെ ആസ്ഥാനമെന്ന്‌ കരുതുന്ന ദക്ഷിണ ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷീര്‍ ജില്ലയില്‍, ഈ വലയങ്ങള്‍ ഇപ്പോള്‍ വലിയൊരു ടൂറിസ്‌റ്റ്‌ ആകര്‍ഷണവും വരുമാന മാര്‍ഗവുമാണ്‌. ഏപ്രില്‍ മുതല്‍ സപ്‌തംബര്‍ വരെയാണ്‌ വിളവലയങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സീസണ്‍. ഈ കാലയളവില്‍ ആയിരക്കണക്കിനാളുകള്‍ വലയങ്ങള്‍ കാണാനെത്തുന്നു. വിളവലയങ്ങള്‍ വലിയൊരു ഊര്‍ജകേന്ദ്രമാണെന്നു വിശ്വസിക്കുന്ന നൂറുകണക്കിനാളുകള്‍, ഈ വലയങ്ങളിലിരുന്ന്‌ ധ്യാനിക്കാനും പ്രാര്‍ഥിക്കാനും ആത്മാക്കളുമായി ആശയവിനിമയം നടത്താനുമൊക്കെയാണ്‌ എത്തുന്നത്‌. തങ്ങളുടെ കൃഷിയടത്തിലെ വിളവലയത്തില്‍ പ്രവേശിക്കാന്‍ ചില കര്‍ഷകര്‍ ഫീസും ഈടാക്കാറുണ്ട്‌.

ഏറെ വിവാദം സൃഷ്ടിച്ച ഈ പ്രതിഭാസത്തെ ആധാരമാക്കി ആദ്യമായി നിര്‍മിക്കപ്പെടുന്ന ഹോളിവുഡ്‌ ചിത്രം ശ്യാമളന്റെ 'സൈന്‍സ്‌' ആണെന്നത്‌ വിചിത്രമായി തോന്നാം. അമേരിക്കയില്‍ ഈ പ്രതിഭാസം വളരെ അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നതാവാം ഇതിന്‌ കാരണമെന്ന്‌ കരുതപ്പെടുന്നു. വിളവലയങ്ങള്‍ പ്രമേയമാക്കിയ മറ്റ്‌ രണ്ട്‌ ചിത്രങ്ങളും ഈ വര്‍ഷം പുറത്തുവരുന്നുണ്ട്‌; വില്യം ഗസെക്കി നിര്‍മിച്ച 'ക്രോപ്പ്‌ സര്‍ക്കിള്‍സ്‌: ക്വെസ്റ്റ്‌ ഫോര്‍ ട്രൂത്ത്‌' എന്ന ഡോക്യുമെന്ററിയും ഏറ്റവും കൂടുതല്‍ വിളവലയങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ദക്ഷിണഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷീര്‍ ജില്ലയെ ലൊക്കേഷനാക്കി നിര്‍മിച്ച 'എ പ്ലേസ്‌ ടു സ്റ്റേ'യും.

ഏതായാലൂം, 1991-ല്‍ ചിത്രകാരന്‍മാരുടെ വെളിപ്പെടുത്തലോടെ പാശ്ചാത്യര്‍ക്കിടയില്‍ തെല്ലൊന്നു കെട്ടടങ്ങിയ വിളവലയവിവാദം വീണ്ടും സജീവമാകാന്‍ മാഹിക്കാരനായ മനോജ്‌ ശ്യാമളന്റെ ചിത്രം നിമിത്തമായിരിക്കുന്നു.

-മാതൃഭൂമി വാരാന്തപ്പതിപ്പ്‌, സപ്‌തംബര്‍ 1, 2002

Sunday, September 28, 2008

പ്രപഞ്ചത്തിന്‌ ചായം പൂശുമ്പോള്‍

ഭൂമിയിലെ ഒടുങ്ങാത്ത വര്‍ണവൈവിധ്യം കണ്ട്‌ വളര്‍ന്ന മനുഷ്യന്‌ പ്രപഞ്ചം നിറംകെട്ട ഒന്നാണെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. വാസ്‌തവമതാണ്‌. മനുഷ്യനിര്‍മിത ഉപകരണങ്ങള്‍ പകര്‍ത്തുന്ന പ്രപഞ്ചദൃശ്യങ്ങളെല്ലാം വര്‍ണരഹിതവും വിരസവുമാണ്‌. അവയ്‌ക്ക്‌ ഭൂമിയില്‍വെച്ച്‌ നിറംകൊടുക്കുകയാണ്‌ ചെയ്യുന്നത്‌.

ച്ചവെള്ളത്തിന്റെ രുചിയെന്താണെന്ന്‌ വിവരിക്കുന്നതുപോലെ ദുഷ്‌ക്കരമാണ്‌ പ്രപഞ്ചത്തിന്റെ നിറമെന്താണെന്ന്‌ വര്‍ണിക്കുന്നത്‌. ഭൂമിയെന്ന ഗ്രഹത്തില്‍ ജീവിക്കുന്നതിനാല്‍ എന്തും വര്‍ണാഭമായി കാണാനാണ്‌ മനുഷ്യന്‌ താത്‌പര്യം. ആകാശനീലിമയും ഋതുക്കളുടെ ചാരുതയും ജീവലോകത്തെ ഒടുങ്ങാത്ത വര്‍ണവൈവിധ്യവും കണ്ട്‌ വളര്‍ന്ന മനുഷ്യന്‌, പ്രപഞ്ചം നിറംകെട്ട ഒന്നാണെന്ന്‌ പറഞ്ഞാല്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍, സത്യമതാണ്‌. സ്ഥലകാലങ്ങളുടെ അനന്തതയില്‍ കുടുങ്ങി, വര്‍ണരാഹിത്യത്തിന്റെ വിരസത മുറ്റിനില്‍ക്കുന്ന ഒന്നാണ്‌ പ്രപഞ്ചം. ദൃശ്യങ്ങളുടെ പ്രകാശവര്‍ഷങ്ങള്‍ നീളുന്ന ആവര്‍ത്തനം.

ബഹിരാകാശ പര്യവേക്ഷണവാഹനങ്ങളും റേഡിയോ ടെലസ്‌കോപ്പുകളും എടുത്തിട്ടുള്ള ഭൗമേതരദൃശ്യങ്ങള്‍ കണ്ട്‌ പ്രപഞ്ചത്തിന്റെ വര്‍ണപ്പൊലിമയെപ്പറ്റി അത്ഭുതം കൂറുന്നവര്‍ അറിയുക, ആ ചിത്രങ്ങളിലെ നിറങ്ങളില്‍ മിക്കതും വ്യാജമാണ്‌. ജ്യോതിശ്ശാസ്‌ത്രഗവേഷകര്‍ തങ്ങളുടെ യുക്തിക്കനുസരിച്ച്‌ സന്നിവേശിപ്പിച്ച നിറങ്ങള്‍ മാത്രമാണ്‌ ഗ്രഹങ്ങളുടെയും നെബുലകളുടെയും നക്ഷത്രസമൂഹങ്ങളുടെയുമൊക്കെ ചിത്രങ്ങളിലുള്ളത്‌ !

1969 ജൂലായില്‍ നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയപ്പോഴാകാം, പ്രപഞ്ചത്തിന്റെ വര്‍ണരാഹിത്യം മനുഷ്യന്‍ ആദ്യമായി നേരിട്ട്‌ അറിഞ്ഞിരിക്കുക. നീലാകാശം മനസില്‍ താലോലിച്ച്‌ ചന്ദ്രനിലിറങ്ങിയവര്‍ക്ക്‌ മുകളില്‍ അവിശ്വസനീയമാംവിധം കറുത്ത ആകാശം പടര്‍ന്നു പന്തലിച്ചു കിടന്നു. കറുപ്പിന്റെ തണലില്‍ പ്രാചീനമായ നിശബ്ദത മൂടിക്കെട്ടിയ നരച്ച ഗ്രഹോപരിതലവും. ചക്രവാളത്തില്‍ ഒരു പവിഴഗോളം പോലെ ഭൂമി ഉദിച്ചുയരുന്നത്‌ അവര്‍ കണ്ടു എന്നതാണ്‌ മറ്റൊരു വസ്‌തുത.

1977-ല്‍ വൊയേജര്‍ ഒന്നും, വൊയേജര്‍ രണ്ടും സൗരയൂഥത്തിന്റെ കാണാപ്പുറങ്ങള്‍ തോടി യാത്രതിരിച്ചു. വ്യാഴം, ശനി, യുറാനസ്‌, നെപ്‌ട്യൂണ്‍ മുതലായ ഗ്രഹങ്ങളുടെ സമീപദൃശ്യങ്ങള്‍, എണ്‍പതുകളുടെ അവസാനത്തോടെ ഈ ബഹിരാകാശ പര്യവേക്ഷണവാഹനങ്ങള്‍ ഭൂമിയിലേക്ക്‌ അയച്ചു. സൗരയൂഥത്തില്‍ ഭൂമിയൊഴികെയുള്ള ഗ്രഹങ്ങള്‍ എത്രമാത്രം നിറം കെട്ടവയാണെന്ന്‌ ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്താന്‍ പോന്നവയായിരുന്നു ആ ചിത്രങ്ങള്‍.

അങ്ങനെയെങ്കില്‍ ശുക്രഗ്രഹത്തിന്‌ എങ്ങനെയാണ്‌ ഓറഞ്ചും നീലയും കലര്‍ന്ന നിറമുണ്ടായത്‌ ? നെപ്‌ട്യൂണിന്‌ ചുവപ്പു കലര്‍ന്ന ആകാശനീലിമ കൈവന്നത്‌ എന്തുകൊണ്ട്‌ ? യുറാനസ്‌ ഒരു പച്ച ഗ്രഹമായത്‌ എങ്ങനെ ? വാസ്‌തവത്തില്‍ വൊയേജര്‍ അയച്ചുതന്ന ചിത്രങ്ങളില്‍ ഈ നിറങ്ങളൊന്നുമില്ലായിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ 'നാസ'യിലെ ഗവേഷകരാണ്‌, ഗ്രഹചിത്രങ്ങളില്‍ വര്‍ണംകലര്‍ത്തി അവയെ അണിയിച്ചൊരുക്കിയത്‌. ഉദാഹരണത്തിന്‌ ശുക്രഗ്രഹത്തിന്റെ കാര്യം എടുക്കുക. ഈ ഗ്രഹത്തിന്റെ ഇന്‍ഫ്രാറെഡ്‌ ഫോട്ടോകളില്‍, ശുക്രന്‌ ചുറ്റും ചില വാതകപടലങ്ങള്‍ കാണപ്പെട്ടു. നഗ്നനേത്രങ്ങള്‍ക്ക്‌ ഈ പടലങ്ങള്‍ അദൃശ്യമാണ്‌, അതിനാല്‍ നിറവുമില്ല. പക്ഷേ, ഈ വാതകപടലങ്ങള്‍ക്ക്‌ നാസ ഗവേഷകര്‍ നീലയും ഓറഞ്ചും കലര്‍ന്ന വര്‍ണം നല്‍കി. അങ്ങനെ ശുക്രഗ്രഹം നിറമുള്ള ഒന്നായി (ചിത്രങ്ങളിലൂടെ) ലോകം കാണാന്‍ തുടങ്ങി.

1989-ല്‍ വൊയേജര്‍ രണ്ട്‌ നെപ്‌ട്യൂണിന്റെ ചിത്രം ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നതുവരെ ആ ഗ്രഹം മങ്ങിയ നിറമില്ലാത്ത ഒന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ നമ്മള്‍ കാണുന്ന ചിത്രങ്ങളില്‍ നെപ്‌ട്യൂണിന്‌ ചുവപ്പു കലര്‍ന്ന ആകാശനീലിമയാണ്‌. യുറാനസിന്‌ ഇളംപച്ചനിറമുണ്ടായതും ഇങ്ങനെ തന്നെ !
ഒരു സാധാരണ ടെലസ്‌കോപ്പ്‌ ഉപയോഗിച്ച്‌ സൗരയൂഥത്തിന്‌ വെളിയിലേക്ക്‌ നോക്കിയാലും, വര്‍ണനിബിഡമായ ദൃശ്യങ്ങള്‍ അവിടെ കാണാനാവില്ല. തികച്ചും ഉന്മേഷരഹിതമായ മങ്ങിയ കാഴ്‌ചയാണ്‌ ലഭിക്കുക. എങ്കില്‍, സ്വര്‍ഗീയമായ വര്‍ണരാശികള്‍ കലര്‍ന്ന നക്ഷത്രസമൂഹങ്ങളും നെബുലകളുമൊക്കെ എവിടെനിന്ന്‌ വരുന്നു ? ഇക്കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ട ആദ്യവസ്‌തുത, ഗവേഷകര്‍ നമുക്കു മുന്നിലെത്തിക്കുന്ന ഭൗമേതരദൃശ്യങ്ങളില്‍ പലതും ഇന്‍ഫ്രാറെഡ്‌ ഫോട്ടോകളോ എക്‌സ്‌റേ ഫോട്ടോകളോ ആണെന്നുള്ളതാണ്‌. ദൃശ്യപ്രകാശത്തിന്റെ പരിധിക്കപ്പുറത്താണ്‌ ഇത്തരം കിരണങ്ങളുടെ സ്ഥാനം. നമുക്കവയെ നേരിട്ടു കാണാനാവില്ല. ഇതേ സങ്കേതമുപയോഗിച്ചു പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക്‌ അക്കാരണത്താല്‍ തന്നെ നിറവുമുണ്ടാകില്ല. തരംഗദൈര്‍ഘ്യത്തിനും താപനിലയ്‌ക്കുമനുസരിച്ച്‌, യുക്തമായ നിറങ്ങള്‍ സന്നിവേശിപ്പിക്കുയാണ്‌ പതിവ്‌. നാടകീയത വര്‍ധിപ്പിക്കാനും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താനുമാണ്‌ ഗവേഷകര്‍ ഇങ്ങനെ വര്‍ണം പൂശുന്നത്‌.

നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തമായ എക്‌സ്‌റേ ടെലസ്‌കോപ്പാണ്‌ 'ചന്ദ്ര'. നോബല്‍സമ്മാന ജേതാവായ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറുടെ സ്‌മരണാര്‍ഥം നാസ നിര്‍മിച്ച ആ ടെലസ്‌കോപ്പ്‌ 1999 ജൂലായിലാണ്‌ ഭ്രമണപഥത്തിലെത്തിച്ചത്‌. ഇതിനകം ചന്ദ്ര ഭൂമിയിലേക്കയച്ച നിരവധി ചിത്രങ്ങളിലൊരെണ്ണം 'ക്രാബ്‌ നെബുല'യുടേതാണ്‌. എ.ഡി. 1054-ല്‍ ഉണ്ടായ സൂപ്പര്‍നോവയുടെ അവശിഷ്ടമാണ്‌ ഈ നെബുല. ഭൂമിയില്‍നിന്ന്‌ ആറായിരം പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ക്രാബ്‌നെബുലയുടെ ചന്ദ്രയെടുത്ത ചിത്രം മഴവില്ലിന്റെ ചാരുതയോടെയാണ്‌ നമ്മള്‍ കണ്ടത്‌. പക്ഷേ, യാഥാര്‍ഥ്യം എന്താണ്‌ ? ഇതൊരു എക്‌സ്‌റേ ചിത്രമാണ്‌. അതിനാല്‍ അതിന്‌ ഒരു നിറവും ഉണ്ടാവുക സാധ്യമല്ല. ചിത്രത്തില്‍ നമ്മള്‍ കാണുന്ന വര്‍ണരാജി, കേംബ്രിഡ്‌ജിന്റെ സ്‌മിത്‌സോണിയന്‍ അസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ ചന്ദ്ര എക്‌സ്‌റേ സെന്ററില്‍വെച്ച്‌ നല്‍കിയതാവാനാണ്‌ സാധ്യത. ചന്ദ്ര അയച്ച എല്ലാ ചിത്രങ്ങളുടെയും കഥ ഇതുതന്നെയാണ്‌; ഇനി അയയ്‌ക്കാന്‍ പോകുന്നവയുടെയും !

പ്രപഞ്ചത്തിന്റെ അനന്ത വിസ്‌തൃതിയിലേക്ക്‌ മനുഷ്യഭാവനയെയും വിജ്ഞാനത്തെയും വ്യാപിപ്പിച്ചതില്‍ സമീപകാലത്ത്‌ ഏറ്റവും വലിയ പങ്കുവഹിച്ചത്‌ 'ഹബ്ബിള്‍ ടെലസ്‌കോപ്പാ'ണ്‌. ഭൗമാന്തരീക്ഷത്തിന്‌ വെളിയില്‍നിന്ന്‌ ഈ ടെലസ്‌കോപ്പ്‌ പിടിച്ചെടുത്ത പ്രാപഞ്ചികദൃശ്യങ്ങള്‍ പുതിയൊരവബോധം തന്നെ സൃഷ്ടിച്ചു. 1990-ലാണ്‌ ടെലസ്‌കോപ്പിനെ ഭ്രമണപഥത്തിലെത്തിച്ചത്‌. ഹബ്ബിള്‍ ടെലസ്‌കോപ്പ്‌ പകര്‍ത്തിയ ഏറ്റവും അവിസ്‌മരണീയമായ ദൃശ്യങ്ങളിലൊന്ന്‌ 1995-ല്‍ അയച്ച 'ഈഗിള്‍ നെബുല'യുടെ ദൃശ്യമായിരുന്നു. ഈഗിള്‍ നെബുലയില്‍ പുതിയ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന 'സൃഷ്ടിഗോപുരങ്ങളു'ടെ ദൃശ്യം. വാതക-ധൂളീകണങ്ങളുടെ തണുത്ത സാന്ദ്രമായ മേഘപടലങ്ങള്‍. സ്വര്‍ഗീയമായ വര്‍ണവിന്യാസം ഈ ചിത്രത്തെ ഒരു ദൃശ്യവിസ്‌മയം തന്നെയാക്കിമാറ്റി. ഹബ്ബിള്‍ ടെലസ്‌കോപ്പ്‌ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായി ഈഗിള്‍ നെബുലയുടെ ഈ ദൃശ്യം.

പക്ഷേ, അരിസോണ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ജെഫ്‌ ഹെസ്റ്ററും പോള്‍ സ്‌കോവെനും തങ്ങളുടെ ക്രിയാത്മകത പ്രയോഗിച്ചില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ. കറുത്തു നരച്ച, അങ്ങേയറ്റം അനാകര്‍ഷകമായ ഒരു ദൃശ്യം മാത്രമായി മാറിയേനെ ഈഗിളിന്റെ ചിത്രം (ഡിസ്‌കവര്‍, സപ്‌തംബര്‍ 1999). കാരണം, ഹബ്ബിള്‍ ടെലസ്‌കോപ്പ്‌ അയച്ച യഥാര്‍ഥ ചിത്രം അങ്ങനെയുള്ളതാണ്‌. ഈ ഗവേഷകര്‍ വ്യത്യസ്‌ത ഫില്‍ട്ടറുകള്‍ ഉപയോഗിച്ച്‌ നെബുലചിത്രത്തിന്റെ വിവിധ പതിപ്പുകള്‍ തയ്യാറാക്കി. ഓരോ പതിപ്പിനും ഫില്‍ട്ടറിനനുസരിച്ച്‌ ഓരോ നിറം നല്‍കി. എന്നിട്ട്‌, വിവിധ നിറങ്ങളിലുള്ള ഈ ദൃശ്യങ്ങളെല്ലാം ഒന്നായി സന്നിവേശിപ്പിച്ചു. ഈഗിള്‍ നെബുലയുടെ വിസ്‌മയകരമായ ദൃശ്യമാണ്‌ അപ്പോള്‍ ലഭിച്ചത്‌. ലോകം കണ്ടത്‌ ഈ ദൃശ്യമാണ്‌. ശാസ്‌ത്രം കാണുന്ന കാര്യങ്ങള്‍ക്ക്‌, കലയുടെ കരങ്ങള്‍കൊണ്ട്‌ മിഴിവു നല്‍കുകയാണ്‌ തങ്ങള്‍ ചെയ്യുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു.

ഭൗമേതര ദൃശ്യങ്ങളിലെ നിറങ്ങള്‍ വ്യാജമാണെങ്കിലും ഇക്കാര്യം ചില ആശയക്കുഴപ്പത്തിന്‌ വഴിവെയ്‌ക്കുന്നുവെങ്കിലും പ്രപഞ്ചത്തെ ഇങ്ങനെ ചായംപൂശാന്‍ ആളില്ലായിരുന്നെങ്കില്‍ ജ്യോതിശ്ശാസ്‌ത്രം തന്നെ എത്ര വിരസമായിപ്പോയേനെ !

-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, മെയ്‌ 14-20, 2000